ആകമാന സഭാനിലപാടുകള്‍

20130403

പിറവം പള്ളി: വികാരി സ്ഥാനത്തിനടുത്ത കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഫാ. വട്ടക്കാട്ടിലിനെ തടയാനാവില്ലെന്നു് പള്ളിക്കോടതി വിധി


കൊച്ചി, ഏപ്രില്‍ 2: പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പളളി വികാരി ഫാ. സഖറിയാ വട്ടക്കാട്ടില്‍ പള്ളിയിൽ പ്രവേശിക്കുന്നതോ വിശുദ്ധ കുര്‍ബാന നടത്തുന്നതോ വികാരി എന്ന നിലയിൽ പ്രവര്‍ത്തിക്കുന്നതോ തടയുവാൻ പാടില്ലെന്ന് പള്ളിക്കോടതി ഉത്തരവായി. ഫാദര്‍ സ്കറിയ വട്ടക്കാട്ടില്‍ പിറവം സൈന്റ് മേരീസ്‌ ഓര്‍ത്തഡോക്‍സ്‌ പള്ളിയുടെ വികാരി ആയി പ്രവര്‍ത്തിക്കുന്നതിനെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ തടയുന്നതില്‍ നിന്നു് പോലീസ് സംരക്ഷണം നല്കണമെന്ന് അവശ്യപെട്ടു് അദ്ദേഹം ജില്ലാ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണു് വിധി.

കൊച്ചി,ഏപ്രില്‍ 3: കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയുടെ വിധി നടത്തിപ്പു് ഹര്‍ജി സുപ്രീം കോടതി രണ്ടാഴ്ച്ചത്തേക്ക് മാറ്റി. അന്ത്യോക്യന്‍ യാക്കോബായ വിഭാഗം അഭിഭാഷകര്‍ ഹാജരാകാഞ്ഞതിനാലാണ് മാറ്റിയത്.

കൊച്ചി,ഏപ്രില്‍ 3: കോലഞ്ചേരി പള്ളി കേസ് മെയ്‌ 29 ലേക്ക് മാറ്റി

ഫ്രാന്‍സിസ് പാപ്പായുടെ ജയിലിലെ ബലി വിമോചനത്തിന്‍റെ പെസഹാ


റോം, മാര്‍ച്ച് 29 2013: (പെസഹാ വ്യാഴാഴ്ച പാദക്ഷാളനകര്‍മ്മവും തിരുവത്താഴപൂജയും റോമാ മാര്‍പാപ്പാ ഫ്രാന്‍സ്സിസ് റോമിലുള്ള ‘കാസാ ദേല്‍ മാര്‍മോ’ എന്ന യുവജനങ്ങള്‍ക്കായുള്ള ജയിലിലാണ് നടത്തിയത്. പാപ്പ നല്കിയ സന്ദേശവും ജയില്‍വാസികളുമായുള്ള സംഭാഷണവും ചുവടെ ചേര്‍ക്കുന്നു. ചിന്തകള്‍ പങ്കുവച്ചശേഷം പാപ്പാ അവരില്‍ പന്ത്രണ്ടുപേരുടെ കാലുകഴുകി ചുംമ്പിച്ചുകൊണ്ട് ക്രിസ്തു സ്നേഹത്തിന്‍റെയും ശുശ്രൂഷയുടെയും പാരമ്യം പ്രകടമാക്കി.)

ക്രിസ്തു തന്‍റെ ശിഷ്യന്മാരുടെ കാലുകഴുകിയ സംഭവം ഹൃദയസ്പര്‍ശിയാണ്. ശിഷ്യന്മാര്‍ക്ക് അതിന്‍റെ പൊരുള്‍ ഉടനെ പിടുത്തം കിട്ടിയില്ല. അതുകൊണ്ടാണ് പന്ത്രണ്ടു പേരില്‍ ഒരാളായ പത്രോസ് അതിനു വിസമ്മതിച്ചത്. “എന്ത്!? കര്‍ത്താവേ, അങ്ങ് എന്‍റെ കാലുകഴുകുകയോ?”
അപ്പോള്‍ യേശു പറഞ്ഞു. “ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീ അറിയുന്നില്ല. എന്നാല്‍ പിന്നീട് അറിയും.” പത്രോസ് പറഞ്ഞു. “കര്‍ത്താവേ, അങ്ങ് ഒരിക്കലും എന്‍റെ പാദം കഴുകരുത്.” അപ്പോള്‍ ക്രിസ്തു പറഞ്ഞു. “പത്രോസേ, ഞാന്‍ നിന്‍റെ പാദം കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നില്‍ യാതൊരു പങ്കുമില്ല.”

അപ്പോള്‍ പത്രോസ് പറഞ്ഞു, “അങ്ങനെയെങ്കില്‍ അങ്ങ് എന്‍റെ പാദങ്ങള്‍ മാത്രമല്ല. എന്നെ പൂര്‍ണ്ണമായും കഴുകിയാലും.”

“നിങ്ങള്‍ എന്നെ ഗുരുവും നാഥനും എന്നു വിളിക്കുന്നു. ഞാന്‍ അങ്ങനെ തന്നെയാണ്. ഗുരുവും നാഥനുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങളും അന്വോന്യം പാദങ്ങള്‍ കഴുകണം. ഞാന്‍ നിങ്ങള്‍ക്കീ മാതൃക തരുന്നു. നിങ്ങളും അതുപോലെ ചെയ്യുവിന്‍.” (യോഹ. 13, 6).

ക്രിസ്തു കാണിച്ച മാതൃക മഹനീയമാണ്. അവിടുന്ന് വലിയവനായിരുന്നിട്ടും ദാസന്‍റെ രൂപമണിയുന്നു. അവിടുന്ന് കാലുകഴുകിക്കൊണ്ട് പഠിപ്പിക്കുന്നത്, നാമും ജീവിതത്തില്‍ മറ്റുള്ളവരുടെ സേവനത്തിനും സഹായത്തിനും സന്നദ്ധരായിരിക്കണമെന്നാണ്.

കാലുകഴുകല്‍ പ്രതീകാത്മകമായ പ്രവര്‍ത്തിയും സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും പ്രതീകവുമാണ്. ക്രിസ്തു തന്‍റെ ശിഷ്യരോടു കാണിച്ച ഈ സ്നേഹ ശുശ്രൂഷയുടെ മാതൃകയ്ക്ക് നമ്മുടെ ജീവിതങ്ങളില്‍ പ്രസക്തിയുണ്ട്. നാം അന്വോന്യം സഹായിക്കുകയും ശുശ്രൂഷിക്കുകയും സ്നേഹിക്കുകയും വേണമെന്നാണ് അവിടുന്ന് നമ്മെ പഠിപ്പിക്കുന്നത്. അതു നാം മാനിക്കുകയും ഹൃദയപൂര്‍വ്വം അനുദിന ജീവിതത്തില്‍ പാലിക്കുകയും വേണം. അപരനെ, സഹോദരനെ സഹായിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തവുമാണ്.

വൈദികനും മെത്രാനുമെന്ന നിലയില്‍ നിങ്ങളെ സേവിക്കുക എന്‍റെ ഉത്തരവാദിത്തമാണ്. അത് എന്‍റെ ഹൃദയത്തില്‍നിന്നും ഉതിരുന്ന സ്നേഹമാണ്. ഈ സേവനവും സ്നേഹവും എന്നും ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കാരണം ക്രിസ്തുവാണ് ഇത് എന്നെ പഠിപ്പിച്ചത്. ഇത് നിങ്ങള്‍ക്കും സാധിക്കും. പരസ്പരം സ്നേഹിക്കുക, സഹായിക്കുക, ശുശ്രൂഷിക്കുക. സ്നേഹത്തിന്‍റെ കൂട്ടായ്മയിലും പരസ്പര സഹായത്തിലുമാണ് ജീവിത വിജയം നേടാനാകുന്നത്. നാം ഇന്ന് കാലുകഴുകല്‍ ശുശ്രൂഷയില്‍ പങ്കുചേരുമ്പോള്‍ തീരുമാനിച്ചുറക്കാം - ജീവിതത്തില്‍ ഞാന്‍ അപരനെ, എന്‍റെ അയല്‍ക്കാരനെ സ്നേഹിക്കും ശുശ്രൂഷിക്കും. ക്രിസ്തു കാണിച്ചുതന്ന സ്നേഹത്തിന്‍റെയും ശുശ്രൂഷയുടെയും ഈ മാതൃക നാം പാലിക്കേണ്ടതാണ്. കാരണം ക്രിസ്തു ഈ മന്നില്‍ ആഗതനായത് സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും, തന്‍റെ ജീവന്‍ ലോക രക്ഷയ്ക്കുവേണ്ടി ബലിയായി അര്‍പ്പിക്കുവാനുമാണ്.
.......................................................
യുവാവായ ജയില്‍വാസിയുടെ പാപ്പായോടുള്ള ചോദ്യം :
“പാപ്പാ, അങ്ങ് ഞങ്ങളുടെ പക്കല്‍ വന്നതിന് നന്ദി. എന്നാല്‍ ഒരു കാര്യം മാത്രം അറിയണം. എന്തിനാണ് അങ്ങ് ഞങ്ങളുടെ പക്കല്‍, ഈ ജയിലില്‍ വന്നത്?”

പാപ്പായുടെ മറുപടി :
“കൊള്ളാം, നല്ല ചോദ്യം. ചോദ്യത്തിനു നന്ദി!”
“നിങ്ങളുടെ പക്കല്‍ വരാനുള്ള ആഗ്രഹം വളരെ ഹൃദ്യമാണ്. ഈ വരവ് എന്നെ കൂടുതല്‍ എളിമപ്പെടുത്തുന്നു. മെത്രാന്‍ എങ്ങനെ ശുശ്രൂഷകനാകാമെന്ന് അതെന്നെ പഠിപ്പിക്കുന്നു.
ഞാന്‍ എന്‍റെ സഹപ്രവര്‍ത്തകരോട് ചോദിച്ചു, എവിടെയാണ് എന്‍റെ സന്ദര്‍ശനം ഏറെ ആഗ്രഹിക്കുകയും അര്‍ഹിക്കുകയും ചെയ്യുന്നവരുള്ളതെന്ന്. ‘കാസാ ദേല്‍ മാര്‍മോ’ എന്നവര്‍ പറഞ്ഞു.
അവര്‍ പറഞ്ഞതനുസ്സരിച്ചാണ് ഞാന്‍ ഇവിടെ വന്നത്. എന്നാല്‍ തീരുമാനം, ജയിലിലായിരിക്കുന്ന യുവജനങ്ങളായ നിങ്ങളെ സന്ദര്‍ശിക്കാനുള്ള തീരുമാനം എന്‍റെ ഹൃദയത്തില്‍ ഉതിര്‍ന്നതാണ്. ഹൃദയത്തില്‍ വിരിയുന്ന ചിന്തകള്‍ക്ക് വലിയ വിവരണം വേണ്ടല്ലോ. അത് ബോധ്യവും വ്യക്തവുമാണ്. നന്ദി!”
“ഞാന്‍ യാത്ര പറയുകയാണ്. ഉരിക്കല്‍ക്കൂടി നന്ദി! ധൈര്യമായിരിക്കുക. പ്രത്യാശ കൈവെടിയരുത്. മുന്നോട്ടു പോവുക. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്!”
വത്തിക്കാന്‍ റേഡിയോയോടു് കടപ്പാടു്
Photo : Pope Francis washing the feet of the young prisners in Casa del Marmo in Rome, the juvenile delinquent home 10 kms. off Vatican

20130330

പീഡിതരുടെ കഷ്‌ടപ്പാടില്‍ പങ്കാളിയാകുക: റോമാ മാര്‍പാപ്പ


വത്തിക്കാന്‍ നഗരം, മാര്‍ച്ച് 29: പാവങ്ങളെയും കഷ്‌ടപ്പെടുന്നവരെയും സഹായിക്കാന്‍ പുരോഹിതന്മാരെ റോമായുടെ ഫ്രാന്‍സിസ്‌ മാര്‍പാപ്പ ആഹ്വാനം ചെയ്‌തു. സഭാശ്രേണിയിലെ ഉയര്‍ച്ചയില്‍ മാത്രം ശ്രദ്ധിച്ചു സഭാപ്രവര്‍ത്തനങ്ങളുടെ മാനേജര്‍മാരായിരിക്കാതെ പുറത്തുപോയി പീഡിതരുടെ കഷ്‌ടപ്പാടില്‍ പങ്കാളിയാകാന്‍ പെസഹാവ്യാഴ ശുശ്രൂഷകളില്‍ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ പ്രസംഗിക്കവേ മാര്‍പാപ്പ ആവശ്യപ്പെട്ടു.

റോമിനു പുറത്തുള്ള ഒരു ജയിലിലെ 12 ചെറുപ്പക്കാരുടെ കാല്‍കഴുകി ചുംബിച്ചാണു മാര്‍പാപ്പ കാല്‍കഴുകല്‍ ശുശ്രൂഷ നിര്‍വഹിച്ചത്‌. പതിവിനു വിരുദ്ധമായി റോമിനു പുറത്ത്‌ വടക്കു പടിഞ്ഞാറന്‍ റോമിലെ ബാലതടവുകാരെ പാര്‍പ്പിച്ചിരിയ്ക്കുന്ന കാസല്‍ ഡെല്‍ മര്‍മോ ജയിലില്‍ ആണു് പെസഹാ ദിനത്തില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തിയതു്. 14-നും 21-നും ഇടയിലുള്ള കുറ്റം ചെയ്‌ത്‌ ജയിലില്‍ കഴിയുന്ന കുറ്റവാളികളായ ചെറുപ്പക്കാരെയാണ്‌ കാല്‍കഴുകല്‍ ശുശ്രൂഷയ്‌ക്കായി തിരഞ്ഞെടുത്തത്‌. സാധാരണ വത്തിക്കാനിലോ റോമിലെ ഏതെങ്കിലും ബസിലിക്കയിലോ ആയിരുന്നു മുന്‍ഗാമികള്‍ ശുശ്രൂഷ നടത്തിവന്നത്‌.

പാരമ്പര്യങ്ങള്‍ മാറ്റിവച്ച്‌ റോമാ മാര്‍ പാപ്പ സ്ത്രീകളുടെയും കാല്‍കഴുകി ചുംബിച്ചു

പെസഹ വ്യാഴത്തിന്റെ ഭാഗമായി നടന്ന ചടങ്ങുകളില്‍ ആചാരങ്ങളെയും പാരമ്പര്യങ്ങളെയുമൊക്കെ മറികടന്ന്‌ പുതിയ റോമാ മാര്‍പാപ്പ പെസഹാ നാളില്‍ രണ്ടു യുവതികളടക്കമുള്ളവടെ കാല്‍കഴുകി ചുംബിച്ചു. റോമിലെ കാസല്‍ മര്‍മോ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ (ജുവനൈല്‍ ഡിറ്റെന്‍ഷന്‍ സെന്ററില്‍) കഴിയുന്ന14 മുതല്‍ 21 വയസ് പ്രായമുള്ളവരുടെ കാലുകളാണ് ചടങ്ങുകളുടെ ഭാഗമായി അദ്ദേഹം കഴുകുകയും ചുംബിക്കുകയും ചെയ്തത്, ഇക്കൂട്ടത്തില്‍ രണ്ട് സ്ത്രീകളുമുണ്ടായിരുന്നു. സ്ത്രീകളില്‍ ഒരാള്‍ സെര്‍ബിയന്‍ മുസ്ലീം തടവുകാരിയും, രണ്ടാമത്തെ യുവതി ഇറ്റാലിയന്‍ കത്തോലിക്കാ വിശ്വാസിയുമായിരുന്നു. സെര്‍ബിയന്‍ മുസ് ലിം തടവുകാരിയുടെ കാല്‍ കഴുകി ചുംബിച്ചു.

ഇതിനു മുന്‍പ് മാര്‍പാപ്പമാര്‍ വനിതകളുടെ കാല്‍ കഴുകി ചുംബിയ്ക്കാറില്ല.റോമന്‍ കത്തോലിക്കാ ചരിത്രത്തില്‍ ആദ്യമായാണ് ഈ സംഭവമെന്നു് വത്തിക്കാന്‍ അറിയിച്ചു. പന്ത്രണ്ടു് ശിഷ്യന്‍മാര്‍ക്കു് ക്രിസ്തു കാല്‍ കഴുകി കൊടുത്തിന്റെ സ്മരണയ്ക്കാണ് ഈ ചടങ്ങ് നടത്തുന്നത്. ശിഷ്യ ഗണത്തില്‍ സ്ത്രീകള്‍ ഇല്ലാതിരുന്നതിനാല്‍ ഇവരെ ഉള്‍പ്പെടുത്തുക പതിവുണ്ടായിരുന്നില്ല. ഇതിനാണ് ഇപ്പോള്‍ പുതിയ പാപ്പ മാറ്റം വരുത്തിയിരിക്കുന്നത്.

ഇതൊരു അടയാളമാണ്, കാല്‍ കഴുകുന്നതിലൂടെ നിങ്ങളുടെ സേവകനാണ് ഞാന്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്- ദുര്‍ഗുണ പരിഹാര പാഠശാലയിലെ അന്തേവാസികളോട് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാനാണ് യേശു ഈ പ്രവൃത്തിയിലൂടെ നമ്മെ പഠിപ്പിച്ചത്. ഞാന്‍ അതാണ് ചെയ്യുന്നത്. ഞാന്‍ എന്റെ ഹൃദയത്തിനൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. കാരണം ഇത് എന്റെ ഉത്തരവാദിത്വമാണ്. ബിഷപ്പ്, പുരോഹിതന്‍ എന്നീ നിലയില്‍ ഉള്ള തന്റെ കര്‍ത്തവ്യമാണ് - അദ്ദേഹം പറഞ്ഞു. 76-കാരനായ പാപ്പ തറയില്‍ മുട്ടുകുത്തി വെള്ളി മൊന്തയില്‍ നിന്നും വെള്ളം എടുത്ത്‌ സ്‌ത്രീയും പുരുഷനും കറുത്തവരും വെളുത്തവരും ഉള്‍പ്പെടുന്ന 12 പേരുടെ കാലുകള്‍ കഴുകി തുടച്ചശേഷം മുട്ടില്‍ നിന്ന്‌ അവരുടെ കാലുകള്‍ ചുംബിച്ച വീഡിയോ വത്തിക്കാന്‍ പുറത്തിറക്കി.

കത്തോലിക്കാ സഭ പാവങ്ങള്‍ക്കൊപ്പമായിരിക്കണമെന്നും ആര്‍ഭാഡങ്ങള്‍ അധികം പാടില്ലെന്നതുമുള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ നേരത്തേ തന്നെ പോപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ചുകൊണ്ട് കാല്‍കഴുകല്‍ ശുശ്രൂഷകള്‍ കൂടി ചെയ്തതോടെ യാഥാസ്ഥിതികരായ പുരോഹിതര്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പക്ഷേ ലോകത്താകമാനം അദ്ദേഹത്തിന്റെ രീതികള്‍ക്ക് വലിയ സ്വീകാര്യതയും ലഭിയ്ക്കുന്നുണ്ട്.വന്‍പ്രാധാന്യത്തോടെയാണ് പാപ്പയുടെ കാല്‍കഴുകല്‍ വാര്‍ത്ത് ലോകത്താകമാനം പ്രചരിക്കുന്നത്. വിവിധ മതത്തില്‍പ്പെട്ടവരെയും സ്‌ത്രീകളെയും കാല്‍ കഴുകല്‍ ശുശ്രൂഷയ്‌ക്ക്‌ തിരഞ്ഞെടുത്തതില്‍ കടുത്ത വിമര്‍ശനം നടക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ഈ നടപടിയെ ഒരു വിഭാഗം സ്വാഗതം ചെയ്യുന്നുമുണ്ട്‌.

അര്‍ജന്റീനയിലെ ബ്യൂനസ്‌ ഐറിസില്‍ ആര്‍ച്ച്‌ ബിഷപ്പായിരിക്കുമ്പോഴും പെസഹ ശുശ്രൂഷയ്‌ക്ക്‌ അദ്ദേഹം തിരഞ്ഞെടുത്തിരുന്നത്‌ ജയിലോ ആശുപത്രിയോ വൃദ്ധഭവനമോ ആയിരുന്നു. ക്രൂശുമരണത്തിനു മുമ്പ്‌ അന്ത്യഅത്താഴ വേളയില്‍ യേശുക്രിസ്‌തു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ ഓര്‍മ പുതുക്കുന്നതാണ്‌ കാല്‍കഴുകല്‍ ശുശ്രൂഷ.

20130329

കാര്‍മികനും വിശ്വാസികളും ആരാധനയെ അനുഭവമാക്കണം: പൗരസ്ത്യ ബാവാ


കോട്ടയം: യേശുവിന്റെ ജീവിതത്തിന്റെയും സന്ദേശത്തിന്റെയും സജീവമായ പുനരാവിഷ്ക്കാരമായ ആരാധനയില്‍ കാര്‍മികനും വിശ്വാസികളും അനുഭവമുള്ളവരായി തീരണമെന്ന് ആകമാന ഓര്‍ത്തഡോക്സ് പൗരസ്ത്യ സുറിയാനി സഭയുടെ പരമാചാര്യനായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ പ്രസ്താവിച്ചു. 2013 മാര്‍ച്ച് 28നു് പെസഹാ വ്യാഴാഴ്ച കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ പ്രസംഗിക്കുകയായിരുന്നു ബാവാ.
അടിമ ഉടമയുടെ കാല്‍ കഴുകിയിരുന്ന പതിവിന് വിരുദ്ധമായി ഗുരു ശിഷ്യന്മാരുടെ കാല്‍ കഴുകി വിയനത്തിന്റെ പാഠം പകര്‍ന്നു. കൌമാര പ്രായത്തില്‍ കഴുകപ്പെടാന്‍ ആത്മീയ ഗുരുവായ പൌലോസ് മാര്‍ സേവേറിയോസ് തിരുമേനി നടത്തിയ കാല്‍കഴുകല്‍, ശുശ്രൂഷാ വേളയില്‍ ലഭിച്ച വിളി സ്മരിക്കാറുള്ള പരിശുദ്ധ കാതോലിക്കാ ബാവാ ഒരു വൈദീകനും 11 കുട്ടികളും അടങ്ങുന്ന ശിഷ്യന്മാരുടെ കാല്‍ കഴുകി. ഫാ. ഡോ.എം.പി. ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ വൈദീക സെമിനാരി ഗായകസംഘം ഗാനം ആലപിച്ചു.

യേശുക്രിസ്തു കുരിശു മരണത്തിന് തലേദിവസം ശിഷ്യന്മാരോടൊപ്പം മര്‍ക്കോസിന്റെ മാളികയില്‍ അന്ത്യഅത്താഴം കഴിക്കുന്നതിന് മുന്‍പ് വിനയത്തിന്റെയും, ലാളിത്യത്തിന്റെയും പ്രതീകമായി ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെ അനുസ്മരണമായിട്ടാണ് അപ്പോസ്തോല പിന്‍ഗാമികള്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുന്നത്.
പൗരസ്ത്യ ബാവായുടെ കാല്‍കഴുകല്‍ ശുശ്രൂഷ ഗുരു സ്മരണയില്‍

പെസഹാ വ്യാഴാഴ്ച്ചയായ 2013 മാര്‍ച്ച് 28-ന് ഉച്ചകഴിഞ്ഞ് 2.30-ന് അപൂര്‍വമായ കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കാണ് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍ സാക്ഷ്യം വഹിച്ചത്. പതിവിനു് വിരുദ്ധമായി വൈദികര്‍ക്കു് പകരം ഇടവകയിലെ 11 ബാലന്മാരുടെ കാലുകള്‍ കഴുകിയാണു് ആകമാന ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാചാര്യന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ ശുശ്രൂഷ നിര്‍വഹിച്ചത്.
പരിശുദ്ധ ബാവാ നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് ഒരു വൈദികനൊപ്പം 11 ബാലന്മാരെ കാല്‍കഴുകലിനു തിരഞ്ഞെടുത്തത്. ഇതിനു പിന്നില്‍ തന്നെ ആത്മീയ ജീവിതത്തോട് അടുപ്പിച്ച കഥ ബാവായ്ക്ക് പറയാനുണ്ട്. “എട്ടാം ക്ളാസില്‍ പഠിക്കുമ്പോഴാണ് ആ അനുഭവം. ആ വര്‍ഷം ഇടവകയായ പഴഞ്ഞി പള്ളിയില്‍ ഹാശാ ആഴ്ചയിലെ നടത്തിയത് പൌലോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയാണ്. പെസഹാ വ്യാഴം വന്നു. രാവിലെ കുര്‍ബ്ബാനയ്ക്കുശേഷം കാല്‍കഴുകല്‍ ശുശ്രൂഷയുടെ ഒരുക്കം തുടങ്ങി. കാല്‍കഴുകാന്‍ അര്‍ഹതയുള്ളവരുടെ പട്ടിക തയാറാക്കാന്‍ തുടങ്ങി. ഞാനും പള്ളിയില്‍ ഹാജരുണ്ട്. വൈദികര്‍ ധാരാളം സന്നിഹിതരാണ്. സ്ളീഹന്മാര്‍ 12 പേരുടെ കാലുകള്‍ കഴുകണമെന്നു മാര്‍ സേവേറിയോസ് തിരുമേനി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഒപ്പം ഒരു കാര്യംകൂടി പറഞ്ഞു. വൈദികര്‍ക്കൊപ്പം കുറച്ച് കൊച്ചുകാലുകളും കഴുകാന്‍ ഇരുത്തണം, അതില്‍ ഒരാള്‍ ഇവനായിരിക്കണമെന്ന് എന്നെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഞാന്‍ ആനന്ദം കൊണ്ട് തുള്ളിച്ചാടി. അങ്ങനെ സേവേറിയോസ് തിരുമേനി എന്റെയും കൂടി കാല്‍കഴുകി ശുശ്രൂഷ നിര്‍വഹിച്ചു. അതെനിക്കൊരു പ്രോത്സാഹനമായിരുന്നു. എന്നെ ഇവിടെവരെ എത്തിച്ച പ്രോല്‍സാഹനം’- ബാവാ പറഞ്ഞു.


20130315

മലങ്കര സഭയുടെ പള്ളികളില്‍ നിയമവാഴ്ച ഉറപ്പുവരുത്തുക

2012 നവംബര്‍ 18 കെയ്റോ: അലക്സാന്ത്രിയന്‍ മാര്‍പാപ്പ തെവോദ്രോസ്
ദ്വിതീയന്റെ സ്ഥാനാരോഹണവേളയില്‍ അന്ത്യോക്യായുടെ ഇഗ്നാത്തിയോസ്
സാക്കാ പ്രഥമന്‍ അനുമോദന പ്രസംഗം നടത്തുന്നു. നടുക്കിരിയ്ക്കുന്നതു് പൗരസ്ത്യ
കാതോലിക്കോസ് ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍
കോട്ടയം, മാര്‍ച്ച് 14: സമരോല്‍സുകരായ സമാന്തര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ സമ്മര്‍ദ്ദത്തിനു് സര്‍ക്കാര്‍ വഴങ്ങരുതെന്നും ക്രമസമാധാനം സംരക്ഷിയ്ക്കണമെന്നും മലങ്കര ജനവേദി ആവശ്യപ്പെട്ടു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വടക്കന്‍ ഭദ്രാസനങ്ങളിലെ പള്ളികളില്‍ അരക്ഷിതാവസ്ഥ നിലനില്ക്കുകയാണു്. നിയമവാഴ്ചയെ മാനിയ്ക്കാത്ത സമാന്തര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെ പ്രീണിപ്പിയ്ക്കുന്നതില്‍ നിന്നു് രാഷ്ട്രീയ കക്ഷികള്‍ പിന്‍വാങ്ങണം. 1995-2002-ലെ സുപ്രീം കോടതിവിധി അനുസരിയ്ക്കാന്‍ തയ്യാറാകാതെ പുതിയ സഭയുണ്ടാക്കി പുറത്തു പോയവിഭാഗമാണു് സമാന്തര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ. 1995-2002ലെ സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിലും ആകമാന സഭയുടെ ഐക്യത്തിലുമാണു് മലങ്കര സഭാതര്‍ക്കത്തിനു് പരിഹാരം കാണേണ്ടതു്. സുപ്രീം കോടതിവിധി ബാധകമായ സഭയെ അതു പ്രകാരം പ്രവര്‍ത്തിയ്ക്കുന്നതിനും നിലനില്ക്കുന്നതിനും അനുവദിയ്ക്കുന്നില്ലെന്നതാണു് പ്രശ്നം.

സമാന്തര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിനു് നല്കുന്ന പിന്തുണ അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് സാക്കാ പ്രഥമന്‍ അവസാനിപ്പിയ്ക്കണം. മലങ്കരസഭയുടെ ഇടവകകളുടെമേല്‍ അവകാശവാദം ഉന്നയിയ്ക്കുന്നതു് അവസാനിപ്പിച്ചാല്‍ അന്ത്യോക്യന്‍ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഇന്ത്യയിലെ ഭദ്രാസനങ്ങള്‍ക്കും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഭദ്രാസനങ്ങള്‍ക്കും സാഹോദര്യത്തോടെ പ്രവര്‍ത്തിയ്ക്കാന്‍ കഴിയും. ആകമാന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ ഐക്യം ശക്തിപ്പെടുത്തണം.
മലങ്കര ജനവേദി

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് 402.93 കോടി രൂപയുടെ ബജറ്റ്

ഓര്‍ത്തഡോക്സ് സഭ സൌരോര്‍ജ സംസ്കാരം വളര്‍ത്തും
ദേവലോകം, മാര്‍ച്ച് 14: ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സൌരോര്‍ജ്ജം ഉള്‍പ്പെടെയുള്ള പാരമ്പര്യഇതര ഊര്‍ജ്ജ സ്രോതസ്സുകള്‍ അവലംമ്പിക്കുകയും സൌരോര്‍ജ്ജ സംസ്കാരം വളര്‍ത്തുകയും ചെയ്യാന്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ നടപടികള്‍ കൊക്കൊള്ളുന്നു. സൌരോര്‍ജ്ജം ഉപയോഗിക്കുന്ന സഭാ സ്ഥാപനങ്ങള്‍ക്ക് ധന സഹായം സഭാകേന്ദ്രത്തില്‍ നിന്ന് നല്‍കും. പാരമ്പര്യേതര ഊര്‍ജ്ജ മാര്‍ഗ്ഗങ്ങളെകുറിച്ചും, ഊര്‍ജ്ജ ഉപഭോഗത്തിലെ അച്ചടക്കത്തെക്കുറിച്ചും സഭാംഗങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തും. മരുന്നുകള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനായി മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങുന്നതിനും സഭ മുന്നിട്ടിറങ്ങുന്നു. കോട്ടയത്ത് സഭയുടേതായി ന്യായവില മെഡിക്കല്‍ ഷോപ്പ് ആരംഭിക്കും. അല്‍മായ നേതാക്കളായ കെ.സി. മാമ്മന്‍ മാപ്പിള, സി.എം. സ്റീഫന്‍, പി.സി. അലക്സാണ്ടര്‍, കെ.എം. മാത്യു തുടങ്ങിയവരുടെ സ്മരണ നിലനിര്‍ത്താനായ് പരിപാടികള്‍ ആവിഷ്കരിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. സഭാംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ ഓട്ടോറിക്ഷകള്‍ വാങ്ങാന്‍ സഭാകേന്ദ്രം ധനസഹായം നല്‍കും. അടുത്ത സാമ്പത്തിക വര്‍ഷം 100 ഓട്ടോറിക്ഷകള്‍ നല്‍കുന്നതില്‍ 50 എണ്ണം വനിതകള്‍ക്കായിരിക്കും. കൊടുങ്ങല്ലൂരിലും, മുംബൈ കല്യാണിലും മലങ്കര ഓര്‍ത്തഡോക്ക് സഭ മാര്‍ത്തോമ്മന്‍ സ്മൃതി കേന്ദ്രങ്ങള്‍ തുടങ്ങും. തലസ്ഥാന നഗരിയില്‍ മലങ്ക ഓര്‍ത്തഡോക്സ് സഭ പബ്ളിക് റിലേഷന്‍ ഓഫീസ് ആരംഭിക്കും.

ഭവനസഹായ പദ്ധതി, വിവാഹ സഹായ പദ്ധതി, പ്രകൃതിദുരന്തം സഹായം, നവജ്യോതി സ്വയം സഹായസംഘം തുടങ്ങിയവയ്ക്ക് കൂടുതല്‍ തുക വകകൊള്ളിച്ചിട്ടുണ്ട്.
എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ പൌലോസ്, മാത്യൂസ് മാര്‍ ബര്‍ന്നബാസ്, ഫാ. അലക്സ് കുരമ്പില്‍ കോറെപ്പിസ്കോപ്പ, ഫാ. ഓമത്തില്‍ കുര്യാക്കോസ് കോറെപ്പിസ്ക്കോപ്പാ, ഫാ. സി. കെ. ജോസഫ് റെമ്പാന്‍, അഡ്വ. ടി. ജോണ്‍, അഡ്വ. തോമസ് രാജന്‍, സി. എന്‍. ജോര്‍ജ്ജ് ചേര്‍ത്തലാട്ട്, അജില്‍ തോമസ് പോത്താനിക്കാട് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

പോപ്പ് ഫ്രാന്‍സിസ് ഒന്നാമന്‍, എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ മത്ഥിയാസ്, കോപ്റ്റിക്ക് പോപ്പ് ദേവദ്രോസ്, ബാങ്കിംഗ് മേഖലയിലെ മികച്ച സേവനത്തിന് അനവധി അവാര്‍ഡുകള്‍ നേടിയ എം. ജി. ജോര്‍ജ്ജ് മുത്തൂറ്റ്, അഡീഷ്ണല്‍ ചീഫ് സെക്രട്ടറി സാജന്‍ പീറ്റര്‍, സ്പോര്‍ട്ട്സ് അതോററ്റി സെക്രട്ടറി ജിജി തോംസണ്‍, അദ്ധ്യാപകര്‍ക്കായുള്ള ദേശീയ അവാര്‍ഡ് നേടിയ ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ഡബ്ബിംഗ് സ്റേറ്റ് അവാര്‍ഡ് നേടിയ വിന്മി മറിയം ജോര്‍ജ്ജ്, വൈസ് മെന്‍സ് പ്രസിഡന്റ് അഡ്വ. ഫിലിപ്പ് മത്തായി, അഡീ. ഗവ. പ്ളീഡര്‍, അഡ്വ. മാത്യു കോശി എന്നിവരെ അനുമോദിച്ചു. മട്ടാഞ്ചേരി കൂനന്‍കുരിശ് തീര്‍ത്ഥാടന കേന്ദ്ര വികസന കണ്‍വീനര്‍ ജോണ്‍ സാമുവേല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

2013-14 മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് 402.93 കോടി രൂപയുടെ ബജറ്റ് ആണ് അവതരിപ്പിച്ചത്. പഴയസെമിനാരിയില്‍ ചേര്‍ന്ന മാനേജിംഗ് കമ്മറ്റി യോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ സാന്നിദ്ധ്യത്തില്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് ആണ് ബജറ്റ് അവതരിപ്പിച്ചത്. സഭയുടെ മെത്രാപ്പോലീത്താമാരും, മാനേജിംഗ് കമ്മറ്റി അംഗങ്ങളും അടങ്ങുന്ന യോഗം ബജറ്റ് പാസ്സാക്കിയത്.
കാതോലിക്കാസന വാര്‍ത്ത

കാതോലിക്കാ ദിനം മാര്‍ച്ച് 17ന്


ദേവലോകം, മാര്‍ച്ച് 15: 2013ലെ കാതോലിക്കാ ദിനം അഥവാ സഭാ ദിനം മാര്‍ച്ച് 17ന് (പരി. വലിയനോമ്പിലെ 36-ആം ഞായറാഴ്ച്ച) പരി. സഭ ഒന്നാകെ ആചരിക്കും. ഞായറാഴ്ച്ച രാവിലെ എല്ലാ ദേവാലയങ്ങളിലും കാതോലിക്കേറ്റ് പതാക ഉയര്‍ത്തുകയും വി. കുര്‍ബ്ബാന മദ്ധ്യേ സഭയ്ക്കുവേണ്ടിയുളള പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്യും. വി. കുര്‍ബ്ബാനയ്ക്ക് ശേഷം സഭയുടെ വിശ്വാസം, പാരമ്പര്യം, സ്വാതന്ത്യം, പൂര്‍വ്വപിതാക്കന്മാരുടെ ധീരമായ നിലപാടുകള്‍ എന്നിവയെ സംബന്ധിച്ച് ഓരോ ദേവാലയങ്ങളിലും പ്രത്യേക പ്രബോധനങ്ങളും സെമിനാറുകളും നടക്കും. വി. കുര്‍ബ്ബാനയെത്തുടര്‍ന്ന് എല്ലാ ദേവാലയങ്ങളിലും സഭാ ദിന പ്രതിജ്ഞ എടുക്കും.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, നിര്‍ദ്ധനരുടെ ഉന്നമനത്തിനും, വൈദികരുടെയും, ശ്രുശ്രൂഷക്കാരുടെയും ക്ഷേമത്തിനും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി 5 കോടി രൂപയുടെ ടാര്‍ജറ്റ് ആണ് നിശ്ചയിച്ചിരിക്കുന്നത്.

മാര്‍ച്ച് 17ന് പരി. കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവലോകം അരമന ചാപ്പലില്‍ വി. കുര്‍ബ്ബാന നടക്കും. സഭാ ദിനത്തില്‍ ദേവലോകം അരമനയില്‍ പരി. ബാവാ തിരുമേനി സഭാ പതാക ഉയര്‍ത്തുകയും വിശ്വാസികള്‍ക്ക് സഭാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്യും.

ഫ്രാന്‍സിസ് ഒന്നാമന്‍ പാപ്പായ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവായുടെ ആശംസ


കോട്ടയം, മാര്‍ച്ച് 14: റോമന്‍ കത്തോലിക്കാ സഭയുടെ പരമാചാര്യനായി തെരഞ്ഞെടുക്കപ്പെട്ട കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാരിയോ ബര്‍ഗോളിയോയെ (നിയുക്ത ഫ്രാന്‍സ്സിസ് പ്രഥമന്‍ പാപ്പാ) ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാചാര്യന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവാ അനുമോദിച്ചു. സഭകള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലും രാഷ്ട്രങ്ങള്‍ തമ്മിലും സഹകരണം വളര്‍ത്തി ലോകസമാധാനത്തിനും മാനവരാശിയുടെ നന്മയ്ക്കുമായി പ്രവര്‍ത്തിച്ച് നേതൃത്വം നല്‍കി ദൈവേഷ്ടം നിറവേറ്റുന്നതിന് പരിശുദ്ധ ഫ്രാന്‍സിസ് ഒന്നാമന്‍ പാപ്പായ്ക്ക് ഇടയാകട്ടെ എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോയ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അയച്ച സന്ദേശത്തില്‍ ആശംസിച്ചു.

രാഷ്ട്രീയ ഇടപെടലാവശ്യപ്പെട്ടു് സമരോല്‍സുകരായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ പ്രത്യക്ഷ സമരത്തിലേക്ക്‌


കൊച്ചി,മാര്‍ച്ച് 9: അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ഇന്ത്യയിലെ അതിരൂപതകളിലൊന്നായി 2002-ല്‍ സ്ഥാപിച്ച യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക മേധാവി ശ്രേഷ്ഠ തോമസ് മാര്‍ ബസേലിയോസും സഭയിലെ മെത്രാന്മാരും വൈദികരും മാര്‍ച്ച് 18 നു് സെക്രട്ടേറിയറ്റിനു് മുന്നില്‍ ഉപവസിക്കും. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പള്ളികളില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്കു് ആരാധനാ സ്വാതന്ത്യം - കുര്‍ബാനനടത്താനുള്ള - അവകാശം നിഷേധിക്കുകയാണെന്നു് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

സര്‍ക്കാരിന്‍റെ നിസംഗത സഹിച്ചു മുന്നോട്ടുപോകാന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്കു് സാധിക്കുകയില്ല. ആലുവ തൃക്കുന്നത്ത് പളളിയിലും വെട്ടിത്തറ, മണ്ണത്തൂര്‍, മാമലശേരി, കണ്യാട്ടുനിരപ്പ്, ഞാറക്കാട് പളളികളിലും യാക്കോബായ സുറിയാനി ക്രിസ്ത്യാനി വൈദീകര്‍ക്കു് കുര്‍ബാനനടത്താനുള്ള അവകാശം നല്കുന്നില്ല. ഉപവാസ സമരത്തിനുശേഷവും സര്‍ക്കാരില്‍ നിന്നും അനുകൂലമായ നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ അഖിലേന്ത്യാതലത്തില്‍ കോട്ടയത്തുവച്ചു് വിശ്വാസികളുടെ മഹാസമ്മേളനം സംഘടിപ്പിക്കും. സമ്മേളനത്തില്‍ ശ്രേഷ്ഠ തോമസ് മാര്‍ ബസേലിയോസ് സഭയുടെ നയം വ്യക്തമാക്കും.

കോതമംഗലം മെത്രാന്‍ കുര്യാക്കോസ് മാര്‍ യൂസേബിയോസ്, തൃശൂര്‍ ഭദ്രാസനത്തിന്‍റെയും വിശ്വാസ സംരക്ഷണത്തിന്‍റെയും ചുമതല വഹിക്കുന്ന ഏലിയാസ് മാര്‍ അത്തനാഷ്യോസ്, സഭയുടെ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, സെക്രട്ടറി ജോര്‍ജ് മാത്യു, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷാനു, വര്‍ക്കിങ് കമ്മറ്റിയംഗങ്ങളായ സാജു, രാജു, വാവച്ചന്‍, എബിന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മേഖലാതലത്തില്‍ അവകാശസംരക്ഷണറാലി

പിറവം,മാര്‍ച്ച് 14: സഭാതര്‍ക്കങ്ങളില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷ്പക്ഷതയ്‌ക്കെതിരെ എതിര്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗക്കാരുടെ പ്രതിഷേധം പ്രത്യക്ഷസമരമാകുന്നു. കോലഞ്ചേരി, മാമ്മലശ്ശേരി, വെട്ടിത്തറ, മണ്ണത്തൂര്‍, കണ്ണ്യാട്ടുനിരപ്പ്, ഞാറക്കാട്, മുളക്കുളം കോഴിപ്പിള്ളി, കായനാട് തുടങ്ങിയ ഓര്‍ത്തഡോക്സ് സുറിയാനിദേവാലയങ്ങളില്‍ ആരാധനാസ്വാതന്ത്ര്യം (കുര്‍ബാനനടത്താനുള്ള അവകാശം) വേണമെന്ന് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗക്കാരുടെ മെത്രാന്മാരായ കുര്യാക്കോസ് മാര്‍ യൗസേബിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തങ്ങള്‍ക്കനുകൂലമായി സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രത്യക്ഷസമരത്തിന്റെ ആദ്യപടിയായി മേഖലാതലത്തില്‍ അവകാശസംരക്ഷണറാലികളും പ്രതിഷേധയോഗങ്ങളും നടത്തും.ആദ്യമേഖലാ സമ്മേളനം 17ന് പിറവത്ത് നടക്കും. ഞായറാഴ്ച വൈകിട്ട് 3. 30ന് എം. കെ. എം. സ്‌കൂള്‍ മൈതാനിയില്‍ നിന്നാരംഭിക്കുന്ന റാലി പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി കത്തീഡ്രല്‍ പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന വിശദീകരണയോഗം എതിര്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക ശ്രേഷ്ഠ ശ്രേഷ്ഠ തോമസ് മാര്‍ ബസേലിയോസ് ഉദ്ഘാടനം ചെയ്യും. ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാന്‍ അധ്യക്ഷനാകും. പ്രാദേശികസുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. സഭയിലെ മെത്രാന്മാരും വൈദികരും യോഗത്തില്‍ പങ്കെടുക്കും. പിറവം മേഖലായോഗത്തിന് മുന്നോടിയായി 16ന് യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിളംബരജാഥയുണ്ട്. പിറവം മേഖലായോഗത്തെ തുടര്‍ന്ന് 18ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടക്കും.
വലിയനോമ്പ് കാലത്ത് തങ്ങളുടെ ഭക്തരെ പ്രവേശിപ്പിക്കാതെ പള്ളികള്‍ അടച്ചിടുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും സമയക്രമം നിശ്ചയിച്ചിട്ടായാലും പള്ളികള്‍ തുറന്ന് ആരാധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മെത്രാന്മാര്‍ ആവശ്യപ്പെട്ടു.
പിറവംപള്ളി വിമത ട്രസ്റ്റി മത്തായി മണപ്പാട്ടും കശീശന്മാരായ പിറവംവലിയപള്ളി വിമതവൈദികന്‍ സൈമണ്‍ ചെല്ലിക്കാട്ടില്‍ , എല്‍ദോസ് കക്കാടന്‍, വര്‍ഗീസ് പനിച്ചിയില്‍, ഷാനുപൗലോസ്, മാത്യൂസ് ഓമ്പാളയില്‍, സന്തോഷ് തെറ്റാലില്‍, ജോബിന്‍സ് ഇലഞ്ഞിമറ്റം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ആഭ്യന്തര പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് യാക്കോബായ വിഭാഗം നടത്തുന്നതെന്നു് ഓര്‍ത്തഡോക്സ് സഭ

കോട്ടയം, മാര്‍ച്ച് 14: ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് എതിര്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗക്കാര്‍ പുതിയ സമര മുറകള്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മലങ്കര ഓര്‍ത്തഡോക്സ് (യാക്കോബായ) സുറിയാനി സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്.

 സഭയിലും സമൂഹത്തിലും ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ക്ക് ശാശ്വതവും നീതിപൂര്‍വ്വവുമായ പരിഹാരമാണ് വേണ്ടത്. അതിനായി നീതിന്യായ കോടതി വിധികള്‍ അനുസരിക്കുകയും ഇരുഭാഗക്കാരുടെയും സമ്മതപ്രകാരം സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥന്റെ തീരുമാനങ്ങള്‍ അംഗീകരിക്കുകയും വേണം.

 ജനാധിപത്യ ഭരണസംവിധാനം നിലവിലുള്ള ഓര്‍ത്തഡോക്സ് സഭയുടെ ഘടകങ്ങളായ പള്ളികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സ്വയം തീരുമാനിച്ച് സഭയില്‍ നിന്ന് വിഘടിച്ച് പോയികഴിഞ്ഞ് സഭയുടെ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ഉന്നയിക്കാനാവില്ല. ഏതെങ്കിലും സംഘടനയുടെ ഒരു ശാഖയ്ക്ക് വിഘടിച്ച് മാറാനും മാതൃസംഘടനയുടെ സ്ഥാപനങ്ങളില്‍ അവകാശം ഉന്നയിക്കുവാനും കഴിയുകയില്ലല്ലോ.
 എതിര്‍ യാക്കോബായ വിഭാഗം മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ച് ഓര്‍ത്തഡോക്സ് സഭയുടെ പള്ളികള്‍ പൂട്ടിച്ച്, നീതിനിഷേധിക്കുന്നു പീഡിപ്പിക്കുന്നു എന്ന് മുതല കണ്ണീര്‍ ഒഴുക്കുന്നത് തന്ത്രത്തിന്റെ ഭാഗമാണ്.
 നുണ പ്രചരണങ്ങള്‍ നടത്തി കേരള സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ എതിര്‍ യാക്കോബായ വിഭാഗം ശ്രമിക്കുകയാണ്. പീഡാനുഭവ വാരത്തില്‍ മാത്രം ആരാധനാലയങ്ങള്‍ തുറക്കുന്നതിനേക്കള്‍ പ്രശ്നങ്ങള്‍ക്ക് സ്ഥിരമായ പരിഹാരം ഉണ്ടാക്കി യഥാര്‍ത്ഥ അവകാശികള്‍ക്ക് ആരാധനാ സ്വാതന്ത്രം ഉറപ്പു വരുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
കാതോലിക്കാസന വാര്‍ത്ത


20130314

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാരിയോ ബര്‍ഗോളിയോ റോമാസഭയുടെ പുതിയ പാപ്പാ - ഫ്രാന്‍സ്സിസ് പ്രഥമന്‍ എന്ന് അറിയപ്പെടും


13 മാര്‍ച്ച് 2013, വത്തിക്കാന്‍- ലാറ്റിനമേരിക്കന്‍ രാജ്യമായ അര്‍ജന്‍റീനായിലെ ബുവനസ് എയിരസ് അതിരൂപത അദ്ധ്യക്ഷന്‍ 76-വയസ്സുകാരന്‍ കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാരിയോ ബര്‍ഗോളിയോയാണ് (Cardinal Jorge Mario Bergoglio, S.J.) റോമന്‍ കത്തോലിക്കാ സഭയുടെ പുതിയ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹം ഈശോ സഭാംഗമാണ്.

“ഹബേമൂസ് പാപ്പാ,” Habemus Papam ലത്തീന്‍ ഭാഷയിലെ ഈ പ്രഖ്യാപനത്തിന് “നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു” എന്നാണ് അര്‍ത്ഥം. വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ പ്രധാന മട്ടുപ്പാവില്‍നിന്നും പ്രഖ്യാപനം നടത്തിയത് കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ പ്രോട്ടോ ഡീക്കന്‍, ഷോണ്‍ ലൂയി താവ്റാനാണ്. മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റായി നിലവില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം കര്‍ദ്ദിനാള്‍ സംഘത്തിലെ ഏറ്റവും പ്രായംചെന്ന അംഗം എന്ന നിലയിലാണ് പുതിയ പാപ്പായെ പ്രഖ്യാപിക്കുന്ന കര്‍ത്തവ്യം നിര്‍വ്വിച്ചത്.
പാപ്പാ ഫ്രാന്‍സിസ് സഭാ ചരിത്രത്തില്‍ 265-ാമത്തെ പത്രോസിന്‍റെ റോമിലെ പിന്‍ഗാമിയാണ്.
ചരിത്രമൂഹൂര്‍ത്തങ്ങള്‍ ഉണര്‍ത്തിക്കൊണ്ടാണ് ആഗോള റോമാ സഭാ തലവനെ, പുതിയൊരു പാപ്പായെ വത്തിക്കാനില്‍ ചേര്‍ന്ന കര്‍ദ്ദിനാള്‍ സംഘം മാര്‍ച്ച 13 ബുധനാഴ്ച വൈകുന്നേരമാണ് തിരഞ്ഞെടുത്തത്. മാര്‍ച്ച് 12-ന് വത്തിക്കാനില്‍ ആരംഭിച്ച സഭയിലെ 115 വോട്ടര്‍മാരായ കര്‍ദ്ദിനാളന്മാര്‍ സിസ്റ്റൈന്‍ കപ്പോളയില്‍ ചേര്‍ന്ന ആത്മീയവും രഹസ്യാത്മകവുമായ വോട്ടെടുപ്പിന്‍റെ രണ്ടാം ദിനമായ ബുധനാഴ്ചയുടെ രണ്ടാം പകുതിയില്‍ പ്രാദേശിക സമയം വൈകുന്നേരം 7.00-നാണ് സിസ്റ്റൈന്‍ കപ്പേളയുടെ ചിമ്മിണിയില്‍ വെളുത്ത പുക പ്രത്യക്ഷപ്പെട്ടത്.

രണ്ടാം ദിവസത്തിന്‍റെ ആന്ത്യത്തില്‍ നടന്ന വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ടു ഭാഗം ഭൂരിപക്ഷം ലഭിച്ചതിനെ തുടര്‍ന്നാണ് പുതിയ പാപ്പായെ കര്‍ദ്ദിനാള്‍ സംഘം അംഗീകരിച്ചതും വെളുത്ത പുകയിലൂടെ തിരഞ്ഞെടുപ്പ് ഫലം ആദ്യമായി ലോകത്തെ അറയിച്ചതും. പുതിയ പാപ്പായെ പ്രതീക്ഷിച്ച് രാവിലെ മുതല്‍ വത്തിക്കാനില്‍ തിങ്ങിനിന്ന ജനാവലി വൈകുന്നേരമായപ്പോള്‍ ഊറിനിന്ന ചെറുമഴയെ വെല്ലുവിളിച്ചും ജനസാഗമായി മാറിയിരുന്നു.

തിരഞ്ഞെടുപ്പിന്‍റെ അവസാന ഭാഗമായി കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ ഇപ്പോഴത്തെ നിയുക്ത തലവന്‍, ജോണ്‍ ബാപ്റ്റിസ്റ്റ് റേ നിയുക്ത പാപ്പാ കര്‍ദ്ദിനാള്‍ ബര്‍ഗോളിയുടെ സമ്മതം ചോദിക്കുകയുണ്ടായി. “സഭയുടെ കനോന നിയമപ്രകാരമുള്ള ഈ തിരഞ്ഞെടുപ്പ് താങ്കള്‍ സ്വീകരിക്കുന്നുവോ,” എന്ന്. ചോദ്യത്തിന് സമ്മതം ലഭിച്ച ശേഷം വീണ്ടും പുതിയ പാപ്പ സ്വീകരിക്കുന്ന ഔദ്യോഗിക നാമമെന്താണെന്നും കര്‍ദ്ദിനാള്‍ റേ ആരാഞ്ഞു. ഫ്രാന്‍സിസ്സ്! അസ്സീസ്സിയിലെ വിശുദ്ധ ഫ്രാന്‍സ്സിസിന്‍റെ നാമവും മദ്ധ്യസ്ഥ്യവുമാണ് പുതിയ പാപ്പാ സ്വീകരിച്ചത്. സമ്മതവും പേരും കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ ഉന്നതസ്ഥാനം വഹിക്കുന്ന കര്‍ദ്ദാനാള്‍ റേ ഔദ്യോഗികമായി രേഖപ്പെടുത്തി. തുടര്‍ന്ന് സിസ്റ്റൈന്‍ കപ്പേളയുടെ സങ്കീര്‍ത്തന മുറിയില്‍ച്ചെന്ന് സ്ഥാനിക വസ്ത്രങ്ങള്‍ അണിഞ്ഞശേഷം സമീപത്തുള്ള പൗളൈന്‍ കപ്പേളയില്‍ മൗനപ്രാര്‍ത്ഥനയില്‍ ഏതാനും നിമിഷങ്ങള്‍ ചിലവഴിച്ചു. അവിടെനിന്നും കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ അകമ്പടിയോടെ പുതിയ റോമാ പാപ്പ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായിലേയ്ക്ക് ആനീതനായി.

വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ പുതിയ പാപ്പയെ കാത്തുനില്ക്കുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്കും റോമാക്കാര്‍ക്കും ലോകത്തിനും ദര്‍ശനം നല്കിക്കൊണ്ട് പുതിയ പാപ്പ പ്രത്യക്ഷനായി. എന്നിട്ട് വിശേഷമായി നല്കുന്ന ‘ഊര്‍ബി എത്ത് ഓര്‍ബി’ urbi et orbi സന്ദേശത്തിലൂടെ ലോകത്തെയും റോമാ നഗരത്തെയും അഭിസംബോധനചെയ്തു.

“പ്രിയ സഹോദരങ്ങളേ, പ്രാര്‍ത്ഥനാശംസകള്‍, നന്ദി. എന്നെ തിരഞ്ഞെടുത്ത കര്‍ദ്ദിനാള്‍ സംഘത്തിന് നന്ദി. ഇത്രയും നാള്‍ സഭയെ സുധീരം നയിച്ച ബനഡിക്ട് 16-ാമന്‍ പാപ്പായ്ക്ക് പ്രത്യേകം നന്ദി. അദ്ദേഹത്തിനുവേണ്ടി പ്രാര്‍ത്ഥിക്കാം,” എന്നു പറഞ്ഞുകൊണ്ട് സ്വര്‍ഗ്ഗസ്ഥനായ പിതാവേ, നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ത്ഥനയും ജനങ്ങള്‍ക്കൊപ്പം ചൊല്ലി. “ കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ ഉത്തരവാദിത്തമാണ് പാപ്പായെ തിരഞ്ഞെടുക്കുക എന്നത്. എന്നാല്‍ ലോകത്തിന്‍റെ മറ്റൊരു അറ്റത്തുനിന്നുമാണ് എന്നെ റോമാ രൂപതയുടെ അദ്ധ്യക്ഷനും, ആഗോള സഭയുടെ തലവനുമായി തിരഞ്ഞെടുത്തിരിക്കുന്നത്. നന്ദി.”

“സഭാ ജീവിതം ഇന്നത്തെ ലോകത്ത് സ്നേഹത്തിലും സാഹോദര്യത്തിലുള്ള ആത്മീയ യാത്രയാണു്. അത് നമുക്ക് ഒരുമിച്ച് ചരിക്കാം. അതിനായി നമുക്ക് പരസ്പരം പ്രാര്‍ത്ഥിക്കാം.” തുടര്‍ന്ന്
“ഞാന്‍ നിങ്ങളെ ആശിര്‍വ്വദിക്കുന്നതിനു മുന്‍പ് നിങ്ങള്‍ എന്നെ ആശിര്‍വ്വദിക്കുക,” എന്നു പറഞ്ഞ പുതിയ പാപ്പ നമ്രശിരസ്ക്കനായി ജനങ്ങളില്‍നിന്നും ലോകത്തിന്‍റെ പ്രാര്‍ത്ഥനയും ആശിര്‍വ്വാദവും ഏറ്റുവാങ്ങി. ചത്വരം തിങ്ങിനിന്ന ജനാവലി ഒരു നിമിഷത്തേയ്ക്ക് മൂകതയണഞ്ഞ് പ്രാര്‍ത്ഥിച്ചത് ആശ്ചര്യജനകമായിരുന്നു. തുടര്‍ന്ന് പാപ്പാ ഫ്രാന്‍സിസ്സ് ജനങ്ങള്‍ക്ക് പൂര്‍ണ്ണദന്ധ വിമോചനമുള്ള അപ്പസ്തോലിക ആശിര്‍വ്വാദം നല്കിയതോടെ വളരെ ഹ്രസ്വവും ലളിതവുമായ പുതിയ പാപ്പായുടെ ‘ഊബി എത് ഓര്‍ബി’ സന്ദേശപരിപാടിയും പ്രഥമ കൂടിക്കാഴ്ചയും സമാപിച്ചു.
കടപ്പാടു് റേഡിയോ വത്തിക്കാന

CARDINAL BERGOGLIO ELECTED TO ROMAN PONTIFICATE

20130309

പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി : പോലീസ് സംരക്ഷണവശ്യപെട്ടുള്ള ഫാ. വട്ടക്കാട്ടിലിന്റെ ഹര്‍ജിയ്ക്കെതിരെയുള്ള എതിര്‍ യാക്കോബായ ഹര്‍ജി ഹൈക്കോടതി തള്ളി


പിറവം, 08 മാര്‍ച്ച് 2013: ഫാദര്‍ സ്കറിയ വട്ടക്കാട്ടില്‍ പിറവം സൈന്റ് മേരീസ്‌ ഓര്‍ത്തഡോക്‍സ്‌ പള്ളിയുടെ വികാരി ആയി പ്രവര്‍ത്തിക്കുന്നതിനെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ തടയുന്നതില്‍ നിന്നു് പോലീസ് സംരക്ഷണം  നല്കണമെന്ന് അവശ്യപെട്ടു് അദ്ദേഹം ജില്ലാ കോടതിയില്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതാണെന്നും ഫാദര്‍ സ്കറിയ വട്ടക്കാട്ടിലിനു് ഹര്‍ജിനല്കാനുള്ള അവകാശം ഉണ്ടന്നും ഹൈക്കോടതി വ്യക്തമാക്കി.

ഫാദര്‍ സ്കറിയ വട്ടക്കാട്ടിലിന്റെ സംരക്ഷണഹര്‍ജി നിലനില്ക്കില്ലെന്നു് തീരുമാനിയ്ക്കണമെന്നു് ആവശ്യപ്പെട്ടു കൊണ്ട് യാക്കോബായ വിഭാഗം നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണു് ഹൈക്കോടതിവിധി.
jyothish കാതോലിക്കാസന വാര്‍ത്ത

എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂനാ മത്ഥ്യാസിന്റെ സ്ഥാനാരോഹണം


എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പുതിയ പാത്രിയാര്‍ക്കീസായി പരിശുദ്ധ ആബൂനാ മത്ഥ്യാസ് പ്രഥമന്‍ സ്ഥാനാരോഹിതനായി. എത്യോപ്യയുടെ തലസ്ഥാന നഗരിയായ ആഡിസ് അബാബയിലെ ഹോളി ട്രിനിറ്റി കത്തീഡ്രല്‍ പളളിയില്‍ വച്ച് 2013 മാര്‍ച്ച് 3 ഞയറാഴ്ച്ച നടന്ന സ്ഥാനാരോഹണ ചടങ്ങില്‍ ലോകത്തിലെ വിവിധ സഭകളില്‍ നിന്നുളള പ്രതിനിധികള്‍ പങ്കെടുത്തു. മലങ്കര ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധികരിച്ച് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതിയന്‍ ബാവായോടൊപ്പം അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ, അഭിവന്ദ്യ യുഹാനോന്‍ മാര്‍ ദീയസ്ക്കോറസ് മെത്രാപ്പോലീത്താ, വൈദിക ട്രസ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഫാ. എബ്രഹാം തോമസ്, ഫാ. ഡോ. ജോസ്സി ജേക്കബ്, ഡിക്കന്‍ ജിസ്സ് ജോണ്‍സണ്‍, ശ്രീ ജേക്കബ് മാത്യു, ശ്രീ കെവിന്‍ ജോര്‍ജ്ജ് കോശി, എന്നിവര്‍ പങ്കെടുത്തു.

ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളില്‍പ്പെട്ട കോപ്റ്റിക് സഭയില്‍ നിന്ന് സീനിയര്‍ മെത്രാപ്പോലീത്തയായ ആര്‍ച്ച് ബിഷപ്പ് പക്കോമിയോസ് തിരുമേനിയുടെ നേത്യത്വത്തില്‍ മെത്രാപ്പോലീത്താമാരും വൈദികരും ഉള്‍പ്പെടുന്ന സംഘം ചടങ്ങുകളില്‍ പങ്കെടുത്തു. അര്‍മ്മേനിയന്‍ ഓര്‍ത്തഡോക്സ് സഭയില്‍ നിന്ന് യച്ച്മിയാച്ചിനില്‍ നിന്നും ബെയ്റൂട്ടില്‍ നിന്നുമായി ആര്‍ച്ച് ബിഷപ്പ് ഗോറൂന്‍ ബാബിയാന്റെ നേത്യത്വത്തില്‍ നാല് മെത്രാപ്പോലീത്തമാര്‍ ശ്രുശ്രുഷയില്‍ സംബന്ധിച്ചു. സിറിയന്‍ ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധികരിച്ച് ആരും എത്തിയിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. സ്ഥാനാരോഹണത്തിന്റെ തലേന്ന് പ. ബാവാ തിരുമേനിയും സംഘവും നിയുക്ത പാത്രിയാര്‍ക്കീസിനെ സന്ദര്‍ശിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭ മുഴുവനും അദ്ദേഹത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും പുതിയ സ്ഥാനലബ്ദി മലങ്കര ഓര്‍ത്തഡോക്സ് സഭയും എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയും തമ്മിലുളള ബന്ധം ദ്യഢതരമാക്കുന്നതിന് സഹായിക്കുമെന്ന് പ്രത്യാശിക്കുന്നുവെന്നും പ. ബാവാ തിരുമേനി പറഞ്ഞു.

അന്നേ ദിവസം വൈകിട്ട് പരിശുദ്ധ ബാവാ തിരുമനസ്സുകൊണ്ട് വിവിധ സഭകളില്‍ നിന്നെത്തിയ സഭാ പ്രതിനിധികള്‍ക്ക് പ്രത്യേകം അത്താഴ വിരുന്ന് ഒരുക്കി. വിവിധ സഭകളില്‍ നിന്നായി മുപ്പത്തിയഞ്ചോളം പ്രതിനിധികള്‍ പങ്കെടുത്തു. എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ നിന്ന് മുതിര്‍ന്ന മെത്രാപ്പോലീത്തമാരും, കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയില്‍ നിന്നെത്തിയ എല്ലാ മെത്രാപ്പോലീത്താമാരും ബൈസെന്റയിന്‍ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസിനെ പ്രതിനിധികരിച്ച് ലണ്ടനില്‍ നിന്നെത്തിയ ആര്‍ച്ച് ബിഷപ്പ് ഗ്രീഗോറിയോസും, കത്താലിക്കാ സഭയില്‍ നിന്ന് ആര്‍ച്ച ബിഷപ്പ് ജോര്‍ജ്ജ് പാനിക്കുളവും, ആംഗ്ളിക്കന്‍ സഭയില്‍ നിന്നുളള പ്രതിനിധികളും അത്താഴ വിരുന്നില്‍ പങ്കെടുത്തു.സല്‍ക്കാരത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് കോപ്റ്റിക് സഭയുടെ എക്യുമെനിക്കല്‍ വിഭാഗത്തിന്റെ തലവന്‍ അബ്ബാ ബിഷോയി മെത്രാപ്പോലീത്താ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ എക്യുമെനിക്കല്‍ രംഗത്തുളള സംഭാവനകളെ പ്രകീര്‍ത്തിച്ചു. 2014 -ല്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആതിഥേയത്വത്തില്‍ നടക്കാനിരിക്കുന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയും കത്തോലിക്കാ സഭയും തമ്മിലുളള ദൈവശാസ്ത്ര സംവാദം വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.

2013 മാര്‍ച്ച്-3 ഞയറാഴ്ച്ച പുലര്‍ച്ചെ 4 മണിക്ക് ശ്രുശ്രുഷകള്‍ ആരംഭിച്ചു. പ്രഭാത നമസ്ക്കാരത്തെത്തുടര്‍ന്നായിരുന്നു സ്ഥാനാരോഹണ ശ്രുശ്രുഷ. ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളിലെ പ്രതിനിധി സംഘങ്ങള്‍ പ്രത്യേകം പ്രത്യേകം നടത്തിയ പ്രാര്‍ത്ഥനയോടെയാണ് സ്ഥാനാരോഹണ ശ്രുശ്രുഷ സമാപിച്ചത്. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബാവാ തിരുമേനിയും പ്രതിനിധി കളും അടങ്ങുന്ന സംഘത്തിനായിരുന്നു ആദ്യം പ്രാര്‍ത്ഥന നടത്തുന്നതിനുള്ള അവസരം. പിന്നീട് കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളും, അര്‍മ്മേനിയന്‍ ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളും പ്രാര്‍ത്ഥന നടത്തി. തുടര്‍ന്ന് സ്ഥാനാരോഹിതനായ പരിശുദ്ധ മത്ഥ്യാസ് പ്രഥമന്‍ പാത്രിയാര്‍ക്കീസിന്റെ പ്രധാന കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാന നടന്നു. പരിശുദ്ധ ബാവാ തിരുമേനി ഉള്‍പ്പെടെ ഓറിയന്റല്‍ സഭാ കുടുംബത്തില്‍പ്പെട്ട എല്ലാ പ്രതിനിധികളും വി. കുര്‍ബ്ബാനയില്‍ അംശവസ്ത്രധാരികളായി പങ്കെടുത്ത് വി. കുര്‍ബ്ബാന അനുഭവിച്ചു. മറ്റ് ഓര്‍ത്തഡോക്സ് സഭകളില്‍ നിന്ന് സഭാ തലവന്‍മാര്‍ ഒഴികെയുള്ള പ്രതിനിധി സംഘങ്ങളാണ് എത്തിയതെങ്കില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് സഭയുടെ പരമാദ്ധ്യക്ഷന്‍ തന്നെ ശ്രുശ്രുഷയില്‍ സംബന്ധിച്ചത് പ്രത്യേകം ശ്രദ്ധേയമായി. ഇതില്‍ എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയ്ക്കുള്ള ചാരിതാര്‍ത്ഥ്യം വളരെയായിരുന്നു.

വി. കുര്‍ബ്ബാനാനന്തരം രാവിലെ 9.30-ന് നടന്ന അനുമോദന സമ്മേളനത്തില്‍ ആദ്യമായി അഭിനന്ദനം രേഖപ്പെടുത്തിയത് പ. കാതോലിക്കാ ബാവാ തിരുമേനിയായിരുന്നു. എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ സത്യ വിശ്വാസ പൈത്യകം, സാംസ്ക്കാരികത്തനിമ, 6-ാം നൂറ്റാണ്ട് മുതല്‍ വികസിപ്പിച്ചെടുത്ത വിശിഷ്ഠമായ സംഗീത പാരമ്പര്യം, വേദാധിഷ്ഠിതമായ ആരാധന പാരമ്പര്യം, ഏറ്റവും പുരാതനമായ കൈയ്യെഴുത്തു ശേഖരം, കേരളത്തിലെ അനുഷ്ഠാന കലയായ നൃത്തനാട്യത്തിന് സമാനമായ എത്യോപ്യന്‍ ക്രിസ്തീയ നൃത്തം, ഇവയെല്ലാം എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ എടുത്തു പറയേണ്ട മേന്മയാണെന്ന് പ. ബാവാ തിരുമേനി അനുമോദന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സമ്പന്നമായ ഈ പൈതൃകം അഭംഗുരം നിലനിര്‍ത്താനും പരിപോഷിപ്പിക്കാനും കാലികമായ വെല്ലുവിളികളെ സധൈര്യം ദൈവാശ്രയത്തോടെ നേരിടുന്നതിനും പുതിയ പാത്രിയാര്‍ക്കീസിന് ദൈവം തമ്പുരാന്‍ ക്യപ നല്‍കട്ടെ എന്ന് പ. ബാവാ തിരുമേനി ആശംസിച്ചു. എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയും മലങ്കര ഓര്‍ത്തഡോക്സ് സഭയുമായുളള ബന്ധം ഉത്തരോത്തരം വളര്‍ന്നുവരട്ടെ എന്നും പരിശുദ്ധ ബാവാതിരുമേനി പ്രസംഗത്തില്‍ പ്രത്യാശ പ്രകടിപ്പിച്ചു. പ. ബാവാ തിരുമനസ്സുകൊണ്ട് പരിശുദ്ധ മത്ഥ്യാസ് പ്രഥമന്‍ പാത്രിയാര്‍ക്കീസിനെ മൂന്ന് കുരിശുമാലകള്‍ അണിയിച്ച് പരസ്പരം അശ്ളേഷിച്ചു. മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിക്ക് വേണ്ടി പ്രതിനിധി സംഘമായ ശ്രീ. ജേക്കബ് മാത്യു ഒരു പ്രത്യേക ഉപഹാരവും പ. പാത്രിയാര്‍ക്കീസ് ബാവായ്ക്ക് സമര്‍പ്പിച്ചു. സമ്മേളനത്തില്‍ പങ്കുകൊണ്ട വമ്പിച്ച ജനാവലി കരാഘോഷത്തോടെ ഈ നിമിഷത്തിന് സാക്ഷ്യം വഹിച്ചു.

പിറ്റേന്ന് മാര്‍ച്ച്-4-ാം തിയ്യതി 10 മണിക്ക് പരിശുദ്ധ പാത്രിയാര്‍ക്കീസുമായി പരിശുദ്ധ ബാവാ തിരുമേനിയും സംഘവും പ്രത്യേകമായി കൂടിക്കാഴ്ച്ച നടത്തി വീണ്ടും അഭിനന്ദനങ്ങള്‍ അറിയിച്ചു. പരസ്പരം നന്ദി പ്രകാശിപ്പിച്ചും അശ്ളേഷിച്ചും യാത്ര പറഞ്ഞ് പിരിഞ്ഞു.

ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ

06 മാര്‍ച്ച് 2013
കാതോലിക്കാസന വാര്‍ത്ത

മലങ്കര-എത്യോപ്യന്‍ സഭകള്‍ : ഡോ. എം. കുര്യന്‍ തോമസ്, വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ


ഓറിയന്റെല്‍ ഓര്‍ത്തഡോക്സ് സഭകളില്‍ പെടുന്ന മലങ്കരസഭയുടെയും എത്യോപ്യന്‍ സഭയുടെയും ചരിത്രം പരിശേധിച്ചാല്‍ ഒട്ടേറെ സമാനതകള്‍ കണ്ടെത്താനാകും.
ഇരുസഭകള്‍ക്കും അപ്പോസ്തോലിക കാലത്തോളം പാരമ്പര്യമുണ്ട്. മലങ്കരസഭയുടെ സ്ഥാപകന്‍ വി. മാര്‍ത്തോമാ ശ്ളീഹയാണ്. വി. മത്തായി ശ്ളീഹാ എതോപ്യ സന്ദര്‍ശിച്ചതായിട്ടാണ് എതോപ്യന്‍ സഭയുടെ പാരമ്പര്യം. വി. ഫിലിപ്പോസ് ശെമ്മാശനെയും (അപ്പോ. പ്രവ്യത്തികള്‍ 8: 26 - 40) എതോപ്യന്‍ സഭയുടെ സ്ഥാപകനായി വിശേഷിപ്പിക്കാറുണ്ട്. ഇരു സഭകളുടെയും നാലാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിലെ ചരിത്രം ഇരുളടഞ്ഞതാണ്.
പഴയ റോമാ സാമ്രാജ്യത്തിനു പുറത്ത് പ്രത്യക്ഷമായോ പരോക്ഷമായോ പാശ്ചത്യ സ്വാധീനം ഇല്ലാതെ വളര്‍ന്ന രണ്ടേരണ്ട് സഭകളാണിവ. ഇരു സഭകളും തങ്ങളുടെ പ്രാദേശിക സംസ്ക്കാരങ്ങളും പാരമ്പര്യങ്ങളും മുറുകെപിടിക്കുന്ന ദേശിയ സഭകളാണ്.
നാലാം നൂറ്റാണ്ടില്‍ മലങ്കരസഭ പേര്‍ഷ്യന്‍ സഭയുമായി ബന്ധപ്പെട്ടു ഇതേകാലത്ത് എത്യോപ്യന്‍ സഭ, കോപ്ടിക് സഭയുടെ പുത്രിസഭയായിത്തീര്‍ന്നു. എതോപ്യന്‍ സഭയുടെ ഔദ്യോഗിക തുടക്കം തന്നെ ഇങ്ങനെയായിരുന്നുവെന്നാണ് ചില സഭാചരിത്രകാരന്മാരുടെ കണ്ടെത്തല്‍.
അലക്സാന്ത്രിയായിലെ കോപ്ടിക് പാത്രിയര്‍ക്കീസുമാര്‍ (പോപ്പ്) വാഴിച്ചയയ്ക്കുന്ന മെത്രാന്മാരാണ് (ആബൂനാ) എതോപ്യന്‍ സഭയ്ക്ക് ആത്മിയ നേതൃത്വം നല്‍കി വന്നിരുന്നത്.. ഇവര്‍ എപ്പോഴും ഈജിപ്റ്റുകാരായ കോപ്ടിക് സഭാംഗങ്ങളായിരുന്നു. അതേ സ്ഥാനത്ത് സെലൂഷ്യായിലെ കാതോലിക്കാമാര്‍ (ബാബിലോണിയാ പാത്രിയര്‍ക്കീസ്) വാഴിച്ചയയ്ക്കുന്ന മെത്രാന്മാരാണ് മലങ്കരസഭയ്ക്ക് ആത്മിയ നേതൃത്വം നല്‍കി വരുന്നത്. ഇവര്‍ എപ്പോഴും പേര്‍ഷ്യന്‍ വംശജരായ പൌരസ്ത്യ സുറിയാനി സഭാംഗങ്ങളായിരുന്നു.
ഇതു കൂടാതെ 13-ാം നൂറ്റാണ്ടു മുതല്‍ തദ്ദേശിയരായ എച്ചഗ്വേ മാര്‍ (ആര്‍ച്ച് പ്രീസ്റ്) എതോപ്യന്‍ സഭയ്ക്ക് ഭരണനേതൃത്വം നല്‍കിവന്നു. പതിനാറാം നൂറ്റാണ്ടുവരെ മലങ്കരസഭയിലുണ്ടായിരുന്ന അര്‍ക്കദ്യാക്കോന്‍ പദവിക്ക് സമാനമാണ് കോപ്ടിക് ബിഷപ്പിന് കീഴിലുണ്ടായി ‘എച്ചഗ്വേ’ പദവി. മലങ്കരയിലെ അര്‍ക്കദ്യാക്കോന്‍ കല്‍ദായ പാരമ്പര്യ പ്രകാരം വൈദികരിലെ പരമോന്നത സ്ഥാനിയാണ്.
എതോപ്യ, പോര്‍ച്ചുഗീസ് ബന്ധത്തിലായിരുന്ന കാലത്ത് (1543 - 1636) 10 വര്‍ഷക്കാലം (1626- 166) റോമാ സഭ എതോപ്യന്‍ സഭയെ കീഴിലാക്കി. ഇതേകാലത്തു തന്നെയാണ് (1599-1653) മലങ്കരസഭയെ റോമാസഭ കീഴിലാക്കിയത്. എതോപ്യന്‍ ഭരണാധികാരികള്‍ റോമന്‍ കത്തോലിക്ക പുരോഹിതരെ പുറത്താക്കി സ്വാതന്ത്യം പ്രാപിച്ചു. സിവില്‍ ഭരണാധികാരമില്ലാതിരുന്ന മലങ്കരസഭ 1653 ലെ മഹത്തായ കൂനന്‍ കുരിശ് വിപ്ളവത്തിലൂടെ സ്വയം സ്വാതന്ത്യപ്രഖ്യാപനം നടത്തി.
ഇറ്റാലിയന്‍ അധിനിവേശകാലത്ത് (1935-1941) എതോപ്യന്‍ സഭയില്‍നിന്ന് കുറേപ്പേരെ റോമാ സഭയില്‍ ചേര്‍ത്ത് എതോപ്യന്‍ കത്തോലിക്കാ റീത്തുണ്ടാക്കി. അതുപോലെ മലങ്കരസഭയില്‍ നിന്ന് അടര്‍ത്തിയെടുത്ത അതിന്യൂനപക്ഷത്തെ ചേര്‍ത്ത് 1930 ല്‍ സീറോ മലങ്കര റീത്തും രൂപീകരിച്ചു. പാശ്ചത്യ മിഷനറിമാര്‍ വിതച്ച വേദവിപരീതങ്ങള്‍എതോപ്യയിലും മലങ്കരയിലും 19, 20 നൂറ്റാണ്ടുകളില്‍ നില നിന്നിരുന്നു.
മലങ്കര- അന്ത്യോഖ്യന്‍ ബന്ധത്തിന് 1665 ല്‍ തുടക്കം കുറിച്ചെങ്കിലും 1876 ലെ മുളന്തുരുത്തി സുന്നഹദോസിലാണ് അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ ആത്മിയ മേലധികാരം മലങ്കരസഭ ഔദ്യോഗികമായി അംഗീകരിച്ചത്. എങ്കിലും മലങ്കരസഭയുടെ ആത്മിയവും ലൌകീകവുമായ പൂര്‍ണ്ണ ഭരണാധികാരം വി. മാര്‍ത്തോമാ ശ്ളീഹായുടെ സിംഹാസനത്തില്‍ ആരൂഢനായ തദ്ദേശിയനായ മലങ്കര മെത്രാപ്പോലീത്തായില്‍ നിക്ഷിപ്തമായിരുന്നു.
അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ സഹകരണത്തോടെ മ ലങ്കര സുന്നഹദോസ് 1912 ല്‍ വി. മാര്‍ത്തോമാ ശ്വലീഹായുടെ സിംഹാസനത്തില്‍ പൌരസ്ത്യ കാതോലിക്കായെ വാഴിച്ചതോടെ മലങ്കര സഭ പൂര്‍ണ്ണസ്വാതന്ത്യവും സ്വയം ശീര്‍ഷകത്വവും കവരിച്ചു. കോപ്ടിക് പാത്രിയര്‍ക്കീസ് , 1951 ല്‍ എതോപ്യാക്കാരനായ ആബനായെ വാഴിച്ചതോടെ സ്വയം ഭരണാവകാശവും 1956 ല്‍ പാത്രിയര്‍ക്കീസിനെ വാഴിച്ചതോടെ സ്വയം ശീര്‍ഷകത്വവും എതോപ്യന്‍ സഭ കൈവരിച്ചു.
വിശ്വാസികളുടെ എണ്ണത്തിന്റെ കാര്യത്തിലും ചില സമാനതകളുണ്ട്. കോപ്ടിക് സഭയുടെ അഞ്ചുമടങ്ങിലധികമാണ് എതോപ്യന്‍ സഭയുടെ അംഗസംഖ്യ. അതുപോലെ അന്ത്യോഖ്യന്‍ സഭയുടെ അഞ്ച് മടങ്ങിലധികമാണ് മലങ്കരസഭയുടെ അംഗസംഖ്യ.
മലങ്കര - എതോപ്യന്‍ സഭാ തലവന്മാര്‍, സ്വതന്ത്ര പരമാധികാരികളായ കാതോലിക്കാ - പാത്രിയര്‍ക്കീസുമാരായിട്ടും തങ്ങളുടെ പുരാതന തദ്ദേശിയ സഭകളിലെ സ്ഥാനമാനങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. മാര്‍ത്തോമാ ശ്ളീഹായുടെ സിംഹാസനത്തിലെ പൌരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ‘എതോപ്യായുടെ പാത്രിയര്‍ക്കീസും വി. തെക്ളേഹൈമനോത്തിന്റെ സിംഹാസനത്തിലെ എച്ചഗ്വേയും ’ എന്നിങ്ങനെയാണ് യഥാക്രമം ഈ സഭാതലവന്മാരുടെ സ്ഥാനനാമങ്ങള്‍.
സ്വയം ശീര്‍ഷക സഭകളായ എതോപ്യന്‍ സഭയുടേയും എറിട്രിയന്‍ സഭയുടേയും പാത്രിയര്‍ക്കസ്മാര്‍ അലക്സാന്ത്രിയായിലെ കോപ്ടിക് പാത്രിയര്‍ക്കീസിന് (പോപ്പ്) ‘ സമന്മാരില്‍ മുമ്പന്‍ ’ എന്ന സ്ഥാനം നല്‍കിയിരിക്കുന്നു. എന്നാല്‍ കോപ്ടിക് പോപ്പിന് ഈ സഭകളുടെമേല്‍ മേല്‍ക്കോയ്മ ഇല്ലതാനും. മലങ്കര സഭാഭരണഘടന (1934) പ്രകാരം അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന് ‘ സമന്മാരില്‍ മുമ്പന്‍ ’ എന്ന സ്ഥാനം നല്‍കിയിട്ടുണ്ട്. ഇതിലുപരി തനിക്ക് പരമാധികാരമുണ്ടെന്ന് അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് അവകാശപ്പെടുന്നതും മലങ്കരയിലെ ഒരു ന്യൂനപക്ഷം അതിനെ പിന്തുണയ്ക്കുന്നതുമാണ് മലങ്കരസഭയിലെ പ്രശ്നത്തിന്റെ അടിസ്ഥാനകാരണം. മലങ്കരസഭയുടെ ചരിത്രവും ക്രൈസ്തവലോകത്തിന്റെ ഇന്നത്തെ അവസ്ഥയും യഥാര്‍ത്ഥമായി മനസ്സിലാക്കിയാല്‍ ഇതിലെ യുക്തിരാഹിത്യം മനസ്സിലാകും. അ ന്ത്യോഖ്യാ പാത്രിയര്‍ക്കീസിനെ പരമാധികാരിയായി അംഗീകരിക്കുന്ന മലങ്കരയിലെ വിഘടിതവിഭാഗത്തിന് - അവര്‍ യഥാര്‍ത്ഥ അന്ത്യോഖ്യന്‍ സഭാംഗങ്ങളേക്കാള്‍ കൂടുതലാണെങ്കിലും - അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ തെരെഞ്ഞെടുപ്പില്‍ യാതൊരു പങ്കാളിത്തവുമില്ല.
(കണ്ടനാട് ഡയോസീഷന്‍ ബുള്ളറ്റിന്‍ - മാര്‍ച്ച്, 2009)
catholicatenews


20130306

സഭകള്‍ തമ്മില്‍ സഹകരണം വര്‍ധിപ്പിക്കണം: പൗരസ്ത്യ കാതോലിക്കോസ്


ആഡിസ് അബാബാ (എത്യോപ്യ), മാര്‍ച്ച് 3 ഞായര്‍: വേദശാസ്‌ത്രപഠനരംഗത്തും യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്ന കാര്യത്തിലും ഓര്‍ത്തഡോക്‌സ്‌ സഭകള്‍ തമ്മില്‍ സഹകരണം വര്‍ധിപ്പിക്കണമെന്ന്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭാധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവാ പറഞ്ഞു.
ആഡിസ്‌ അബാബ ഹോളിട്രിനിറ്റി കത്തീഡ്രലില്‍ എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ പുതിയ പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ആബൂനാ മത്ഥിയാസ് പ്രഥമനു് നല്‍കിയ പൊതു സ്വീകരണത്തില്‍ അഭിനന്ദന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്തിന്റെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിന്‌ സഭകളുടെ കൂട്ടായ ശ്രമം ആവശ്യമാണെന്ന്‌ മറുപടി പ്രസംഗത്തില്‍ പുതിയ പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ആബൂനാ മത്ഥിയാസ് പ്രഥമന്‍ പറഞ്ഞു.
കോപറ്റിക്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ആര്‍ച്ച്‌ ബിഷപ്‌ അബ്ബാ പക്കോമിയോസ്‌, അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ആര്‍ച്ച്‌ ബിഷപ്‌ ബാബിയാന്‍, എക്യുമെനിക്കല്‍ (കോണ്‍സ്റ്റാന്റിനോപ്പിള്‍) പാത്രിയര്‍ക്കീസ്‌ പ്രതിനിധി ആര്‍ച്ച്‌ ബിഷപ്‌ ഗ്രീഗോറിയോസ്‌,അഖിലലോക സഭാ കൗണ്‍സില്‍ പ്രതിനിധി ഡോ. ദാനിയേല്‍ ബുഡാ, ആള്‍ ആഫ്രിക്ക ക്രിസ്‌ത്യന്‍ കോണ്‍ഫറന്‍സ്‌ സെക്രട്ടറി ഡോ. ആന്‍ഡ്രേക്ക്‌ കരമാഗെ തുടങ്ങിയവര്‍ പ്രസംഗിച്ചു.

20130305

എത്യോപ്പ്യന്‍ ഓര്‍ത്തഡോക്സ് സഭ


വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

റഷ്യന്‍ സഭ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഓര്‍ത്തഡോക്സ് സഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളില്‍ ഏറ്റവും വലുതുമാണ് എത്യോപ്യന്‍ സഭ.
ആഫ്രിക്കയിലെ ഒരു സ്വതന്ത്ര രാജ്യമാണ് എത്യോപ്യ. പഴയ പേര് അബീസീനിയാ. 1974 വരെ രാജഭരണത്തിലായിരുന്നു. ശലോമോന്യ രാജവംശം എന്നാണ് ഈ രാജവംശത്തെ വിശേഷിപ്പിച്ചിരുന്നത്. എത്യോപ്യായിലെ ജനസംഖ്യയില്‍ പകുതിയോളം സഭാവിശ്വാസികളാണ്. മൂന്നര കോടിയാണ് ഈ സഭയുടെ അംഗസംഖ്യ. തലസ്ഥാനമായ ആഡിസ് അബാബായാണ് സഭയുടെയും ആസ്ഥാനം.
എത്യോപ്യയില്‍ ക്രിസ്തുമതം ആദിമകാലത്തുതന്നെ പ്രവേശിച്ചതായി പാരമ്പര്യമുണ്ട്. അപ്പോസ്തോല പ്രവൃത്തിയില്‍ (8: 26 - 40) പറയുന്ന ഷണ്ഡന്‍ ഫീലിപ്പോസ് ശെമ്മാശ്ശനിന്‍ നിന്ന് മാമോദീസായേറ്റ ശേഷം എത്യോപ്യയില്‍ പോയി സുവിശേഷം പ്രചരിപ്പിച്ചുവെന്നു വിശ്വസിക്കപ്പെടുന്നു. കൂടാതെ അപ്പോസ്തോലനായ വി. മത്തായി എത്യോപ്യ സന്ദര്‍ശിച്ചതായും പാരമ്പര്യമുണ്ട്.
സോര്‍ നിവാസികളായ ഫ്രുമെന്‍ ഷ്യസ്, എഡേഷ്യസ് എന്നിവര്‍ നാലാം നൂറ്റാണ്ടില്‍ എത്യോപ്യയിലെത്തിയതോടെയാണ് ക്രൈസ്തവസഭയുടെ ഔദ്യോഗിക ആരംഭം. എസാന ചക്രവര്‍ത്തി എഡി 330ല്‍ ക്രിസ്തുമതം സ്വീകരിച്ചതോടെ സഭ രാജ്യത്തെ ഔദ്യോഗിക മതമായിത്തീര്‍ന്നു. വൈകാതെ ഫ്രുമെന്‍ഷ്യസ് ഈജിപ്റ്റിലെത്തി അലക്സാന്ത്രിയാ പാത്രിയര്‍ക്കീസ് വി. അത്താനാസിയോസില്‍ നിന്ന് മെത്രാന്‍ പട്ടമേറ്റ് മടങ്ങിയെത്തി. ആബാ സലാമ എന്നറിയപ്പെട്ട അദ്ദേഹമാണ് എത്യോപ്യയിലെ ആദ്യത്തെ മെത്രാപ്പോലീത്താ.
സിറിയായില്‍ നിന്ന് എഡി 480ല്‍ എത്തിയ 'ഒന്‍പതു വിശുദ്ധന്മാര്‍' എന്നറിയപ്പെടുന്ന സന്യാസിമാരുടെ ആഗമനത്തോടെ സഭ വീണ്ടും പുതുജീവന്‍ കൈക്കൊണ്ടു. ഇവരുടെ ശിഷ്യനായ വി. യാറിഡ് ആരാധനാസംഗീതം സംവിധാനം ചെയ്തു. സന്യാസപ്രസ്ഥാനത്തിനു വിത്തു വിതച്ചതും ഈ സന്യാസിമാര്‍ തന്നെയാണ്.
ഏഴു മുതല്‍ 13-ാം നൂറ്റാണ്ടുവരെ രാജ്യം ഇസ്ളാമിന്റെ ഭാഗികമായ സ്വാധീനത്തിലായിരുന്നു. എത്യോപ്യ 1543 മുതല്‍ 1636 വരെ പോര്‍ച്ചുഗീസ് ബന്ധത്തിലായിരുന്നു. ആ കാലത്തും പിന്നീട് 19-ാം നൂറ്റാണ്ടിലും ഇറ്റാലിയന്‍ അധിനിവേശകാലത്തും (1935 - 1941) കുറെപ്പേര്‍ റോമാ സഭയില്‍ ചേര്‍ന്നു. പത്തുവര്‍ഷക്കാലം (1626 -1636) എത്യോപ്യന്‍ സഭ റോമാസഭയുമായി ഐക്യത്തിലായിരുന്നു. പക്ഷേ പിന്നീട് ബന്ധം അവസാനിച്ചു. എത്യോപ്യയിലും എറീട്രിയയിലുമായി രണ്ടരലക്ഷത്തോളം ആളുകള്‍ എത്യോപ്യന്‍ കത്തോലിക്കാ റീത്തിലുണ്ട്. 17-ാം നൂറ്റാണ്ടില്‍ ചിലര്‍ പ്രോട്ടസ്റന്റ് സഭകളിലും ചേര്‍ന്നു.
അലക്സന്ത്രിയാപാത്രിയര്‍ക്കീസു മാര്‍ വാഴിച്ചയയ്ക്കുന്ന മെത്രാന്മാരാണ് എത്യോപ്യന്‍ സഭയ്ക്ക് ആത്മീയ നേതൃത്വം നല്‍കിവന്നിരുന്നത്. അവര്‍ എപ്പോഴും ഈജിപ്റ്റുകാരായ കോപ്റ്റിക് സഭാംഗങ്ങളായിരുന്നു. 'ആബൂനാ' (നമ്മുടെ പിതാവ് എന്നര്‍ത്ഥം) എന്നാണ് അവരെ വിളിച്ചിരുന്നത്. ഇതു കൂടാതെ എഡി 1268 മുതല്‍ തദ്ദേശിയരായ 'എച്ചഗ്വേ'മാര്‍ സഭയ്ക്ക് ഭരണ നേതൃത്വം നല്‍കിവന്നു. വി. തെക്ളേഹൈമനോത് ആണ് ആദ്യത്തെ 'എച്ചഗ്വേ'. 16-ാം നൂറ്റാണ്ടു വരെ മലങ്കരസഭയിലുണ്ടായിരുന്ന അര്‍ക്കദ്യാക്കോന്‍ പദവിക്കു സമാനമാണ് കോപ്റ്റിക് ബിഷപ്പിനു കീഴിലുണ്ടായിരുന്ന 'എച്ചഗ്വേ' പദവി.
സഭ വളര്‍ന്നപ്പോള്‍ ഒരു മെത്രാപ്പോലീത്താ മാത്രമായാല്‍ മതിയാവുകയില്ല എന്നതുകൊണ്ട് 1878-ല്‍ ഒരു മെത്രാപ്പോലീത്തായും മൂന്ന് മെത്രാന്മാരും എത്യോപ്യയിലേക്കു നിയമിക്കപ്പെട്ടു.
എത്യോപ്യക്കാരെ തന്നെ തങ്ങളുടെ മേല്‍പ്പട്ടക്കാരായി വാഴിക്കണമെന്നുള്ള അഭ്യര്‍ത്ഥന മാനിച്ച് കോപ്റ്റിക് സഭാ തലവനായ പോപ്പ് ജോണ്‍ പത്തൊമ്പതാമന്‍ 1929ല്‍ ഈജിപ്റ്റുകാരനായ ആബൂനാ കൂറിലോസ് എന്ന മെത്രാപ്പോലീത്തായെയും എത്യോപ്യക്കാരായ നാലു മെത്രാന്മാരെയും വാഴിച്ചു. 1948ലെ ഉടമ്പടിയനുസരിച്ച് ആബൂനാ കൂറിലോസിന്റെ കാലശേഷം പോപ്പ് ജോസഫ് രണ്ടാമന്‍ എത്യോപ്യക്കാരനായ ആബൂനാ ബസേലിയോസിനെ മെത്രാപ്പോലീത്തായായി വാഴിച്ച് എത്യോപ്യന്‍ സഭയ്ക്ക് ഉള്‍ഭരണ സ്വാതന്ത്യ്രം നല്‍കി. കോപ്റ്റിക് പോപ്പ് സിറിള്‍ ആറാമന്‍ 1959ല്‍ ആബൂനാ ബസേലിയോസിനെ പാത്രിയര്‍ക്കീസായി വാഴിച്ചതോടെ എത്യോപ്യന്‍ സഭ പൂര്‍ണ സ്വാതന്ത്യ്രവും സ്വയംശീര്‍ഷകത്വവും കൈവരിച്ചു. ഇദ്ദേഹത്തിന്റെ കാലശേഷം ആബുനാ തെയോഫിലോസ് 1971ല്‍ പാത്രിയര്‍ക്കീസായി.
എത്യോപ്യന്‍ ചക്രവര്‍ത്തി ഹെയ്ലി സെലാസിയുടെ ഭരണകാലം (1930 - 1974) സഭയുടെ സുവര്‍ണ കാലഘട്ടമായിരുന്നു. 1956ല്‍ അദ്ദേഹം ഭാരതം സന്ദര്‍ശിച്ചപ്പോള്‍ മലങ്കരസഭയിലും സന്ദര്‍ശനം നടത്തി. ആഡിസ് അബാബായില്‍ 1965 ജനുവരിയില്‍ ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാതലവന്മാരുടെ സമ്മേളനം അദ്ദേഹം വിളിച്ചുകൂട്ടി. പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായുടെ നേതൃത്വത്തില്‍ ഒരു സംഘം ഇതില്‍ പങ്കെടുത്തു. 1974ല്‍ ചക്രവര്‍ത്തി സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും തുടര്‍ന്ന് വധിക്കപ്പെടുകയും ചെയ്തു.
ഇതോടെ ഔദ്യോഗികമതമെന്ന സ്ഥാനം സഭയ്ക്ക് നഷ്ടപ്പെടുകയും സഭയും രാജ്യവും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. തുടര്‍ന്നു വന്ന കമ്യൂണിസ്റ് ഗവണ്‍മെന്റ് 1976ല്‍ ആബൂനാ തെയോഫിലോസ് പാത്രിയര്‍ക്കീസിനെയും സ്ഥാനഭ്രഷ്ടനാക്കി; തടവിലാക്കപ്പെട്ട അദ്ദേഹം 1979ല്‍ വധിക്കപ്പെട്ടു. ഇതിനിടെ ആബൂനാ തെക്ളേഹൈമനോത് പാത്രിയര്‍ക്കീസായി (1976-1988). മുന്‍ഗാമി ജീവിച്ചിരിക്കുമ്പോള്‍ തന്നെ വാഴിക്കപ്പെട്ടതിനാല്‍ കോപ്റ്റിക് സഭ ഇദ്ദേഹത്തെ അംഗീകരിച്ചിരുന്നില്ല. തെക്ളേഹൈമനോത്തിന്റെ കാലശേഷം ആബൂനാ മെര്‍ക്കോറിയോസ് 1988ല്‍ പാത്രിയര്‍ക്കീസായി.കമ്യൂണിസ്റ് ഗവണ്‍മെന്റിന്റെ തകര്‍ച്ചയെ തുടര്‍ന്ന് അവരുമായി സഹകരിച്ചതിന്റെ പേരില്‍ മെര്‍ക്കോറിയോസിനെ 1991-ല്‍ സുന്നഹദോസ് സ്ഥാനഭ്രഷ്ടനാക്കി. ഒരു വിഘടിത വിഭാഗത്തിനു നേതൃത്വം നല്‍കിക്കൊണ്ട് അദ്ദേഹം രാജ്യത്തിനു പുറത്തു താമസിക്കുന്നു.
1992ല്‍ പാത്രിയര്‍ക്കീസായ ആബൂനാ പൌലോസ് 2012ല്‍ കാലം ചെയ്തു. 2013 മാര്‍ച്ച് 3നു് വാഴിയ്ക്കപ്പെട്ട ആബൂനാ മത്ഥിയാസ് പ്രഥമന്‍ സഭയ്ക്ക് നേതൃത്വം നല്‍കുന്നു. 'എത്യോപ്യയുടെ പാത്രിയര്‍ക്കീസും വി. തെക്ളേഹൈമനോത്തിന്റെ സിംഹാസനത്തിലെ എച്ചഗ്വേയും' എന്നാണ് അദ്ദേഹത്തിന്റെ സ്ഥാനനാമം. എത്യോപ്യന്‍ ഓര്‍ത്തഡോക്സ് തെവാഹിദോ സഭയുടെ ആറാമത്തെ പാത്രിയര്‍ക്കീസും 63-ാമത്തെ എച്ചഗ്വേയുമാണ് അദ്ദേഹം. 'തെവാഹിദോ' എന്നതുകൊണ്ട് 'ഏക ഐക്യ സ്വഭാവം' എന്നാണ് ഉദ്ദേശിക്കുന്നത്.

പഴയ ഇറ്റാലിയന്‍ കോളനിയായ എറീട്രിയാ എത്യോപ്യയില്‍ നിന്ന് സ്വതന്ത്രമായതോടെ (1993) അവിടത്തെ ബിഷപ്പുമാരുടെ അഭ്യര്‍ത്ഥന മാനിച്ച് കോപ്റ്റിക് പോപ്പ് ഷെനൌഡാ മൂന്നാമന്‍ എത്യോപ്യന്‍ സഭയില്‍ നിന്ന് എറീട്രിയായിലെ ഓര്‍ത്തഡോക്സ് സഭയെ സ്വതന്ത്രമാക്കുകയും അവര്‍ക്ക് പുതിയതായി അഞ്ച് ബിഷപ്പുമാരെ വാഴിക്കുകയും ചെയ്തു. അവരുടെ തലവനായ ആബാ ഫീലിപ്പോസിനെ 1998 മേയ് എട്ടിന് എറീട്രിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഒന്നാമത്തെ പാത്രിയര്‍ക്കീസായി പോപ്പ് ഷെനൌഡാ മൂന്നാമന്‍ വാഴിച്ചു. അദ്ദേഹത്തെ തുടര്‍ന്ന് ആബൂനാ യാക്കോബ് പാത്രിയര്‍ക്കീസായി (2002-2003). തുടര്‍ന്ന് 2004ല്‍ ആബൂനാ അന്തോനിയോസ് പാത്രിയര്‍ക്കീസായി. ആബൂനാ അന്തോനിയോസിനെ 2005ല്‍ സര്‍ക്കാര്‍ സ്ഥാനഭ്രഷ്ടനാക്കുകയും തടവിലാക്കുകയും ചെയ്തു. സര്‍ക്കാര്‍ സ്വാധീനത്തില്‍ സുന്നഹദോസ് 2007ല്‍ ആബൂനാ ദീയസ്കോറോസിനെ എതിര്‍ പാത്രിയര്‍ക്കീസാക്കിയെങ്കിലും മറ്റ് ഓര്‍ത്തഡോക്സ് സഭകള്‍ ഇത് അംഗീകരിക്കുന്നില്ല. തലസ്ഥാനമായ അസ്മാറയാണ് സഭയുടെ ആസ്ഥാനം. എറീട്രിയായിലെ ജനങ്ങളില്‍ മൂന്നിലൊന്ന് ഭാഗം (16 ലക്ഷം) സഭാവിശ്വാസികളാണ്.

ചുരുക്കത്തില്‍ കോപ്റ്റിക് പാത്രിയര്‍ക്കീസിന്റെ (പോപ്പ്) പ്രഥമ സ്ഥാനം (പ്രൈമസി) അംഗീകരിച്ചുകൊണ്ടുതന്നെ കോപ്റ്റിക് സഭ എത്യോപ്യന്‍ സഭയ്ക്കും ഇരുസഭകളും ചേര്‍ന്ന് എറീട്രിയന്‍ സഭയ്ക്കും ഘട്ടംഘട്ടമായി സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്. കോപ്റ്റിക്-എത്യോപ്യന്‍ സഭകള്‍ തമ്മിലുള്ള ബന്ധം കഴിഞ്ഞ 30 വര്‍ഷമായി അത്ര നല്ല നിലയിലായിരുന്നില്ല. 2007ല്‍ സഭാതലവന്മാര്‍ തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലൂടെ ബന്ധം മെച്ചപ്പെട്ടിട്ടുണ്ട്.
എത്യോപ്യന്‍ ആരാധനക്രമം അലക്സന്ത്രിയന്‍ (കോപ്റ്റിക്) ആരാധനാക്രമത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്; സുറിയാനി സ്വാധീനവുമുണ്ട്. ആരാധനഭാഷ മുമ്പ് ഗീസും ഇപ്പോള്‍ അംഹാറിക്കുമാണ്. ജൂലിയന്‍ കലണ്ടര്‍ അടിസ്ഥാനമാക്കിയാണ് വിശേഷദിവസങ്ങള്‍ ആചരിക്കുന്നത്. അതുകൊണ്ട് ക്രിസ്മസ് ജനുവരി ഏഴിനും ഈസ്റര്‍ മിക്ക വര്‍ഷങ്ങളിലും വൈകിയും ആഘോഷിക്കുന്നു. വര്‍ഷത്തില്‍ 250 ദിവസം നോമ്പു ദിനങ്ങളാണ്. അവയില്‍ 180 ദിവസം എല്ലാവര്‍ക്കും നിര്‍ബന്ധമാണ്. ശേഷിച്ചവ വൈദികര്‍ക്കും സന്യാസികള്‍ക്കും മാത്രമേ ബാധകമായിട്ടുള്ളൂ.
എത്യോപ്യന്‍ സഭയില്‍ പല യഹൂദാചാരങ്ങളും നിലനില്‍ക്കുന്നുണ്ട്. ഈ സഭയിലെ പുരുഷന്മാര്‍ പരിഛേദന ഏല്‍ക്കുന്നവരാണ്. ഒരുകാലത്ത് യഹൂദമതം ഇവിടെ ശക്തമായിരുന്നതാണ് കാരണം. നിയമപ്പെട്ടകം (പുറപ്പാട് 25 : 10 - 22) തങ്ങളുടെ കൈവശമുള്ളതായി എത്യോപ്യന്‍ സഭ അവകാശപ്പെടുന്നു.
എത്യോപ്യന്‍ സഭ മലങ്കരസഭയുമായി വി. കുര്‍ബാന സംസര്‍ഗവും ഉറ്റ ബന്ധവും പുലര്‍ത്തുന്നു. തൃപ്പൂണി ത്തുറ തടീക്കല്‍ പോള്‍ വര്‍ഗീസ് (പിന്നീട് ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്താ) ഹെയ്ലിസെലാസി ചക്രവര്‍ത്തിയുടെ മുഖ്യ ഉപദേശകനായിരുന്നു. മലങ്കരസഭയിലെ വൈദികര്‍ സെമിനാരി അധ്യാപകരായി പ്രവര്‍ത്തിച്ചു വരുന്നു. മലങ്കരസഭാംഗങ്ങളില്‍ പലരും സ്കൂള്‍-കോളേജ് അധ്യാപകരായും പ്രവര്‍ത്തിക്കുന്നുണ്ട്.
വര്‍ഗീസ് ജോണ്‍ തോട്ടപ്പുഴ

20130304

എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ മത്ഥിയാസ് പ്രഥമന്‍ സ്ഥാനാരോഹണം ചെയ്തു


ആഡിസ് അബാബാ, മാര്‍ച്ച് 3 ഞായര്‍ : ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളില്‍ ഏറ്റവും വലുതും അഞ്ചുകോടി അംഗസംഖ്യയുള്ളതുമായ എത്യോപ്യന്‍ സഭയുടെ തലവനായി ആബൂനാ മത്ഥിയാസ് സ്ഥാനാരോഹണം ചെയ്തു. എത്യോപ്യയുടെ 6-ആമത്തെ പാത്രിയര്‍ക്കീസും വിശുദ്ധ തെക്ളേഹൈമനോത്തിന്റ സിംഹാസനത്തിലെ 63-ആമത്തെ എച്ചഗ്വേയുമാണ് പരിശുദ്ധ ആബൂനാ മര്‍ത്ഥിയാസ്. ആഡിസ് അബാബാ ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ മാര്‍ച്ച് 3 ഞായറാഴ്ച നടന്ന സ്ഥാനാരോഹണ ശുശ്രൂഷയില്‍ ആക്ടിംഗ് പാത്രിയര്‍ക്കീസ് ആബൂനാ നാഥാനിയേല്‍ പ്രധാന കാര്‍മ്മികനായിരുന്നു. വ്യാഴാഴ്ച 806 സഭാപ്രതിനിധികള്‍ ചേര്‍ന്ന് 5 സ്ഥാനാര്‍ത്ഥികളില്‍ നിന്ന് വോട്ടെടുപ്പിലൂടെയാണ് പുതിയ പാത്രിയര്‍ക്കീസിനെ തെരെഞ്ഞെടുത്തത്. 1941ല്‍ ജനിച്ച ഇദ്ദേഹം 1978ല്‍ മെത്രാനായി. ജറുസലേമിലും അമേരിക്കയിലും ആര്‍ച്ച്ബിഷപ്പായി പ്രവര്‍ത്തിച്ചു.

1951 വരെ കോപ്റ്റിക് പോപ്പിന് കീഴിലായിരുന്ന ഈ പുരാതന സഭ 1951-ല്‍ സ്വയം ഭരണാവകാശവും 1959-ല്‍ പൂര്‍ണ്ണ സ്വാതന്ത്ര്യവും സ്വയംശീര്‍ഷകത്വവും കൈവരിച്ചു.

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ തലവന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും ഉന്നത തല പ്രതിനിധി സംഘവും സ്ഥാനാരോഹണ ശുശ്രൂഷയില്‍ സംബന്ധിച്ചു. റോമന്‍ കത്തോലിക്കാ സഭയുടെ പ്രതിനിധിയായി ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് പാനികുളം പങ്കെടുത്തു. വിവിധ സഭാ പിതാക്കന്മാരുടെ സാന്നിദ്ധ്യത്തില്‍ രാവിലെ 4 മണിക്ക് ശുശ്രൂഷ ആരംഭിച്ചു. സുദീര്‍ഘമായ ശുശ്രൂഷയിലും വി. കുര്‍ബ്ബാനയിലും പരിശുദ്ധ കാതോലിക്കാ ബാവാ കാര്‍മ്മികനായി പങ്കെടുക്കുകയും സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് ശേഷം ചേര്‍ന്ന പൊതുസമ്മേളനത്തില്‍ ആദ്യ അനുമോദന പ്രസംഗം നടത്തുകയും ചെയ്തു. എത്യോപ്യയും ഭാരതവും തമ്മിലും ഇരു രാജ്യങ്ങളിലെയും ഓര്‍ത്തഡോക്സ് സഭകള്‍ തമ്മിലും നിലനിന്ന സൌഹൃദത്തെക്കുറിച്ചും ഇക്കാര്യത്തില്‍ ഹെയ്ലി സെലാസി ചക്രവര്‍ത്തിയും അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന ഡോ. പൌലോസ് മാര്‍ ഗ്രീഗോറിയോസും വേദശാസ്ത്ര അദ്ധ്യാപകനായിരുന്ന ഫാ. ഡോ. വി. സി. ശാമുവേലും നല്‍കിയ നേതൃത്വത്തെക്കുറിച്ചും പരിശുദ്ധ ബാവാ പ്രസംഗത്തില്‍ അനുസ്മരിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവായെ സ്റേറ്റ് ഗസ്റ്റ് ആയി എത്യോപ്യന്‍ ഗവണ്‍മെന്റ് ആദരിച്ചു. ആക്ടിംഗ് പാത്രിയര്‍ക്കീസ് ആബൂനാ നാഥാനിയേല്‍, എക്യുമെനിക്കല്‍ ഓഫീസര്‍ ആബൂനാ ഗരിമ, ഹോളിട്രിനിറ്റി സെമിനാരി പ്രൊഫസര്‍ ഫാ. ഡോ. ജോസി ജേക്കബ് മുളന്തുരുത്തി എന്നിവരുടെ നേതൃത്വത്തില്‍ ആഡിസ് അബാബാ എയര്‍പോര്‍ട്ടില്‍ മലങ്കര സംഘത്തിന് സ്വീകരണം നല്‍കി. പരിശുദ്ധ കാതോലിക്കാ ബാവാ നിയുക്ത പാത്രിയര്‍ക്കീസിനെ സന്ദര്‍ശിച്ച് ആശംസകള്‍ അറിയിക്കുകയും പാരിതോഷികം നല്‍കുകയും ചെയ്തു.

ഡല്‍ഹി, മുംബൈ, ചെന്നൈ എന്നിവടങ്ങളില്‍ ഉപരിപഠനം നടത്തുന്ന എത്യോപ്യന്‍ വിദ്യാര്‍ത്ഥികളുടെ ആത്മീയാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി നടപടികള്‍ കൈക്കൊള്ളുമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ വാഗ്ദാനം ചെയ്തു.

20130218

സഭൈക്യത്തില്‍ വിശുദ്ധിയിലേക്കുള്ള വിളിക്കു പ്രാധാന്യം: കത്തോലിക്കാ-ഓറിയെന്റല്‍ ഓര്‍ത്തഡോക്സ് ഡയലോഗ്



റോം: സഭൈക്യത്തില്‍ വിശുദ്ധിയിലേക്കുള്ള വിളിക്കു പ്രത്യേക പ്രാധാന്യമുള്ളതായി റോമില്‍ നടന്ന റോമന്‍ കത്തോലിക്കാ-ഓറിയെന്റല്‍ ഓര്‍ത്തഡോക്സ് ഡയലോഗ് വിലയിരുത്തി.

കത്തോലിക്കാസഭയും ഏഴ് ഓറിയെന്റല്‍ ഓര്‍ത്തഡോക്സ് സഭകളും തമ്മില്‍ ദൈവശാസ്ത്രപരമായ ഡയലോഗിനുവേണ്ടിയുള്ള അന്തര്‍ദേശീയ കമ്മീഷന്റെ പത്താം സമ്മേളനമാണു് ജനുവരി മാസം 23 മുതല്‍ 27 വരെയുള്ള തീയതികളില്‍, റോമില്‍ ക്രൈസ്തവ ഐക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൌണ്‍സില്‍ ഹാളില്‍ നടന്നത്. പൊന്തിഫിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റ് കര്‍ദിനാള്‍ കൂര്‍ട്ട് കോഹിന്റെയും കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ ആംബാ ബിഷോയി മെത്രാപ്പോലീത്തയുടെയും സംയുക്ത അദ്ധ്യക്ഷതയിലാണു് സമ്മേളനം നടന്നത്.

കത്തോലിക്കാസഭയുടെ 14 പ്രതിനിധികളോടൊപ്പം ഓറിയെന്റല്‍ ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ഏഴ് അംഗസഭകളുടെ ഈരണ്ടു് പേരുവച്ചു് 14 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭ, അര്‍മേനിയന്‍ അപ്പസ്തോലിക സഭ (എക്മിയാസിന്‍ കാതോലിക്കേറ്റ്), അര്‍മേനിയന്‍ അപ്പസ്തോലിക് സഭ (കിലീക്കിയാ കാതോലിക്കേറ്റ്), കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ, എത്യോപ്യന്‍ ഓര്‍ത്തഡോക്സ് തെവഹീദോ സഭ, മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭ, എരിത്രിയന്‍ ഓര്‍ത്തഡോക്സ് തെവഹീദോ സഭ എന്നീ ഏഴ് അംഗസഭകളുടെ പ്രതിനിധികളാണു് സമ്മേളനത്തില്‍ പങ്കെടുത്തത്.

ജനുവരി 23നു് റോമന്‍ കത്തോലിക്കാസഭയുടെ പ്രതിനിധികളും ഓറിയെന്റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ പ്രതിനിധികളും പ്രത്യേക സമ്മേളനങ്ങള്‍ നടത്തി. ആദ്യത്തെ അഞ്ചു് നൂറ്റാണ്ടുകളിലെ സഭാകൂട്ടായ്മയാണു പിന്നീടു നടന്ന പൊതുസമ്മേളനങ്ങളില്‍ പ്രധാനമായും ചര്‍ച്ചാവിഷയമായത്. വിശുദ്ധരുടെ വണക്കത്തില്‍ സഭകള്‍ തമ്മിലുണ്ടായിരുന്ന കൂട്ടായ്മയുടെ സ്വഭാവം ഇപ്രാവശ്യം പ്രത്യേകം ചര്‍ച്ച ചെയ്തു.

വിശുദ്ധരായി അംഗീകരിക്കപ്പെടുകയും വിശുദ്ധരെ വണങ്ങുകയും ചെയ്യുന്ന പ്രക്രിയ ഓരോ സഭയിലും എങ്ങനെ നടക്കുന്നുവെന്ന് അതാതു സഭാ പ്രതിനിധികള്‍ പങ്കുവച്ചു.

സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെയും ചര്‍ച്ചകളുടെയും വെളിച്ചത്തില്‍ വിശുദ്ധരെ പരസ്പരം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന പാരമ്പര്യം എല്ലാ സഭകളിലും ഉണ്ടായിരുന്നതായും അവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന പ്രക്രിയ പ്രാദേശികമായി വ്യത്യസ്ത രീതികളിലായിരുന്നെങ്കിലും എല്ലാ സഭകളും നടത്തിയിരുന്നു എന്നുമുള്ള നിഗമനത്തിലെത്തി.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ ചര്‍ച്ചകളുടെ വെളിച്ചത്തില്‍ തയാറാക്കിയ ഒരു പൊതുരേഖയും സമ്മേളനം ചര്‍ച്ച ചെയ്തു. ആദിമസഭയുടെ കൂട്ടായ്മാ സമ്പ്രദായവും അതിന് ഇന്ന് സഭൈക്യത്തിലുള്ള പ്രസക്തിയും എന്നതാണു പൊതുരേഖയുടെ ശീര്‍ഷകം.

ഡയലോഗില്‍ പങ്കാളികളായ സഭകള്‍ക്കെല്ലാം പൊതുവായി സ്വീകാര്യമായ വിവിധ ഘടകങ്ങളാണ് ഈ പൊതുരേഖയുടെ ഉള്ളടക്കം. അടുത്ത സമ്മേളനത്തില്‍ ഈ പൊതുരേഖ ചര്‍ച്ച ചെയ്ത് അതിന് അന്തിമരൂപം നല്കും.അടുത്ത സമ്മേളനം 2014 ജനുവരിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ആതിഥേയത്വത്തില്‍ ഇന്ത്യയിലെ കേരളത്തിലായിരിയ്ക്കും.


അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭ സഭയെ പ്രതിനിധാനം ചെയ്തു് ജോര്‍ജ് സെലീബ മെത്രാപ്പോലീത്ത തെയോഫിലോസ് മാര്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത, മലങ്കര ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് തിരുവനന്തപുരം ഭദ്രാസനത്തിന്റെ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ഡല്‍ഹി ഭദ്രാസനത്തിന്റെ യുഹാനോന്‍ മാര്‍ ദെമെത്രിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ വര്‍. കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് ഇന്ത്യയില്‍നിന്നുള്ളത് ഫാ. മാത്യു വെള്ളാനിക്കല്‍ ആണ്.

http://malayalam.deepikaglobal.com/ucod/CAT4_sub.asp?ccode=CAT4&newscode=250969