ആകമാന സഭാനിലപാടുകള്‍

20130330

പീഡിതരുടെ കഷ്‌ടപ്പാടില്‍ പങ്കാളിയാകുക: റോമാ മാര്‍പാപ്പ


വത്തിക്കാന്‍ നഗരം, മാര്‍ച്ച് 29: പാവങ്ങളെയും കഷ്‌ടപ്പെടുന്നവരെയും സഹായിക്കാന്‍ പുരോഹിതന്മാരെ റോമായുടെ ഫ്രാന്‍സിസ്‌ മാര്‍പാപ്പ ആഹ്വാനം ചെയ്‌തു. സഭാശ്രേണിയിലെ ഉയര്‍ച്ചയില്‍ മാത്രം ശ്രദ്ധിച്ചു സഭാപ്രവര്‍ത്തനങ്ങളുടെ മാനേജര്‍മാരായിരിക്കാതെ പുറത്തുപോയി പീഡിതരുടെ കഷ്‌ടപ്പാടില്‍ പങ്കാളിയാകാന്‍ പെസഹാവ്യാഴ ശുശ്രൂഷകളില്‍ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ പ്രസംഗിക്കവേ മാര്‍പാപ്പ ആവശ്യപ്പെട്ടു.

റോമിനു പുറത്തുള്ള ഒരു ജയിലിലെ 12 ചെറുപ്പക്കാരുടെ കാല്‍കഴുകി ചുംബിച്ചാണു മാര്‍പാപ്പ കാല്‍കഴുകല്‍ ശുശ്രൂഷ നിര്‍വഹിച്ചത്‌. പതിവിനു വിരുദ്ധമായി റോമിനു പുറത്ത്‌ വടക്കു പടിഞ്ഞാറന്‍ റോമിലെ ബാലതടവുകാരെ പാര്‍പ്പിച്ചിരിയ്ക്കുന്ന കാസല്‍ ഡെല്‍ മര്‍മോ ജയിലില്‍ ആണു് പെസഹാ ദിനത്തില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തിയതു്. 14-നും 21-നും ഇടയിലുള്ള കുറ്റം ചെയ്‌ത്‌ ജയിലില്‍ കഴിയുന്ന കുറ്റവാളികളായ ചെറുപ്പക്കാരെയാണ്‌ കാല്‍കഴുകല്‍ ശുശ്രൂഷയ്‌ക്കായി തിരഞ്ഞെടുത്തത്‌. സാധാരണ വത്തിക്കാനിലോ റോമിലെ ഏതെങ്കിലും ബസിലിക്കയിലോ ആയിരുന്നു മുന്‍ഗാമികള്‍ ശുശ്രൂഷ നടത്തിവന്നത്‌.

പാരമ്പര്യങ്ങള്‍ മാറ്റിവച്ച്‌ റോമാ മാര്‍ പാപ്പ സ്ത്രീകളുടെയും കാല്‍കഴുകി ചുംബിച്ചു

പെസഹ വ്യാഴത്തിന്റെ ഭാഗമായി നടന്ന ചടങ്ങുകളില്‍ ആചാരങ്ങളെയും പാരമ്പര്യങ്ങളെയുമൊക്കെ മറികടന്ന്‌ പുതിയ റോമാ മാര്‍പാപ്പ പെസഹാ നാളില്‍ രണ്ടു യുവതികളടക്കമുള്ളവടെ കാല്‍കഴുകി ചുംബിച്ചു. റോമിലെ കാസല്‍ മര്‍മോ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ (ജുവനൈല്‍ ഡിറ്റെന്‍ഷന്‍ സെന്ററില്‍) കഴിയുന്ന14 മുതല്‍ 21 വയസ് പ്രായമുള്ളവരുടെ കാലുകളാണ് ചടങ്ങുകളുടെ ഭാഗമായി അദ്ദേഹം കഴുകുകയും ചുംബിക്കുകയും ചെയ്തത്, ഇക്കൂട്ടത്തില്‍ രണ്ട് സ്ത്രീകളുമുണ്ടായിരുന്നു. സ്ത്രീകളില്‍ ഒരാള്‍ സെര്‍ബിയന്‍ മുസ്ലീം തടവുകാരിയും, രണ്ടാമത്തെ യുവതി ഇറ്റാലിയന്‍ കത്തോലിക്കാ വിശ്വാസിയുമായിരുന്നു. സെര്‍ബിയന്‍ മുസ് ലിം തടവുകാരിയുടെ കാല്‍ കഴുകി ചുംബിച്ചു.

ഇതിനു മുന്‍പ് മാര്‍പാപ്പമാര്‍ വനിതകളുടെ കാല്‍ കഴുകി ചുംബിയ്ക്കാറില്ല.റോമന്‍ കത്തോലിക്കാ ചരിത്രത്തില്‍ ആദ്യമായാണ് ഈ സംഭവമെന്നു് വത്തിക്കാന്‍ അറിയിച്ചു. പന്ത്രണ്ടു് ശിഷ്യന്‍മാര്‍ക്കു് ക്രിസ്തു കാല്‍ കഴുകി കൊടുത്തിന്റെ സ്മരണയ്ക്കാണ് ഈ ചടങ്ങ് നടത്തുന്നത്. ശിഷ്യ ഗണത്തില്‍ സ്ത്രീകള്‍ ഇല്ലാതിരുന്നതിനാല്‍ ഇവരെ ഉള്‍പ്പെടുത്തുക പതിവുണ്ടായിരുന്നില്ല. ഇതിനാണ് ഇപ്പോള്‍ പുതിയ പാപ്പ മാറ്റം വരുത്തിയിരിക്കുന്നത്.

ഇതൊരു അടയാളമാണ്, കാല്‍ കഴുകുന്നതിലൂടെ നിങ്ങളുടെ സേവകനാണ് ഞാന്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്- ദുര്‍ഗുണ പരിഹാര പാഠശാലയിലെ അന്തേവാസികളോട് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാനാണ് യേശു ഈ പ്രവൃത്തിയിലൂടെ നമ്മെ പഠിപ്പിച്ചത്. ഞാന്‍ അതാണ് ചെയ്യുന്നത്. ഞാന്‍ എന്റെ ഹൃദയത്തിനൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. കാരണം ഇത് എന്റെ ഉത്തരവാദിത്വമാണ്. ബിഷപ്പ്, പുരോഹിതന്‍ എന്നീ നിലയില്‍ ഉള്ള തന്റെ കര്‍ത്തവ്യമാണ് - അദ്ദേഹം പറഞ്ഞു. 76-കാരനായ പാപ്പ തറയില്‍ മുട്ടുകുത്തി വെള്ളി മൊന്തയില്‍ നിന്നും വെള്ളം എടുത്ത്‌ സ്‌ത്രീയും പുരുഷനും കറുത്തവരും വെളുത്തവരും ഉള്‍പ്പെടുന്ന 12 പേരുടെ കാലുകള്‍ കഴുകി തുടച്ചശേഷം മുട്ടില്‍ നിന്ന്‌ അവരുടെ കാലുകള്‍ ചുംബിച്ച വീഡിയോ വത്തിക്കാന്‍ പുറത്തിറക്കി.

കത്തോലിക്കാ സഭ പാവങ്ങള്‍ക്കൊപ്പമായിരിക്കണമെന്നും ആര്‍ഭാഡങ്ങള്‍ അധികം പാടില്ലെന്നതുമുള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ നേരത്തേ തന്നെ പോപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ചുകൊണ്ട് കാല്‍കഴുകല്‍ ശുശ്രൂഷകള്‍ കൂടി ചെയ്തതോടെ യാഥാസ്ഥിതികരായ പുരോഹിതര്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പക്ഷേ ലോകത്താകമാനം അദ്ദേഹത്തിന്റെ രീതികള്‍ക്ക് വലിയ സ്വീകാര്യതയും ലഭിയ്ക്കുന്നുണ്ട്.വന്‍പ്രാധാന്യത്തോടെയാണ് പാപ്പയുടെ കാല്‍കഴുകല്‍ വാര്‍ത്ത് ലോകത്താകമാനം പ്രചരിക്കുന്നത്. വിവിധ മതത്തില്‍പ്പെട്ടവരെയും സ്‌ത്രീകളെയും കാല്‍ കഴുകല്‍ ശുശ്രൂഷയ്‌ക്ക്‌ തിരഞ്ഞെടുത്തതില്‍ കടുത്ത വിമര്‍ശനം നടക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ഈ നടപടിയെ ഒരു വിഭാഗം സ്വാഗതം ചെയ്യുന്നുമുണ്ട്‌.

അര്‍ജന്റീനയിലെ ബ്യൂനസ്‌ ഐറിസില്‍ ആര്‍ച്ച്‌ ബിഷപ്പായിരിക്കുമ്പോഴും പെസഹ ശുശ്രൂഷയ്‌ക്ക്‌ അദ്ദേഹം തിരഞ്ഞെടുത്തിരുന്നത്‌ ജയിലോ ആശുപത്രിയോ വൃദ്ധഭവനമോ ആയിരുന്നു. ക്രൂശുമരണത്തിനു മുമ്പ്‌ അന്ത്യഅത്താഴ വേളയില്‍ യേശുക്രിസ്‌തു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ ഓര്‍മ പുതുക്കുന്നതാണ്‌ കാല്‍കഴുകല്‍ ശുശ്രൂഷ.

20130329

കാര്‍മികനും വിശ്വാസികളും ആരാധനയെ അനുഭവമാക്കണം: പൗരസ്ത്യ ബാവാ


കോട്ടയം: യേശുവിന്റെ ജീവിതത്തിന്റെയും സന്ദേശത്തിന്റെയും സജീവമായ പുനരാവിഷ്ക്കാരമായ ആരാധനയില്‍ കാര്‍മികനും വിശ്വാസികളും അനുഭവമുള്ളവരായി തീരണമെന്ന് ആകമാന ഓര്‍ത്തഡോക്സ് പൗരസ്ത്യ സുറിയാനി സഭയുടെ പരമാചാര്യനായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ പ്രസ്താവിച്ചു. 2013 മാര്‍ച്ച് 28നു് പെസഹാ വ്യാഴാഴ്ച കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ പ്രസംഗിക്കുകയായിരുന്നു ബാവാ.
അടിമ ഉടമയുടെ കാല്‍ കഴുകിയിരുന്ന പതിവിന് വിരുദ്ധമായി ഗുരു ശിഷ്യന്മാരുടെ കാല്‍ കഴുകി വിയനത്തിന്റെ പാഠം പകര്‍ന്നു. കൌമാര പ്രായത്തില്‍ കഴുകപ്പെടാന്‍ ആത്മീയ ഗുരുവായ പൌലോസ് മാര്‍ സേവേറിയോസ് തിരുമേനി നടത്തിയ കാല്‍കഴുകല്‍, ശുശ്രൂഷാ വേളയില്‍ ലഭിച്ച വിളി സ്മരിക്കാറുള്ള പരിശുദ്ധ കാതോലിക്കാ ബാവാ ഒരു വൈദീകനും 11 കുട്ടികളും അടങ്ങുന്ന ശിഷ്യന്മാരുടെ കാല്‍ കഴുകി. ഫാ. ഡോ.എം.പി. ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ വൈദീക സെമിനാരി ഗായകസംഘം ഗാനം ആലപിച്ചു.

യേശുക്രിസ്തു കുരിശു മരണത്തിന് തലേദിവസം ശിഷ്യന്മാരോടൊപ്പം മര്‍ക്കോസിന്റെ മാളികയില്‍ അന്ത്യഅത്താഴം കഴിക്കുന്നതിന് മുന്‍പ് വിനയത്തിന്റെയും, ലാളിത്യത്തിന്റെയും പ്രതീകമായി ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെ അനുസ്മരണമായിട്ടാണ് അപ്പോസ്തോല പിന്‍ഗാമികള്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുന്നത്.
പൗരസ്ത്യ ബാവായുടെ കാല്‍കഴുകല്‍ ശുശ്രൂഷ ഗുരു സ്മരണയില്‍

പെസഹാ വ്യാഴാഴ്ച്ചയായ 2013 മാര്‍ച്ച് 28-ന് ഉച്ചകഴിഞ്ഞ് 2.30-ന് അപൂര്‍വമായ കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കാണ് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍ സാക്ഷ്യം വഹിച്ചത്. പതിവിനു് വിരുദ്ധമായി വൈദികര്‍ക്കു് പകരം ഇടവകയിലെ 11 ബാലന്മാരുടെ കാലുകള്‍ കഴുകിയാണു് ആകമാന ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാചാര്യന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ ശുശ്രൂഷ നിര്‍വഹിച്ചത്.
പരിശുദ്ധ ബാവാ നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് ഒരു വൈദികനൊപ്പം 11 ബാലന്മാരെ കാല്‍കഴുകലിനു തിരഞ്ഞെടുത്തത്. ഇതിനു പിന്നില്‍ തന്നെ ആത്മീയ ജീവിതത്തോട് അടുപ്പിച്ച കഥ ബാവായ്ക്ക് പറയാനുണ്ട്. “എട്ടാം ക്ളാസില്‍ പഠിക്കുമ്പോഴാണ് ആ അനുഭവം. ആ വര്‍ഷം ഇടവകയായ പഴഞ്ഞി പള്ളിയില്‍ ഹാശാ ആഴ്ചയിലെ നടത്തിയത് പൌലോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയാണ്. പെസഹാ വ്യാഴം വന്നു. രാവിലെ കുര്‍ബ്ബാനയ്ക്കുശേഷം കാല്‍കഴുകല്‍ ശുശ്രൂഷയുടെ ഒരുക്കം തുടങ്ങി. കാല്‍കഴുകാന്‍ അര്‍ഹതയുള്ളവരുടെ പട്ടിക തയാറാക്കാന്‍ തുടങ്ങി. ഞാനും പള്ളിയില്‍ ഹാജരുണ്ട്. വൈദികര്‍ ധാരാളം സന്നിഹിതരാണ്. സ്ളീഹന്മാര്‍ 12 പേരുടെ കാലുകള്‍ കഴുകണമെന്നു മാര്‍ സേവേറിയോസ് തിരുമേനി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഒപ്പം ഒരു കാര്യംകൂടി പറഞ്ഞു. വൈദികര്‍ക്കൊപ്പം കുറച്ച് കൊച്ചുകാലുകളും കഴുകാന്‍ ഇരുത്തണം, അതില്‍ ഒരാള്‍ ഇവനായിരിക്കണമെന്ന് എന്നെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഞാന്‍ ആനന്ദം കൊണ്ട് തുള്ളിച്ചാടി. അങ്ങനെ സേവേറിയോസ് തിരുമേനി എന്റെയും കൂടി കാല്‍കഴുകി ശുശ്രൂഷ നിര്‍വഹിച്ചു. അതെനിക്കൊരു പ്രോത്സാഹനമായിരുന്നു. എന്നെ ഇവിടെവരെ എത്തിച്ച പ്രോല്‍സാഹനം’- ബാവാ പറഞ്ഞു.


20130315

മലങ്കര സഭയുടെ പള്ളികളില്‍ നിയമവാഴ്ച ഉറപ്പുവരുത്തുക

2012 നവംബര്‍ 18 കെയ്റോ: അലക്സാന്ത്രിയന്‍ മാര്‍പാപ്പ തെവോദ്രോസ്
ദ്വിതീയന്റെ സ്ഥാനാരോഹണവേളയില്‍ അന്ത്യോക്യായുടെ ഇഗ്നാത്തിയോസ്
സാക്കാ പ്രഥമന്‍ അനുമോദന പ്രസംഗം നടത്തുന്നു. നടുക്കിരിയ്ക്കുന്നതു് പൗരസ്ത്യ
കാതോലിക്കോസ് ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍
കോട്ടയം, മാര്‍ച്ച് 14: സമരോല്‍സുകരായ സമാന്തര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ സമ്മര്‍ദ്ദത്തിനു് സര്‍ക്കാര്‍ വഴങ്ങരുതെന്നും ക്രമസമാധാനം സംരക്ഷിയ്ക്കണമെന്നും മലങ്കര ജനവേദി ആവശ്യപ്പെട്ടു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വടക്കന്‍ ഭദ്രാസനങ്ങളിലെ പള്ളികളില്‍ അരക്ഷിതാവസ്ഥ നിലനില്ക്കുകയാണു്. നിയമവാഴ്ചയെ മാനിയ്ക്കാത്ത സമാന്തര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെ പ്രീണിപ്പിയ്ക്കുന്നതില്‍ നിന്നു് രാഷ്ട്രീയ കക്ഷികള്‍ പിന്‍വാങ്ങണം. 1995-2002-ലെ സുപ്രീം കോടതിവിധി അനുസരിയ്ക്കാന്‍ തയ്യാറാകാതെ പുതിയ സഭയുണ്ടാക്കി പുറത്തു പോയവിഭാഗമാണു് സമാന്തര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ. 1995-2002ലെ സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിലും ആകമാന സഭയുടെ ഐക്യത്തിലുമാണു് മലങ്കര സഭാതര്‍ക്കത്തിനു് പരിഹാരം കാണേണ്ടതു്. സുപ്രീം കോടതിവിധി ബാധകമായ സഭയെ അതു പ്രകാരം പ്രവര്‍ത്തിയ്ക്കുന്നതിനും നിലനില്ക്കുന്നതിനും അനുവദിയ്ക്കുന്നില്ലെന്നതാണു് പ്രശ്നം.

സമാന്തര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിനു് നല്കുന്ന പിന്തുണ അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് സാക്കാ പ്രഥമന്‍ അവസാനിപ്പിയ്ക്കണം. മലങ്കരസഭയുടെ ഇടവകകളുടെമേല്‍ അവകാശവാദം ഉന്നയിയ്ക്കുന്നതു് അവസാനിപ്പിച്ചാല്‍ അന്ത്യോക്യന്‍ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഇന്ത്യയിലെ ഭദ്രാസനങ്ങള്‍ക്കും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഭദ്രാസനങ്ങള്‍ക്കും സാഹോദര്യത്തോടെ പ്രവര്‍ത്തിയ്ക്കാന്‍ കഴിയും. ആകമാന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ ഐക്യം ശക്തിപ്പെടുത്തണം.
മലങ്കര ജനവേദി

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് 402.93 കോടി രൂപയുടെ ബജറ്റ്

ഓര്‍ത്തഡോക്സ് സഭ സൌരോര്‍ജ സംസ്കാരം വളര്‍ത്തും
ദേവലോകം, മാര്‍ച്ച് 14: ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സൌരോര്‍ജ്ജം ഉള്‍പ്പെടെയുള്ള പാരമ്പര്യഇതര ഊര്‍ജ്ജ സ്രോതസ്സുകള്‍ അവലംമ്പിക്കുകയും സൌരോര്‍ജ്ജ സംസ്കാരം വളര്‍ത്തുകയും ചെയ്യാന്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ നടപടികള്‍ കൊക്കൊള്ളുന്നു. സൌരോര്‍ജ്ജം ഉപയോഗിക്കുന്ന സഭാ സ്ഥാപനങ്ങള്‍ക്ക് ധന സഹായം സഭാകേന്ദ്രത്തില്‍ നിന്ന് നല്‍കും. പാരമ്പര്യേതര ഊര്‍ജ്ജ മാര്‍ഗ്ഗങ്ങളെകുറിച്ചും, ഊര്‍ജ്ജ ഉപഭോഗത്തിലെ അച്ചടക്കത്തെക്കുറിച്ചും സഭാംഗങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തും. മരുന്നുകള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനായി മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങുന്നതിനും സഭ മുന്നിട്ടിറങ്ങുന്നു. കോട്ടയത്ത് സഭയുടേതായി ന്യായവില മെഡിക്കല്‍ ഷോപ്പ് ആരംഭിക്കും. അല്‍മായ നേതാക്കളായ കെ.സി. മാമ്മന്‍ മാപ്പിള, സി.എം. സ്റീഫന്‍, പി.സി. അലക്സാണ്ടര്‍, കെ.എം. മാത്യു തുടങ്ങിയവരുടെ സ്മരണ നിലനിര്‍ത്താനായ് പരിപാടികള്‍ ആവിഷ്കരിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. സഭാംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ ഓട്ടോറിക്ഷകള്‍ വാങ്ങാന്‍ സഭാകേന്ദ്രം ധനസഹായം നല്‍കും. അടുത്ത സാമ്പത്തിക വര്‍ഷം 100 ഓട്ടോറിക്ഷകള്‍ നല്‍കുന്നതില്‍ 50 എണ്ണം വനിതകള്‍ക്കായിരിക്കും. കൊടുങ്ങല്ലൂരിലും, മുംബൈ കല്യാണിലും മലങ്കര ഓര്‍ത്തഡോക്ക് സഭ മാര്‍ത്തോമ്മന്‍ സ്മൃതി കേന്ദ്രങ്ങള്‍ തുടങ്ങും. തലസ്ഥാന നഗരിയില്‍ മലങ്ക ഓര്‍ത്തഡോക്സ് സഭ പബ്ളിക് റിലേഷന്‍ ഓഫീസ് ആരംഭിക്കും.

ഭവനസഹായ പദ്ധതി, വിവാഹ സഹായ പദ്ധതി, പ്രകൃതിദുരന്തം സഹായം, നവജ്യോതി സ്വയം സഹായസംഘം തുടങ്ങിയവയ്ക്ക് കൂടുതല്‍ തുക വകകൊള്ളിച്ചിട്ടുണ്ട്.
എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ പൌലോസ്, മാത്യൂസ് മാര്‍ ബര്‍ന്നബാസ്, ഫാ. അലക്സ് കുരമ്പില്‍ കോറെപ്പിസ്കോപ്പ, ഫാ. ഓമത്തില്‍ കുര്യാക്കോസ് കോറെപ്പിസ്ക്കോപ്പാ, ഫാ. സി. കെ. ജോസഫ് റെമ്പാന്‍, അഡ്വ. ടി. ജോണ്‍, അഡ്വ. തോമസ് രാജന്‍, സി. എന്‍. ജോര്‍ജ്ജ് ചേര്‍ത്തലാട്ട്, അജില്‍ തോമസ് പോത്താനിക്കാട് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

പോപ്പ് ഫ്രാന്‍സിസ് ഒന്നാമന്‍, എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ മത്ഥിയാസ്, കോപ്റ്റിക്ക് പോപ്പ് ദേവദ്രോസ്, ബാങ്കിംഗ് മേഖലയിലെ മികച്ച സേവനത്തിന് അനവധി അവാര്‍ഡുകള്‍ നേടിയ എം. ജി. ജോര്‍ജ്ജ് മുത്തൂറ്റ്, അഡീഷ്ണല്‍ ചീഫ് സെക്രട്ടറി സാജന്‍ പീറ്റര്‍, സ്പോര്‍ട്ട്സ് അതോററ്റി സെക്രട്ടറി ജിജി തോംസണ്‍, അദ്ധ്യാപകര്‍ക്കായുള്ള ദേശീയ അവാര്‍ഡ് നേടിയ ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ഡബ്ബിംഗ് സ്റേറ്റ് അവാര്‍ഡ് നേടിയ വിന്മി മറിയം ജോര്‍ജ്ജ്, വൈസ് മെന്‍സ് പ്രസിഡന്റ് അഡ്വ. ഫിലിപ്പ് മത്തായി, അഡീ. ഗവ. പ്ളീഡര്‍, അഡ്വ. മാത്യു കോശി എന്നിവരെ അനുമോദിച്ചു. മട്ടാഞ്ചേരി കൂനന്‍കുരിശ് തീര്‍ത്ഥാടന കേന്ദ്ര വികസന കണ്‍വീനര്‍ ജോണ്‍ സാമുവേല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

2013-14 മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് 402.93 കോടി രൂപയുടെ ബജറ്റ് ആണ് അവതരിപ്പിച്ചത്. പഴയസെമിനാരിയില്‍ ചേര്‍ന്ന മാനേജിംഗ് കമ്മറ്റി യോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ സാന്നിദ്ധ്യത്തില്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് ആണ് ബജറ്റ് അവതരിപ്പിച്ചത്. സഭയുടെ മെത്രാപ്പോലീത്താമാരും, മാനേജിംഗ് കമ്മറ്റി അംഗങ്ങളും അടങ്ങുന്ന യോഗം ബജറ്റ് പാസ്സാക്കിയത്.
കാതോലിക്കാസന വാര്‍ത്ത

കാതോലിക്കാ ദിനം മാര്‍ച്ച് 17ന്


ദേവലോകം, മാര്‍ച്ച് 15: 2013ലെ കാതോലിക്കാ ദിനം അഥവാ സഭാ ദിനം മാര്‍ച്ച് 17ന് (പരി. വലിയനോമ്പിലെ 36-ആം ഞായറാഴ്ച്ച) പരി. സഭ ഒന്നാകെ ആചരിക്കും. ഞായറാഴ്ച്ച രാവിലെ എല്ലാ ദേവാലയങ്ങളിലും കാതോലിക്കേറ്റ് പതാക ഉയര്‍ത്തുകയും വി. കുര്‍ബ്ബാന മദ്ധ്യേ സഭയ്ക്കുവേണ്ടിയുളള പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്യും. വി. കുര്‍ബ്ബാനയ്ക്ക് ശേഷം സഭയുടെ വിശ്വാസം, പാരമ്പര്യം, സ്വാതന്ത്യം, പൂര്‍വ്വപിതാക്കന്മാരുടെ ധീരമായ നിലപാടുകള്‍ എന്നിവയെ സംബന്ധിച്ച് ഓരോ ദേവാലയങ്ങളിലും പ്രത്യേക പ്രബോധനങ്ങളും സെമിനാറുകളും നടക്കും. വി. കുര്‍ബ്ബാനയെത്തുടര്‍ന്ന് എല്ലാ ദേവാലയങ്ങളിലും സഭാ ദിന പ്രതിജ്ഞ എടുക്കും.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, നിര്‍ദ്ധനരുടെ ഉന്നമനത്തിനും, വൈദികരുടെയും, ശ്രുശ്രൂഷക്കാരുടെയും ക്ഷേമത്തിനും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി 5 കോടി രൂപയുടെ ടാര്‍ജറ്റ് ആണ് നിശ്ചയിച്ചിരിക്കുന്നത്.

മാര്‍ച്ച് 17ന് പരി. കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവലോകം അരമന ചാപ്പലില്‍ വി. കുര്‍ബ്ബാന നടക്കും. സഭാ ദിനത്തില്‍ ദേവലോകം അരമനയില്‍ പരി. ബാവാ തിരുമേനി സഭാ പതാക ഉയര്‍ത്തുകയും വിശ്വാസികള്‍ക്ക് സഭാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്യും.

ഫ്രാന്‍സിസ് ഒന്നാമന്‍ പാപ്പായ്ക്ക് പരിശുദ്ധ കാതോലിക്കാ ബാവായുടെ ആശംസ


കോട്ടയം, മാര്‍ച്ച് 14: റോമന്‍ കത്തോലിക്കാ സഭയുടെ പരമാചാര്യനായി തെരഞ്ഞെടുക്കപ്പെട്ട കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് മാരിയോ ബര്‍ഗോളിയോയെ (നിയുക്ത ഫ്രാന്‍സ്സിസ് പ്രഥമന്‍ പാപ്പാ) ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാചാര്യന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവാ അനുമോദിച്ചു. സഭകള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലും രാഷ്ട്രങ്ങള്‍ തമ്മിലും സഹകരണം വളര്‍ത്തി ലോകസമാധാനത്തിനും മാനവരാശിയുടെ നന്മയ്ക്കുമായി പ്രവര്‍ത്തിച്ച് നേതൃത്വം നല്‍കി ദൈവേഷ്ടം നിറവേറ്റുന്നതിന് പരിശുദ്ധ ഫ്രാന്‍സിസ് ഒന്നാമന്‍ പാപ്പായ്ക്ക് ഇടയാകട്ടെ എന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോയ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അയച്ച സന്ദേശത്തില്‍ ആശംസിച്ചു.

രാഷ്ട്രീയ ഇടപെടലാവശ്യപ്പെട്ടു് സമരോല്‍സുകരായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ പ്രത്യക്ഷ സമരത്തിലേക്ക്‌


കൊച്ചി,മാര്‍ച്ച് 9: അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ ഇന്ത്യയിലെ അതിരൂപതകളിലൊന്നായി 2002-ല്‍ സ്ഥാപിച്ച യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക മേധാവി ശ്രേഷ്ഠ തോമസ് മാര്‍ ബസേലിയോസും സഭയിലെ മെത്രാന്മാരും വൈദികരും മാര്‍ച്ച് 18 നു് സെക്രട്ടേറിയറ്റിനു് മുന്നില്‍ ഉപവസിക്കും. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പള്ളികളില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്കു് ആരാധനാ സ്വാതന്ത്യം - കുര്‍ബാനനടത്താനുള്ള - അവകാശം നിഷേധിക്കുകയാണെന്നു് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

സര്‍ക്കാരിന്‍റെ നിസംഗത സഹിച്ചു മുന്നോട്ടുപോകാന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്കു് സാധിക്കുകയില്ല. ആലുവ തൃക്കുന്നത്ത് പളളിയിലും വെട്ടിത്തറ, മണ്ണത്തൂര്‍, മാമലശേരി, കണ്യാട്ടുനിരപ്പ്, ഞാറക്കാട് പളളികളിലും യാക്കോബായ സുറിയാനി ക്രിസ്ത്യാനി വൈദീകര്‍ക്കു് കുര്‍ബാനനടത്താനുള്ള അവകാശം നല്കുന്നില്ല. ഉപവാസ സമരത്തിനുശേഷവും സര്‍ക്കാരില്‍ നിന്നും അനുകൂലമായ നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ അഖിലേന്ത്യാതലത്തില്‍ കോട്ടയത്തുവച്ചു് വിശ്വാസികളുടെ മഹാസമ്മേളനം സംഘടിപ്പിക്കും. സമ്മേളനത്തില്‍ ശ്രേഷ്ഠ തോമസ് മാര്‍ ബസേലിയോസ് സഭയുടെ നയം വ്യക്തമാക്കും.

കോതമംഗലം മെത്രാന്‍ കുര്യാക്കോസ് മാര്‍ യൂസേബിയോസ്, തൃശൂര്‍ ഭദ്രാസനത്തിന്‍റെയും വിശ്വാസ സംരക്ഷണത്തിന്‍റെയും ചുമതല വഹിക്കുന്ന ഏലിയാസ് മാര്‍ അത്തനാഷ്യോസ്, സഭയുടെ ട്രസ്റ്റി തമ്പു ജോര്‍ജ് തുകലന്‍, സെക്രട്ടറി ജോര്‍ജ് മാത്യു, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷാനു, വര്‍ക്കിങ് കമ്മറ്റിയംഗങ്ങളായ സാജു, രാജു, വാവച്ചന്‍, എബിന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മേഖലാതലത്തില്‍ അവകാശസംരക്ഷണറാലി

പിറവം,മാര്‍ച്ച് 14: സഭാതര്‍ക്കങ്ങളില്‍ സര്‍ക്കാര്‍ പുലര്‍ത്തുന്ന നിഷ്പക്ഷതയ്‌ക്കെതിരെ എതിര്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗക്കാരുടെ പ്രതിഷേധം പ്രത്യക്ഷസമരമാകുന്നു. കോലഞ്ചേരി, മാമ്മലശ്ശേരി, വെട്ടിത്തറ, മണ്ണത്തൂര്‍, കണ്ണ്യാട്ടുനിരപ്പ്, ഞാറക്കാട്, മുളക്കുളം കോഴിപ്പിള്ളി, കായനാട് തുടങ്ങിയ ഓര്‍ത്തഡോക്സ് സുറിയാനിദേവാലയങ്ങളില്‍ ആരാധനാസ്വാതന്ത്ര്യം (കുര്‍ബാനനടത്താനുള്ള അവകാശം) വേണമെന്ന് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗക്കാരുടെ മെത്രാന്മാരായ കുര്യാക്കോസ് മാര്‍ യൗസേബിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തങ്ങള്‍ക്കനുകൂലമായി സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രത്യക്ഷസമരത്തിന്റെ ആദ്യപടിയായി മേഖലാതലത്തില്‍ അവകാശസംരക്ഷണറാലികളും പ്രതിഷേധയോഗങ്ങളും നടത്തും.ആദ്യമേഖലാ സമ്മേളനം 17ന് പിറവത്ത് നടക്കും. ഞായറാഴ്ച വൈകിട്ട് 3. 30ന് എം. കെ. എം. സ്‌കൂള്‍ മൈതാനിയില്‍ നിന്നാരംഭിക്കുന്ന റാലി പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി കത്തീഡ്രല്‍ പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന വിശദീകരണയോഗം എതിര്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക ശ്രേഷ്ഠ ശ്രേഷ്ഠ തോമസ് മാര്‍ ബസേലിയോസ് ഉദ്ഘാടനം ചെയ്യും. ഡോ. മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാന്‍ അധ്യക്ഷനാകും. പ്രാദേശികസുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തും. സഭയിലെ മെത്രാന്മാരും വൈദികരും യോഗത്തില്‍ പങ്കെടുക്കും. പിറവം മേഖലായോഗത്തിന് മുന്നോടിയായി 16ന് യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിളംബരജാഥയുണ്ട്. പിറവം മേഖലായോഗത്തെ തുടര്‍ന്ന് 18ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടക്കും.
വലിയനോമ്പ് കാലത്ത് തങ്ങളുടെ ഭക്തരെ പ്രവേശിപ്പിക്കാതെ പള്ളികള്‍ അടച്ചിടുന്നത് യാതൊരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും സമയക്രമം നിശ്ചയിച്ചിട്ടായാലും പള്ളികള്‍ തുറന്ന് ആരാധന നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മെത്രാന്മാര്‍ ആവശ്യപ്പെട്ടു.
പിറവംപള്ളി വിമത ട്രസ്റ്റി മത്തായി മണപ്പാട്ടും കശീശന്മാരായ പിറവംവലിയപള്ളി വിമതവൈദികന്‍ സൈമണ്‍ ചെല്ലിക്കാട്ടില്‍ , എല്‍ദോസ് കക്കാടന്‍, വര്‍ഗീസ് പനിച്ചിയില്‍, ഷാനുപൗലോസ്, മാത്യൂസ് ഓമ്പാളയില്‍, സന്തോഷ് തെറ്റാലില്‍, ജോബിന്‍സ് ഇലഞ്ഞിമറ്റം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ആഭ്യന്തര പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് യാക്കോബായ വിഭാഗം നടത്തുന്നതെന്നു് ഓര്‍ത്തഡോക്സ് സഭ

കോട്ടയം, മാര്‍ച്ച് 14: ആഭ്യന്തര പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് എതിര്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗക്കാര്‍ പുതിയ സമര മുറകള്‍ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് മലങ്കര ഓര്‍ത്തഡോക്സ് (യാക്കോബായ) സുറിയാനി സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്.

 സഭയിലും സമൂഹത്തിലും ഉണ്ടാകുന്ന തര്‍ക്കങ്ങള്‍ക്ക് ശാശ്വതവും നീതിപൂര്‍വ്വവുമായ പരിഹാരമാണ് വേണ്ടത്. അതിനായി നീതിന്യായ കോടതി വിധികള്‍ അനുസരിക്കുകയും ഇരുഭാഗക്കാരുടെയും സമ്മതപ്രകാരം സുപ്രീം കോടതി നിയോഗിച്ച മധ്യസ്ഥന്റെ തീരുമാനങ്ങള്‍ അംഗീകരിക്കുകയും വേണം.

 ജനാധിപത്യ ഭരണസംവിധാനം നിലവിലുള്ള ഓര്‍ത്തഡോക്സ് സഭയുടെ ഘടകങ്ങളായ പള്ളികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സ്വയം തീരുമാനിച്ച് സഭയില്‍ നിന്ന് വിഘടിച്ച് പോയികഴിഞ്ഞ് സഭയുടെ സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശം ഉന്നയിക്കാനാവില്ല. ഏതെങ്കിലും സംഘടനയുടെ ഒരു ശാഖയ്ക്ക് വിഘടിച്ച് മാറാനും മാതൃസംഘടനയുടെ സ്ഥാപനങ്ങളില്‍ അവകാശം ഉന്നയിക്കുവാനും കഴിയുകയില്ലല്ലോ.
 എതിര്‍ യാക്കോബായ വിഭാഗം മനപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിച്ച് ഓര്‍ത്തഡോക്സ് സഭയുടെ പള്ളികള്‍ പൂട്ടിച്ച്, നീതിനിഷേധിക്കുന്നു പീഡിപ്പിക്കുന്നു എന്ന് മുതല കണ്ണീര്‍ ഒഴുക്കുന്നത് തന്ത്രത്തിന്റെ ഭാഗമാണ്.
 നുണ പ്രചരണങ്ങള്‍ നടത്തി കേരള സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ എതിര്‍ യാക്കോബായ വിഭാഗം ശ്രമിക്കുകയാണ്. പീഡാനുഭവ വാരത്തില്‍ മാത്രം ആരാധനാലയങ്ങള്‍ തുറക്കുന്നതിനേക്കള്‍ പ്രശ്നങ്ങള്‍ക്ക് സ്ഥിരമായ പരിഹാരം ഉണ്ടാക്കി യഥാര്‍ത്ഥ അവകാശികള്‍ക്ക് ആരാധനാ സ്വാതന്ത്രം ഉറപ്പു വരുത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
കാതോലിക്കാസന വാര്‍ത്ത