ആകമാന സഭാനിലപാടുകള്‍

20091126

പൗരസ്ത്യ കാതോലിക്കോസ് അനുശോചിച്ചു

കോട്ടയം: സെര്‍ബിയന്‍ പാത്രിയര്‍ക്കീസ് പാവ്‌ലെ കാലം ചെയ്തതില്‍ ഓര്‍ത്തഡോക്‌സ് പൗരസ്ത്യ സഭയുടെ പരമ മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ അനുശോചിച്ചു. സഭകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം വളരെ പരിശ്രമിച്ചിരുന്നതായി പരിശുദ്ധ ബാവാ അനുസ്മരിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹത്തിന്റെ വേര്‍പാട് സെര്‍ബിയന്‍ ഓര്‍ത്തഡോക്‌സ് സഭയ്ക്ക് മാത്രമല്ല, ഇന്ത്യന്‍ സഭയ്ക്കും തീരാനഷ്ടമാണെന്ന് പരിശുദ്ധ പിതാവ് കൂട്ടിച്ചേര്‍ത്തു

20091118

വിഭിന്ന ലോകത്തില്‍ ഐക്യത്തിന്‍റെ അടയാളമായിരിക്കാ൯ ക്രിസ്തുശിഷ്യര്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നു റോമാ മാര്‍പാപ്പ

വത്തിക്കാന്‍: വിഭിന്ന ലോകത്തില്‍ ഐക്യത്തിന്‍റെ അടയാളമായിരിക്കാ൯ ക്രിസ്തുശിഷ്യര്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നു് റോമാ മാര്‍പാപ്പ പതിനാറാം ബെനഡിക്റ്റ് ചൂണ്ടിക്കാട്ടി. ക്രിസ്തുവിന്‍റെ ശരീരമായ സഭയുടെ ഐക്യം സഭയുടെയും അവളുടെ ലോകത്തിലെ ദൗത്യത്തിന്‍റെയും സാരവത്തായ ഒരു മാനമാണെന്നും പതിനാറാം ബനഡിക്ട് മാര്‍പാപ്പ പറഞ്ഞു. റോമാ കത്തോലിക്കാസഭയും പുരാതന ഓര്‍ത്തഡോക്സ് സഭകളും തമ്മിലുള്ള ദൈവശാസ്ത്രപരമായ സംഭാഷണങ്ങള്‍ക്കായുള്ള സംയുക്ത അന്തര്‍ദ്ദേശിയ കമ്മീഷന്‍റെ ആറാം യോഗത്തില്‍ പങ്കെടുത്തവരെ 2009 ജനുവരി 30 വെള്ളിയാഴ്ച അപ്പസ്തോലിക അരമനയിലെ കണ്‍സിസ്റ്ററി ശാലയില്‍ പൊതുവായി സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ജനുവരി 26 തിങ്കളാഴ്ച മുതല്‍ 30 വെള്ളിയാഴ്ച വരെ റോമില്‍ ചേര്‍ന്ന പ്രസ്തുത യോഗം "സഭ ഒരു കൂട്ടായ്മ" എന്ന സഭാവിജ്ഞാനിയ പ്രമേയത്തെപ്പറ്റിയുള്ള പഠനത്തില്‍ സുപ്രധാന ചുവടുവയ്പുകള്‍ നടത്തിയെന്നു് ബനഡിക്ട് പതിനാറാമ൯ പാപ്പ സന്തുഷ്ടി പ്രകടിപ്പിച്ചു. കത്തോലിക്കാസഭയും പുരാതന ഓര്‍ത്തഡോക്സ് സഭകളും തമ്മിലുള്ള ദൈവശാസ്ത്ര സംവാദം വര്‍ഷങ്ങളായി തുടരുന്നു എന്നതുതന്നെ പ്രത്യാശയും പ്രോത്സാഹനവും പകരുന്ന ഒരു അടയാളമായി. ആംഗലഭാഷയിലെ തന്‍റെ പ്രഭാഷണത്തില്‍ പാപ്പാ ചൂണ്ടിക്കാട്ടി. ഭിന്നത, സംഘര്‍ഷം, അവര്‍ണ്ണനീയ മനുഷ്യ സഹനം ഇവയാല്‍ മുറിവേറ്റിരിക്കുന്ന ലോകത്തിനു പ്രത്യാശയുടെ യഥാര്‍ത്ഥ വിത്തുകള്‍ അടിയന്തരമായി ആവശ്യമാണെന്നു മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.


"മൂന്നു ദൈവികയാളുകളെയും ബന്ധപ്പെടുത്തുന്ന, ദൈവപുത്രന്‍റെ മനുഷ്യാവതാരത്തോടെ നമുക്കു വെളിപ്പെടുത്തപ്പെട്ട, ഐക്യത്തിന്‍റെ രഹസ്യത്തിന് ഒരു ദൃശ്യ അടയാളം ലോകത്തെസംബന്ധിച്ചിടത്തോളം ആവശ്യമാണ്". പാപ്പാ തുടര്‍ന്നു. "എല്ലാവര്‍ക്കും പിതാവിനോടും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിനോടും കൂട്ടായ്മ ഉണ്ടാകേണ്ടതിനായി, വിശുദ്ധ യോഹന്നാ൯ താന്‍ കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ടു സ്പര്‍ശിച്ചതും ആവിഷ്ക്കരിക്കാനുള്ള തന്‍റെ ഉദ്ദേശ്യം പ്രഖ്യാപിക്കുമ്പോള്‍ (cf.1യോഹ.1,1- 4) സുവിശേഷ സന്ദേശത്തിന്‍റെ സ്പൃശ്യ സ്വഭാവം പൂര്‍ണ്ണമായി അവതരിപ്പിക്കുകയാണു ചെയ്യുന്നത്. പിതാവിനെയും പുത്രനെയും ഐക്യപ്പെടുത്തുന്ന ജീവനില്‍ പരിശുദ്ധാത്മാവിന്‍റെ കൃപാവരത്തിലൂടെയുള്ള നമ്മുടെ കൂട്ടായ്മയ്ക്കു സഭയില്‍, "എല്ലാ വസ്തുക്കളിലും സകലവും പൂര്‍ത്തിയാക്കുന്ന അവന്‍റെ പൂര്‍ണ്ണതയായ"(എഫേ.1,23) യേശുവിന്‍റെ ശരീരത്തില്‍, ദൃഷ്ടിഗോചരമായ ഒരു മാനമുണ്ട്. സഭയുടെ സാരവത്തായ ഈ മാനം ലോകത്തിനായി ആവിഷ്ക്കരിക്കാനുള്ള കടമ എല്ലാ ക്രിസ്ത്യാനികള്‍ക്കുമുണ്ട്. .... .... ... സഭയുടെ ഐക്യത്തിന്‍റെ പ്രഥമ മഹാ പ്രേഷിതനും ദൈവശാസ്ത്രജ്ഞനും വിശുദ്ധ പൗലോസാണ്. ആ അപ്പസ്തോലന്‍റെ പരിശ്രമങ്ങളും പോരാട്ടങ്ങളും ക്രിസ്ത്യനുയായികളുടെ മദ്ധ്യേ ദൃശ്യമായ, കേവലം ബാഹ്യമായി മാത്രമല്ല പ്രത്യുത യഥാര്‍ത്ഥവും പൂര്‍ണ്ണവുമായ, കൂട്ടായ്മ പുലരുന്നതിനുള്ള അദമ്യമായ അഭിവാഞ്ചയാല്‍ പ്രചോദിതങ്ങളായിരുന്നു". മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു

20091116

സെര്‍ബിയന്‍ പാത്രിയര്‍ക്കീസ്‌ കാലം ചെയ്തു


ബല്‍ഗ്രേഡ്‌ : സെര്‍ബിയന്‍ ബൈസാന്ത്യ ഓര്‍ത്തഡോക്‌സ്‌ സഭയുടെ പാത്രിയര്‍ക്കീസ്‌ പാവ്‌ലെ ബാവ 2009 നവംബര്‍ 15 ഞായറാഴ്ച ബല്‍ഗ്രേഡിലെ സൈനികാശുപത്രിയില്‍ കാലം ചെയ്തു.

1990 ല്‍ പാത്രിയര്‍ക്കീസായ ബാവയ്കു് 95 വയസ്‌ പ്രായമായിരുന്നു. സെര്‍ബിയയിലെ ജനങ്ങളില്‍ ബഹുഭൂരിപക്ഷവും ബൈസാന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭാ വിശ്വാസികളാണ്‌.

ഫോട്ടോ ഉറവിടം sr:wiki Author korisnik:Ninam
Creative Commons Attribution ShareAlike 3.0


Serbia begins official mourning for Patriarch Pavle