ആകമാന സഭാനിലപാടുകള്‍

20130218

സഭൈക്യത്തില്‍ വിശുദ്ധിയിലേക്കുള്ള വിളിക്കു പ്രാധാന്യം: കത്തോലിക്കാ-ഓറിയെന്റല്‍ ഓര്‍ത്തഡോക്സ് ഡയലോഗ്



റോം: സഭൈക്യത്തില്‍ വിശുദ്ധിയിലേക്കുള്ള വിളിക്കു പ്രത്യേക പ്രാധാന്യമുള്ളതായി റോമില്‍ നടന്ന റോമന്‍ കത്തോലിക്കാ-ഓറിയെന്റല്‍ ഓര്‍ത്തഡോക്സ് ഡയലോഗ് വിലയിരുത്തി.

കത്തോലിക്കാസഭയും ഏഴ് ഓറിയെന്റല്‍ ഓര്‍ത്തഡോക്സ് സഭകളും തമ്മില്‍ ദൈവശാസ്ത്രപരമായ ഡയലോഗിനുവേണ്ടിയുള്ള അന്തര്‍ദേശീയ കമ്മീഷന്റെ പത്താം സമ്മേളനമാണു് ജനുവരി മാസം 23 മുതല്‍ 27 വരെയുള്ള തീയതികളില്‍, റോമില്‍ ക്രൈസ്തവ ഐക്യത്തിനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കൌണ്‍സില്‍ ഹാളില്‍ നടന്നത്. പൊന്തിഫിക്കല്‍ കൌണ്‍സില്‍ പ്രസിഡന്റ് കര്‍ദിനാള്‍ കൂര്‍ട്ട് കോഹിന്റെയും കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ ആംബാ ബിഷോയി മെത്രാപ്പോലീത്തയുടെയും സംയുക്ത അദ്ധ്യക്ഷതയിലാണു് സമ്മേളനം നടന്നത്.

കത്തോലിക്കാസഭയുടെ 14 പ്രതിനിധികളോടൊപ്പം ഓറിയെന്റല്‍ ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് ഏഴ് അംഗസഭകളുടെ ഈരണ്ടു് പേരുവച്ചു് 14 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭ, അര്‍മേനിയന്‍ അപ്പസ്തോലിക സഭ (എക്മിയാസിന്‍ കാതോലിക്കേറ്റ്), അര്‍മേനിയന്‍ അപ്പസ്തോലിക് സഭ (കിലീക്കിയാ കാതോലിക്കേറ്റ്), കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ, എത്യോപ്യന്‍ ഓര്‍ത്തഡോക്സ് തെവഹീദോ സഭ, മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭ, എരിത്രിയന്‍ ഓര്‍ത്തഡോക്സ് തെവഹീദോ സഭ എന്നീ ഏഴ് അംഗസഭകളുടെ പ്രതിനിധികളാണു് സമ്മേളനത്തില്‍ പങ്കെടുത്തത്.

ജനുവരി 23നു് റോമന്‍ കത്തോലിക്കാസഭയുടെ പ്രതിനിധികളും ഓറിയെന്റല്‍ ഓര്‍ത്തഡോക്സ് സഭകളുടെ പ്രതിനിധികളും പ്രത്യേക സമ്മേളനങ്ങള്‍ നടത്തി. ആദ്യത്തെ അഞ്ചു് നൂറ്റാണ്ടുകളിലെ സഭാകൂട്ടായ്മയാണു പിന്നീടു നടന്ന പൊതുസമ്മേളനങ്ങളില്‍ പ്രധാനമായും ചര്‍ച്ചാവിഷയമായത്. വിശുദ്ധരുടെ വണക്കത്തില്‍ സഭകള്‍ തമ്മിലുണ്ടായിരുന്ന കൂട്ടായ്മയുടെ സ്വഭാവം ഇപ്രാവശ്യം പ്രത്യേകം ചര്‍ച്ച ചെയ്തു.

വിശുദ്ധരായി അംഗീകരിക്കപ്പെടുകയും വിശുദ്ധരെ വണങ്ങുകയും ചെയ്യുന്ന പ്രക്രിയ ഓരോ സഭയിലും എങ്ങനെ നടക്കുന്നുവെന്ന് അതാതു സഭാ പ്രതിനിധികള്‍ പങ്കുവച്ചു.

സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെയും ചര്‍ച്ചകളുടെയും വെളിച്ചത്തില്‍ വിശുദ്ധരെ പരസ്പരം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന പാരമ്പര്യം എല്ലാ സഭകളിലും ഉണ്ടായിരുന്നതായും അവരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന പ്രക്രിയ പ്രാദേശികമായി വ്യത്യസ്ത രീതികളിലായിരുന്നെങ്കിലും എല്ലാ സഭകളും നടത്തിയിരുന്നു എന്നുമുള്ള നിഗമനത്തിലെത്തി.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ ചര്‍ച്ചകളുടെ വെളിച്ചത്തില്‍ തയാറാക്കിയ ഒരു പൊതുരേഖയും സമ്മേളനം ചര്‍ച്ച ചെയ്തു. ആദിമസഭയുടെ കൂട്ടായ്മാ സമ്പ്രദായവും അതിന് ഇന്ന് സഭൈക്യത്തിലുള്ള പ്രസക്തിയും എന്നതാണു പൊതുരേഖയുടെ ശീര്‍ഷകം.

ഡയലോഗില്‍ പങ്കാളികളായ സഭകള്‍ക്കെല്ലാം പൊതുവായി സ്വീകാര്യമായ വിവിധ ഘടകങ്ങളാണ് ഈ പൊതുരേഖയുടെ ഉള്ളടക്കം. അടുത്ത സമ്മേളനത്തില്‍ ഈ പൊതുരേഖ ചര്‍ച്ച ചെയ്ത് അതിന് അന്തിമരൂപം നല്കും.അടുത്ത സമ്മേളനം 2014 ജനുവരിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ആതിഥേയത്വത്തില്‍ ഇന്ത്യയിലെ കേരളത്തിലായിരിയ്ക്കും.


അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്സ് സഭ സഭയെ പ്രതിനിധാനം ചെയ്തു് ജോര്‍ജ് സെലീബ മെത്രാപ്പോലീത്ത തെയോഫിലോസ് മാര്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത, മലങ്കര ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധീകരിച്ച് തിരുവനന്തപുരം ഭദ്രാസനത്തിന്റെ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ഡല്‍ഹി ഭദ്രാസനത്തിന്റെ യുഹാനോന്‍ മാര്‍ ദെമെത്രിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ വര്‍. കത്തോലിക്കാസഭയെ പ്രതിനിധീകരിച്ച് ഇന്ത്യയില്‍നിന്നുള്ളത് ഫാ. മാത്യു വെള്ളാനിക്കല്‍ ആണ്.

http://malayalam.deepikaglobal.com/ucod/CAT4_sub.asp?ccode=CAT4&newscode=250969