ആകമാന സഭാനിലപാടുകള്‍

20100928

സഭാ തര്‍‍ക്കം പരുമലയെ പുതിയ സംഘര്‍ഷവേദിയാക്കുന്നു

സമുദായ ഭിന്നത അതി രൂക്ഷം

പരുമല: മലങ്കര സുറിയാനി ഓര്‍‍ത്തഡോക്സ് സഭയോടുള്ള യുദ്ധത്തിന്റെ ഭാഗമായി വിഘടിതവിഭാഗമായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ, പരിശുദ്ധ പരുമല ഗീവര്‍ഗീസ് മാര്‍ ഗ്രിഗോറിയോസ്‌ തിരുമേനിയുടെ കബറിടപള്ളിക്ക് സമീപത്തായി സമാന്തര പള്ളി സ്ഥാപിയ്ക്കാന്‍ നീക്കം നടത്തിയതു് ഇരുവിഭാഗങ്ങളും തമ്മിലുള്ള ഭിന്നിപ്പും അകല്ച്ചയും രൂക്ഷമാകുകയാണു്. മലങ്കര സുറിയാനി ഓര്‍‍ത്തഡോക്സ് സഭയില്‍‍ നിന്നു് പിരിഞ്ഞു് അന്ത്യോക്യാ സുറിയാനി ഓര്‍‍ത്തഡോക്സ് സഭയുടെ കീഴില്‍ നില്‍‍ക്കുന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ നിലനില്ക്കുന്നതു് തന്നെ മലങ്കര സുറിയാനി ഓര്‍‍ത്തഡോക്സ് സഭയെ ഇല്ലാതാക്കുകയെന്നതാണെന്ന ഭയം പൊതുവേയുണ്ടു്.
പരുമല തിരുമേനിയുടെ കബറിടം സ്ഥിതിചെയ്യുന്ന പരുമല പള്ളിക്ക് സമീപം പള്ളി സ്ഥാപിയ്ക്കുന്നതു് തടഞ്ഞുകൊണ്ട്‌ പത്തനംതിട്ട കലക്ടര്‍ എസ്‌.ലളിതാംബിക ഉത്തരവിട്ടതോടെ സംഘര്‍‍ഷത്തിനു് അയവുണ്ടായി. പരുമലയില്‍ പാത്രിയര്‍ക്കീസ് വിഭാഗത്തിന്‍റെ (യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ) ഭൂമി വാങ്ങിയിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ ജില്ലാ കലക്റ്റര്‍ റവന്യു അധികൃതര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ തിരുവല്ല താലൂക്കിലെ കടപ്ര വില്ലെജില്‍ ബ്ലോക്ക് നമ്പര്‍ രണ്ടില്‍ രണ്ട് റീസര്‍വ്വെ നമ്പരുകളില്‍പ്പെട്ട പുരയിടത്തില്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിരോധിച്ചു കൊണ്ട് ജില്ലാ കലക്റ്റര്‍ ഉത്തരവിറക്കിയത്. ഉത്തരവു് നടപ്പാക്കാന്‍ പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ടിനു നിര്‍ദേശം നല്‍കി.



വിശുദ്ധ പരുമല ബാവയുടെ കബറിടം സ്ഥിതിചെയ്യുന്ന പരുമലപള്ളിയുടെ കവാടത്തിനു് സമീപത്തു് പമ്പാനദീതീരത്ത് സമാന്തര പള്ളി നിര്‍മിക്കുന്നതിനായി സ്ഥലം വാങ്ങിക്കൊണ്ടു് പുതിയ യുദ്ധമുഖം തുറന്നിരിയ്ക്കുന്നതു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ നിരണം മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസാണു്. ഒരുമാസം മുന്‍പ്‌ അറുപത്‌ ലക്ഷം രൂപ മുടക്കി പമ്പയാറ്റിലെ പഴയ പരുമല കടവില്‍ 20 സെന്റ്‌ ഭൂമി വാങ്ങി അതില്‍ പള്ളി പണിയാനായിരുന്നു തീരുമാനം. തൊട്ടടുത്തുള്ള ഒരേക്കര്‍ സ്‌ഥലം വാങ്ങാന്‍ കരാറായെന്നും വാര്‍‍ത്തയുണ്ട്‌. പള്ളി പണിയുന്നതിനായി പണം സമാഹരിക്കാനുള്ള നടപടികളും തുടങ്ങി. www.parumalapally.org എന്നപേരില്‍ വെബ്‌സൈറ്റും തുടങ്ങിയിട്ടുണ്ട്‌. നിര്‍ദിഷ്‌ട പള്ളിയുടെ ചിത്രവും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്‌.


പരുമലയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിശ്വാസികളായ ഒരു കുടുംബം പോലും ഇല്ലാതിരിക്കെ പരുമല പള്ളിക്ക്‌ സമീപം അതേ പേരില്‍ ആരാധനാലയം സ്ഥാപിക്കുവാനുള്ള നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ന്നു. തെക്കന്‍ ഭദ്രാസനങ്ങളായ നിരണം, ചെങ്ങന്നൂര്‍, മാവേലിക്കര, തുമ്പമണ്‍, നിലയ്‌ക്കല്‍ എന്നിവിടങ്ങളിലെ ഇടവകകളില്‍ ഇതിനെ എതിര്‍ത്തു പ്രമേയം പാസാക്കി. സമാന്തര പള്ളിയുടെ നിര്‍മാണം തുടങ്ങുന്നതിനെതിരെ വിശ്വാസികളുടെ ഒപ്പുശേഖരണം നടത്തി പത്തനംതിട്ട കളക്ടര്‍ക്ക് നിരണം, തുമ്പമണ്‍, ചെങ്ങന്നൂര്‍, മാവേലിക്കര, നിലയ്‌ക്കല്‍ ഭദ്രാസനങ്ങളിലെ 200 ഓളം വൈദികരടങ്ങുന്ന നിവേദകസംഘം 23-ന്‌ നിവേദനം സമര്‍പ്പിച്ചു. പരുമല പാലത്തിനു കിഴക്കു്വടക്കു് ഭാഗത്തായി പാത്രിയര്‍ക്കീസ്‌ വിഭാഗം പള്ളി പണിയാന്‍ നടപടികള്‍ നടത്തുന്നുവെന്നും പരുമല പളളി പെരുന്നാള്‍ ദിനമായ നവ`ബര്‍ 1-ന്‌ ശിലാസ്‌ഥാപനം നടത്തുമെന്നും ചൂണ്ടിക്കാട്ടിയും പുതിയ പള്ളിയ്ക്കു് ജില്ലാ കലക്‌ടര്‍ അനുവാദം നല്‍കരുതെന്നാവശ്യപ്പെട്ടും നല്‍കിയ നിവേദനത്തിന്മേല്‍ കലക്‌ടര്‍ അന്വേഷണം ആരംഭിയ്ക്കുകയും പോലീസ് സ്ഥലം സന്ദര്‍ശിച്ച് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാന്‍‍ പക്ഷവുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍‍ സെമിനാരിയിലും പള്ളിയിലും തര്‍ക്കങ്ങള്‍ ഉണ്ടാക്കാന്‍ ഇപ്പോള്‍‍ ശ്രമിക്കുന്നില്ലെന്നും പരുമല തിരുമേനിയുടെ പേരില്‍ സമാന്തര പള്ളി സ്ഥാപിയ്ക്കുന്നതില്‍‍ നിന്നു് പിന്മാറില്ലെന്നുമായിരുന്നു ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാന്റെ നിലപാടു്.


പരുമലയില്‍ യാക്കോബായ സഭ എത്രയുംവേഗം പള്ളി പണിത്‌ സഭയുടെ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ്‌ തിരുമേനിയുടെ “തിരുശേഷിപ്പുകള്‍” എന്തുവിലകൊടുത്തും സ്‌ഥാപിക്കുമെന്നു് നെടുമ്പാശേരിയില്‍ സെപ്തംബര്‍26നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ വിശ്വാസ സംരക്ഷണസമിതിയുടെ പ്രസിഡന്റ്‌ ഏലിയാസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാന്റെ അധ്യക്ഷതയില്‍ നടന്ന തീവ്രവാദികളായവരുടെ നേതൃ യോഗം ഭീഷണി മുഴക്കുകയും ചെയ്തു.
പുതിയ പള്ളിയ്ക്കു് കല്ലിടീല്‍ നടത്താന്‍‍ പോവുകയാണെന്ന വാര്‍‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് പിറ്റേന്നു് (സെപ്തംബര്‍27) തിങ്കളാഴ്ച രാവിലെ 10 മണിയോടെ പരുമല പള്ളിയില്‍ വിശ്വാസികള്‍ തടിച്ചുകൂടാന്‍‍ തുടങ്ങി. തിരുവല്ലയില്‍ ഒരു വിവാഹച്ചടങ്ങില്‍ പാത്രിയാര്‍ക്കീസ്‌ വിഭാഗത്തിന്റെ മെത്രാന്‍മാരും വൈദികരും എത്തിയിരുന്നു. ഇവിടെനിന്നു് പരുമലയിലെത്തി ഇവര്‍ വാങ്ങിയ സ്ഥലത്ത്‌ പള്ളിക്കു് ശിലാസ്ഥാപനകര്‍മം നിര്‍വഹിക്കുമെന്നാണ്‌ വാര്‍ത്ത പ്രചരിച്ചത്‌.

രാവിലെ പത്തുമണിമുതല്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ വിശ്വാസികളും മെത്രാപ്പോലീത്തമാരും വൈദികരും നാനാഭാഗങ്ങളില്‍ നിന്നും പരുമല പള്ളിയിലെത്തി. പതിനൊന്നുമണിയോടെ പരുമല പള്ളിയടക്കമുള്ള ആരാധനാലയങ്ങളില്‍ കൂട്ടമണി മുഴക്കി സഭാംഗങ്ങളെ സംഘടിപ്പിച്ചു. കൊച്ചുതിരുമേനിയുടെ കബറിങ്കലില്‍ പ്രാര്‍ത്‌ഥന നടത്തിയശേഷം ജനസഞ്ചയം റോഡിലേക്കെത്തി. തുടര്‍ന്ന്‌ പാലത്തിനു സമീപത്തേക്ക്‌ ഇവര്‍ പ്രതിഷേധ പ്രകടനം നടത്തി. വിവരമറിഞ്ഞ്‌ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ പള്ളികളില്‍ നിന്നു് വിശ്വാസികളും എത്തി.


മുദ്രാവാക്യം വിളിയും പ്രതിഷേധവും ശക്‌തമായതോടെ മാന്നാര്‍, പുളിക്കീഴ് എന്നിവിടങ്ങളില്‍ നിന്ന് പൊലീസും സംഘമായെത്തി. വിശ്വാസികളും വൈദികരും ചേര്‍ന്നു പരുമല സെമിനാരിയുടെ പ്രധാന കവാടത്തിനു സമീപം പ്രതിഷേധയോഗം ചേര്‍ന്നു. ഓര്‍ത്തഡോക്‌സ്‌ സഭ സുന്നഹദോസ്‌ സെക്രട്ടറി ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ ആമുഖ പ്രസംഗം നടത്തി. പരുമലയില്‍ പാത്രിയാര്‍ക്കീസ്‌ വിഭാഗം പള്ളി പണിയാനുള്ള നീക്കം ജീവന്‍ കൊടുത്തും തടയുമെന്ന്‌ കണ്‌ടനാട്‌ ഭദ്രാസനാധിപന്‍ മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പൊലീത്ത അറിയിച്ചു. പരുമല പള്ളിക്കു സമീപത്തായി പാത്രിയാര്‍ക്കീസ്‌ വിഭാഗം നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാന്റെ പേരില്‍ വാങ്ങിയ 20 സെന്റ്‌ സ്ഥലത്ത്‌ പള്ളി പണിയുന്നത്‌ ചില ഗൂഢലക്ഷ്യങ്ങളോടെയാണ്‌. പരുമലയുടെ ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു പാത്രിയാര്‍ക്കീസ്‌ സഭാവിശ്വാസി പോലുമില്ല. പള്ളിയുടെ പേര്‌ ദുരുപയോഗം ചെയ്‌ത്‌ ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ പണമുണ്‌ടാക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണേ്‌ടായെന്നു് സംശയിക്കുന്നതായി മെത്രാപ്പോലീത്ത പറഞ്ഞു. സെമിനാരി മാനേജര്‍ യൂഹാനോന്‍ റമ്പാന്‍ അധ്യക്ഷ പ്രസംഗം നടത്തി. ആയിരക്കണക്കിന് വരുന്ന ഓര്‍ത്തഡോക്‌സുകാര്‍ പാലത്തില്‍ തിങ്ങിനിറഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം ഉച്ചയ്‌ക്ക്‌ രണ്ടു മണിക്കൂറോളം തടസ്സപ്പെട്ടു. അനിഷ്‌ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല.


പാത്രിയാര്‍ക്കീസ്‌ വിഭാഗം (യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗക്കാര്‍) പരുമലയില്‍ വാങ്ങിച്ച സ്ഥലത്ത് പള്ളി പണിയുന്നത്‌ ഇനി ഒരുത്തരവ്‌ ഉണ്‌ടാകുന്നതുവരെ നിരോധിച്ചുകൊണ്‌ട്‌ പത്തനംതിട്ട ജില്ലാ കലക്‌ടര്‍ എസ്‌ ലളിതാംബിക ഉത്തരവായെന്നു് അറിഞ്ഞതിനെ തുടര്‍ന്നാണ് തടിച്ചുകൂടിയവര്‍ പിന്‍വാങ്ങിയത്. രണ്ടു മണിയോടെ കലക്‌ടറുടെ നിരോധന ഉത്തരവ്‌ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ വായിച്ചതോടെ പ്രതിഷേധം അവസാനിപ്പിച്ചു വിശ്വാസികള്‍ പരുമല പള്ളിയിലേക്ക്‌ നീങ്ങി. ഇവിടെ പ്രാര്‍ഥനയ്‌ക്കുശേഷം മൂന്നു മണിയോടെയാണ്‌ മടങ്ങിയത്‌.

തീര്‍ത്ഥാടനകേന്ദ്രമായ പരുമല പള്ളിക്കു സമീപം പാത്രിയാര്‍ക്കീസ്‌ വിഭാഗം പരുമല പള്ളിയെന്ന പേരില്‍ പുതിയ പള്ളി നിര്‍മിക്കുന്നത്‌ ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കുമെന്നു കാണുന്നതിനാലാണ്‌ നിരോധനമെന്ന്‌ ഉത്തരവില്‍ പറയുന്നു. പരുമല പള്ളി ഇടവകാംഗങ്ങളും പ്രദേശവാസികളും കലക്‌ടര്‍ക്ക്‌ നല്‍കിയ ഹരജിയുടെയും ജില്ലാ പോലിസ്‌ സൂപ്രണ്‌ട്‌, തിരുവല്ല തഹസില്‍ദാര്‍ എന്നിവരുടെ റിപോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ്‌ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും കലക്ടര്‍ അറിയിച്ചു.


സമുദായതര്‍‍ക്കത്തെ പുതിയ ഘട്ടത്തിലേയ്ക്കു നയിയ്ക്കുന്ന നടപടിയില്‍ നിന്നു് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാന്‍ പിന്‍‍വാങ്ങണമെന്നു് മിതവാദികള്‍‍ ആഗ്രഹിയ്ക്കുന്നു. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പ്രധാനപ്പെട്ട തീര്‍ത്‌ഥാടന കേന്ദ്രമായ പരുമല കൊച്ചുതിരുമേനിയുടെ കബറിടവും പള്ളിയും സ്‌ഥിതിചെയ്യുന്ന സ്‌ഥലത്തുതന്നെ അതേപേരില്‍ പുതിയ പള്ളി സ്‌ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതു് പ്രശ്നങ്ങള്‍ സൃഷ്ടിക്കാനുള്ള ബോധപൂര്‍വമുള്ള നീക്കമാണെന്ന ആക്ഷേപം ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാന്റെ പ്രതിച്ഛായയെത്തന്നെ മോശമാക്കുന്നതാണെന്നാണു് അവര്‍‍ ചിന്തിയ്ക്കുന്നതു്.