ആകമാന സഭാനിലപാടുകള്‍

20120927

പൗരസ്ത്യ കാതോലിക്കാസനം സ്വാതന്ത്ര്യത്തിന്റെ പ്രതീകം: പരിശുദ്ധ ബാവാ


പൗരസ്ത്യ കാതോലിക്കാസന പുനഃസ്ഥാപന ശതാബ്‌ദി
ആഘോഷങ്ങളുടെ ഭാഗമായുളള പ്രഭാഷണ പരമ്പരകളുടെ
ഉദ്‌ഘാടനം കോട്ടയത്ത്‌ പരിശുദ്ധ ബസേലിയോസ്‌
മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവാ നിര്‍വഹിക്കുന്നു.


കോട്ടയം സെ. ൨൫: മാര്‍ത്തോമ്മാ ശ്ലീഹായുടെ അപ്പസ്‌തോലിക പിന്തുടര്‍ച്ചയും ശ്ലൈഹിക സുവിശേഷ പാരമ്പര്യവുമുള്ള ക്രൈസ്‌തവ സഭയുടെ ദേശീയ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാണ്‌ പൗരസ്ത്യ കാതോലിക്കാസനമെന്ന്‌ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവാ പറഞ്ഞു. പൗരസ്ത്യ കാതോലിക്കാസന പുനഃസ്ഥാപന ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി 1500 കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രഭാഷണ പരമ്പരയുടെ ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു പരിശുദ്ധ ബാവാ.
കാതോലിക്കാസനം സര്‍വ സ്വതന്ത്രവും സഭയുടെ മേലധ്യക്ഷ സ്‌ഥാപനവുമാണെന്നു് പ്രഭാഷണം നടത്തിയ വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജേക്കബ്‌ കുര്യന്‍ പറഞ്ഞു.

യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്‌ അധ്യക്ഷത വഹിച്ചു. സി.ജെ. പുന്നൂസ്‌ കോര്‍ എപ്പിസ്‌കോപ്പാ, പഴയ സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ്‌, ഫാ. എബി ഫിലിപ്പ്‌, ഫാ. മോഹന്‍ ജോസഫ്‌ , പി.എ. അലക്‌സാണ്ടര്‍ എന്നിവര്‍ പ്രസംഗിച്ചു.


മലയാളം വേദപുസ്‌തകത്തിന്റെ ദ്വിശതാബ്‌ദി ആഘോഷിച്ചു


തിരുവനന്തപുരം, സെ ൨൫: വിശുദ്ധ വേദപുസ്‌തകം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്‌തതിന്റെ സ്‌മരണ പുതുക്കി പുസ്‌തകത്തിന്റെ ദ്വിശതാബ്‌ദി ആഘോഷിച്ചു. സുറിയാനി ഭാഷയില്‍ നിന്നു വേദപുസ്‌തകം ആദ്യമായി മലയാളത്തിലേയ്ക്കു് വിവര്‍ത്തനം ചെയ്‌ത കായംകുളം ഫിലിപ്പോസ്‌ റമ്പാന്റെ ഇരുനൂറാം ചരമ വാര്‍ഷികാചരണവും നടത്തി.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ അടൂര്‍-കടമ്പനാട്‌ ഭദ്രാസനത്തിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികള്‍. രാജ്യസഭ ഉപാധ്യക്ഷന്‍ ഉദ്‌ഘാടനം ചെയ്‌തു. ഇംഗ്ലിഷ്‌ വിദ്യാഭ്യാസവും തുറന്ന വേദപുസ്‌തകവുമാണു് കേരളത്തില്‍ നവീകരണത്തിനു വഴിവച്ചതെന്നു് അദ്ദേഹം പറഞ്ഞു. ഈ നവീകരണം ക്രൈസ്‌തവ സമൂഹത്തിനു മാത്രമല്ല, കേരളത്തിനൊട്ടാകെ പ്രയോജനം ചെയ്‌തുവെന്ന്‌ അദ്ദേഹം പറഞ്ഞു.

സാര്‍വലൗകിക ചിന്തയാണു ക്രൈസ്‌തവര്‍ക്കുണ്ടായിരുന്നത്‌. ഇന്ത്യയെ ഒന്നിപ്പിക്കുന്നതില്‍ അതു പ്രേരണ നല്‍കിയെന്നു പ്രഭാഷണം നടത്തിയ മന്ത്രി കെ.എം. മാണി പറഞ്ഞു. സമാധാനം പുനഃസ്‌ഥാപിക്കാന്‍, മതേതരത്വം ഉറപ്പിക്കാന്‍ എല്ലാം വിശുദ്ധ വേദപുസ്‌തകം ഇടയാക്കിയെന്നും മാണി പറഞ്ഞു. ഫിലിപ്പോസ്‌ റമ്പാന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്തയ്‌ക്കു മന്ത്രി മാണി സമ്മാനിച്ചു.

യേശുവിനെ കാണുന്നതു വേദപുസ്‌തകത്തില്‍ കൂടി ആയതിനാലാണ്‌ എല്ലാ സഭകളും അതിനെ സ്വീകരിച്ചതെന്നു മറുപടി പ്രസംഗത്തില്‍ ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം പറഞ്ഞു. സഭകളെ യോജിപ്പിച്ചുനിര്‍ത്തുന്നതു വേദപുസ്‌തകമാണ്‌. അല്ലറചില്ലറ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും സഭകളുടെ അടിസ്‌ഥാന വിശ്വാസം ഒന്നാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഫിലിപ്പോസ്‌ റമ്പാനെ കുറിച്ചു തയാറാക്കിയ പുസ്‌തകം സാഹിത്യ അക്കാദമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരന്‍ പ്രകാശനം ചെയ്‌തു.

ഓര്‍ത്തഡോക്‌സ്‌ സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌ അധ്യക്ഷനായിരുന്നു. അടൂര്‍ കടമ്പനാട്‌ ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ്‌ മാര്‍ അപ്രേം, മലങ്കര കത്തോലിക്ക മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്‌, സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്‌ റവ. എ. ധര്‍മരാജ്‌ റസാലം, തോമസ്‌ മാര്‍ തിമോത്തിയോസ്‌, മുന്‍ ചീഫ്‌ സെക്രട്ടറി ഡോ. ഡി. ബാബു പോള്‍, ജോസഫ്‌ സാമുവല്‍ കറുകയില്‍ കോര്‍ എപ്പിസ്‌കോപ്പ, അടൂര്‍ കടമ്പനാട്‌ ഭദ്രാസന സെക്രട്ടറി ഫാ. തോമസ്‌ മാത്യു, ഫാ. പി.ജി. കുര്യന്‍, ഫാ. പി.ജി. ജോസ്‌, പ്രഫ. ഡി.കെ. ജോണ്‍, ഡോ. എം. കുര്യന്‍ തോമസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മലയാളത്തിലെ ആദ്യ വേദപുസ്‌തക വിവര്‍ത്തനം റമ്പാന്‍ ബൈബിള്‍


9.5 ഇഞ്ച്‌ നിളവും എട്ട്‌ ഇഞ്ച്‌ വീതിയും രണ്ടിഞ്ച്‌ കനവും 504 പേജുകളുമാണു മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്‌ത ആദ്യ വേദപുസ്‌തകത്തിലുള്ളത്‌. റമ്പാന്‍ പരിഭാഷപ്പെടുത്തിയതു കൊണ്ടു റമ്പാന്‍ ബൈബിളെന്നും ബുക്കാനന്‍ പ്രിന്റ്‌ ചെയ്‌തതിനാല്‍ ബുക്കാന്‍ ബൈബിളെന്നും കുറിയര്‍ പ്രസില്‍ അച്ചടിച്ചതിനാല്‍ കുറിയര്‍ ബൈബിളെന്നും വിളിക്കുന്നുണ്ട്‌.

ബര്‍ത്തലോമയുടെ ചുമതലയില്‍ 1714ല്‍ തമിഴിലേക്കാണു വേദപുസ്‌തകം ആദ്യമായി വിവര്‍ത്തനം ചെയ്യപ്പെട്ടത്‌. വില്യം കേറിയുടെ നേതൃത്വത്തില്‍ 1793ല്‍ ബംഗാളിയിലേക്കു വിവര്‍ത്തനം ചെയ്‌തു. മലങ്കര മെത്രാപ്പൊലീത്തയായിരുന്ന ആറാം മാര്‍ത്തോമ്മയുടെയും ക്ലോഡിയസ്‌ ബുക്കാനന്റെയും നിര്‍ദേശാനുസരണം 1807ലാണു വിശുദ്ധ വേദപുസ്‌തകം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യാനുള്ള ചുമതല കായംകുളം ഫിലിപ്പോസ്‌ റമ്പാനെ ഏല്‍പ്പിച്ചത്‌.

1811ല്‍ ബോംബെയില്‍ കുറിയര്‍ പ്രിന്റേഴ്‌സില്‍ ആദ്യ മലയാള വേദപുസ്‌തകം അച്ചടിച്ചു. കായംകുളം മണങ്ങനഴികത്ത്‌ കുടുംബത്തില്‍ ഫിലിപ്പോസിന്റെയും ആച്ചിയമ്മയുടെയും മകനായി 1740ലാണു ഫിലിപ്പോസ്‌ റമ്പാന്‍ ജനിച്ചത്‌. ഫിലിപ്പോസ്‌ കത്തനാരുടെ കഴിവും പാണ്ഡിത്യവും തിരിച്ചറിഞ്ഞ്‌ ആറാം മാര്‍ത്തോമ്മ തന്റെ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിച്ചു. 1794 ഏപ്രില്‍ 18ന്‌ ആറാം മാര്‍ത്തോമ്മയും പരദേശി മെത്രാന്‍ മാര്‍ ഇവാനിയോസും ചേര്‍ന്നു ഫിലിപ്പോസ്‌ കത്തനാരെ റമ്പാന്‍ പദവിയിലേക്കുയര്‍ത്തി.

ഏഴാം മാര്‍ത്തോമ്മയുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. എട്ടാം മാര്‍ത്തോമ്മയുടെ സെക്രട്ടറിയായി നിയമിതനായെങ്കിലും പിന്നീട്‌ പദവി ഉപേക്ഷിച്ചു. അടൂര്‍ കണ്ണകോട്‌ ദേവാലയത്തിലാണു ശിഷ്‌ടകാലം താമസിച്ചത്‌. 1812 ല്‍ ദിവംഗതനായി.


സാമൂഹ്യതിന്മകള്‍ക്കെതിരെ ക്രൈസ്തവസഭകള്‍ ഉണരണം: പരിശുദ്ധ ബാവ


കൊച്ചി, സെപ്തം ൨൫: ആര്‍ത്തിയും ആഘോഷവും മനുഷ്യജീവിതത്തില്‍ പിടിമുറുക്കുന്ന പുതിയ സംസ്കാരത്തില്‍ സമൂഹത്തെ നേര്‍ദിശയിലേക്കു കൈപിടിച്ചുയര്‍ത്താന്‍ ക്രൈസ്തവസഭകള്‍ ഉണരേണ്ടതുണ്ടെന്നു് പരിശുദ്ധ കാതോലിക്ക ബസേലിയോസ് പൌലോസ് ദ്വിതീയന്‍ ബാവ അഭിപ്രായപ്പെട്ടു. എറണാകുളം വൈഎംസിഎ സംഘടിപ്പിച്ച എക്യുമെനിക്കല്‍ വൈദിക അല്‍മായ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യാസക്തിയും അഴിമതിയും ആര്‍ഭാടങ്ങളോടുള്ള ആര്‍ത്തിയും ആധുനിക കാലത്തെ ദുഷിപ്പിക്കുന്നുണ്ട്. ജീവിതത്തെ ആഘോഷമാക്കാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവരായിട്ടുണ്ട് മനുഷ്യര്‍. ഇതിനിടയില്‍ മറ്റുള്ളവരുടെ വേദനകളും ആവശ്യങ്ങളും കണ്ടില്ലെന്നു നടിക്കുന്നവരാണ് ഏറെയും. ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ ക്രൈസ്തവസഭകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. അക്രമങ്ങളിലും അഴിമതികളിലും ക്രൈസ്തവര്‍ ഉള്‍പ്പെടുന്നത് അപമാനകരമാണ്. പരസ്പര സ്നേഹവും സൌഹൃദവും സമന്വയിപ്പിച്ച് പൊതുസമൂഹത്തിന്റെ പുരോഗതിക്കായി വിശ്വാസിസമൂഹം കൈകോര്‍ക്കണമെന്നും കാതോലിക്ക ബാവ ഓര്‍മിപ്പിച്ചു.

ലളിതമായ ജീവിതത്തിലൂടെ സമൂഹത്തിനു മാതൃകയാവേണ്ടവരാണ് ക്രൈസ്തവരെന്നു സമ്മേളനത്തില്‍ സന്ദേശം നല്‍കിയ കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ ഓര്‍മിപ്പിച്ചു. പാവപ്പെട്ടവരെയും അഗതികളെയും കൂടെനിര്‍ത്തുന്ന സ്നേഹത്തിന്റെ മനോഭാവമാണു നാം വളര്‍ത്തേണ്ടതെന്നു വിഷയാവതരണം നടത്തിയ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ ബിഷപ് മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു.

വൈഎംസിഎ പ്രസിഡന്റ് അഡ്വ. ബാബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. അഡ്വ. തോമസ് ഏബ്രഹാം, ജെ. ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സഖറിയാസ് മാര്‍ തെയോഫിലസ് എന്നിവര്‍ പ്രസംഗിച്ചു. റവ. ഡോ. പോള്‍ തേലക്കാട്ട്, റവ. ഡോ. ജോസ് പുതിയേടത്ത്, ഫാ. വര്‍ഗീസ് പുലയത്ത്, റവ. ഡോ. ജോര്‍ജ് വര്‍ഗീസ്, ഫാ. കുര്യന്‍ പീറ്റര്‍, ഫാ. കെ.ടി. ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. പാനല്‍ ചര്‍ച്ചയില്‍ ഫാ. ഏബ്രഹാം തോമസ്, ഫാ. പി.ജെ. ജേക്കബ്, ഫാ. സണ്ണി വര്‍ഗീസ്, സിസ്റര്‍ ലിസ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.


ഊര്‍ശലേം തീര്‍ഥാടനം പ്രോല്‍സാഹിപ്പിക്കണം:ഫാ. പിയര്‍ബാറ്റിസ്‌റ്റ പിസബല

ജറുസലമിന്റെ ചുമതലക്കാരനും (കുസ്‌തോസ്‌)
ഫ്രാന്‍സിസ്‌കന്‍ സഭ മിനിസ്‌റ്റര്‍ പ്രൊവിന്‍ഷ്യലുമായ ഫാ. പിയര്‍
ബാറ്റിസ്‌റ്റ പിസബല ബാംഗ്ലൂര്‍ ധര്‍മാരാം വിദ്യാക്ഷേത്രത്തിലെ
വിദ്യാര്‍ഥികളുമായി സംവാദം നടത്തുന്നു.


ബംഗലൂരു, സെപ്തം. ൨൫: ഊര്‍ശലേം (ജറുസലം) തീര്‍ഥാടനം പ്രോല്‍സാഹിപ്പിക്കണമെന്നു് വിശുദ്ധനാടിന്റെ ചുമതലക്കാരനും (കുസ്‌തോസ്‌) ഫ്രാന്‍സിസ്‌കന്‍ സഭ മിനിസ്‌റ്റര്‍ പ്രൊവിന്‍ഷ്യലുമായ ഫാ. പിയര്‍ബാറ്റിസ്‌റ്റ പിസബല അഭിപ്രായപ്പെട്ടു. ധര്‍മാരാം വിദ്യാക്ഷേത്രത്തിലെ വിദ്യാര്‍ഥികളുമായി `ദ്‌ ഹോളിലാന്‍ഡ്‌: ക്രിസ്‌ത്യന്‍ കണ്‍സേണ്‍ ഇന്‍ ദ്‌ മിഡില്‍ ഈസ്‌റ്റ്‌ എന്ന വിഷയത്തില്‍ സംവാദം നടത്തുകയായിരുന്നു അദ്ദേഹം.

ക്രൈസ്‌തവര്‍ക്കു് സ്വത്വത്തിന്റെ ഉറവിടമാണു ജറുസലം. വര്‍ഷംതോറുമെത്തുന്ന 30 ലക്ഷം തീര്‍ഥാടകരില്‍ ഇന്ത്യയില്‍നിന്നുള്ളവര്‍ ശരാശരി 20,000 മാത്രമാണ്‌. വിനോദസഞ്ചാരമല്ല, നല്ല രീതിയില്‍ സംഘടിപ്പിക്കുന്ന തീര്‍ഥാടനയാത്രയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തീര്‍ഥാടകര്‍ കടുത്ത സന്ദര്‍ശന നിയന്ത്രണങ്ങളും സുരക്ഷാ പരിശോധനകളും നേരിടുന്നതായി സംവാദത്തില്‍ പരാതി ഉയര്‍ന്നെങ്കിലും ഇത്‌ ഇടനിലക്കാര്‍ കാട്ടുന്ന തട്ടിപ്പായിരിക്കാം എന്നായിരുന്നു മറുപടി.

ഫാ. ഡോ. തോമസ്‌ കൊല്ലംപറമ്പില്‍ സംവാദത്തില്‍ മോഡറേറ്ററായിരുന്നു. ധര്‍മാരാം വിദ്യാക്ഷേത്രം പ്രസിഡന്റ്‌ ഫാ. ഡോ. സാജു ചക്കാലയ്‌ക്കല്‍, ഡോ. ജോയ്‌ ഫിലിപ്പ്‌ കാക്കനാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു. ഫാ. പിയര്‍ബാറ്റിസ്‌റ്റ പിസബലയെ ഡോ. തോമസ്‌ ഐക്കര പൊന്നാടയണിയിച്ചു. കുസ്‌തോസിന്റെ ജീവിതത്തെക്കുറിച്ചു ഫാ. ജയശീലന്‍ തയാറാക്കിയ വിഡിയോയും പ്രദര്‍ശിപ്പിച്ചു.

കുസ്‌തോസ്‌ പദവിയിലുള്ള ഒരാള്‍ 670 വര്‍ഷത്തിനു ശേഷമാണ്‌ ഇന്ത്യ സന്ദര്‍ശിക്കുന്നത്‌. 2004 മേയ്‌ 15നാണു ഫാ. പിയര്‍ബാറ്റിസ്‌റ്റ പിസബല കുസ്‌തോസ്‌ ആയി ചുമതലയേറ്റത്‌. ആറു വര്‍ഷത്തെ കാലാവധി അവസാനിച്ചശേഷം 2010 മേയ്‌ 15നു മൂന്നു വര്‍ഷത്തേക്കു കൂടി നിയമിതനായി. ആറു ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്‌ച ഇന്ത്യയിലെത്തിയ അദ്ദേഹം ഇന്നു ചെന്നൈയിലേക്കു പോകും.

മൈലാപ്പൂര്‍ സെന്റ്‌ തോമസ്‌ മൗണ്ട്‌ തീര്‍ഥാനകേന്ദ്രം ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചശേഷം 28നു ബാംഗ്ലൂരില്‍ മടങ്ങിയെത്തുന്ന അദ്ദേഹം കോറമംഗല സെന്റ്‌ ജോണ്‍സ്‌ നാഷനല്‍ അക്കാദമി ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ കാത്തലിക്‌ ബിഷപ്‌സ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യയുടെ (സിബിസിഐ) ഉപസമിതി യോഗത്തില്‍ പങ്കെടുക്കും. കടപ്പാടു് മനോരമ

20120924

ഗീവര്‍ഗീസ് ദ്വിതീയന്‍ മലങ്കരസഭയെ പ്രകാശിപ്പിച്ച സൂര്യ തേജസ്: മാര്‍ ക്രിസോസ്റ്റം


കുറിച്ചി : മലങ്കരസഭയെ പ്രകാശിപ്പിച്ച സൂര്യ തേജസായിരുന്നു ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത പറഞ്ഞു.

ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മെത്രാഭിഷേക ശതാബ്ദി സമ്മേളനം വലിയപള്ളിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അഭി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറിച്ചി ബാവാ ഫൌണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു. ഫൌണ്ടേഷന്റെ പ്രഥമ അവാര്‍ഡ് (25,000 രൂപ) ഡോ. കെ.ഐ. ഫിലിപ് റമ്പാന് മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് ബഞ്ചമിന്‍ കോശി സമ്മാനിച്ചു.
അഭി. ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പൊലീത്ത, അഭി. ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസ്, ഫാ. ഡോ. ജേക്കബ് കുര്യന്‍, വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, കൊടിക്കുന്നില്‍ സുരേഷ് എംപി, സി.എഫ്. തോമസ് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, ജോബ് മൈക്കിള്‍, ബിജു പൂഴിക്കുന്നേല്‍, ഫാ. ജോണ്‍ ശങ്കരത്തില്‍, ഫാ. ലൈജു മര്‍ക്കോസ്, ഡോ. ഈപ്പന്‍ സി. കുര്യന്‍, കെ.ജെ. കുര്യാക്കോസ്, കണ്‍വീനര്‍ ജോജി വര്‍ഗീസ്, കെ.എം. കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.