ആകമാന സഭാനിലപാടുകള്‍

20120301

സ്വവര്‍ഗ രതി പാപം; നിരോധനം മൗലികാവകാശ ലംഘനമാവില്ലെന്ന്‌ അപ്പസ്‌തോലിക്‌ അലയന്‍സ്‌


ന്യൂഡല്‍ഹി,ഫെ 29: സ്വവര്‍ഗ രതി ദൈവത്തിന്റെ ദൃഷ്‌ടിയില്‍ പാപമായതിനാല്‍ അംഗീകരിക്കാനാവില്ലെന്ന്‌ അപ്പസ്‌തോലിക്‌ അലയന്‍സ്‌ ഓഫ്‌ ചര്‍ച്ചസ്‌ സുപ്രീം കോടതിയില്‍ വ്യക്‌തമാക്കി. സ്വവര്‍ഗരതി നിയമപരമാക്കി ഡല്‍ഹി ഹൈക്കോടതി 2009-ല്‍ നല്‍കിയ ഉത്തരവിനെതിരെയുള്ള ഹര്‍ജികളാണ്‌ ജസ്‌റ്റിസുമാരായ ജി.എസ്‌. സിങ്‌വി, എസ്‌.ജെ. മുഖോപാധ്യായ എന്നിവരുടെ ബെഞ്ച്‌ പരിഗണിക്കുന്നത്‌.

സ്വവര്‍ഗരതി നിയമവിധേയമാക്കിയാല്‍, സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്നായിരിക്കും അടുത്ത ആവശ്യമെന്ന്‌ അപ്പസ്‌തോലിക്‌ അലയന്‍സിനുവേണ്ടി ഹാജരായ വി. ഗിരിയും മനോജ്‌ വി. ജോര്‍ജും വാദിച്ചു. പരസ്‌പര സമ്മതത്തോടെയുള്ളതാണോ അല്ലയോ സ്വവര്‍ഗ രതിയെന്നതു പ്രസക്‌തമല്ല.

സ്വവര്‍ഗപരമായ ലൈംഗിക താല്‍പര്യം എന്നതു ഭരണഘടനാപരമായ സംരക്ഷണം അവകാശപ്പെടാവുന്ന സംഗതിയല്ല. ഇത്തരം താല്‍പര്യം സ്‌ഥിരമായ സ്വഭാവമല്ല. സ്വകാര്യതയെ ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമായി അംഗീകരിക്കുമ്പോഴും സ്വവര്‍ഗ രതി അനുവദിക്കാതിരിക്കുന്നത്‌ മൗലികാവകാശ ലംഘനമാകുന്നില്ല.

സ്വവര്‍ഗ രതി വ്യക്‌തികളുടെ ആരോഗ്യത്തെ ബാധിക്കുന്നതിനാല്‍ പൊതു സമൂഹത്തിന്റെ ആരോഗ്യത്തെയും അതിലൂടെ പൊതു ക്രമത്തെത്തന്നെയും ബാധിക്കുന്നു. സ്വവര്‍ഗ രതി നിയമപരമാക്കിയാല്‍ എച്ച്‌ ഐ വി ബാധ നിയന്ത്രിക്കാനാവുമെന്ന വാദത്തില്‍ കഴമ്പില്ലെന്നു വ്യക്‌തമാക്കുന്ന കണക്കുകളും അഭിഭാഷകര്‍ നിരത്തി.

വാദങ്ങള്‍ വിശദമായി രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. മുസ്‌ലിം വ്യക്‌തി നിയമ ബോര്‍ഡും ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌തിട്ടുണ്ട്‌. ഹര്‍ജികളില്‍ മാര്‍ച്ച് 1നും വാദം തുടര്‍ന്നു.

രാജ്യത്തെ സ്വവര്‍ഗാനുരാഗികളുടെ എണ്ണവും മറ്റ് വിശദാംശങ്ങളും അറിയിക്കണമെന്ന് സ്വവര്‍ഗരതി നിയമവിധേയമാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരായ ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെ ജസ്റ്റിസുമാരായ ജി.എസ്.സിംഗ്‌വിയും എസ്.ജെ.മുഖോപാധ്യായയും അടങ്ങുന്ന സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് മാര്‍ച്ച് 1നു് നിര്‍ദേശിച്ചു. ഇവരില്‍ എത്രപേര്‍ക്ക് എച്ച്.ഐ.വി ബാധയുണ്ടെന്നുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ നല്‍കാനാണ് കോടതി നിര്‍ദേശം.

ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ വിവരങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് കോടതിയുടെ നിര്‍ദേശം. കോടതിയില്‍ വരുന്നതിന് മുന്‍പ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഗൃഹപാഠം ചെയ്യണമെന്നും കോടതി സര്‍ക്കാരിന് വേണ്ടി ഹാജരായ ഉദ്യോഗസ്ഥനോട് പറഞ്ഞു. സ്വവര്‍ഗാനുരാഗികളില്‍ എട്ട് ശതമാനം പേര്‍ക്ക് എച്ച്.ഐ.വി ബാധയുണ്ടെന്നാണ് 2009ല്‍ കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന വിവരം. എന്നാല്‍ നിലവില്‍ ഇത് എത്ര ശതമാനമാണെന്ന കോടതിയുടെ ചോദ്യത്തിന് സര്‍ക്കാരിന് വ്യക്തമായ മറുപടി നല്‍കാനായില്ല. രാജ്യത്തെ മൊത്തം കണക്കില്‍ 23.9 ലക്ഷം പേര്‍ എച്ച്‌ ഐ വി ബാധിതരാണെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി.

സ്വവര്‍ഗരതി: കേന്ദ്രസര്‍ക്കാര്‍ നയം അധാര്‍മികമെന്ന്‌ കത്തോലിക്കാമെത്രാന്‍ സമിതി


കൊച്ചി,ഫെ 29: സ്വവര്‍ഗ ലൈംഗികത അംഗീകരിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നയം അധാര്‍മികമാണെന്നു കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) കുറ്റപ്പെടുത്തി. ഭാരതത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ക്കു വിരുദ്ധമാണ്‌ ഈ തീരുമാനം. പ്രകൃതിവിരുദ്ധ ലൈംഗികത പ്രോല്‍സാഹിപ്പിക്കുന്ന ഈ നിലപാട്‌ കേന്ദ്രസര്‍ക്കാര്‍ തിരുത്തണം. സ്വവര്‍ഗരതി സാമൂഹിക വിപത്തുകള്‍ക്കു വഴിവയ്‌ക്കും. ലൈംഗികതയെയും വ്യക്‌തിത്വ രൂപീകരണത്തെയും ബാധിക്കും.

സ്വവര്‍ഗരതി രോഗമാണ്‌. രോഗത്തിനു ചികില്‍സ നല്‍കാതെ ലൈസന്‍സ്‌ നല്‍കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു കെസിബിസി കുറ്റപ്പെടുത്തി. സ്വവര്‍ഗരതിയോടുള്ള താല്‍പര്യം കുടുംബജീവിതത്തെ ശിഥിലമാക്കുമെന്നും അത്‌ മതപ്രബോധനങ്ങള്‍ക്ക്‌ എതിരാണെന്നും കെസിബിസി പ്രസിഡന്റ്‌ ആര്‍ച്ച്‌ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌, വൈസ്‌ പ്രസിഡന്റ്‌ ആര്‍ച്ച്‌ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍, സെക്രട്ടറി ജനറല്‍ ആര്‍ച്ച്‌ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌ എന്നിവര്‍ പറഞ്ഞു.