ആകമാന സഭാനിലപാടുകള്‍

20110919

കോലഞ്ചേരി പള്ളി: മുഖ്യമന്ത്രിയുടെ ഉറപ്പില്‍ ഓര്‍ത്തഡോക്‌സ്‌ സഭ സമരം അവസാനിപ്പിച്ചു

കോലഞ്ചേരി: മുഖ്യമന്ത്രിയുടെ ഉറപ്പിനെതുടര്ന്ന്ന‌ ഓര്ത്തചഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ പൗലോസ്‌ ദ്വിതിയന്‍ കാതോലിക്കാ ബാവ എട്ട്‌ ദിവസമായി കോലഞ്ചേരിയില്‍ നടത്തി വന്ന ഉപവാസസമരം അവസാനിപ്പിച്ചു. തര്‍ക്കം സംബന്ധിച്ചു 15 ദിവസത്തിനകം സമവായത്തില്‍ എത്തണ മെന്നും ഇല്ലെങ്കില്‍ കോടതി വിധി നടപ്പാക്കുമെന്ന സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ചാണു സമരം അവസാനിപ്പിക്കുന്നതെന്നു സഭാ വൃത്തങ്ങള്‍ അറിയിച്ചു. കോലഞ്ചേരി കാതോലിക്കേറ്റ്‌ സെന്ററില്‍ ഉപവാസം അനുഷ്‌ഠിച്ചിരുന്ന പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവായ്‌ക്ക്‌ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ്‌ മാര്‍ അത്തനാസിയോസും കണ്ടനാട്‌ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസിന്‌ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്തനാസിയോസും ഇളനീര്‍ നല്‍കി. ഇന്നലെ രാത്രി 11 മണിയോടെ തീരുമാനമുണ്ടായത്‌. മുഖ്യമന്ത്രി ഇന്നലെ കൊച്ചിയില്‍ കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.വി. തോമസ്‌, മന്ത്രിമാരായ കെ.സി. ജോസഫ്‌, കെ. ബാബു, കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല, ബെന്നി ബഹനാന്‍ എംഎല്‍എ, ഐജി ആര്‍. ശ്രീലേഖ, ജില്ലാ കലക്‌ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌, മീഡിയേഷന്‍ സെന്റര്‍ അംഗങ്ങള്‍ തുടങ്ങിയവരുമായി കോലഞ്ചേരി പ്രശ്‌നം ചര്‍ച്ച ചെയ്‌തു. ``കോലഞ്ചേരിയിലെ തര്‍ക്കം രമ്യമായി പരിഹരിക്കാനാണ്‌ ശ്രമിക്കുന്നത്‌. ഒത്തുതീര്‍പ്പു ഫോര്‍മുലയൊന്നും ആയിട്ടില്ല. സര്‍ക്കാരിനു ശുഭാപ്‌തി വിശ്വാസമുണ്ട്‌, വ്യക്‌തമായ സമീപനവുമുണ്ട്‌. ആരുമായും ചര്‍ച്ച നടത്താന്‍ തയാറാണ്‌. രണ്ടു വിഭാഗക്കാരുമായും ആശയവിനിമയം നടത്തുന്നുണ്ട.്‌ പക്ഷം പിടിക്കാന്‍ സര്‍ക്കാരില്ല. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ മുന്‍കയ്യെടുത്തു ചര്‍ച്ചകള്‍ നടത്തുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തര്‍ക്കത്തെത്തുടര്‍ന്ന്‌ സമൂഹത്തില്‍ ഉണ്ടായേക്കാവുന്ന സാമുദായിക സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നു കേന്ദ്രമന്ത്രി വയലാര്‍ രവി പറഞ്ഞു.

20110815

രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കണം: പരിശുദ്ധ കാതോലിക്കാ ബാവാ


കോട്ടയം, ഓഗസ്റ്റ് 13 :ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ സഭാവക സ്ഥാപനങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തുകയും നമ്മുടെ രാഷ്ട്രത്തിന്റെ ഐക്യത്തില്‍ അഖണ്ഡതയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന അദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ ആഹ്വാനം ചെയ്തു.

പരിശുദ്ധ ബാവായും സഭാ മേലദ്ധ്യക്ഷന്മാരും ഉപവസിക്കുന്നു



കോട്ടയം,ഓഗസ്റ്റ് 13 : മദ്യ ലഭ്യത കുറയ്ക്കുക, മദ്യശാലകള്‍ നിയന്ത്രിക്കാനും നിരോധിക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുക എന്നീ നടപടികള്‍ വഴി കേരളത്തെ മദ്യവിപത്തില്‍ നിന്നും വിമുക്തമാക്കാന്‍ ശ്രമം ആരംഭിക്കുക എന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടു് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവായും ഇതര സഭാ മേലദ്ധ്യക്ഷന്മാരും സാംസ്കാരിക നായകന്മാരും മദ്യവിരുദ്ധ പ്രവര്‍ത്തകരും ആഗസ്റ് 24 ബുധന്‍ രാവിലെ 10 മണിക്ക് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ ഉപവസിക്കും.

20110813

സമാധാനത്തിനു ഭീഷണിയുയര്‍ത്തുന്ന നിരവധി ഘടകങ്ങള്‍ ഏഷ്യയിലുണ്ടെന്ന് സഭകളുടെ ലോകസമിതി


ബാങ്കോക്ക് സമാധാനത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയുയര്‍ത്തുന്ന ഗൗരവപൂര്‍ണ്ണമായ ഘടകങ്ങള്‍ ഏഷ്യയിലുണ്ടെന്ന് സഭകളുടെ ലോകസമിതിയും ഏഷ്യയിലെ ക്രൈസ്തവ സമിതിയും സംയുക്തമായി നടത്തിയ പഠന ശിബിരം വെളിപ്പെടുത്തുന്നു. ജനാധിപത്യ ഭരണവ്യവസ്ഥിതിയുള്ള രാജ്യങ്ങളില്‍പോലും പൊതുജനങ്ങള്‍പ്രത്യേകിച്ച് ന്യൂനപക്ഷാംഗങ്ങളും മറ്റും പലതരത്തിലുള്ള അക്രമണത്തിന് ഇരകളാകുന്നുണ്ട്. രാജ്യങ്ങള്‍തമ്മിലുള്ള അതിര്‍ത്തിപ്രശ്നങ്ങള്‍ തുടരുന്നു. സാമൂഹീകമോ മതപരമോ ആയ സംഘട്ടനങ്ങളില്‍ നിന്ന് ആഭ്യന്തരകലാപങ്ങള്‍ആരംഭിക്കുന്നു. മതവിശ്വാസം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നു തുടങ്ങിയ വിവിധ കാരണങ്ങളാണ് ഏഷ്യയില്‍സമാധാനത്തിനു വിഘാതമായി നില്‍ക്കുന്ന ഘടകങ്ങളെന്ന് സമ്മേളനം നിരീക്ഷിച്ചു.

സമാധാനസ്ഥാപനത്തിന് അവശ്യം വേണ്ട ഘടങ്ങളായ മനുഷ്യാവകാശസംരക്ഷണം, ജനാധിപത്യ ഭരണം, നിരായുധീകരണം, കുടിയേറ്റക്കാരുടെ അവകാശങ്ങള്‍, ന്യൂനപക്ഷാവകാശങ്ങള്‍, മതസ്വാതന്ത്ര്യം തുടങ്ങിയ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍സഭകളുടെ ലോകസമിതിയും ഏഷ്യയിലെ ക്രൈസ്തവ സമിതിയും നിശ്ചയിച്ചു.
ഏഷ്യയിലെ സമാധാനവും സുരക്ഷയും: സഭൈക്യ പ്രതികരണം എന്ന പ്രമേയത്തോടെ ബാങ്കോക്കില്‍നടത്തിയ പഠന ശിബിരത്തില്‍ഇരുപത് ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള മുപ്പത്തിയഞ്ചു പ്രതിനിധികള്‍പങ്കെടുത്തു.
വത്തിക്കാന്‍ റേഡിയോ

ഐക്യദാര്‍ഢ്യത്തിന്‍റ പാതയില്‍നീങ്ങണമെന്ന് റോമാ മാര്‍പാപ്പ നോര്‍വേയിലെ ജനങ്ങളോട്



കാസില്‍ഗണ്ടോള്‍ഫോ, 2011 ജൂലൈ 25 ദൂരന്തത്തിനിടയായ നോര്‍വേയിലേയ്ക്ക് 16-ആം ബനഡിക്ട് പാപ്പ സാമാധാന സന്ദേശമയച്ചു. ജൂലൈ 22-ആം തിയതി വെള്ളിയാഴ്ച നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയിലും ഒത്തോയാ കേന്ദ്രത്തിലുമുണ്ടായ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ടാണ് മാര്‍പാപ്പ, കാസില്‍ഗണ്ടോള്‍ഫോയിലെ വേനല്‍ക്കാല വസതിയില്‍നിന്നും സമാധാന സന്ദേശമയച്ചത്. വത്തിക്കാന്‍സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെവഴി നോര്‍വെയിലെ രാജാവ് ഹെന്‍റി 5-മനാണ് പാപ്പ സന്ദേശമയച്ചത്.

ആത്മീയ ചൈതന്യത്തില്‍ ഒരുമിച്ചുനിന്നുകൊണ്ട് പകയും വൈരാഗ്യവും മറന്ന് പരസ്പര ബഹുമാനത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റയും സ്വാതന്ത്ര്യത്തിന്‍റെയും പാതയില്‍നീങ്ങണമെന്ന് മാര്‍പാപ്പ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു. നാട് വിലപിക്കുന്ന ഈ വേളയില്‍ദൈവത്തിന്‍റെ സമാശ്വാസം തുണയ്ക്കട്ടെ എന്നാശംസിച്ച മാര്‍പാപ്പ, മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും... ഭീകരതയുടെ കെടുതിയില്‍ഇനിയും വേദനിക്കുന്നവര്‍ക്കും പ്രാര്‍ത്ഥന നേരുകയുണ്ടായി.
നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയിലെ സര്‍ക്കാര്‍കേന്ദ്രത്തില്‍വെള്ളിയാഴ്ച രാവിലെയുണ്ടായ സ്പോടനം ഏറെ നാശനഷ്ടങ്ങള്‍ക്കൊപ്പം 7 പേരുടെ ജീവന്‍അപഹരിക്കുകയുമുണ്ടായി. അന്നുതന്നെ ഒത്തോയാ ദ്വീപു കേന്ദ്രത്തില്‍ചേര്‍ന്ന ലേബര്‍പാര്‍ട്ടി യോഗത്തില്‍പങ്കെടുത്ത 87 യുവാക്കളെയാണ് പൊലീസ് വേഷം ചമഞ്ഞ അഞ്ജാതന്‍വെടിവച്ചു വീഴ്ത്തിയത്. ഇരുസംഭവങ്ങളുടെയും ഉത്തരവാദിത്വം ആന്‍ഡേഴ്സ് ബെവിക്ക് എന്ന എന്നു പറയപ്പെടുന്ന വ്യക്തി ഏറ്റെടുത്തിട്ടുണ്ട്. ഭീകരസംഭവത്തിന്‍റെ വിശദാംശങ്ങള്‍ക്കായി അന്വേഷണവും വിചാരണയും തുടരുന്നു.

വത്തിക്കാന്‍ റേഡിയോ

ഭദ്രമായ സാമൂഹ്യകൂട്ടായ്മ രൂപീകരിക്കാന്‍ അടിയന്തരപ്രാധാന്യം നല്‍കണമെന്ന് ഇംഗ്ലണ്ടിലെ സര്‍ക്കാരിനോട് – കാന്‍റര്‍ബറി മെത്രാപ്പോലീത്ത


ഭദ്രമായ സാമൂഹ്യകൂട്ടായ്മ രൂപീകരിക്കുന്നതിന് അടിയന്തരപ്രാധാന്യം നല്‍കണമെന്ന് ഇംഗ്ലണ്ടിലെ സര്‍ക്കാരിനോട് കാന്‍റര്‍ബറിയിലെ ആര്‍ച്ച് ബിഷപ്പ് റോവന്‍ വില്ലൃംസ് അഭ്യര്‍ത്ഥിച്ചു,
ലണ്ടന്‍നഗരത്തിലുണ്ടായ കലാപത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഓഗസ്റ്റ് പതിനൊന്നാം തിയതി വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ബ്രിട്ടീഷ് തെരുവുകളില്‍ നടന്ന അക്രമങ്ങള്‍ അവഗണിച്ചു കളയരുതെന്നും ഇതിനു കാരണമായ വസ്തുതകളെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്നും മെത്രാപ്പോലീത്താ അഭ്യര്‍ത്ഥിച്ചു. കലാപത്തില്‍ ആക്രമണങ്ങള്‍ക്കിരകളായവരോട് ഖേദം പ്രകടിപ്പിച്ച ആര്‍ച്ച് ബിഷപ്പ് റോവന്‍ കലാപം അവസാനിപ്പിക്കാന്‍ സഹായിച്ച പൊലീസുകാരെയും സന്നദ്ധപ്രവര്‍ത്തകരെയും അഭിനന്ദിച്ചു.
കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ഇംഗണ്ടിലെ വിദ്യാഭ്യാസ വ്യവസ്ഥിതിയില്‍ വന്ന മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയ ആര്‍ച്ച് ബിഷപ്പ് പൗരന്മാരില്‍മൂല്യങ്ങള്‍വളര്‍ത്തിക്കൊണ്ട് അവരെ സല്‍സ്വഭാവികളായി മാറ്റുന്നതില്‍വിദ്യാഭ്യാസ മേഖല വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ലെന്നും കുറ്റപ്പെടുത്തി.

മാര്‍ക്ക് ഡഗ്ഗന്‍ എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍ ടോട്ടന്‍ഹാമില്‍ പോലീസ് വെടിവെയ്പ്പില്‍കൊല്ലപ്പെട്ട സംഭവത്തോട് ബന്ധപ്പെട്ട് ലണ്ടനില്‍ആരംഭിച്ച ലഹളയും കലാപവും അഞ്ചു ദിവസത്തിനുശേഷമാണ് നിയന്ത്രണവിധേയമായത്. ബ്രിട്ടണില്‍ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങിവരുകയാണെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പാര്‍ലമെന്‍റ് സമ്മേളനത്തില്‍വ്യക്തമാക്കി.

വത്തിക്കാന്‍ റേഡിയോ

വടക്കന്‍ - തെക്കന്‍ സുഡാന്‍ സംഘര്‍ഷാവസ്ഥയ്ക്കു യു.എന്‍ സുരക്ഷാ സമിതി പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് ആഗ്ലിക്കന്‍ മെത്രാന്‍

കദുലി – സുഡാന്‍, 2011ഓഗസ്റ്റ് 9
വടക്കന്‍ സുഡാന്‍റേയും തെക്കന്‍ സുഡാന്‍റേയും വിഭജനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടും അവിടെ തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്കു പരിഹാരം കാണാന്‍ ഐക്യരാഷ്ട്രസംഘടനയുടെ സുരക്ഷാ സമിതി നടപടികള്‍ സ്വീകരിക്കണമെന്ന് തെക്കന്‍ കോര്‍ദാഫാനിലെ ആഗ്ലിക്കന്‍ മെത്രാന്‍ അന്‍ദുദു ആദം എല്‍നെയില്‍ സുരക്ഷാസമിതിയംഗങ്ങളോടഭ്യര്‍ത്ഥിച്ചു. വടക്കന്‍ സുഡാന്‍റേയും തെക്കന്‍ സുഡാന്‍റേയും അതിര്‍ത്തി പ്രദേശമായ തെക്കന്‍ കോര്‍ദോഫാനിലാണ് കൂടുതല്‍ സംഘര്‍ഷങ്ങള്‍ നടക്കുന്നത്. സുഡാന്‍ സായുധ സൈനീക ശക്തിയും (എസ്.എ.എഫ്.) സുഡാന്‍ ജനതയുടെ സ്വാതന്ത്ര്യ സൈന്യവും (എസ്.പി.എല്‍.എ.)യും തമ്മില്‍ നടക്കുന്ന പോരാട്ടം ജനജീവിതം ദുഃസഹമാക്കുകയാണെന്നു പ്രസ്താവിച്ച ബിഷപ്പ് എല്‍നെയില്‍, സുഡാന്‍ ഭരണകൂടം സന്നദ്ധ പ്രവര്‍ത്തനത്തിനെത്തുന്ന ഉപവി സംഘടനകളെ ഈ പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. അന്താരാഷ്ട്ര വാര്‍ത്താമാധ്യമങ്ങളുടെയും സന്നദ്ധ സംഘടനകളുടേയും അഭാവം മൂലം തെക്കന്‍ കോര്‍ദോഫാനിലെ സ്ഥിതിഗതികള്‍ വ്യക്തമായി വിലയിരുത്തുവാന്‍ ബുദ്ധിമുട്ടാണെന്ന് മനുഷ്യാവകാശ നിരീക്ഷക സംഘടയുടെ ആഗോള ഉപദേശകസമിതിയധ്യക്ഷ പെഗ്ഗി ഹിക്കന്‍സ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിനു ശേഷം 2011 ജൂലൈ ഒന്‍പതാം തിയതിയാണ് സുഡാന്‍ രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടത്.

-വത്തിക്കാന്‍ റേഡിയോ


20110324

മലങ്കര മെത്രാപ്പോലീത്തമാര്‍‍


ഓർത്തഡോക്സ്‌ പൗരസ്ത്യ സഭയിലെ സ്വയംഭരണ സഭയായ മലങ്കര സഭയുടെ പ്രധാനാചാര്യനാണു് മലങ്കര മെത്രാപ്പോലീത്തയെന്നറിയപ്പെടുന്നതു്. 1653-ലെ കൂനൻ കുരിശ് സത്യത്തിനു് മുമ്പു് സമുദായത്തെ നയിച്ചിരുന്ന ജാതിയ്ക്കു് കർത്തവ്യനായ പൊതുഭാരശുശ്രൂഷകന്റെ തസ്തികയുടെ തുടർ‍ച്ചയായാണു് മലങ്കര മെത്രാപ്പോലീത്തയുടെ തസ്തിക കണക്കാക്കപ്പെടുന്നതു്. കൂനൻ കുരിശ് സത്യത്തിനുശേഷം അവസാനത്തെ പൊതുഭാരശുശ്രൂഷകൻ‍ മാർ‍ത്തോമാ ൧ എന്ന പേരിൽ‍ ഒന്നാമത്തെ മലങ്കര മെത്രാപ്പോലീത്തയാവുകയായിരുന്നു.

ചരിത്രം

52-ൽ‍ സ്ഥാപിതമായ മലങ്കര സഭ എന്ന ഇന്ത്യൻ പൗരസ്ത്യ സഭ ആദ്യ നൂറ്റാണ്ടുകൾ മുതലേ പൗരസ്ത്യ കാതോലിക്കോസിന്റെ ആത്മീയ പരമാചാര്യത്വവുമായുള്ള കൂട്ടായ്മയിലൂടെ ആകമാന ക്രിസ്തീയ മുഖ്യധാരയുമായി ബന്ധപ്പെട്ടുനിന്ന ഒരു പൗരസ്ത്യ സ്വയംഭരണ സഭയായിരുന്നു. ക്രിസ്തു ശാസ്ത്രപരമായ തർ‍ക്കങ്ങളിൽ അശ്രദ്ധരായിരുന്ന മലങ്കര സഭാനേതൃത്വം ഓർത്തഡോക്സ് കക്ഷിയുടെയും നെസ്തോറിയൻ‍ കക്ഷിയുടെയും പൗരസ്ത്യ കാതോലിക്കോസ്- പാത്രിയർ‍ക്കീസുമാരെ ഒരുപോലെയാണു് കണ്ടിരുന്നതു്. വാസ്കോഡ ഗാമ കേരളത്തിലെത്തുന്ന കാലത്തു് നെസ്തോറിയൻ പൗരസ്ത്യ കാതോലിക്കോസ്- പാത്രിയർ‍ക്കീസുമായിട്ടായിരുന്നു മലങ്കര സഭയുടെ ബന്ധം. 1599-ൽ അടിച്ചേൽപിക്കപ്പെട്ട ഉദയമ്പേരൂർ സുന്നഹദോസിലൂടെ റോമൻ കത്തോലിക്കാ സഭയുടെ കീഴിൽ വന്ന മലങ്കര സഭ 1653-ൽ കൂനൻ കുരിശ് സത്യത്തിലൂടെ മോചനം നേടി.

പൗരസ്ത്യ സഭയുടെ മേല്പട്ടക്കാരെ അപ്പോസ്തലിക സന്ദർ‍ശനത്തിനു് വരുത്തിയകാലത്തും ഉദയമ്പേരൂർ സുന്നഹദോസിനു് ശേഷം റോമൻ കത്തോലിക്കാ സഭയുടെ കീഴിൽ വന്നപ്പോഴും സമുദായനേതാവു് പൊതുഭാരശുശ്രൂഷകനായിരുന്നു. പൊതുഭാരശുശ്രൂഷകന്‍‍ ജാതിയ്ക്കു് കർത്തവ്യനെന്നും പൊതുമാടൻ‍ ചെമ്മായിയെന്നും അർ‍ക്കദിയോക്കോനെന്നും അറിയപ്പെട്ടിരുന്നു. പറങ്കി-റോമാസഭയുടെ അധിനിവേശത്തെ നേരിടാനായി ഇന്ത്യൻ‍ പൗരസ്ത്യ സഭ കൂനൻ കുരിശ് സത്യത്തിനുശേഷം 1653 മെയ് മാസത്തിൽ എപ്പിസ്കോപ്പൽ സഭാശാസ്ത്രം സ്വീകരിച്ചതോടെ മലങ്കര മെത്രാപ്പോലീത്തയുടെ തസ്തികയുടെ ആരംഭമായി. മലങ്കര സഭയുടെ പൊതുഭാര ശുശ്രൂഷകനായ അന്നത്തെ ജാതിയ്ക്കു് കർത്തവ്യൻ എന്ന സ്ഥാനി മാർ‍ത്തോമ്മാ ഒന്നാമൻ എന്നപേരിൽ മലങ്കര മെത്രാനായി അഭിഷിക്തനായി.
1665-ല്‍ മലങ്കര സഭയെ മെത്രാപ്പോലീത്തന്‍‍ സഭയായി ഉയര്‍‍ത്തിക്കൊണ്ടു് ഓർത്തഡോക്സ് പൗരസ്ത്യ കാതോലിക്കോസ് (അന്ത്യോക്യാ പാത്രിയർ‍ക്കീസും) ആയിരുന്ന മാർ ബസേലിയോസ് (ഇഗ്നാത്തിയോസ്) അബ്ദ് അൽ മിശിഹ പ്രഥമൻ അതിനു് അംഗീകാരം നൽ‍കി നിലനിറുത്തി. അദ്ദേഹം അയച്ച അബ്ദുല്‍‍ ജലീല്‍‍ മാർ ഗ്രിഗോറിയോസ്‍ മെത്രാപ്പോലീത്ത (+1681) അതിന്റെ നിര്‍‍വാഹകനായി.

ദിവാന്നാസ്യോസ് ഒന്നാമന്റെ (1765 - 1808) കാലംമുതലെങ്കിലും തിരുവിതാംകൂർ, കൊച്ചി സർക്കാരുകൾ മലങ്കര മെത്രാപ്പോലീത്തയുടെ തസ്തികയ്ക്കു് നിയമസാധുത്വം നല്കി വന്നു. 1876-ലെ‍ മുളന്തുരുത്തി സുന്നഹദോസിനു് ശേഷം മലങ്കര മെത്രാപ്പോലീത്തയുടെ പദവി വലിയ മെത്രാപ്പോലീത്തയുടേതായി ഉയര്‍‍ന്നു.
1934-ൽ അന്നത്തെ പൗരസ്ത്യ കാതോലിക്കോസിനെ മലങ്കര സഭയുടെ മഹാപ്രധാനാചാര്യനായ മലങ്കര മെത്രാപ്പോലീത്തയായിക്കൂടി തെരഞ്ഞെടുത്തു. അന്നു് മുതൽ മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കോസും ആയി ഒരാളെത്തന്നെ തെരഞ്ഞെടുക്കുന്ന പതിവു് തുടങ്ങി.

പൗരസ്ത്യ കാതോലിക്കോസുകൂടിയായ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവയാണു് 2010 നവംബർ 1-ആം തീയതി മുതൽ മലങ്കര മെത്രാപ്പോലീത്ത.

മലങ്കര മെത്രാപ്പോലീത്തമാരുടെ പട്ടിക

1 മാർത്തോമ്മാ ഒന്നാമന്‍ മെത്രാപ്പോലീത്ത (1653 - 1670)
2മാർത്തോമ്മാ രണ്ടാമന്‍ മെത്രാപ്പോലീത്ത (1670 - 1686)
3 മാർത്തോമ്മാ മൂന്നാമന്‍ മെത്രാപ്പോലീത്ത (1686 - 1688)
4 മാർത്തോമ്മാ നാലാമന്‍ മെത്രാപ്പോലീത്ത (1688 - 1728)
5 മാർത്തോമ്മാ അഞ്ചാമന്‍ മെത്രാപ്പോലീത്ത (1728–1765)
6 മാർത്തോമ്മാ ആറാമന്‍ മെത്രാപ്പോലീത്ത1770 മുതല്‍‍ ദിവാന്നാസ്യോസ് ഒന്നാമന്‍ (1765 - 1808)
7 മാർത്തോമ്മാ ഏഴാമന്‍ മെത്രാപ്പോലീത്ത (1809-1809)
8 മാർത്തോമ്മാ എട്ടാമന്‍ മെത്രാപ്പോലീത്ത (1809 - 1816)
9 മാർത്തോമ്മാ ഒമ്പതാമന്‍ മെത്രാപ്പോലീത്ത (1816 -1816)
10 മാർ ദിവാന്നാസ്യോസ് രണ്ടാമന്‍ മെത്രാപ്പോലീത്ത, പുലിക്കോട്ടിൽ ജോസഫ് (1816 - 1816)
** ഗീവറു്ഗീസ് മാർ പീലക്സീനോസ് മെത്രാപ്പോലീത്ത, കിടങ്ങന്‍ (തൊഴിയൂര്‍ ഭദ്രാസനം) (1816 - 1817)
11മാർ ദിവാന്നാസ്യോസ് മൂന്നാമന്‍ മെത്രാപ്പോലീത്ത, പുന്നത്തറ (1817 - 1825)
12 മാർ ദിവാന്നാസ്യോസ് നാലാമന്‍ മെത്രാപ്പോലീത്ത, ചേപ്പാട്ട് (1825 - 1852)
13 മാത്യൂസ് മാർ അത്താനോസ്യോസ് മെത്രാപ്പോലീത്ത (1852 - 1877)
14 മാർ ദിവാന്നാസ്യോസ് അഞ്ചാമന്‍ വലിയ മെത്രാപ്പോലീത്ത, പുലിക്കോട്ടിൽ ജോസഫ് (1876 -1909)
15 ഗീവറു്ഗീസ് മാർ ദിവാന്നാസ്യോസ് വലിയ മെത്രാപ്പോലീത്ത, വട്ടശ്ശേരില്‍‍ (1909-1934)
16 ബസേലിയോസ് ഗീവറു്ഗീസ് രണ്ടാമന്‍ കാതോലിക്കോസ് (1934–1964)
17 ബസേലിയോസ് ഔഗേന്‍‍ ഒന്നാമന്‍‍ കാതോലിക്കോസ് (1964–1975)
18 ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ഒന്നാമന്‍ കാതോലിക്കോസ് (1975–1991)
19 ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് രണ്ടാമന്‍‍ കാതോലിക്കോസ് (1991–2005)
20 ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് ഒന്നാമന്‍ കാതോലിക്കോസ് (2005–2010)
21 ബസേലിയോസ് മാർത്തോമ്മാ പൗലോസ് രണ്ടാമന്‍‍ കാതോലിക്കോസ് (2010–തുടരുന്നു)

**തിരുവിതാംകൂർ, കൊച്ചി സർക്കാരുകൾ മലങ്കര മെത്രാപ്പോലീത്തയായി വിളംബരപ്പെടുത്തിയിരുന്നുവെങ്കിലും കിടങ്ങന്‍ ഗീവറു്ഗീസ് മാർ പീലക്സീനോസ് മെത്രാപ്പോലീത്ത സ്വതന്ത്ര തൊഴിയൂര്‍ ഭദ്രാസനത്തിന്റെ മേലദ്ധ്യക്ഷന്‍‍ തന്നെയായി തുടരുകയാണു് ചെയ്തതു്. കിടങ്ങന്‍ ഗീവറു്ഗീസ് മാർ പീലക്സീനോസ് മലങ്കര മെത്രാപ്പോലീത്തയായി മാറിയിരുന്നുവെങ്കില്‍ തൊഴിയൂര്‍ ഭദ്രാസന ഇടവക മലങ്കരസഭയുടെ ഭാഗമാകുമായിരുന്നുവല്ലൊ.
മാർ സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം തയ്യാറാക്കിയതു് .

20110118

ഈജിപ്‌തില്‍ ക്രൈസ്‌തവരെ കൂട്ടക്കൊല ചെയ്‌തയാള്‍ക്ക്‌ വധശിക്ഷ

കയ്‌റോ ജനുവരി 16: തെക്കന്‍ ഈജിപ്‌തിലെ നാഗഹമ്മാദി ഗ്രാമത്തിലെ കോപ്‌ടിക്‌ ക്രിസ്‌ത്യന്‍ ദേവാലയത്തില്‍ ആക്രമണം നടത്തി ആറു ക്രൈസ്‌തവരെ 2010 ജനുവരിയില്‍ കൊലപ്പെടുത്തിയ കേസില്‍ മുസ്‌്‌ലിം മതവിശ്വാസിയായ മുഖ്യപ്രതി മുഹമ്മദ്‌ അഹമ്മദ്‌ ഹുസൈന്‌(39) കോടതി വധശിക്ഷ വിധിച്ചു.

ക്രിസ്‌മസ്‌ ആഘോഷത്തോടനുബന്ധിച്ചുള്ള തിരുക്കര്‍മങ്ങളില്‍ സംബന്ധിച്ച ശേഷം പള്ളിയ്ക്കു് പുറത്തേക്കുവന്ന ക്രൈസ്‌തവരെ ലക്ഷ്യമിട്ടാണ്‌ ആക്രമണം നടത്തിയത്‌. ആറു ക്രൈസ്‌തവരും പള്ളിക്കു പുറത്തുണ്ടായിരുന്ന മുസ്‌ലിം ഗാര്‍ഡും കൊല്ലപ്പെട്ടു.

ഹുസൈന്റെ രണ്ടു് കൂട്ടാളികളുടെ ശിക്ഷ ഫെബ്രുവരി 20നു് പ്രഖ്യാപിക്കും. ഹുസൈന്‌ വധശിക്ഷ വിധിച്ചുകൊണ്ടു‌ള്ള ഉത്തരവ്‌ സ്ഥിരീകരണത്തിനായി ഈജിപ്‌തിലെ ഗ്രാന്‍ഡ്‌ മുഫ്‌തിക്ക്‌ അയയ്‌ക്കുമെന്ന്‌ ജഡ്‌ജി അറിയിച്ചു. മുസ്‌ലിം രാജ്യമായ ഈജിപ്‌തിലെ ഉന്നത മതാധികാരിയാണ്‌ ഗ്രാന്‍ഡ്‌ മുഫ്‌തി. ഈജിപ്‌തിലെ ന്യൂനപക്ഷ കോപ്‌ടിക്‌ ക്രൈസ്‌തവര്‍ക്ക്‌ എതിരേ ഇതിനകം നിരവധി തവണ ആക്രമണങ്ങള്‍ നടന്നു. ഈ വര്‍ഷത്തെ പുതുവത്സര ദിനത്തില്‍ (ഡിസം 31 രാത്രിയില്‍) അലക്‌സാണ്‌ഡ്രിയാ നഗരത്തിലെ കോപ്‌ടിക്‌ ക്രിസ്‌ത്യന്‍ പള്ളിയില്‍ ചാവേര്‍ ഭടന്‍ നടത്തിയ ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തു.

കഴിഞ്ഞയാഴ്‌ച തെക്കന്‍ ഈജിപ്‌തില്‍ ട്രെയിനില്‍ അതിക്രമിച്ചുകയറി ഒരു മുസ്‌‌ലിം പോലീസുകാരന്‍ ആറു് ക്രൈസ്‌തവര്‍ക്കു നേരേ വെടിയുതിര്‍ത്തു. ഇതില്‍ ഒരാള്‍ മരിച്ചു. ഈ കേസില്‍ പ്രതിക്ക്‌ എതിരേ മനഃപ്പൂര്‍വമു ള്ള നരഹത്യക്ക്‌ കേസെടുക്കുമെന്ന്‌ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.