ആകമാന സഭാനിലപാടുകള്‍

20121124

പരിശുദ്ധ ദലൈ ലാമയ്ക്ക് ഹൃദ്യമായ എതിരേല്പ്



തിരുവനന്തപുരം, 2012 നവം 23: ടിബറ്റിന്റെ ആത്മീയാചാര്യന്‍ പരിശുദ്ധ ദലൈ ലാമ രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തായി തിരുവനന്തപുരത്ത് എത്തി. ഞായറാഴ്ച (നവം 25) കൊച്ചിയില്‍ നടത്തുന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ശതാബ്ദി ആഘോഷത്തില്‍ അദ്ദേഹം പങ്കെടുക്കും. ശനിയാഴ്ച ശിവഗിരി സന്ദര്‍ശിക്കുന്ന അദ്ദേഹം എണ്‍പതാമത് ശിവഗിരി തീര്‍ഥാടന സന്ദേശ വിളംബര സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് ഒന്നരയോടെ മുംബൈയില്‍നിന്നു ജെറ്റ് എയര്‍വെയ്സ് വിമാനത്തിലെത്തിയ ലാമയ്ക്കു മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, അലക്സാണ്ടര്‍ വൈദ്യന്‍ കോറെപ്പിസ്കോപ്പ, ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഋതംബരാനന്ദ, തീര്‍ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് തുടങ്ങിയവര്‍ ചേര്‍ന്ന് ലാമയെ സ്വീകരിച്ചു. വിമാനത്താവളത്തില്‍ ലാമയെ സ്വീകരിക്കാന്‍ പ്രഫ. ഇ. ജേക്കബ് ജോണ്‍, മുന്‍ എംഎല്‍എ ജോസഫ് പുതുശേരി, സഭാ മാനേജിങ് കമ്മിറ്റി അംഗം ബാബു പാറയില്‍ തുടങ്ങിയവരും എത്തിയിരുന്നു.
ദലൈ ലാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ലാമയുടെ സ്വന്തം സുരക്ഷാ വിഭാഗവും എത്തിയിട്ടുണ്ട്.

മലങ്കര സഭയില്‍ കാതോലിക്കേറ്റ് പുനസ്ഥാപിച്ചതിന്‍റെ ശതാബ്ദിയോടനുബന്ധിച്ച് ഓര്‍ത്തഡോക്സ് സഭ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന സമ്മേളനം ഞായറാഴ്ച ദലൈ ലാമ ഉദ്ഘാടനം ചെയ്യും. വൈകിട്ടു് മൂന്നിനു് മറൈന്‍ഡ്രൈവിലാണു് സമ്മേളനം.
ശിവഗിരിയില്‍
ശനിയാഴ്ച രാവിലെ ഒന്‍പതു് മണിക്ക് അദ്ദേഹം ശിവഗിരിയില്‍ എത്തും . ആദ്യം മഹാ സമാധിയില്‍ ദര്‍ശനം നടത്തും . ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി പ്രകാശനന്ദയുടെ നേതൃത്വത്തില്‍ പാദ പൂജ ചെയ്തും പൂര്‍ണകുംഭം നല്‍കിയും ദലൈ ലാമയെ സ്വീകരിക്കും . തുടര്‍ന്ന് മഹാസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തും.

ശ്രീ നാരായണ ഗുരു വിശ്രമിച്ചിരുന്ന വൈദികമഠവും സന്ദര്‍ശിക്കും .പിന്നാലെ ഗുരു പൂജ ഹാളില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും . സമ്മേളനത്തിന് ശേഷം ശാരദാമഠത്തിലുമെത്തും . ഉച്ചഭക്ഷണത്തിന് ശേഷം 12 മണിയോടെ ദലൈ ലാമ ശിവഗിരിയില്‍ നിന്ന് കൊച്ചിയിലേക്ക് പോകും. നൊബേല്‍ സമ്മാന ജേതാവായിരുന്ന രവീന്ദ്ര നാഥ ടാഗോര്‍ ശ്രീനാരായണ ഗുരുവിനെ സന്ദര്‍ശിച്ചതിന്‍റെ 90ആം വര്‍ഷത്തിലാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായ ദലൈ ലാമ ശിവഗിരിയും ഗുരുദേവ മഠവും സന്ദര്‍ശിക്കുന്നത് .


20121122

സഭകള്‍ സമാധാനത്തിന്റെ സന്ദേശവാഹകരാകണം- പരിശുദ്ധ പിതാവു്

സഭാനേതാക്കള്‍ അത്താഴ വിരുന്നില്‍. ഇടത്തു്നിന്നു്: എത്യോപ്യന്‍
 ഇടക്കാലപാത്രിയര്‍ക്കീസ് നാഥാനിയേല്‍, അന്ത്യോക്യന്‍ സുറിയാനി
സഭയുടെ സുന്നഹദോസ് സെക്രട്ടറി തെയോഫിലോസ് ജോര്‍ജ്
സെലീബാ മെത്രാപ്പോലീത്ത,പരിശുദ്ധ ബസേലിയോസ്
മാര്‍ത്തോമ്മാപൌലോസ് ദ്വിതീയന്‍ ബാവാ, ബ്രിട്ടീഷ് കോപ്റ്റിക്
സഭയുടെ അബ്ബാ സെറാഫിം മെത്രാപ്പോലീത്ത

കയ്റോ, നവം 17: മനുഷ്യരാശിയ്ക്ക് ഭീഷണിയായ യുദ്ധങ്ങളും യുദ്ധസന്നാഹങ്ങളും അവസാനിപ്പിക്കാന്‍ അഖിലലോക സഭാ കൌണ്‍സില്‍ മുന്‍കൈയെടുക്കണമെന്നും ക്രൈസ്തവ സഭകള്‍ സമാധാനത്തിന്റെ സന്ദേശവാഹകരാകണമെന്നും പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ പ്രസ്താവിച്ചു.
കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ തേവാദ്രോസ് രണ്ടാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങില്‍ സംബന്ധിക്കാനെത്തിയ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികള്‍ക്കായി ഒരുക്കിയ അത്താഴ വിരുന്നില്‍ ആതിഥേയസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ശ്ളൈഹിക പാരമ്പര്യമുള്ള സഭകള്‍ വിദ്യാഭ്യാസം, വൈദികപരിശീലന രംഗങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.
ഇതും കാണുക Catholicos Baselius Marthoma Paulose II hosts Oriental Orthodox Delegation

20121109

കാതോലിക്കേറ്റ് പുനഃസ്ഥാപന ശതാബ്ദി: വടക്കന്‍ മേഖല വിളംബര യാത്രയ്ക്കു തുടക്കം

കടപ്പാടു് മനോരമ

ചെന്നൈ, 2012 നവം 3: മൈലാപ്പൂരില്‍ തോമാശ്ലീഹായുടെ കബറിടത്തില്‍ നിന്നു തെളിയിച്ച ദീപശിഖയുമായി ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കേറ്റ് പുനഃസ്ഥാപനശതാബ്ദി ആഘോഷങ്ങളുടെ വടക്കന്‍ മേഖലാ വിളംബര യാത്ര ആരംഭിച്ചു. കബറിടത്തില്‍ മദ്രാസ് ഭദ്രാസനാധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് ദീപശിഖ തെളിച്ചു. വിളംബര യാത്രാ കണ്‍വീനര്‍ ഫാ. ഡോ. എം.ഒ. ജോണ്‍ ദീപശിഖയും സഭ മാനേജിങ് കമ്മിറ്റി അംഗം അലക്സ് മണപ്പുറം കാതോലിക്കേറ്റ് പതാകയും ഏറ്റുവാങ്ങിയതോടെ പ്രയാണത്തിനു തുടക്കമായി.

താംബരം മാര്‍ ഗ്രീഗോറിയോസ് ദേവാലയത്തിന്‍റെ വേളാച്ചേരി കുരിശടിയില്‍ യാത്രയ്ക്ക് ആദ്യ സ്വീകരണം നല്‍കി. തുടര്‍ന്നു് റാസയായി ദേവാലയത്തില്‍ പ്രവേശിച്ചു. പ്രത്യേക ശുശ്രൂഷകളെത്തുടര്‍ന്നുള്ള ഉദ്ഘാടന സമ്മേളനത്തില്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് ആധ്യക്ഷം വഹിച്ചു. ഫാ. പി.കെ. സഖറിയ, മദ്രാസ് ഭദ്രാസന സെക്രട്ടറി ഫാ. ജിജി മാത്യു വാകത്താനം എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

നവം 4 ഞായര്‍ രാവിലെ എട്ടിനു് താംബരത്തു നിന്നു യാത്ര തുടരും. ഒന്‍പതിനു കോയമ്പേട് സെന്‍റ് പീറ്റേഴ്സ് ആന്‍ഡ് സെന്‍റ് പോള്‍സ് ദേവാലയത്തിലും തുടര്‍ന്നു ബ്രോഡ്‌വേ സെന്‍റ് തോമസ് കത്തീഡ്രലിലും സ്വീകരണത്തിനു് ശേഷം രാത്രിയില്‍ ബാംഗ്ലൂരിലേക്കു് തിരിക്കും. പിന്നീട് മൈസൂര്‍, മംഗലാപുരം, ബത്തേരി, കുന്നംകുളം, കണ്ടനാട് വഴി 15നു് കോട്ടയം പഴയ സെമിനാരിയില്‍ സമാപിക്കും.

ഫിലിപ്പോസ് റമ്പാന്റെ സ്മരണയ്ക്ക് തപാല്‍ കവര്‍


തിരുവല്ല: വിശുദ്ധ ബൈബിള്‍ ആദ്യമായി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത കായംകുളം ഫിലിപ്പോസ് റമ്പാന്റെ സ്മരണയ്ക്കായി തപാല്‍ വകുപ്പ് പ്രത്യേകം കവര്‍ പുറത്തിറക്കുന്നു.
അദ്ദേഹത്തിന്റെ ചിത്രവും മലയാള ബൈബിളിന്റെ 200 വര്‍ഷത്തെ സൂചിപ്പിക്കുന്ന എംബ്ലവും, ആദ്യമലയാള ബൈബിളിന്റെ കവര്‍പേജും, കേരളത്തിന്റെ ഭൂപടവും ഉള്‍ക്കൊള്ളിച്ചാണ് കവര്‍. കവറിന് മറുഭാഗത്ത് ഫിലിപ്പോസ് റമ്പാനെക്കുറിച്ചുള്ള ലഘുവിവരണവും അദ്ദേഹത്തെ അടക്കം ചെയ്തിട്ടുള്ള അടൂര്‍ കണ്ണംകോട് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയെപ്പറ്റിയും പ്രതിപാദിച്ചിട്ടുണ്ട്. ബൈബിള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിന്റെ ദ്വിശതാബ്ദി സമാപന ദിവസമായ നവംബര്‍ 11ന് വൈകീട്ട് 4ന് കണ്ണംകോട് പള്ളിയില്‍ കേന്ദ്ര മന്ത്രി കൊടിക്കുന്നില്‍ സുരേഷ് തപാല്‍ കവര്‍ പ്രകാശനം ചെയ്യും. തപാല്‍ വകുപ്പ് ഡയറക്ടര്‍ എ.ഗോവിന്ദരാജന്‍ തപാല്‍കവര്‍ സമര്‍പ്പണവും നടത്തും.

ഒബാമ: അമേരിക്കന്‍ ജനാധിപത്യത്തിന്റെ വിജയം-മാര്‍ നിക്കോളോവോസ്


ന്യൂയോര്‍ക്ക്, നവംബര്‍ 9, 2012: ഒബാമയുടെ വിജയം അമേരിക്കയിലെ ജനാധിപത്യത്തിന്റെ വിജയമാണെന്നും മനുഷ്യ മനസിനെ അടുത്തറിഞ്ഞ വ്യക്തിത്വത്തിന്റെ നേട്ടമാണെന്നും മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പൊലീത്ത സഖറിയ മാര്‍ നിക്കോളോവോസ്. അദ്ദേഹം തുടങ്ങിവച്ച യൂണിവേഴ്സല്‍ ഹെല്‍ത്ത് കെയര്‍ പോലുള്ള നല്ല സംരഭങ്ങളുമായി മുന്നോട്ട് പോകുവാന്‍ ജനങ്ങള്‍ നല്‍കിയ സമ്മതി പത്രമാണ് ഈ വിജയം.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരുന്ന കറുത്തവര്‍ഗക്കാര്‍, ലാറ്റിനോകള്‍ എന്നിവരെ സമാന ചിന്താഗതിക്കാരായ വെളുത്ത വംശജരുമായി ഏകോപിച്ചുകൊണ്ട് ജനാധിപത്യ പ്രക്രിയയില്‍ പുതിയ വഴിത്താര വെട്ടിത്തുറക്കുവാന്‍ ഈ വിജയം സഹായകരമാകുമെന്നും അദേഹം പറഞ്ഞു.
ചിത്രം ട്വിറ്ററില്‍ നിന്നു്

20121108

ബള്‍ഗേറിയന്‍ സഭാധിപന്‍ മാക്സിം പാത്രിയര്‍ക്കിസ് കാലംചെയ്തു

ബള്‍ഗേറിയ ഓര്‍ത്തഡോക്സ് സഭാധിപന്‍ മാക്സിം പാത്രിയര്‍ക്കിസ്
 1914 ഒക്ടോ 29 – 2012 നവം 6 ഫോട്ടോ: വിക്കിമീഡിയ

സോഫിയ, ൨൦൧൨ നവം ൬: ബള്‍ഗേറിയയിലെ ഓര്‍ത്തഡോക്സ് സഭയുടെ അധിപനും സോഫിയയിലെ ബിഷപ്പുമായ മാക്സിം പാത്രിയര്‍ക്കിസ് (98) കാലംചെയ്തു. കമ്യൂണിസ്റ്റ് ഭരണകാലത്തും തുടര്‍ന്നു ജനാധിപത്യ ഭരണകാലത്തും സഭയെ 41 വര്‍ഷം നയിച്ച പാത്രിയര്‍ക്കിസ് ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നു.

ബൈസൈന്ത്യ സഭാകുടുംബത്തില്‍പെട്ട ബള്‍ഗേറിയയിലെ ഓര്‍ത്തഡോക്സ് സഭ 1,100 വര്‍ഷത്തെ പാരമ്പര്യമാണ് അവകാശപ്പെടുന്നത്. കല്ക്കദോന്‍ സുന്നഹദോസ് പ്രമാണങ്ങളെ സ്വീകരിയ്ക്കുന്ന ബൈസൈന്ത്യ സഭാകുടുംബത്തില്‍പെട്ട സഭകളുമായി ഇന്ത്യന്‍ സഭയ്ക്കു് കൂട്ടായ്മയില്ലെങ്കിലും അടുത്ത സൗഹൃദബന്ധമുണ്ടു്.

തുര്‍ക്കികളുടെ ഭരണം, കമ്യൂണിസ്റ്റ് ഭരണം എന്നീ കാലഘട്ടങ്ങളില്‍ ഒട്ടേറെ വെല്ലുവിളികളെ സഭ അഭിമുഖീകരിച്ചിരുന്നു. 1971 മുതലാണു മാക്സിം പാത്രിയര്‍ക്കിസ് സഭയ്ക്കു നേതൃത്വം നല്‍കിവന്നത്. സിനഡ് കൂടി താല്‍ക്കാലികമായി ഒരു പാത്രിയര്‍ക്കിസിനെ തിരഞ്ഞെടുക്കും. തുടര്‍ന്നു നാലുമാസത്തിനുള്ളില്‍ മാക്സിം പാത്രിയര്‍ക്കിസിന്‍റെ പിന്‍ഗാമിയെ വാഴിക്കും.

20121106

ബിഷപ് തെവാദ്രോസ് പുതിയ കോപ്റ്റിക് മാര്‍പാപ്പ

പോപ്പ് തെവാദ്രോസ് രണ്ടാമന്‍
കയ്‌റോ (ഈജിപ്ത്), നവം ൪: ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയിലെ അംഗസഭയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സഹോദരീസഭയുമായ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ പുതിയ മാര്‍പാപ്പയായി ബിഷപ് തെവാദ്രോസ് (60) തിരഞ്ഞെടുക്കപ്പെട്ടു. മാര്‍ച്ച് 17നു കാലംചെയ്ത പോപ്പ് ഷെനൗഡാ മൂന്നാമന്‍റെ പിന്‍ഗാമിയായിരിക്കും ഇദ്ദേഹം. ഈ മാസം 18നു സെന്‍റ് മാര്‍ക്ക്സ് കത്തീഡ്രലില്‍ തെവാദ്രോസ് രണ്ടാമന്‍ എന്ന പേരില്‍ അലക്സന്ത്രിയായിലെ പോപ്പും വിശുദ്ധ മര്‍ക്കോസിന്റെ സിംഹാസനത്തിലെ 118ആമത്തെ പാത്രിയര്‍ക്കീസും ആയി ഇദ്ദേഹം സ്ഥാനാരോഹണം ചെയ്യും.

ബിഷപ് തെവാദ്രോസ് (തേവോദോറോസ്) 1952ല്‍ ജനിച്ചു. ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് ബിരുദധാരിയാണ്. ബ്രിട്ടനില്‍നിന്നും വിദ്യാഭ്യാസം നേടിയ ഇദ്ദേഹം കയ്‌റോയില്‍ ഔഷധശാലയും നടത്തുന്നുണ്ടെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. 1997ല്‍ ബിഷപ്പായി. ബെഹയ്റായുടെ സഹായ മെത്രാനായി പ്രവര്‍ത്തിക്കുന്നു. വിശാലമായ പരിചയവും നല്ല നൈപുണ്യവും ഉള്ളയാളാണ് ബിഷപ്പ് തവോദ്രോസെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിയുക്ത പോപ്പിനെ ആശംസ അറിയിച്ചു.

സഭാ പാരമ്പര്യപ്രകാരം മൂന്ന് സ്ഥാനാര്‍ഥികളില്‍നിന്നു നറുക്കെടുപ്പിലൂടെയാണ് പുതിയ സഭാ തലവനെ കണ്ടെത്തിയത്. ഒക്ടോബര്‍ 29-ന് 2400 സഭാപ്രതിനിധികള്‍ ചേര്‍ന്ന് അഞ്ചു് സ്ഥാനാര്‍ഥികളില്‍നിന്നു വോട്ടെടുപ്പിലൂടെ അവസാനത്തെ മൂന്നുപേരെ കണ്ടെത്തിയിരുന്നു. സഭാ പാരമ്പര്യപ്രകാരം മൂന്നു സ്ഥാനാര്‍ഥികളില്‍നിന്നു് നറുക്കെടുപ്പിലൂടെയാണ് പുതിയ സഭാതലവനെ കണ്ടെത്തിയത്. കയ്‌റോയിലെ സെന്‍റ് മാര്‍ക്ക്സ് കത്തീഡ്രലില്‍ നടന്ന കുര്‍ബാനയ്ക്കും പ്രാര്‍ഥനയ്ക്കും ശേഷം കണ്ണ് മൂടിക്കെട്ടിയ ഒരു അള്‍ത്താരബാലനാണു് നറുക്കെടുത്തത്.

ബിഷപ് റാഫേല്‍ (54), സന്യാസ വൈദികനായ ഫാ. റാഫേല്‍ ആഫമെനാ (70) എന്നിവരായിരുന്നു മറ്റു സ്ഥാനാര്‍ഥികള്‍. ഒക്‌ടോബര്‍ 29ന്, 2400 സഭാപ്രതിനിധികള്‍ ചേര്‍ന്ന് അഞ്ചു സ്ഥാനാര്‍ഥികളില്‍നിന്നു വോട്ടെടുപ്പിലൂടെയാണ് അവസാനത്തെ മൂന്നുപേരെ തിരഞ്ഞെടുത്തത്. രണ്ടു സന്യാസി വൈദികരാണ് വോട്ടെടുപ്പിലൂടെ ഒഴിവാക്കപ്പെട്ടത്. ഉഭയകക്ഷി ഉടമ്പടിപ്രകാരം ഇത്യോപ്യന്‍ സഭയുടെ അഞ്ചു ബിഷപ്പുമാരും ഈജിപ്തിലെത്തി വോട്ടുചെയ്തു.

ക്രൈസ്തവലോകത്ത് പോപ്പ് എന്നറിയപ്പെടുന്ന മൂന്നു് സഭാതലവന്മാരില്‍ ഒരാളാണ് കോപ്റ്റിക് സഭാതലവന്‍. എഡി 250-നോടടുത്ത് അലക്സന്ത്രിയായിലെ ബിഷപ്, പോപ്പ് എന്നറിയപ്പെട്ടുതുടങ്ങി. അലക്സന്ത്രിയായിലെ 13ആമത്തെ ബിഷപ് ആയ ഹെരാക്ലസ് (231 - 248) ആണ് ക്രൈസ്തവലോകത്ത് ആദ്യമായി പോപ്പ് എന്നു വിളിക്കപ്പെട്ട സഭാധ്യക്ഷന്‍. ഈജിപ്തിലെയും പശ്ചിമേഷ്യയിലെയും ഏറ്റവും വലിയ ക്രൈസ്തവ സഭയാണ് ഈഗുപ്തായ ഓര്‍ത്തഡോക്സ് സഭ. സുവിശേഷകനായ വിശുദ്ധ മര്‍ക്കോസ് ശ്ലീഹായാണു സ്ഥാപകന്‍ എന്നു വിശ്വസിക്കുന്നു. ഒന്നേമുക്കാല്‍ കോടിയിലധികം വിശ്വാസികളും നൂറോളം ബിഷപ്പുമാരും അന്‍പതിലധികം മെത്രാസനങ്ങളും കോപ്റ്റിക് സഭയിലുണ്ട്.

പശ്ചിമേഷ്യയിലും ഉത്തരആഫ്രിക്കയിലും അറബ് വസന്തത്തെത്തുടര്‍ന്ന് ഇസ്‌ലാമികശക്തികള്‍ മേധാവിത്വം സ്ഥാപിക്കുന്നതിനിടെയാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തത്. പോപ് ഷെനൗദയുടെ കീഴില്‍ കോപ്റ്റിക് സമുദായം പരമ്പരാഗത ഈജിപ്ത് മേഖലയില്‍നിന്നും പുറമേക്ക് വളര്‍ന്നിരുന്നു. എന്നാല്‍ ഈജിപ്ത്യന്‍ ഭരണകൂടത്തില്‍ നിന്നും ഉണ്ടാകുന്ന വിവേചനത്തില്‍ കോപ്റ്റിക് സമുദായക്കാര്‍ ബുദ്ധിമുട്ടിയിരുന്നു. പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെ പതനത്തിനു ശേഷം ഈ ഭയം വളരുകയാണ് ചെയ്തത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പള്ളി കത്തിച്ചതിനെതിരെ നടത്തിയ പ്രകടനത്തില്‍ സുരക്ഷാസൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു.