ആകമാന സഭാനിലപാടുകള്‍

20091224

യോഹന്നാന്‍ പൗലോസ് രണ്ടാമനും പീയൂസ് പന്ത്രണ്ടാമനും ധന്യപദവി

വത്തിക്കാന്‍, 2009 ഡിസംബര്‍ 21 : റോമന്‍ കത്തോലിക്ക സഭയുടെ മുന്‍ മാര്‍പാപ്പമാരായിരുന്ന യോഹന്നാന്‍ പൗലോസ് രണ്ടാമനെയും (ജോണ്‍ പോള്‍ രണ്ടാമന്‍) പീയുസ് പന്ത്രണ്ടാമനെയും ധന്യപദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടു് റോമന്‍ കത്തോലിക്ക സഭയുടെ ഇപ്പോഴത്തെ തലവനായ ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ പ്രഖ്യാപനം നടത്തി. വിശുദ്ധനായി പ്രഖ്യാപിയ്ക്കുന്നതിന്റെ ആദ്യപടിയാണു് ധന്യനാക്കുന്നതു്.

യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കുന്നതിന് യോഹന്നാന്‍ പൗലോസ് രണ്ടാമന്‍ മാര്‍പാപ്പ നല്കിയ സേവനങ്ങളെ മാനിച്ചാണ് അദ്ദേഹത്തെ ധന്യപദവിയിലേക്ക് ഉയര്‍ത്തിയത്. 1979 മുതല്‍ മൂന്നു പതിറ്റാണ്ട് കാലം റോമന്‍ കത്തോലിക്ക സഭയെ നയിച്ച യോഹന്നാന്‍ പൗലോസ് രണ്ടാമന്‍ 2005ലാണ് ദിവംഗതനായത്.

1939 മുതല്‍ 1958 വരെ റോമാപാപ്പയായിരുന്ന പീയൂസ് പന്ത്രണ്ടാമന്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് റോമന്‍ കത്തോലിക്ക സഭയുടെ തലവനായിരുന്നു. ആ സമയത്ത് ജൂതരുടെ കൂട്ടക്കൊലയെ ഒരു പരിധിവരെ അസാദ്ധ്യമാക്കാന്‍ കഴിഞ്ഞത് പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയുടെ ഇടപെടല്‍ മൂലമായിരുന്നുവെന്നു് റോമാ സഭ അവകാശപ്പെടുമ്പോള്‍ ജൂതരുടെ കൂട്ടക്കൊലയെ നിയന്ത്രിക്കാന്‍ റോമാ മാര്‍പാപ്പ ഒന്നും ചെയ്തില്ല എന്ന് ജൂതന്മാര്‍ ആരോപിക്കുന്നു. ഈ ആരോപണം നിലനില്‍ക്കേയാണ് പീയൂസ് പന്ത്രണ്ടാമനെ ധന്യപദവിയിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്.

ധന്യ പദവിയിലേക്ക് ഉയര്‍ത്തി കഴിഞ്ഞ രണ്ടു പാപ്പമാരുടെയും പേരിലുള്ള വിശ്വാസം പ്രാമാണികമാകുന്നതു് (അദ്‌ഭുതങ്ങള്‍) ഇനി വത്തിക്കാന്‍ നിരീക്ഷിക്കും. അതിനു ശേഷം ഇവരെ വാഴ്‌ത്തപ്പെട്ടവരുടെ പദവിയിലേക്കും തുടര്‍ന്ന് വിശുദ്ധഗണത്തിലേക്കും ഉയര്‍ത്തും.


Pope John Paul II and Pius XII move closer to sainthood

ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ ഐക്യരാഷ്ട്രസഭ

ന്യൂയോര്‍ക്ക്, 2009 ഡിസംബര്‍19: ഇസ്ലാം മതത്തെ ഭീകരവാദത്തിന്‍റെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഭാഗമായി കണക്കാക്കുന്നതിനെതിരേ ഐക്യരാഷ്ട്രസഭയുടെ പ്രമേയം. മതത്തെ പ്രത്യേകിച്ചും ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ ഇസ്ലാമിക സമ്മേളനം പാസാക്കിയ പ്രമേയം യു എന്‍ ജനറല്‍ അസംബ്ലി അംഗീകരിച്ചു. മതപരമായ ആചാരങ്ങളുടെ കാര്യത്തിലും മത് വിവേചനത്തിന്‍റെ മത വിശ്വാസത്തിന്‍റെ കാര്യത്തിലും പൊതുസമുഹം പുലര്‍ത്തുന്ന അസഹിഷ്ണുതയെക്കുറിച്ച് പ്രമേയം ആശങ്കപ്പെടുന്നു. മതത്തെ തീവ്രവാദികള്‍ ഉപകരണമാക്കുനതിനെതിരെ ജാഗരൂകരാകണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

നേരത്തെ 61നെതിരേ 80 വോട്ടുകള്‍ക്ക് ഇസ്ലാമിക സമ്മേളനം പാസാക്കിയ പ്രമേയമാണ് ഐക്യരാഷ്ട്രസഭ ഇപ്പോള്‍ അംഗീകരിച്ചത്. 42 രാജ്യങ്ങള്‍ പ്രമേയത്തില്‍ പ്രതിഷേധിച്ച് വിട്ടു നില്‍ക്കുകയും ചെയ്തു. യൂറോപ്യരാജ്യങ്ങളും മറ്റ് വികസിത രാജ്യങ്ങളുമാണ് പ്രമേയം അഭിപ്രായ സ്വാതന്ത്ര്യത്തിനും മത സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് വിട്ടു നിന്നത്.

എന്നാല്‍ മതത്തെ അപകീര്‍ത്തിപ്പെടുന്നതിനെതിരെയുള്ള പ്രമേയം 2005 മുതല്‍ എല്ലവര്‍ഷവും യു എന്‍ ജനറല്‍ അസംബ്ലി പാസാക്കുന്നതാണെന്നും ഈ വര്‍ഷമാണ് ഏറ്റവും കുറഞ്ഞ മാര്‍ജിനില്‍ പാസാക്കപ്പെട്ടതെന്നും ഐക്യരാഷ്ട്രസഭയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥയായ റെപ് എലിയോറ്റ് എഞ്ചെല്‍ പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്‌സ്‌ - കത്തോലിക്കാ സഭാ ഡയലോഗ്‌ വിജയകരം

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയും റോമന്‍ കത്തോലിക്കാ സഭയും തമ്മിലുള്ള സംഭാഷണം (ഡയലോഗ്‌) കോട്ടയം ഓര്‍ത്തഡോക്‌സ്‌ തിയോളജിക്കല്‍ സെമിനാരിയില്‍ 2009 ഡി 16, 17 തീയതികളില്‍ നടന്നു. ഈ ഇരുസഭകളില്‍ ഏതെങ്കിലും ഒന്നിന്‌ ആരാധനാലയങ്ങളോ സെമിത്തേരിയോ ഇല്ലാത്ത സ്ഥലങ്ങളില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശ രേഖകളോടെ, അവ ഉപയോഗിക്കുന്നതിനെ സംബന്ധിച്ചും ഇരുസഭകളുടെയും സെമിനാരികള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെ സംബന്ധിച്ചും സഭാംഗങ്ങള്‍ തമ്മിലുള്ള പരസ്‌പര വിവാഹങ്ങളെ സംബന്ധിച്ചും സുദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നു.

സന്യാസിനി - സന്യാസ സമൂഹങ്ങളുടെ ഒരുമിച്ചുള്ള കോണ്‍ഫറന്‍സുകള്‍, കൂട്ടായ ഫാമിലി കൗണ്‍സിലിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവ കാര്യക്ഷമമായി നടത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു. സ്വന്തം സഭയിലെ കാര്‍മികരെ അടിയന്തരമായി ലഭിക്കാത്ത സാഹചര്യത്തില്‍ അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക്‌ തൈലാഭിഷേക ശുശ്രൂഷയോ നിര്യാതരായവര്‍ക്ക്‌ മരണാനന്തര ക്രിയകളോ ഈ സഭകളിലെ ഏതെങ്കിലും ഒന്നിലെ വൈദികര്‍ നല്‍കുന്നതിന്റെ സാധ്യതകളെ സംബന്ധിച്ച്‌ ധാരണ രൂപവല്‍‍കരിക്കുകയും ചെയ്‌തു.

കൂട്ടായ തീരുമാനങ്ങളുടെ കരടുരേഖകള്‍ ഇരുസഭകളുടെയും എപ്പിസ്കോപ്പല്‍ സുന്നഹദോസുകളുടെ അംഗീകരണത്തിനായി തയാറാക്കി.

പ്രത്യേക പെരുന്നാള്‍ ക്രമങ്ങളുടെ മലയാള പരിഭാഷ തയാറാക്കുന്നതിന്‌ ഫാ. ജേക്കബ്‌ തെക്കേപ്പറമ്പില്‍, ഫാ. ബേബി വര്‍ഗീസ്‌, ഫാ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌ എന്നിവരടങ്ങുന്ന സബ്‌ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

റോമന്‍ കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച്‌ വത്തിക്കാനില്‍നിന്നും ബിഷപ്‌ ബ്രയന്‍ ഫാരലും ഫാ. ഗബ്രിയേല്‍ ക്വിക്കേയും കേരളത്തില്‍നിന്നു മാര്‍ ജോസഫ്‌ പവ്വത്തില്‍, മാര്‍ മാത്യു മൂലക്കാട്ട്‌, തോമസ്‌ മാര്‍ കൂറിലോസ്‌, റവ.ഡോ. സേവ്യര്‍ കൂടപ്പുഴ, റവ.ഡോ. മാത്യു വെള്ളാനിക്കല്‍, റവ.ഡോ. ജേക്കബ്‌ തെക്കേപ്പറമ്പില്‍, റവ.ഡോ. ഫിലിപ്പ്‌ നെല്‍പ്പുരപ്പറമ്പില്‍, റവ.ഡോ. പൗളി എന്നിവരും ഓര്‍ത്തഡോക്‌സ്‌ സഭയെ പ്രതിനിധീകരിച്ച്‌ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌, ഡോ. തോമസ്‌ മാര്‍ അത്താനാസ്യോസ്‌, റവ.ഡോ. ജോണ്‍ മാത്യൂസ്‌, റവ.ഡോ. വി.പി വര്‍ഗീസ്‌, റവ.ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, റവ.ഡോ. ഒ. തോമസ്‌, റവ.ഡോ. സാബു കുര്യാക്കോസ്‌, ഫാ. ഏബ്രഹാം തോമസ്‌ എന്നിവരുമാണു് പങ്കെടുത്തതു്.

ചൈന ഇന്ത്യയ്ക്കുഭീഷണിയുയര്‍‍ത്തുന്നു- ടി.പി.ശ്രീനിവാസന്‍


മാര്‍ത്തോമ്മാ ദീവനാസ്യോസ്‌ സ്‌മാരകപ്രഭാഷണം

പത്തനാപുരം: ഇന്ത്യയുടെ വളര്‍ച്ചയില്‍ അസഹിഷ്‌ണുതയുള്ള രാജ്യമാണ്‌ ചൈനയെന്ന്‌ ഇന്ത്യയുടെ മുന്‍ യു.എന്‍.അംബാസഡര്‍ ടി.പി.ശ്രീനിവാസന്‍ പറഞ്ഞു. അമേരിക്കയില്‍ കൂടുതല്‍ നിക്ഷേപം നടത്തിയ രാജ്യമെന്ന നിലയില്‍ ചൈനയെ അമേരിക്ക പ്രീണിപ്പിക്കുകയാണു്. അവര്‍ നിക്ഷേപം പിന്‍വലിച്ചാല്‍ സാമ്പത്തികസ്ഥിതി തകരാറിലാവുമെന്ന ഭയം കാരണം അമേരിക്ക പലപ്പോഴും ഇന്ത്യയെ സഹായിക്കാന്‍ മടിക്കുന്നു.

'ഇന്ത്യ ലോകത്ത്‌ എവിടെ നില്‍ക്കുന്നു' എന്ന വിഷയത്തില്‍ 2009 ഡി 1-നു്പത്തനാപുരം മൗണ്ട്‌ താബോര്‍ ദയറയില്‍ മാര്‍ത്തോമ്മാ ദീവനാസ്യോസ്‌ സ്‌മാരകപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്‌ക്ക്‌ അര്‍ഹിക്കുന്ന സ്ഥാനം നല്‍കാന്‍ ലോകം തയ്യാറാകുന്നില്ലെന്നു് ടി.പി.ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.

ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് മാര്‍ ബസേലിയോസ് മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍ പാത്രിയര്‍‍ക്കീസ് ബാവ ആധ്യക്ഷ്യം വഹിച്ചു. കേരള ഹൈക്കോടതി മുന്‍ ജഡ്‌ജി ജോണ്‍ മാത്യു ഉദ്‌ഘാടനം നിര്‍വഹിച്ചു. ജോസഫ്‌ മാര്‍ ദീവനാസ്യോസ്‌ മെത്രാപ്പോലീത്ത, ഫാ. കെ.എ.എബ്രഹാം, ഫാ. കെ.വി.പോള്‍, പോള്‍ മണലില്‍ എന്നിവര്‍ സംസാരിച്ചു.

20091223

കാപട്യമില്ലായ്മയും സത്യാന്വേഷണത്വരയും മാതൃകയാക്കുക - പരിശുദ്ധ പിതാവു്


പൗരസ്ത്യ കാതോലിക്കോസ് മാര്‍ ബസേലിയോസ് മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍ പാത്രിയര്‍‍ക്കീസ് (ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍) നല്കിയ ക്രിസ്മസ് സന്ദേശം

ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ പിറവി വിളിച്ചറിയിച്ച് വീണ്ടും ഒരു ക്രിസ്തുമസ്‌ കൂടി എത്തുന്നു. നിഷ്‌കളങ്കരായ ആട്ടിടയര്‍ക്കാണ് ആദ്യം യേശുവിനെ കാണാനും വണങ്ങാനും അവസരം ലഭിച്ചത്. കിഴക്കുനിന്നുള്ള വിദ്വാന്മാര്‍ക്കും അതിനു കഴിഞ്ഞു. ആട്ടിടയന്മാരുട കാപട്യമില്ലായ്മയും വിദ്വാന്മാരുടെ സത്യാന്വേഷണ ത്വരയുമാണ് അവര്‍ക്ക് ഈ ഭാഗ്യം ലഭിക്കാന്‍ അവസരമൊരുക്കിയത്. ഒരിക്കല്‍ക്കൂടിയെത്തുന്ന ക്രിസ്തുമസ്സിന് ഇവരെ നമുക്കു മാതൃകയാക്കാം.

സമാധാനമാണ് ക്രിസ്തുമസ്സിന്റെ സന്ദേശം. സമാധാനം സ്ഥാപിക്കുന്നതിനെക്കാള്‍ അസ്സമാധാനം സൃഷ്ടിക്കുന്ന ഘടകങ്ങളാണ് ഇന്ന് നമുക്കുചുറ്റും. ആഘോഷങ്ങള്‍ ആര്‍ഭാടത്തിനും ധൂര്‍ത്തിനുമുള്ള അവസരങ്ങളാക്കി നാം മാറ്റുകയാണ്. ഇത് ദുഃഖകരമാണ്. യഥാര്‍ത്ഥ ക്രിസ്തു ഇല്ലാതെ ക്രിസ്മസ് ആഘോഷങ്ങള്‍ നടത്താനാണ് ഇന്ന് പലര്‍ക്കും താല്പര്യം. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യരാശിയുടെ നിലനില്പിനെത്തന്നെ ബാധിക്കുമെന്ന ഉത്കണ്ഠയിലാണ് ലോകജനത. വിവിധ രാജ്യങ്ങളുടെ പ്രതിനിധികള്‍ സമ്മേളിച്ച് ഈ പ്രതിസന്ധി സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തുന്നു. ആഗോളതാപനം നിയന്ത്രിക്കാന്‍ രാഷ്ട്രങ്ങള്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടം നടപ്പിലാക്കാന്‍ വികസിത രാജ്യങ്ങള്‍ മടിച്ചുനില്‍ക്കുകയാണ്. സാമ്പത്തികമാന്ദ്യവും മൗലികവാദവും തീവ്രവാദവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ വേറെയുമുണ്ട്. ഇത്തരം പ്രതികൂല സാഹചര്യത്തിലാണ് 'സന്‍മനസുള്ളവര്‍ക്ക് സമാധാനം' എന്ന നിത്യനൂതന സന്ദേശവുമായി ക്രിസ്മസ് വീണ്ടും എത്തുന്നത്.

ക്രിസ്മസ്സിന്റെ സന്ദേശമുള്‍ക്കൊണ്ട് ജീവിക്കാന്‍ നാം ഓരോരുത്തരും തയ്യാറാകണം. ഈ ക്രിസ്മസ് വേളയില്‍ ജാതിമതഭേദമെന്യേ സര്‍വര്‍ക്കും സ്നേഹത്തിലൂന്നിയ സഹവര്‍ത്തിത്വത്തിലൂടെ സമാധാനം അനുഭവിക്കാന്‍ ഇടയാകട്ടെയെന്ന് ആശംസിക്കുന്നു.

*

20091203

പൊതു ആരോഗ്യസംരക്ഷണരംഗത്തുനിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുന്നു: കേരള കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്

മദ്യനയം പുനഃപരിശോധിക്കാന്‍ വേണ്ട സമ്മര്‍ദ്ദമുണ്ടാകണമെന്നും കേരള കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസിന്റെ സപ്‌തതിയോടനുബന്ധിച്ചു് പുറപ്പെടുവിച്ച ഇടയലേഖനം

കോട്ടയം: ആരോഗ്യ സംരക്ഷണം ലഭ്യമാകാത്ത ദരിദ്രര്‍, തോട്ടം തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക്‌ വൈദ്യസഹായം ലഭിക്കാനുള്ള പരിപാടികള്‍ ആവിഷ്‌കരിക്കണമെന്നു് കോട്ടയത്തു മാങ്ങാനം ടി.എം.എ.എം. സെന്ററില്‍ ചേര്‍ന്ന കേരള കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ (കെ സി സി) യോഗം പുറപ്പെടുവിച്ച സംയുക്‌ത ഇടയലേഖനം ആഹ്വാനം ചെയ്തു. പൊതു ആരോഗ്യ സംരക്ഷണരംഗത്തുനിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയാണെന്നു് യോഗം വിലയിരുത്തി.

സര്‍ക്കാരിന്റെ മദ്യനയം പുനഃപരിശോധിക്കാന്‍ വേണ്ട സമ്മര്‍ദ്ദമുണ്ടാകണമെന്നും ഇടയലേഖനത്തില്‍ പറയുന്നു. വര്‍ധിച്ചുവരുന്ന മദ്യ-ലഹരി ഉപയോഗത്തില്‍നിന്നു യുവജനങ്ങളെയും പൊതുസമൂഹത്തെയും പിന്തിരിപ്പിക്കാന്‍ കൗണ്‍സിലിങ് പൊതുപരിപാടിയായി വ്യാപിപ്പിക്കണമെന്ന്‌ ഇടയലേഖനത്തില്‍ ഉദ്‌ബോധിപ്പിച്ചു.

ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ മാധ്യമങ്ങളുടെ തെറ്റായ ഉപയോഗത്തില്‍നിന്നു യുവജനങ്ങളെ പിന്തിരിപ്പിക്കാന്‍ സഭാതലതലത്തില്‍ കര്‍മപദ്ധതി ആവിഷ്‌കരിക്കണം.

സ്വാശ്രയ വിദ്യാഭ്യാസ പ്രവര്‍ത്തനത്തോടനുബന്ധമായ ന്യൂനപക്ഷ അവകാശം സംരക്ഷിക്കുമ്പോള്‍തന്നെ സമൂഹത്തിലെ സമ്പന്ന- ദരിദ്ര വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങള്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാന്‍ സാഹചര്യവും സമീപനവും ഉണ്ടാകണം.

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതു തടയുന്നതോടൊപ്പം സാമൂഹ്യ കാരണങ്ങള്‍കൂടി മനസിലാക്കി പരിഹാരം കണ്ടെത്തേണ്ടതാണു്. ഭൂരഹിതരായവര്‍ക്കു ഭൂമി നല്‍കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണം. ആവശ്യമായ ഭൂപരിഷ്‌കരണ നടപടികള്‍ സ്വീകരിക്കണം. ദളിത് ൈക്രസ്‌തവര്‍ക്ക്‌ സഭകളില്‍ കൂടുതല്‍ പങ്കാളിത്തവും അംഗീകാരവും നല്‍കണം. സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടന്നുവരാന്‍ ആവശ്യമായ സാമ്പത്തിക സഹായവും മെച്ചപ്പെട്ട പരിശീലന സൗകര്യവും ലഭ്യമാക്കണം.

ഭദ്രാസനങ്ങളിലും ഇടവകളിലും എക്യുമെനിസം ശക്തമാക്കണം. എക്യുമെനിക്കല്‍ ചിന്ത പ്രാദേശിക തലത്തില്‍ ശക്‌തിപ്പെടാനായി ഇടവകകകളും സമീപ ഇടവകകളും കൂടിചേര്‍ന്നു പഠനത്തിനും പ്രവര്‍ത്തനത്തിനും രൂപം നല്‍കണമെന്ന്‌ ഇടയലേഖനം വിശ്വാസികളോട്‌ ആഹ്വാനം ചെയ്യുന്നു.

സഭാ കൂട്ടായ്‌മയില്‍ സ്‌ത്രീകള്‍ സജീവ സാന്നിധ്യമാണെങ്കിലും ആരാധന- ഭരണ നിര്‍വഹണ മേഖലയില്‍ പങ്കാളിത്തം വളരെ കുറവാണ്‌. എല്ലാ മേഖലകളിലും സ്‌ത്രീകള്‍ക്കു പരിഗണന ഉറപ്പാക്കണം.

കേരള കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ സപ്‌തതി ആഘോഷത്തിന്റെ ഭാഗമായി 2009 ഡിസംബര്‍ 2നു് മാങ്ങാനം ഓറിയന്റേഷന്‍ സെന്ററില്‍ നടന്ന കോണ്‍ഫറന്‍സില്‍ കെ.സി.സി. പ്രസിഡന്റ്‌ ബിഷപ് ഡോ.ഏബ്രഹാം മാര്‍ പൗലോസ്‌ അധ്യക്ഷത വഹിച്ചു. ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്‌തു. ഡോ. ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, നിയുക്ത പൗരസ്ത്യ കാതോലിക്കോസ് പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത , ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത, ഡോ. തോമസ്‌ മാര്‍ തിമോത്തിയോസ്‌ മെത്രാപ്പോലീത്ത, ഡോ. ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത , ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത, ഡോ. സക്കറിയാസ്‌ മാര്‍ തെയോഫിലോസ്‌ മെത്രാപ്പോലീത്ത ,ബിഷപ് ഡോ. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌, ബിഷപ് ഡോ. യുയാക്കിം മാര്‍ കൂറിലോസ്‌ , ബിഷപ് ഡോ. മാത്യൂസ്‌ മാര്‍ അഫ്രേം തുടങ്ങിയവര്‍ പങ്കെടുത്തു.

20091201

ഫാ. എല്‍ദോസ് കൗങ്ങംപിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പയായി


പോര്‍ട്‌സ്മത്ത്: യുകെയിലെ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ മുതിര്‍ന്ന വൈദികനും ഇവിടുത്തെ നിരവധി പള്ളികളുടെ സ്‌ഥാപകനുമായ എല്‍ദോസ് കൗങ്ങംപിള്ളില്‍ കശീശയുടെ പൗരോഹിത്യത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷച്ചടങ്ങിനോടനുബന്ധിച്ചു് സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ നടന്ന എക്യുമെനിക്കല്‍ സമ്മേളനത്തില്‍ വച്ച് യൂറോപ്പിന്റെ മോര്‍ മൂശ സേവേറിയോസ് ഗോര്‍ഗുന്‍ മെത്രാപ്പോലീത്ത അദ്ദേഹത്തിനു് കോര്‍ എപ്പിസ്‌കോപ്പ സ്ഥാനം നല്‍കി.

സമ്മേളനത്തിന്റെ ആതിഥേയ ഇടവകയായ പോര്‍ട്ട്‌സ്‌ മൗത്ത്‌ സെന്റ്‌ തോമസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ 28 - 11- 09 ശനിയാഴ്ച രാവിലെ പത്തിന്‌ യൂറോപ്യന്‍ സിറിയന്‍ ഓര്‍ത്തഡോകസ് ആര്‍ച്ച് ഡയോസിസിന്റെ ആര്‍ച്ച് ബിഷപ്പ് മോര്‍ മൂശ സേവേറിയോസ് ഗോര്‍ഗുന്‍ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

തുടര്‍ന്നു നടന്ന വിവിധ സഭാ മേലധ്യക്ഷന്മാര്‍ പങ്കെടുത്ത എക്യുമെനിക്കല്‍ സമ്മേളനത്തില്‍ പോര്‍ട്ട്‌സമത്ത മേയര്‍ ടെറി ഹാള്‍ മുഖ്യാതിഥിയായിരുന്നു. എല്‍ദോസ് കൗങ്ങംപിള്ളില്‍ കോര്‍ എപ്പിസ്‌കോപ്പയെ മേയര്‍ പൊന്നാടയണിയിച്ചു. പോര്‍ട്‌സ്മത്ത് ആംഗ്ലിക്കന്‍ പള്ളിയിലെ വികാരി ഫാ. ബോബ് ബെറ്റ് പ്രസംഗിച്ചു. സമ്മേളനശേഷം ഭക്‌തിഗാനമേളയും കരിമരുന്നു പ്രയോഗവും ഉണ്ടായിരുന്നു.

ഉറവിടം : സാബു കാക്കശ്ശേരി

20091126

പൗരസ്ത്യ കാതോലിക്കോസ് അനുശോചിച്ചു

കോട്ടയം: സെര്‍ബിയന്‍ പാത്രിയര്‍ക്കീസ് പാവ്‌ലെ കാലം ചെയ്തതില്‍ ഓര്‍ത്തഡോക്‌സ് പൗരസ്ത്യ സഭയുടെ പരമ മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ അനുശോചിച്ചു. സഭകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം വളരെ പരിശ്രമിച്ചിരുന്നതായി പരിശുദ്ധ ബാവാ അനുസ്മരിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് മാത്രമല്ല, ഇന്ത്യന്‍ സഭയ്ക്കും തീരാനഷ്ടമാണെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു

20091118

വിഭിന്ന ലോകത്തില്‍ ഐക്യത്തിന്‍റെ അടയാളമായിരിക്കാ൯ ക്രിസ്തുശിഷ്യര്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നു റോമാ മാര്‍പാപ്പ

വത്തിക്കാന്‍: വിഭിന്ന ലോകത്തില്‍ ഐക്യത്തിന്‍റെ അടയാളമായിരിക്കാ൯ ക്രിസ്തുശിഷ്യര്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നു് റോമാ മാര്‍പാപ്പ പതിനാറാം ബെനഡിക്റ്റ് ചൂണ്ടിക്കാട്ടി. ക്രിസ്തുവിന്‍റെ ശരീരമായ സഭയുടെ ഐക്യം സഭയുടെയും അവളുടെ ലോകത്തിലെ ദൗത്യത്തിന്‍റെയും സാരവത്തായ ഒരു മാനമാണെന്നും പതിനാറാം ബനഡിക്ട് മാര്‍പാപ്പ പറഞ്ഞു. റോമാ കത്തോലിക്കാസഭയും പുരാതന ഓര്‍ത്തഡോക്സ് സഭകളും തമ്മിലുള്ള ദൈവശാസ്ത്രപരമായ സംഭാഷണങ്ങള്‍ക്കായുള്ള സംയുക്ത അന്തര്‍ദ്ദേശിയ കമ്മീഷന്‍റെ ആറാം യോഗത്തില്‍ പങ്കെടുത്തവരെ 2009 ജനുവരി 30 വെള്ളിയാഴ്ച അപ്പസ്തോലിക അരമനയിലെ കണ്‍സിസ്റ്ററി ശാലയില്‍ പൊതുവായി സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ജനുവരി 26 തിങ്കളാഴ്ച മുതല്‍ 30 വെള്ളിയാഴ്ച വരെ റോമില്‍ ചേര്‍ന്ന പ്രസ്തുത യോഗം "സഭ ഒരു കൂട്ടായ്മ" എന്ന സഭാവിജ്ഞാനിയ പ്രമേയത്തെപ്പറ്റിയുള്ള പഠനത്തില്‍ സുപ്രധാന ചുവടുവയ്പുകള്‍ നടത്തിയെന്നു് ബനഡിക്ട് പതിനാറാമ൯ പാപ്പ സന്തുഷ്ടി പ്രകടിപ്പിച്ചു. കത്തോലിക്കാസഭയും പുരാതന ഓര്‍ത്തഡോക്സ് സഭകളും തമ്മിലുള്ള ദൈവശാസ്ത്ര സംവാദം വര്‍ഷങ്ങളായി തുടരുന്നു എന്നതുതന്നെ പ്രത്യാശയും പ്രോത്സാഹനവും പകരുന്ന ഒരു അടയാളമായി. ആംഗലഭാഷയിലെ തന്‍റെ പ്രഭാഷണത്തില്‍ പാപ്പാ ചൂണ്ടിക്കാട്ടി. ഭിന്നത, സംഘര്‍ഷം, അവര്‍ണ്ണനീയ മനുഷ്യ സഹനം ഇവയാല്‍ മുറിവേറ്റിരിക്കുന്ന ലോകത്തിനു പ്രത്യാശയുടെ യഥാര്‍ത്ഥ വിത്തുകള്‍ അടിയന്തരമായി ആവശ്യമാണെന്നു മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.


"മൂന്നു ദൈവികയാളുകളെയും ബന്ധപ്പെടുത്തുന്ന, ദൈവപുത്രന്‍റെ മനുഷ്യാവതാരത്തോടെ നമുക്കു വെളിപ്പെടുത്തപ്പെട്ട, ഐക്യത്തിന്‍റെ രഹസ്യത്തിന് ഒരു ദൃശ്യ അടയാളം ലോകത്തെസംബന്ധിച്ചിടത്തോളം ആവശ്യമാണ്". പാപ്പാ തുടര്‍ന്നു. "എല്ലാവര്‍ക്കും പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടും കൂട്ടായ്മ ഉണ്ടാകേണ്ടതിനായി, വിശുദ്ധ യോഹന്നാ൯ താന്‍ കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ടു സ്പര്‍ശിച്ചതും ആവിഷ്ക്കരിക്കാനുള്ള തന്‍റെ ഉദ്ദേശ്യം പ്രഖ്യാപിക്കുമ്പോള്‍ (cf.1യോഹ.1,1- 4) സുവിശേഷ സന്ദേശത്തിന്‍റെ സ്പൃശ്യ സ്വഭാവം പൂര്‍ണ്ണമായി അവതരിപ്പിക്കുകയാണു ചെയ്യുന്നത്. പിതാവിനെയും പുത്രനെയും ഐക്യപ്പെടുത്തുന്ന ജീവനില്‍ പരിശുദ്ധാത്മാവിന്‍റെ കൃപാവരത്തിലൂടെയുള്ള നമ്മുടെ കൂട്ടായ്മയ്ക്കു സഭയില്‍, "എല്ലാ വസ്തുക്കളിലും സകലവും പൂര്‍ത്തിയാക്കുന്ന അവന്‍റെ പൂര്‍ണ്ണതയായ"(എഫേ.1,23) യേശുവിന്‍റെ ശരീരത്തില്‍, ദൃഷ്ടിഗോചരമായ ഒരു മാനമുണ്ട്. സഭയുടെ സാരവത്തായ ഈ മാനം ലോകത്തിനായി ആവിഷ്ക്കരിക്കാനുള്ള കടമ എല്ലാ ക്രിസ്ത്യാനികള്‍ക്കുമുണ്ട്. .... .... ... സഭയുടെ ഐക്യത്തിന്‍റെ പ്രഥമ മഹാ പ്രേഷിതനും ദൈവശാസ്ത്രജ്ഞനും വിശുദ്ധ പൗലോസാണ്. ആ അപ്പസ്തോലന്‍റെ പരിശ്രമങ്ങളും പോരാട്ടങ്ങളും ക്രിസ്ത്യനുയായികളുടെ മദ്ധ്യേ ദൃശ്യമായ, കേവലം ബാഹ്യമായി മാത്രമല്ല പ്രത്യുത യഥാര്‍ത്ഥവും പൂര്‍ണ്ണവുമായ, കൂട്ടായ്മ പുലരുന്നതിനുള്ള അദമ്യമായ അഭിവാഞ്ചയാല്‍ പ്രചോദിതങ്ങളായിരുന്നു". മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു

20091116

സെര്‍ബിയന്‍ പാത്രിയര്‍ക്കീസ്‌ കാലം ചെയ്തു


ബല്‍ഗ്രേഡ്‌ : സെര്‍ബിയന്‍ ബൈസാന്ത്യ ഓര്‍ത്തഡോക്‌സ്‌ സഭയുടെ പാത്രിയര്‍ക്കീസ്‌ പാവ്‌ലെ ബാവ 2009 നവംബര്‍ 15 ഞായറാഴ്ച ബല്‍ഗ്രേഡിലെ സൈനികാശുപത്രിയില്‍ കാലം ചെയ്തു.

1990 ല്‍ പാത്രിയര്‍ക്കീസായ ബാവയ്കു് 95 വയസ്‌ പ്രായമായിരുന്നു. സെര്‍ബിയയിലെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ബൈസാന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭാ വിശ്വാസികളാണ്‌.

ഫോട്ടോ ഉറവിടം sr:wiki Author korisnik:Ninam
Creative Commons Attribution ShareAlike 3.0


Serbia begins official mourning for Patriarch Pavle

20090808

ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് കോര്‍ക്ക് ഇടവക സന്ദര്‍ശിച്ചു

കോര്‍ക്ക്: ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ യൂറോപ്പ് -ആഫ്രിക്ക ഭദ്രാസനാധിപനും യുകെയിലെ ഓര്‍ത്തഡോക്സ് ചര്‍ച്ച് കൌണ്‍സില്‍ ചെയര്‍മാനുമായ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്താ അയര്‍ലന്‍ഡിലെ കോര്‍ക്ക് സന്ദര്‍ശിച്ചു. ബ്ളാക്ക് റോക്കിലുള്ള സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ സന്ധ്യാ നമസ്കാരം നടത്തി. ഫാ. കോശി വൈദ്യനും സന്നിഹിതനായിരുന്നു.

ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡിന്റെ കോര്‍ക്ക് - ക്ളോണ്‍ - റോസ് ഭദ്രാസന ബിഷപ് പോള്‍ കോള്‍ട്ടറുമായി മെത്രാപ്പോലീത്താ കൂടിക്കാഴ്ച നടത്തി. ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡിന്റെ ഉന്നതതലസംഘം തിമോത്തിയോസ് മെത്രാപ്പോലീത്തയെ ബിഷപ് പാലസില്‍ സ്വീകരിച്ചു. മലങ്കര സഭയ്ക്കു കോര്‍ക്കില്‍ സൌകര്യങ്ങളുമുള്ള പള്ളി അനുവദിച്ചു തന്നതിലുള്ള നന്ദി തിരുമേനി അറിയിച്ചു.

ഭാരതത്തിലെ മലങ്കര സഭയും ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡും സഹോദര സഭകളായി പ്രവര്‍ത്തിക്കുവാന്‍ ധാരണയായി. ഇതിന്റെ മുന്നോടിയായി മലങ്കര സഭയെ ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡിന്റെ സിനഡിലേക്ക് ശുപാര്‍ശ ചെയ്തു. ഇരുസഭകളുടെയും പ്രതിനിധികള്‍ തമ്മില്‍ വര്‍ഷത്തില്‍ ഒരു തവണ കൂടിക്കാഴ്ച നടത്തുവാന്‍ തീരുമാനിച്ചു.

വിശ്വാസമൂല്യങ്ങള്‍ തകരാതെ ഓര്‍ത്തഡോക്സ് സഭയെ ആധുനികതയില്‍ നയിക്കുന്ന പരിശുദ്ധ ബസേലിയോസ് ദിദിമോസ് ബാവായ്ക്ക് ബിഷപ് പോള്‍ കോള്‍ട്ടന്‍ ആശംസകള്‍ നേര്‍ന്നു.

സമാധാനം ആര്‍ജ്ജിക്കാനും പരിരക്ഷിക്കാനും ആഗ്രഹിക്കുന്നെങ്കില്‍ സൃഷ്ടിയെ പരിരക്ഷിക്കുക

റോമന്‍‍ കത്തോലിക്കാസഭ 2010 ജനുവരി 1-ന് ആചരിക്കുന്ന ലോക സമാധാന ദിനത്തിനു “സമാധാനം ആര്‍ജ്ജിക്കുന്നതിനും പരിരക്ഷിക്കുന്നതിനും ആഗ്രഹിക്കുന്നെങ്കില്‍ സൃഷ്ടിയെ പരിരക്ഷിയ്ക്കുക” എന്ന ആദര്‍ശ മുദ്രാവാക്യം പടിഞ്ഞാറിന്റെ പാത്രിയര്‍‍ക്കീസ് പരിശുദ്ധ പതിനാറാം ബനഡിക്ട് പാപ്പ തിരഞ്ഞെടുത്തു.

ആഗോളവല്‍കൃതവും പരസ്പര ബദ്ധവുമായ നമ്മുടെ ലോകത്തില്‍ പരിസ്ഥിതിയുടെ പരിരക്ഷയും സമാധാനം എന്ന നന്മയുടെ പരിപോഷണവും തമ്മിലുള്ള അഭേദ്യ ബന്ധത്തെപ്പറ്റി അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണു്, റോമാ സഭ ആചരിക്കുന്ന 43-ആമത്തെ, വിശ്വശാന്തി ദിനം പ്രമാണിച്ചുള്ള തന്‍റെ സന്ദേശത്തിനു് പാപ്പാ ഈ പ്രമേയം സ്വീകരിച്ചതെന്നു് നീതി സാമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഒരു വിജ്ഞാപനത്തിലൂടെ വ്യക്തമാക്കി. മനുഷ്യന്‍റെ സ്വാഭാവിക പരിസ്ഥിതി സംബന്ധിയായ പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിത ഉപയോഗം, കാലാവസ്ഥാവ്യതിയാനം, ജൈവസാങ്കേതികവിദ്യകളുടെ പ്രയോഗോപയോഗങ്ങള്‍, ജനസംഖ്യാ വര്‍ദ്ധനവ് ഇത്യാദി നിരവധി പ്രശ്നങ്ങള്‍ ഗാഢവും ഉറ്റതുമായ ഈ ബന്ധത്തെ ഇന്നു ചോദ്യം ചെയ്യുന്നുവെന്നു വിജ്ഞാപനത്തില്‍ പറയുന്നു. ഈ പുതിയ വെല്ലുവിളികളെ നീതി, സാമൂഹ്യ ന്യായം, അന്താരാഷ്ട്ര ഐക്യദാര്‍ഢ്യം എന്നിവയുടെ ഒരു നവീകൃത അവബോധത്തോടെ അഭിമുഖീകരിക്കാ൯ മാനവ കുടുംബത്തിനു കഴിയാതെ വരുന്നതു് ജനതകള്‍ക്കും ഇന്നത്തെയും നാളെത്തെയും തലമുറകള്‍ക്കും ഇടയില്‍ അക്രമം വിതയ്ക്കുന്ന അപകടമുണ്ടെന്നു പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ വിജ്ഞാപനത്തില്‍ പറയുന്നു.

"കാരിത്താസ് ഇ൯ വെരിത്താത്തെ എന്ന ചാക്രികലേഖനത്തിന്‍റെ 48 മുതല്‍ 51 വരെ ഖണ്ഡികകളിലെ വിലപ്പെട്ട നിര്‍ദ്ദേശങ്ങളുടെ ചുവടുപിടിച്ച്, മാര്‍പാപ്പയുടെ സന്ദേശം പരിസ്ഥിതി സംരക്ഷണം ഒരു വെല്ലുവിളിയായി മനുഷ്യകുലത്തിനു് മുഴുവ൯ അനുഭവപ്പെടേണ്ടതിന്‍റെ അടിയന്തിര സ്വഭാവം അടിവരയിട്ടു പറയും. സൃഷ്ടാവു് നിര്‍ണ്ണയിച്ചുറപ്പിച്ചിരിക്കുന്ന ക്രമത്തില്‍ എല്ലാ മനുഷ്യരുടെയും ഒരു പൊതുസ്വത്തിനെ ബഹുമാനിക്കുന്നതിനുള്ള കൂട്ടായതും സാര്‍വ്വത്രികവുമായ ഉത്തരവാദിത്വമാണത്”, വിജ്ഞാപനത്തില്‍ തുടര്‍ന്നു് പറയുന്നു.

നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ വിജ്ഞാപനം ഇപ്രകാരമാണ് ഉപസംഹരിക്കുന്നത്: “പരിസ്ഥിതി പ്രശ്നങ്ങളെ പരിസ്ഥിതി മലിനീകരണം മുന്നറിയിപ്പു നല്കുന്ന ഭീതിദ ഭവിഷത്തുകള്‍കാരണം മാത്രമല്ല അഭിമുഖീകരിക്കേണത്; അവയെ, സര്‍വ്വോപരി, സമാധാനം ആര്‍ജ്ജിക്കുന്നതിനും പരിരക്ഷിക്കുന്നതിനും ശക്തമായ ഒരു പ്രചോദനമാക്കി രൂപാന്തരപ്പെടുത്തേണ്ടിയിരിക്കുന്നു”

.

പി.എസ്‌.സി. പരീക്ഷകള്‍ക്കു് ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരിശീലനക്കളരികള്‍

ദേവലോകം - പി.എസ്‌.സി. പരീക്ഷകള്‍ക്ക്‌ ഉദ്യോഗാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനായി വിദഗ്‌ധരുടെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരം ഓര്‍ത്തഡോക്‌സ്‌ സ്റ്റുഡന്റ്‌സ്‌ സെന്റര്‍ (ആഗസ്‌ത്‌ 8), പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളേജ്‌ (ആഗസ്‌ത്‌ 22), എറണാകുളം പാലാരിവട്ടം സെന്റ്‌ ജോര്‍ജ്‌ പള്ളി ഹാള്‍ (സപ്‌തംബര്‍ 12). പരുമല സെമിനാരി ഓഡിറ്റോറിയം (സപ്‌തംബര്‍ 19) എന്നിവിടങ്ങളില്‍ പരിശീലനക്കളരികള്‍ സംഘടിപ്പിക്കും.. താല്‌പര്യമുള്ളവര്‍ ഡയറക്ടര്‍ ഹ്യൂമണ്‍ റിസോഴ്‌സ്‌ മാനേജ്‌മെന്റ്‌ കാതോലിക്കേറ്റ്‌ പാലസ്‌, ദേവലോകം എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0481 2578500, 2578499

മലങ്കര മെത്രാപ്പോലീത്തയുടെ കല്പന ഇവിടെ

.

സഭകള്‍ തമ്മിലുള്ള തര്‍ക്കം ദൗര്‍ഭാഗ്യകരം: കാതോലിക്കബാവാ


ദേവലോകം: ക്രിസ്‌തീയ സഭകള്‍ തമ്മിലുള്ള തര്‍ക്കങ്ങളും വ്യവഹാരങ്ങളും ദൗര്‍ഭാഗ്യകരമാണെന്നും കേരളം ദൈവത്തിന്റെ സ്വന്തം നാടു് എന്നു് അഭിമാനിക്കുമ്പോള്‍ അതിനു് ചേരാത്ത പല പ്രവണതകളുമുണ്ടാകുന്നതു് നാടിനു് അപമാനകരമാണെന്നും ഓര്‍ത്തഡോക്‌സ്‌ പൗരസ്ത്യ സഭയുടെ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍തോമാ ദിതിമോസ്‌ പ്രഥമന്‍ ബാവാ പറഞ്ഞു. ക്രിസ്‌ത്യന്‍ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഏഷ്യ പ്രതിനിധി സംഘത്തെ ദേവലോകത്ത്‌ സ്വീകരിച്ച്‌ സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവ. മെത്രാപ്പോലീത്താമാരായ തോമസ്‌ മാര്‍ അത്താനാസ്യോസ്‌ (ചെങ്ങന്നൂര്‍), ഡോ. ജോസഫ്‌ മാര്‍ ദിവന്നാസ്യോസ്‌, സഭാസെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌, വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. കെ.എം. ജോര്‍ജ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

20090805

സ്വവര്‍ഗരതി നിയമവിധേയമാക്കരുത് ‌- ഓര്‍ത്തഡോക്‌സ്‌ സഭ

കോട്ടയം: സ്വവര്‍ഗരതി നിയമവിധേയമാക്കാനുള്ള നീക്കത്തില്‍ ദേവലോകം കാതോലിക്കേറ്റ്‌ അരമനയില്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന സുന്നഹദോസ്‌ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി പ്രതിഷേധിച്ചു.

വിവാഹ രജിസ്ട്രേഷന്‍ : സമയം നീട്ടി

2008 ഫെബ്രുവരി 29-നു മുമ്പു നടന്ന വിവാഹങ്ങള്‍ ഓഗസ്റ്റ് 28 വരെ പിഴ കൂടാതെ രജിസ്റ്റര്‍ ചെയ്യാം. വിവാഹം നടന്നതിന്റെ തെളിവായി മതാധികാര സ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രമോ ഗസറ്റഡ് ഓഫീസര്‍ / പാര്‍ലമെന്റ് / നിയമസഭാംഗം / തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗത്തില്‍ നിന്നോ ഉള്ള പ്രഖ്യാപനമോ സ്വീകരിക്കുന്നതിനും വിവാ‍ഹ മെമ്മോറാണ്ടത്തിലും രജിസ്റ്ററിലും തൊഴില്‍ രേഖപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളും വിവാഹ രജിസ്റ്റര്‍ ചട്ട ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓര്‍ത്തഡോക്‌സ്‌ സഭ 'കുടുംബഭദ്രതമാസം' ആചരിക്കും

കോട്ടയം: കുടുംബബന്ധങ്ങളിലുണ്ടാകുന്ന ശിഥിലീകരണ പ്രവണതകളെ നിരുത്സാഹപ്പെടുത്തി 'ഉത്തമകുടുംബം ഉല്‍കൃഷ്ടസമൂഹം' എന്ന ലക്ഷ്യം കൈവരിക്കുന്നതിന്‌ ഉതകുന്ന ബോധവത്‌ക്കരണ പരിപാടികളോടെ ഒക്ടോബറില്‍ 'കുടുംബ ഭദ്രതമാസം ആചരിക്കണമെന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവാ ആവശ്യപ്പെട്ടു.

സഭാ മാനവശേഷി മാനേജ്‌മെന്റ്‌ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുടുംബ ഭദ്രതയ്‌ക്ക്‌ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും, അനുയോജ്യരായ ജീവിത പങ്കാളികളെ കണ്ടെത്തുന്നതിന്‌ വിവാഹാര്‍ത്ഥികളെ സഹായിക്കുന്നതിനുമായി www.marry2love.com എന്ന ഫാമിലി വെബ്‌ സൈറ്റ്‌ ആരംഭിക്കും.

അഖണ്ഡ ബൈബിള്‍ പാരായണ മാസാചരണം ഉദ്‌ഘാടനം ചെയ്‌തു

കോട്ടയം: ഓര്‍ത്തഡോക്‌സ്‌ സഭയുടെ ആഭിമുഖ്യത്തില്‍ വനിതാ സമാജം നടപ്പിലാക്കുന്ന അഖണ്ഡ ബൈബിള്‍ പാരായണ മാസാചരണം ദേവലോകം കാതോലിക്കാസന അരമനയില്‍ പൗരസ്ത്യ കാതോലിക്കോസ് ബസേലിയോസ്‌ മാര്‍ത്തോമ്മ ദിദിമോസ്‌ പ്രഥമന്‍ ബാവാ ഉദ്‌ഘാടനം ചെയ്‌തു. ജൂലായ്‌ 15 മുതല്‍ ആഗസ്‌ത്‌ 14 വരെ 720 മണിക്കൂര്‍ നീളുന്ന പാരായണ പദ്ധതി ഉല്‌പത്തിപുസ്‌തകം ഒന്നാം അദ്ധ്യായം വായിച്ചുകൊണ്ടാണ്‌ പരിശുദ്ധ ബാവാ ഉദ്‌ഘാടനം ചെയ്‌തത്‌. സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌, ദേവലോകം അരമന മാനേജര്‍ ഗീവറുഗീസ്‌ റമ്പാന്‍, ഫാ. ജോണ്‍ ശങ്കരത്തില്‍, ഫാ. പി.എ. ഫിലിപ്പ്‌, പ്രൊഫ. പി.സി. ഏലിയാസ്‌, ടി.ജോണ്‍ മത്തായി തുടങ്ങിയവര്‍ പാരായണത്തില്‍ പങ്കെടുത്തു.

ശിഹാബ്‌ തങ്ങളുടെ വേര്‍പാട്‌ : പരിശുദ്ധ ബാവ അനുശോചിച്ചു

കോട്ടയം: പാണക്കാട്‌ ശിഹാബ്‌ തങ്ങളുടെ നിര്യാണത്തില്‍ ഓര്‍ത്തഡോക്‌സ്‌ പൗരസ്ത്യ സഭയുടെ പരമാധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ മോര്‍ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവ അനുശോചിച്ചു.

ദേശീയതയിലൂന്നിയ ഇസ്‌ലാമിക സംസ്‌കാരം പ്രോത്സാഹിപ്പിച്ച വ്യക്തിയെന്ന നിലയിലും ഉത്തരകേരളത്തില്‍ പല ക്രൈസ്‌തവ ദേവാലയങ്ങളും ആരംഭിക്കുന്നതിന്‌ സഹായിച്ച നേതാവെന്ന നിലയിലും ശിഹാബ്‌ തങ്ങളെ നന്ദിയോടെ സ്‌മരിക്കുന്നെന്നു് പരിശുദ്ധ ബാവ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഗ്രിഗോറിയന്‍ വോയ്സ് ന്യൂസ് പോര്‍ട്ടല്‍ ആരംഭിച്ചു

പരുമല : പരുമല സെമിനാരിയില്‍നിന്നും സംപ്രേക്ഷണം ചെയ്തുവരുന്ന ഗ്രിഗോറിയന്‍ ടി.വി. - റേഡിയോ സംഘത്തിന്റെ പുതിയ കാല്‍വെയ്പായ 'ഗ്രിഗോറിയന്‍ വോയ്സ് ' (ഡെയിലി ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍) ശ്രേഷ്ഠ നിയുക്ത കാതോലിക്ക പൌലോസ് മാര്‍ മിലിത്തിയോസ് തിരുമേനിയുടെയും അഭി.പിതാക്കന്മാരായ ഡോ.തോമസ് മാര്‍ അത്താനാസിയോസ്, ഡോ.മാത്യൂസ് മാര്‍ സേവേറിയോസ്, പൌലോസ് മാര്‍ പക്കോമിയോസ് എന്നിവരുടെ സാന്നിധ്യത്തില്‍ പരുമല സെമിനാരിയില്‍ നടന്ന ചടങ്ങില്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ ഉദ്ഘാടനംചെയ്തു. മലങ്കര ഓര്‍ത്തഡോക്സ് സഭാ അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ.ജോര്‍ജ്ജ് ജോസഫ്, വൈദിക ട്രസ്റ്റി ഫാദര്‍ ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, പരുമല സെമിനാരി മാനേജര്‍ എം.ഡി.യൂഹാനോന്‍ റമ്പാന്‍, അസിസ്റ്റന്റ് മാനേജര്‍മാരായ കെ.വി.ജോസഫ് റമ്പാന്‍, ഫാദര്‍ സൈമണ്‍ സ്കറിയ, ഫാദര്‍ യൂഹാനോന്‍ ജോണ്‍, പരുമല സെന്റ് ഗ്രീഗോറിയോസ് മിഷന്‍ ആശുപത്രി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഫാദര്‍ അലക്സാണ്ടര്‍ കൂടാരത്തില്‍, പരുമല സെമിനാരി കൌണ്‍സില്‍ മെമ്പര്‍മാരായ ശ്രീ.ജേക്കബ് തോമസ് അരികുപുറം, ശ്രീ. തോമസ് റ്റി. പരുമല, ശ്രീ.ജി. ഉമ്മന്‍ എന്നിവര്‍ തദവസരത്തില്‍സന്നിഹിതരായിരുന്നു

20090220

മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ഏഴു പുതിയ മെത്രാന്‍മാര്‍

കോട്ടയം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പ്രാര്‍ഥനാനിരതരായ വിശ്വാസിസഹസ്രങ്ങളെ സാക്ഷിനിര്‍ത്തി മലങ്കര ഓര്‍ത്തഡോക്സ് സഭ ഏഴു പുതിയ മെത്രാപ്പോലീത്തമാരെ അഭിഷിക്തരാക്കി.

പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍നടന്ന മെത്രാഭിഷേകച്ചടങ്ങുകള്‍ക്ക് പൗരസ്ത്യകാതോലിക്കോസ് ബസേലിയോസ് ദിദിമോസ് പ്രഥമന്‍ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. നിയുക്ത കാതോലിക്ക പൗലോസ് മാര് മിലിത്തിയോസും സഭയിലെ മറ്റു മെത്രാപ്പോലീത്താമാരും സഹകാര്‍മികത്വം വഹിച്ചു.

രാവിലെ ഏഴിന് ആരംഭിച്ച ശുശ്രൂഷകളില്‍ വിശുദ്ധ കുര്‍ബാനമധ്യേയാണ് മെത്രാഭിഷേകച്ചടങ്ങുകള്‍ നടന്നത്. മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്‍ദോ റമ്പാന് യൂഹാനോന് മാര് പോളിക്കാര്‍പ്പോസ്, സ്തേഫാനോസ് റമ്പാന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ്, ജോസഫ് റമ്പാന്‍ ജോസഫ് മാര്‍ ദീവന്നാസിയോസ്, ക്രിസ്റ്റഫോറസ് റമ്പാന്‍ ഏബ്രഹാം മാര്‍ എഫിപ്പാനിയോസ്, മത്തായി റമ്പാന്‍ മാത്യൂസ് മാര്‍ തീമോത്തിയോസ്, അലക്സന്ത്രിയോസ് റമ്പാന്‍ അലക്സന്ത്രിയോസ് മാര്‍ യൗസേബിയോസ്, യൂഹാനോന്‍ റമ്പാന്‍ യൂഹാനോന് മാര്‍ ദീയസ്കോറസ് എന്നീ സ്ഥാനപ്പേരുകള്‍ നല്കിയാണ് മെത്രാപ്പോലീത്തമാരായി അഭിഷിക്തരാക്കിയത്.

നവമെത്രാപ്പോലീത്താമാര്‍ പ്രത്യേകം തയാറാക്കിയ മദ്ബഹയ്ക്കു മുന്നില്‍ മുട്ടിന്‍മേല്‍ ഇരുന്നാണ് ശുശ്രൂഷയുടെ ആദ്യഘട്ടത്തില്‍ പങ്കുചേര്‍ന്നത്. തുടര്‍ന്ന് നവമെത്രാപ്പോലീത്താമാരില്‍ പ്രായം കൂടിയ യല്‍ദോ റമ്പാന്‍ മുതല്‍ പ്രായം കുറഞ്ഞ യൂഹാനോന് റമ്പാന്‍ വരെ സഭയോടും സമൂഹത്തോടുമുള്ള വിശ്വാസ പ്രഖ്യാപനം നടത്തി. ഇതിനുശേഷം പട്ടാഭിഷേകശുശ്രൂഷകള്‍ ആരംഭിച്ചു. ഇതേത്തുടര്‍ന്ന് നിയുക്ത കാതോലിക്കാ ഉള്‍പ്പെടെ സഭയിലെ മുതിര്‍ന്ന ഏഴു മെത്രാപ്പോലീത്താമാര്‍ ചേര്‍ന്ന് ഇവരെ അംശവസ്ത്രങ്ങള്‍ ധരിപ്പിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മെത്രാന്‍മാരെ സിംഹാസനത്തിലിരുത്തി മൂന്നു പ്രാവശ്യം ഉയര്‍ത്തി തങ്ങള്‍ യോഗ്യരെന്ന പ്രഖ്യാപനം നടത്തുന്ന ഓക്സിയോസ് ചൊല്ലി. സിംഹാസനത്തിലിരുന്നു തന്നെ ഏവന്‍ഗേലിയോന്‍ വായനയും മെത്രാപ്പോലീത്തമാര്‍ നടത്തി. ഇതിനു ശേഷം ഓരോ മെത്രാപ്പോലീത്താമാര്‍ക്കും കാതോലിക്കബാവ അംശവടികള്‍ നല്കിയതോടെ ചടങ്ങുകള്‍ക്ക് സമാപനമായി.

തുടര്‍ന്നുനടന്ന പൊതുസമ്മേളനം നാഗാലാന്‍ഡ് ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. ബസേലിയോസ് ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവ അധ്യക്ഷത വഹിച്ചു. നിയുക്ത കാതോലിക്ക പൗലോസ് മാര് മീലിത്തിയോസ്, കോട്ടയം ആര്‍ച്ച് ബിഷപ് മാര് മാത്യു മൂലക്കാട്ട്, ഡോ.യൂയാക്കീം മാര് കൂറീലോസ്, ബിഷപ് ഡോ. തോമസ് സാമുവേല്‍, തിരുവല്ല അതിരൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ചെറിയാന്‍ രാമനാലില്‍ കോര്‍ എപ്പിസ്കോപ്പ, പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി, അല്മായ ട്രസ്റ്റി എം.ജി ജോര്‍ജ് മുത്തൂറ്റ്, വൈദിക ട്രസ്റ്റി ഫാ.ജോണ്‍സ് കോനാട്ട്, സഭാ സെക്രട്ടറി ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

കടപ്പാടു് ദീപിക

20090107

പഴയ സെമിനാരിയിലെ സ്വീകരണം കഴിഞ്ഞ്‌ എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ബാവാ ഇന്ത്യയില്‍ നിന്നു് മടങ്ങി




ഇന്ത്യാ- എത്യോപ്യന്‍ സഭാബന്ധത്തിനു് ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസിന്റെയും വി സി ശമുവേലിന്റെയും സംഭാവനകള്‍ വിലപ്പെട്ടതു്



കോട്ടയം പഴയ സെമിനാരിയില്‍
എത്യോപ്യന്‍ പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ആബുന പൗലോസ്‌ പ്രഥമന്‍ ബാവ


കോട്ടയം: ഓര്‍ത്തഡോക്‌സ്‌ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ 100-ആമത്‌ വാര്‍ഷികത്തിന്‌ മുഖ്യാതിഥിയായി കേരളത്തില്‍ എത്തിയ വേള്‍ഡ്‌ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ പ്രസിഡന്റും എത്യോപ്യന്‍ ഓര്‍‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനുമായ എത്യോപ്യന്‍ പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ആബുന പൗലോസ്‌ പ്രഥമന്‍ ബാവയ്ക്കു് ബുധനാഴ്ച (2008 ഡി. 31) രാവിലെ പത്തിനു പഴയ സെമിനാരിയില്‍ സ്വീകരണം നല്‍കി.

ഓര്‍‍ത്തഡോക്സ് പൗരസ്ത്യ സഭയും എത്യോപ്യന്‍ ഓര്‍‍ത്തഡോക്സ് സഭയും തമ്മിലുള്ള ആത്മീയ ബന്ധത്തെ തന്റെ ഈ മലങ്കരസഭാ സന്ദര്‍ശനം കൂടുതല്‍ ബലപ്പെടുത്തുമെന്നു് പരിശുദ്ധ ആബൂനാ സ്വീകരണത്തിനു് മറുപടിപറഞ്ഞുകൊണ്ടു് അഭിപ്രായപ്പെട്ടു. ഇരുസഭകളും തമ്മില്‍ ദീര്‍ഘകാലമായി അടുത്ത ബന്ധമാണുള്ളതെന്നും ഇതിനു് ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത വന്ദ്യ വി സി ശമുവേല്‍ എന്നിവര്‍ നല്കിയിട്ടുള്ള സംഭാവനകള്‍ വിലപ്പെട്ടതാണെന്നും അദ്ദേഹം അനുസ്മരിച്ചു.

സ്വീകരണ സമ്മേളനത്തില്‍ സഭാഭാസുരന്‍ പരിശുദ്ധ വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിനെക്കുറിച്ചുള്ള http://www.sdofmalankara.com/ വെബ്സൈറ്റിന്റെ ഉദ്ഘാടനം പാത്രിയര്‍ക്കീസ് നിര്‍വഹിച്ചു. മുംബൈ ഭദ്രാസനാധിപന്‍ ഗീവറുഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ. കെ എം ജോര്‍ജ് കശീശ, എം സി കുര്യാക്കോസ് കശീശ, ഡോ. ജേക്കബ് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

സെമിനാരി ചാപ്പലിലും ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസിന്റെ കബറിടത്തിലും പാത്രിയര്‍ക്കീസ് ധൂപപ്രാര്‍ഥന നടത്തി.

പഴയ സെമിനാരി സന്ദര്‍ശനത്തിനുശേഷം തിരുവനന്തപുരത്തേയ്ക്കു പോയ പാത്രിയര്‍ക്കീസ് തന്റെ മൂന്ന്‌ ദിവസത്തെ കേരളസന്ദര്‍ശനം പൂര്‍ത്തിയാക്കിക്കൊണ്ടു് എത്യോപ്പിയയിലേയ്ക്കു് മടങ്ങി. മുംബൈ ഭദ്രാസനാധിപന്‍ ഗീവറുഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത, തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗേറിയോസ്‌ മെത്രാപ്പോലീത്ത, മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയാ മാര്‍ തൊയോഫിലസ്‌ മെത്രാപ്പോലീത്ത, വിദ്യാര്‍ഥിപ്രസ്ഥാനം ജന. സെക്രട്ടറി. ഫാ. ഡോ. വി.എം. എബ്രഹാം, കോ-ഒര്‍ഡിനേറ്റര്‍ ഫാ. തോമസ്‌ സഖറിയ, ആലുവ എം.ജി.ഒ.സി.എസ്‌.എം. സെന്റര്‍ ഡയറക്ടര്‍ ഫാ. ഫിലന്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ സഭാ പ്രതിനിധികള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ബാവായെ യാത്രയയച്ചു.

എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭയും ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭയും തമ്മിലുള്ള സാഹോദര്യം കൂടുതല്‍ ശക്തമാക്കാന്‍ നടപടികളെടുക്കുമെന്നും കേരളത്തില്‍ ലഭിച്ച സ്വീകരണത്തിന്‌ പ്രത്യേകം നന്ദിയുണ്ടെന്നും ബാവാ പറഞ്ഞു.


ക്രിസ്‌തീയ സഭകള്‍ ആഗോളതലത്തില്‍ ഒന്നിക്കണമെന്ന്‌ എത്യോപ്യന്‍ പാത്രിയര്‍ക്കീസ്‌



ക്രിസ്തീയ മുല്യങ്ങളില്‍നിന്നു് വ്യതിചലിയ്ക്കാതെ പുതിയകാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടുക


വെല്ലുവിളികളെ നേരിടുക
എത്യോപ്യന്‍ പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ആബുന പൗലോസ്‌ പ്രഥമന്‍ മാര്‍ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ ശതാബ്ദിയാഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിയ്ക്കുന്നു -ഛായ- http://www.malankaraorthodox.tv/

പരുമല (മാന്നാര്‍‍‍‍‍‍‍): ആഗോളതലത്തില്‍ ക്രിസ്‌തീയ സഭകളുടെ ഏകീകരണം ഉണ്ടാകണമെന്നു് എത്യോപ്യന്‍ ഓര്‍‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ എത്യോപ്യന്‍ പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ആബുന പൗലോസ്‌ പ്രഥമന്‍ പറഞ്ഞു. മാര്‍ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ (M G O C S M) ശതാബ്ദിയാഘോഷങ്ങളുടെ സമാപന സമ്മേളനം പരുമല പള്ളിഅങ്കണത്തില്‍ ചൊവ്വാഴ്ച (2008 ഡി. 30) ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എത്യോപ്യയിലെ ഓര്‍ത്തഡോക്‌സ്‌‍ സഭയും ഇന്ത്യയിലെ ഓര്‍ത്തഡോക്‌സ്‌‍ സഭയും തമ്മിലുള്ള സഹകരണം വളര്‍ത്തുന്നതിനു് തന്റെ സന്ദര്‍ശനം ഗുണകരമായെന്നു് എത്യോപ്യന്‍ പാത്രിയര്‍ക്കീസ്‌ ബാവ പ്രസ്താവിച്ചു. ക്രിസ്തുകേന്ദ്രീകൃതമായ ജീവിതത്തിലേയ്ക്കു് യുവജനങ്ങളെ നയിയ്ക്കുന്നതില്‍ മാര്‍ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ വിദ്യാര്‍ഥിപ്രസ്ഥാനം വലിയപങ്കുവഹിയ്ക്കുന്നുവെന്നു് പരിശുദ്ധ ബാവ അഭിപ്രായപ്പെട്ടു. ക്രിസ്തീയ മുല്യങ്ങളില്‍നിന്നു് വ്യതിചലിയ്ക്കാതെ പുതിയകാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ നൂറുവര്‍ഷത്തെ പ്രവര്‍‍ത്തനങ്ങളുടെ പിന്‍ബലം മാര്‍ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ വിദ്യാര്‍ഥിപ്രസ്ഥാനത്തെ സഹായിയ്ക്കും. ബുദ്ധിശാലികളും അദ്ധ്വാനശീലരും വിദ്യാസമ്പന്നരുമായ യുവതലമുറ ഇന്ത്യയ്ക്കുണ്ടെന്നതിനാല്‍ എല്ലാരംഗത്തും പുതിയ കുതിച്ചുചാട്ടം നടത്തുന്നതിനു് ഇന്ത്യന്‍‍ ജനതയ്ക്കു് സാധിയ്ക്കുമെന്നു് എത്യോപ്യന്‍ ഓര്‍‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിദിമോസ്‌ പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ചു. എത്യോപ്യയിലെ ഓര്‍ത്തഡോക്‌സ്‌‍ സഭയുമായി ഇന്ത്യയിലെ ഓര്‍ത്തഡോക്‌സ്‌‍ സഭയ്ക്കുള്ള ബന്ധം ഉറച്ച ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്നു് പൗരസ്ത്യ കാതോലിക്കോസ് വ്യക്തമാക്കി.

സമ്മേളനത്തില്‍ വച്ചു് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ ദിദിമോസ്‌ പ്രഥമന്‍ ബാവ എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂന പൌലോസ് പ്രഥമന്‍ ബാവയ്ക്കു് ഓര്‍‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് സെന്റ് തോമസ് 'നല്‍കി ആദരിച്ചു.

പൗരസ്ത്യ സഭയുടെ ആദരം
'ഓര്‍ഡര്‍ ഓഫ് സെന്റ് തോമസ് 'നല്‍കി പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ ദിദിമോസ്‌ പ്രഥമന്‍ ബാവ (വലതു്) എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂന പൌലോസ് പ്രഥമന്‍ ബാവയുടെ കരംഗ്രഹിയ്ക്കുന്നു

ഓര്‍‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ ഏറ്റവും വലിയ ആദരവായ സെന്റ്‌ തോമസ്‌ ബഹുമതി അത്യപൂര്‍വമായാണ്‌ സമ്മാനിക്കുന്നതു് . റഷ്യന്‍‍ ബൈസാന്ത്യ സഭയുടെ പ്രമുഖനായ കിറില്‍ മെത്രാപ്പോലീത്ത, അര്‍മേനിയന്‍ അപ്പോസ്തലിക ഓര്‍ത്തഡോക്സ് സഭയുടെ സുപ്രീം പാത്രിയര്‍ക്കീസ്‌ പരിശുദ്ധ കരേക്കിന്‍ രണ്ടാമന്‍ നെര്‍സിസിയന്‍‍ കാതോലിക്കാ ബാവ തുടങ്ങിയവര്‍ക്കാണു് മുമ്പു് 'ഓര്‍ഡര്‍ ഓഫ് സെന്റ് തോമസ്' ബഹുമതി നല്കിയിട്ടുള്ളതു്.

മുതിര്‍‍ന്ന മെത്രാപ്പോലീത്ത ഗീവറുഗീസ്‌ മാര്‍ ഒസ്‌താത്തിയോസും അല്‍മായ ട്രസ്റ്റി എം ജി ജോര്‍ജ് മുത്തൂറ്റും ചേര്‍ന്നു് എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂന പൌലോസ് പ്രഥമന്‍ ബാവയെയും കണ്ടനാടു് -പടിഞ്ഞാറു് ഭദ്രാസനാധിപന്‍ മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത, ആര്‍ച്ച് ബിഷപ് ഗരിമ ഡബ്ള്യു. കിര്‍ക്കോസിനെയും തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത, അബ്ബ തിമോത്തിയോസ് തെസ്ഫ മെത്രാനെയും മാവേലിക്കര ഭദ്രാസനാധിപന്‍ പൗലോസ്‌ മാര്‍ പക്കോമിയോസ്‌ മെത്രാപ്പോലീത്ത അബ്ബ ദിയസ്കോറോസ് മെത്രാനെയും ഹാരമണിയിച്ചു. മലങ്കര മെത്രാപ്പോലീത്തകൂടിയായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ ദിദിമോസ്‌ പ്രഥമന്‍ ബാവ മലങ്കര സഭയുടെ ഉപഹാരമായി എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂന പൌലോസ് പ്രഥമന്‍ ബാവയെ കുരിശുമാല അണിയിച്ചു. എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂന പൌലോസ് പ്രഥമന്‍ ബാവ എത്യോപ്യന്‍ ഓര്‍‍ത്തഡോക്സ് സഭയുടെ ഉപഹാരമായി മലങ്കര മെത്രാപ്പോലീത്തകൂടിയായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ ദിദിമോസ്‌ പ്രഥമന്‍ ബാവയ്ക്കു് മരക്കുരിശു് സമ്മാനിച്ചു.


മുതിര്‍‍ന്ന മെത്രാപ്പോലീത്ത ഗീവറുഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ , കണ്ടനാടു് -പടിഞ്ഞാറു് ഭദ്രാസനാധിപന്‍ മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത, തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത, മാവേലിക്കര ഭദ്രാസനാധിപന്‍ പൗലോസ്‌ മാര്‍ പക്കോമിയോസ്‌ മെത്രാപ്പോലീത്ത, നിരണം ഭദ്രാസ
നാധിപന്‍ യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്‍ മെത്രാപ്പോലീത്ത, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി, മുന്‍ ഗവര്‍ണര്‍ ഡോ. പി.സി. അലക്‌സാണ്ടര്‍, ജോസഫ്‌ എം. പുതുശ്ശേരി എം.എല്‍.എ, ഗവ. സെക്രട്ടറി ജിജി തോംസണ്‍‍, പരുമല സെമിനാരി മാനേജര്‍ ഫാ. എം.ഡി. ജോണ്‍ സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.


20090106

പലസ്തീന്‍ ജനതയ്ക്കെതിരെ ഇസ്രയേലിന്റെ പൂര്‍ണമായ കടന്നാക്രണം അമേരിക്കന്‍ പിന്തുണയോടെ- ഡോ. നൈനാന്‍ കോശി



ഇസ്രയേലുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിയ്ക്കുക




രാജ്യാന്തരകാര്യവിദഗ്ധന്‍
ഡോ. നൈനാന്‍ കോശി

കോട്ടയം: കഴിഞ്ഞ നാലു ദശകത്തില്‍ പലസ്തീന്‍ ജനതയ്ക്കെതിരെ ഇസ്രയേല്‍ നടത്തിയിട്ടുള്ള ഏറ്റവും രൂക്ഷവും ക്രൂരവുമായ കടന്നാക്രമണമാണ് ഇപ്പോള്‍ ഗാസയില്‍ നടക്കുന്നത് എന്നു് സഭകളുടെ ഉലക പരിഷത്തു് (W C C) പ്രമുഖരിലൊരാളും രാജ്യാന്തരകാര്യ നിരീക്ഷകനുമായ ഡോ. നൈനാന്‍ കോശി അഭിപ്രായപ്പെട്ടു. എല്ലാ സാര്‍വദേശീയ നിയമങ്ങളും ലംഘിച്ചുള്ളതാണ് അമേരിക്കന്‍ പിന്തുണയോടെ യിസ്രയേല്‍ നടത്തുന്ന ആക്രമണമെന്നു് നവീകരണസഭയായ മലങ്കര മാര്‍‍ത്തോമാ സഭയിലെ അല്മായ അംഗം കൂടിയായ ഡോ. നൈനാന്‍ കോശി മലയാളത്തിലെ ദേശാഭിമാനി പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍‍ ചുണ്ടിക്കാട്ടി. ജനീവ ആസ്ഥാനമായ ഡബ്ലിയു സി സിയുടെ രാജ്യാന്തരകാര്യം സംബന്ധിച്ച സഭകളുടെ കമ്മീഷന്റെ (Commission of the Churches on International Affairs- CCIA- ) മുന്‍‍‍ ഡയറക്റ്റര്‍ ആണു് നൈനാന്‍ കോശി


പലസ്തീന്‍ ജനതയ്ക്കെതിരെയുള്ള തുറന്ന യുദ്ധത്തിന് അറുതിവരുത്താന്‍ അന്താരാഷ്ട്ര സമൂഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ലക്ഷക്കണക്കിന് ആളുകള്‍ കൊടുംയാതന അനുഭവിക്കുന്ന ഗാസയില്‍ ജീവകാരുണ്യ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു. ഐക്യരാഷ്ട്ര സംഘടന (UNO) എന്തെങ്കിലും നടപടി എടുക്കുന്നതിനെതിരെ അമേരിക്ക എല്ലാ സമ്മര്‍ദവും ചെലുത്തുന്നു. യുഎന്‍ രക്ഷാസമിതി ലഘുവായ നടപടി സ്വീകരിക്കുന്നതിനെപ്പോലും അമേരിക്ക എതിര്‍ക്കുന്നു. ഗാസയിലെ സ്ഥിതിവിശേഷത്തില്‍ ഐക്യരാഷ്ട്ര സംഘടനയ്ക്കും ഉത്തരവാദിത്തമുണ്ട്.

അമേരിക്കയില്‍ പ്രസിഡന്റ് ബുഷ് അധികാരത്തില്‍ എത്തിയതുമുതല്‍ പലസ്തീനു് എതിരായ ഇസ്രയേലിന്റെ ആക്രമണം കൂടുതല്‍ വിപുലമാക്കി. അമേരിക്കയില്‍ ബറാക് ഒബാമ പ്രസിഡന്റാകുമ്പോഴും ഇസ്രയേലിനുള്ള പിന്തുണ തുടരുമെന്നാണ് അനുമാനിക്കേണ്ടതു്.

ഇസ്രയേലിന്റെ നടപടിയെ വിമര്‍ശിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന ചില പ്രസ്താവനകള്‍ ഇന്ത്യ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പലസ്തീന്‍ ജനതയുടെ അവകാശങ്ങളേക്കാള്‍ ഇസ്രയേലുമായുള്ള ബന്ധങ്ങള്‍ക്കാണ് ഐക്യ പുരോഗമന സഖ്യ (യുപിഎ- UPA) സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് വ്യക്തമാണ്. ഇന്ത്യയുടെ വിദേശനയത്തിലുണ്ടായ ഏറ്റവും വലിയ തെറ്റുകളിലൊന്ന് ഇസ്രയേലുമായുള്ള കൂട്ടുകെട്ടാണ്.


ജാതി സംവരണ സംവിധാനത്തെ അട്ടിമറിക്കാന്‍ അനുവദിക്കില്ല


സാമ്പത്തിക സംവരണത്തെ അനുകൂലിച്ച മാര്‍ ക്ളിമ്മീസ് വലിയ മെത്രാപ്പോലീത്തയുടെ പ്രസംഗം ഖേദകരം: കേരളാ ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍


ഖേദകരം
ശ്രേഷ്ഠ ബസേലിയോസ് മാര്‍ ക്ലീമീസ് വലിയമെത്രാപ്പോലീത്ത ഓര്‍ത്തഡോക്‌സ് സഭയുടെ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ ദിദിമോസ്‌ പ്രഥമന്‍ ബാവയുടെ സാന്നിദ്ധ്യത്തില്‍ പ്രസംഗിയ്ക്കുന്നു

ഗോശ്രീ: സാമ്പത്തിക സംവരണത്തെ അനുകൂലിച്ച് എന്‍എസ്എസ് യോഗത്തില്‍ റോമന്‍‍ കത്തോലിക്കാ സഭയുടെ സീറോ മലങ്കര റീത്ത്‍‍ തിരുവനന്തപുരം മേജര്‍ ആര്‍ച് ബിഷപ് ബസേലിയോസ് മാര്‍ ക്ളിമ്മീസ് ജനുവരി 2-നു് നടത്തിയ പ്രസംഗം നീതീകരിക്കാനാവാത്തതും ഖേദകരവുമാണെന്നു് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍‍‍ സിഎ) സംസ്ഥാന സമിതി കുറ്റപ്പെടുത്തി.

നരേന്ദ്രന്‍ കമ്മിഷനും സച്ചാര്‍ കമ്മിഷനും സംവരണ സമുദായങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ സ്ഥിരീകരിക്കുന്നുണ്ടെന്ന് പ്രസിഡന്റ് അഡ്വ. റാഫേല്‍ ആന്റണി, ജനറല്‍ സെക്രട്ടറി ഷാജി ജോര്‍ജ് എന്നിവര്‍ ചൂണ്ടിക്കാട്ടി. ജാതീയ കാരണങ്ങളാല്‍ നൂറ്റാണ്ടുകളായി ദുരിതം അനുഭവിച്ചവര്‍ക്കു സാമൂഹിക നീതി ഉറപ്പാക്കാന്‍ ഭരണഘടന അനുവദിച്ച സംവരണ സംവിധാനത്തെ അട്ടിമറിക്കാന്‍ അനുവദിക്കില്ല.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സഹായ പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യേണ്ടത്. ഇത്തരം സഹായപദ്ധതികളെ സംവരണവുമായി കൂട്ടികുഴയ്ക്കരുത്. സര്‍ക്കാര്‍ നിയമനങ്ങളിലെ ഓപ്പണ്‍ ക്വാട്ട മുന്നാക്ക വിഭാഗങ്ങള്‍ക്കു മാത്രം കൈവശപ്പെടുത്താനുള്ള ശ്രമമാണ് എന്‍എസ്എസ് നടത്തുന്നതെന്ന് കെഎല്‍സിഎ ആരോപിച്ചു. ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന പിന്നാക്ക സമുദായങ്ങള്‍ക്ക് സാമൂഹിക നീതി നിഷേധിക്കാനുള്ള പ്രവര്‍ത്തനത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

സംവരണത്തിലൂടെ സാമൂഹിക നീതിയെന്ന മുദ്രാവാക്യവുമായി 26 നു സംവരണ സംരക്ഷണ ദിനമായി ആചരിക്കാനും കെഎല്‍സിഎ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്ന് സംവരണ സംരക്ഷണ ജാഥകളും സമ്മേളനങ്ങളും സംഘടിപ്പിക്കും.


20090104

സിസ്‌റ്റര്‍ ബനിക്കാസിയ കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയുടെ അഭിമാനം


സിസ്‌റ്റര്‍ അഭയക്കേസ് : വഴിത്തിരിവായതു് കന്യാസ്‌ത്രീകളുടെ പരാതി


തിരുസഭയുടെ ശബ്ദം
 
  സിസ്‌റ്റര്‍ ബനിക്കാസിയ

സിസ്‌റ്റര്‍ അഭയക്കേസ്‌ സി.ബി.ഐയുടെ കൈകളിലെത്താന്‍ നിമിത്തമായതു് 1992-ല്‍ സി.എം.സി. ജനറല്‍ ചാപ്‌റ്റര്‍ പ്രസിഡന്റായിരുന്ന സിസ്‌റ്റര്‍ ബനിക്കാസിയയുടെ നേതൃത്വത്തില്‍ 69 കന്യാസ്‌ത്രീകള്‍ കേന്ദ്ര-സംസ്‌ഥാനസര്‍ക്കാരുകള്‍ക്കും സി.ബി.ഐ. ഡയറക്‌ടര്‍ക്കും അയച്ച പരാതിയാണെന്നു് കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് കെ. ഹേമ 2009 ജനുവരി 1-ആം തീയതി പ്രതികള്‍ക്കു് ജാമ്യമനുവദിച്ചുകൊണ്ടു് നടത്തിയ പരാമര്‍ശം കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയ്ക്കു് അഭിമാനമായിമാറി. സിസ്‌റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന് തെളിയുകയും സി.ബി.ഐ. അന്വേഷണം വിജയിയ്ക്കുകയും ചെയ്താല്‍ ഈകാലഘട്ടത്തിലെ കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയുടെ യഥാര്‍ത്ഥ നിലപാടു് കഴിഞ്ഞമാസം അന്തരിച്ച സി.എം.സി. മുന്‍ സുപ്പീരിയര്‍ ജനറലും ചങ്ങനാശേരി ഹോളിക്യൂന്‍സ്‌ പ്രോവിന്‍സ്‌ അംഗവുമായിരുന്ന സിസ്റര്‍ ബനിക്കാസിയയുടെയാണെന്നു് ഭാവിയില്‍ അംഗീകരിയ്ക്കപ്പെടും.

കോട്ടയം ബിസിഎം കോളജിലെ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന സിസ്റ്റര്‍ അഭയയെന്ന ക്‌നാനായ രൂപതയിലെ കന്യാസ്‌ത്രീ 1992 മാര്‍ച്ച് 27-നാണ് ദുരൂഹ സാഹചര്യത്തില്‍ കോട്ടയം പയസ് ടെന്‍ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. അഭയ മരിച്ചു് നാളുകള്‍ക്കകം 1992 ഏപ്രിലില്‍ ചേര്‍ന്ന സി.എം.സി. ജനറല്‍ ചാപ്‌റ്റര്‍ യോഗത്തില്‍ പങ്കെടുത്ത അന്നത്തെ കാത്തലിക് ബിഷപ്‍സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ(സി.ബി.സി.ഐ.) വിമന്‍സ്‌ ഡസ്‌ക് അധ്യക്ഷ സിസ്റ്റര്‍ ക്ലിയോപാട്ര രാജ്യത്തു് കന്യാസ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ഉല്‍ക്കണ്‌ഠ പ്രകടിപ്പിച്ചു. കന്യാസ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍‍ക്കെതിരേ പ്രതികരിക്കാന്‍ സന്യാസിനി സമൂഹത്തോട്‌ സിസ്റ്റര്‍ ക്ലിയോപാട്ര ആവശ്യപ്പെടുകയും ചെയ്‌തു. അഭയയുടെ മരണം കൊലപാതകമാണെന്നും രാജ്യത്തെ അത്യുന്നത അന്വേഷണ ഏജന്‍സിയായ സി.ബി.ഐ.തന്നെ കേസന്വേഷിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.

ഇതേത്തുടര്‍ന്ന്‌, ചാപ്‌റ്റര്‍ പ്രസിഡന്റായിരുന്ന സിസ്‌റ്റര്‍ ബനിക്കാസിയയുടെ നേതൃത്വത്തില്‍ 69 കന്യാസ്‌ത്രീകള്‍ ഒപ്പിട്ട പരാതി തയാറാക്കി. ചാപ്‌റ്ററിനു കീഴിലുള്ള 67 കന്യാസ്‌ത്രീകളും യോഗത്തിലെ രണ്ടു ക്ഷണിതാക്കളുമാണു പരാതിയില്‍ ഒപ്പിട്ടത്‌.
കന്യാസ്‌ത്രീകളുടെ ഈ പരാതിയുടെഅടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണം ശുപാര്‍ശ ചെയ്‌തുകൊണ്ടുള്ള കത്തു് കേന്ദ്രത്തിനയച്ചു. അതിനും മുമ്പു സി.ബി.ഐക്കു ലഭിച്ച പരാതിപ്രകാരം അസ്വാഭാവിക മരണത്തിനു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. സംസ്‌ഥാന സര്‍ക്കാരിന്റെ അനുമതി കിട്ടിയതോടെ കേസിലെ മറ്റു ഫയലുകളും സി.ബി.ഐ. ഏറ്റെടുത്ത്‌ അന്വേഷണമാരംഭിച്ചു. അതേപ്പറ്റി ജസ്റ്റീസ് കെ. ഹേമ 2009 ജനുവരി 1-ആം തീയതിയിലെ ഉത്തരവില്‍
പരാമര്‍ശിച്ചിരിയ്ക്കുന്നതിങ്ങനെയാണു് :- “സി.എം.സി മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബനിക്കാസിയയും 69 കന്യാസ്ത്രീകളും ഒപ്പിട്ട് മുഖ്യമന്ത്രിക്കു നല്‍കിയ നിവേദനത്തില്‍ അഭയാ കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടുകയും മരണം കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് 1993 മാര്‍ച്ച് 29-ന് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റര്‍ ചെയ്തത്.”


സി.ബി.ഐയുടെ മുന്‍ അന്വേഷണസംഘങ്ങള്‍ സിസ്‌റ്റര്‍ ബനിക്കാസിയയുടെ മൊഴിയെടുത്തിട്ടുണ്ട്‌. മരിച്ചതു് ക്‌നാനായ രൂപതയില്‍പെട്ട കന്യാസ്‌ത്രീയാണെങ്കിലും മറ്റൊരു രൂപതയില്‍‍പെട്ട താന്‍ പരാതി നല്‍കിയതു കേരളത്തിലെ റോമന്‍ കത്തോലിക്കാ സന്യാസിനി സമൂഹത്തിന്റെ പൊതുതാല്‍പര്യപ്രകാരമാണെന്നു് ബനിക്കാസിയ സി.ബി.ഐയോടു പറഞ്ഞു.

സഭയിലെ മോശമായിപ്പോയ ഭാഗങ്ങള്‍ സമ്പൂര്‍ണ തിരുസഭയായി തെറ്റിദ്ധരിയ്ക്കരുതു്

അഭയാ കേസ് ശരിയായ രീതിയില്‍ അന്വേഷിയ്ക്കണമെന്ന പരസ്യനിലപാടു് സ്വീകരിച്ച ഏക ബിഷപ്പ് കല്‍ദായ പൗരസ്ത്യ സഭയിലെ പൗലോസ് മാര്‍ പൗലോസ് മാത്രമായിരുന്നു. മറ്റാരും പരസ്യനിലപാടു് പ്രഖ്യാപിച്ചില്ലെങ്കിലും സമാനചിന്താഗതിക്കാര്‍ വേറെയുമുണ്ടായിരുന്നു. സിസ്‌റ്റര്‍ അഭയക്കേസ്‌ സി.ബി.ഐയുടെ കൈകളിലെത്താന്‍ നിമിത്തമായ സിസ്റ്റര്‍ ബനിക്കാസിയ എന്ന സന്യസ്‌ത അസുഖം മൂലം ദീര്‍ഘകാലം അബോധാവസ്‌ഥയില്‍ കഴിഞ്ഞശേഷം 2008 ഡിസംബര്‍ രണ്ടാം പകുതിയിലാണു് അന്തരിച്ചതു്.

കോട്ടയം വെസ്റ്റ് പൊലീസ് റജിസ്റ്റര്‍ ചെയ്ത അഭയാ കേസ് 1992 ഏപ്രില്‍ 14നു ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും അഭയയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു നിഗമനം. പിന്നീടു്, സിബിഐ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ സംഭവം നടന്ന് 16 വര്‍ഷത്തിനു് ശേഷം 2008 നവം.19-നു് ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂര്‍ (61), രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയില്‍ (56), മൂന്നാം പ്രതി സിസ്റ്റര്‍ സെഫി (45) എന്നിവരെ അറസ്റ്റു ചെയ്തു. കോട്ടയം അതിരൂപതാ ചാന്‍സലറാണു് ഫാ. തോമസ് കോട്ടൂര്‍. കാസര്‍കോട് രാജപുരം പയസ് ടെന്‍ത് കോളജ് പ്രിന്‍സിപ്പലാണു് ഫാ. ജോസ് പൂതൃക്കയില്‍. അഭയ കൊല്ലപ്പെടുമ്പോള്‍ വൈദികര്‍ രണ്ടുപേരും കോട്ടയം ബിസിഎം കോളജിലെ അധ്യാപകരായിരുന്നു. അന്ന് ഫാ. പൂതൃക്കയില്‍ എഡിറ്ററായ സഭയുടെ മുഖപത്രം അപ്നാദേശിലാണ് സിസ്റ്റര്‍ സെഫി ജോലി ചെയ്തിരുന്നത്. കേരള ഹൈക്കോടതിയിലെ ജസ്ററീസ് കെ. ഹേമ 2009 ജനുവരി 1-ആം തീയതി പ്രതികള്‍ക്കു് ജാമ്യമനുവദിച്ചു



20090103

ഇസ്രയേല്‍ - പലസ്തീന്‍ ഏറ്റുമുട്ടലിനെ റോമാ മാര്‍‍‍പാപ്പാ വീണ്ടും അപലപിച്ചു



വത്തിക്കാന്‍ നഗരി, ജനു.1,2009: അക്രമവും വിദ്വേഷവും അവിശ്വാസവും ദാരിദ്യത്തിന്റെ കൂടി രൂപങ്ങളാണെന്നും ഇതിനെതിരെ പോരാടണമെന്നും റോമന്‍ കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ പ്രസ്താവിച്ചു. ഇസ്രയേല്‍ - പലസ്തീന്‍ പോരാട്ടത്തെ അദ്ദേഹം അപലപിച്ചു. ഇരുകൂട്ടരും അക്രമമാര്‍ഗം വെടിയുന്നതിനു് രാജ്യാന്തരസമൂഹം സഹായിയ്ക്കണം.സഭയുടെ ലോകസമാധാന ദിനാചരണത്തോടനുബന്ധിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.