ആകമാന സഭാനിലപാടുകള്‍

20120824

സിറിയയിലെ ആഭ്യന്തരയുദ്ധം: അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭാ ആസ്‌ഥാനം മാറ്റുന്നു



കോട്ടയം: സിറിയയില്‍ ആഭ്യന്തര യുദ്ധം നടക്കുന്ന പശ്‌ചാത്തലത്തില്‍ അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ദമസ്‌കോസിലെ ആസ്‌ഥാനം യൂറോപ്പിലേക്കോ, ലബാനോനിലേയ്ക്കോ മാറ്റുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നു. തീരുമാനമെടുക്കുന്നതിന്‌ സപ്തംബര്‍ 11 നു് ലബാനോനിലെ ബെയ്‌റൂട്ടില്‍ അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ്‌ വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണു്.

സിറിയയിലെ പ്രതിസന്ധികളുടെ അലയൊലികള്‍ ബെയ്‌റൂട്ടിലേക്കും വ്യാപിക്കാന്‍ ഇടയുണ്ടെന്നതിനാല്‍ യൂറോപ്പില്‍ ജര്‍മനി ആസ്‌ഥാനമായി പ്രവര്‍ത്തിച്ചാലോ എന്നും ആലോചനയുണ്ടു്. സ്വിറ്റ്‌സര്‍ലന്‍ഡിലും ജര്‍മനിയിലും സഭയ്‌ക്ക്‌ രണ്ടു സെന്ററുകളുണ്ട്‌. ഹോളണ്ടിലും ബെല്‍ജിയത്തിലും ഓരോ സെന്റര്‍ വീതവുമുണ്ട്‌. ചികില്‍സാര്‍ഥം യൂറോപ്പിലേയ്ക്കു് പോയ ദമസ്‌കോസ് പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ഇഗ്നാത്തിയോസ്‌ സഖാ പ്രഥമന്‍ ബാവാ മൂന്നു് മാസമായി അവിടെയാണു്.

സിറിയയിലെ ദമസ്‌കോസിലുള്ള പാത്രിയാര്‍ക്കാ അരമനയ്‌ക്ക്‌ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്നു് ചെറിയ തോതില്‍ നാശം സംഭവിച്ചിരുന്നു. ഹോംസിലെ പുരാതനമായ ആശ്രമം ആക്രമണത്തില്‍ തകര്‍ന്നു. ആലപ്പോയിലെ അരമനയ്‌ക്കും പള്ളിക്കും കേടുപറ്റി. നിരവധി വീടുകള്‍ കൊള്ളയടിക്കപ്പെട്ടു. പാത്രിയാര്‍ക്കാ അരമനയില്‍ ഏതാനും റമ്പാന്‍മാര്‍ (സന്യാസിമാര്‍) മാത്രമാണ്‌ ഇപ്പോള്‍ താമസിയ്ക്കുന്നത്‌.

എത്യോപ്യന്‍ പ്രധാനമന്ത്രി യുടെ അകാലനിര്യാണത്തില്‍ റോമാപാപ്പാ അനുശോചിച്ചു


വത്തിക്കാന്‍, 2012 ആഗസ്റ്റ് 22: എത്യോപ്പ്യന്‍ പ്രധാനമന്ത്രി, മേലസ് സെനാവിയുടെ അകാലനിര്യാണത്തില്‍ ബനഡിക്ട് 16-ാമന്‍ പാപ്പ അനുശോചിച്ചു. എത്യോപ്യയിലെ വത്തിക്കാന്‍റെ സ്ഥാനപതി, ആര്‍ച്ചുബിഷപ്പ് ജോര്‍ജ്ജ് പാനികുളങ്ങരവഴി പ്രസിഡന്‍റ്, ഗിര്‍മാ വോള്‍ഡ് ജോര്‍ജസ്സിന് അയച്ച സന്ദേശത്തിലാണ് ജനനേതാവിന്‍റെ നിര്യാണത്തില്‍ പാപ്പ അനുശോചിച്ചത്. 21 വര്‍ഷക്കാലം എത്യോപ്യായെ വളരുന്നൊരു സാമ്പത്തിക ശക്തിയാക്കിയ പ്രസിഡന്‍റ് സെനാവിയുടെ വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങള്‍ക്കും ജനങ്ങള്‍ക്കും സന്ദേശത്തിലൂടെ പാപ്പാ തന്‍റെ അനുശോചനം അറിയിക്കുകയും പ്രാര്‍ത്ഥന നേരുകയും ചെയ്തു.

57 വയസ്സുകാരനായ പ്രധാനമന്ത്രി സെനാവി രോഗഗ്രസ്ഥനായിരുന്നു. പെട്ടന്നുണ്ടായ മരണകാരണം അവ്യക്തമെങ്കിലും ആഗസ്റ്റ് 20-ാം തിയതി, തിങ്കളായ്ച രാവിലെ അദ്ദേഹത്തിന്‍റെ അന്ത്യം സംഭവിച്ചതായി വാര്‍ത്താ ഏജെന്‍സികള്‍ സ്ഥിരീകരിച്ചു.

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് പാത്രിയാര്‍ക്കീസിന്‍റെ നിര്യാണത്തില്‍ സഭകളുടെ ലോക സമിതി അനുശോചിച്ചു


ആഡിസ് അബാബ, 2012 ആഗസ്റ്റ് 17: എത്യോപ്യയിലെ തെവാഹെദോ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയാര്‍ക്കീസ് ആബൂന പൗലോസിന്‍റെ (76) നിര്യാണത്തില്‍ സഭകളുടെ ലോക സമിതി (World Council of Churches WCC) അനുശോചനം രേഖപ്പെടുത്തി. സഭകളുടെ ലോക സമിതിയുടെ ഏഴ് അദ്ധ്യക്ഷന്‍മാരില്‍ ഒരാളായിരുന്ന പാത്രിയാര്‍ക്കീസ് ആഗസ്റ്റ് 16ാം തിയതി വ്യാഴാഴ്ചയാണ് കാലം ചെയ്തത്.
മതസൗഹാര്‍ദവും മതാന്തര സംവാദവും വളര്‍ത്താന്‍ ആത്മാര്‍ത്ഥമായി പരിശ്രമിച്ച ആദ്ധ്യാത്മിക നേതാവായിരുന്നു പാത്രിയാര്‍ക്കീസ് ആബൂന പൗലോസെന്ന് സഭകളുടെ ലോക സമിതിയുടെ സെക്രട്ടറി ജനറല്‍ ഡോ.ഒലവ് ഫൈക്സെ തെവെയ്റ്റ് അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.

എയിഡ്സ് രോഗികളുടെ സമുദ്ധരണത്തിനും അഭയാര്‍ത്ഥികളുടെ സുരക്ഷയ്ക്കും വേണ്ടി അദ്ദേഹം അക്ഷീണം പ്രയത്നിച്ചിരുന്നു. പാത്രിയാര്‍ക്കീസ് ആബൂനയുടെ ജീവിതവും പ്രവര്‍ത്തികളും സഭൈക്യസംരംഭങ്ങള്‍ക്കു വലിയൊരു മുതല്‍ക്കൂട്ടാണെന്നും ഡോ.തെവെയ്റ്റ് പ്രസ്താവിച്ചു. അദ്ദേഹത്തിന്‍റെ വേര്‍പാടില്‍ ദുഃഖിക്കുന്ന എല്ലാവരോടും പ്രത്യേകിച്ച് എത്യോപ്യയിലെ തെവാഹെദോ ഓര്‍ത്തഡോക്സ് സഭാംഗങ്ങളോടും സഭകളുടെ ലോക സമിതി അനുശോചനം രേഖപ്പെടുത്തി.

പാത്രിയാര്‍ക്കീസ് ആബൂന പൗലോസിന്‍റെ നിര്യാണത്തില്‍ റോമാ മാര്‍പാപ്പ അനുശോചിച്ചു


വത്തിക്കാന്‍, ആഗസ്റ്റ് 17, 2012:എത്യോപ്യയിലെ തെവാഹെദോ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയാര്‍ക്കീസ് ആബൂന പൗലോസിന്‍റെ നിര്യാണത്തില്‍ റോമാ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ അനുശോചനം രേഖപ്പെടുത്തി. എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസും കാതോലിക്കൊസും ആയ ആബൂന പൗലോസ്‌ (76) വ്യാഴാഴ്ച രാത്രി എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയിലെ ബെല്ച്ചാ ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്.

പാത്രിയാര്‍ക്കീസ് ആബൂന പൗലോസ് വത്തിക്കാനിലേക്കു നടത്തിയ സന്ദര്‍ശനങ്ങള്‍ അനുസ്മരിച്ച മാര്‍പാപ്പ 2009ല്‍ മെത്രാന്‍മാരുടെ സിനഡ് ആഫ്രിക്കയ്ക്കുവേണ്ടി നടത്തിയ പ്രത്യേക സമ്മേളനത്തില്‍ അദ്ദേഹത്തിന്‍റെ സംഭാവന സുപ്രധാനമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. എത്യോപ്യയിലെ തെവാഹെദോ ഓര്‍ത്തഡോക്സ് സഭയും കത്തോലിക്കാ സഭയും തമ്മിലുള്ള സംവാദവും കൂട്ടായ്മയും പ്രോത്സാഹിപ്പിക്കാന്‍ പാത്രിയാര്‍ക്കീസ് നടത്തിയ പരിശ്രമങ്ങളും മാര്‍പാപ്പ അനുശോചന സന്ദേശത്തില്‍ അനുസ്മരിച്ചു.

പാത്രിയാര്‍ക്കീസിന്‍റെ ദേഹവിയോഗത്തില്‍ ദുഃഖിക്കുന്ന എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ സിനഡ് അംഗങ്ങളോടും വൈദികരോടും സന്ന്യസ്തരോടും വിശ്വാസസമൂഹത്തോടും മാര്‍പാപ്പ അനുശോചനം അറിയിച്ചു. പാത്രിയാര്‍ക്കീസ് ആബൂന പൗലോസിന്‍റെ വേര്‍പാടില്‍ വേദനിക്കുന്ന ഏവര്‍ക്കും തന്‍റെ പ്രാര്‍ത്ഥന ഉറപ്പുനല്‍കിയ മാര്‍പാപ്പ അവര്‍ക്ക് തന്‍റെ അപ്പസ്തോലിക ആശീര്‍വാദവുമേകി.



20120817

ദേവലോകത്ത് അബ്ദെദ് മശിഹാ പാത്രിയര്‍ക്കീസിന്റെ പെരുന്നാള്‍ സമാപിച്ചു



ദേവലോകം: പരിശുദ്ധ അബ്ദെദ് മശിഹാ പാത്രിയര്‍ക്കീസിന്റെ ഓര്‍മപ്പെരുന്നാള്‍ ദേവലോകം അരമനയില്‍ കൊണ്ടാടി.

ഓഗസ്റ്റ് ൧൫-നു് രാവിലെ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാനയ്ക്ക് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ മുഖ്യകാര്‍മികത്വം വഹിച്ചു. പരിശുദ്ധ അബ്ദെദ് മശിഹാ സഭയ്ക്ക് നല്കിയിട്ടുള്ള സേവനം വിസ്മരിക്കാനാവുന്നതല്ലായെന്ന് പരിശുദ്ധ ബാവാ ഓര്‍മ്മിപ്പിച്ചു. തുടര്‍ന്ന് പ്രദക്ഷിണവും ധൂപപ്രാര്‍ത്ഥനയും നടത്തി. തലേന്നു് നടന്ന റാസയില്‍ സഭാ വിശ്വാസികള്‍ പങ്കെടുത്തു.


ആബൂന പൌലോസിന്റെ വിയോഗം ആഗോള ക്രൈസ്തവ സഭക്ക് തീരാ നഷ്ടം : പരിശുദ്ധ കാതോലിക്കാ ബാവ

ദേവലോകം,ഓഗസ്റ്റ് ൧൬: എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ആബുന പൌലോസിന്റെ വിയോഗം ആഗോള ക്രൈസ്തവ സഭയ്ക്ക് തീരാ നഷ്ടമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പൗരസ്ത്യകാതോലിക്ക പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവ പറഞ്ഞു.

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ആബൂന പൗലോസ്‌ പാത്രിയര്‍ക്കീസ് കാലം ചെയ്ത വിവരം വളരെ ഞെട്ടലോടെയാണ് നാം കേട്ടത്. ആ പരിശുദ്ധ പിതാവും മലങ്കര ഓര്‍ത്തഡോക്സ് സഭയും വളരെ സുദൃഡമായ ഒരു ബന്ധം ഉണ്ടായിരുന്നു

കഴിഞ്ഞ കാലങ്ങളില്‍ ആ പരിശുദ്ധ പിതാവ് ഈ പരിശുദ്ധ സഭയിലേക്ക് കടന്നു വരികയും ഏതാനും ദിവസങ്ങളില്‍ നമ്മോടൊത്ത് താമസിക്കുകയും ഇവിടെയുള്ള ഏതാനും പള്ളികളും തീര്‍ഥാടന കേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ശിയ്ക്കുകയും ചെയ്തിട്ടുണ്ട്. നാമും ആ സഭയില്‍ ചെല്ലുകയും വിവിധ സമയങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിട്ടുണ്ട്. വിശ്വാസകാര്യത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയും എത്യോപ്യന്‍ സഭയും തമ്മില്‍ വളരെ ഐക്യം ഉണ്ടായിരുന്നു. സഭയുടെ ചരിത്രത്തില്‍ കാലം ചെയ്ത അഭി.പൌലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയും മറ്റു അനേക പിതാക്കന്മാരും അവിടെ ചെന്ന് ആ സഭയുമായി ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുവാന്‍ അവസരം ഉണ്ടായിട്ടുമുണ്ട്. 2012 നവംബര്‍ ഇരുപത്തഞ്ചാം തീയതി നടത്തുവാന്‍ തീരുമാനിച്ചിരുന്ന കാതോലിക്കേറ്റിന്റെ ശതാബ്ദി സമ്മേളനത്തിലേക്ക് അദ്ദേഹം വരാമെന്ന് സമ്മതിക്കുകയും അതിനു വേണ്ടിയുള്ള ക്രമീകരണങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നതാണ്. ഇപ്പോള്‍ ഈ വാര്‍ത്ത വളരെ വേദനയോടുകൂടിയാണ് ഞാന്‍ ശ്രവിക്കുന്നത്.

എക്യുമെനിക്കല്‍ രംഗത്തും വളരെ ശ്രദ്ധേയമായ സംഭാവനകള്‍ അദ്ദേഹം നല്കിടയിട്ടുണ്ട്. വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ പ്രസിഡണ്ടായി അദ്ദേഹം അനേകം വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. നമ്മുടെ സഭയും എത്യോപ്യന്‍ സഭയും തമ്മിലുള്ള ബന്ധം ദേശീയ തലത്തിലും വലിയ കെട്ടുറപ്പ് ഉണ്ടാക്കുവാന്‍ സാധിച്ചിട്ടുണ്ട്. ആ വന്ദ്യ പിതാവിന്റെ ദേഹ വിയോഗത്തില്‍ മലങ്കര സഭ അഗാധമായ അനുശോചനം അറിയിക്കുകയും അദ്ധേഹത്തിന്റെ കബറടക്ക ശുശ്രൂഷയില്‍ പങ്കെടുക്കത്തക്കവണ്ണം മലങ്കര സഭയില്‍ നിന്നും മെത്രാപ്പോലീത്താമാരുടെ ഒരു സംഘത്തെ നാം അയക്കുകയും ചെയ്തിട്ടുണ്ട്. ആ പരിശുദ്ധ പിതാവിന്റെ മധ്യസ്ഥത നാം ഏവര്‍ക്കും കാവലും കോട്ടയും ആയിത്തീരട്ടെ.

ആബൂന പൗലോസ്‌ ബാവ കാലം ചെയ്തു


ആഡിസ് അബാബ, ഓഗസ്റ്റ് ൧൬::എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസും കാതോലിക്കൊസും ആയ ആബൂന പൗലോസ്‌ ബാവ കാലം ചെയ്തു. 76 വയസ്സായിരുന്നു.

കഴിഞ്ഞ രാത്രി എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയിലെ ബെല്ച്ചാ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കുറച്ചു നാളുകളായി അദ്ദേഹം ഇവിടെ ചികിത്സയിലായിരുന്നു.

1935 നവംബര്‍ മൂന്നിന് എത്യോപിയയിലെ ടിഗ്രെ പ്രവിശ്യയിലെ അഡ്വാ എന്ന സ്ഥലത്തായിരുന്നു ആബൂന പൌലോസിന്റെ ജനനം. ചെറുപ്പകാലത്ത് തന്നെ സ്വഭവനത്തിനു സമീപത്തുള്ള അബ്ബ ഗരിമ എന്ന സന്യാസ ആശ്രമത്തില്‍ ചേര്‍ന്നു. പിന്നീട് അബ്ബ ഗെബ്രെ മേധിന്‍ എന്ന നാമം സ്വീകരിച് വൈദികനായി. പാത്രിയര്‍ക്കീസ് ആയിരുന്ന അബുനെ തെയോഫിലോസിന്റെ ശിക്ഷണത്തില്‍ ആഡിസ് അബാബയിലെ ഹോളി ട്രിനിറ്റി തിയോളജിക്കല്‍ കോളേജില്‍ തുടര്‍ പഠനത്തിനു് ചേര്‍ന്നു. പിന്നീട് അമേരിക്കയിലെ സെന്റ്‌ വ്ലാദിമിര്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ ഉന്നത പഠനത്തിനു് ചേര്‍ന്നു. പിന്നീട് അവിടെയുള്ള പ്രിന്‍സ്ടന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ ഡോക്ടറല്‍ പഠനത്തിനു് ചേര്‍ന്നെങ്കിലും എത്യോപ്യയില്‍ ഉണ്ടായ വിപ്ലവം മൂലം പഠനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. എത്യോപ്യയില്‍ തിരിച്ചു ചെന്ന അദ്ധേഹത്തെ മറ്റു നാല് പേരോടൊപ്പം എപ്പിസ്കോപ്പയായിവാഴിച്ചു. എന്നാല്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനുമതി ഇല്ലാതെയായിരുന്നു ഈ സ്ഥാനാരോഹണം എന്ന് ആരോപിച്ചു് അന്ന് വാഴിക്കപ്പെട്ട അഞ്ചു മെത്രാപ്പോലീത്താമാരെയും ഭരണകൂടം ജയിലില്‍ അടച്ചു. ഏതാണ്ട് ഒമ്പത് വര്‍ഷകാലം ജയിലില്‍ ആയിരുന്നു.

1984 ല്‍ പ്രിന്‍സ്ടന്‍ കോളേജില്‍ തിരിച്ചു ചെന്ന് ഡോക്ടറല്‍ പഠനം പൂര്‍ത്തിയാക്കി . 1986 ല്‍ പാത്രിയര്‍ക്കീസ് ബാവ ആബൂന തെക്ല ഹയ മോനറ്റ് അദ്ദേഹത്തിന് ആര്‍ച് ബിഷപ്‌ സ്ഥാനം കൊടുത്തു. 1992 ല്‍ ആബൂന പൗലോസ്‌ എന്ന പേരില്‍ പാത്രിയര്‍ക്കീസ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ആബൂന പൌലോസിന്റെ കാലത്ത് എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ വളരെയധികം പരിഷ്കാരം അദ്ദേഹം വരുത്തി. മറ്റു് ഓര്‍ത്തഡോക്സ് സഭകളുമായി കൂടുതല്‍ ബന്ധങ്ങള്‍ വളര്‍ത്തുവാന്‍ പരിശ്രമിച്ചു. എത്യോപ്യ എന്ന രാജ്യം വിഭാഗിച്ച് എറിത്രിയ എന്ന രാജ്യം ഉണ്ടായപ്പോള്‍ പരസ്പര സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും പോകുവാന്‍ പരിശുദ്ധ ബാവ ശ്രമം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിന് പരിശുദ്ധ ബാവയു ടെ ഭാഗഭാഗിത്വം വളരെ വലുതാണ്‌. എത്യോപ്യന്‍ ചക്രവര്‍ത്തി ഹൈലി സലാസിയുടെ കബരടക്കത്തിനു് മുഖ്യ കാര്‍മികനായിരുന്നു. 2008 ല്‍ മലങ്കര സഭ സന്ദര്‍ശിച്ചു. എം.ജി. ഓ.സി.എസ്. എം. ശതാബ്ദിക്ക് അദ്ദേഹം മുഖ്യ അതിഥി ആയിരുന്നു. വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ (WCC) ഏഴു് പ്രസിഡന്റുമാരില്‍ ഒരാളാണ് അബൂന പൗലോസ്‌.