ആകമാന സഭാനിലപാടുകള്‍

20141225

പരിശുദ്ധ ബാവയുടെ ക്രിസ്തുമസ്സ് സന്ദേശം



ദൈവീകമായ സമാധാനത്തിന്റെ അഌഗൃഹീത അഌഭവങ്ങളുമായി യേശുക്രിസ്‌തുവിന്റെ രക്ഷാകരമായ ജനനപ്പെരുന്നാള്‍ സമാഗതമാവുകയാണെല്ലോ. സൃഷ്‌ടി മുഴുവനെയും പാപത്തിന്റെ ഇരുട്ടില്‍ നിന്ന്‌ രക്ഷയിലേക്ക്‌ നയിക്കുവാന്‍ ദൈവത്തിന്റെ ഏകപുത്രന്‍ മഌഷ്യനനായിത്തീര്‍ന്നു. ആത്മീയ അഌഭവം അന്യംനിന്നുപോകുന്ന ആഌകാലിക ലോകത്ത്‌ ക്രിസ്‌തുമസ്‌ നല്‍കുന്ന സന്ദേശം നമുക്ക്‌ പ്രത്യാശ പകരുന്നു. ബേത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ ദൃശ്യമാകുന്ന അഗാധമായ ദൈവസ്‌നേഹത്തിന്റെയും താഴ്‌മയുടെയും അഌഭവങ്ങളെ ഹൃദയത്തില്‍ ഉള്‍ക്കൊണ്ടുകൊണ്ട്‌, നിത്യജീവന്റെ പൂര്‍ണ്ണതയില്‍ വളരുവാന്‍ ഇരുപത്തിയഞ്ച്‌ നോമ്പിന്റെ ഈ വിശുദ്ധദിവസങ്ങളില്‍ സാധിക്കുന്നതിനായി നാം പ്രാര്‍ത്ഥിക്കുന്നു.പിറന്നുവീഴുവാന്‍ ഇടമന്വേഷിച്ച്‌ മുട്ടിവിളിക്കുന്ന ദൈവപുത്രന്റെ സ്വരം ഇന്നും നമ്മുടെ കാതുകളില്‍ പതിക്കാതെ പോകുന്നത്‌ ആത്മീയ ദുരന്തമായി നാം തിരിച്ചറിയണം. അന്നത്തിഌം വസ്‌ത്രത്തിഌം കിടപ്പാടത്തിഌംവേണ്ടി കേഴുന്ന ദാരിദ്രരുടെയും പീഡിതരുടെയും അനാഥരുടെയും നിരാലംബരുടെയും യാചനശബ്‌ദങ്ങള്‍ക്കു മുമ്പില്‍ നമ്മുടെ ഹൃദയവും മനസ്സും തുറക്കപ്പെടണം. അപ്പോള്‍ മാത്രമേ ക്രിസ്‌തു പിറക്കുന്ന പുല്‍ക്കൂടുകളായി നമുക്ക്‌ മാറുവാന്‍ കഴിയൂ. ക്രിസ്‌തുമസും നവവത്സരവും അര്‍ത്ഥപൂര്‍ണ്ണമാകണമെങ്കില്‍ ആര്‍ഭാടരഹിതമായി ആചരിക്കണം. ഊര്‍ജ്ജപ്രതിസന്ധി, പരിസ്ഥിതി മലിനീകരണം, മൂല്യതകര്‍ച്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ രൂക്ഷമായിരികുന്ന ഇന്നത്തെ സാഹചര്യത്തില്‍ യേശുവിനെപോലെ വിനയപ്പെടാന്‍ തയ്യാറാകണം. പരിസ്ഥിതി തകിടം മറിക്കുന്ന വികസനം അപകടകരമാണ്‌. പക്ഷെ തീവ്രപരിസ്ഥിതിവാദം വികസനം മുടക്കുന്നതാകരുത്‌. അഌഗ്രഹപ്രദമായ ഒരു പുതുവത്സരവും, പുതുക്കത്തിന്റെയും ആത്മീയ സന്തോഷത്തിന്റെയും നിറവുള്ള ഒരു ക്രിസ്‌തുമസും ദൈവംതമ്പുരാന്‍ ഏവര്‍ക്കും നല്‍കട്ടെ എന്ന്‌ നിറഞ്ഞ ഹൃദയത്തോടെ ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

പാവങ്ങളുടെ പക്ഷം ചേരുന്ന ക്രിസ്മസ്


പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് രണ്ടാമന്‍ ബാവ , ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍

ഒരു ക്രിസ്മസ് കൂടി പടി കടന്നെത്തുമ്പോള്‍ ലോകം മുഴുവന്‍ ഉത്സവ ലഹരിയിലാണ്. ലോക രക്ഷക-നായി അവതരിച്ച യേശുക്രിസ്തുവിന്റെ ജനനപ്പെരുന്നാള്‍ കോടിക്കണക്കിന് രൂപ മറിയുന്ന കമ്പോളമായിമാറിയിരിക്കുന്നു.എന്തിനേയും വില്പനചരക്കാക്കി ലാഭം കൊയ്യുന്ന ഒരു വണിക് സംസ്ക്കാരം ക്രിസ്മസിനേയും മൊത്തവിലയ്ക്ക് എടുത്തിരിക്കുന്നു.എന്നാല്‍ ക്രിസ്മസില്‍ അധികം ശ്രദ്ധിക്കപെടാതെ പോകുന്നഒരു വിഷയമാണ് ആദ്യത്തെ ക്രിസ്മസ് പാവങ്ങളുടേത് ആയിരുന്നു എന്നുളളത്.
ഒന്നാമത്, ആരും ഗൌനിയ്ക്കാനിടയില്ലാത്ത ഒരു പശു തൊഴുത്താണ് ക്രിസ്മസിന്റെ രംഗവേദി സമൂഹത്തിലെ മാന്യന്‍മാരും പണ്ഡിതരും പണക്കാരും തങ്ങുന്ന സത്രത്തില്‍ യേശുവിന് പിറക്കാന്‍ ഇടം ലഭിച്ചില്ല എന്ന് വേദം സാക്ഷിക്കുന്നു. അഭിജാതവര്‍ഗ്ഗത്തിന്റെ അരങ്ങായിരുന്ന ആ സത്രം ഇന്ന് അവിടെ സൂക്ഷിക്കപ്പെട്ടിട്ടില്ല. എന്നാല്‍ യേശുവിന് ഇടം നല്‍കിയ പുല്‍ത്തൊഴുത്ത്ഇന്ന് ലക്ഷക്കണക്കിന് തീത്ഥാടകരെ ആകര്‍ഷിക്കുന്ന പുണ്യസ്ഥാനമാണ്. രാജക്കന്മാരുടെ രാജാവായ ദൈവപുത്രന്‍ ജനിച്ചു വീണത് മിണ്ടാപ്രാണികളുടെ മധ്യത്തിലാണ്. പുല്ലും പശുവും ആടും ഒക്കെ സ്ഥിതി ചെയ്യുന്ന ഒരു സമ്പൂര്‍ണ്ണ ആവാസ വ്യവസ്ഥയുടെ മധ്യത്തിലാണ് ദൈവപുത്രന്റെ ജനനം. പൂക്കളും പുഴുക്കളും സസ്യ-ജന്തുജാലങ്ങളും സമ്യക്കായി സമ്മേളിക്കുന്ന അനുഗ്രീത വാസസ്ഥാനമാണത്. ദൈവം സ്യഷ്ടിച്ച മനോഹരമായ ഈ ലോകത്തെ തന്റെ മാത്രം സുഖത്തിനുവേണ്ടി നശിപ്പിക്കുന്ന ആധുനികമനുഷ്യന്‍ ക്രിസ്മസിന്റെ സനാതന സന്ദേശം ഉള്‍ക്കൊളളാതെ പോകുന്നു. യേശുക്കുഞ്ഞിന് അരികില്‍ നില്‍ക്കുന്ന പശുവും, കിടാവും ആട്ടിന്‍കുട്ടിയുമൊക്കെ ഇന്നത്തെ ‘ഫളാറ്റ്’കുട്ടികള്‍ക്ക് കടകളില്‍ ലഭിക്കുന്ന ‘ഡോള്‍സ്്്’ ആയി മാത്രം മാറിയിരിക്കുന്നു. വിണ്ണിലെ രാജകുമാരന്‍ മണ്ണിലേക്ക് വന്നത്, മണ്‍മക്കളെ വിണ്‍മക്കളാക്കാനാണ് എന്നു പറയുമ്പോഴും മണ്ണില്‍ തൊടാതെ ജീവിക്കുന്ന ഇന്നത്തെ കുട്ടികള്‍ക്ക് മണ്ണിലേക്ക് മടക്കിവരാനുളള ആഹ്വാനമായും കേള്‍ക്കണം. ‘അവനവനിസ്’ത്തിന്റെ സങ്കുചിതമേഖലകളില്‍ നിന്ന് കുറെക്കൂടി വിശാലമായ ഈ പ്രക്യതിയുടെ സ്ഥൂലമണ്ഡലത്തിലേക്ക് ഇറങ്ങിച്ചെല്ലാം.
രണ്ടാമത്, ആദ്യ ക്രിസ്മസ് സന്ദേശം ലഭിച്ചത് സമൂഹത്തിലെ പാര്‍ശ്വവല്‍കൃതരായ ഒരു പറ്റം
ആട്ടിടയന്‍ന്മാര്‍ക്കാണ്. പതിതരോടും പാര്‍ശ്വവല്‍കൃതരോടും അഷ്ടിയ്ക്കു വകയില്ലാത്തവരോടും ദൈവം പക്ഷം ചേരുന്നതിന്റെ ദൃശ്യാവിഷ്കാരമാണ് ഇവിടെ നാം ദര്‍ശിക്കുക. ആടുകളെ കാവല്‍ ചെയ്ത് വെളിമ്പ്രദേശത്ത് കഴിയുന്ന ആട്ടിടയന്മാര്‍ക്ക് പരിഷ്കൃതമായ സമൂഹത്തോട് ഒരു ബന്ധവുമില്ല. ആടുകള്‍ക്കൊപ്പം “ആടുജീവിതം” തന്നെ നയിക്കുന്ന ആട്ടിടയന്‍ അറിയപ്പെടുന്നവനേയല്ല. ഒരുപക്ഷേ അവരുടെ അസ്തിത്വം പോലും ആരും ഗൌനിക്കുന്നുണ്ടാവില്ല. ഈ വിധം സമൂഹം അറിയാതെ പോക്കുന്നവര്‍ക്കാണ് ദൈവത്തിന്റെ അറിയിപ്പ് ലഭിക്കുന്നത്. സമ്പന്ന രാഷ്ട്രങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് വിശപ്പിന്റെ വിളി എന്തെന്ന് അറിയില്ലായിരിക്കും. പക്ഷേ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍, എന്തിന് ഇന്ത്യയില്‍ പോലും ചിലയിടങ്ങളില്‍, വിശപ്പുകൊണ്ട് മരിക്കുന്നവര്‍ ഉണ്ട്. പക്ഷേ അവരെ ആരും അറിയുന്നില്ല. അറിയാതെ പോകുന്നു. ആദ്യ ക്രിസ്മസ് രാത്രിപോലെ തിരസ്കൃതരും പാര്‍ശ്വവല്‍കൃതരുമായ
പാവങ്ങളുടെ മദ്ധ്യത്തിലേയ്ക്ക് അവര്‍ക്ക് സന്തോഷവാര്‍ത്തയുമായി ചെല്ലുന്ന ഒരു ക്രിസ്മസ് നമുക്കും
അനുഭവവേദ്യമാകട്ടെ. അതാണ് ക്രിസ്മസ് നല്‍കുന്ന സന്തോഷവും സമാധാനവും..

20141220

സെന്റ്‌ തോമസ്‌ ഓർത്തഡോക്സ്‌ സിറിയന്‍ കത്തീഡ്രലിൽ മാർത്തോമ്മാശ്‌ളീഹയുടെ ഓർമപ്പെരുനാൾ കൊടിയേറി



മൂവാറ്റുപുഴ, ഡിസംബര്‍ 18 – കണ്ടനാടു് ഈസ്റ്റ് ഭദ്രാസന ആസ്ഥാനമായ മൂവാറ്റുപുഴ സെന്റ്‌ തോമസ്‌ ഓർത്തഡോക്സ്‌ കത്തീഡ്രലിൽ പരിശുദ്ധ മാർത്തോമ്മാശ്‌ളീഹയുടെ ഓർമപ്പെരുനാളിന്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാർ അത്താനാസിയോസ്‌ കൊടിയേറ്റി.

ഡിസംബര്‍ 20 ന്‌ രാവിലെ ഏഴിന്‌ കുർബാന, ആറിൻസന്ധ്യാ നമസ്കാരം. ഏഴിന്‌ ഫാ. തോംസൺ റോബിന്റെ നേതൃത്വത്തിൽ വചന ശുശ്രൂഷ. ഡിസംബര്‍ 21 ന്‌ 7.30 ന്‌ പ്രഭാത നമസ്കാരം. 8.30 ന്‌ കുർബാന. 10.30 ന്‌ ലേലം. 12 ന്‌ സ്നേഹ വിരുന്ന്‌. രണ്ടിനു കൊടിയിറക്ക്‌.

ജനനപ്പെരുനാളിന്റെ ഭാഗമായി ഡിസംബര്‍ 24 ന്‌ 9.30 ന്‌ പ്രദക്ഷിണം, തീജ്വാല ശുശ്രൂഷ, 10.30 ന്‌ കുർബാന, 31 ന്‌ രാത്രി ഒൻപതിന്‌ പുതുവത്സരാരാധന. 10.30 ന്‌ കുർബാന, 12 ന്‌ സ്നേഹ വിരുന്ന്‌.

20141219

ഗീവർഗീസ്‌ ദ്വിതീയൻ ബാവാ ആധ്യാത്മിക തേജസ്സ്‌: പരിശുദ്ധ പിതാവു്


കോട്ടയം, ഡിസംബര്‍ 16 – പ്രതിസന്ധിഘട്ടങ്ങളിൽ ജ്വലിച്ചുനിന്ന ആധ്യാത്മികതേജസ്സായിരുന്നു ഗീവർഗീസ്‌ ദ്വിതീയൻ ബാവായെന്ന്‌ ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷനായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ പറഞ്ഞു.

പരിശുദ്ധ ഗീവർഗീസ്‌ ദ്വിതീയൻ ബാവായുടെ ചരമ സുവർണജൂബിലിയോടനുബന്ധിച്ചുകുറിച്ചി വലിയ പള്ളിയിൽ നടത്തിയ അഖില മലങ്കര വൈദിക സമ്മേളനത്തിൽ പ്രസംഗിയ്ക്കുകയായിരുന്നു പരിശുദ്ധ ബാവാ.

മലങ്കരസഭയുടെ താഴ്ചയും ഉയർച്ചയും ഒരുപോലെ പരിശുദ്ധ ഗീവർഗീസ്‌ ദ്വിതീയൻ ബാവാ കണ്ടു. സഭാ ഭരണഘടനയ്ക്ക്‌ അപ്പുറത്ത്‌ ആധ്യാത്മികതയുടെ അവസാനവാക്കായിരുന്നു അദ്ദേഹം. ആ വാക്കിനപ്പുറത്തേക്കു പോകുവാൻ സഭയിലാരും ധൈര്യപ്പെടില്ലായിരുന്നുവെന്ന്‌ പരിശുദ്ധ പിതാവു് പറഞ്ഞു.

കുര്യാക്കോസ്‌ മാർ ക്ലിമ്മീസ്‌ അധ്യക്ഷത വഹിച്ചു. ഫാ. മോഹൻ ജോസഫ്‌ വേദപഠനവും ഫാ. ടി.ജെ. ജോഷ്വാ അനുസ്മരണപ്രസംഗവും നടത്തി. മാത്യൂസ്‌ മാർ തേവോദോസിയോസ്‌, ഫാ. ജോൺ ശങ്കരത്തിൽ, ഫാ. സജി അമയിൽ, ഫാ. വർഗീസ്‌ കളീക്കൽ, ഫാ. ചെറിയാൻ ടി. സാമുവൽ എന്നിവർ പ്രസംഗിച്ചു.

20141218

കാല്‍വരിയും പുല്‍ക്കൂടും പരസ്​പരപൂരകം – പരിശുദ്ധ ബാവാ


കാല്‍വരിയും പുല്‍ക്കൂടും പരസ്​പരപൂരകം
പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ, മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍

തിരുജനനരാത്രിയില്‍ മാലാഖമാരുടെ സംഘം പാടി: 'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കു സമാധാനം.' ഈ ഗാനം ഉന്നതങ്ങളില്‍ ദൈവത്തിനു മഹത്വം കരേറ്റുവാനും ദൈവപ്രസാദമുള്ളവരായി ജീവിക്കുവാനും നമ്മെ ആഹ്വാനംചെയ്യുന്നു. സ്വാര്‍ഥലക്ഷ്യങ്ങള്‍ക്കുവേണ്ടി മനുഷ്യപ്രീതി ആഗ്രഹിക്കുന്നവര്‍ക്കും അങ്ങനെ നിരാശയുടെ പടുകുഴിയില്‍ വീണുപോകുന്നവര്‍ക്കും സ്വയംപരിശോധനയ്ക്കുള്ള അവസരമാണ് ക്രിസ്മസ്. പുല്‍ക്കൂട്ടില്‍ വെളിപ്പെടുന്ന ദൈവസ്‌നേഹത്തിന്റെ പൂര്‍ണതയും ദൈവസ്‌നേഹത്തിലുള്ള സമ്പൂര്‍ണമായ താഴ്മയുമാണ് കാല്‍വരിയിലെ മരക്കുരിശിലും നമുക്കു കാണുവാന്‍ കഴിയുന്നത്. കാല്‍വരിയും പുല്‍ക്കൂടും പരസ്​പരപൂരകമാണെന്ന തിരിച്ചറിവ് നമുക്കുണ്ടാവണം.
നാം കാണാെതപോകുന്ന കാഴ്ചകളെയും കേള്‍ക്കാതെപോകുന്ന സ്വരങ്ങളെയുംകുറിച്ചുള്ള ഒരന്വേഷണം ക്രിസ്മസ് ആവശ്യപ്പെടുന്നു. നാം കാണുന്ന നക്ഷത്രം കേവലമൊരു നക്ഷത്രം എന്നതിലുപരി, ദൈവസാന്നിദ്ധ്യമുള്ള ഇടങ്ങളിലേക്ക് നമ്മെ നയിക്കുന്ന പ്രകാശമാണെന്ന വിശ്വാസവും തിരിച്ചറിവുമാണ് പ്രധാനം. നമുക്കുചുറ്റുമുള്ള ദരിദ്രരുടെയും പീഡിതരുടെയും അനാഥരുടെയും നിരാലംബരുടെയും യാചനാശബ്ദങ്ങള്‍ക്കുമുമ്പില്‍ നമ്മുടെ ഹൃദയവും മനസ്സും തുറക്കപ്പെടണം. എങ്കില്‍മാത്രമേ ക്രിസ്തു പിറക്കുന്ന പുല്‍ക്കൂടുകളുമായി നമുക്ക് മാറുവാന്‍ കഴിയൂ. പരിശുദ്ധാത്മ പുതുക്കത്തിന്റെയും ആത്മീയസന്തോഷത്തിന്റെയും നിറവുള്ള ഒരു ക്രിസ്മസും അനുഗ്രഹപ്രദമായ ഒരു പുതുവത്സരവും ദൈവംതമ്പുരാന്‍ നല്‍കട്ടെ എന്ന് ആശംസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

മാതൃഭൂമി ദിനപ്പത്രം,കൊച്ചി, 2014 ഡിസംബര്‍ 17

20141217

വിദ്യാഭ്യാസം നന്മയിലേക്ക്‌ നയിക്കണം: പരിശുദ്ധ ബാവാ


ദേവലോകം, ഡിസംബര്‍ 17 – ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ ബുദ്ധിശക്തിയിലും സാമര്‍ത്ഥ്യത്തിലും മുന്നിലാണെന്നും അതോടൊപ്പം മൂല്യബോധവും അധ്വാനവും ഉണ്ടെങ്കിലെ ഉയരങ്ങളില്‍ എത്താനാവു എന്നും പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. ദേവലോകം ബസേലിയോസ്‌ പബ്ലിക്‌ സ്‌കൂളിന്റെ പതിനാലാം വാര്‍ഷീക ആഘോഷ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌ത്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.പൗരസ്‌ത്യ ദര്‍ശനത്തില്‍ വിജ്ഞാനം വെളിച്ചമാണെന്നും പ്രകാശത്തിന്റെ ധര്‍മ്മങ്ങളാണ്‌ വിദ്യാസമ്പന്നര്‍ നിറവേറ്റേണ്ടതെന്നും പരിശുദ്ധ ബാവാ പറഞ്ഞു.

മാത്യു ജോണ്‍ ഐ ആര്‍ എസ്‌ ന്യൂസ്‌ ലെറ്റര്‍ പ്രകാശനം ചെയ്‌തു. ഡോ റോയി മാത്യു മുത്തൂറ്റ്‌, ജോസഫ്‌ അലക്‌സാണ്ടര്‍, സ്‌കൂള്‍ ബോര്‍ഡ്‌ സെക്രട്ടറി തോമസ്‌ ജോണ്‍ തിരുവാതുക്കല്‍, അഡ്‌മിനിസ്‌ട്രറ്റര്‍ പ്രാ സഖറിയാ ടി ഡാനിയേല്‍, പ്രിന്‍സിപ്പള്‍ റബേക്കാ ബേബി ഐപ്പ്‌ തുടങ്ങിയവരും പ്രസംഗിച്ചു. സി.ബി എസ്‌ ഇ പരീക്ഷയില്‍ എല്ലാ വിഷയത്തിഌം എവണ്‍ നേടിയ വിദ്യാര്‍ത്ഥികളെയും സംസ്ഥാനതല മത്സര വിജയികളെയും ആദരിച്ചു. ക്രിസ്‌തുസ്‌ സമ്മാനമായി ഹന്നാഭവന്‍ വൃദ്ധമന്ദിരത്തിന്‌ ഉപകരണങ്ങള്‍ നല്‍കി. സ്‌കൂള്‍ കൊയര്‍ ആലപിച്ച ക്രിസ്‌തുമസ്‌ കരോള്‍ ഗാനത്തോടെയാണ്‌ യോഗം ആരംഭിച്ചത്‌. കേരള തനിമയുള്ള നസ്രാണി വേഷത്തില്‍ അണിനിരന്ന കുട്ടികളാണ്‌ പരിശുദ്ധ കാതോലിക്കാ ബാവായെ സ്വീകരിച്ചാനയിച്ചത്‌ .സമ്മേളനത്തെ തുടര്‍ന്ന്‌ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
പൗരസ്ത്യ കാതോലിക്കാസന വാര്‍ത്ത

20141214

ജീവിതം ആത്മീയതയുടെ യാത്രയാണെന്നു് തിരിച്ചറിയണം: ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌


വെള്ളറട,ഡിസംബര്‍ 13 – ജീവിതം ആത്മീയതയുടെ യാത്രയാണെന്നു് തിരിച്ചറിയണമെന്നു് കേരള ക്രിസ്‌ത്യന്‍ കൗണ്‍സില്‍ അധ്യക്ഷനും ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപനുമായ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌ മെത്രപ്പോലീത്ത പറഞ്ഞു. ബിലീവേഴ്‌സ്‌ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കര നഗരസഭാ സ്‌റ്റേഡിയത്തില്‍ നടന്ന ആത്മീയയാത്ര സമ്മേളനവും സംഗീതവിരുന്നും ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. തിന്മയുടെ സാഹചര്യങ്ങളില്‍ ജീവിക്കുന്ന മനുഷ്യന്‍ പുതിയ ക്രമജീവിതം പടുത്തുയര്‍ത്താന്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

വിവാഹമോചനങ്ങള്‍ക്കായി കേരളത്തില്‍ കുടുംബകോടതികളുടെ മുമ്പില്‍ കിലോമീറ്ററുകളോളമാണു് പരാതിക്കാര്‍ കാത്തുനില്‍ക്കുന്നതെന്ന്‌ അനുഗ്രഹപ്രഭാഷണം നടത്തിയ ബിലീവേഴ്‌സ്‌ സഭാ മെത്രാപ്പോലീത്ത കെ.പി. യോഹന്നാന്‍ പറഞ്ഞു. കുടുംബബന്ധങ്ങളുടെ തകര്‍ച്ചയ്‌ക്കു കാരണം ആത്മീയജീവിതത്തിന്റെ അകക്കണ്ണുകള്‍ അടഞ്ഞതിനാലാണെന്ന്‌ അദ്ദേഹം ഓര്‍മിപ്പിച്ചു.

ആത്മീയയാത്രയുടെ ആഭിമുഖ്യത്തില്‍ അഞ്ചുലക്ഷം രൂപ ചെലവഴിച്ച്‌ ആര്യനാട്‌ സ്വദേശിനി ശ്രീലതയ്‌ക്കു നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ നെയ്യാറ്റിന്‍കര എം.എല്‍.എ: ആര്‍. സെല്‍വരാജ്‌ ചടങ്ങില്‍ കൈമാറി. ദേശീയതലത്തില്‍ ഉള്‍പ്പെടെ വിവിധ കായികമത്സരങ്ങളില്‍ ജേതാവായ കീഴാറൂര്‍ സ്വദേശി എം.എസ്‌. ജിജീഷിന്‌ ആത്മീയയാത്രയുടെ ഉപഹാരം നഗരസഭാ ചെയര്‍മാന്‍ എസ്‌.എസ്‌. ജയകുമാര്‍ നല്‍കി. റൈറ്റ്‌ റവ. ഡോ. ജോര്‍ജ്‌ ഈപ്പന്‍, റവ. ഫാ. ഡോ. ഡാനിയേല്‍ ജോണ്‍സണ്‍, എ.ടി. ജോര്‍ജ്‌ എം.എല്‍.എ, റവ. ഫാ. ജോജു മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ ആയിരക്കണക്കിനു വിശ്വാസികളെക്കൊണ്ടു നിറഞ്ഞ നഗരസഭാ മൈതാനം അക്ഷരാര്‍ഥത്തില്‍ പ്രാര്‍ഥനാലയമായി.
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിലാണ് വെള്ളറട.

20141213

അഴിമതി മൂലം പാര്‍ട്ടികളില്‍ വിശ്വാസം നഷ്ടപ്പെടുന്നു: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് രണ്ടാമന്‍ ബാവ


കോട്ടയം, ഡിസംബര്‍ 12– രാഷ്ട്രീയ നേതാക്കന്‍മാര്‍ അഴിമതി ചെയ്തോ ഇല്ലയോ എന്നു ദൂരെനിന്നു വിലയിരുത്താനാകില്ലെന്നും എന്നാല്‍ തെളിവുകള്‍ വരുമ്പോള്‍ അവയെ തള്ളാന്‍ കഴിയില്ലെന്നും ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ പറഞ്ഞു. കോഴ വാങ്ങാന്‍ പാടില്ലാത്തതാണ്. വാങ്ങിയിട്ടുണ്ടെങ്കില്‍ അതു ശരിയല്ല. രാഷ്ട്രീയ പാര്‍ട്ടികളിലുള്ള വിശ്വാസം ജനങ്ങള്‍ക്കു നഷ്ടമാവുകയാണ്. ഇത് ജനങ്ങളെ സ്തബ്ദരാക്കും.

പ്രഖ്യാപിത മദ്യനയത്തില്‍ നിന്നു സര്‍ക്കാര്‍ പിന്നാക്കം പോകുന്നതായി തോന്നുന്നുണ്ട്. അതു പാടില്ല. മദ്യലഭ്യത കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. മദ്യനയം സംബന്ധിച്ച് സഭകൾക്കിടയിൽ ഭിന്ന അഭിപ്രായമില്ല. വിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതത്വം സര്‍ക്കാര്‍ പരിഹരിക്കണമെന്നും ബാവാ പറഞ്ഞു.

മോദിയുടെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവ തിരുത്തപ്പെടണമെന്നു സഭ ആഗ്രഹിക്കുന്നുണ്ട്.

മലങ്കര സഭ എന്നും ഐക്യത്തെ സ്വാഗതം ചെയ്യുന്നു. പുതിയ പാത്രിയാര്‍ക്കീസ് ബാവായുടെ ഐക്യ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഒരു വിവരവും സഭയ്ക്കു ലഭിച്ചിട്ടില്ല. സഭയില്‍ സമാധാനം നഷ്ടപ്പെടാന്‍ കാരണം ഓര്‍ത്തഡോക്സ് സഭയല്ല. അതുകൊണ്ട് സമാധാനം പുനഃസ്ഥാപിക്കാന്‍ മുന്‍കയ്യെടുക്കേണ്ടത് പരിശുദ്ധ പാത്രിയാര്‍ക്കീസാണെന്നും പരിശുദ്ധ ബാവാ പറഞ്ഞു.

പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായുടെ ചരമ സുവര്‍ണ്ണജൂബിലി ആഘോഷം ജനുവരി 4-ന് സമാപിക്കും


കോട്ടയം, ഡിസംബര്‍ 12 – മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയെ 34 വര്‍ഷം നയിച്ച ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവയുടെ ചരമ സുവര്‍ണജൂബിലി ആചരണം 2015 ജനുവരി 4-ന് സമാപിക്കും. ഒരു വര്‍ഷക്കാലമായി നടന്നു വന്ന ചരമ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി 2014 ഡിസംബര്‍ 16-ാം തീയതി കുറിച്ചി വലിയപള്ളിയില്‍വച്ച് അഖില മലങ്കര വൈദീക സമ്മേളനവും. 28-ാം തീയതി ഞായറാഴ്ച സഭയിലെ എല്ലാ പള്ളികളിലും പരിശുദ്ധ പിതാവിനെ അനുസ്മരിച്ചുകൊണ്ടുള്ള സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പത്രസമ്മേളനത്തില്‍ അറിയിച്ചു.

2015 ജനുവരി ഒന്ന് ഉച്ചകഴിഞ്ഞ് 2.30-ന് ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായില്‍ നിന്നും പട്ടത്വം, മാമോദീസാ, വിവാഹം എന്നി കൂദാശകള്‍ സ്വീകരിച്ചവരേയും, ആ കാലഘട്ടത്തില്‍ സഭയുടെയും സമൂഹത്തിന്റെയും വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചവരെയും ആദരിക്കുന്ന സ്മൃതി സംഗമം നടത്തുന്നതാണ്.
രണ്ടാം തീയതി ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് കുറിച്ചി വലിയപള്ളിയില്‍ നിന്നും ആരംഭിക്കുന്ന തീര്‍ത്ഥയാത്ര ആറു മണിയ്ക്ക് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ എത്തിച്ചേരുന്നതും, സന്ധ്യാ പ്രാര്‍ത്ഥയ്ക്കുശേഷം ദേവലോകം കബറിങ്കലേയ്ക്ക് സംയുക്ത റാസ ഉണ്ടായിരിക്കുന്നതാണ്.

മൂന്നാം തീയതി രാവിലെ 7.30-ന് പ്രഭാത നമസ്ക്കാരവും, 8.30-ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തിലും സഭയിലെ മറ്റ് മെത്രാപ്പോലീത്താമാരുടെ സഹകാര്‍മ്മികത്വത്തിലും വി. മൂന്നിന്മേല്‍ കുര്‍ബ്ബാനയും, തുടര്‍ന്ന് റാസ, നേര്‍ച്ചവിളമ്പ് എന്നിവ നടക്കും. 11 മണിയ്ക്ക് ദേവലോകം അരമനയോടു ചേര്‍ന്ന് പുതുതായി നിര്‍മ്മിച്ച ഓഫീസ് സമുച്ചയത്തിന്റെ കൂദാശ നടത്തപ്പെടും. 11.30-ന് പരിശുദ്ധ ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവായും വിദ്യാഭ്യാസ മേഖലയും എന്ന വിഷയത്തെ ആസ്പദമാക്കി സിമ്പോസിയം സംഘടിപ്പിക്കും. അവാര്‍ഡ് ജേതാക്കളായ അദ്ധ്യാപകരെ പ്രസ്തുത സമ്മേളനത്തില്‍ ആദരിക്കും.
നാലാം തീയതി ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍ അങ്കണത്തില്‍ ചരമ സുവര്‍ണ്ണ ജൂബിലി സമാപനം നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കേരളാ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. സഭയിലെ മറ്റു മെത്രാപ്പോലീത്താമാര്‍, മന്ത്രിമാര്‍, വിവിധ സമുദായ-രാഷ്ട്രീയ നേതാക്കള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ വൈദീകട്രസ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കാാനാട്ട് അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്, സഭാ മാനേജിംഗ് കമ്മറ്റി മെമ്പര്‍ എ. കെ. ജോസഫ്, പെരുന്നാള്‍ കണ്‍വീനര്‍ ഫാ. ജോണ്‍ ശങ്കരത്തില്‍ എന്നിവര്‍ സംബന്ധിച്ചു.

34 വര്‍ഷം കാതോലിക്കാ സ്ഥാനം ഉള്‍പ്പെടെ 51 വര്‍ഷക്കാലം മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മേല്‍പ്പട്ട സ്ഥാനത്ത് ഇരുന്ന് മലങ്കര സഭയുടെ വിധിനിര്‍ണ്ണായകമായ ഘട്ടത്തില്‍ സഭയെ യിച്ച മഹാനും പരിശുദ്ധുമായ പിതാവായിരുന്നു പ. ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ഇദ്ദേഹത്തിന്റെ കാലത്താണ് സഭയിലെ കക്ഷിവഴക്കുകള്‍ തീര്‍ന്ന് ഇരു കൂട്ടരും യോജിച്ചത്. 1932-ല്‍ മലങ്കര സഭയില്‍ ആദ്യമായി മൂറോന്‍ കൂദാശ നിര്‍വ്വഹിച്ച പരിശുദ്ധ പിതാവ് പതിനൊന്ന് മേല്‍പ്പട്ടക്കാരെ വാഴിച്ചു. 1929-ല്‍ മര്‍ത്തമറിയം വനിതാ സമാജം, 1933-ല്‍ സണ്‍ഡേസ്കൂള്‍ പ്രസ്ഥാനം, 1937-ല്‍ യുവജപ്രസ്ഥാനം എന്നിവ രൂപീകരിച്ചു. 1934-ല്‍ മലങ്കര സഭയുടെ ഭരണഘടന പാസാക്കി. 1935-ല്‍ കാതോലിക്കാ ദിനപിരിവ് ആരംഭിച്ചു. 1946-ല്‍ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘മലങ്കര സഭ മാസിക’ ആരംഭിച്ചു. 1951-ല്‍ ദേവലോകം അരമന, 1952-ല്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് എന്നിവ സ്ഥാപിച്ചു.
ഫോട്ടോകള്‍
HH Baselius Geevarghese II Catholicos

20141208

നേതാക്കള്‍ വിനയമുള്ളവരാകണം : പരിശുദ്ധ ബാവാ


പരിശുദ്ധ ബസേലിയോസ് ഔഗേന്‍ ബാവയുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു
ദേവലോകം, ഡിസംബര്‍ 7–
ആത്മീയ നേതാക്കള്‍ക്ക്‌ അഌകരണീയമായ വിധം വിശ്വാസത്തില്‍ അടിയുറച്ച വിനയത്തിന്റെ പ്രതീകമായിരുന്നു പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവായെന്ന്‌ ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷനായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ ചൂണ്ടിക്കാട്ടി. സഭയിലെ ഇരുവിഭാഗങ്ങളിലെയും അകവും പുറവും കണ്ട്‌ കാതല്‍ അറിഞ്ഞ്‌ സഭാ യോജിപ്പിനായി യത്‌നിക്കുകയും സമാധാനകാലത്ത്‌ സഭയെ നയിക്കുകയും ചെയ്‌ത അതുല്യനായ ആത്മീയ പിതാവായിരുന്നു അദ്ദേഹം. പരിശുദ്ധ ഔഗേന്‍ ബാവായുടെ 39ാം ചരമവാര്‍ഷീകത്തോടനുബന്ധിച്ച്‌ ദേവലോകം അരമന ചാപ്പലില്‍ അനുസ്‌മരണ പ്രഭാഷണം ചെയ്യുകയായിരുന്നു പരിശുദ്ധ പിതാവു്.

ഡോ മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, ഡോ യൂഹാനോന്‍ മാര്‍ സേവേറിയോസ്‌, ഡോ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്‌, ഡോ ജോഷ്വാ മാര്‍ നിക്കോദിമോസ്‌, മാത്യൂസ്‌ മാര്‍ തേവോദോസിയോസ്‌ എന്നിവര്‍ പെരുന്നാള്‍ ചടങ്ങുകള്‍ക്ക്‌ കാര്‍മ്മികത്വം വഹിച്ചു. കോലഞ്ചേരി മെഡിക്കല്‍ കോളേജ്‌ ചാപ്ലെയിന്‍ ഫാ ജോണ്‍ കുര്യാക്കോസ്‌, അരമന മാനേജര്‍ ഫാ എം കെ കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.


H.H.Augen Bava Perunal Speech



കൂടുതല്‍ ചിത്രങ്ങള്‍
old photos
oldphotos 2
New-Orthodox 
വാര്‍ത്ത ദേവലോകം 

20141206

വി.ആര്‍. കൃഷ്‌ണയ്യരുടെ നിര്യാണത്തില്‍ പരിശുദ്ധ ബാവാ അനുശോചിച്ചു

കൊച്ചി, 2014 ഡിസംബര്‍ 4 –
ജസ്റ്റിസ്‌ വി ആര്‍ കൃഷ്‌ണയ്യരുടെ നിര്യാണത്തില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ അനുശോചനം രേഖപ്പെടുത്തി. മനുഷ്യസ്‌നേഹിയായ മഹാനായ ന്യായാധിപനും ന്യായാധിപന്‍മാര്‍ക്ക്‌ മാതൃകയുമായിരുന്നു അദ്ദേഹമെന്നും സമുദായ സൗഹാര്‍ദ്ദവും മതനിരപേക്ഷതയും പരിപാലിക്കാന്‍ യത്‌നിച്ച നേതാവുമായിരുന്നു അദ്ദേഹമെന്നും പ ബാവാ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

സഭകള്‍ സഹകരിച്ചു പ്രവര്‍ത്തിക്കണം: പരിശുദ്ധ കാതോലിക്കാ ബാവാ


കോട്ടയം, 2014 ഡിസംബര്‍ 5 –
സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനു് സഭകള്‍ സഹകരിച്ചു് പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്‌കരിക്കണമെന്നു് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മാ പൗലോസ്‌ ദ്വിതീയൻ ബാവാ നിര്‍ദേശിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയും റോമന്‍ കത്തോലിക്കാ സഭയും തമ്മിലുള്ള സംവാദത്തിന്റെ 25-ആം വാര്‍ഷികം, പോള്‍ ആറാമന്‍ മാര്‍പാപ്പയും പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവായും കൂടിക്കാഴ്‌ച നടത്തിയതിന്റെ 50-ആം വാര്‍ഷികം എന്നിവയോടനുബന്ധിച്ചു് 2014 ഡിസംബര്‍ 4നു് ദേവലോകത്തു് നടത്തിയ സ്വീകരണത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു പരിശുദ്ധ ബാവാ.

ചാവറ കുര്യാക്കോസ്‌ ഏലിയാസ്‌ അച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ച നടപടി ഭാരതത്തിലെ സെന്റ്‌ തോമസ്‌ ക്രൈസ്‌തവ സമൂഹത്തിനു് നല്‍കിയ സമ്മാനമായി കരുതാമെന്ന്‌ ബാവാ പറഞ്ഞു. വത്തിക്കാന്‍ പ്രതിനിധി ബിഷപ്‌ ബ്രിയന്‍ ഫാരെല്‍, ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പൗവത്തില്‍, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌, ഫാ. ഡോ. കെ.എം. ജോര്‍ജ്‌ എന്നിവര്‍ പ്രസംഗിച്ചു.

മദ്യനയം പുനഃപരിശോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണം: കേരള മദ്യനിരോധന സമിതി


കൊച്ചി, 2014 ഡിസംബര്‍ 5 –
യുഡിഎഫിലെ ഘടകകക്ഷികളുടെ കൂട്ടായ ചർച്ചകൾക്കു ശേഷം ഏകകണ്ഠമായി അംഗീകരിച്ചു പ്രഖ്യാപിച്ച മദ്യനയം മദ്യമാഫിയയുടെ സമ്മർദത്തിനു വഴങ്ങി തുണിമാറുന്ന ലാഘവത്തോടെ പുനഃപരിശോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു് കേരള മദ്യ നിരോധന സമിതി പ്രസിഡന്റ്‌ ജേക്കബ്‌ മണ്ണാറപ്രായിൽ കോർഎപ്പിസ്കോപ്പ, ജനറൽ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞിക്കൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

നിയമനിർമാണാധികാരം നിയമനിർമാണ സഭയ്ക്കാണ്‌. ജനനന്മ ലക്ഷ്യമിട്ടു് പ്രഖ്യാപിച്ച മദ്യനയം കോടതി വിധിയിലൂടെ അട്ടിമറിക്കപ്പെടുന്ന സാഹചര്യം നിർഭാഗ്യകരമാണ്‌. ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ നോക്കുകുത്തിയാക്കുന്ന നടപടി ജനാധിപത്യ ഭരണസംവിധാനത്തെ അവഹേളിക്കുന്നതിനു തുല്യമാണ്‌.ബാറുകൾ ബിയർ, വൈൻ പാർലറുകളാക്കാനുള്ള നീക്കം ഉപേക്ഷിക്കണം. പാതയോരങ്ങളിൽ പ്രവർത്തിച്ചുവരുന്ന അബ്കാരിസ്ഥാപനങ്ങൾ ഉടൻ അടച്ചുപൂട്ടണം. നിർത്തലാക്കിയ ഞായർ മദ്യവില്പ്പന പുനഃസ്ഥാപിക്കാനുള്ള നീക്കം ഉപേക്ഷിക്കണം. പക്ഷനക്ഷത്ര ബാറുകൾക്കു ലൈസൻസ്‌ നല്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന്‌ എടുത്തുമാറ്റാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.സമിതി വൈസ്‌ പ്രസിഡന്റ്‌ ഫാ. വർഗീസ്‌ മുഴുത്തേറ്റ്‌, ട്രഷറർ ഇസാബിൻ അബ്ദുൾ കരീം, സി.സി. സാജൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

മദ്യനയത്തിൽ സർക്കാർ മാറ്റം വരുത്തരുത്‌: പരിശുദ്ധ ബാവാ


കോട്ടയം, 2014 ഡിസംബര്‍ 5 –
സർക്കാരിന്റെ മദ്യനയത്തിൽ മാറ്റം വരുത്തരുതെന്നു് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മാ പൗലോസ്‌ ദ്വിതീയൻ ബാവാ ആവശ്യപ്പെട്ടു. കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന സമ്മേളനം കോട്ടയം മാമ്മൻമാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബാവ.

എതിർക്കുന്നവരെ ശത്രുക്കളായി കാണുന്ന സമീപനം അധികാരികൾ ഒഴിവാക്കണം. മദ്യനയത്തിൽ മാറ്റം വരുത്തിയാൽ ശക്‌തമായ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്നും ബാവാ പറഞ്ഞു. മദ്യനയം അട്ടിമറിക്കാനുള്ള ശ്രമമാണു സർക്കാർ നടത്തുന്നത്. മദ്യനയത്തിൽവന്ന മാറ്റത്തിന്റെ ആശ്വാസത്തിലായിരുന്നു നമ്മൾ. എന്നാൽ, ഭരണകൂടം പഴയ നടപടികളിലേക്കു തിരിച്ചുപോകാനാണു ശ്രമിക്കുന്നത്‌.

മനുഷ്യനെ നിത്യനാശത്തിലേക്കു തള്ളിവിടുന്നതിനു സർക്കാർ ഒത്താശ ചെയ്യുന്നതു ദുഃഖകരമാണെന്നും കാതോലിക്കാ ബാവ കൂട്ടിച്ചേർത്തു. കാതോലിക്കാ ബാവാ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി​ക്കൊടുത്തു.

ആർക്കുവേണ്ടിയാണ്‌ ഇനിയും കേരളജനതയെ മദ്യത്തിന്‌ അടിമയാക്കുന്നതെന്ന്‌ ഉത്തരം നല്കാൻ കഴിയുന്നില്ലെങ്കിൽ ഇക്കാര്യത്തിൽ കേരളത്തിന്റെ മുഖം വികൃതമാകുമെന്നതിൽ സംശയമില്ലെന്ന്‌ ആർച്ച്ബിഷപ്‌ മാർ മാത്യു മൂലക്കാട്ട്‌ പറഞ്ഞു. മദ്യനയത്തിൽ നിന്നു പിന്നോട്ടുപോയാൽ സർക്കാർ ദുഃഖിക്കേണ്ടിവരുമെന്നു കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാന ചെയർമാൻ മാർ റെമജിയോസ്‌ ഇഞ്ചനാനിയിൽ പറഞ്ഞു.

മദ്യനയത്തിൽനിന്നു പിന്നോക്കം പോകുന്നതിൽ പ്രതിഷേധിച്ചു 15 ക്രൈസ്തവ ബിഷപ്പുമാരുടെ നേതൃത്വത്തിൽ നാളെ രാവിലെ ആറിനു മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വീടിനു സമീപം പ്രഭാത സവാരി നടത്തുമെന്നു സംയുക്ത ക്രൈസ്തവ മദ്യവർജന സമിതി  പ്രസിഡന്റ്‌ ബിഷപ്‌ ഡോ. തോമസ്‌ കെ. ഉമ്മൻ അറിയിച്ചു.പ്രഭാത സവാരിയിൽ വൈദികർ, സന്യസ്തർ തുടങ്ങി നൂറുകണക്കിനു പേർ പങ്കെടുക്കും. കവലയിൽ ഇറങ്ങിയശേഷം പുതുപ്പള്ളി പാലത്തിൽനിന്നു 10 മിനിറ്റ്‌ പ്രാർഥിക്കും. ഈ മാസം18ന്‌ ഉച്ചകഴിഞ്ഞ്‌ സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധ ധർണ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

മദ്യം എന്ന സാമൂഹ്യതിന്മയിൽനിന്നു സർക്കാർ പിൻമാറുന്നില്ലെങ്കിൽ സെക്രട്ടേറിയറ്റ്‌ പടിക്കൽ ഉപവാസ സമരം നടത്തുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി വൈസ്‌ ചെയർമാൻ ബിഷപ്‌ ജോഷ്വാ മാർ ഇഗ്നാത്തിയോസ്‌ പറഞ്ഞു.

മദ്യവിരുദ്ധ സമിതി ജനറൽ സെക്രട്ടറി ഫാ.ടി.ജെ. ആന്റണി, അഡ്വ. ചാർളി പോൾ, പ്രസാദ്‌ കുരുവിള, എഫ്‌.എം. ലാസർ, ജയിംസ്‌ മുട്ടയ്ക്കൽ, ആന്റണി ജേക്കബ്‌ ചാവറ, യോഹന്നാൻ ആന്റണി, കെ.ജെ. പൗലോസ്‌, സണ്ണി പായിക്കാട്ട്‌, ഫാ. പോൾ കാരാച്ചിറ, സിസ്റ്റർ ആനീസ്‌ തോട്ടപ്പള്ളിൽ, ഫാ.തോമസ്‌ തൈത്തോട്ടം, ഫാ.ജോൺ അരീക്കൽ, ഫാ.എഡ്വേർഡ്‌ പുത്തൻപുരയ്ക്കൽ, സേവ്യർ പള്ളിപ്പാടൻ എന്നിവർ പ്രസംഗിച്ചു.

രാവിലെ നടന്ന പ്രതിനിധി സമ്മേളനം ഡോ. ഫീലിപ്പോസ്‌ മാർ ക്രിസോസ്റ്റോം മാർത്തോമ വലിയ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ചിലർ മദ്യത്തെ അനുകൂലിക്കുന്നത്‌ അദ്ഭുതമാണ്‌. ഈ വർഷം അവസാനം മദ്യവ്യാപാരത്തിന്‌ അവസാനം വരുത്തണം. 2015 ജനുവരി ഒന്നു മുതൽ ലഹരി ഉപയോഗിക്കാത്ത നാടാണെന്നു പറയാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സിഎസ്ഐ ഡെപ്യൂട്ടി മോഡറേറ്റർ ബിഷപ്‌ ഡോ.തോമസ്‌ കെ. ഉമ്മൻ അധ്യക്ഷത വഹിച്ചു. റീജണൽ ഡയറക്ടർ ഫാ. ജേക്കബ്‌ വെള്ളമരുതുങ്കൽ, ജോയിക്കുട്ടി ലൂക്കോസ്‌, വി.ഡി. രാജു, എം.ഡി. റാഫേൽ, മത്തായി മരുതൂർ, ഫാ. ആന്റണി അറയ്ക്കൽ, ഫാ. ദേവസി പന്തല്ലൂക്കാരൻ, ലിസി ജോസ്‌, തോമസുകുട്ടി മണക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.

ഓര്‍ത്തഡോക്സ് - കത്തോലിക്കാ പൊതുധാരണകള്‍ മഹത്തരം : ആർച്ച് ബിഷപ്‌ ഡോ.ബ്രയാൻ ഫാരൽ

അജപാലനപരമായ സഹകരണം പഠനവിഷയമാക്കും
 കോട്ടയം, 2014 ഡിസംബര്‍ 5 –
മലങ്കര ഓർത്തഡോക്സ്‌ സഭയും കത്തോലിക്കാ സഭയും തമ്മിൽ സഭൈക്യരംഗത്ത്‌ എത്തിച്ചേർന്നിട്ടുള്ള ഔദ്യോഗിക പൊതുധാരണകൾ മഹത്തരമാണന്നു സഭൈക്യത്തിനായുളള വത്തിക്കാൻ പൊന്തിഫിക്കൽ കൗൺസിലിന്റെ സെക്രട്ടറി ആർച്ച്ബിഷപ്‌ ഡോ.ബ്രയാൻ ഫാരൽ.

ബസേലിയോസ്‌ ഔഗേൻ കാതോലിക്കാ ബാവ, പോൾ ആറാമൻ മാർപാപ്പയെ മുംബൈയിൽ സന്ദർശിച്ചു സഭകൾ തമ്മിലുള്ള ഔദ്യോഗിക ബന്ധങ്ങൾക്ക്‌ ആരംഭം കുറിച്ചതിന്റെ 50-​‍ാം വാർഷികവും ദൈവശാസ്ത്ര ചർച്ചകളുടെ 25-​‍ാം വാർഷികവും അനുസ്മരിച്ചു് ദേവലോകം അരമനയിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്‌. കത്തോലിക്കാസഭയും മലങ്കര ഓർത്തഡോക്സ്‌ സഭയും തമ്മിൽ സഭൈക്യത്തിനായുളള ഔദ്യോഗിക ദൈവശാസ്ത്ര സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനത്തിൽ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ പൗലോസ്‌ ദ്വിതീയൻ കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.

ക്രിസ്തുവിജ്ഞാനീയം, കൂദാശകളുടെ പങ്കുവയ്ക്കൽ, ദേവാലയങ്ങളും സെമിത്തേരികളും പങ്കുവയ്ക്കൽ എന്നിവ സംബന്ധിച്ച പൊതുധാരണകൾ ഇനിയുളള ചർച്ചയ്ക്ക്‌ അടിസ്ഥാനമാകുമെന്ന്‌ ആർച്ച്ബിഷപ്‌ ഫാരൽ പ്രത്യാശ പ്രകടിപ്പിച്ചു.

25 വർഷം സഭൈക്യ ചർച്ചകൾക്കു നേതൃത്വം നല്കിയ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ്‌ പ്രഥമൻ ബാവ, മാത്യൂസ്‌ ദ്വിതീയൻ ബാവ, ദിദിമോസ്‌ ബാവ, ഇപ്പോഴത്തെ പൗലോസ്‌ ദ്വിതീയൻ ബാവാ, പൗലോസ്‌ മാർ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത, കത്തോലിക്കാ സഭയിലെ സിറിൾ മാർ ബസേലിയോസ്‌ മെത്രാപ്പോലീത്ത, ആർച്ച്ബിഷപ്‌ മാർ കുര്യാക്കോസ്‌ കുന്നശേരി, ബിഷപ്‌ ഡോ.പാട്രിക്‌ ഡിസൂസ എന്നിവരെ അനുസ്മരിച്ച്‌ ആർച്ച്ബിഷപ്‌ മാർ ജോസഫ്‌ പവ്വത്തിൽ പ്രസംഗിച്ചു.

പശ്ചിമേഷ്യയിൽ നിരന്തരം പീഡിപ്പിക്കപ്പെടുന്ന വംശ മതന്യൂ നപക്ഷങ്ങളോടു സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അവരെ പ്രാർഥനയും പിന്തുണയും അറിയിക്കും.

മതങ്ങൾ തമ്മിലുളള സ ഹവർത്തിത്വവും സൗഹാർദവും സഭകൾ തമ്മിലുളള അജപാലന പരമായ സഹകരണവും പഠനവിഷയമാക്കാൻ സമിതി നിർദേശിച്ചു.

രണ്ടു ദിവസമായി മാങ്ങാനം സ്പിരിച്വാലിറ്റി സെന്ററിൽ നടന്ന എക്യുമെനിക്കൽ ഡയലോഗിൽ കത്തോലിക്കാസഭയിൽനിന്ന്‌ ആർച്ച്ബിഷപ്പുമാരായ ഡോ. ബ്രയാൻ ഫാരൽ, മാർ ജോസഫ്‌ പവ്വത്തിൽ, മാർ മാത്യു മൂലക്കാട്ടിൽ, തോമസ്‌ മാർ കൂറിലോസ്‌, ബിഷപ്പുമാരായ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, മാർ ജോസഫ്‌ കല്ലറങ്ങാട്ട്‌, മല്പാൻ റവ.ഡോ. മാത്യു വെള്ളാനിക്കൽ, റവ.ഡോ.സേവ്യർ കൂടപ്പുഴ, റവ.ഡോ.ജേക്കബ്‌ തെക്കേപ്പറമ്പിൽ, റവ.ഡോ.അഗസ്റ്റിൻ കടേപ്പറമ്പിൽ, റവ.ഡോ.ഫിലിപ്പ്‌ നെൽപ്പുരപ്പറമ്പിൽ, മോൺ. ഗബ്രിയേൽ ക്യുക്കേ, മലങ്കര ഓർത്തഡോക്സ്‌ സഭയിൽനിന്ന്‌ യാക്കോബ്‌ മാർ ഐറേനിയോസ്‌, യൂഹാനോൻ മാർ ദിയസ്കോറസ്‌, മാത്യൂസ്‌ മാർ തീമോത്തിയോസ്‌, ഗീവർഗീസ്‌ മാർ യൂലിയോസ്‌, റവ.ഡോ.കെ.എം. ജോർജ്‌, ഫാ.ജോൺ ഏബ്രഹാം കോനാട്ട്‌, റവ.ഡോ. ബേബി വർഗീസ്‌, ഫാ.ഏബ്രഹാം തോമസ്‌, റവ.ഡോ.ടി.ഐ. വർഗീസ്‌, റവ.ഡോ.റജി മാത്യു, റവ.ഡോ. ജോസ്‌ ജോൺ, റവ.ഡോ.ഒ. തോമസ്‌ എന്നിവർ പങ്കെടുത്തു. റവ.ഡോ.സേവ്യർ കൂടപ്പുഴ, റവ.ഡോ.അഗസ്റ്റിൻ കടേപ്പറമ്പിൽ, റവ.ഡോ.ടി.ഐ. വർഗീസ്‌, റവ.ഡോ. ഒ. തോമസ്‌ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

20141204

സമഭാവന കൈവിടരുത്‌: പരിശുദ്ധ കാതോലിക്കാ ബാവാ


കോട്ടയം, 2014 ഡിസംബര്‍ 3 –
നാനാത്വത്തിൽ ഏകത്വം എന്ന ഭാരതീയ ദർശനം കൈവിടാതെ എല്ലാ ജനവിഭാഗങ്ങളെയും സമഭാവനയോടെ കാണാനുള്ള ഹൃദയവിശാലത നേതാക്കൾക്കുണ്ടാകണമെന്ന്‌ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാർത്തോമ്മാ പൗലോസ്‌ ദ്വിതീയൻ ബാവാ ഉദ്ബോധിപ്പിച്ചു. കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതിയുടെ ഡൽഹിയിലെ തിരഞ്ഞെടുപ്പ് പ്രചരണപൊതുയോഗത്തിലെ പ്രസംഗം ജനങ്ങളെ ഭിന്നിപ്പിക്കുന്നതായതിനാൽ അപലപനീയവും അപകടകരവുമാണ്‌.

മതേതരത്വത്തിൽ ലോകത്തിന്‌ അനുകരിക്കാവുന്ന മഹനീയ പാരമ്പര്യമാണ്‌ നമുക്കുള്ളതെന്ന്‌ മറക്കരുതെന്നും അതു പിന്തുടരാനുള്ള ബാധ്യത ഇ​‍ൗ തലമുറ ഏറ്റെടുക്കണമെന്നും ബാവാ പറഞ്ഞു. ഡല്‍ഹിയിലെ തഹിര്‍പുരിലുള്ള ദില്‍ഷാദ് ഗാര്‍ഡനിലെ റോമന്‍ കത്തോലിക്കാ പള്ളി (ഡിസംബര്‍ ഒന്നാംതീയതി തിങ്കളാഴ്ച പുലര്‍ച്ചെ) കത്തിനശിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ചുള്ള അന്വേഷണം ത്വരിതപ്പെടുത്തണമെന്നും ബാവാ പറഞ്ഞു.

കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി ഡൽഹിയിലെ പൊതുയോഗത്തിൽ നടത്തിയ വിവാദ പ്രസംഗത്തില്‍ ഇന്ത്യയിലെ ജനങ്ങളെ രണ്ടായി വേർതിരിക്കുകയും ഒരുകൂട്ടർ രാമന്റെ സന്തതികളും മറ്റുള്ളവർ ജാരസന്തതികളുമാണെന്നും പറഞ്ഞിരുന്നു.