ആകമാന സഭാനിലപാടുകള്‍

20101030

ദിദിമോസ്‌ ബാവാ ആടുകളെ നേര്‍വഴിക്കു നയിച്ച ഇടയശ്രേഷ്‌ഠന്‍

പരിശുദ്ധ കാതോലിക്കാ ബാവായുടെ നവതി ആഘോഷിച്ചു
മതം പ്രചരിപ്പിക്കാന്‍ ബലപ്രയോഗം പാടില്ല - ശിഹാബ് തങ്ങള്‍

പരുമല, ഒക്ടോ. 29: പ്രാര്‍ഥനയിലൂടെ ദൈവവുമായി സംസര്‍ഗത്തില്‍ ഏര്‍പ്പെടുകയും ആടുകളെ നേര്‍വഴിക്കു നയിക്കുകയും ചെയ്‌ത ഇടയശ്രേഷ്‌ഠനാണ്‌ പരിശുദ്ധ കാതോലിക്കാ ബാവായെന്നു് പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. ഓര്‍ത്തഡോക്‌സ്‌ സഭയുടെ പൗരസ്ത്യ കാതോലിക്ക പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവായുടെ തൊണ്ണൂറാം ജന്മദിന ആഘോഷവും വിവാഹ സഹായനിധി വിതരണവും പരുമല സെമിനാരിയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യസമൂഹത്തെ നേര്‍വഴിയില്‍ നയിക്കാന്‍ നിയോഗിതരായ നന്മയുടെ സമൂഹമാണ്‌ വിശാസികളുടേതെന്നു് പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. മുസ്‌ലിമും ക്രൈസ്‌തവരും തമ്മില്‍ ചരിത്രാതീത കാലം മുതല്‍ ഉറ്റ ബന്ധം പുലര്‍ത്തിയിരുന്നവരാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇസ്‌ലാം മതസഹിഷ്‌ണുതയ്‌ക്കു വലിയ മാതൃകയാണ്‌.ഏക ദൈവത്തില്‍ വിശ്വസിക്കാനും അല്ലാഹുവിനു കീഴ്‌പ്പെട്ടു ജീവിക്കാനും ഉദ്‌ബോധിപ്പിക്കുന്നു. സത്യവിശ്വാസം അഥവ മതം പ്രചരിപ്പിക്കാന്‍ ബലപ്രയോഗം പാടില്ല എല്ലാ മതങ്ങളും പഠിപ്പിക്കുന്നതു സ്‌നേഹമാണ്‌. സ്‌നേഹിക്കാന്‍ കഴിയാത്തവന്‍ യഥാര്‍ഥ മനുഷ്യനല്ല. സ്‌നേഹം നഷ്‌ടപ്പെടുന്ന സമൂഹത്തിലാണ്‌ കലാപങ്ങളുണ്‌ടാകുന്നതെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.

ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ ബാവാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ അധ്യക്ഷത വഹിച്ചു. ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസിന്റെ അനുഗ്രഹ പ്രഭാഷണം ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ്‌ വായിച്ചു.

ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌, ഡോ. അലക്‌സാണ്ടര്‍ കാരയ്‌ക്കല്‍, ജനറല്‍ കണ്‍വീനര്‍ ബിജു ഉമ്മന്‍, ജേക്കബ്‌ തോമസ്‌ അരികുപുറം, സെമിനാരി മാനേജര്‍ എ.ഡി. യൂഹാനോന്‍ റമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു.

പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവാ മറുപടി പ്രസംഗം നടത്തി. ലഭിക്കുന്ന അനുഗ്രഹങ്ങള്‍ക്കു ദൈവത്തോടു കടപ്പെട്ടിരിക്കുന്നു. വിശ്വാസത്തിലധിഷ്‌ഠിതമായ ജീവിതം ഓരോ മനുഷ്യനിലും പ്രകാശം പരത്തും. സഭയും സമൂഹവും ശക്‌തിപ്പെടാന്‍ ആധ്യാത്മികത വളരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
90 പെണ്‍ക്കുട്ടികളുടെ വിവാഹത്തിനുള്ള ധനസഹായവും ചടങ്ങില്‍ വിതരണം ചെയ്‌തു.


കാതോലിക്കാ ബാവായ്‌ക്ക്‌ ആശംസകളുമായി മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത

പരുമല, ഒക്ടോ. 29: പ്രായത്തില്‍ മൂത്തത്‌ ഞാനാണെങ്കിലും സ്‌ഥാനംകൊണ്ട്‌ വലിയത്‌ പരിശുദ്ധ ബാവാ തിരുമേനിയാണ്‌. മക്കള്‍ ഒരു സ്‌ഥാനത്തെത്തിയാല്‍ മാതാപിതാക്കള്‍ അവരെ ബഹുമാനിക്കണം. അതുകൊണ്ടാണ്‌ തൊണ്ണൂറ്റിമൂന്നുകാരനായ ഞാന്‍ 90 വയസ്സിലേക്ക്‌ പ്രവേശിച്ച ബാവായെ കാണാനെത്തിയത്‌. മെത്രാപ്പൊലീത്തമാരും വിശിഷ്‌ടാതിഥികളും തിങ്ങിനിറഞ്ഞ സദസ്സില്‍ ചിരിക്ക്‌ തിരി കൊളുത്തിക്കൊണ്ടു് ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്ത പറഞ്ഞു. പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവായ്‌ക്ക്‌ നവതി ആശംസ നേരാന്‍ പരുമല സെമിനാരിയില്‍ എത്തിയതായിരുന്നു ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്ത.

സ്‌ഥാനമുള്ളവരെ മാത്രമേ സമൂഹത്തില്‍ ആവശ്യമുള്ളു. സ്‌ഥാനമില്ലാത്തവരെത്തേടി ആരുമെത്താറില്ല. പദവിയില്ലാത്തവരുടെ കൂട്ടത്തില്‍പ്പെട്ടവനാണ്‌ ഞാന്‍. ബാവാ തിരുമേനി ഇനിയും ആരോഗ്യത്തോടുകൂടി പിറന്നാള്‍ ആഘോഷിക്കട്ടെയെന്ന്‌ പ്രാര്‍ഥിച്ചാണ്‌ മാര്‍ ക്രിസോസ്‌റ്റം പിരിഞ്ഞത്‌. പരുമലയിലെത്തിയ മാര്‍ ക്രിസോസ്‌റ്റത്തെ മെത്രാപ്പൊലീത്തമാരുടെ നേതൃത്വത്തില്‍ പള്ളിമേടയിലേക്ക്‌ സ്വീകരിച്ചു. മാര്‍ ക്രിസോസ്‌റ്റം എത്തിയതില്‍ പരിശുദ്ധ കാതോലിക്കാ ബാവാ സന്തോഷം അറിയിച്ചു.

പരിശുദ്ധ ബാവായ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ദേവലോകത്തെ കുടുംബ സംഗമം


ദേവലോകം, ഒക്ടോ. 30 : പരിശുദ്ധ കാതോലിക്കാ ബാവയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നു ദേവലോകം അരമനയില്‍ കുടുംബ സംഗമം നടന്നു. ശ്രേഷ്ഠ നിയുക്ത കാതോലിക്ക അഭി. പൗലോസ്‌ മാര്‍ മിലിത്തിയോസ് അധ്യക്ഷത വഹിച്ചു. ശ്രേഷ്ഠ നിയുക്ത കാതോലിക്കാ അദ്ധ്യക്ഷത വഹിച്ചു ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൌവ്വത്തില്‍, സി. എസ്. ഐ ബിഷപ്പ് ഡോ. തോമസ് സാമുവല്‍, ഡോ. സഖറിയാസ് മാര്‍ അപ്രേം, ഫാ. ഇ. എം. ഫിലിപ്പ്,ഫാ. പി. എ. ഫിലിപ്പ്, പ്രൊഫ. പി. സി. ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മുനിസിപ്പല്‍ കൌണ്‍സിലര്‍മാരായ സണ്ണി കല്ലൂര്‍, ജൂലിയസ് ചാക്കോ തുടങ്ങിയവര്‍ ദേവലോകത്തെത്തി ആശംസകള്‍ ആര്‍പ്പിച്ചു.

20101028

പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ ദിദിമോസ് പ്രഥമൻ ബാവാ നവതിയുടെ നിറവില്‍

കോട്ടയം: ഓർത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാചാര്യനായ (സുപ്രീം പോന്തിഫ്) പൗരസ്ത്യ കാതോലിക്കോസും ഓർത്തഡോക്സ് പൗരസ്ത്യ സഭയിലുള്‍പ്പെട്ട മലങ്കര ഓർത്തഡോക്സ് (യാക്കോബായ) സുറിയാനി സഭയുടെ മഹാ പ്രധാനാചാര്യനായ മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ ദിതിമോസ് പ്രഥമൻ ബാവ നവതിയുടെ നിറവിലാണു്. ഒക്ടോബര്‍ 29-ആം തീയതി പരിശുദ്ധ ബാവയ്ക്കു് 89 വയസ്സു് പൂര്‍‍ത്തിയാകും.

തോമാ ശ്ലീഹാതൊട്ടുള്ള 114-ആമത്തെ പൗരസ്ത്യ കാതോലിക്കോസും മലങ്കര സഭയുടെ പൊതുഭാര ശുശ്രൂഷകന്‍ മലങ്കര മെത്രാപ്പോലീത്ത എന്നു് അറിയപ്പെട്ടു് തുടങ്ങിയതിനുശേഷമുള്ള 20-ആമത്തെ മലങ്കര മെത്രാപ്പോലീത്തയുമാണു് ഈ പരിശുദ്ധ ബാവ. പൗരസ്ത്യ കാതോലിക്കോസ് എന്ന നിലയിൽ പരിശുദ്ധ ബാവ ഓറീയന്റൽ ഓർത്തഡോക്സ് സഭയുടെ പരമ പാത്രിയർക്കീസുമാരിൽ ഒരാളാണു്.


1921- ഒക്ടോബര്‍ 29-ആം തീയതി കേരളത്തില്‍ തിരുവല്ലയ്ക്കടുത്തു് നെടുംപുറത്തെ (Nedumbram) മുളമൂട്ടില്‍ വീട്ടില്‍ പരേതരായ ഇട്ടിയവിര തോമസ്സിന്റെയും മാവേലിക്കരയിലെ ചിറമേല്‍ വീട്ടില്‍ ശോശാമ്മയുടെയും മകനായി ജനിച്ച അദ്ദേഹത്തിനു് മാതാപിതാക്കളിട്ട പേരു് സി റ്റി തോമസ് എന്നായിരുന്നു. 1939 ല്‍ 17-ആം വയസ്സില്‍ പത്തനാപുരം മൗണ്ട് താബോര്‍ ദയറയില്‍ (Tabor Dayara) അംഗമായി കാലംചെയ്ത തോമാ മാര്‍ ദിവന്നാസിയോസിന്റെ ശിക്ഷണത്തില്‍ സന്ന്യാസജീവിതം ആരംഭിച്ചു. കാലം ചെയ്ത പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവാ (His Holiness Geevarghese II) 1950 ജനവരി 25ന് വൈദികപട്ടം നല്‍കി. തുടര്‍ന്ന് എം.എ, എല്‍.ടി. ബിരുദം നേടിയശേഷം അധ്യാപകനായും പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജ് വൈസ് പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചു.

പരിശുദ്ധ ബസേലിയോസ്‌ ഔഗേന്‍ ബാവയില്‍ (His Holiness Baselios Oughen) നിന്നും 1965 മെയ് 16-ന് റമ്പാന്‍സ്ഥാനം ഏറ്റു. 1965 ഡിസംബര്‍ 28-ആം തീയതി കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ തെരഞ്ഞെടുത്തതു് പ്രകാരം 1966 ആഗസ്ത് 24-ന് തോമസ് മാര്‍ തിമോത്തിയോസ് (Thomas Mar Timotheos) എന്ന പേരില്‍ മെത്രാനായി (Bishop) അഭിഷിക്തനായി. 1966 നവംബര്‍ 11-ആം തീയതി മെത്രാപ്പോലീത്തയും (Arch Bishop) മലബാര്‍ ഭദ്രാസനത്തിന്റെ പ്രഥമ അധിപനുമായി ഉയര്‍‍ത്തപ്പെട്ടു. 39 വര്‍ഷം അദ്ദേഹം മലബാര്‍ ഭദ്രാസനത്തിന്റെ അധിപനായിരുന്നു.


1992 സപ്തംബര്‍ 10-ആം തീയതി കൂടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് ദ്വിതീയന്റെ പിന്ഗാമിയായി (നിയുക്ത പൗരസ്ത്യ കാതോലിക്കോസ്) പൗരസ്ത്യ കാതോലിക്കോസിന്റെയും മലങ്കര മെത്രാപ്പോലീത്തയുടെയും സ്ഥാനത്തേയ്ക്കു് തിരഞ്ഞെടുത്തു.
പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ് ദ്വിതീയൻ സ്ഥാനത്യാഗം ചെയ്തതിനെ തുടർന്നു് 2005 ഒക്ടോബർ 29-ആം തീയതിയാണു് അദ്ദേഹം മലങ്കര മെത്രാപ്പോലീത്താ സ്ഥാനം (Major Arch Bishop of Malankara) ഏറ്റെടുത്തതു്. ഒക്ടോബർ 31-ആം തീയതി ബസേലിയോസ്‌ മാർത്തോമാ ദിതിമോസ് പ്രഥമൻ (His Holiness Baselios Marthoma Didimos I) എന്ന പേരിൽ പൗരസ്ത്യ കാതോലിക്കോസായി (Catholicos of the East) വാഴിയ്ക്കപ്പെടുകയും ചെയ്തു.


'മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ശുശ്രൂഷാ നടപടിച്ചട്ടങ്ങള്‍' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിപുലമായ പരിപാടികള്‍

കാതോലിക്കാ ബാവയുടെ നവതിയുടെ ഭാഗമായി വിപുലമായ പരിപാടികളാണ് സഭ ക്രമീകരിച്ചിരിക്കുന്നത്. 90 വീടുവച്ച് നല്‍കുകയും 90 കുടുംബത്തിന് വിവാഹ ധനസഹായം നല്‍കുകയും ചെയ്യും. 29ന് പരുമലയില്‍ നടക്കുന്ന പൊതുസമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. പരിശുദ്ധ ബാവയും നിയുക്ത കാതോലിക്കാ ശ്രേഷ്ഠ പൗലോസ് മാര്‍ മിലിത്തിയോസ് ബാവാ ഉള്‍പ്പെടെ സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും ചടങ്ങില്‍ പങ്കെടുക്കും. രാവിലെ പരുമല പള്ളിയില്‍ വിശുദ്ധ കുര്‍ബാന നടക്കും. നിയുക്ത കാതോലിക്കാ ശ്രേഷ്ഠ പൗലോസ് മാര്‍ മിലിത്തിയോസ് പ്രധാന കാര്‍മികത്വംവഹിക്കും.

ചിത്രം- അലക്സാന്ത്രിയന്‍ മാര്‍പാപ്പ ഷെനൂദ തൃതീയനോടൊപ്പം
പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിതിമോസ് പ്രഥമന്‍ ബാവ -2006 മെയ് (പൊതുഉപയോഗത്തിനു് മലങ്കര സഭ പകര്‍‍‍പ്പനുമതി നല്കിയിട്ടുള്ള ഛായ)

20101002

കാന്റര്‍ബറി മെത്രാപ്പൊലീത്ത കേരളത്തില്‍ വരുന്നു

കോട്ടയം: ലോകമെങ്ങുമുള്ള ആംഗ്ലിക്കന്‍ സഭയിലെ ഏഴു കോടിയോളം ജനങ്ങളുടെ ആത്മീയനേതാവായ കാന്റര്‍ബറി മെത്രാപ്പൊലീത്ത ഡോ. റോവന്‍ വില്ല്യംസ്‌ 16 മുതല്‍ 25 വരെ ദക്ഷിണേന്ത്യ സഭയുടെ (സി എസ്‌ ഐ) അതിഥിയായി കേരളത്തിലെത്തും.

തിരുവനന്തപുരത്ത്‌ 23, 24 തീയതികളില്‍ എത്തുകയും കണ്ണന്‍മൂല വൈദിക സെമിനാരി, കാരക്കോണം മെഡിക്കല്‍ കോളജ്‌ എന്നിവ സന്ദര്‍ശിക്കുകയും ദക്ഷിണകേരള മഹായിടവക സുവര്‍ണജൂബിലി ആഘോഷത്തിലും കമ്യൂണിയന്‍ ഓഫ്‌ ചര്‍ച്ചസ്‌ ഇന്‍ ഇന്ത്യയുടെ യോഗങ്ങളിലും പങ്കെടുക്കുകയും ചെയ്യുമെന്ന്‌ മധ്യകേരള മഹായിടവക ബിഷപ്‌ തോമസ്‌ സാമുവല്‍ അറിയിച്ചു.

ചെന്നെയിലെ സിഎസ്‌ഐ സിനഡ്‌ സെന്ററില്‍ 16-നാണ്‌ ആര്‍ച്ച്‌ ബിഷപ്പിന്റെ ആദ്യ പരിപാടി. 17ന്‌ സെന്റ്‌ ജോര്‍ജ്‌ കത്തീഡ്രലില്‍ വിശുദ്ധ സംസര്‍ഗ ശുശ്രൂഷയ്‌ക്കു നേതൃത്വം നല്‍കും. 18ന്‌ സിഎസ്‌ഐ ബിഷപ്‌സ്‌ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ പങ്കെടുക്കും.

19ന്‌ വെല്ലൂര്‍ ക്രിസ്‌ത്യന്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രി സന്ദര്‍ശിക്കും.
20ന്‌ ബാംഗ്ലൂര്‍ വൈറ്റ്‌ ഫീല്‍ഡിലെ എക്യൂമെനിക്കല്‍ ക്രിസ്‌ത്യന്‍ സെന്റര്‍ സന്ദര്‍ശിക്കും. 21ന്‌ അവിടെ സെന്റ്‌ മാര്‍ക്ക്‌ കത്തീഡ്രലിലെ ആരാധനയില്‍ പങ്കെടുക്കും.
തുടര്‍ന്ന്‌ യൂണിയന്‍ തിയളോജിക്കല്‍ സെമിനാരി സന്ദര്‍ശിക്കും. പിന്നീട്‌ ബിഷപ്‌ കോട്ടന്‍ സ്‌കൂളില്‍ നടക്കുന്ന എക്യൂമെനിക്കല്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

22ന്‌ ബംഗലൂരു് വിശ്രാന്തി നിലയത്തില്‍ നടക്കുന്ന സിഎസ്‌ ഐ വിമന്‍സ്‌ ഫെലോഷിപ്പ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. 23നും 24നും തിരുവനന്തപുരത്തെ ചടങ്ങുകളില്‍ പങ്കെടുക്കുന്ന കാന്റര്‍ബറി ആര്‍ച്ച ബിഷപ്പ്‌ 25-ന്‌ മടങ്ങും.

ആംഗ്ലിക്കന്‍ സഭയുടെ പരമാചാര്യന്‍ കാന്റര്‍ബറി മെത്രാപ്പൊലീത്ത

വെയില്‍സില്‍ 1950ല്‍ ജനിച്ച ഡോ. റോവന്‍ വില്ല്യംസ് 36-ാമത്തെ വയസില്‍ ഓക്‌സ്‌ഫഡ്‌ യൂണിവേഴ്‌സിറ്റിയില്‍ ദൈവശാസ്‌ത്ര പ്രഫസറായി.

1992ല്‍ മോണ്‍മത്തിലെ ബിഷപ്പായി വാഴിക്കപ്പെട്ടു. വെയില്‍സിലെ ആര്‍ച്ച്‌ ബിഷപ്പായിരിക്കുമ്പോഷാണ്‌എട്ടുവര്‍ഷം മുന്‍പ്‌ ആംഗ്ലിക്കന്‍ സഭയുടെ പരമാചാര്യനായ കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ്പായി നിയമിതനായത്‌.