ആകമാന സഭാനിലപാടുകള്‍

20150215

അന്ത്യോക്യാ - മലങ്കര സഭാസമാധാനച്ചര്‍ച്ചകള്‍ക്കുള്ള മലങ്കരസഭയുടെ പ്രതിനിധികളെ നിയമിയ്ക്കുന്നതു് അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ തുടര്‍നടപടികള്‍ അറിഞ്ഞശേഷം


കോട്ടയം: അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പ്രധാനമേലദ്ധ്യക്ഷനായ പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവ സഭാസമാധാനക്കാര്യത്തില്‍ സ്വീകരിയ്ക്കുന്ന സമീപനം വ്യക്തമായി മനസ്സിലാക്കിയശേഷം മാത്രം അന്ത്യോക്യാ - മലങ്കര സഭാസമാധാനച്ചര്‍ച്ചകള്‍ നടത്തുവാനുള്ള മലങ്കര സഭയുടെ കമ്മിറ്റിയെ നിയമിച്ചാല്‍ മതിയെന്നു് ഫെബ്രുവരി 11-ആം തീയതി ബുധനാഴ്ച ഇവിടെ ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ സുന്നഹദോസ് സ്റ്റാന്റിങ് കമ്മിറ്റിയുടെയും സഭാവര്‍ക്കിങ് കമ്മിറ്റിയുടെയും സംയുക്തയോഗം തീരുമാനിച്ചു.

തര്‍ക്കമുളള പിറവം, മുളന്തുരുത്തി പളളികളില്‍ അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസ്‌ ബാവ അനധികൃതമായി പ്രവേശിച്ചതില്‍ നിന്നു് അദ്ദേഹം യഥാര്‍ത്ഥത്തില്‍ സമാധാനം ഉദ്ദേശിയ്ക്കുന്നില്ലെന്നാണു് വ്യക്തമാക്കുന്നതെന്നു് യോഗം വിലയിരുത്തി.

20150214

പാത്രിയര്‍ക്കീസ്‌ ബാവ നിയമവാഴ്‌ചയ്‌ക്കും കോടതിവിധിക്കും വേണ്ടി നിലപാെടടുക്കണം: ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത


കോട്ടയം,ഫെ 12: കേരള സന്ദര്‍ശനം നടത്തുന്ന അന്ത്യോക്യാ പാത്രിയര്‍ക്കീസ് പാത്രയര്‍ക്കീസ് ബാവ തര്‍ക്കമുളള പിറവം പളളിയില്‍ കയറി പ്രസ്താവന നടത്തിയ നടപടി അനുചിതമാണെന്നും ഐക്യശ്രമങ്ങളെ പിന്നോട്ടടിക്കുമെന്നും ഓര്‍ത്തഡോക്‌സ് സഭയുടെ കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് കുറ്റപ്പെടുത്തി.

കേരളത്തിലെത്തിയ പാത്രയര്‍ക്കീസ് ബാവയുമായി സന്ദര്‍ശിക്കുന്ന പളളികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. എന്നാല്‍ ഇതിനു വിഭിന്നമായി തര്‍ക്കമുളള പിറവം, മുളന്തുരുത്തി പളളികളില്‍ കയറിയതിലാണ് ഓര്‍ത്തഡോക്‌സ് സഭയ്ക്കു് വിയോജിപ്പു്. സമാധാനത്തിനുവേണ്ടി സംസാരിക്കുന്ന ബാവയില്‍നിന്ന് പ്രതീക്ഷിച്ചതല്ല ഇതെന്നാണ് ഡോ. തോമസ് മാര്‍ അത്തനാസ്യോസിന്റെ പ്രസ്താവനയിലുളളത്.


തര്‍ക്കത്തിലുള്ള പള്ളികളില്‍ പാത്രിയര്‍ക്കീസ്‌ ബാവ പ്രവേശിക്കുന്നത്‌ അനുചിതം: ഓര്‍ത്തഡോക്‌സ് സഭ
- മംഗളം Story Dated: Friday, February 13, 2015 01:09

കോട്ടയം: മലങ്കര സഭയിലെ സമാധാനത്തെക്കുറിച്ചു സംസാരിക്കുകയും അതിനുവേണ്ടിയുള്ള പരിശ്രമങ്ങള്‍ക്ക്‌ ആഹ്വാനം ചെയ്യുകയും ചെയ്യുന്ന പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ തര്‍ക്കം നിലനില്‍ക്കുന്ന പള്ളികളില്‍ പ്രവേശിക്കുന്നത്‌ അനുചിതമാണെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭ. തര്‍ക്കം നിലനില്‍ക്കുന്ന പിറവം വലിയപള്ളിയിലെ സന്ദര്‍ശനവും ബാവ അവിടെ നടത്തിയ പ്രസ്‌താവനയും അനുചിതമാണെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ പറഞ്ഞു.

സര്‍ക്കാര്‍ അംഗീകരിച്ച സന്ദര്‍ശന പരിപാടികളില്‍ പിറവം വലിയപള്ളി ഇല്ലാതിരിക്കെ അവിടെ അനധികൃതമായി വരുന്നതിനു സംവിധാനം ഒരുക്കുക വഴി സര്‍ക്കാരും പക്ഷപാതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതു പ്രതിഷേധാര്‍ഹമാണ്‌.
പാത്രിയര്‍ക്കീസ്‌ ബാവയുടെ മലങ്കര സന്ദര്‍ശനവും സഭയുടെ നീതിപൂര്‍വമായ സമാധാനം സംബന്ധിച്ച നടപടികളും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ പരിശുദ്ധ കാതോലിക്കാ ബാവ സ്വാഗതം ചെയ്‌തിരുന്നു. സമാധാനം മുന്‍നിര്‍ത്തിയുള്ള ഈ നിലപാട്‌ മുതലെടുത്ത്‌ പാത്രിയര്‍ക്കീസ്‌ ബാവ തര്‍ക്കമുള്ള പള്ളികളില്‍ പ്രവേശിച്ച്‌ നീതിപൂര്‍വമല്ലാത്ത പ്രസ്‌താവനകള്‍ നടത്തുന്നതിനോടു യോജിക്കാനാകില്ല. ഇത്തരം നടപടികള്‍ സഭാസമാധാനത്തിനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കു ഗുണം ചെയ്യില്ല.
തര്‍ക്കം പരിഹരിക്കാന്‍ കോടതിവിധികള്‍ സഹായിക്കില്ലെന്നു പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ പറയുമ്പോള്‍ മലങ്കര സഭയുടെ ചരിത്രത്തില്‍ കോടതിവിധികള്‍ അംഗീകരിക്കപ്പെട്ടതിലൂടെയാണ്‌ സമാധാനം സ്‌ഥാപിക്കപ്പെട്ടത്‌. 1995-ലെ സുപ്രീംകോടതി വിധി സഭയുടെ സമാധാനത്തിനുള്ളതാണെന്നു മലങ്കര സഭയില്‍ അന്നുണ്ടായിരുന്ന ഇരുവിഭാഗങ്ങളും അംഗീകരിച്ചതാണ്‌. അന്നത്തെ പാത്രിയര്‍ക്കീസും ഇത്‌ അംഗീകരിച്ച്‌ കല്‍പന പുറപ്പെടുവിച്ചിരുന്നു. കോടതി വിധി പരിഹാരമല്ലെന്ന്‌ ഇപ്പോള്‍ പാത്രിയര്‍ക്കീസ്‌ ബാവ പറയുന്നത്‌ വസ്‌തുതകള്‍ക്കു നിരക്കുന്നതല്ല.

തികഞ്ഞ അരാജകത്വവും അരക്ഷിതത്വവും നിലനില്‍ക്കുന്ന പശ്‌ചിമേഷ്യന്‍ രാജ്യങ്ങളുടെ സാഹചര്യം നേരിട്ടനുഭവിക്കുന്ന ജനവിഭാഗത്തിന്റെ പ്രതിനിധിയാണ്‌ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ. നിയമവാഴ്‌ച ഇല്ലാത്തതും ഭരണമില്ലാത്തതുമായ സാഹചര്യമാണ്‌ ഈ അരക്ഷിതാവസ്‌ഥയ്‌ക്കു കാരണം. ഇത്തരം സാഹചര്യങ്ങള്‍ അറിയാവുന്ന പാത്രിയര്‍ക്കീസ്‌ ബാവ നിയമവാഴ്‌ചയ്‌ക്കും കോടതിവിധിക്കും വേണ്ടി നിലപാെടടുക്കുകയാണു വേണ്ടതെന്നും മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി.

- മംഗളം

പിറവം വലിയപള്ളിയിൽ പാത്രിയാർക്കിസ് ബാവ പ്രവേശിച്ചത് ശരിയായില്ല: ഓർത്തഡോക്‌സ് സഭ  കേരള കൗമുദി

യാക്കോബായ - ഓര്‍ത്തഡോക്സ് ഐക്യശ്രമം പാളുന്നു  ഏഷ്യാനെറ്റ്

തര്‍ക്കമുള്ള പള്ളിയില്‍ പാത്രിയര്‍ക്കീസ് പ്രവേശിച്ചത് തെറ്റെന്ന് ഓര്‍ത്തഡോക്‌സ് സഭ  മാതൃഭൂമി


കമ്മിഷനെ പ്രഖ്യാപിച്ചത്‌ ഏകപക്ഷീയവും മേധാവിത്വ സ്വഭാവത്തോടെയും: ഓര്‍ത്തഡോക്‌സ് സഭ
Story Dated: Saturday, February 14, 2015 01:21

കൊച്ചി: സഭാസമാധാന ചര്‍ച്ചയ്‌ക്കുള്ള കമ്മിഷനെ പ്രഖ്യാപിച്ചത്‌ ഏകപക്ഷീയവും പാത്രിയര്‍ക്കീസിന്റെ മേധാവിത്വ സ്വഭാവം വ്യക്‌തമാക്കുന്നതുമാണെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭ.
സ്വത്തും പള്ളിയും പങ്കിട്ടല്ല, സമാധാനം ഉണ്ടാക്കേണ്ടത്‌; അനുരഞ്‌ജനത്തിലൂടെയും ഐക്യത്തിലൂടെയുമാകണം. സഭാസ്വത്തുക്കള്‍ പങ്കിടണം എന്നു ശഠിക്കുന്നവര്‍ ഏതു ഭാഗത്തായാലും സഭയുടെ വിളിയും ഭാവിയും ആഗ്രഹിക്കുന്നവരല്ലെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ വ്യക്‌തമാക്കി.
കമ്മിഷന്‍ ഉണ്ടാക്കാനുള്ള തീരുമാനം പരിശുദ്ധ കാതോലിക്ക ബാവയുമായി ആലോചിച്ചു സംയുക്‌ത സംരംഭത്തിന്റെ ഭാഗമായി ഉണ്ടാകേണ്ടതായിരുന്നു. ഇപ്പോഴുണ്ടായ നടപടിക്രമം ഏകപക്ഷീയവും മേധാവിത്വ സ്വഭാവമുള്ളതുമാണ്‌. 'ഞാന്‍ ഇങ്ങനെയൊരു കമ്മിറ്റി സൃഷ്‌ടിക്കുന്നു. നിങ്ങള്‍ ഇപ്രകാരമൊന്ന്‌ ഉണ്ടാക്കി പ്രതികരിക്കണം' എന്ന മനോഭാവം സഹകരണത്തിന്റേതല്ല. ഇരുസഭാ കേന്ദ്രങ്ങളുടെയും പരസ്‌പര ആലോചനയോടെ ഈ തീരുമാനം എടുക്കണമായിരുന്നു. ഏകപക്ഷീയമായ തീരുമാനം നയതന്ത്രപരമായ പാളിച്ചയായി.
തീരുമാനം ഒരിക്കലും മാധ്യമങ്ങള്‍ക്കു നല്‍കുകയല്ലായിരുന്നു വേണ്ടത്‌. പരിശുദ്ധ കാതോലിക്ക ബാവയെ അറിയിക്കുകയായിരുന്നു ഉചിതം. മാധ്യമ പ്രതികരണങ്ങള്‍ക്കനുസരിച്ചല്ല, ഉഭയ ആലോചനയുടെയും സഹകരണത്തിന്റെയും പശ്‌ചാത്തലത്തിലാകണം ഐക്യസമാധാന ശ്രമങ്ങള്‍.
സഭൈക്യം സംബന്ധിച്ചു പാത്രിയര്‍ക്കീസ്‌ ബാവയുടെ അഭിപ്രായം ഉള്ളവരല്ല കമ്മിറ്റിക്കാര്‍ എന്നത്‌ ഇവിടെ എല്ലാവര്‍ക്കും അറിയാവുന്നതാണ്‌. അതിനാല്‍ കമ്മിറ്റിയില്‍ ശീമയില്‍നിന്നുള്ള പ്രതിനിധികൂടി ഉണ്ടാകണമായിരുന്നു. മനഃപ്പൊരുത്തമില്ലാത്ത ബിഷപ്പുമാരുടെ കമ്മിറ്റിക്കു നിര്‍ണായക തീരുമാനമെടുക്കാന്‍ എത്രമാത്രം കഴിയുമെന്നതു കണ്ടറിയേണ്ടതാണ്‌.
കേസുകള്‍ പിന്‍വലിച്ചിട്ടു സമാധാനാലോചനയ്‌ക്കു പോയി ഫലപ്രദമായില്ലെങ്കില്‍ അവ തുടരാനാകില്ല. പുതുതായി കേസ്‌ കൊടുക്കേണ്ടതായി വരും. അപ്പോള്‍ കേസ്‌ പിന്‍വലിപ്പിച്ചു ഭീഷണി ഒഴിവാക്കി അവകാശം ശക്‌തമാക്കാനുള്ള കള്ളക്കളിയാണ്‌ ഈ ആവശ്യത്തിനു പിന്നിലെന്ന്‌ ആര്‍ക്കും മനസിലാകും. സമാധാനാലോചനകള്‍ നടക്കുന്നതിനു കേസുകള്‍ പിന്‍വലിക്കേണ്ടതിന്റെ ആവശ്യമില്ല. സമാധാന ചര്‍ച്ചകള്‍ ഫലവത്താകുന്ന മുറയ്‌ക്ക്‌ കേസുകള്‍ സ്വയം അപ്രസക്‌തമാകും. ഉപാധികള്‍ ഒന്നുമില്ലാതെ പരസ്‌പര വിശ്വാസത്തോടും വിശ്വാസ്യതയോടെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്‌തു സൗഹൃദം സൃഷ്‌ടിക്കാനും സമാധാനം സ്‌ഥാപിക്കാനുമാണ്‌ ഇരുപക്ഷവും ശ്രമിക്കേണ്ടത്‌. സമാധാനം ഉണ്ടാകുമ്പോള്‍ വ്യവഹാരങ്ങള്‍ താനേ ഇല്ലാതായിക്കൊള്ളുമെന്നും അദ്ദേഹം വ്യക്‌തമാക്കി.2015 ഫെബ്രുവരി ലക്കം കണ്ടനാട്‌ ഡയോസിന്‍ ബുള്ളറ്റിനിലാണ്‌ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിട്ടുള്ളത്‌.
- മംഗളം



പോര്‍വിളിച്ച്‌ സമാധാന നീക്കം അട്ടിമറിക്കാനില്ല: യാക്കോബായസഭ
Story Dated: Saturday, February 14, 2015 01:21

കൊച്ചി: സഭാതര്‍ക്കം രമ്യമായി പരിഹരിക്കാനാണു യാക്കോബായ സുറിയാനി സഭ ആഗ്രഹിക്കുന്നതെന്ന്‌ കണ്ടനാട്‌ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്‌ മോര്‍ ഈവാനിയോസ്‌ അറിയിച്ചു.
പാത്രിയര്‍ക്കീസ്‌ ബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എപ്പിസ്‌കോപ്പല്‍ സുന്നഹദോസും സഭാസമിതികളും പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്താന്‍ മെത്രാപ്പോലീത്തമാര്‍ അടങ്ങുന്ന സമിതിയെ നിര്‍ദേശിച്ചതിനെ സമൂഹവും മാധ്യമങ്ങളും സ്വാഗതം ചെയ്‌തതു മുമ്പോട്ടുള്ള കാല്‍വയ്‌പിന്‌ ഉത്തേജനം പകരും. ഇരുസഭകളാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു മുമ്പോട്ടുപോകണം. പാത്രിയര്‍ക്കീസ്‌ ബാവയും ശ്രേഷ്‌ഠ കാതോലിക്ക ബാവയും ചേര്‍ന്നു തുടക്കമിട്ട സമാധാനനീക്കങ്ങളെ ഓര്‍ത്തഡോക്‌സ്‌ വിഭാഗവും പിന്തുണയ്‌ക്കുമെന്നാണു പ്രതീക്ഷ.
സര്‍ക്കാരിന്റെ രേഖാമൂലമുള്ള സമ്മതത്തോടെയാണു പാത്രിയര്‍ക്കീസ്‌ ബാവ യാക്കോബായ സഭയുടെ പൂര്‍ണ നിയന്ത്രണത്തിലുള്ള പിറവം രാജാധിരാജ കത്തീഡ്രലില്‍ പ്രവേശിച്ചു കുര്‍ബാന അര്‍പ്പിച്ചത്‌.
- - മംഗളം 

20150213

ഇരു സഭകളാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുക: പാത്രിയര്‍ക്കീസ്‌ ബാവ


Friday, February 13, 2015 മംഗളം
കൊച്ചി: യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങള്‍ യോജിപ്പിനു ശ്രമിക്കുന്നതിനെക്കാള്‍ ഉത്തമം ഇരു സഭകളാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്നതാണെന്ന്‌ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ തലവന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവ പറഞ്ഞു. പുത്തന്‍കുരിശില്‍ ചേര്‍ന്ന യാക്കോബായ സുറിയാനി സഭാ മാനേജിങ്‌ കമ്മിറ്റി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബാവ.
ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിന്റെ 1934 ലെ ഭരണഘടനയില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസാണു സഭയുടെ ആത്മീയ മേലധ്യക്ഷനെന്നു പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ അന്ത്യോഖ്യാ സിംഹാസനത്തിന്റെ ആത്മീയ മേല്‍ക്കോയ്‌മ നിലനിര്‍ത്തണമോയെന്ന്‌ അവര്‍ക്കു തീരുമാനിക്കാം. കേസുകള്‍ അവസാനിപ്പിച്ചു പരസ്‌പരം സഹവര്‍ത്തിത്തത്തോടെ മുമ്പോട്ടു നീങ്ങാന്‍ ഇരു വിഭാഗവും തയാറാകണം. സുന്നഹദോസ്‌ നിയമിച്ച കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. മലങ്കരയിലെ സുന്നഹദോസും സമിതികളും എടുക്കുന്ന തീരുമാനങ്ങള്‍ മാത്രമേ താന്‍ അംഗീകരിക്കുകയുള്ളൂവെന്ന്‌ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ പറഞ്ഞു.
സഭാ സമാധാനം സംബന്ധിച്ചു സഭയ്‌ക്ക്‌ വ്യക്‌തമായ കാഴ്‌ചപ്പാടുണ്ട്‌. യാക്കോബായ സുറിയാനി സഭയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന യാതൊന്നും സിംഹാസനത്തില്‍നിന്ന്‌ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
യാക്കോബായ സഭയുടെ ഇന്നത്തെ വളര്‍ച്ചയ്‌ക്കു കാരണം ശ്രേഷ്‌ഠ കാതോലിക്ക ബാവയുടെ നേതൃത്വമാണ്‌. പെരുമ്പള്ളി ഗീവര്‍ഗീസ്‌ മോര്‍ ഗ്രിഗോറിയോസും ഇന്നത്തെ ശ്രേഷ്‌ഠ കാതോലിക്ക ബാവയും സഭയുടെ വളര്‍ച്ചയ്‌ക്കു നല്‍കിയ നേതൃത്വം വളരെ വലുതാണ്‌. അവര്‍ സഹിച്ച ത്യാഗങ്ങള്‍ ആദരവോടുകൂടിയാണ്‌ സഭ കാണുന്നത്‌.
ശ്രേഷ്‌ഠ കാതോലിക്കാ ബാവയുടെ ജീവിതാവസാനം വരെ അദ്ദേഹം ഈ സഭയെ നയിക്കും. ബാവയ്‌ക്കെതിരേ ഇവിടെ ചിലര്‍ നടത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കാന്‍ സാധ്യമല്ല. ശ്രേഷ്‌ഠ ബാവയോടൊപ്പം സഭ ഒറ്റക്കെട്ടായിനിന്നു സമാധാനത്തോടെ മുന്നോട്ടുപോകണമെന്നാണ്‌ ആഗ്രഹിക്കുന്നതെന്നും പരിശുദ്ധ ബാവ പറഞ്ഞു.
ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ, ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, സഭാ ട്രസ്‌റ്റി തമ്പു ജോര്‍ജ്‌ തുകലന്‍, സഭാ സെക്രട്ടറി ജോര്‍ജ്‌ മാത്യു തെക്കേത്തലയ്‌ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.


യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ രണ്ടായി മുന്നോട്ടുപോകണം: പാത്രിയര്‍ക്കീസ്‌ ബാവ
മംഗളം Thursday, February 12, 2015

നെടുമ്പാശേരി: മലങ്കരയിലെ യാക്കോബായ-ഓര്‍ത്തഡോക്‌സ്‌ സഭകള്‍ സമാധാനത്തോടും സൗഹൃദത്തോടും മുന്നോട്ടുപോകണമെന്ന്‌ ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവ. മാര്‍ത്തോമ്മ, കത്തോലിക്ക, സി.എസ്‌.ഐ. സഭകളെപോലെ ഓര്‍ത്തോഡക്‌സ്‌ സഭയെയും സഹോദര സഭയായി കണക്കാക്കുമെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി.
വ്യവഹാരങ്ങളും തര്‍ക്കങ്ങളും അവസാനിപ്പിക്കണം. രണ്ടു സഭകളും ക്രിസ്‌തീയദര്‍ശനങ്ങള്‍ ഉയര്‍ത്തിപിടിക്കണം. മലങ്കരയില്‍ ശ്രേഷ്‌ഠ കാതോലിക്ക ബാവയുടെ അധ്യക്ഷതയിലുള്ള സുന്നഹദോസ്‌ ഇതു സംബന്ധിച്ചെടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും തന്റെ അംഗീകാരമുണ്ടായിരിക്കും.
അന്ത്യോഖ്യ സിംഹാസനം എക്കാലത്തും മലങ്കരസഭയെ കരുതുമെന്നും ബാവ പറഞ്ഞു. ചെറിയ വാപ്പാലശേരി മാര്‍ ഇഗ്‌നാത്തിയോസ്‌ പള്ളിയില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ബാവ. സമ്മേളനത്തില്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ അധ്യക്ഷതവഹിച്ചു.