ആകമാന സഭാനിലപാടുകള്‍

20100225

റോമന്‍‍ കത്തോലിക്ക - ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ ഐക്യത്തിലെത്തണം: അന്തര്‍ദേശീയ ഡയലോഗ്‌ കമ്മിഷന്‍

.


കൊച്ചി: വിശ്വാസപരമായി അടുപ്പമുള്ള റോമന്‍ കത്തോലിക്കാ സഭയും പുരാതന (ഓറിയന്റല്‍) ഓര്‍ത്തഡോക്‌സ് സഭകളും കൂടുതല്‍ ഐക്യത്തിലും കൂട്ടായ്‌മയിലും എത്തണമെന്നു ബെയ്‌റൂട്ടില്‍ ലെബാനോനിലെ (Lebanon) അന്തേലിയാസില്‍‍ (Antelias) ജനുവരി 27 മുതല്‍‍ 31വരെ നടന്ന കത്തോലിക്ക-ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് അന്തര്‍ദേശീയ ഡയലോഗ്‌ കമ്മിഷന്റെ ഏഴാമത്‌ സമ്മേളനം ആഹ്വാനം ചെയ്‌തു.


ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ 7 ആകമാന പാത്രിയര്‍‍ക്കീസുമാരിലൊരാളായ കിലിക്യാ അര്‍മീനിയന്‍ കാതോലിക്കോസ് പരിശുദ്ധ ആരാം പ്രഥമന്റെ ആസ്‌ഥാനത്തു നടന്ന സമ്മേളനത്തില്‍ 'ആദ്യ നൂറ്റാണ്ടുകളിലെ സഭകളുടെ യോജിപ്പും പൊതു സുന്നഹദോസുകളും'ആയിരുന്നു മുഖ്യവിഷയം. സഭകളെ ചേര്‍ത്തുനിര്‍ത്തുന്ന അപ്പസ്‌തോലികവും വൈജ്‌ഞാനികവും പാരമ്പര്യവുമായ കാര്യങ്ങള്‍, സഭകളെ അകറ്റിനിര്‍ത്തുന്ന വ്യത്യസ്‌ത ഘടകങ്ങളെക്കാള്‍ അധികമാണെന്നതു സഭകളുടെ ഐക്യത്തിനു പ്രചോദനവും മാതൃകയുമാണെന്നു് കമ്മിഷന്‍ വിലയിരുത്തി.

പ്രാദേശിക, സാംസ്‌കാരിക, രാഷ്‌ട്രീയ വ്യത്യസ്‌തതകള്‍ക്കിടയിലും കുര്‍ബാന ബന്ധത്തിലും കൗദാശിക സഹകരണത്തിലുമുള്ള യോജിപ്പിനു തടസമില്ല.

സഭാ വിജ്‌ഞാനിയം സംബന്ധിച്ച്‌ പരസ്‌പരധാരണയിലെത്തിയ കമ്മിഷന്റെ സംയുക്‌തരേഖ സഭാ തലവന്മാരുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു.


ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അംഗസഭകളായ അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ്, കോപ്‌റ്റിക്‌ ഓര്‍ത്തഡോക്‌സ്, കിലിക്യാ അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ്, അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ്, എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ്, എറിത്രിയന്‍ ഓര്‍ത്തഡോക്‌സ്, ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് എന്നീ സഭകളുടെ ഈരണ്ടുപേര്‍ ചേര്‍‍ന്ന 14 ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് പ്രതിനിധികളും 14 റോമന്‍ കത്തോലിക്കാ പ്രതിനിധികളുമാണു് കമ്മിഷനിലുള്ളത്‌.


റോമന്‍‍ കത്തോലിക്കാ സഭയെ പ്രതിനിധികരിച്ചവരിലൊരാളായ റവ. ഡോ. മാത്യു വെള്ളാനിക്കല്‍, ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ചവരായ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പൗരസ്ത്യ സഭയുടെ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌, റവ. ഡോ. ജോണ്‍ മാത്യൂസ്‌ അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ രണ്ട് പേരിലൊരാളായ വെട്ടിക്കല്‍ സെമിനാരിയിലെ ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ് എന്നിവര്‍ ഇന്ത്യയില്‍ നിന്നും പങ്കെടുത്തു.


കമ്മിഷന്റെ അടുത്ത സമ്മേളനം ജനുവരിയില്‍ വത്തിക്കാനില്‍ നടക്കും. സമ്മേളനത്തിന്റെ ആദ്യദിവസം കമ്മിഷന്‍ അംഗങ്ങള്‍ പരിശുദ്ധ ആരാം പ്രഥമന്റെ നേതൃത്വത്തില്‍ ലബനോന്‍ പ്രസിഡന്റ്‌ സുലൈമാന്‍ മിഖായേലിനെ സന്ദര്‍ശിച്ചു.


റിപ്പോര്‍‍ട്ടിന്റെ പൂര്‍‍ണരൂപം ഇതാThe Seventh Meeting of the International Joint Commission for Theological Dialogue Between the Catholic Church and the Oriental Orthodox Churches

.

20100223

ലോകത്ത്‌ 166.6 കോടി റോമന്‍ കത്തോലിക്കര്‍

ലണ്ടന്‍: ലോക ജനസംഖ്യയില്‍ റോമന്‍ കത്തോലിക്കരുടെ എണ്ണം 2008ല്‍ 1.7 ശതമാനം ഉയര്‍ന്നതായി വത്തിക്കാന്‍ അറിയിച്ചു. ഇതോടെ ആകെ സംഖ്യ 166.6 കോടിയായി. 2007 - 2008ല്‍ വര്‍ധിച്ചത്‌ 1.9 കോടി ആളുകളാണ്‌. 2007 - 2008ലെ ലോക ജനസം്യയില്‍ 17.4 ശതമാനം കത്തോലിക്കരാണ്‌. മുന്‍വര്‍ഷം ഇത്‌ 17.33 ശതമാനമായിരുന്നു.

റോമാ സഭയുടെ പരമാദ്ധ്യക്ഷനായ പടിഞ്ഞാറിന്റെ പാത്രിയര്‍‍ക്കീസ് പരിശുദ്ധ ബനഡിക്‌ട്‌ പതിനാറാമന്‍ പാപ്പ സമര്‍പ്പിച്ച പൊന്തിഫിക്കല്‍ ഇയര്‍ബുക്കിലാണ്‌ ഈ വിവരങ്ങള്‍ ഉള്ളത്‌. 2008 - 2009ല്‍ പുരോഹിതരുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. എന്നാല്‍, കന്യാസ്‌ത്രീകളുടെ എണ്ണത്തില്‍ 7.8 ശതമാനത്തിന്റെ കുറവുണ്ടായി. കന്യാസ്‌ത്രീകളുടെ എണ്ണം ഏഷ്യയിലും ആഫ്രിക്കയിലും കൂടിയെങ്കിലും യൂറോപ്പിലും അമേരിക്കയിലുമുണ്ടായ കുറവ്‌ പരിഹരിക്കാന്‍ പര്യാപ്‌തമല്ല. വൈദിക വിദ്യാര്‍ഥികളുടെ എണ്ണത്തിലും വര്‍ധനയുണ്ടായി. 2007ല്‍ 115,919 ആയിരുന്നെങ്കില്‍ 2008ല്‍ അവരുടെ എണ്ണം 117,024 ആയി വര്‍ധിച്ചു.

പി റ്റി ഐ
കടപ്പാടു് മലയാള മനോരമ

പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാ ബാവ ഫെ 24 മുതല്‍ 28 വരെ കേരളത്തില്‍




കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്ക ബാവായുടെ ക്ഷണപ്രകാരം അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കിലിക്യാ(സിലിഷ്യാ) കാതോലിക്കോസ് പരിശുദ്ധ അരാം ഒന്നാമന്‍ കെഷെഷിയാന്‍ കാതോലിക്ക ഫെ 24 മുതല്‍ 28 വരെ മലങ്കരസഭ സന്ദര്‍ശിക്കും. സന്ദര്‍ശനത്തിന്റെ വിശദാംശം മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ എക്യുമെനിക്കല്‍ റിലേഷന്‍സ്‌ പ്രസിഡന്റ്‌ ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


24നു രാവിലെ എട്ടിന്‌ നെടുമ്പാശ്ശേരി വിമാനതാവളത്തില്‍ നിയുക്ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത, ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത, ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്ത, ഡോ.യാക്കോബ്‌ മാര്‍ ഐറേനിയോസ്‌ മെത്രാപ്പോലീത്ത എന്നിവരുടെ നേതൃത്വത്തില്‍ അര്‍മ്മീനിയന്‍ സഭാ സംഘത്തെ സ്വീകരിക്കും.വൈകിട്ട്‌ ഏഴിന്‌ ദേവലോകം അരമനയില്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവയുമായി കിലിക്യാ കാതോലിക്കോസ് പരിശുദ്ധ അരാം ഒന്നാമന്‍ കെഷെഷിയാന്‍ കൂടിക്കാഴ്‌ച നടത്തും.

25 ന്‌ രാവിലെ പത്തു മണിക്ക്‌ കോട്ടയം ഓര്‍ത്തഡോക്‌സ് സെമിനാരിയില്‍ അരാം കാതോലിക്കയ്ക്ക് വരവേല്‍പ്പ് നല്‍കും. തുടര്‍ന്ന് ഓര്‍ത്തഡോക്‌സ്‌ സെമിനാരിയില്‍ കേരള കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചിന്റെ സഹകരണത്തോടെ എക്യുമെനിക്കല്‍ സംവാദം നടക്കും.തുടര്‍ന്ന്‌ പൊതു സമ്മേളനം നിയുക്ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ അദ്ധ്യക്ഷത വഹിക്കും.ഡോ.സഖറിയാസ്‌ മാര്‍ തെയോഫിലോസ്‌ സഫ്രഗ്രന്‍ മെത്രാപ്പോലീത്താ ഉദ്‌ഘാടനം ചെയ്യും.സഭകള്‍ തമ്മിലുളള എക്യുമെനിക്കല്‍ ബന്ധത്തിന്റെ ഭാവി എന്ന വിഷയത്തില്‍ അരാം പ്രഥമന്‍ കാതോലിക്ക മുഖ്യ പ്രഭാഷണം നടത്തും.വൈകിട്ട്‌ ഏഴിന്‌ ചങ്ങനാശ്ശേരി ബിഷപ്പ്‌ ഹൗസില്‍ മാര്‍ പവ്വത്തിലിന്റെ അദ്ധ്യക്ഷതയില്‍ സ്വീകരണസമ്മേളനം.

26 ന്‌ രാവിലെ 9ന് ദേവലോകം അരമനയില്‍ നടക്കുന്ന ഓര്‍ത്തഡോക്‌സ്‌ സഭാ സൂനഹദോസില്‍ അരാം പ്രഥമന്‍ കാതോലിക്ക പ്രഭാഷണം നടത്തും.11 ന്‌ പുതുപ്പളളി ജോര്‍ജ്ജിയന്‍ തീര്‍ഥാടനകേന്ദ്രവും അഞ്ചു മണിക്ക്‌ ചന്ദനപ്പളളിയുംസന്ദര്‍ശിക്കും.

27നു കോട്ടയം പഴയ സെമിനാരിയില്‍ പരിശുദ്ധ വട്ടശേരില്‍ ഗീവര്‍ഗീസ്‌ മാര്‍ ദിവന്നാസിയോസിന്റെ പെരുനാളില്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ദീവന്നാസ്യോസ് അനുസ്മരണ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് പുതിയതായി പണിയുന്ന ധ്യാനമന്ദിരത്തിന്റെയും പരി. സുന്നഹദോസ് ചാപ്പലിന്റെയും തറക്കല്ലിടല്‍ അരാം ഒന്നാമന്‍ നിര്‍വഹിക്കും.വൈകീട്ടു് നാലു മണിക്ക്‌ മൂവാറ്റുപുഴ അരമനയിലെ സ്വീകരണം, പുതുക്കിപ്പണിയുന്ന മൂവാറ്റുപുഴ അരമനപ്പള്ളിയുടെ ശിലാസ്‌ഥാപനം. അഞ്ചു മണിക്ക്‌ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍നടക്കുന്ന സമ്മേളനത്തില്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമോന്നത ബഹുമതിയായ `ഓര്‍ഡര്‍ ഓഫ്‌ സെന്റ്‌ തോമസ്‌ നല്‍കി ആദരിക്കും. സമ്മേളനം കേന്ദ്രമന്ത്രി പ്രഫ. കെവി തോമസ് ഉദ്ഘാടനം ചെയ്യും. ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.

28നു 8 മണിക്ക്‌ കല്ലൂപ്പാറ, 10 മണിക്ക്‌ പരുമല, ഉച്ചയ്ക്ക് 2 മണിക്ക്‌ നിരണം പള്ളികളില്‍ സന്ദര്‍ശനം, ഉച്ചയ്ക്ക് 4 മണിക്ക്‌ ചെങ്ങന്നൂര്‍ ബഥേല്‍ അരമനയില്‍ ചേരുന്ന ചെങ്ങന്നൂര്‍ ഭദ്രാസനത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ സമാപനത്തില്‍ പങ്കെടുക്കും. 8 മണിക്ക്‌ തിരുവനന്തപുരം സെന്റ്‌ ജോര്‍ജ്‌ കത്തീഡ്രല്‍ പള്ളിയില്‍ ചേരുന്ന സത്‌സംഗത്തില്‍ പരിശുദ്ധ അരാം ഒന്നാമന്‍ പങ്കെടുത്തു് പ്രസംഗിയ്ക്കും.

പരിശുദ്ധ അരാം ഒന്നാമന്‍ മാര്‍ച്ച് ഒന്നിന് സംഘം ഇന്ത്യയില്‍‍ നിന്നു ബെയ്‌റൂട്ടിലേക്ക് മടങ്ങുമെന്നും അരാം ഒന്നാമനോടൊപ്പം ആര്‍ച്ച് ബിഷപ്പ് സെബോ സര്‍ക്കിസിയന്‍, ബിഷപ്പ് നരേഗ് അലംസിയന്‍, ഫാദര്‍ മെസ്‌രോബ് എന്നിവരും സന്ദര്‍ശനസംഘത്തിലുണ്ടാവുമെന്നും ഡോ. ഗബ്രിയേല്‍ മാര്‍ഗ്രിഗോറിയോസ് പറഞ്ഞു..

അരാം ബാവായുടെ ആസ്‌ഥാനം ലബനനിലെ ആന്റലിയാസ്‌ ആണ്‌. സഭകളുടെ ലോക കൗണ്‍സില്‍ മോഡറേറ്ററായി രണ്ടുതവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌.

ഫെ22നു് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഫാ. ജോണ്‍ തോമസ്‌ കരിങ്ങാട്ടില്‍, സഭാ പി.ആര്‍.ഒ. പ്രൊഫ. പി.സി. ഏലിയാസ്‌ എന്നിവരും പങ്കെടുത്തു.

കടപ്പാടു് വിശ്വാസ പാലകന്‍

ഫോട്ടോ കടപ്പാടു് കോട്ടയം വാര്‍ത്ത
.

20100218

ശാസ്താംകോട്ട മാര്‍ ഏലിയാ ചാപ്പല്‍ അങ്കണത്തില്‍ നടന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍

ശാസ്താംകോട്ട മാര്‍ ഏലിയാ ചാപ്പല്‍ അങ്കണത്തില്‍ നടന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ ഏഴ് പേരെ മേല്പട്ട സ്ഥാനത്തേയ്ക്ക തിരഞ്ഞെടുത്തു. പ. കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ലോകത്തിലെ ഏറ്റവും വലിയ സഭാ പാര്‍ലമെന്റില്‍ 901 വൈദീകരും 2095 അല്‍മായക്കാരും തിരഞ്ഞെടുക്കപ്പെട്ട പള്ളി പ്രതിപുരുഷന്മാര്‍ എന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തി.


സ്ക്രീനിംഗ് കമ്മറ്റി അംഗീകരിച്ച് സമര്‍പ്പിച്ച 14 പേരുടെ ലിസ്റില്‍ നിന്നും മാനേജിംഗ് കമ്മറ്റി തിരഞ്ഞെടുത്ത 11 വൈദീകരെയാണ് സ്ഥാനാര്‍ത്ഥികളായി അസ്സോസിയേഷനില്‍ അവതരിപ്പിച്ചത് ഇവരില്‍ വൈദീകരുടെയും അല്‍മായക്കാരുടെയും മണ്ഡലങ്ങളില്‍ നിന്ന് പകുതിയിലേറെ ഭൂരിപക്ഷം ലഭിച്ച 7 പേരെയാണ് അസ്സോസിയേഷന്‍ തിരഞ്ഞെടുത്തത്.


മുഖ്യ വരണാധികാരി ബി. എസ്. എഫ്. ഡി. ജി. പി. അലക്സാണ്ടര്‍ ദാനിയേല്‍ തിരഞ്ഞെടുപ്പ് ഫലം അസ്സോസിയേഷനില്‍ അറിയിക്കുകയും പ. കാതോലിക്കാ ബാവാ ഫലം അംഗീകരിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു. ഉച്ചയ്ക്ക് സഭയിലെ മെത്രാപ്പോലീത്താമാര്‍ സഭാ സ്ഥാനികള്‍ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്ത ഘോഷയാത്രയായി പ. ബാവാ തിരുമേനിയെ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ നഗറിലേക്ക് അനയിച്ചു.


പ. ബാവായുടെ പ്രാര്‍ത്ഥനയോടും ഫാ. ഡോ. ബിജേഷ് ഫിലിപ്പിന്റെ ധ്യാന പ്രസംഗത്തോടെയാണ് യോഗം ആരംഭിച്ചത്. പ. ബാവായുടെ അദ്ധ്യക്ഷ പ്രസംഗം ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് തിരുമേനി വായിച്ചു. അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് നോട്ടീസ് കല്പന വായിച്ചു. വൈദീക ട്രസ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, അല്‍മായ ട്രസ്റി എം. ജി. ജോര്‍ജ് മുത്തൂറ്റ് എന്നിവര്‍ അനുശോചന പ്രമയങ്ങള്‍ അവതരിപ്പിച്ചു. കാതോലിക്കേറ്റിന്റെ ശതാബ്ദി ആഘോഷങ്ങള്‍ സംബന്ധിച്ച് തോമസ് മാര്‍ അത്താനാസിയോസ് തിരുമേനിയും പരിശുദ്ധ അരാം പ്രഥമന്‍ കാതോലിക്കാ ബാവായുടെ സന്ദര്‍ശനം സംബന്ധിച്ച് ഡോ. ഗബ്രീയേല്‍ മാര്‍ ഗ്രീഗോറിയോസ് തിരുമേനിയും പ്രസ്താവനകള്‍ നടത്തി.തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ പേരും താഴെ കൊടുക്കുന്നു.


1. ഫാ. ഡോ. വി. എം. എബ്രഹാം (40) - തുമ്പമണ്‍ ഭദ്രാസനത്തിലെ ഏറം സെന്റ് ജോര്‍ജ് വലിയ പള്ളി ഇടവകാംഗം. എം. ജി. ഒ. സി. എസ്. എം. ജനറല്‍ സെക്രട്ടറി. മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയല്‍ നിന്ന് ബി. എസ്. സിയും, ഓര്‍ത്തഡോക്സ് വൈദീക സെമിനാരിയില്‍ നിന്ന് തിയോളജിയില്‍ ബിരുദവും സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.ഡിയും, ബാംഗ്ളൂര്‍ ധര്‍മ്മരാം കോളജില്‍ നിന്ന് എം.റ്റി.എച്ചും, ചിക്കാഗോ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് ഗവേഷണ ബിരുദവും നേടി. 10 വര്‍ഷം ഇടവക വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സഭാ മാനേജിംഗ് കമ്മറ്റി, തടാകം ആശ്രമം ഗവേണിംഗ് ബോര്‍ഡ് എന്നിവയില്‍ അംഗമാണ്. പത്തനംതിട്ട ശാന്തി നിലയം കൌണ്‍സിലിംഗ് സെന്റര്‍ ഡയറ്കടറായിരുന്നു. വടുതല പുത്തന്‍ വീട് വി. എ. മാത്യൂസിന്റെയും ആനിയുടെയും മകനാണ്.

2. ഫാ. ഡോ. ജോര്‍ജ് പുലിക്കോട്ടില്‍ (42) - കുന്നംകുളം ഭദ്രാസനത്തിലെ സൌത്ത് ബസാര്‍ സെന്റ് മത്യാസ് പള്ളി ഇടവകാംഗം. നാഗ്പൂര്‍ ഓര്‍ത്തഡോക്സ് വൈദീക സെമിനാരി പ്രൊഫസറാണ് കോഴിക്കോട് സര്‍വ്വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബി. എസ്. സിയും, കോട്ടയം വൈദീക സെമിനാരിയില്‍ നിന്ന് ബി.ഡി യും ഗുരുകുല്‍ സര്‍വ്വകലാശാലയില്‍ നിന്ന് എം. റ്റി. എച്ചും, ജര്‍മ്മനിയിലെ ഫ്രെഡറിക് അലക്സാണ്ടര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡി. റ്റി. എച്ചും കരസ്ഥമാക്കിയിട്ടുണ്ട്. 17 വര്‍ഷത്തെ വൈദീക സേവനം പൂര്‍ത്തിയാക്കി. ദിവ്യബോധനം ഇംഗ്ളീഷ് വിഭാഗം കോര്‍ഓര്‍ഡിനേറ്റര്‍, ലിറ്റര്‍ജിക്കല്‍ ട്രാന്‍സ്ലേഷന്‍ കമ്മറ്റി കണ്‍വീനര്‍ എന്നീ ചുമതലകള്‍ വഹിക്കുന്നു. കേരളാ കൌണ്‍സില്‍ ഓഫ് ചര്‍ച്ചസ് അസ്സോസിയേറ്റ് സെക്രട്ടറി, കോട്ടയം വൈദീക സെമിനാരി ലക്ചറര്‍, ദിവ്യബോധനം രജിസ്ട്രാര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണിയമ്പാല്‍ പുലിക്കോട്ടില്‍ പാവുന്റെയും അന്നയുടെയും മകനാണ്.

3. ഫാ. വി. എം. ജെയിംസ് (56) - ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ ബുധനൂര്‍ സെന്റ് ഏലിയാസ് ഓര്‍ത്തഡോക്സ് പള്ളി ഇടവകാംഗം. ഇപ്പോള്‍ ശാസ്താംകോട്ട മാര്‍ ഏലിയാ ചാപ്പല്‍ മാനേജര്‍, സെന്റ് ബേസില്‍ ബൈബിള്‍ സ്കൂള്‍ ഡയറക്ടര്‍, എക്യുമെനിക്കല്‍ റിലേഷന്‍സ് കമ്മറ്റി, മാവേലിക്കര മിഷന്‍ ട്രെയിനിംഗ് സെന്റര്‍ ഗവേണിംഗ് ബോര്‍ഡ്, ഓര്‍ത്തഡോക്സ് ബൈബിള്‍ പ്രിപ്പറേഷന്‍ കമ്മറ്റി എന്നിവയില്‍ അംഗമാണ്. ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം വൈസ് പ്രസിഡണ്ട്, കൊല്ലം ഭദ്രാസന സെക്രട്ടറി, മലങ്കര സഭാ മാസിക പത്രാധിപ സമിതി അംഗം, ഓറിയന്റല്‍ ആന്റ് ആംഗ്ളിക്കന്‍ ഫോറം അംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 31 വര്‍ഷത്തെ വൈദീക സേവനം പൂര്‍ത്തിയാക്കി. കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും ധനതത്വശാസ്ത്രത്തില്‍ എം. എ, സെരാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ബി. ഡി, എം. റ്റി. എച്ച് എന്നിവ നേടിയിട്ടുണ്ട്. ധ്യാനഗുരുവും ഗ്രന്ഥകാരനുമാണ്. ഇന്ത്യയിലും വിദേശത്തും അനേകം കോണ്‍ഫ്രന്‍സുകളില്‍ സംബന്ധിച്ചിട്ടുണ്ട്. കിഴക്കെ വിരുതിയത്ത് കിഴക്കേതില്‍ മത്തായിയുടെയും മറിയാമ്മയുടെയും മകനാണ്.

4. ഫാ. ഡോ. ജോണ്‍ മാത്യൂസ് (57) - കൊല്ലം ഭദ്രാസനത്തിലെ കൊല്ലം സെന്റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇടവകാംഗം. കോട്ടയം വൈദിക സെമിനാരി പ്രൊഫസര്‍, എക്യുമെനിക്കല്‍ റിലേഷന്‍സ് വകുപ്പ് സെക്രട്ടറി, ഓര്‍ത്തഡോക്സ് വൈദീക സംഘം ജനറല്‍ സെക്രട്ടറിയാണ.് ഓര്‍ത്തഡോക്സ്-കാത്തലിക് ചര്‍ച്ച് ഡയലോഗ് കോ-സെക്രട്ടറി, ഡബ്ളു.സി.സി കമ്മീഷന്‍ ഓഫ് എഡ്യൂക്കേഷണല്‍ ആന്റ് എക്യൂമെനില്‍ ഫോര്‍മേഷന്‍ ഡലിഗേറ്റ്, എന്നീ നിലകളില്‍ പ്രഭാഷകനും ഗ്രന്ഥകാരനുമായ അദ്ദഹം അനവധി ദേശീയ അന്തര്‍ദേശീയ സമ്മേളനത്തില്‍ സഭയെ പ്രതിനിധീകരിച്ചിട്ടുണ്ട്. സൊസൈറ്റി ഓഫ് ബിബ്ളിക്കല്‍ സ്റഡീസ് ഇന്‍ ഇന്ത്യ, എഫ്. എഫ്. ആര്‍. ആര്‍. സി. രജിസ്ട്രാര്‍, ഡീന്‍ ഓഫ് ഡോക്ടറല്‍ സ്റഡീസ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി. എയും. അമേരിക്കയിലെ ഗോര്‍ഡന്‍ കോണ്‍വെല്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് എം. ആര്‍. ഇയും ഫോര്‍ഡാം യൂണിവേഴ്സിറ്റിയില്‍ നിന്ന് പി. എച്ച്. ഡിയും കരസ്ഥമാക്കി. ഇംഗ്ളീഷ്, ഗ്രീക്ക്, ഹീബ്രൂ, അമാരക്ക്, സിറിയക്ക് എന്നീ ഭാഷകളില്‍ പാണ്ഡിത്യമുണ്ട്. 21 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി. തോണക്കാട് പാലമൂട്ടില്‍ മാത്യൂസിന്റെയും മേഴ്സിയുടെയും മകനാണ്.

5. വെരി. റവ. ഡോ. നഥാനിയേല്‍ റമ്പാന്‍ (57) - മാവേലിക്കര ഭദ്രാസനത്തിലെ വഴുവാടി മാര്‍ ബസേലിയോസ് പള്ളി ഇടവകാംഗം. മാവേലിക്കര മിഷന്‍ ട്രെയിനിംഗ് സെന്റര്‍ പ്രന്‍സിപ്പല്‍, മലങ്കര ഓര്‍ത്തഡോക്സ് സഭാ മിഷന്‍ സൊസൈറ്റി ആന്റ് മിഷന്‍ ബോര്‍ഡ് സെക്രട്ടറി, പുതുപ്പാടി സെന്റ് പോള്‍സ് ആശ്രമം സുപ്പീരിയര്‍, ദൂതന്‍ മാസിക മാനേജിംഗ് എഡിറ്റര്‍, സ്നേഹ സന്ദേശം സഞ്ചാരസുവിശേഷ സംഘം സെക്രട്ടറി, യാച്ചാരാം സെന്റ് ഗ്രീഗോറിയോസ് ബാലഗ്രാം ബോര്‍ഡ് അംഗം, എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. മലങ്കര സഭാ മാസിക എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമായിരുന്നു. മാവേലിക്കര ബിഷമൂര്‍ കോളജില്‍ നിന്ന് ബി. എയും, ഉസ്മാനിയ സര്‍വ്വകലാശാലയില്‍ നിന്ന് എം. എയും, സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി. ഡി, എം. റ്റി. എച്ച്, ഡി. റ്റി. എച്ച് എന്നിവയും കരസ്ഥമാക്കി. മാവേലിക്കര തോപ്പില്‍ തെക്കേതില്‍ ജോര്‍ജിന്റയും തങ്കമ്മയൂടെയും മകനാണ്.

6. ഫാ. ഡോ. സാബുകുര്യാക്കോസ് (43) - മലബാര്‍ ഭദ്രാസനത്തിലെ ചുങ്കത്തറ സെന്റ് ജോര്‍ജ് വലിയ പള്ളി ഇടവകാംഗം. പ. കാതോലിക്കാ ബാവായുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, മലങ്കര സഭാ മാസിക ചീഫ് എഡിറ്റര്‍, കോട്ടയം വൈദീക സെമിനാരി രജിസ്ട്രാര്‍, എക്യുമെനിക്കല്‍ റിലേഷന്‍സ് കമ്മറ്റി അംഗം, വൈദീക സെമിനാരി ഗവേണിംഗ് ബോര്‍ഡ് അംഗം എന്നീ ചുമതലകള്‍ വഹിക്കുന്നു. കോട്ടയം താഴത്തങ്ങാടി മാര്‍ ബസേലിയോസ് ഗ്രീഗോറിയോസ് പള്ളി വികാരിയുമാണ്. 17 വര്‍ഷത്തെ വൈദീക സേവനം പൂര്‍ത്തിയാക്കി കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി. എസ്. സിയും, സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയല്‍ നിന്ന് ബി. ഡി, എം. റ്റി. എച്ച്, ഡി. റ്റി. എച്ച് ബിരുദങ്ങളും നേടി. ഭാരതീയ ദര്‍ശനം അദ്വൈത വേദാന്തത്തില്‍ എന്നതായിരുന്നു ഗവേഷണ വിഷയം. ചുങ്കത്തറ കാടുവെട്ടു തച്ചിരുപറമ്പില്‍ ഇ. കെ. കുര്യാക്കോസിന്റെയും ശോശാമ്മയുടെയും മകനാണ്.

7. വെരി. റവ. യൂഹാനോന്‍ റമ്പാന്‍ (47) - ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ പന്തളം കൂരമ്പാല സെന്റ് തോമസ് വലിയ പള്ളി ഇടവകാംഗം. റാന്നി ഹോളി ട്രിനിറ്റി ആശ്രമം സുപ്പീരിയറായി സേവനമനുഷ്ഠിക്കുന്നു. തിരുവനന്തപുരം ഹോളി ട്രിനിറ്റി ഡിസേബിള്‍ഡ് ചില്‍ഡ്രന്‍സ് സെന്റര്‍ ഡയറക്ടര്‍, തിരുവന്തപുരം ഹോളി ട്രിനിറ്റി സ്കൂള്‍ ലോക്കല്‍ മാനേജര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ യൂണിവേഴ്സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ എം. എ, സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി. ഡി. യും, ബാംഗ്ളൂര്‍ സെന്റ് പീറ്റേഴ്സ് സെമിനാരിയില്‍ നിന്ന് എം. റ്റി. എച്ചും, ന്യൂയോര്‍ക്ക് ജനറല്‍ തിയോളജിക്കല്‍ സെമിനാരിയില്‍ നിന്ന് എസ്. ടി. എമ്മും നേടി. അമേരിക്കന്‍ ഭദ്രാസനത്തിലെയും, മദ്രാസ് ഭദ്രാസനത്തിലെയും വിവിധ ദേവാലയങ്ങളില്‍ വികാരിയായിരുന്നിട്ടുണ്ട്. 23 വര്‍ഷത്തെ വൈദീക സേവനം പൂര്‍ത്തിയാക്കി. കുരംമ്പാല നെടിയവിളയില്‍ മത്തായിയുടെയും തങ്കമ്മയുടെയും മകനാണ്.

20100217

മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്ക്‌ ഏഴു മെത്രാന്മാര്‍ കൂടി


കൊല്ലം, ഫെബ്രുവരി 17: ഫാ. ഡോ. ജോര്‍ജ്‌ പുലിക്കോട്ടില്‍ (1625, 713), ഫാ. ഡോ. ജോണ്‍ മാത്യൂസ്‌ (1414, 768), ഫാ. ഡോ. സാബു കുര്യാക്കോസ്‌ (1535, 700), ഫാ. വി.എം. ഏബ്രഹാം (1382,544), യൂഹാനോന്‍ റമ്പാന്‍ (1617, 590), ഡോ. നഥാനിയേല്‍ റമ്പാന്‍ (1510, 610), ഫാ. വി.എം. ജയിംസ്‌ (1182, 497) എന്നിവരെ മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ മെത്രാന്‍ സ്ഥാനത്തേയ്ക്കു് വാഴിക്കാനായി ശാസ്‌താംകോട്ട മൗണ്ട്‌ ഹൊറേബ്‌ ആശ്രമത്തിലെ ഏലിയാ ചാപ്പല്‍ അങ്കണത്തില്‍ സമ്മേളിച്ച മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസാസിയേഷന്‍ തെരഞ്ഞെടുത്തു.

ഇലവുക്കാട്ട്‌ ഗീവര്‍ഗീസ്‌ റമ്പാന്‍, ഫാ. എം.കെ. കുര്യന്‍, ഫാ. ജെ. മാത്തുക്കുട്ടി, ഫാ. സ്‌കറിയ എന്നിവരാണു് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതു്.

കടപ്പാടു് വിശ്വാസ പാലകന്‍

20100216

അസ്സീറിയന്‍ പൗരസ്ത്യ സഭ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ നര്‍സൈ ഡിബാസ്‌ കാലംചെയ്‌തു



തൃശ്ശിവപേരൂര്‍: അസ്സീറിയന്‍ പൗരസ്ത്യ സുറിയാനി സഭ ലബനോന്‍ മെത്രാപ്പോലീത്ത മാര്‍ നര്‍സൈ ഡിബാസ്‌ (70) കാലംചെയ്‌തു. യു എസ്‌ എയിലെ അരിസോണയില്‍ ഫെബ്രുവരി 14 ഞായറാഴ്‌ചയായിരുന്നു അന്ത്യം. കബറടക്കം 19-നു് ഷിക്കാഗോയിലെ മാര്‍ ഗീവര്‍ഗീസ്‌ കത്തീഡ്രലില്‍ നടക്കും. സിറിയ, യൂറോപ്പ്‌ മെത്രാസനങ്ങളുടെ ചുമതലയും ഇദ്ദേഹത്തിനായിരുന്നു.

നാലു പ്രാവശ്യം ഇന്ത്യ സന്ദര്‍ശിച്ചിട്ടുണ്ട്‌. കഴിഞ്ഞ മാസം തൃശൂരില്‍ നടന്ന അസ്സീറിയന്‍ പൗരസ്ത്യ സുറിയാനി സഭയുടെ ആഗോള സുന്നഹദോസില്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല.
മാര്‍ നര്‍സൈ ഡിബാസിന്റെ വിയോഗത്തില്‍ ഡോ. മാര്‍ അപ്രേം മെത്രാപ്പോലീത്ത , യോഹന്നാന്‍ മാര്‍ യോസേഫ്‌ മെത്രാന്‍, ഔഗിന്‍ മാര്‍ കുര്യാക്കോസ്‌ മെത്രാന്‍, ട്രസ്‌റ്റി ബോര്‍ഡ്‌ ചെയര്‍മാന്‍ കെ.എ. ജോണ്‍ എന്നിവര്‍ അനുശോചിച്ചു.

സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കല്‍ദായ സുറിയാനി സഭയെന്നു് കേരളത്തില്‍ അറിയപ്പെടുന്ന അസ്സീറിയന്‍ പൗരസ്ത്യ സുറിയാനി സഭയുടെ ഇന്ത്യയിലെ മെത്രാപ്പോലീത്ത ഡോ. മാര്‍ അപ്രേം 18ന്‌ അമേരിക്കയിലേക്കു പോകും.
.

20100202

പുനര്‍വായനയിലെ ജനകീയത

യൂഹാനോന്‍ മോര്‍ മിലിത്തോസ്‌ മെത്രാപോലീത്ത

ഹവാര്‍ഡ്‌ സിന്‍ എഴുതിയ `അമേരിക്കന്‍ ഐക്യനാടുകളുടെ ജനകീയചരിത്രം'


1989-ലാണ്‌ വിദ്യാര്‍ഥിയായി ഞാന്‍ അമേരിക്കയില്‍ എത്തുന്നത്‌. പഴയനിയമ വേദഭാഗമായിരുന്നു ഐഛിക വിഷയം. `നീതിയും സമാധാനവും മനുഷ്യാവകാശവും ഒഴുകുന്ന നദിപോലെ പ്രവഹിക്കണം' എന്ന്‌ ആഹ്വാനംചെയ്‌ത പ്രവാചകശബ്ദം കേട്ട്‌ പ്രചോദിതനായ കാലം. അന്ന്‌ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്ന `വിമോചന ദൈവശാസ്‌ത്ര' തത്ത്വങ്ങളില്‍ ആകൃഷ്ടനായിരുന്നു. അമേരിക്കയെക്കുറിച്ച്‌ പഠിച്ച കാര്യങ്ങളുടെ അറിവുവച്ച്‌ കണ്ട കാഴ്‌ചകള്‍ അസ്വസ്ഥതയുണ്ടാക്കി.


ചിക്കാഗോ യൂണിവേഴ്‌സിറ്റി പട്ടണത്തിന്റെ ദക്ഷിണഭാഗത്താണ്‌. അവിടെയാണ്‌ ദരിദ്രരില്‍ ദരിദ്രരായ മനുഷ്യര്‍ വസിച്ചിരുന്നത്‌. ധാരാളിത്തത്തിന്റെ നാട്ടില്‍ പട്ടിണിക്കാരുണ്ടെന്ന വൈരുധ്യം ദുഃഖമുണ്ടാക്കി. കറുത്തവരും ഇസ്‌പാനിക്കുകളുമായ അവരുടെ ജീവിതസാഹചര്യം നമ്മുടെ നാട്ടിലെ പാവപ്പെട്ടവരുടേതിനെക്കാള്‍ മോശം. മനുഷ്യാവകാശത്തെക്കുറിച്ചുഘോഷിക്കുന്ന നാട്ടില്‍ ശക്തിശാലികളായ പുരുഷന്മാര്‍ പന്തുകളിക്കുന്നിടത്ത്‌ ഉശിരുപകരാന്‍ `ചിയര്‍ ലീഡേഴ്‌സ്‌' എന്ന അര്‍ധനഗ്നകളായ പെണ്‍കുട്ടികള്‍ നൃത്തംചെയ്യണം എന്നത്‌ എനിക്കൊരു സമസ്യയായി. രാജ്യം പിടിച്ചടക്കാന്‍ വെള്ളക്കാര്‍ ആദിവാസികളോടുചെയ്‌ത ക്രൂരതയുടെ കഥകള്‍ വേദനിപ്പിച്ചു. ഇതുപോലെ അനേക വൈരുധ്യങ്ങള്‍ നിറഞ്ഞ ആ സംസ്‌കാരത്തെക്കുറിച്ചുള്ള അന്വേഷണമാണ്‌ ഹവാര്‍ഡ്‌ സിന്‍ എന്ന ചരിത്രകാരനില്‍ എത്തിച്ചത്‌. അദ്ദേഹത്തിന്റെ `എ പീപ്പിള്‍സ്‌ ഹിസ്റ്ററി ഓഫ്‌ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌' എന്ന കൃതി എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ടുപുസ്‌തകങ്ങളിലൊന്നാണ്‌.


ചരിത്രം കാഴ്‌ചപ്പാടിന്റെ പ്രതിഫലനമാണ്‌. അതുകൊണ്ട്‌ ചരിത്രകാരന്റെ കാഴ്‌ചപ്പാട്‌ രചനയില്‍ നിര്‍ണായക സ്വാധീനം ചെലുത്തും. സംഭവങ്ങള്‍, പ്രതിഭാസങ്ങള്‍, വസ്‌തുക്കള്‍ എന്നിവയോട്‌ പ്രധാനമായും രണ്ടു സമീപനങ്ങളാണ്‌ സാധ്യം. ഒന്നാമത്‌, അധികാരിവര്‍ഗത്തിന്റെ കാഴ്‌ചപ്പാടും അതിന്റെ അടിസ്ഥാനത്തിലുള്ള വ്യാഖ്യാനവും. രണ്ടാമത്‌, അധികാരത്തിനുപുറത്തുള്ളവരുടെ, അഥവാ അതിനു കീഴടങ്ങേണ്ടിവരുന്നവരുടെ സമീപനം. ചരിത്രരചനകളില്‍ ഭൂരിഭാഗവും അധികാരിവര്‍ഗത്തിന്റെ കാഴ്‌ചപ്പാടിലാണ്‌. അവയില്‍ ജനവികാരമോ ജീവിതസമരമോ ആയിരിക്കില്ല പ്രധാനമായും ഉണ്ടാവുക.


ചരിത്രത്തിനുവിഷയമാകുന്ന മിക്ക സംഭവങ്ങളും പ്രതിഭാസങ്ങളും ജീവിതസമരവുമായി ബന്ധപ്പെട്ടവയായിരിക്കും. ഒരേ സംഭവത്തിന്‌ അവരുടെ കാഴ്‌ചപ്പാടില്‍നിന്നുള്ള വ്യാഖ്യാനമുണ്ടാകും. അതനുസരിച്ച്‌ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അടിമകളുടെ സമരങ്ങളും നിലവിളികളും മനുഷ്യാവകാശസംരക്ഷണത്തിനായുള്ള ശബ്ദങ്ങളും തീവ്രവാദം, വിധ്വംസകത്വം, അക്രമം തുടങ്ങിയ പദങ്ങളുപയോഗിച്ചായിരിക്കും വിശേഷിപ്പിക്കപ്പെടുക.


സമൂഹത്തിന്റെ നിയന്ത്രണം ധാര്‍മികവും വൈകാരികവുമായ തലങ്ങളില്‍ നിര്‍വഹിക്കുന്നു എന്നവകാശപ്പെടുന്ന മതങ്ങളുടെ നിലപാടും ഈ പ്രവണതയുടെ മറ്റൊരു പതിപ്പായിരിക്കും. അവ അധികാരത്തെ, അതെത്ര അധാര്‍മികമായാലും, സാധൂകരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നു. രാഷ്‌ട്രീയ-മതാധികാരങ്ങള്‍ എക്കാലത്തും കൈകോര്‍ത്തുനിന്ന്‌ ചരിത്രരചന നടത്തി പ്രതിലോമചിത്രമാണ്‌ ലോകത്തിനു നല്‍കുക.


ഈ പറഞ്ഞവയെല്ലാം ഒത്തുവരുന്ന ചരിത്രമാണ്‌ യൂറോപ്പിനെയും അമേരിക്കയെയും കുറിച്ചു പഠിച്ചിട്ടുള്ളത്‌. അമേരിക്കന്‍ചരിത്രം പഠനഗ്രന്ഥങ്ങളില്‍ ആരംഭിക്കുന്നത്‌ കൊളംബസിന്റെ വരവോടെമാത്രമാണ്‌. കൊളംബസിനെത്തുടര്‍ന്നുള്ള കുടിയേറ്റക്കാരുടെയും കോളനിനേതാക്കളുടെയും കാഴ്‌ചപ്പാടിലൂടെയും വ്യാഖ്യാനങ്ങളിലൂടെയുംമാത്രമാണ്‌ അതു വളരുന്നത്‌. സത്യത്തില്‍ അവിടെ ചരിത്രത്തിന്റെ പുതിയൊരു അധ്യായം ആരംഭിക്കുകമാത്രമാണുണ്ടായത്‌. നൂറ്റാണ്ടുകള്‍ക്കുമുമ്പേ വാസമനുഷ്‌ഠിച്ചവരുടെയും പിന്നീടുണ്ടായ കറുത്ത അടിമകളുടെയും വെളുത്ത തൊഴിലാളികളുടെയും സ്‌ത്രീകളുടെയും (1920ല്‍മാത്രമാണ്‌ അമേരിക്കയില്‍ സ്‌ത്രീകള്‍ക്ക്‌ വോട്ടവകാശം ലഭിച്ചത്‌) കൂട്ടക്കൊലയുടെയും അവകാശനിഷേധത്തിന്റെയും അടിമത്തത്തിന്റെയും പുതിയ ചരിത്രം വിരിയുകയായിരുന്നു. അവയെല്ലാം തമസ്‌കരിക്കരിച്ച്‌ വെള്ളക്കാരന്റെ ധാര്‍ഷ്‌ട്യത്തിന്റെയും വെട്ടിപ്പിടിക്കലുകളുടെയും അതിലൂടെ സംഭവിച്ച `നവലോക' സൃഷ്ടിയുടെയും ചരിത്രമായി അതിനെ മാറ്റിമറിക്കുകയായിരുന്നു.


ഈ തമസ്‌കരണത്തിന്റെ തിരുത്തലാണ്‌ ഹവാര്‍ഡ്‌ സിന്‍ എഴുതിയ `അമേരിക്കന്‍ ഐക്യനാടുകളുടെ ജനകീയചരിത്രം'. ഇതില്‍ കാര്യങ്ങളെ സാമാന്യ ജനപക്ഷത്തുനിന്നു വിലയിരുത്താനാണ്‌ തുനിയുന്നത്‌. അദ്ദേഹം പറയുന്നു: ``ഇത്‌ സര്‍ക്കാരുകള്‍ക്കല്ല, മറിച്ച്‌ ജനകീയപ്രതിരോധങ്ങള്‍ക്കാണ്‌ പ്രാധാന്യം നല്‍കുന്നത്‌.....അതുകൊണ്ടുതന്നെ ഇത്‌ പക്ഷപാതപരവും, ഒരു പ്രത്യേക ദിശയില്‍ ചായ്‌വുള്ളതുമാണ്‌''. പാശ്ചാത്യസമൂഹം അവകാശപ്പെടുംപോലെ അമേരിക്ക വെള്ളക്കാരന്റെ വരവിനുമുമ്പ്‌ സംസ്‌കാരശൂന്യരുടെ നാടായിരുന്നില്ല എന്നും അവര്‍ വന്നശേഷമാണ്‌ പല സംസ്‌കാരശൂന്യപ്രവണതകളും മുളപൊട്ടിയത്‌ എന്നും നാം മനസ്സിലാക്കുന്നു. (വാല്യം 1, പുറം 48-54). ഈ അറിവ്‌ അനേകരെ സംബന്ധിച്ചിടത്തോളം അത്ഭുതകരവും അപ്രതീക്ഷിതവുമായിരിക്കും. ഈ അത്ഭുതത്തിലാണ്‌ സിന്‍ എന്ന ജനകീയ ചരിത്രകാരന്റെയും അദ്ദേഹത്തിന്റെ വീക്ഷണത്തിന്റെയും പ്രസക്തി. അധികാരത്തെ സാധൂകരിക്കാനോ അവരുടെ ചെയ്‌തികളെ ന്യായീകരിക്കാനോ മഹത്വവല്‍ക്കരിക്കാനോ അല്ല അദ്ദേഹം ചരിത്രമെഴുതുന്നത്‌. മറിച്ച്‌ ബോധപൂര്‍വം ഒഴിവാക്കപ്പെട്ടവരുടെ ജീവിതങ്ങളെയും സ്വപ്‌നങ്ങളെയും സമരങ്ങളെയും ചരിത്രത്തിന്റെ താളുകളിലേക്ക്‌ പറിച്ചുനടാനാണ്‌. സിന്‍ രചിച്ച ഗ്രന്ഥം മലയാളത്തിലെത്തിച്ചത്‌ കേരള ശാസ്‌ത്ര സാഹിത്യ പരിഷത്താണ്‌. ഇന്ത്യയില്‍ തൊണ്ണൂറുകളുടെ ആരംഭത്തില്‍ ഉദ്‌ഘാടനംചെയ്യപ്പെട്ട ആഗോളവല്‍ക്കരണ പ്രവണത സത്യത്തില്‍ അമേരിക്കയുടെ പുതിയ കോളനിവല്‍ക്കരണ താല്‍പ്പര്യങ്ങള്‍ക്കു കീഴടങ്ങലാണ്‌. കോര്‍പറേറ്റ്‌ സംസ്‌കാരം ഇന്ത്യന്‍ ജനതയുടെമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണ്‌ എല്ലാ മേഖലകളിലും. നമ്മുടെ സംസ്‌കാരികപൈതൃകം അമൂല്യമായി കരുതിയിരുന്ന വിവാഹം, കുടുംബം, മനുഷ്യകൂട്ടായ്‌മകള്‍, സംവാദകത്വം, ചെറുത്തുനില്‍പ്പ്‌ തുടങ്ങിയവപോലും ഈ ദൂഷിത വലയത്തില്‍പ്പെട്ടിരിക്കുന്നു.


ഇത്‌ അമേരിക്കന്‍ ഇറക്കുമതിയാണ്‌. കമ്പോളത്തിലെ ഉദാര മനോഭാവവും തുറന്നുകൊടുക്കലുംവഴി അവിടെനിന്നാണ്‌ ഈ പ്രവണത തീരുവയില്ലാതെ ഇറക്കുമതിചെയ്‌തത്‌. ഇതിന്റെ തിക്തഫലം അനുഭവിക്കേണ്ടിവരുന്ന ശതകോടികളുടെ ശബ്ദം കേള്‍ക്കാന്‍ സാധിക്കാത്തവണ്ണം അമേരിക്കവല്‍ക്കരണ വക്താക്കളുടെ ശബ്ദം ഉച്ചസ്ഥായിയിലാണ്‌. നിസ്സഹായ രാജ്യങ്ങളുടെ രക്ഷകന്‍ (കുവൈത്ത്‌), ലോകനീതിയുടെ കാവല്‍ക്കാരന്‍ (ഇറാന്‍), ജനാധിപത്യത്തിന്റെ സംരക്ഷകന്‍ (അഫ്‌ഗാനിസ്ഥാന്‍) എന്നെല്ലാം വീമ്പിളക്കുന്നവന്റെ നാട്ടില്‍ പക്ഷേ, അമരിന്ത്യക്കാരന്റെയും കറുത്തവന്റെയും ഇസ്ലാമിക ന്യൂനപക്ഷത്തിന്റെയും സ്‌ത്രീകളുടെയും രക്തത്തിന്റെയും സഹനത്തിന്റെയും മുകളില്‍ക്കയറി നിന്നാണ്‌ ഇതു പറയുന്നത്‌. ഇത്തരം വിഷയങ്ങളിലെ അമേരിക്കന്‍ശ്രദ്ധ അവരുടെ ദേശീയതാല്‍പ്പര്യം മുന്‍നിര്‍ത്തിയുള്ളതാണ്‌. ദേശീയതാല്‍പ്പര്യം എന്നാല്‍, കോര്‍പറേറ്റുകളുടേതാണ്‌. യുദ്ധവും യുദ്ധാനന്തര പുനര്‍നിര്‍മാണവും ഉദാഹരണം. അമേരിക്കവല്‍ക്കരണത്തില്‍ മുന്‍ പിന്‍ നോക്കാതെ മുന്നേറുന്ന നമ്മെ ഒരു വീണ്ടുവിചാരത്തിനു പ്രേരിപ്പിക്കേണ്ടതാണ്‌.


ഹവാര്‍ഡ്‌ സിന്നിന്റെ ബൃഹത്തായ മൂലഗ്രന്ഥം മലയാളത്തില്‍ മൂന്നു വാല്യങ്ങളായാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. 1999 വരെയുള്ള (2005 വരെയുള്ള പരിഷ്‌കരണം അടക്കം) ജനകീയ ചരിത്രം വിശദമായി അവതരിപ്പിക്കുന്ന ഗ്രന്ഥത്തിന്റെ അവസാനഭാഗത്ത്‌ (മലയാളം മൂന്നാം വാല്യം) അമേരിക്കന്‍ നിലപാടിന്റെ വിശകലനം അവതരിപ്പിക്കുന്നു. അമേരിക്കയുടെ എല്ലാ അവകാശവാദങ്ങളും വിലയിരുത്തലിനു വിധേയമാകുന്നു. അദ്ദേഹം പറയുന്നു: ``രാജ്യത്തെ ഒരു ശതമാനംപേര്‍ മൊത്തം സമ്പത്തിന്റെ മൂന്നിലൊന്നു കൈയടക്കിയിരിക്കുന്നു. ശേഷിക്കുന്ന സമ്പത്ത്‌ 99 ശതമാനംപേര്‍ക്കിടയില്‍ പരസ്‌പരം ശത്രുത വളര്‍ത്തുംവിധം വിതരണംചെയ്യപ്പെട്ടിരിക്കുന്നു. ചെറിയ സ്വത്തുടമകള്‍ സ്വത്തില്ലാത്തവര്‍ക്കെതിരെയും, കറുത്തവര്‍ വെള്ളക്കാര്‍ക്കെതിരെയും, സ്വദേശജാതന്‍ വിദേശജാതനെതിരെയും, ബുദ്ധിജീവികളും പ്രൊഫഷണലുകളും വിദ്യാവിഹീനര്‍ക്കും അവിദഗ്‌ധര്‍ക്കും എതിരെയും പോരാടുന്നു. വളരെ സമ്പന്നമായ ഒരു രാഷ്‌ട്രത്തിലെ, അവശിഷ്ടങ്ങള്‍ പങ്കിടുന്നവര്‍മാത്രമാണ്‌ തങ്ങളെന്ന, അവര്‍ക്കെല്ലാവര്‍ക്കും ബാധകമായ യാഥാര്‍ഥ്യം മറയ്‌ക്കപ്പെടത്തക്കവിധം ഇവര്‍ പരസ്‌പരം എതിര്‍ക്കുകയും പരസ്‌പരം പോരാടുകയുംചെയ്യുന്നു.'' (പുറം 352). ഇവിടെയൊരു പൊട്ടിത്തെറി ഉണ്ടാകും എന്നാണ്‌ വിലയിരുത്തല്‍. ഈ ``വ്യവസ്ഥയുടെ തടവുകാര്‍ മുമ്പെന്നത്തെയുംപോലെ പ്രതീക്ഷിക്കാത്ത രീതിയിലും പ്രവചിക്കാനാവാത്ത സമയത്തും കലാപമുയര്‍ത്തും'' (പുറം 364). ``കോര്‍പറേറ്റ്‌ സമ്പത്തിനാലും സൈനികശക്തിയാലും കാലഹരണപ്പെട്ട രണ്ട്‌ രാഷ്‌ട്രീയ പാര്‍ട്ടികളാലും നിയന്ത്രിക്കപ്പെടുന്ന നമ്മുടെ രാജ്യത്ത്‌ ഭയാകുലരായ യാഥാസ്ഥിതികര്‍ ഒരിക്കല്‍ പറഞ്ഞതുപോലെ `സ്ഥിരമായ എതിര്‍പ്പിന്റെ സംസ്‌കാരം' എന്നുവിളിക്കുന്ന, വര്‍ത്തമാനത്തെ വെല്ലുവിളിക്കുന്ന, പുതിയ ഭാവി ആഗ്രഹിക്കുന്ന, ഒന്ന്‌ നിലനില്‍ക്കുന്നുണ്ട്‌'' (പുറം 382-3). ഇതാണ്‌ അദ്ദേഹത്തിന്റെ പ്രത്യാശ.


ഗ്രന്ഥത്തിന്റെ അവസാനം കൊടുത്ത ഷെല്ലിയുടെ കവിത ഉദ്ധരിക്കട്ടെ:

എഴുന്നേല്‍ക്കുവിന്‍, നിദ്രവിട്ട സിംഹങ്ങളെപ്പോല്‍

അജയ്യമാം സംഘബലത്തോടെ

ഉറക്കത്തില്‍ പതിച്ച

ഹിമകണങ്ങളെപ്പോല്‍

കുടഞ്ഞെറിയൂ ചങ്ങലകള്‍

നിങ്ങളസംഖ്യ, മവരോ കുറച്ചും.