ആകമാന സഭാനിലപാടുകള്‍

20081231

ഗസ്സയില്‍ യിസ്രായേല്‍‍ സേനനടത്തുന്ന വ്യോമ ആക്രമണത്തെ റോമാ മാര്‍‍‍പാപ്പാ അപലപിച്ചു



വത്തിക്കാന്‍: യിസ്രായേല്‍‍ സേന പാലസ്തീനിലെ ഗസ്സയില്‍ നടത്തിക്കൊണ്ടിരിയ്ക്കുന്ന വ്യോമ ആക്രമണത്തെ റോമന്‍ കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ഞായറാഴ്ച (2008 ഡി. 28) അപലപിച്ചു. യിസ്രായേല്‍‍ രക്തരൂക്ഷിതമായ നടപടി ഉപേക്ഷിയ്ക്കണമെന്നു് റോമാ മാര്‍‍‍പാപ്പാ ആവശ്യപ്പെട്ടു. പശ്ചിമേഷ്യയില്‍ സ്വാതന്ത്ര്യത്തിനും മനഷ്യത്വത്തിനും എതിരായ ആക്രമണമാണു് നടക്കുന്നതെന്നു് പാപ്പാ ചൂണ്ടിക്കാട്ടി

എത്യോപ്യന്‍ ബാവായെ പൗരസ്ത്യ ബാവാ ദേവലോകത്തു് സ്വീകരിച്ചു



പരിശുദ്ധ ആബൂന പൌലോസ് പ്രഥമന്‍ ബാവയ്ക്കു് 'ഓര്‍ഡര്‍ ഓഫ് സെന്റ് തോമസ് ' ബഹുമതി


പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവയും പരിശുദ്ധ ആബൂന പൗലോസ്‌ പ്രഥമന്‍ ബാവയും
ദേവലോകം (കോട്ടയം): എത്യോപ്യന്‍ ഓര്‍‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂന പൌലോസ് പ്രഥമന്‍ ബാവായെ, ഓര്‍‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാചാര്യന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ ദേവലോകത്തു് സ്വീകരിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അതിഥിയായി ഇന്ത്യാ സന്ദര്‍ശിയ്ക്കുന്ന എത്യോപ്യാപാത്രിയര്‍ക്കീസ്‌ ചൊവ്വാഴ്ച (2008 ഡി. 30) വൈകിട്ട്‌ ഏഴുമണിയോടെയാണു് ഓര്‍‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കാസന അരമനയിലെത്തിയത്‌. ദേവലോകം അരമനയിലെത്തിയ ബാവായെയും സംഘത്തെയും നിയുക്ത പൗരസ്ത്യ കാതോലിക്കോസ് കാതോലിക്കോസ് ശ്രേഷ്‌ഠ പൗലോസ്‌ മാര്‍ മിലിത്തിയോസിന്റെ നേതൃത്വത്തില്‍ ആനയിച്ചു.

മലങ്കര മാര്‍ത്തോമ്മ നവീകരണ സഭയുടെ പ്രധാനഅദ്ധ്യക്ഷന്‍ ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, സി എസ് ഐ ബിഷപ്പ്‌ ഡോ. തോമസ്‌ സാമുവല്‍, ഇന്ത്യന്‍ സഭയുടെ മെത്രാപ്പോലീത്താമാരായ കുര്യാക്കോസ്‌ മാര്‍ ക്‌ളീമീസ്‌, മാത്യൂസ്‌ മാര്‍ സേവേറിയോസ്, ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌, ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌, എം. എല്‍. എയായ വി. എന്‍. വാസവന്‍. നഗരസഭാ അദ്ധ്യക്ഷ റീബാ വര്‍ക്കി. സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ തുടങ്ങിയവര്‍ സ്വീകരണപരിപാടിയില്‍ പങ്കെടുത്തു.
പരിശുദ്ധ പാത്രിയര്‍ക്കീസിന്റെ ബഹുമാനാര്‍ഥം അരമനയില്‍ അത്താഴവിരുന്നും ഒരുക്കിയിരുന്നു.


ചൊവ്വാഴ്ച (2008 ഡി. 30) പകല്‍ പരുമലയില്‍ നടന്ന എം.ജി.ഒ.സി.എസ്‌.എം. ശതാബ്‌ദി സമ്മേളനം പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ഉദ്‌ഘാടനം ചെയ്‌തു. ഈ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണു പ്രധാനമായും പാത്രിയര്‍ക്കീസ്‌ കേരളത്തിലെത്തിയത്‌. സമ്മേളനത്തില്‍ വച്ചു് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്ക ബാവ എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂന പൌലോസ് പ്രഥമന്‍ ബാവയ്ക്കു് ഓര്‍‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് സെന്റ് തോമസ് ' നല്‍കി ആദരിച്ചു.

ഓര്‍‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ ഏറ്റവും വലിയ ആദരവായ സെന്റ്‌ തോമസ്‌ ബഹുമതി അത്യപൂര്‍വമായാണ്‌ സമ്മാനിക്കുന്നതു് . റഷ്യന്‍‍ ബൈസാന്ത്യ സഭയുടെ പ്രമുഖനായ കിറില്‍ മെത്രാപ്പോലീത്ത, അര്‍മേനിയന്‍ അപ്പോസ്തലിക ഓര്‍ത്തഡോക്സ് സഭയുടെ സുപ്രീം പാത്രിയര്‍ക്കീസ്‌ പരിശുദ്ധ കരേക്കിന്‍ രണ്ടാമന്‍ നെര്‍സിസിയന്‍‍ കാതോലിക്കാ ബാവ തുടങ്ങിയവര്‍ക്കാണു് മുമ്പു് 'ഓര്‍ഡര്‍ ഓഫ് സെന്റ് തോമസ്' ബഹുമതി നല്കിയിട്ടുള്ളതു്.

20081230

സമാധാന സന്ദേശവുമായി ക്രിസ്മസ് ആഘോഷിച്ചു




കോട്ടയം: തീവ്രവാദവും ആഗോള സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് മനസിന് സാന്ത്വനവും സമാധാനവും നല്‍കി പുതിയ പഞ്ചാംഗം അംഗീകരിയ്ക്കുന്ന ക്രിസ്ത്യാനികള്‍ ഡിസം. 25-നു് ക്രിസ്മസ് ആഘോഷിച്ചു.പഴയ പഞ്ചാംഗം അംഗീകരിയ്ക്കുന്ന ക്രിസ്ത്യാനികള്‍ ക്രിസ്മസ് ആഘോഷിയ്ക്കുന്നതു് 13 ദിവസം കഴിഞ്ഞു് ജനു. 7 നാണു്. ബൈസാന്ത്യന്‍ സഭകളും നെസ്തോറിയന്‍ പൗരസ്ത്യ സഭയിലെ പഴയ പഞ്ചാംഗ കക്ഷിയും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭയിലെ സുറിയാനി സഭകളൊഴിച്ചുള്ള അംഗസഭകളും പഴയ പഞ്ചാംഗരീതി പിന്തുടരുന്നു. ആര്‍മീനിയന്‍ സഭ ക്രിസ്മസ് ആഘോഷിയ്ക്കുന്നതു് ദനഹാ പെരുന്നാളിനോടനുബന്ധിച്ചു് പഴയ പഞ്ചാംഗപ്രകാരം ജനു. 6 ആയ  13 ദിവസം കഴിഞ്ഞുള്ള ജനു. 19നുമാണു്.

ക്രിസ്മസിനോട് അനുബന്ധിച്ച് പൗരസ്ത്യ കാതോലിക്കോസിന്റെ ആസ്ഥാന പള്ളിയായ കോട്ടയം മാര്‍ ഏലിയ കത്തീഡ്രലില്‍ നടന്ന ചടങ്ങുകളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.വിശുദ്ധ കുര്‍ബാനയ്ക്കൊപ്പം തീജ്വാലയിങ്കല്‍ ശുശ്രൂഷ നടന്നു. ആട്ടിടയന്‍മാര്‍ യേശുവിന്റെ ജനനം കാണാന്‍ പോയതിനെയാണ് തീജ്വാലയിങ്കല്‍ ശുശ്രൂഷ സൂചിപ്പിക്കുന്നത്. രാജാക്കന്‍മാര്‍ പൊന്നും മീറയും കുന്തിരിക്കവും കാഴ്ചവച്ചതിനെ അനുസ്മരിച്ച് വിശ്വാസികള്‍ കാഴ്ചയായി കുന്തിരിക്കം തീജ്വാലയില്‍ സമര്‍പ്പിച്ചു.

ഉണ്ണിയേശുവിന്റെ തിരുപിറവി ആഘോഷത്തിന് മുന്നോടിയായി കൊച്ചിയിലെ വിവിധ ക്രിസ്തീയ ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാനകള്‍ നടന്നു. നൂറുകണക്കിന് വിശ്വാസികള്‍ തിരുപിറവി ശുശ്രൂഷയില്‍ പങ്കു ചേര്‍ന്നു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ നടന്ന തിരുപിറവി ശുശ്രൂഷകള്‍ക്ക് റോമാ സഭയുടെ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ നേതൃത്വം നല്‍കി. നൂറുകണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ പങ്ക് ചേര്‍ന്നു. പാതിരാ കുര്‍ബാനയ്ക്ക് മുന്നോടിയായി കാരള്‍ ഗാനാവതരണവും നടന്നു. റോമാ സഭയുടെ വരാപ്പുഴ അതിരൂപതാ ആസ്ഥാനമായ എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടന്ന ശുശ്രൂഷകള്‍ക്ക് ലത്തീന്‍ ആര്‍ച്ച് ബിഷപ്പും കേരള കത്തോലിക്കാ എപ്പിസ്കോപ്പല്‍ സുന്നഹദോസ് (കെ സി ബിസി) പ്രസിഡന്റുമായ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. എറണാകുളം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലും തിരുപിറവി ശുശ്രൂഷകള്‍ നടന്നു.

എത്യോപ്യന്‍ പാത്രിയര്‍ക്കീസ് കേരളത്തില്‍



എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ഇന്നു് ദേവലോകത്തു്

എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരി. ആബൂന പൌലോസ് ബാവയെ നിയുക്ത പൗരസ്ത്യ കാതോലിക്കോസ് മാര്‍ മിലിത്തിയോസും  മാര്‍ തെയോഫിലോസും സ്വീകരിക്കുന്നു
തിരുവനന്തപുരം: എത്യോപ്യന്‍ ഓര്‍‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂന പൌലോസ് പ്രഥമന്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച (2008 ഡി. 29) കേരളത്തിലെത്തി. ഓര്‍‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ (മലങ്കര സഭയുടെ) അതിഥിയായ അദ്ദേഹത്തെ നിയുക്ത പൗരസ്ത്യ കാതോലിക്കോസ് കാതോലിക്കോസ് പൌലോസ് മാര്‍ മിലിത്തിയോസ്, ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

ആര്‍ച്ച് ബിഷപ് ഗരിമ ഡബ്ള്യു. കിര്‍ക്കോസ്, ബിഷപ്പുമാരായ അബ്ബ തിമോത്തിയോസ് തെസ്ഫ, അബ്ബ ദിയസ്കോറോസ്, പാത്രിയര്‍ക്കീസിന്റെ പ്രൈവറ്റ് സെക്രട്ടറി മുലുഗോത്ത ബെക്കലെ ഗസിഹേഗ എന്നിവര്‍ അനുഗമിക്കുന്നുണ്ട്. പരുമലയില്‍ എംജിഒസിഎസ്എമ്മിന്റെ ശതാബ്ദി സമാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് എത്യോപ്യന്‍ പാത്രിയര്‍ക്കീസ് എത്തിയത്.

റവ. സി.എം. ഫിലിപ്പോസ് റമ്പാന്‍ കോറെപ്പിസ്കോപ്പ, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, റവ. ഡോ. ജോണ്‍ മാത്യു, ഫാ. മാത്യു കോശി, ഫാ. എം.സി. കുര്യാക്കോസ്, ഫാ. ലൈജു മാത്യു, ഫാ. ജോസി തുടങ്ങിയവരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. കോട്ടയത്തേയ്ക്കു് പോയ പാത്രിയര്‍ക്കീസ് ചൊവ്വാഴ്ച (2008 ഡി. 30) വൈകിട്ട് ഏഴിനു ഓര്‍‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കാസന അരമനയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവായെ സന്ദര്‍ശിയ്ക്കും.

എത്യോപ്യന്‍ സെമിനാരിയില്‍ അദ്ദേഹത്തിന്റെ ഗുരുനാഥനായിരുന്ന ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസിന്റെ കബറിടം ബുധനാഴ്ച (2008 ഡി. 31) 10നു പഴയ സെമിനാരിയില്‍ സന്ദര്‍ശിച്ച് ആദരാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്നു വിശുദ്ധ വട്ടശേരില്‍ ഗീവര്‍ ഗീസ് മാര്‍ ദിവന്നാസിയോസ് സ്മാരക വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച കേരള തലസ്ഥാനമായ തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന പാത്രിയര്‍ക്കീസ്, ഓര്‍ത്തഡോക്സ് സ്റ്റുഡന്റ്സ് സെന്ററില്‍ ശതാബ്ദി സ്മാരക ശിലാഫലകം അനാച്ഛാദനം ചെയ്യും.
(അവലംബം : മലയാള മനോരമ)

പരസ്പരം സഹിച്ചും ക്ഷമിച്ചും സഹകരിച്ചും സ്നേഹത്തോടെ സഹവസിക്കുക- പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍


ഓര്‍‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാചാര്യന്‍ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ നല്കിയ ക്രിസ്മസ് സന്ദേശം

മൌലീക വാദവും തീവ്രവാദവും ആഗോള സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുന്ന പ്രശ്നങ്ങളില്‍പ്പെട്ട് ഉഴലുന്ന മനുഷ്യന് സമാധാനത്തിന്റെ സന്ദേശമാണു് ക്രിസ്മസ് കൊണ്ടുവരുന്നതു്. സര്‍വ്വമനുഷ്യര്‍ക്കും ഉണ്ടാകുവാനുള്ള മഹാസന്തോഷം അറിയിയ്ക്കുന്ന മാലാഖ ആശ്വസിപ്പിക്കുന്നത് ഭയപ്പെടേണ്ട എന്ന ആശംസയോടെയാണ്. ആട്ടിടയരോടും ഭയപ്പെടേണ്ട എന്ന സ്വാന്തന വാക്കുകളാണ് അറിയിക്കുന്നത്. ഭയപ്പെടേണ്ട എന്നതാണ് ക്രിസ്തുമസിന്റെ കാതലായ സന്ദേശം.

ചുറ്റുപാടും ഭയപ്പെടുത്തുന്ന ശക്തികളും സമാധാനത്തിന്റെ ശത്രുക്കളും തേര്‍വാഴ്ച നടത്തുമ്പോള്‍ അടിയുറച്ച ദൈവ വിശ്വാസത്തിലും മനുഷ്യ സ്നേഹത്തിലും ഊന്നി പ്രാര്‍ത്ഥിച്ചും പ്രവര്‍ത്തിച്ചും മുന്നേറാനാണ് ക്രിസ്തുമസ് ആഹ്വാനം ചെയ്യുന്നത്. യേശുവിന്റെ ജനനവും ജീവിതവും എത്രയോ പ്രതികൂല സാഹചര്യങ്ങളിലായിരുന്നു എന്ന് അനുസ്മരിക്കുമ്പോള്‍ ഇന്നത്തെ വെല്ലുവിളികളെ അഭിമുഖീകരിക്കാനും അതിജീവിക്കാനും നമുക്ക് ആത്മധൈര്യം ലഭിക്കും.

എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് പരസ്പരം സഹിച്ചും ക്ഷമിച്ചും സഹകരിച്ചും സ്നേഹത്തോടെ സഹവസിക്കുക എന്നതാകട്ടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ലക്ഷ്യം. ഏവര്‍ക്കും ശാന്തിയും സമാധാനവും സംതൃപ്തിയും നിറഞ്ഞ പുതുവത്സര ആശംസകള്‍ നേരുന്നു.

20081227

റോമാ പാപ്പായുടെ ഉര്‍ബി എത്ത് ഓര്‍ബി സന്ദേശം


റോമന്‍ കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ റോമാ പാപ്പാ റോമാ  നഗരത്തിനും ലോകത്തിനും നല്കിയ ആശീര്‍വാദം


നമ്മുടെ രക്ഷകനായ ദൈവത്തിന്റെ കൃപാവരം എല്ലാവര്‍ക്കും വെളിവാക്കപ്പെട്ടിരിക്കുന്നു.ഈ സത്യമാണ് സഭ ക്രിസ്മസ്സ് ദിനത്തില്‍ ആഘോഷിക്കുകയും പ്രഘോഷിക്കുകയും ചെയ്യുക.

 

നന്മയിലും സ്നേഹത്തിലും സമ്പന്നമായ ദൈവകൃപ ഇനി ഒരിക്കലും നിഗുഢമല്ല.അതു് മാംസത്തില്‍ വെളിവാക്കപ്പെട്ടു. അതു് അതിന്റെ മുഖം പ്രത്യക്ഷപ്പെടുത്തി. ആരാണ് അതു് വെളിവാക്കുക? കന്യകാമറിയത്തില്‍ നിന്ന് ജാതനായ യേശുവാണ് അതു് വെളിപ്പെടുത്തുക. ദൈവത്തിന്റെ കൃപ പ്രത്യക്ഷപ്പെട്ടു. അതിനാലാണ് ക്രിസ്മസ്സിനെ പ്രകാശത്തിന്റെ തിരുനാളായി വിശേഷിപ്പിക്കുന്നതു്. യേശു പ്രകാശമാണ്.

 

ദൈവത്തിന്റെ കൃപ എല്ലാവര്‍ക്കും പ്രത്യക്ഷമായി. രക്ഷിക്കുന്ന ദൈവത്തിന്റെ വദനമായ യേശു തന്നെത്തന്നെ ഏതാനും പേര്‍ക്കല്ല പ്രത്യുത എല്ലാവര്‍ക്കുമാണ് പ്രത്യക്ഷപ്പെടുത്തുക. അവിടുന്ന് ലോകത്തില്‍ പിറന്നുവീണപ്പോള്‍ ബെത്‍ലഹേമിലെ ഏതാനും പേര്‍ മാത്രമേ അവിടുത്തെ കണ്ടുമുട്ടിയുള്ളൂ. പക്ഷെ അവിടുന്ന് എല്ലാവര്‍ക്കുമായിട്ടാണ്- യഹുദര്‍ക്കും വിജാതിയര്‍ക്കും, സമ്പന്നര്‍ക്കും പാവപ്പെട്ടവര്‍ക്കും, ചാരെയുള്ളവര്‍ക്കും അകലെയുള്ളവര്‍ക്കും, വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും -ആയിട്ടാണ് കടന്നുവന്നതു്.

 

 ദൈവകൃപയുടെ അതിസ്വഭാവികദാനം എല്ലാസൃഷ്ട്രവസ്തുക്കള്‍ക്കും ആയി ഉദ്ദേശിക്കപ്പെട്ടതാണ്. ആ ദൈവികപ്രകാശകിരണത്താല്‍ ഓരോ വ്യക്തിയുടെയും ഹൃദയം ഉജ്ജ്വലിക്കുന്നതിനു് ഓരോത്തരും അതു് സ്വീകരിക്കണം, മറിയത്തെ പോലെ ഉവ്വ് എന്ന് അതിനോട് പ്രതികരിക്കണം. മനുഷ്യന്റെ അവകാശങ്ങളും ഔന്ന്യത്യവും ചവുട്ടിമെതിക്കപ്പെടുന്നിടം, ഭ്രാതൃഹത്യയും ചൂഷണവും അനുവദിക്കപ്പെടുന്നടം, അന്യോന്യം നശിപ്പിക്കുന്ന സംഘര്‍ഷങ്ങള്‍ വര്‍ഗ്ഗീയസമൂഹവിഭാഗങ്ങളെ ഭിന്നിപ്പിക്കുകയും, സമാധാനപരമായ സഹജീവനത്തെ തകിടം മറിക്കുകയും ചെയ്യുന്നിടം, ഭീകരത തുടരുന്നിടം, നിലനില്പിനാവശ്യമായവ ഇല്ലാത്തിടം ഒക്കെ ക്രിസ്മസ്സ് പ്രോജ്ജ്വലമാക്കുകയും, അധികൃതഐക്യദാര്‍ഡ്യചൈതന്യത്തില്‍ തങ്ങളുടെ ഉത്തരവാദിത്വം നിര്‍വഹിക്കുവാന്‍ എല്ലാ ജനങ്ങളെയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യട്ടെ.

 

പ്രിയ സഹോദരിസഹോദരമാരെ, നമ്മുക്കായി, നമ്മുടെ രക്ഷയ്ക്കായി ദൈവത്തില്‍ നിന്നുള്ള സത്യദൈവവും, പ്രകാശത്തില്‍ നിന്നുള്ള പ്രകാശവും, സത്യദൈവത്തില്‍ നിന്നുള്ള ദൈവവും ആയ യേശു നമ്മുടെയിടയില്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവന്നു. ലോകത്തില്‍ എമ്പാടുമുള്ള പുല്‍ക്കുട്ടില്‍ ശയിക്കുന്ന ഉണ്ണിയേശുവിനെ നമ്മുക്കു് ആരാധിക്കാം. അവിടുന്ന് വെറും ഒരു ശിശുവാണെങ്കിലും ഭയപ്പടരുത്. ഞാനല്ലാതെ മറ്റൊരു ദൈവമില്ല. സ്ത്രീകളെ പുരുഷമാരെ, ജനതകളെ രാഷ്ട്രങ്ങളെ, എന്റെ സവിധത്തില്‍ വരിക. ഭയപ്പടരുതു്. പിതാവായ ദൈവത്തിന്റെ സ്നേഹവുമായിട്ടാണ്, സമാധാനപാത നിങ്ങള്‍ക്കു് കാട്ടിത്തരുന്നതിനായിട്ടാണ് ഞാന്‍ വന്നിരിക്കുന്നതു് എന്ന് നമ്മെ ആശ്വസിപ്പിക്കുന്നതുപോലെ തോന്നിയ്ക്കുന്നു. പ്രത്യാശയോടെ നമുക്കു് അവിടുത്തെ സമീപിച്ചു് വിനയപൂര്‍വ്വം അവിടത്തെ ആരാധിക്കാം.

 

ഈ സന്ദേശം നല്‍കിയ പാപ്പാ തുടര്‍ന്ന് 64 ഭാഷകളില്‍ ക്രിസ്മസ്സ് മംഗളങ്ങള്‍ ആശംസിച്ചു.

എത്യോപ്യന്‍ പാത്രിയര്‍ക്കീസ്‌ ഡിസം. 29-നു് കേരളത്തിലെത്തും


പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവായുടെ ക്ഷണമനുസരിച്ചാണ്‌ സന്ദര്‍ശനം

  പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവയും പരിശുദ്ധ ആബൂന പൗലോസ്‌ പ്രഥമന്‍ ബാവയും 2001-ല്‍ ജോഹന്നസ്‍ബര്‍ഗില്‍ സമ്മേളിച്ചപ്പോള്‍

ദേവലോകം: മലങ്കര ഓര്‍ത്തഡോക്‌സ് വിദ്യാര്‍ഥി പ്രസ്‌ഥാനത്തിന്റെ ശതാബ്‌ദി ആഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുക്കാന്‍ എത്യോപ്യന്‍ പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ആബൂന പൗലോസ്‌ മലങ്കര സന്ദര്‍ശിയ്ക്കുന്നു. ഡിസംബര്‍ 29 മുതല്‍ 31 വരെയാണ്‌ സന്ദര്‍ശനം.

ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവായുടെ ക്ഷണമനുസരിച്ചാണ്‌ സന്ദര്‍ശനം. ദേവലോകം പൗരസ്ത്യ കാതോലിക്കാസന അരമനയില്‍ പൗരസ്ത്യ കാതോലിക്കോസുമായി കൂടിക്കാഴ്‌ച നടത്തും. റഷ്യന്‍ സഭ കഴിഞ്ഞാല്‍ ഏറ്റവും വലിയ കിഴക്കന്‍‍ സഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളില്‍ ഏറ്റവും വലുതുമാണു് എത്യോപ്യന്‍ സഭ.

കമ്യൂണിസ്‌റ്റ് ഭരണകാലത്ത്‌ ഏഴുവര്‍ഷം തടവ്‌ ശിക്ഷ അനുഭവിച്ചിട്ടുള്ള പാത്രിയര്‍ക്കീസ്‌ ഇപ്പോള്‍ സഭകളുടെ ലോക കൗണ്‍സില്‍ (W C C) പ്രസിഡന്റാണ്‌. ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭയിലെ അംഗസഭകളായ മലങ്കര സഭയും എത്യോപ്യന്‍ സഭയും തമ്മില്‍ പൂര്‍ണ വി.കുര്‍ബാന സംസര്‍ഗവും ഉറ്റബന്ധവുമുണ്ടു്.

ഏറ്റവും പുതിയ കണക്കനുസരിച്ച്‌ എത്യോപ്യന്‍ സഭയുടെ അംഗസംഖ്യ അഞ്ചുകോടിയാണ്‌.