ആകമാന സഭാനിലപാടുകള്‍

20090220

മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ഏഴു പുതിയ മെത്രാന്‍മാര്‍

കോട്ടയം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പ്രാര്‍ഥനാനിരതരായ വിശ്വാസിസഹസ്രങ്ങളെ സാക്ഷിനിര്‍ത്തി മലങ്കര ഓര്‍ത്തഡോക്സ് സഭ ഏഴു പുതിയ മെത്രാപ്പോലീത്തമാരെ അഭിഷിക്തരാക്കി.

പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍നടന്ന മെത്രാഭിഷേകച്ചടങ്ങുകള്‍ക്ക് പൗരസ്ത്യകാതോലിക്കോസ് ബസേലിയോസ് ദിദിമോസ് പ്രഥമന്‍ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. നിയുക്ത കാതോലിക്ക പൗലോസ് മാര് മിലിത്തിയോസും സഭയിലെ മറ്റു മെത്രാപ്പോലീത്താമാരും സഹകാര്‍മികത്വം വഹിച്ചു.

രാവിലെ ഏഴിന് ആരംഭിച്ച ശുശ്രൂഷകളില്‍ വിശുദ്ധ കുര്‍ബാനമധ്യേയാണ് മെത്രാഭിഷേകച്ചടങ്ങുകള്‍ നടന്നത്. മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്‍ദോ റമ്പാന് യൂഹാനോന് മാര് പോളിക്കാര്‍പ്പോസ്, സ്തേഫാനോസ് റമ്പാന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ്, ജോസഫ് റമ്പാന്‍ ജോസഫ് മാര്‍ ദീവന്നാസിയോസ്, ക്രിസ്റ്റഫോറസ് റമ്പാന്‍ ഏബ്രഹാം മാര്‍ എഫിപ്പാനിയോസ്, മത്തായി റമ്പാന്‍ മാത്യൂസ് മാര്‍ തീമോത്തിയോസ്, അലക്സന്ത്രിയോസ് റമ്പാന്‍ അലക്സന്ത്രിയോസ് മാര്‍ യൗസേബിയോസ്, യൂഹാനോന്‍ റമ്പാന്‍ യൂഹാനോന് മാര്‍ ദീയസ്കോറസ് എന്നീ സ്ഥാനപ്പേരുകള്‍ നല്കിയാണ് മെത്രാപ്പോലീത്തമാരായി അഭിഷിക്തരാക്കിയത്.

നവമെത്രാപ്പോലീത്താമാര്‍ പ്രത്യേകം തയാറാക്കിയ മദ്ബഹയ്ക്കു മുന്നില്‍ മുട്ടിന്‍മേല്‍ ഇരുന്നാണ് ശുശ്രൂഷയുടെ ആദ്യഘട്ടത്തില്‍ പങ്കുചേര്‍ന്നത്. തുടര്‍ന്ന് നവമെത്രാപ്പോലീത്താമാരില്‍ പ്രായം കൂടിയ യല്‍ദോ റമ്പാന്‍ മുതല്‍ പ്രായം കുറഞ്ഞ യൂഹാനോന് റമ്പാന്‍ വരെ സഭയോടും സമൂഹത്തോടുമുള്ള വിശ്വാസ പ്രഖ്യാപനം നടത്തി. ഇതിനുശേഷം പട്ടാഭിഷേകശുശ്രൂഷകള്‍ ആരംഭിച്ചു. ഇതേത്തുടര്‍ന്ന് നിയുക്ത കാതോലിക്കാ ഉള്‍പ്പെടെ സഭയിലെ മുതിര്‍ന്ന ഏഴു മെത്രാപ്പോലീത്താമാര്‍ ചേര്‍ന്ന് ഇവരെ അംശവസ്ത്രങ്ങള്‍ ധരിപ്പിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മെത്രാന്‍മാരെ സിംഹാസനത്തിലിരുത്തി മൂന്നു പ്രാവശ്യം ഉയര്‍ത്തി തങ്ങള്‍ യോഗ്യരെന്ന പ്രഖ്യാപനം നടത്തുന്ന ഓക്സിയോസ് ചൊല്ലി. സിംഹാസനത്തിലിരുന്നു തന്നെ ഏവന്‍ഗേലിയോന്‍ വായനയും മെത്രാപ്പോലീത്തമാര്‍ നടത്തി. ഇതിനു ശേഷം ഓരോ മെത്രാപ്പോലീത്താമാര്‍ക്കും കാതോലിക്കബാവ അംശവടികള്‍ നല്കിയതോടെ ചടങ്ങുകള്‍ക്ക് സമാപനമായി.

തുടര്‍ന്നുനടന്ന പൊതുസമ്മേളനം നാഗാലാന്‍ഡ് ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. ബസേലിയോസ് ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവ അധ്യക്ഷത വഹിച്ചു. നിയുക്ത കാതോലിക്ക പൗലോസ് മാര് മീലിത്തിയോസ്, കോട്ടയം ആര്‍ച്ച് ബിഷപ് മാര് മാത്യു മൂലക്കാട്ട്, ഡോ.യൂയാക്കീം മാര് കൂറീലോസ്, ബിഷപ് ഡോ. തോമസ് സാമുവേല്‍, തിരുവല്ല അതിരൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ചെറിയാന്‍ രാമനാലില്‍ കോര്‍ എപ്പിസ്കോപ്പ, പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി, അല്മായ ട്രസ്റ്റി എം.ജി ജോര്‍ജ് മുത്തൂറ്റ്, വൈദിക ട്രസ്റ്റി ഫാ.ജോണ്‍സ് കോനാട്ട്, സഭാ സെക്രട്ടറി ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

കടപ്പാടു് ദീപിക