ആകമാന സഭാനിലപാടുകള്‍

20090805

സ്വവര്‍ഗരതി നിയമവിധേയമാക്കരുത് ‌- ഓര്‍ത്തഡോക്‌സ്‌ സഭ

കോട്ടയം: സ്വവര്‍ഗരതി നിയമവിധേയമാക്കാനുള്ള നീക്കത്തില്‍ ദേവലോകം കാതോലിക്കേറ്റ്‌ അരമനയില്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവയുടെ അധ്യക്ഷതയില്‍ച്ചേര്‍ന്ന സുന്നഹദോസ്‌ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി പ്രതിഷേധിച്ചു.

വിവാഹ രജിസ്ട്രേഷന്‍ : സമയം നീട്ടി

2008 ഫെബ്രുവരി 29-നു മുമ്പു നടന്ന വിവാഹങ്ങള്‍ ഓഗസ്റ്റ് 28 വരെ പിഴ കൂടാതെ രജിസ്റ്റര്‍ ചെയ്യാം. വിവാഹം നടന്നതിന്റെ തെളിവായി മതാധികാര സ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രമോ ഗസറ്റഡ് ഓഫീസര്‍ / പാര്‍ലമെന്റ് / നിയമസഭാംഗം / തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗത്തില്‍ നിന്നോ ഉള്ള പ്രഖ്യാപനമോ സ്വീകരിക്കുന്നതിനും വിവാ‍ഹ മെമ്മോറാണ്ടത്തിലും രജിസ്റ്ററിലും തൊഴില്‍ രേഖപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകളും വിവാഹ രജിസ്റ്റര്‍ ചട്ട ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഓര്‍ത്തഡോക്‌സ്‌ സഭ 'കുടുംബഭദ്രതമാസം' ആചരിക്കും

കോട്ടയം: കുടുംബബന്ധങ്ങളിലുണ്ടാകുന്ന ശിഥിലീകരണ പ്രവണതകളെ നിരുത്സാഹപ്പെടുത്തി 'ഉത്തമകുടുംബം ഉല്‍കൃഷ്ടസമൂഹം' എന്ന ലക്ഷ്യം കൈവരിക്കുന്നതിന്‌ ഉതകുന്ന ബോധവത്‌ക്കരണ പരിപാടികളോടെ ഒക്ടോബറില്‍ 'കുടുംബ ഭദ്രതമാസം ആചരിക്കണമെന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭാ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവാ ആവശ്യപ്പെട്ടു.

സഭാ മാനവശേഷി മാനേജ്‌മെന്റ്‌ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുടുംബ ഭദ്രതയ്‌ക്ക്‌ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതിനും, അനുയോജ്യരായ ജീവിത പങ്കാളികളെ കണ്ടെത്തുന്നതിന്‌ വിവാഹാര്‍ത്ഥികളെ സഹായിക്കുന്നതിനുമായി www.marry2love.com എന്ന ഫാമിലി വെബ്‌ സൈറ്റ്‌ ആരംഭിക്കും.

അഖണ്ഡ ബൈബിള്‍ പാരായണ മാസാചരണം ഉദ്‌ഘാടനം ചെയ്‌തു

കോട്ടയം: ഓര്‍ത്തഡോക്‌സ്‌ സഭയുടെ ആഭിമുഖ്യത്തില്‍ വനിതാ സമാജം നടപ്പിലാക്കുന്ന അഖണ്ഡ ബൈബിള്‍ പാരായണ മാസാചരണം ദേവലോകം കാതോലിക്കാസന അരമനയില്‍ പൗരസ്ത്യ കാതോലിക്കോസ് ബസേലിയോസ്‌ മാര്‍ത്തോമ്മ ദിദിമോസ്‌ പ്രഥമന്‍ ബാവാ ഉദ്‌ഘാടനം ചെയ്‌തു. ജൂലായ്‌ 15 മുതല്‍ ആഗസ്‌ത്‌ 14 വരെ 720 മണിക്കൂര്‍ നീളുന്ന പാരായണ പദ്ധതി ഉല്‌പത്തിപുസ്‌തകം ഒന്നാം അദ്ധ്യായം വായിച്ചുകൊണ്ടാണ്‌ പരിശുദ്ധ ബാവാ ഉദ്‌ഘാടനം ചെയ്‌തത്‌. സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌, ദേവലോകം അരമന മാനേജര്‍ ഗീവറുഗീസ്‌ റമ്പാന്‍, ഫാ. ജോണ്‍ ശങ്കരത്തില്‍, ഫാ. പി.എ. ഫിലിപ്പ്‌, പ്രൊഫ. പി.സി. ഏലിയാസ്‌, ടി.ജോണ്‍ മത്തായി തുടങ്ങിയവര്‍ പാരായണത്തില്‍ പങ്കെടുത്തു.

ശിഹാബ്‌ തങ്ങളുടെ വേര്‍പാട്‌ : പരിശുദ്ധ ബാവ അനുശോചിച്ചു

കോട്ടയം: പാണക്കാട്‌ ശിഹാബ്‌ തങ്ങളുടെ നിര്യാണത്തില്‍ ഓര്‍ത്തഡോക്‌സ്‌ പൗരസ്ത്യ സഭയുടെ പരമാധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ മോര്‍ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവ അനുശോചിച്ചു.

ദേശീയതയിലൂന്നിയ ഇസ്‌ലാമിക സംസ്‌കാരം പ്രോത്സാഹിപ്പിച്ച വ്യക്തിയെന്ന നിലയിലും ഉത്തരകേരളത്തില്‍ പല ക്രൈസ്‌തവ ദേവാലയങ്ങളും ആരംഭിക്കുന്നതിന്‌ സഹായിച്ച നേതാവെന്ന നിലയിലും ശിഹാബ്‌ തങ്ങളെ നന്ദിയോടെ സ്‌മരിക്കുന്നെന്നു് പരിശുദ്ധ ബാവ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഗ്രിഗോറിയന്‍ വോയ്സ് ന്യൂസ് പോര്‍ട്ടല്‍ ആരംഭിച്ചു

പരുമല : പരുമല സെമിനാരിയില്‍നിന്നും സംപ്രേക്ഷണം ചെയ്തുവരുന്ന ഗ്രിഗോറിയന്‍ ടി.വി. - റേഡിയോ സംഘത്തിന്റെ പുതിയ കാല്‍വെയ്പായ 'ഗ്രിഗോറിയന്‍ വോയ്സ് ' (ഡെയിലി ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍) ശ്രേഷ്ഠ നിയുക്ത കാതോലിക്ക പൌലോസ് മാര്‍ മിലിത്തിയോസ് തിരുമേനിയുടെയും അഭി.പിതാക്കന്മാരായ ഡോ.തോമസ് മാര്‍ അത്താനാസിയോസ്, ഡോ.മാത്യൂസ് മാര്‍ സേവേറിയോസ്, പൌലോസ് മാര്‍ പക്കോമിയോസ് എന്നിവരുടെ സാന്നിധ്യത്തില്‍ പരുമല സെമിനാരിയില്‍ നടന്ന ചടങ്ങില്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ ഉദ്ഘാടനംചെയ്തു. മലങ്കര ഓര്‍ത്തഡോക്സ് സഭാ അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ.ജോര്‍ജ്ജ് ജോസഫ്, വൈദിക ട്രസ്റ്റി ഫാദര്‍ ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, പരുമല സെമിനാരി മാനേജര്‍ എം.ഡി.യൂഹാനോന്‍ റമ്പാന്‍, അസിസ്റ്റന്റ് മാനേജര്‍മാരായ കെ.വി.ജോസഫ് റമ്പാന്‍, ഫാദര്‍ സൈമണ്‍ സ്കറിയ, ഫാദര്‍ യൂഹാനോന്‍ ജോണ്‍, പരുമല സെന്റ് ഗ്രീഗോറിയോസ് മിഷന്‍ ആശുപത്രി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഫാദര്‍ അലക്സാണ്ടര്‍ കൂടാരത്തില്‍, പരുമല സെമിനാരി കൌണ്‍സില്‍ മെമ്പര്‍മാരായ ശ്രീ.ജേക്കബ് തോമസ് അരികുപുറം, ശ്രീ. തോമസ് റ്റി. പരുമല, ശ്രീ.ജി. ഉമ്മന്‍ എന്നിവര്‍ തദവസരത്തില്‍സന്നിഹിതരായിരുന്നു

20090220

മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്ക് ഏഴു പുതിയ മെത്രാന്‍മാര്‍

കോട്ടയം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പ്രാര്‍ഥനാനിരതരായ വിശ്വാസിസഹസ്രങ്ങളെ സാക്ഷിനിര്‍ത്തി മലങ്കര ഓര്‍ത്തഡോക്സ് സഭ ഏഴു പുതിയ മെത്രാപ്പോലീത്തമാരെ അഭിഷിക്തരാക്കി.

പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടനകേന്ദ്രമായ പുതുപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയില്‍നടന്ന മെത്രാഭിഷേകച്ചടങ്ങുകള്‍ക്ക് പൗരസ്ത്യകാതോലിക്കോസ് ബസേലിയോസ് ദിദിമോസ് പ്രഥമന്‍ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. നിയുക്ത കാതോലിക്ക പൗലോസ് മാര് മിലിത്തിയോസും സഭയിലെ മറ്റു മെത്രാപ്പോലീത്താമാരും സഹകാര്‍മികത്വം വഹിച്ചു.

രാവിലെ ഏഴിന് ആരംഭിച്ച ശുശ്രൂഷകളില്‍ വിശുദ്ധ കുര്‍ബാനമധ്യേയാണ് മെത്രാഭിഷേകച്ചടങ്ങുകള്‍ നടന്നത്. മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട എല്‍ദോ റമ്പാന് യൂഹാനോന് മാര് പോളിക്കാര്‍പ്പോസ്, സ്തേഫാനോസ് റമ്പാന്‍ മാത്യൂസ് മാര്‍ തേവോദോസിയോസ്, ജോസഫ് റമ്പാന്‍ ജോസഫ് മാര്‍ ദീവന്നാസിയോസ്, ക്രിസ്റ്റഫോറസ് റമ്പാന്‍ ഏബ്രഹാം മാര്‍ എഫിപ്പാനിയോസ്, മത്തായി റമ്പാന്‍ മാത്യൂസ് മാര്‍ തീമോത്തിയോസ്, അലക്സന്ത്രിയോസ് റമ്പാന്‍ അലക്സന്ത്രിയോസ് മാര്‍ യൗസേബിയോസ്, യൂഹാനോന്‍ റമ്പാന്‍ യൂഹാനോന് മാര്‍ ദീയസ്കോറസ് എന്നീ സ്ഥാനപ്പേരുകള്‍ നല്കിയാണ് മെത്രാപ്പോലീത്തമാരായി അഭിഷിക്തരാക്കിയത്.

നവമെത്രാപ്പോലീത്താമാര്‍ പ്രത്യേകം തയാറാക്കിയ മദ്ബഹയ്ക്കു മുന്നില്‍ മുട്ടിന്‍മേല്‍ ഇരുന്നാണ് ശുശ്രൂഷയുടെ ആദ്യഘട്ടത്തില്‍ പങ്കുചേര്‍ന്നത്. തുടര്‍ന്ന് നവമെത്രാപ്പോലീത്താമാരില്‍ പ്രായം കൂടിയ യല്‍ദോ റമ്പാന്‍ മുതല്‍ പ്രായം കുറഞ്ഞ യൂഹാനോന് റമ്പാന്‍ വരെ സഭയോടും സമൂഹത്തോടുമുള്ള വിശ്വാസ പ്രഖ്യാപനം നടത്തി. ഇതിനുശേഷം പട്ടാഭിഷേകശുശ്രൂഷകള്‍ ആരംഭിച്ചു. ഇതേത്തുടര്‍ന്ന് നിയുക്ത കാതോലിക്കാ ഉള്‍പ്പെടെ സഭയിലെ മുതിര്‍ന്ന ഏഴു മെത്രാപ്പോലീത്താമാര്‍ ചേര്‍ന്ന് ഇവരെ അംശവസ്ത്രങ്ങള്‍ ധരിപ്പിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട മെത്രാന്‍മാരെ സിംഹാസനത്തിലിരുത്തി മൂന്നു പ്രാവശ്യം ഉയര്‍ത്തി തങ്ങള്‍ യോഗ്യരെന്ന പ്രഖ്യാപനം നടത്തുന്ന ഓക്സിയോസ് ചൊല്ലി. സിംഹാസനത്തിലിരുന്നു തന്നെ ഏവന്‍ഗേലിയോന്‍ വായനയും മെത്രാപ്പോലീത്തമാര്‍ നടത്തി. ഇതിനു ശേഷം ഓരോ മെത്രാപ്പോലീത്താമാര്‍ക്കും കാതോലിക്കബാവ അംശവടികള്‍ നല്കിയതോടെ ചടങ്ങുകള്‍ക്ക് സമാപനമായി.

തുടര്‍ന്നുനടന്ന പൊതുസമ്മേളനം നാഗാലാന്‍ഡ് ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്തു. ബസേലിയോസ് ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവ അധ്യക്ഷത വഹിച്ചു. നിയുക്ത കാതോലിക്ക പൗലോസ് മാര് മീലിത്തിയോസ്, കോട്ടയം ആര്‍ച്ച് ബിഷപ് മാര് മാത്യു മൂലക്കാട്ട്, ഡോ.യൂയാക്കീം മാര് കൂറീലോസ്, ബിഷപ് ഡോ. തോമസ് സാമുവേല്‍, തിരുവല്ല അതിരൂപത വികാരി ജനറാള്‍ മോണ്‍സിഞ്ഞോര്‍ ചെറിയാന്‍ രാമനാലില്‍ കോര്‍ എപ്പിസ്കോപ്പ, പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി, അല്മായ ട്രസ്റ്റി എം.ജി ജോര്‍ജ് മുത്തൂറ്റ്, വൈദിക ട്രസ്റ്റി ഫാ.ജോണ്‍സ് കോനാട്ട്, സഭാ സെക്രട്ടറി ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

കടപ്പാടു് ദീപിക