ആകമാന സഭാനിലപാടുകള്‍

20100719

കേരള കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌

കേരളത്തിലെ ഓര്‍ത്തഡോക്‌സ്- പ്രൊട്ടസ്റ്റന്റ് സഭകളുടെ പൊതു എക്യുമിനിക്കല്‍ വേദിയാണു് കേരള കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ (കെ.സി.സി). റോമന്‍ കത്തോലിക്കാ സഭയും ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ ഒഴിച്ചുള്ള പെന്തക്കോസ്‌ത് സഭകളും കേരള കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസസിനു് പുറത്താണു്.

1940 ല്‍ തിരുവല്ലയില്‍ രൂപംകൊണ്ട കേരള റീജിയണ്‍ ക്രിസ്‌ത്യന്‍ കോണ്‍ഗ്രസാണു് പിന്നീടു് കെ.സി.സിയായതു്. നാഷണല്‍ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസിന്റെ (എന്‍.സി.സി) ദക്ഷിണേന്ത്യയിലെ ഘടകമായിരുന്ന മദ്രാസ്‌ റപ്രസന്റേറ്റീവ്‌ ക്രിസ്‌ത്യന്‍ കൗണ്‍സിലിനു് കീഴിലാണു് കേരള റീജിയണ്‍ ക്രിസ്‌ത്യന്‍ കോണ്‍ഗ്രസ്‌ ആരംഭിച്ചത്‌.

കേരള റീജിയണ്‍ ക്രിസ്‌ത്യന്‍ കോണ്‍ഗ്രസിന്റെ ആദ്യസമ്മേളനം 1940 ജൂലൈയില്‍ കൊല്ലത്തു് നടന്നു. 1945 ല്‍ കോട്ടയത്തു് നടന്ന യോഗം ബിഷപ്പ്‌ സി.കെ. ജേക്കബിനെ പ്രസിഡന്റായും റവ. തോമസ്‌ ഡേവിസിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 1946 ല്‍ എന്‍.സി.സിയുടെ കീഴില്‍ സ്വതന്ത്ര ഘടകമായി.

1947 ഫെബ്രുവരിയില്‍ നടന്ന അസംബ്ലിയിലാണ്‌ കേരള റീജിയണ്‍ ക്രിസ്‌ത്യന്‍ കോണ്‍ഗ്രസ്‌ കെ.സി.സിയായി രൂപംമാറിയത്‌. ബിഷപ്പ്‌ സി.കെ. ജേക്കബായിരുന്നു പ്രഥമ പ്രസിഡന്റ്‌. ടി.യു. ഫിലിപ്പ്‌ (വൈസ്‌ പ്രസിഡന്റ്‌), ഫാ. തോമസ്‌ ജേക്കബ്‌ (സെക്രട്ടറി), ജെ. യേശുദാസ്‌ (ട്രഷറര്‍) എന്നിവരായിരുന്നു മറ്റു ഭാരവാഹികള്‍. 1985 ലെ അസംബ്ലിയിലാണു് ഭരണഘടന അംഗീകരിച്ചത്‌.

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ, മലബാര്‍ മാര്‍ത്തോമ സുറിയാനി സഭ, സി.എസ്‌.ഐ, കല്‍ദായ സുറിയാനി സഭ, തൊഴിയൂര്‍ സഭ, സാല്‍വേഷന്‍ ആര്‍മി, ഇവാഞ്ചലിക്കല്‍ ലൂഥറന്‍സ്‌ സഭ, യാക്കോബായ സുറിയനി ക്രിസ്ത്യാനി സഭ, ക്‌നാനായ (യാക്കോബായ) സഭ, ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ എന്നീ സഭകള്‍ക്കു പുറമേ 19 സംഘടനകളും കെ.സി.സിയില്‍ അംഗങ്ങളാണ്‌. ബഥേല്‍ ആശ്രമം, ബൈബിള്‍ സൊസൈറ്റി ഓഫ്‌ ഇന്ത്യ, കേരള ബ്ലൈന്റ്‌ സ്‌കൂള്‍ അസോസിയേഷന്‍, തിരുവല്ല ക്രൈസ്‌തവ സാഹിത്യ സമിതി, മാങ്ങാനം ക്രൈസ്‌തവ ആശ്രമം, മാങ്ങാനം ക്രൈസ്‌തവ മഹിളാലയം, ആലുവ യു.സി. കോളജ്‌, വൈ.എം.സി.എ, മുണ്ടകപ്പാടം മന്ദിരം ആശുപത്രി തുടങ്ങിയ സംഘടനകളും ഇതില്‍പ്പെടുന്നു. കേരള കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസിന്റെ കീഴില്‍ റവ. സെബു ജോണ്‍ ചാണ്ടിയാണ്‌ 1969 ല്‍ കീഴ്‌മാട്‌ അന്ധവിദ്യാലയം ആരംഭിക്കുന്നത്‌.

ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം, ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌, ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌, ബിഷപ്പ്‌ സാം മാത്യു, ഐസക്‌ മാര്‍ പീലക്‌സീനോസ്‌, മാര്‍ അപ്രേം എന്നിവര്‍ പ്രസിഡന്റ്‌ പദവിയിലിരുന്നിട്ടുണ്ട്‌.

മാര്‍ത്തോമാ സഭ ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍ പൗലോസാണ്‌ ഇപ്പോഴത്തെ പ്രസിഡന്റ്‌. കുര്യാക്കോസ്‌ മോര്‍ യൗസേബിയോസ്‌ (യാക്കോബായ സുറിയനി ക്രിസ്ത്യാനി സഭ), ജിജി ജോണ്‍സണ്‍ (വനിതാ പ്രതിനിധി, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ), ജെയ്‌സണ്‍ പ്രകാശ്‌ (യൂത്ത്‌), സൈമണ്‍ ജോണ്‍ (ദളിത്‌) എന്നിവര്‍ വൈസ്‌ പ്രസിഡന്റുമാരും ഫിലിപ്പ്‌ എം. തോമസ്‌ സെക്രട്ടറിയുമാണ്‌. മൂന്നുവര്‍ഷമാണു ഭാരവാഹികളുടെ കാലാവധി. 11 കമ്മിഷനുകളാണു സംഘടനയുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്‌.

പ്രൊട്ടസ്‌റ്റന്റ്‌ സഭകള്‍ക്ക്‌ അംഗത്വം നല്‍കുന്നതിനാലാണു് റോമന്‍ കത്തോലിക്കാ സഭ കെ.സി.സിയില്‍ ചേരാത്തതു്. വിദ്യാഭ്യാസപ്രശ്‌നത്തിലും ചെങ്ങറ ഭൂസമരത്തിലുമെല്ലാം കെ.സി.സി. സജീവമായി ഇടപെട്ടിരുന്നു. സഭകള്‍ തമ്മിലുള്ള ഐക്യം നിലനിര്‍ത്തുന്നതിനു സംവാദങ്ങള്‍, ചര്‍ച്ചാക്ലാസുകള്‍ തുടങ്ങിയവ നടത്തുന്നുണ്ടു്. 2004 ലെ തേയിലത്തോട്ട തൊഴിലാളി സമരശേഷം തൊഴിലാളികളെ സഹായിക്കാന്‍ സര്‍വീസ്‌ കമ്മിറ്റി രൂപീകരിച്ചു.

സുനാമി ദുരിതാശ്വാസത്തിന്റെ ഭാഗമായി 'കാസാ'യുമായി ചേര്‍ന്നു തീരദേശങ്ങളില്‍ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തി. എക്യുമെനിക്കല്‍ കമ്മിഷന്റെ കീഴില്‍ നിരവധിപരിശീലന പരിപാടികളും സംഘടിപ്പിക്കന്നു.

20100717

സ്ത്രീകളെ വൈദികരാക്കാന്‍ പാടില്ല: വത്തിക്കാന്‍

വത്തിക്കാന്‍സിറ്റി, ജൂലൈ 15, 2010: സ്‌ത്രീകള്‍ക്ക്‌ വൈദികപട്ടം നല്‍കുന്നത്‌ വിശ്വാസത്തിന് എതിരായ കുറ്റമാണെന്ന്‌ റോമന്‍ കത്തോലിക്കാ സഭ ശാസനം പുറപ്പെടുവിച്ചു. സ്‌ത്രീകള്‍ക്ക്‌ വൈദിക പട്ടം നല്‍കാന്‍‍ നടക്കുന്ന ശ്രമങ്ങളും ഇനിമുതല്‍ ഗുരുതരമായ വിശ്വാസലംഘനമായി നിരീക്ഷിക്കുമെന്ന് വത്തിക്കാന്‍ പുറത്തിറക്കിയ ശാസനത്തില്‍ വ്യക്തമാക്കുന്നു.

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതുപോലുള്ള അതീവഗൗരവമായ കുറ്റകൃത്യമായിരിക്കും സ്ത്രീകള്‍ക്ക് വൈദികപട്ടം നല്‍കാനുള്ള ശ്രമം. സ്ത്രീകള്‍ക്ക് വൈദികപട്ടം നല്‍കുന്നയാളും ബന്ധപ്പെട്ട സ്ത്രീയും സഭയില്‍ നിന്ന് സ്വമേധയാ ഭ്രഷ്ടരാക്കപ്പെടും. അനുശാസനങ്ങള്‍ പാലിക്കുന്നുണ്‌ടോ എന്ന്‌ ഉറപ്പുവരുത്തുന്ന വിശ്വാസകാര്യങ്ങള്‍ക്കുള്ള കള്‍ദിനാള്‍സംഘം (കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ഡോക്‌ട്രിന്‍ ഓഫ്‌ ദ്‌ ഫെയ്‌ത്ത്‌ the Congregation for the Doctrine of the Faith - CDF) ആയിരിക്കും ഈ കാര്യം നിരീക്ഷിക്കുക.

വൈദിക വൃത്തിയിലേയ്‌ക്ക്‌ കടന്നുവരുന്നവരുടെ എണ്ണം കുറയുന്ന സാഹചര്യത്തില്‍ സ്‌ത്രീകളെ വൈദികരാക്കുന്നത്‌ പോപ്പ്‌ ബനഡിക്‌ട്‌ 16 ാമന്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട്‌ ഏതാനും കത്തോലിക്കാ പ്രവര്‍ത്തകര്‍ ജൂണില്‍ വത്തിക്കാനിലെ സെന്റ്‌.പീറ്റേഴസ്‌ ചത്വരത്തില്‍ പ്രകടനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ്‌ വത്തിക്കാന്‍ നിലപാട്‌ വ്യക്തമാക്കിയിരിക്കുന്നത്‌. കുട്ടികളെ ലൈംഗികമായി ദുരുപയോഗപ്പെടുത്തുന്ന കേസുകളില്‍ സഭാ പുരോഹിതര്‍ ഉള്‍പ്പെടുന്നത്‌ കൂടുതലാകുന്ന പശ്ചാത്തലത്തില്‍ സ്‌ത്രീകള്‍ക്ക്‌ വൈദികപട്ടം നല്‍കുന്നതിനെക്കുറിച്ച്‌ വത്തിക്കാന്‍ ആലോചിക്കണമെന്ന്‌ ഓസ്‌ട്രിയന്‍ ബിഷപ്പും നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, വനിതാ ബിഷപ്പുമാരെ നിയോഗിക്കാന്‍ ആഗ്ലിക്കന്‍സഭയുടെ പരമോന്നതസമിതി കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.

കുട്ടികളുടെ അശ്ലീല ചിത്രം വിതരണം ചെയ്യുന്നത് കാനോനിക കുറ്റമാണെന്നും വത്തിക്കാന്‍ വ്യക്തമാക്കുന്നു. കുട്ടികളെ പീഡിപ്പിച്ചുവെന്ന ആരോപണം നേരിടുന്ന പുരോഹിതര്‍ക്കെതിരായ അന്വേഷണം വേഗത്തിലാക്കാനും ശിക്ഷാനടപടി കര്‍ശനമാക്കാനും തീരുമാനിച്ചു. വിശ്വാസകാര്യങ്ങള്‍ക്കുള്ള കള്‍ദിനാള്‍സംഘം (the Congregation for the Doctrine of the Faith) ഇത്തരം കുറ്റങ്ങള്‍ കൈകാര്യംചെയ്യും.



Vatican says women priests a 'crime against faith'

ആംഗ്ലിക്കന്‍ സഭ വനിതാ മെത്രാന്മാരെ വാഴിക്കാന്‍ തീരുമാനിച്ചു


ലണ്ടന്‍: സ്ത്രീകള്‍ക്കും ബിഷപ്പുമാരാകാമെന്ന് പാരമ്പര്യവാദികളുടെ ശക്‌തമായ എതിര്‍പ്പിനെ അവഗണിച്ചു്കൊണ്ടു് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചു. ക്രൈസ്‌തവ സഭാ ചരിത്രത്തിലെ നാഴികക്കല്ലാകുന്ന തീരുമാനം രണ്ടു് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കും. ഇതു സംബന്ധിച്ച കരടു് ബില്ലിന്‌ 2010 ജൂലയ് 9 മുതല്‍ 13 വരെ യോര്‍ക്ക്‌ സര്‍വകലാശാലയില്‍ ചേര്‍ന്ന സഭാ ജനറല്‍ സിനഡ് എന്ന ചര്‍ച്ച് നാഷണല്‍ അംസംബ്ലി (സുന്നഹദോസ്‌) അംഗീകരം നല്‍കി.

വരുംദിവസങ്ങളില്‍ സഭയുടെ കീഴിലുള്ള വിവിധ രൂപതകള്‍ കരടു പ്രമേയം ചര്‍ച്ച ചെയ്യും. രൂപതകള്‍ കൂടി നിയമത്തിന്‌ അംഗീകാരം നല്‍കുന്ന മുറയ്‌ക്ക് 2012ല്‍ നിയമം പ്രാബല്യത്തില്‍ വരും.


വനിതകള്‍ക്കു ബിഷപ്‌ പദവി നല്‍കുന്നതു സംബന്ധിച്ച്‌ വര്‍ഷങ്ങളായി ആംഗ്ലിക്കന്‍ സഭയില്‍ സംവാദങ്ങളും ചര്‍ച്ചകളും നടക്കുകയാണു്. പാരമ്പര്യവാദികളും യാഥാസ്‌ഥിതികരും വനിതകളെ വാഴിക്കാനുള്ള നീക്കത്തെ ശക്‌തമായി എതിര്‍ക്കുകയായിരുന്നു. തീരുമാനം നടപ്പായാല്‍ വിശ്വാസികള്‍ പള്ളികളെ കൈവിടുമെന്നായിരുന്നു ഇവരുടെ വാദം. ഒരു വിഭാഗം പുരോഹിതരും വിശ്വാസികളും എതിര്‍ക്കുന്നുണ്ടെങ്കിലും സുന്നഹദോസില്‍ ഇവരുടെ എതിര്‍പ്പിന് ഭൂരിപക്ഷം ലഭിച്ചില്ല.

ബ്രിട്ടീഷ്‌ ക്രൈസ്‌തവ സമൂഹത്തില്‍ നിര്‍ണായ സ്വാധീനമുള്ള കാന്റര്‍ബറി, യോര്‍ക്ക്‌ ആര്‍ച്ച്‌ ബിഷപ്പുമാര്‍ അസംബ്ലിയില്‍ (സുന്നഹദോസില്‍) പ്രമേയത്തെ എതിര്‍ത്തു. യാഥാസ്‌ഥിതികര്‍ക്കു മുന്‍തൂക്കമുള്ള ഇടവകകളുടെ മേല്‍നോട്ടം പുരുഷ മെത്രാന്‍മാര്‍ക്കും പുരോഹിതര്‍ക്കും നല്‍കണമെന്ന ഈ ആര്‍ച്ച്‌ബിഷപുമാരുടെ നിര്‍ദേശം സുന്നഹദോസ്‌ തള്ളി. 12 മണിക്കൂര്‍ നീണ്ട ചൂടുപിടിച്ച ചര്‍ച്ചയ്‌ക്കൊടുവിലാണ് അസംബ്ലി തീരുമാനമെടുത്തത്. 480 അംഗ സുന്നഹദോസില്‍ 370 പേര്‍ പ്രമേയത്തെ പിന്തുണച്ചു. എന്നാല്‍ നിയമം നിലവില്‍ വരിക 2012 ഓടെ ആയിരിക്കും.

ആംഗ്ലിക്കന്‍ സഭയില്‍ വ്യാപകമായ പൊട്ടിത്തെറിയ്ക്കു് വഴിമരുന്നിടാന്‍ പുതിയ നീക്കം ഇടയാക്കും. പാരമ്പര്യവാദികളായ നിരവധി ബിഷപ്പുമാരും പുരോഹിതരും സഭ വിടുന്നതിനെക്കുറിച്ചു് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ടു്. പല പ്രമുഖരും തീരുമാനത്തില്‍ അസന്തുഷ്‌ടരാണു്. സഭ വിടാന്‍ തത്‌കാലം ഉദ്ദേശിക്കുന്നില്ലെന്നു് ബില്ലിനെ എതിര്‍ത്ത ഫോര്‍വേഡ്‌ ഇന്‍ ഫെയ്‌ത്ത് ഓര്‍ഗനൈസേഷന്റെ ചെയര്‍മാന്‍ ബിഷപ്‌ ബ്രോഡ്‌ഹഴ്‌സ്റ്റ്‌ പറഞ്ഞു.

''എന്റെ സംഘടനയിലെ ആയിരത്തോളം വരുന്ന പുരോഹിതരും പതിനായിരത്തോളം വരുന്ന അല്‌മായരും സുന്നഹദോസ്‌ തീരുമാനത്തില്‍ അസംതൃപ്‌തരാണ്‌. അംഗീകരിക്കണമോ, എതിര്‍ക്കണമോ എന്നു സഭാ വിശ്വാസികളാണു തീരുമാനിക്കേണ്ടത്‌''- ബിഷപ്‌ ബ്രോഡ്‌ഹഴ്‌സ്റ്റ്‌ പറഞ്ഞു.


ഒരുവിഭാഗം പുരോഹിതരുടെ ഭാഗത്ത് നിന്ന് ശക്തമായ എതിര്‍പ്പുണ്ടെങ്കിലും വനിതകള്‍ക്ക് ബിഷപ്പുമാരാകാമെന്നും അതിനാവശ്യമായ പിന്തുണ നല്‍കുന്നതായും ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് വക്താവ് ലൂ ഹെന്‍ഡേഴ്‌സണ്‍ വ്യക്തമാക്കി. വനിതാ ബിഷപ്പുമാര്‍ക്ക് വേണ്ടി ആവശ്യമുന്നയിച്ചവരില്‍ പ്രമുഖയായ ക്രിസ്റ്റീന റീസ് തീരുമാനത്തെ സ്വാഗതം ചെയ്തു. എന്നാല്‍ അസംബ്ലിയില്‍ സമ്മിശ്രപ്രതികരമാണ് തീരുമാനത്തെക്കുറിച്ച് ഉണ്ടായതെന്ന് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് റൊവാന്‍ വില്യംസ് പറഞ്ഞു.

ഫോട്ടോ 1 ജനറല്‍ സിനഡ് 2010 ജൂലായ് കടപ്പാട്: Matthew Davies-എപ്പിസ്കോപ്പല്‍ ചര്‍‍ച്ച് ഡോട് ഓര്‍ഗ്


ഫോട്ടോ 2 കാന്റര്‍‍ബറി മെത്രാപ്പോലീത്ത പരാജയം സമ്മതിക്കുന്നു. കടപ്പാട്: ASADOUR GUZELIAN-ടെലിഗ്രാഫ്


A divided church faces its darkest hour


Church of England advances plans for women bishops



Norwich backing for women bishops decision


ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്

20100714

വര്‍ഗീയത വളര്‍ത്തുന്നവരെ നിയന്ത്രിക്കണം : സിറോ മലബാര്‍ റോമാ സഭ അല്‍മായ കമ്മിഷന്‍

കൊച്ചി, ജൂലയ് 14: മനുഷ്യ ജീവനു വിലകല്‍പ്പിക്കാത്ത പ്രസ്‌ഥാനങ്ങള്‍ക്കും ശക്‌തികള്‍ക്കുമെതിരെ ശക്‌തമായി പ്രതികരിക്കണമെന്നു സിറോ മലബാര്‍ റോമാ സഭ അല്‍മായ കമ്മിഷന്‍ ആഹ്വാനം ചെയ്‌തു. മതത്തിന്റെയും അധികാരത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും പിന്‍ബലത്തില്‍ അക്രമങ്ങള്‍ നടത്തുന്നവര്‍ രാജ്യദ്രോഹികളാണ്‌. നാട്ടില്‍ വിഭാഗീയതയും വര്‍ഗീയതയും വളര്‍ത്തുന്നവരെ നിയന്ത്രിക്കണം.

ഭീഷണിപ്പെടുത്തിയും അടിച്ചമര്‍ത്തിയും പ്രസ്‌ഥാനങ്ങള്‍ വളര്‍ത്താമെന്ന്‌ ആരും കരുതരുത്‌. പ്രശ്‌നങ്ങളില്‍ സംയമനം പാലിക്കുന്നതു നിസ്സംഗതയായി ആരും കരുതരുതെന്ന്‌ അല്‍മായ കമ്മിഷന്‍ സെക്രട്ടറി വി. സി. സെബാസ്‌റ്റിയന്‍ മുന്നറിയിപ്പു നല്‍കി. സിഎംഎസ്‌ കോളജിലും ന്യൂമാന്‍ കോളജിലും നടത്തിയ അക്രമം ഭീകര പ്രവര്‍ത്തനമാണ്‌.

20100710

ഓർ‍ത്തഡോക്സ് സഭ പുകമറ സൃഷ്ടിക്കുന്നുവെന്ന് യാക്കോബായ ആരോപണം

കൊച്ചി, ജൂലയ് 9: എതിര്‍ അന്ത്യോക്യന്‍ സുറിയാനി ഓര്‍‍ത്തഡോക്സ് സഭയുടെ പ്രധാന അദ്ധ്യക്ഷനായി മാറിയ മാര്‍ സേവേറിയോസ് മോശയെ യൂറോപ്യഭദ്രാസനത്തിന്റെ മെത്രാനായി വാഴിച്ചതിനെയും അദ്ദേഹത്തെ വാഴിച്ച ഓര്‍ത്തഡോക്‌സ്‌ സഭയിലെ മെത്രാപ്പൊലീത്തമാരെയും ന്യായീകരിച്ച്‌ ഓര്‍ത്തഡോക്‌സ്‌ സഭ പുകമറ സൃഷ്‌ടിക്കുകയാണെന്നു് മാര്‍ സേവേറിയോസ് സാക്കാ വിഭാഗം അന്ത്യോക്യാ സുറിയാനി ഓര്‍‍ത്തഡോക്സ് സഭയുടെകീഴിലുള്ള കേരളസംഘടനയായ അന്ത്യോക്യാ വിശ്വാസ സംരക്ഷണ സമിതി പ്രസിഡന്റും മെത്രാനുമായ ഏലിയാസ്‌ മാര്‍ അത്താനാസിയോസ്‌ കുറ്റപ്പെടുത്തി. മാര്‍ സേവേറിയോസ് മോശയെ മെത്രാനായി വാഴിച്ചതിനെയും അദ്ദേഹത്തെ വാഴിച്ച ഓര്‍ത്തഡോക്‌സ്‌ സഭയിലെ മെത്രാപ്പൊലീത്തമാരെയും അംഗീകരിക്കുന്നത് അപമാനമായതെന്നു തിരിച്ചറിയാന്‍ ഓര്‍ത്തഡോക്‌സ്‌ സഭ വൈകരുതെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ ഏലിയാസ്‌ മാര്‍ അത്താനാസിയോസ്‌ അനധികൃതമായി വാഴിക്കപ്പെട്ട മെത്രാനാണെന്നും അന്ത്യോക്യാ വിശ്വാസ സംരക്ഷണ സമിതി സഭാവിരുദ്ധ-വിഘടനവാദി സംഘടനയാണെന്നും ഓര്‍ത്തഡോക്‌സ്‌ സഭാകേന്ദ്രങ്ങള്‍ വ്യക്തമാക്കി. മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭക്കെതിരെ എതിര്‍ മെത്രാന്‍മാരെയും കാതോലിക്കാ വേഷധാരിയെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെയും സൃഷ്ടിച്ചത് ക്രൈസ്‌തവ ലോകത്തിന്‌ അപമാനമായതെന്നു തിരിച്ചറിയാന്‍ മാര്‍ സേവേറിയോസ് സാക്കാ വിഭാഗം അന്ത്യോക്യാ സുറിയാനി ഓര്‍‍ത്തഡോക്സ് സഭ തയ്യാറാകണമെന്നാണ് ഓര്‍ത്തഡോക്‌സ്‌ നിലപാട്.

പ്രവാചകപ്രബോധനത്തിനു്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുമ്പോള്‍ മതനിന്ദ സംഭവിയ്ക്കുന്നു: ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌

അധ്യാപകനെതിരെയുള്ള ആക്രമണം: ഭീകരതയ്‌ക്കു താക്കീതായി മൂവാറ്റുപുഴയില്‍ മൗന ജാഥ

മൂവാറ്റുപുഴ: മതനിന്ദയും പ്രവാചകനിന്ദയും യഥാര്‍ഥത്തില്‍ സംഭവിയ്ക്കുന്നത്‌ പ്രവാചക പ്രബോധനത്തിന്‌ വിരുദ്ധമായി ആയുധമെടുക്കുമ്പോഴും മറ്റുള്ളവരെ ഉപദ്രവിക്കുമ്പോഴുമാണെന്ന സത്യം തീവ്രവാദികളും ഭീകരവാദികളും തിരിച്ചറിയണമെന്ന്‌ ഓര്‍‍ത്തഡോക്സ് സഭ കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത പ്രസ്താവിച്ചു. തൊടുപുഴ ന്യൂമാന്‍ കോളജ്‌ അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റുകയും കുടുംബത്തെയടക്കം ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച്‌ ജൂലൈ 9-നു് മൂവാറ്റുപുഴ മേഖലയിലെ ക്രിസ്‌തീയ ദേവാലയങ്ങളുടെ ആഭിമുഖ്യത്തില്‍ നടത്തിയ മൗന റാലി ഫ്‌ളാഗ്‌ ഓഫ്‌ ചെയ്യുകയായിരുന്നു മെത്രാപ്പോലീത്ത.

യഥാര്‍ഥ ഹിന്ദുവിനും മുസ്ലിമിനും ക്രിസ്‌ത്യാനിക്കും ആളുകളെ ഇല്ലായ്‌മ ചെയ്യാനോ ഉപദ്രവിക്കാനോ കഴിയില്ലെന്നും മെത്രപ്പോലീത്ത ചൂണ്ടിക്കാട്ടി.

സംഘാടക സമിതി കണ്‍വീനര്‍ അഡ്വ.പോള്‍ ജോസഫിന്‌ മെത്രാപ്പോലീത്ത കറുത്തകൊടി കൈമാറിയാണ്‌ റാലി ആരംഭിച്ചത്‌. മൂവാറ്റുപുഴ ഹോളിമാഗി ഫൊറോനാ പള്ളി അങ്കണത്തില്‍ വികാരി ഫാ. ജോസഫ്‌ മക്കോളിലിന്റെ അധ്യക്ഷതയില്‍ റാലിയുടെ തുടക്കത്തില്‍ ചേര്‍ന്ന യോഗം കാലടി സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. കെ.എസ്‌ രാധാകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു.

ഭീകരതയ്‌ക്കുള്ള താക്കീതിനൊപ്പം മതസൗഹാര്‍ദവും വിളിച്ചോതുന്നതായിരുന്നു റാലി. റാലിയില്‍ അണിനിരന്നവര്‍ നിശബ്‌ദരായാണ്‌ നീങ്ങിയതെങ്കിലും ഇവരുടെ കൈകളിലെ പ്ലക്കാര്‍ഡുകള്‍ വാചാലമായിരുന്നു. മതസൗഹാര്‍ദാന്തരീഷം തകര്‍ക്കുന്നവര്‍ക്കെതിരേ മൗനമായ മുന്നറിയിപ്പായി റാലി മാറി. നിയമവാഴ്‌ചയെ നിരാകരിക്കുന്ന ഭീകര ആക്രമണത്തില്‍ പ്രതിഷേധിക്കുക, അക്രമത്തിനെതിരേ മനുഷ്യ മനസാക്ഷി ഉണരുക, അക്രമികളെ ഉടന്‍ പിടികൂടുക, മതസൗഹാര്‍ദം തകര്‍ക്കാന്‍ ആരെയും അനുവദിക്കാതിരിക്കുക, കേസന്വേഷണം പ്രത്യേക കേന്ദ്ര സംഘത്തെ ഏല്‌പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചും ആത്മസംയമനം ഭീരുത്വമോ ബലഹീനതയോ അല്ലെന്നു പ്രഖ്യാപിച്ചുമുള്ള പ്ലക്കാര്‍ഡുകളാണ്‌ റാലിയില്‍ ഉയര്‍ന്നത്‌.

മൂവാറ്റുപുഴ മേഖലയിലെ വിവിധ ക്രൈസ്‌തവ ദേവാലയങ്ങളുടെ ആഭിമുഖ്യത്തില്‍‍ നടത്തിയ പ്രതിഷേധ ജാഥയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. മുന്‍ എം പി കെ. ഫ്രാന്‍സിസ്‌ ജോര്‍ജ്‌, മുന്‍ എംഎല്‍എ ജോണി നെല്ലൂര്‍, എം. മാത്തപ്പന്‍, നഗരസഭാധ്യക്ഷ മേരി ജോര്‍ജ്‌, കെ.സി ജോര്‍ജ്‌, ജോയ്‌സ്‌ മുക്കുടം, പ്രഫ. ജോസുകുട്ടി ജെ. ഒഴുകയില്‍, എന്‍.ടി ചെറിയാന്‍, വില്‍സണ്‍ കുരിശിങ്കല്‍, അഡ്വ. ജോണി ജോര്‍ജ്‌, തോമസ്‌ പാറക്കല്‍, ഫാ. പോള്‍ നെടുമ്പുറം, ഫാ. ആന്റണി ഓവേലില്‍, ഫാ. ജോണ്‍ കടവന്‍, റവ. ഡോ. പയസ്‌ മലേക്കണ്‌ടം, ജോയി നടുക്കുടി, ജോര്‍ഡി പിട്ടാപ്പിള്ളി, ആന്റണി മടേക്കല്‍, ജോഷി മുണ്‌ടയ്‌ക്കല്‍, ഫാ. വിന്‍സന്റ്‌ നെടുങ്ങാട്ട്‌, ഫാ. ജോര്‍ജ്‌ വടക്കേല്‍, സിസ്റ്റര്‍ ജോവിയറ്റ്‌, റോഷന്‍ പള്ളിക്കുടി, ടോണി വെളിയന്നൂര്‍ക്കാരന്‍, കീപ്പന്‍ ആലുമൂട്ടില്‍, റോയി പോള്‍, ജോര്‍ജ്‌ കാക്കനാട്‌, അഡ്വ. ഇ.കെ ജോസ്‌, ദീപക്‌ ചേര്‍ക്കോട്ട്‌, റോയ്‌സണ്‍ കുഴിഞ്ഞാലില്‍ എന്നിവര്‍ റാലിക്ക്‌ നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളും വിദ്യാര്‍ഥികളും വൈദികരും സന്യാസിനിമാരും റാലിയില്‍ അണിനിരന്നു. ഹോളിമാഗി ഫൊറോനാ പള്ളിയങ്കണത്തില്‍നിന്ന്‌ ആരംഭിച്ച റാലിയില്‍ കറുത്ത ബാഡ്‌ജ്‌ ധരിച്ച്‌ സ്‌ത്രീകളും യുവജനങ്ങളുമടക്കം ആയിരങ്ങള്‍ പങ്കെടുത്തു. മേഖലയിലെ വൈദികരും കന്യാസ്‌ത്രീകളും റാലിയില്‍ അണിനിരന്നു. ഗതാഗതതടസം പരമാവധി ഒഴിവാക്കി രണ്‌ടുവരിയായി ചിട്ടയോടെ സമാധാനപരമായി നീങ്ങിയ റാലി നഗരം ചുറ്റി ഹോളിമാഗി ഫൊറോനാ പള്ളിയങ്കണത്തില്‍ സമാപിച്ചു.

കേസ്‌ എന്‍ഐഎയെ ഏല്‌പിക്കുക, അധ്യാപകന്റെ ചികിത്സാ ചെലവ്‌ വഹിക്കുക, കുടുംബത്തിന്‌ സംരക്ഷണം നല്‍കുക, അക്രമികളെ ഉടന്‍ പിടികൂടുക എന്നീ ആവശ്യങ്ങള്‍ സമാപന യോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട്‌ ഉന്നയിച്ചു.

കടപ്പാട്: കണ്ടനാടു് വിശേഷം

20100703

കുടുംമ്പഭദ്രതയെ തകര്‍ക്കുന്ന കരടുനിയമത്തെ എതിര്‍ക്കുമെന്ന് റോമാ സഭ

കൊച്ചി, 2010 ജൂലൈ 01: ഒരു കുഞ്ഞുണ്ടാകുന്നതിന് എന്തുപാധിയും സാങ്കേതികതയും സ്വീകരിക്കാം, എന്ന ചിന്ത അടിസ്ഥാന ധാര്‍മ്മികതയ്ക്കെതിരാണെന്ന്, സീറോ മലബാര്‍ റോമന്‍ കത്തോലിക്കാ സഭയുടെ വലിയ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ പ്രസ്താവിച്ചു. ജീവന്‍റെ കാര്യത്തില്‍ മനുഷ്യന്‍ ദൈവത്തിന്‍റെ പരിവേഷമണിയേണ്ടെന്നും കുടുംമ്പഭദ്രതയെ തകര്‍ക്കുന്ന നിയമരൂപീകരണത്തെ കേരള സഭ ശക്തമായി എതിര്‍ക്കുമെന്നും മാര്‍ വര്‍ക്കി വിതയത്തില്‍ വ്യക്തമാക്കി.


കൃത്രിമ പ്രത്യുത്പാദന ബില്ല് (Assisted Reproductive Technology (Regulation Bill) - 2010 ) കൊണ്ടുവന്ന് ഗര്‍ഭപാത്രം വാടകയ്ക്കു കൊടുക്കുന്ന രീതിക്ക് നിയമസാധുത്വം നേടാനുള്ള ഭാരത സര്‍ക്കാരിന്‍റെ നീക്കത്തെ എതിര്‍‍ക്കാനാണു് കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭതീരുമാനിച്ചിട്ടുള്ളത്. ജനങ്ങളുടെ ധാര്‍മ്മിക വളര്‍ച്ചയ്ക്കായി സഭ പരിശ്രമിക്കുമ്പോള്‍ അതിനെതിരായി നിയമം കൊണ്ടുവരുന്ന സര്‍ക്കാരിനെ എതിര്‍ക്കുമെന്ന് സീറോ മലബാര്‍ റോമന്‍ കത്തോലിക്കാ സഭയുടെ വക്താവ് ഫാദര്‍ പോള്‍ തേലക്കാട്ട് ജൂണ്‍ 24-ന് കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രസ്താവിച്ചു.


കൃത്രിമ ഗര്‍ഭധാരണ സാങ്കേതികത അംഗീകരിക്കുന്ന കരടുനിയമപ്രകാരം 21-നും 35-നും വയസ്സിനു മദ്ധ്യേയുള്ള സ്ത്രീകള്‍കളുടെ ലാഭേച്ഛകൂടാതെയുള്ള ഗര്‍ഭപാത്രങ്ങളുടെ വായ്പ അല്ലെങ്കില്‍ വാടകയ്ക്കു കൊടുക്കല്‍ അംഗീകരിക്കപ്പെട്ടതാണ്. കുത്തഴിഞ്ഞ ഒരു ലൈംഗിക പ്രവണതയ്ക്ക് ഈ നിയമം വഴിയൊരുക്കുമെന്നും, വ്യവസ്ഥാപിത വൈവാഹിക ബന്ധങ്ങള്‍ക്കെതിരെയുള്ള ഒരപഹാസമാണ് അടുത്ത പാര്‍ലിമെന്‍റില്‍ പാസ്സാക്കാമെന്നു സര്‍ക്കാര്‍ കരുതുന്ന ഈ കരടുനിയമമെന്നും ഫാദര്‍ തേലക്കാട്ട് കൂട്ടിച്ചേര്‍ത്തു.

20100701

അന്ത്യോക്യാ സുറിയാനി ഓര്‍‍ത്തഡോക്സ് സഭ (മാര്‍ സേവേറിയോസ് സാക്കാ വിഭാഗം) എതിര്‍ വിഭാഗം മെത്രാന്‍മാരെ മുടക്കി

ദമസ്കൊസ് : അന്ത്യോക്യാ സുറിയാനി ഓര്‍‍ത്തഡോക്സ് സഭ (മാര്‍ സേവേറിയോസ് സാക്കാ വിഭാഗം)യുടെ പ്രധാന അദ്ധ്യക്ഷന്‍ മാര്‍ സേവേറിയോസ് സാക്കാ ജൂണ്‍ 25നു പുറപ്പെടുവിച്ച കല്പനയില്‍ എതിര്‍ അന്ത്യോക്യന്‍ സുറിയാനി ഓര്‍‍ത്തഡോക്സ് സഭയുടെ പ്രധാന അദ്ധ്യക്ഷന്‍ മാര്‍ സേവേറിയോസ് മോശയെ 2007 ഡിസംബറില്‍ മുടക്കിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ കീഴിലുള്ള അങ്കമാലിയുടെ ജോസഫ്‌ മാര്‍ ബര്‍ത്തലോമിയോ മെത്രാപ്പോലീത്തയെയും ഇടുക്കി, മലബാര്‍ ഭദ്രാസനങ്ങളുടെ യൂഹാനോന്‍ മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയെയും മുടക്കുകയാണെന്നും പ്രഖ്യാപിച്ചു.

ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭയിലെ അംഗസഭയായ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ശത്രുക്കളാണെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയെ 1976-ല്‍ മുടക്കിയിട്ടുണ്ടെന്നും മാര്‍ സേവേറിയോസ് മോശയ്ക്ക് 2007 നവംബറില്‍ മെത്രാന്‍ പട്ടം നല്‍കിയവരെന്നു പറയപ്പെടുന്ന രണ്ടു മെത്രാന്മാര്‍ ബഹിഷ്കരിക്കപ്പെട്ടവരാണെന്നും ശത്രുക്കളായ മുടക്കപ്പെട്ടവരോടുകൂടിയവരാണെന്നും അദ്ദേഹം ആരോപിച്ചു.

കല്പനയുടെ പൂര്‍ണരൂപം