ആകമാന സഭാനിലപാടുകള്‍

20100524

വിമാന ദുരന്തം : പരിശുദ്ധ പിതാവു് അനുശോചിച്ചു

ദേവലോകം: മംഗലാപുരത്ത് 158 പേരുടെ മരണത്തിന് ഇടയാക്കിയ എയര്‍ ഇന്ത്യാ വിമാന അപകടത്തില്‍ ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭാ പരമാദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ അനുശോചിച്ചു. മരിച്ചവരുടെ ആത്മാവിനു വേണ്ടിയും അവരുടെ കുടുംബാംഗങ്ങള്‍ക്ക് ഈ പ്രതിസന്ധി അഭിമുഖീകരിക്കാനുള്ള കരുത്ത് ലഭിക്കുന്നതിനായും പള്ളികളില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് പരിശുദ്ധ പിതാവു് ആഹ്വാനം ചെയ്തു.

20100514

മതാന്തര സൌഹൃദ സമ്മേളനം



കോട്ടയം :കേരള കൌണ്‍സില്‍ ഓഫ് ചര്‍ച്ചസും (K.C.C) യുണൈറ്റഡ് റിലീജിയന്‍സ് ഇനിഷീയേറ്റീവും(URI) സംയുക്തമായി സംഘടിപ്പിച്ച വിവിധ മതസ്ഥരുടെ സൌഹൃദ ഒത്തുചേരല്‍ കോട്ടയം സോഫിയാ സെന്ററില്‍ നടന്നു. K.C.Cവൈസ് പ്രസിഡണ്ട് ഡോ. സൈമണ്‍ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്താ ഉദ്ഘാടനം നിര്‍വഹിച്ചു. എറണാകുളം ധര്‍മ്മരാജൃവേദി ആശ്രമം അധിപന്‍ സ്വാമി സച്ചിതാനന്ദ ഭാരതി, ഡോ. യുയാക്കിം മാര്‍ കൂറിലോസ്, മാര്‍ത്തോമ്മ സഭ ഇക്കോളജി കമ്മീഷന്‍ കണ്‍വീനര്‍ റവ. ഡോ. M. J ജോസഫ്, URI ഡയറക്ടര്‍ ഡോ. ഏബ്രഹാം കരിക്കം,K.C.C സെക്രട്ടറി പ്രൊഫ. ഫിലിപ്പ് N. തോമസ്, ഷിബു ഏഴേപുഞ്ചയില്‍, മാര്‍ തെക്കേടത്ത്. എന്നിവര്‍ പ്രസംഗിച്ചു

20100513

സഭയ്‌ക്കുള്ളിലുണ്ടാകുന്ന പാപങ്ങള്‍ ഭീഷണി; പ്രായശ്‌ചിത്തം വേണം: റോമാ മാര്‍പാപ്പ

ലിസ്‌ബണ്‍,മെയ് 11: ശത്രുക്കളില്‍ നിന്നല്ല, സഭയ്‌ക്കുള്ളിലുണ്ടാകുന്ന പാപങ്ങളില്‍ നിന്നാണു കത്തോലിക്കാസഭ ഇന്ന്‌ ഏറ്റവും വലിയ ഭീഷണി നേരിടുന്നതെന്നു് പരിശുദ്ധ ബനഡിക്‌ട്‌ പതിനാറാമന്‍ പാപ്പ.

പറങ്കി രാജ്യത്തേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വാര്‍ത്താലേകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂറോപ്പിലെ വൈദികര്‍ ഉള്‍പ്പെട്ട ലൈംഗിക വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുമ്പോഴായിരുന്നു മാര്‍പാപ്പയുടെ ഈ പരാമര്‍ശം.സഭ സ്വന്തം പാപങ്ങള്‍ക്കു പ്രായശ്‌ചിത്തം ചെയ്‌തു വിശുദ്ധീകരണം നേടണം. ലൈംഗിക കുറ്റങ്ങള്‍ക്കിരയായവരോടു സഭ ക്ഷമായാചനം നടത്തേണ്ടതുണ്ട്‌. എന്നാല്‍ അതു നീതിക്കു പകരമാവില്ലെന്നു മാര്‍പാപ്പ പറഞ്ഞു.

വൈദികരുടെ ലൈംഗിക ദുരുപയോഗത്തിനിരയായവരുടെ ഒരുസംഘം കഴിഞ്ഞ മാസം മാള്‍ട്ടയില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചപ്പോള്‍ ആരോപണങ്ങള്‍ അന്വേഷിക്കുമെന്നും കുറ്റക്കാരെ നീതിക്കു മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയിരുന്നു.

വൈദികര്‍ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതു സംബന്ധിച്ച കേസുകള്‍ നിലയ്‌ക്കുന്നില്ല. ജര്‍മനിയില്‍ ഓഗ്‌സ്‌ബര്‍ഗിലെ ബിഷപ്‌ വാള്‍ട്ടര്‍ മിക്‌സ കഴിഞ്ഞ ശനിയാഴ്‌ച രാജിവച്ചു. ബല്‍ജിയത്തിലെ ഒരു ബിഷപ്പും അയര്‍ലന്‍ഡിലെ മൂന്നു ബിഷപ്പുമാരും നേരത്തെ രാജിവച്ചിരുന്നു. വൈദികര്‍ക്കെതിരായ കേസുകള്‍ ഒതുക്കാന്‍ ശ്രമിച്ചുവെന്നതായിരുന്നു അയര്‍ലന്‍ഡിലെ മൂന്നു ബിഷപ്പുമാര്‍ക്കെതിരായ കുറ്റം.