ആകമാന സഭാനിലപാടുകള്‍

20110118

ഈജിപ്‌തില്‍ ക്രൈസ്‌തവരെ കൂട്ടക്കൊല ചെയ്‌തയാള്‍ക്ക്‌ വധശിക്ഷ

കയ്‌റോ ജനുവരി 16: തെക്കന്‍ ഈജിപ്‌തിലെ നാഗഹമ്മാദി ഗ്രാമത്തിലെ കോപ്‌ടിക്‌ ക്രിസ്‌ത്യന്‍ ദേവാലയത്തില്‍ ആക്രമണം നടത്തി ആറു ക്രൈസ്‌തവരെ 2010 ജനുവരിയില്‍ കൊലപ്പെടുത്തിയ കേസില്‍ മുസ്‌്‌ലിം മതവിശ്വാസിയായ മുഖ്യപ്രതി മുഹമ്മദ്‌ അഹമ്മദ്‌ ഹുസൈന്‌(39) കോടതി വധശിക്ഷ വിധിച്ചു.

ക്രിസ്‌മസ്‌ ആഘോഷത്തോടനുബന്ധിച്ചുള്ള തിരുക്കര്‍മങ്ങളില്‍ സംബന്ധിച്ച ശേഷം പള്ളിയ്ക്കു് പുറത്തേക്കുവന്ന ക്രൈസ്‌തവരെ ലക്ഷ്യമിട്ടാണ്‌ ആക്രമണം നടത്തിയത്‌. ആറു ക്രൈസ്‌തവരും പള്ളിക്കു പുറത്തുണ്ടായിരുന്ന മുസ്‌ലിം ഗാര്‍ഡും കൊല്ലപ്പെട്ടു.

ഹുസൈന്റെ രണ്ടു് കൂട്ടാളികളുടെ ശിക്ഷ ഫെബ്രുവരി 20നു് പ്രഖ്യാപിക്കും. ഹുസൈന്‌ വധശിക്ഷ വിധിച്ചുകൊണ്ടു‌ള്ള ഉത്തരവ്‌ സ്ഥിരീകരണത്തിനായി ഈജിപ്‌തിലെ ഗ്രാന്‍ഡ്‌ മുഫ്‌തിക്ക്‌ അയയ്‌ക്കുമെന്ന്‌ ജഡ്‌ജി അറിയിച്ചു. മുസ്‌ലിം രാജ്യമായ ഈജിപ്‌തിലെ ഉന്നത മതാധികാരിയാണ്‌ ഗ്രാന്‍ഡ്‌ മുഫ്‌തി. ഈജിപ്‌തിലെ ന്യൂനപക്ഷ കോപ്‌ടിക്‌ ക്രൈസ്‌തവര്‍ക്ക്‌ എതിരേ ഇതിനകം നിരവധി തവണ ആക്രമണങ്ങള്‍ നടന്നു. ഈ വര്‍ഷത്തെ പുതുവത്സര ദിനത്തില്‍ (ഡിസം 31 രാത്രിയില്‍) അലക്‌സാണ്‌ഡ്രിയാ നഗരത്തിലെ കോപ്‌ടിക്‌ ക്രിസ്‌ത്യന്‍ പള്ളിയില്‍ ചാവേര്‍ ഭടന്‍ നടത്തിയ ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തു.

കഴിഞ്ഞയാഴ്‌ച തെക്കന്‍ ഈജിപ്‌തില്‍ ട്രെയിനില്‍ അതിക്രമിച്ചുകയറി ഒരു മുസ്‌‌ലിം പോലീസുകാരന്‍ ആറു് ക്രൈസ്‌തവര്‍ക്കു നേരേ വെടിയുതിര്‍ത്തു. ഇതില്‍ ഒരാള്‍ മരിച്ചു. ഈ കേസില്‍ പ്രതിക്ക്‌ എതിരേ മനഃപ്പൂര്‍വമു ള്ള നരഹത്യക്ക്‌ കേസെടുക്കുമെന്ന്‌ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.