ആകമാന സഭാനിലപാടുകള്‍

20110324

മലങ്കര മെത്രാപ്പോലീത്തമാര്‍‍


ഓർത്തഡോക്സ്‌ പൗരസ്ത്യ സഭയിലെ സ്വയംഭരണ സഭയായ മലങ്കര സഭയുടെ പ്രധാനാചാര്യനാണു് മലങ്കര മെത്രാപ്പോലീത്തയെന്നറിയപ്പെടുന്നതു്. 1653-ലെ കൂനൻ കുരിശ് സത്യത്തിനു് മുമ്പു് സമുദായത്തെ നയിച്ചിരുന്ന ജാതിയ്ക്കു് കർത്തവ്യനായ പൊതുഭാരശുശ്രൂഷകന്റെ തസ്തികയുടെ തുടർ‍ച്ചയായാണു് മലങ്കര മെത്രാപ്പോലീത്തയുടെ തസ്തിക കണക്കാക്കപ്പെടുന്നതു്. കൂനൻ കുരിശ് സത്യത്തിനുശേഷം അവസാനത്തെ പൊതുഭാരശുശ്രൂഷകൻ‍ മാർ‍ത്തോമാ ൧ എന്ന പേരിൽ‍ ഒന്നാമത്തെ മലങ്കര മെത്രാപ്പോലീത്തയാവുകയായിരുന്നു.

ചരിത്രം

52-ൽ‍ സ്ഥാപിതമായ മലങ്കര സഭ എന്ന ഇന്ത്യൻ പൗരസ്ത്യ സഭ ആദ്യ നൂറ്റാണ്ടുകൾ മുതലേ പൗരസ്ത്യ കാതോലിക്കോസിന്റെ ആത്മീയ പരമാചാര്യത്വവുമായുള്ള കൂട്ടായ്മയിലൂടെ ആകമാന ക്രിസ്തീയ മുഖ്യധാരയുമായി ബന്ധപ്പെട്ടുനിന്ന ഒരു പൗരസ്ത്യ സ്വയംഭരണ സഭയായിരുന്നു. ക്രിസ്തു ശാസ്ത്രപരമായ തർ‍ക്കങ്ങളിൽ അശ്രദ്ധരായിരുന്ന മലങ്കര സഭാനേതൃത്വം ഓർത്തഡോക്സ് കക്ഷിയുടെയും നെസ്തോറിയൻ‍ കക്ഷിയുടെയും പൗരസ്ത്യ കാതോലിക്കോസ്- പാത്രിയർ‍ക്കീസുമാരെ ഒരുപോലെയാണു് കണ്ടിരുന്നതു്. വാസ്കോഡ ഗാമ കേരളത്തിലെത്തുന്ന കാലത്തു് നെസ്തോറിയൻ പൗരസ്ത്യ കാതോലിക്കോസ്- പാത്രിയർ‍ക്കീസുമായിട്ടായിരുന്നു മലങ്കര സഭയുടെ ബന്ധം. 1599-ൽ അടിച്ചേൽപിക്കപ്പെട്ട ഉദയമ്പേരൂർ സുന്നഹദോസിലൂടെ റോമൻ കത്തോലിക്കാ സഭയുടെ കീഴിൽ വന്ന മലങ്കര സഭ 1653-ൽ കൂനൻ കുരിശ് സത്യത്തിലൂടെ മോചനം നേടി.

പൗരസ്ത്യ സഭയുടെ മേല്പട്ടക്കാരെ അപ്പോസ്തലിക സന്ദർ‍ശനത്തിനു് വരുത്തിയകാലത്തും ഉദയമ്പേരൂർ സുന്നഹദോസിനു് ശേഷം റോമൻ കത്തോലിക്കാ സഭയുടെ കീഴിൽ വന്നപ്പോഴും സമുദായനേതാവു് പൊതുഭാരശുശ്രൂഷകനായിരുന്നു. പൊതുഭാരശുശ്രൂഷകന്‍‍ ജാതിയ്ക്കു് കർത്തവ്യനെന്നും പൊതുമാടൻ‍ ചെമ്മായിയെന്നും അർ‍ക്കദിയോക്കോനെന്നും അറിയപ്പെട്ടിരുന്നു. പറങ്കി-റോമാസഭയുടെ അധിനിവേശത്തെ നേരിടാനായി ഇന്ത്യൻ‍ പൗരസ്ത്യ സഭ കൂനൻ കുരിശ് സത്യത്തിനുശേഷം 1653 മെയ് മാസത്തിൽ എപ്പിസ്കോപ്പൽ സഭാശാസ്ത്രം സ്വീകരിച്ചതോടെ മലങ്കര മെത്രാപ്പോലീത്തയുടെ തസ്തികയുടെ ആരംഭമായി. മലങ്കര സഭയുടെ പൊതുഭാര ശുശ്രൂഷകനായ അന്നത്തെ ജാതിയ്ക്കു് കർത്തവ്യൻ എന്ന സ്ഥാനി മാർ‍ത്തോമ്മാ ഒന്നാമൻ എന്നപേരിൽ മലങ്കര മെത്രാനായി അഭിഷിക്തനായി.
1665-ല്‍ മലങ്കര സഭയെ മെത്രാപ്പോലീത്തന്‍‍ സഭയായി ഉയര്‍‍ത്തിക്കൊണ്ടു് ഓർത്തഡോക്സ് പൗരസ്ത്യ കാതോലിക്കോസ് (അന്ത്യോക്യാ പാത്രിയർ‍ക്കീസും) ആയിരുന്ന മാർ ബസേലിയോസ് (ഇഗ്നാത്തിയോസ്) അബ്ദ് അൽ മിശിഹ പ്രഥമൻ അതിനു് അംഗീകാരം നൽ‍കി നിലനിറുത്തി. അദ്ദേഹം അയച്ച അബ്ദുല്‍‍ ജലീല്‍‍ മാർ ഗ്രിഗോറിയോസ്‍ മെത്രാപ്പോലീത്ത (+1681) അതിന്റെ നിര്‍‍വാഹകനായി.

ദിവാന്നാസ്യോസ് ഒന്നാമന്റെ (1765 - 1808) കാലംമുതലെങ്കിലും തിരുവിതാംകൂർ, കൊച്ചി സർക്കാരുകൾ മലങ്കര മെത്രാപ്പോലീത്തയുടെ തസ്തികയ്ക്കു് നിയമസാധുത്വം നല്കി വന്നു. 1876-ലെ‍ മുളന്തുരുത്തി സുന്നഹദോസിനു് ശേഷം മലങ്കര മെത്രാപ്പോലീത്തയുടെ പദവി വലിയ മെത്രാപ്പോലീത്തയുടേതായി ഉയര്‍‍ന്നു.
1934-ൽ അന്നത്തെ പൗരസ്ത്യ കാതോലിക്കോസിനെ മലങ്കര സഭയുടെ മഹാപ്രധാനാചാര്യനായ മലങ്കര മെത്രാപ്പോലീത്തയായിക്കൂടി തെരഞ്ഞെടുത്തു. അന്നു് മുതൽ മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കോസും ആയി ഒരാളെത്തന്നെ തെരഞ്ഞെടുക്കുന്ന പതിവു് തുടങ്ങി.

പൗരസ്ത്യ കാതോലിക്കോസുകൂടിയായ ബസേലിയോസ്‌ മാർത്തോമാ പൗലോസ് ദ്വിതീയൻ ബാവയാണു് 2010 നവംബർ 1-ആം തീയതി മുതൽ മലങ്കര മെത്രാപ്പോലീത്ത.

മലങ്കര മെത്രാപ്പോലീത്തമാരുടെ പട്ടിക

1 മാർത്തോമ്മാ ഒന്നാമന്‍ മെത്രാപ്പോലീത്ത (1653 - 1670)
2മാർത്തോമ്മാ രണ്ടാമന്‍ മെത്രാപ്പോലീത്ത (1670 - 1686)
3 മാർത്തോമ്മാ മൂന്നാമന്‍ മെത്രാപ്പോലീത്ത (1686 - 1688)
4 മാർത്തോമ്മാ നാലാമന്‍ മെത്രാപ്പോലീത്ത (1688 - 1728)
5 മാർത്തോമ്മാ അഞ്ചാമന്‍ മെത്രാപ്പോലീത്ത (1728–1765)
6 മാർത്തോമ്മാ ആറാമന്‍ മെത്രാപ്പോലീത്ത1770 മുതല്‍‍ ദിവാന്നാസ്യോസ് ഒന്നാമന്‍ (1765 - 1808)
7 മാർത്തോമ്മാ ഏഴാമന്‍ മെത്രാപ്പോലീത്ത (1809-1809)
8 മാർത്തോമ്മാ എട്ടാമന്‍ മെത്രാപ്പോലീത്ത (1809 - 1816)
9 മാർത്തോമ്മാ ഒമ്പതാമന്‍ മെത്രാപ്പോലീത്ത (1816 -1816)
10 മാർ ദിവാന്നാസ്യോസ് രണ്ടാമന്‍ മെത്രാപ്പോലീത്ത, പുലിക്കോട്ടിൽ ജോസഫ് (1816 - 1816)
** ഗീവറു്ഗീസ് മാർ പീലക്സീനോസ് മെത്രാപ്പോലീത്ത, കിടങ്ങന്‍ (തൊഴിയൂര്‍ ഭദ്രാസനം) (1816 - 1817)
11മാർ ദിവാന്നാസ്യോസ് മൂന്നാമന്‍ മെത്രാപ്പോലീത്ത, പുന്നത്തറ (1817 - 1825)
12 മാർ ദിവാന്നാസ്യോസ് നാലാമന്‍ മെത്രാപ്പോലീത്ത, ചേപ്പാട്ട് (1825 - 1852)
13 മാത്യൂസ് മാർ അത്താനോസ്യോസ് മെത്രാപ്പോലീത്ത (1852 - 1877)
14 മാർ ദിവാന്നാസ്യോസ് അഞ്ചാമന്‍ വലിയ മെത്രാപ്പോലീത്ത, പുലിക്കോട്ടിൽ ജോസഫ് (1876 -1909)
15 ഗീവറു്ഗീസ് മാർ ദിവാന്നാസ്യോസ് വലിയ മെത്രാപ്പോലീത്ത, വട്ടശ്ശേരില്‍‍ (1909-1934)
16 ബസേലിയോസ് ഗീവറു്ഗീസ് രണ്ടാമന്‍ കാതോലിക്കോസ് (1934–1964)
17 ബസേലിയോസ് ഔഗേന്‍‍ ഒന്നാമന്‍‍ കാതോലിക്കോസ് (1964–1975)
18 ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ഒന്നാമന്‍ കാതോലിക്കോസ് (1975–1991)
19 ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് രണ്ടാമന്‍‍ കാതോലിക്കോസ് (1991–2005)
20 ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് ഒന്നാമന്‍ കാതോലിക്കോസ് (2005–2010)
21 ബസേലിയോസ് മാർത്തോമ്മാ പൗലോസ് രണ്ടാമന്‍‍ കാതോലിക്കോസ് (2010–തുടരുന്നു)

**തിരുവിതാംകൂർ, കൊച്ചി സർക്കാരുകൾ മലങ്കര മെത്രാപ്പോലീത്തയായി വിളംബരപ്പെടുത്തിയിരുന്നുവെങ്കിലും കിടങ്ങന്‍ ഗീവറു്ഗീസ് മാർ പീലക്സീനോസ് മെത്രാപ്പോലീത്ത സ്വതന്ത്ര തൊഴിയൂര്‍ ഭദ്രാസനത്തിന്റെ മേലദ്ധ്യക്ഷന്‍‍ തന്നെയായി തുടരുകയാണു് ചെയ്തതു്. കിടങ്ങന്‍ ഗീവറു്ഗീസ് മാർ പീലക്സീനോസ് മലങ്കര മെത്രാപ്പോലീത്തയായി മാറിയിരുന്നുവെങ്കില്‍ തൊഴിയൂര്‍ ഭദ്രാസന ഇടവക മലങ്കരസഭയുടെ ഭാഗമാകുമായിരുന്നുവല്ലൊ.
മാർ സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം തയ്യാറാക്കിയതു് .