ആകമാന സഭാനിലപാടുകള്‍

20120101

വിമത യാക്കോബായസഭയും കത്തോലിക്ക സഭയും തമ്മില്‍ കൂടുതല്‍ അടുക്കുന്നു

തൃശ്ശൂര്‍, ജനുവരി, 2: മലങ്കര യാക്കോബായ സുറിയാനി സഭയില്‍നിന്നു് പിരിഞ്ഞു് ദമസ്കോസിലെ സിറിയന്‍ പാത്രിയാര്‍ക്കീസിന്റെ കീഴില്‍ നില്‍ക്കുന്ന സ്വയംഭരണസഭാവിഭാഗമായ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും റോമന്‍ കത്തോലിക്കാസഭയും തമ്മില്‍ നാലു് പ്രധാന കാര്യങ്ങളില്‍ ക്കൂടി ധാരണയായി.

ഇരുസഭകളുടെയും അംഗങ്ങള്‍ തമ്മില്‍ സഭ മാറാതെത്തന്നെ വിവാഹത്തിന് അനുമതി നല്കിയതിനു പിന്നാലെയാണ് പുതുവര്‍ഷത്തില്‍ നാലു ധാരണകള്‍ നിലവില്‍ വന്നത്. നിബന്ധനകള്‍ക്ക് വിധേയമായി വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും കത്തോലിക്കാസഭയും ഇനി കേരളത്തിന് പുറത്ത് സെമിത്തേരികള്‍ പങ്കുവയ്ക്കും. അതതു സഭാവിഭാഗത്തിന്റെ ദേവാലയം ഇല്ലാത്ത സ്ഥലത്ത് ഓരോ ബിഷപ്പിന്റെയും അനുമതിയോടെ മറ്റേസഭയുടെ ദേവാലയമോ സെമിത്തേരിയോ ഉപയോഗിക്കാം.

സ്വന്തം സഭയിലെ വൈദികനില്ലാത്ത സാഹചര്യത്തില്‍ അനുവാദത്തോടെ മറ്റേസഭയിലെ വൈദികന് ശവസംസ്‌കാര ശുശ്രൂഷ നടത്താന്‍ കഴിയും.

ദൈവശാസ്ത്ര-എക്യുമെനിക്കല്‍ ചര്‍ച്ചകള്‍ തുടരും. ഇരുസഭാവിഭാഗങ്ങളും ക്രിസ്തുവിജ്ഞാനത്തിലും ഐക്യം പ്രഖ്യാപിച്ചിട്ടുണ്ട്.

അതത് സഭയുടെ വൈദികനെ ലഭിക്കാത്തപ്പോള്‍ മറ്റേ സഭയിലെ വൈദികനില്‍ നിന്ന് കുമ്പസാരം, കുര്‍ബാന, രോഗീലേപനം എന്നിവ സ്വീകരിക്കാം. നിബന്ധനകള്‍ക്ക് വിധേയമായി സഭാന്തരവിവാഹം ആശീര്‍വ്വദിക്കുകയും ചെയ്യാം.

പത്രോസ് ശ്ലീഹായുടെ സ്ഥാനം (പ്രഥമത്വം), സഭാശുശ്രൂഷകള്‍ എന്നിവ സംബന്ധിച്ചും പ്രാഥമിക ധാരണകള്‍ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞു. സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കാന്‍ ഇനി ഇരു സഭാവിഭാഗങ്ങള്‍ക്കുമായി സംയുക്ത കമ്മീഷനുണ്ടാവും. പത്രോസ് ശ്ലീഹായുടെ പിന്‍ഗാമിയായി റോമാ മാര്‍ പാപ്പയെ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ അംഗീകരിച്ചാല്‍ ഇരുവിഭാഗങ്ങളും തമ്മില്‍ പൂര്‍ണ ഐക്യമാവും.

വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക ശ്രേഷ്ഠ ഡോ. ബസ്സേലിയോസ് തോമസ് പ്രഥമനും വത്തിക്കാന്റെ സഭൈക്യ സംരംഭങ്ങള്‍ക്കുള്ള കാര്യാലയത്തിന്റെ മുഖ്യ സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ബ്രയാന്‍ ഫാരലുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെയും ദമസ്കോസിലെ സിറിയന്‍ പാത്രിയാര്‍ക്കീസിന്റെയും അനുമതിയോടെയാണിതത്രേ.

വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെ പ്രതിനിധാനം ചെയ്ത് ജോസഫ് മോര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയും ഡോ. കുര്യാക്കോസ് മോര്‍ യൗസേബിയോസ്, മാത്യൂസ് മോര്‍ അപ്രേം, ഡോ. ഗീവര്‍ഗീസ് മോര്‍ കൂറിലോസ് എന്നീ മെത്രാന്‍മാരും റവ. ഡോ. ആദായി ജേക്കബ് കോര്‍-എപ്പിസ്‌കോപ്പ, റവ.ഡോ. കുര്യാക്കോസ് മൂലയില്‍ കോര്‍ എപ്പിസ്‌കോപ്പ എന്നിവരുമാണ് ചര്ച്ച കളില്‍ പങ്കെടുത്തത്. റോമന്‍ കത്തോലിക്കാ സഭയെ പ്രതിനിധാനം ചെയ്ത് ആര്ച്ച് ബിഷപ്പുമാരായ മാര്‍ ജോസഫ് പവ്വത്തിലും മാര്‍ മാത്യു മൂലക്കാട്ടും തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയും റവ. ഗബ്രിയല്‍ ക്വിക്കേ, റവ. ഡോ.ഫിലിപ്പ് നെല്പ്പുരപ്പറമ്പില്‍ എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.

വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പുത്തന്‍കുരിശ് സുവിശേഷ മഹായോഗം ഡിസംബര്‍ 26ന് ഇക്കുറി ഉദ്ഘാടനം ചെയ്തതും മുഖ്യ പ്രഭാഷണം നടത്തിയതും മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ്. ഇരു സഭകളും തമ്മില്‍ വളര്‍ന്നു വരുന്ന സൗഹൃദം പൂര്‍ണ ഐക്യത്തിലേക്കു് നീങ്ങുകയാണ്.

മാതൃഭൂമിയിലെ വാര്‍ത്ത ഇവിടെ