ആകമാന സഭാനിലപാടുകള്‍

20130403

പിറവം പള്ളി: വികാരി സ്ഥാനത്തിനടുത്ത കര്‍മ്മങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഫാ. വട്ടക്കാട്ടിലിനെ തടയാനാവില്ലെന്നു് പള്ളിക്കോടതി വിധി


കൊച്ചി, ഏപ്രില്‍ 2: പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പളളി വികാരി ഫാ. സഖറിയാ വട്ടക്കാട്ടില്‍ പള്ളിയിൽ പ്രവേശിക്കുന്നതോ വിശുദ്ധ കുര്‍ബാന നടത്തുന്നതോ വികാരി എന്ന നിലയിൽ പ്രവര്‍ത്തിക്കുന്നതോ തടയുവാൻ പാടില്ലെന്ന് പള്ളിക്കോടതി ഉത്തരവായി. ഫാദര്‍ സ്കറിയ വട്ടക്കാട്ടില്‍ പിറവം സൈന്റ് മേരീസ്‌ ഓര്‍ത്തഡോക്‍സ്‌ പള്ളിയുടെ വികാരി ആയി പ്രവര്‍ത്തിക്കുന്നതിനെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ തടയുന്നതില്‍ നിന്നു് പോലീസ് സംരക്ഷണം നല്കണമെന്ന് അവശ്യപെട്ടു് അദ്ദേഹം ജില്ലാ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണു് വിധി.

കൊച്ചി,ഏപ്രില്‍ 3: കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയുടെ വിധി നടത്തിപ്പു് ഹര്‍ജി സുപ്രീം കോടതി രണ്ടാഴ്ച്ചത്തേക്ക് മാറ്റി. അന്ത്യോക്യന്‍ യാക്കോബായ വിഭാഗം അഭിഭാഷകര്‍ ഹാജരാകാഞ്ഞതിനാലാണ് മാറ്റിയത്.

കൊച്ചി,ഏപ്രില്‍ 3: കോലഞ്ചേരി പള്ളി കേസ് മെയ്‌ 29 ലേക്ക് മാറ്റി

ഫ്രാന്‍സിസ് പാപ്പായുടെ ജയിലിലെ ബലി വിമോചനത്തിന്‍റെ പെസഹാ


റോം, മാര്‍ച്ച് 29 2013: (പെസഹാ വ്യാഴാഴ്ച പാദക്ഷാളനകര്‍മ്മവും തിരുവത്താഴപൂജയും റോമാ മാര്‍പാപ്പാ ഫ്രാന്‍സ്സിസ് റോമിലുള്ള ‘കാസാ ദേല്‍ മാര്‍മോ’ എന്ന യുവജനങ്ങള്‍ക്കായുള്ള ജയിലിലാണ് നടത്തിയത്. പാപ്പ നല്കിയ സന്ദേശവും ജയില്‍വാസികളുമായുള്ള സംഭാഷണവും ചുവടെ ചേര്‍ക്കുന്നു. ചിന്തകള്‍ പങ്കുവച്ചശേഷം പാപ്പാ അവരില്‍ പന്ത്രണ്ടുപേരുടെ കാലുകഴുകി ചുംമ്പിച്ചുകൊണ്ട് ക്രിസ്തു സ്നേഹത്തിന്‍റെയും ശുശ്രൂഷയുടെയും പാരമ്യം പ്രകടമാക്കി.)

ക്രിസ്തു തന്‍റെ ശിഷ്യന്മാരുടെ കാലുകഴുകിയ സംഭവം ഹൃദയസ്പര്‍ശിയാണ്. ശിഷ്യന്മാര്‍ക്ക് അതിന്‍റെ പൊരുള്‍ ഉടനെ പിടുത്തം കിട്ടിയില്ല. അതുകൊണ്ടാണ് പന്ത്രണ്ടു പേരില്‍ ഒരാളായ പത്രോസ് അതിനു വിസമ്മതിച്ചത്. “എന്ത്!? കര്‍ത്താവേ, അങ്ങ് എന്‍റെ കാലുകഴുകുകയോ?”
അപ്പോള്‍ യേശു പറഞ്ഞു. “ഞാന്‍ ചെയ്യുന്നതെന്തെന്ന് ഇപ്പോള്‍ നീ അറിയുന്നില്ല. എന്നാല്‍ പിന്നീട് അറിയും.” പത്രോസ് പറഞ്ഞു. “കര്‍ത്താവേ, അങ്ങ് ഒരിക്കലും എന്‍റെ പാദം കഴുകരുത്.” അപ്പോള്‍ ക്രിസ്തു പറഞ്ഞു. “പത്രോസേ, ഞാന്‍ നിന്‍റെ പാദം കഴുകുന്നില്ലെങ്കില്‍ നിനക്ക് എന്നില്‍ യാതൊരു പങ്കുമില്ല.”

അപ്പോള്‍ പത്രോസ് പറഞ്ഞു, “അങ്ങനെയെങ്കില്‍ അങ്ങ് എന്‍റെ പാദങ്ങള്‍ മാത്രമല്ല. എന്നെ പൂര്‍ണ്ണമായും കഴുകിയാലും.”

“നിങ്ങള്‍ എന്നെ ഗുരുവും നാഥനും എന്നു വിളിക്കുന്നു. ഞാന്‍ അങ്ങനെ തന്നെയാണ്. ഗുരുവും നാഥനുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങളും അന്വോന്യം പാദങ്ങള്‍ കഴുകണം. ഞാന്‍ നിങ്ങള്‍ക്കീ മാതൃക തരുന്നു. നിങ്ങളും അതുപോലെ ചെയ്യുവിന്‍.” (യോഹ. 13, 6).

ക്രിസ്തു കാണിച്ച മാതൃക മഹനീയമാണ്. അവിടുന്ന് വലിയവനായിരുന്നിട്ടും ദാസന്‍റെ രൂപമണിയുന്നു. അവിടുന്ന് കാലുകഴുകിക്കൊണ്ട് പഠിപ്പിക്കുന്നത്, നാമും ജീവിതത്തില്‍ മറ്റുള്ളവരുടെ സേവനത്തിനും സഹായത്തിനും സന്നദ്ധരായിരിക്കണമെന്നാണ്.

കാലുകഴുകല്‍ പ്രതീകാത്മകമായ പ്രവര്‍ത്തിയും സ്നേഹത്തിന്‍റെയും സേവനത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും പ്രതീകവുമാണ്. ക്രിസ്തു തന്‍റെ ശിഷ്യരോടു കാണിച്ച ഈ സ്നേഹ ശുശ്രൂഷയുടെ മാതൃകയ്ക്ക് നമ്മുടെ ജീവിതങ്ങളില്‍ പ്രസക്തിയുണ്ട്. നാം അന്വോന്യം സഹായിക്കുകയും ശുശ്രൂഷിക്കുകയും സ്നേഹിക്കുകയും വേണമെന്നാണ് അവിടുന്ന് നമ്മെ പഠിപ്പിക്കുന്നത്. അതു നാം മാനിക്കുകയും ഹൃദയപൂര്‍വ്വം അനുദിന ജീവിതത്തില്‍ പാലിക്കുകയും വേണം. അപരനെ, സഹോദരനെ സഹായിക്കുകയെന്നത് നമ്മുടെ ഉത്തരവാദിത്തവുമാണ്.

വൈദികനും മെത്രാനുമെന്ന നിലയില്‍ നിങ്ങളെ സേവിക്കുക എന്‍റെ ഉത്തരവാദിത്തമാണ്. അത് എന്‍റെ ഹൃദയത്തില്‍നിന്നും ഉതിരുന്ന സ്നേഹമാണ്. ഈ സേവനവും സ്നേഹവും എന്നും ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കാരണം ക്രിസ്തുവാണ് ഇത് എന്നെ പഠിപ്പിച്ചത്. ഇത് നിങ്ങള്‍ക്കും സാധിക്കും. പരസ്പരം സ്നേഹിക്കുക, സഹായിക്കുക, ശുശ്രൂഷിക്കുക. സ്നേഹത്തിന്‍റെ കൂട്ടായ്മയിലും പരസ്പര സഹായത്തിലുമാണ് ജീവിത വിജയം നേടാനാകുന്നത്. നാം ഇന്ന് കാലുകഴുകല്‍ ശുശ്രൂഷയില്‍ പങ്കുചേരുമ്പോള്‍ തീരുമാനിച്ചുറക്കാം - ജീവിതത്തില്‍ ഞാന്‍ അപരനെ, എന്‍റെ അയല്‍ക്കാരനെ സ്നേഹിക്കും ശുശ്രൂഷിക്കും. ക്രിസ്തു കാണിച്ചുതന്ന സ്നേഹത്തിന്‍റെയും ശുശ്രൂഷയുടെയും ഈ മാതൃക നാം പാലിക്കേണ്ടതാണ്. കാരണം ക്രിസ്തു ഈ മന്നില്‍ ആഗതനായത് സ്നേഹിക്കുവാനും ശുശ്രൂഷിക്കുവാനും, തന്‍റെ ജീവന്‍ ലോക രക്ഷയ്ക്കുവേണ്ടി ബലിയായി അര്‍പ്പിക്കുവാനുമാണ്.
.......................................................
യുവാവായ ജയില്‍വാസിയുടെ പാപ്പായോടുള്ള ചോദ്യം :
“പാപ്പാ, അങ്ങ് ഞങ്ങളുടെ പക്കല്‍ വന്നതിന് നന്ദി. എന്നാല്‍ ഒരു കാര്യം മാത്രം അറിയണം. എന്തിനാണ് അങ്ങ് ഞങ്ങളുടെ പക്കല്‍, ഈ ജയിലില്‍ വന്നത്?”

പാപ്പായുടെ മറുപടി :
“കൊള്ളാം, നല്ല ചോദ്യം. ചോദ്യത്തിനു നന്ദി!”
“നിങ്ങളുടെ പക്കല്‍ വരാനുള്ള ആഗ്രഹം വളരെ ഹൃദ്യമാണ്. ഈ വരവ് എന്നെ കൂടുതല്‍ എളിമപ്പെടുത്തുന്നു. മെത്രാന്‍ എങ്ങനെ ശുശ്രൂഷകനാകാമെന്ന് അതെന്നെ പഠിപ്പിക്കുന്നു.
ഞാന്‍ എന്‍റെ സഹപ്രവര്‍ത്തകരോട് ചോദിച്ചു, എവിടെയാണ് എന്‍റെ സന്ദര്‍ശനം ഏറെ ആഗ്രഹിക്കുകയും അര്‍ഹിക്കുകയും ചെയ്യുന്നവരുള്ളതെന്ന്. ‘കാസാ ദേല്‍ മാര്‍മോ’ എന്നവര്‍ പറഞ്ഞു.
അവര്‍ പറഞ്ഞതനുസ്സരിച്ചാണ് ഞാന്‍ ഇവിടെ വന്നത്. എന്നാല്‍ തീരുമാനം, ജയിലിലായിരിക്കുന്ന യുവജനങ്ങളായ നിങ്ങളെ സന്ദര്‍ശിക്കാനുള്ള തീരുമാനം എന്‍റെ ഹൃദയത്തില്‍ ഉതിര്‍ന്നതാണ്. ഹൃദയത്തില്‍ വിരിയുന്ന ചിന്തകള്‍ക്ക് വലിയ വിവരണം വേണ്ടല്ലോ. അത് ബോധ്യവും വ്യക്തവുമാണ്. നന്ദി!”
“ഞാന്‍ യാത്ര പറയുകയാണ്. ഉരിക്കല്‍ക്കൂടി നന്ദി! ധൈര്യമായിരിക്കുക. പ്രത്യാശ കൈവെടിയരുത്. മുന്നോട്ടു പോവുക. എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത്!”
വത്തിക്കാന്‍ റേഡിയോയോടു് കടപ്പാടു്
Photo : Pope Francis washing the feet of the young prisners in Casa del Marmo in Rome, the juvenile delinquent home 10 kms. off Vatican

20130330

പീഡിതരുടെ കഷ്‌ടപ്പാടില്‍ പങ്കാളിയാകുക: റോമാ മാര്‍പാപ്പ


വത്തിക്കാന്‍ നഗരം, മാര്‍ച്ച് 29: പാവങ്ങളെയും കഷ്‌ടപ്പെടുന്നവരെയും സഹായിക്കാന്‍ പുരോഹിതന്മാരെ റോമായുടെ ഫ്രാന്‍സിസ്‌ മാര്‍പാപ്പ ആഹ്വാനം ചെയ്‌തു. സഭാശ്രേണിയിലെ ഉയര്‍ച്ചയില്‍ മാത്രം ശ്രദ്ധിച്ചു സഭാപ്രവര്‍ത്തനങ്ങളുടെ മാനേജര്‍മാരായിരിക്കാതെ പുറത്തുപോയി പീഡിതരുടെ കഷ്‌ടപ്പാടില്‍ പങ്കാളിയാകാന്‍ പെസഹാവ്യാഴ ശുശ്രൂഷകളില്‍ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയില്‍ പ്രസംഗിക്കവേ മാര്‍പാപ്പ ആവശ്യപ്പെട്ടു.

റോമിനു പുറത്തുള്ള ഒരു ജയിലിലെ 12 ചെറുപ്പക്കാരുടെ കാല്‍കഴുകി ചുംബിച്ചാണു മാര്‍പാപ്പ കാല്‍കഴുകല്‍ ശുശ്രൂഷ നിര്‍വഹിച്ചത്‌. പതിവിനു വിരുദ്ധമായി റോമിനു പുറത്ത്‌ വടക്കു പടിഞ്ഞാറന്‍ റോമിലെ ബാലതടവുകാരെ പാര്‍പ്പിച്ചിരിയ്ക്കുന്ന കാസല്‍ ഡെല്‍ മര്‍മോ ജയിലില്‍ ആണു് പെസഹാ ദിനത്തില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തിയതു്. 14-നും 21-നും ഇടയിലുള്ള കുറ്റം ചെയ്‌ത്‌ ജയിലില്‍ കഴിയുന്ന കുറ്റവാളികളായ ചെറുപ്പക്കാരെയാണ്‌ കാല്‍കഴുകല്‍ ശുശ്രൂഷയ്‌ക്കായി തിരഞ്ഞെടുത്തത്‌. സാധാരണ വത്തിക്കാനിലോ റോമിലെ ഏതെങ്കിലും ബസിലിക്കയിലോ ആയിരുന്നു മുന്‍ഗാമികള്‍ ശുശ്രൂഷ നടത്തിവന്നത്‌.

പാരമ്പര്യങ്ങള്‍ മാറ്റിവച്ച്‌ റോമാ മാര്‍ പാപ്പ സ്ത്രീകളുടെയും കാല്‍കഴുകി ചുംബിച്ചു

പെസഹ വ്യാഴത്തിന്റെ ഭാഗമായി നടന്ന ചടങ്ങുകളില്‍ ആചാരങ്ങളെയും പാരമ്പര്യങ്ങളെയുമൊക്കെ മറികടന്ന്‌ പുതിയ റോമാ മാര്‍പാപ്പ പെസഹാ നാളില്‍ രണ്ടു യുവതികളടക്കമുള്ളവടെ കാല്‍കഴുകി ചുംബിച്ചു. റോമിലെ കാസല്‍ മര്‍മോ ദുര്‍ഗുണ പരിഹാര പാഠശാലയില്‍ (ജുവനൈല്‍ ഡിറ്റെന്‍ഷന്‍ സെന്ററില്‍) കഴിയുന്ന14 മുതല്‍ 21 വയസ് പ്രായമുള്ളവരുടെ കാലുകളാണ് ചടങ്ങുകളുടെ ഭാഗമായി അദ്ദേഹം കഴുകുകയും ചുംബിക്കുകയും ചെയ്തത്, ഇക്കൂട്ടത്തില്‍ രണ്ട് സ്ത്രീകളുമുണ്ടായിരുന്നു. സ്ത്രീകളില്‍ ഒരാള്‍ സെര്‍ബിയന്‍ മുസ്ലീം തടവുകാരിയും, രണ്ടാമത്തെ യുവതി ഇറ്റാലിയന്‍ കത്തോലിക്കാ വിശ്വാസിയുമായിരുന്നു. സെര്‍ബിയന്‍ മുസ് ലിം തടവുകാരിയുടെ കാല്‍ കഴുകി ചുംബിച്ചു.

ഇതിനു മുന്‍പ് മാര്‍പാപ്പമാര്‍ വനിതകളുടെ കാല്‍ കഴുകി ചുംബിയ്ക്കാറില്ല.റോമന്‍ കത്തോലിക്കാ ചരിത്രത്തില്‍ ആദ്യമായാണ് ഈ സംഭവമെന്നു് വത്തിക്കാന്‍ അറിയിച്ചു. പന്ത്രണ്ടു് ശിഷ്യന്‍മാര്‍ക്കു് ക്രിസ്തു കാല്‍ കഴുകി കൊടുത്തിന്റെ സ്മരണയ്ക്കാണ് ഈ ചടങ്ങ് നടത്തുന്നത്. ശിഷ്യ ഗണത്തില്‍ സ്ത്രീകള്‍ ഇല്ലാതിരുന്നതിനാല്‍ ഇവരെ ഉള്‍പ്പെടുത്തുക പതിവുണ്ടായിരുന്നില്ല. ഇതിനാണ് ഇപ്പോള്‍ പുതിയ പാപ്പ മാറ്റം വരുത്തിയിരിക്കുന്നത്.

ഇതൊരു അടയാളമാണ്, കാല്‍ കഴുകുന്നതിലൂടെ നിങ്ങളുടെ സേവകനാണ് ഞാന്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്- ദുര്‍ഗുണ പരിഹാര പാഠശാലയിലെ അന്തേവാസികളോട് അദ്ദേഹം പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാനാണ് യേശു ഈ പ്രവൃത്തിയിലൂടെ നമ്മെ പഠിപ്പിച്ചത്. ഞാന്‍ അതാണ് ചെയ്യുന്നത്. ഞാന്‍ എന്റെ ഹൃദയത്തിനൊപ്പമാണ് പ്രവര്‍ത്തിക്കുന്നത്. കാരണം ഇത് എന്റെ ഉത്തരവാദിത്വമാണ്. ബിഷപ്പ്, പുരോഹിതന്‍ എന്നീ നിലയില്‍ ഉള്ള തന്റെ കര്‍ത്തവ്യമാണ് - അദ്ദേഹം പറഞ്ഞു. 76-കാരനായ പാപ്പ തറയില്‍ മുട്ടുകുത്തി വെള്ളി മൊന്തയില്‍ നിന്നും വെള്ളം എടുത്ത്‌ സ്‌ത്രീയും പുരുഷനും കറുത്തവരും വെളുത്തവരും ഉള്‍പ്പെടുന്ന 12 പേരുടെ കാലുകള്‍ കഴുകി തുടച്ചശേഷം മുട്ടില്‍ നിന്ന്‌ അവരുടെ കാലുകള്‍ ചുംബിച്ച വീഡിയോ വത്തിക്കാന്‍ പുറത്തിറക്കി.

കത്തോലിക്കാ സഭ പാവങ്ങള്‍ക്കൊപ്പമായിരിക്കണമെന്നും ആര്‍ഭാഡങ്ങള്‍ അധികം പാടില്ലെന്നതുമുള്‍പ്പെടെയുള്ള സന്ദേശങ്ങള്‍ നേരത്തേ തന്നെ പോപ്പ് നല്‍കിയിരുന്നു. ഇപ്പോള്‍ കീഴ്‌വഴക്കങ്ങള്‍ തെറ്റിച്ചുകൊണ്ട് കാല്‍കഴുകല്‍ ശുശ്രൂഷകള്‍ കൂടി ചെയ്തതോടെ യാഥാസ്ഥിതികരായ പുരോഹിതര്‍ അദ്ദേഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പക്ഷേ ലോകത്താകമാനം അദ്ദേഹത്തിന്റെ രീതികള്‍ക്ക് വലിയ സ്വീകാര്യതയും ലഭിയ്ക്കുന്നുണ്ട്.വന്‍പ്രാധാന്യത്തോടെയാണ് പാപ്പയുടെ കാല്‍കഴുകല്‍ വാര്‍ത്ത് ലോകത്താകമാനം പ്രചരിക്കുന്നത്. വിവിധ മതത്തില്‍പ്പെട്ടവരെയും സ്‌ത്രീകളെയും കാല്‍ കഴുകല്‍ ശുശ്രൂഷയ്‌ക്ക്‌ തിരഞ്ഞെടുത്തതില്‍ കടുത്ത വിമര്‍ശനം നടക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ഈ നടപടിയെ ഒരു വിഭാഗം സ്വാഗതം ചെയ്യുന്നുമുണ്ട്‌.

അര്‍ജന്റീനയിലെ ബ്യൂനസ്‌ ഐറിസില്‍ ആര്‍ച്ച്‌ ബിഷപ്പായിരിക്കുമ്പോഴും പെസഹ ശുശ്രൂഷയ്‌ക്ക്‌ അദ്ദേഹം തിരഞ്ഞെടുത്തിരുന്നത്‌ ജയിലോ ആശുപത്രിയോ വൃദ്ധഭവനമോ ആയിരുന്നു. ക്രൂശുമരണത്തിനു മുമ്പ്‌ അന്ത്യഅത്താഴ വേളയില്‍ യേശുക്രിസ്‌തു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ ഓര്‍മ പുതുക്കുന്നതാണ്‌ കാല്‍കഴുകല്‍ ശുശ്രൂഷ.

20130329

കാര്‍മികനും വിശ്വാസികളും ആരാധനയെ അനുഭവമാക്കണം: പൗരസ്ത്യ ബാവാ


കോട്ടയം: യേശുവിന്റെ ജീവിതത്തിന്റെയും സന്ദേശത്തിന്റെയും സജീവമായ പുനരാവിഷ്ക്കാരമായ ആരാധനയില്‍ കാര്‍മികനും വിശ്വാസികളും അനുഭവമുള്ളവരായി തീരണമെന്ന് ആകമാന ഓര്‍ത്തഡോക്സ് പൗരസ്ത്യ സുറിയാനി സഭയുടെ പരമാചാര്യനായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ പ്രസ്താവിച്ചു. 2013 മാര്‍ച്ച് 28നു് പെസഹാ വ്യാഴാഴ്ച കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ പ്രസംഗിക്കുകയായിരുന്നു ബാവാ.
അടിമ ഉടമയുടെ കാല്‍ കഴുകിയിരുന്ന പതിവിന് വിരുദ്ധമായി ഗുരു ശിഷ്യന്മാരുടെ കാല്‍ കഴുകി വിയനത്തിന്റെ പാഠം പകര്‍ന്നു. കൌമാര പ്രായത്തില്‍ കഴുകപ്പെടാന്‍ ആത്മീയ ഗുരുവായ പൌലോസ് മാര്‍ സേവേറിയോസ് തിരുമേനി നടത്തിയ കാല്‍കഴുകല്‍, ശുശ്രൂഷാ വേളയില്‍ ലഭിച്ച വിളി സ്മരിക്കാറുള്ള പരിശുദ്ധ കാതോലിക്കാ ബാവാ ഒരു വൈദീകനും 11 കുട്ടികളും അടങ്ങുന്ന ശിഷ്യന്മാരുടെ കാല്‍ കഴുകി. ഫാ. ഡോ.എം.പി. ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ വൈദീക സെമിനാരി ഗായകസംഘം ഗാനം ആലപിച്ചു.

യേശുക്രിസ്തു കുരിശു മരണത്തിന് തലേദിവസം ശിഷ്യന്മാരോടൊപ്പം മര്‍ക്കോസിന്റെ മാളികയില്‍ അന്ത്യഅത്താഴം കഴിക്കുന്നതിന് മുന്‍പ് വിനയത്തിന്റെയും, ലാളിത്യത്തിന്റെയും പ്രതീകമായി ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിന്റെ അനുസ്മരണമായിട്ടാണ് അപ്പോസ്തോല പിന്‍ഗാമികള്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടത്തുന്നത്.
പൗരസ്ത്യ ബാവായുടെ കാല്‍കഴുകല്‍ ശുശ്രൂഷ ഗുരു സ്മരണയില്‍

പെസഹാ വ്യാഴാഴ്ച്ചയായ 2013 മാര്‍ച്ച് 28-ന് ഉച്ചകഴിഞ്ഞ് 2.30-ന് അപൂര്‍വമായ കാല്‍കഴുകല്‍ ശുശ്രൂഷയ്ക്കാണ് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍ സാക്ഷ്യം വഹിച്ചത്. പതിവിനു് വിരുദ്ധമായി വൈദികര്‍ക്കു് പകരം ഇടവകയിലെ 11 ബാലന്മാരുടെ കാലുകള്‍ കഴുകിയാണു് ആകമാന ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാചാര്യന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ ശുശ്രൂഷ നിര്‍വഹിച്ചത്.
പരിശുദ്ധ ബാവാ നിര്‍ദ്ദേശിച്ചത് അനുസരിച്ചാണ് ഒരു വൈദികനൊപ്പം 11 ബാലന്മാരെ കാല്‍കഴുകലിനു തിരഞ്ഞെടുത്തത്. ഇതിനു പിന്നില്‍ തന്നെ ആത്മീയ ജീവിതത്തോട് അടുപ്പിച്ച കഥ ബാവായ്ക്ക് പറയാനുണ്ട്. “എട്ടാം ക്ളാസില്‍ പഠിക്കുമ്പോഴാണ് ആ അനുഭവം. ആ വര്‍ഷം ഇടവകയായ പഴഞ്ഞി പള്ളിയില്‍ ഹാശാ ആഴ്ചയിലെ നടത്തിയത് പൌലോസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയാണ്. പെസഹാ വ്യാഴം വന്നു. രാവിലെ കുര്‍ബ്ബാനയ്ക്കുശേഷം കാല്‍കഴുകല്‍ ശുശ്രൂഷയുടെ ഒരുക്കം തുടങ്ങി. കാല്‍കഴുകാന്‍ അര്‍ഹതയുള്ളവരുടെ പട്ടിക തയാറാക്കാന്‍ തുടങ്ങി. ഞാനും പള്ളിയില്‍ ഹാജരുണ്ട്. വൈദികര്‍ ധാരാളം സന്നിഹിതരാണ്. സ്ളീഹന്മാര്‍ 12 പേരുടെ കാലുകള്‍ കഴുകണമെന്നു മാര്‍ സേവേറിയോസ് തിരുമേനി നിര്‍ദ്ദേശിക്കുകയും ചെയ്തു. ഒപ്പം ഒരു കാര്യംകൂടി പറഞ്ഞു. വൈദികര്‍ക്കൊപ്പം കുറച്ച് കൊച്ചുകാലുകളും കഴുകാന്‍ ഇരുത്തണം, അതില്‍ ഒരാള്‍ ഇവനായിരിക്കണമെന്ന് എന്നെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഞാന്‍ ആനന്ദം കൊണ്ട് തുള്ളിച്ചാടി. അങ്ങനെ സേവേറിയോസ് തിരുമേനി എന്റെയും കൂടി കാല്‍കഴുകി ശുശ്രൂഷ നിര്‍വഹിച്ചു. അതെനിക്കൊരു പ്രോത്സാഹനമായിരുന്നു. എന്നെ ഇവിടെവരെ എത്തിച്ച പ്രോല്‍സാഹനം’- ബാവാ പറഞ്ഞു.


20130315

മലങ്കര സഭയുടെ പള്ളികളില്‍ നിയമവാഴ്ച ഉറപ്പുവരുത്തുക

2012 നവംബര്‍ 18 കെയ്റോ: അലക്സാന്ത്രിയന്‍ മാര്‍പാപ്പ തെവോദ്രോസ്
ദ്വിതീയന്റെ സ്ഥാനാരോഹണവേളയില്‍ അന്ത്യോക്യായുടെ ഇഗ്നാത്തിയോസ്
സാക്കാ പ്രഥമന്‍ അനുമോദന പ്രസംഗം നടത്തുന്നു. നടുക്കിരിയ്ക്കുന്നതു് പൗരസ്ത്യ
കാതോലിക്കോസ് ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍
കോട്ടയം, മാര്‍ച്ച് 14: സമരോല്‍സുകരായ സമാന്തര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ സമ്മര്‍ദ്ദത്തിനു് സര്‍ക്കാര്‍ വഴങ്ങരുതെന്നും ക്രമസമാധാനം സംരക്ഷിയ്ക്കണമെന്നും മലങ്കര ജനവേദി ആവശ്യപ്പെട്ടു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വടക്കന്‍ ഭദ്രാസനങ്ങളിലെ പള്ളികളില്‍ അരക്ഷിതാവസ്ഥ നിലനില്ക്കുകയാണു്. നിയമവാഴ്ചയെ മാനിയ്ക്കാത്ത സമാന്തര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെ പ്രീണിപ്പിയ്ക്കുന്നതില്‍ നിന്നു് രാഷ്ട്രീയ കക്ഷികള്‍ പിന്‍വാങ്ങണം. 1995-2002-ലെ സുപ്രീം കോടതിവിധി അനുസരിയ്ക്കാന്‍ തയ്യാറാകാതെ പുതിയ സഭയുണ്ടാക്കി പുറത്തു പോയവിഭാഗമാണു് സമാന്തര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ. 1995-2002ലെ സുപ്രീം കോടതിവിധിയുടെ അടിസ്ഥാനത്തിലും ആകമാന സഭയുടെ ഐക്യത്തിലുമാണു് മലങ്കര സഭാതര്‍ക്കത്തിനു് പരിഹാരം കാണേണ്ടതു്. സുപ്രീം കോടതിവിധി ബാധകമായ സഭയെ അതു പ്രകാരം പ്രവര്‍ത്തിയ്ക്കുന്നതിനും നിലനില്ക്കുന്നതിനും അനുവദിയ്ക്കുന്നില്ലെന്നതാണു് പ്രശ്നം.

സമാന്തര യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിനു് നല്കുന്ന പിന്തുണ അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്സ് പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് സാക്കാ പ്രഥമന്‍ അവസാനിപ്പിയ്ക്കണം. മലങ്കരസഭയുടെ ഇടവകകളുടെമേല്‍ അവകാശവാദം ഉന്നയിയ്ക്കുന്നതു് അവസാനിപ്പിച്ചാല്‍ അന്ത്യോക്യന്‍ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഇന്ത്യയിലെ ഭദ്രാസനങ്ങള്‍ക്കും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഭദ്രാസനങ്ങള്‍ക്കും സാഹോദര്യത്തോടെ പ്രവര്‍ത്തിയ്ക്കാന്‍ കഴിയും. ആകമാന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ ഐക്യം ശക്തിപ്പെടുത്തണം.
മലങ്കര ജനവേദി

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് 402.93 കോടി രൂപയുടെ ബജറ്റ്

ഓര്‍ത്തഡോക്സ് സഭ സൌരോര്‍ജ സംസ്കാരം വളര്‍ത്തും
ദേവലോകം, മാര്‍ച്ച് 14: ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ സൌരോര്‍ജ്ജം ഉള്‍പ്പെടെയുള്ള പാരമ്പര്യഇതര ഊര്‍ജ്ജ സ്രോതസ്സുകള്‍ അവലംമ്പിക്കുകയും സൌരോര്‍ജ്ജ സംസ്കാരം വളര്‍ത്തുകയും ചെയ്യാന്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ നടപടികള്‍ കൊക്കൊള്ളുന്നു. സൌരോര്‍ജ്ജം ഉപയോഗിക്കുന്ന സഭാ സ്ഥാപനങ്ങള്‍ക്ക് ധന സഹായം സഭാകേന്ദ്രത്തില്‍ നിന്ന് നല്‍കും. പാരമ്പര്യേതര ഊര്‍ജ്ജ മാര്‍ഗ്ഗങ്ങളെകുറിച്ചും, ഊര്‍ജ്ജ ഉപഭോഗത്തിലെ അച്ചടക്കത്തെക്കുറിച്ചും സഭാംഗങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തും. മരുന്നുകള്‍ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനായി മെഡിക്കല്‍ ഷോപ്പുകള്‍ തുടങ്ങുന്നതിനും സഭ മുന്നിട്ടിറങ്ങുന്നു. കോട്ടയത്ത് സഭയുടേതായി ന്യായവില മെഡിക്കല്‍ ഷോപ്പ് ആരംഭിക്കും. അല്‍മായ നേതാക്കളായ കെ.സി. മാമ്മന്‍ മാപ്പിള, സി.എം. സ്റീഫന്‍, പി.സി. അലക്സാണ്ടര്‍, കെ.എം. മാത്യു തുടങ്ങിയവരുടെ സ്മരണ നിലനിര്‍ത്താനായ് പരിപാടികള്‍ ആവിഷ്കരിക്കാന്‍ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. സഭാംഗങ്ങള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താന്‍ ഓട്ടോറിക്ഷകള്‍ വാങ്ങാന്‍ സഭാകേന്ദ്രം ധനസഹായം നല്‍കും. അടുത്ത സാമ്പത്തിക വര്‍ഷം 100 ഓട്ടോറിക്ഷകള്‍ നല്‍കുന്നതില്‍ 50 എണ്ണം വനിതകള്‍ക്കായിരിക്കും. കൊടുങ്ങല്ലൂരിലും, മുംബൈ കല്യാണിലും മലങ്കര ഓര്‍ത്തഡോക്ക് സഭ മാര്‍ത്തോമ്മന്‍ സ്മൃതി കേന്ദ്രങ്ങള്‍ തുടങ്ങും. തലസ്ഥാന നഗരിയില്‍ മലങ്ക ഓര്‍ത്തഡോക്സ് സഭ പബ്ളിക് റിലേഷന്‍ ഓഫീസ് ആരംഭിക്കും.

ഭവനസഹായ പദ്ധതി, വിവാഹ സഹായ പദ്ധതി, പ്രകൃതിദുരന്തം സഹായം, നവജ്യോതി സ്വയം സഹായസംഘം തുടങ്ങിയവയ്ക്ക് കൂടുതല്‍ തുക വകകൊള്ളിച്ചിട്ടുണ്ട്.
എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ പൌലോസ്, മാത്യൂസ് മാര്‍ ബര്‍ന്നബാസ്, ഫാ. അലക്സ് കുരമ്പില്‍ കോറെപ്പിസ്കോപ്പ, ഫാ. ഓമത്തില്‍ കുര്യാക്കോസ് കോറെപ്പിസ്ക്കോപ്പാ, ഫാ. സി. കെ. ജോസഫ് റെമ്പാന്‍, അഡ്വ. ടി. ജോണ്‍, അഡ്വ. തോമസ് രാജന്‍, സി. എന്‍. ജോര്‍ജ്ജ് ചേര്‍ത്തലാട്ട്, അജില്‍ തോമസ് പോത്താനിക്കാട് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

പോപ്പ് ഫ്രാന്‍സിസ് ഒന്നാമന്‍, എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ആബൂനാ മത്ഥിയാസ്, കോപ്റ്റിക്ക് പോപ്പ് ദേവദ്രോസ്, ബാങ്കിംഗ് മേഖലയിലെ മികച്ച സേവനത്തിന് അനവധി അവാര്‍ഡുകള്‍ നേടിയ എം. ജി. ജോര്‍ജ്ജ് മുത്തൂറ്റ്, അഡീഷ്ണല്‍ ചീഫ് സെക്രട്ടറി സാജന്‍ പീറ്റര്‍, സ്പോര്‍ട്ട്സ് അതോററ്റി സെക്രട്ടറി ജിജി തോംസണ്‍, അദ്ധ്യാപകര്‍ക്കായുള്ള ദേശീയ അവാര്‍ഡ് നേടിയ ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ഡബ്ബിംഗ് സ്റേറ്റ് അവാര്‍ഡ് നേടിയ വിന്മി മറിയം ജോര്‍ജ്ജ്, വൈസ് മെന്‍സ് പ്രസിഡന്റ് അഡ്വ. ഫിലിപ്പ് മത്തായി, അഡീ. ഗവ. പ്ളീഡര്‍, അഡ്വ. മാത്യു കോശി എന്നിവരെ അനുമോദിച്ചു. മട്ടാഞ്ചേരി കൂനന്‍കുരിശ് തീര്‍ത്ഥാടന കേന്ദ്ര വികസന കണ്‍വീനര്‍ ജോണ്‍ സാമുവേല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

2013-14 മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് 402.93 കോടി രൂപയുടെ ബജറ്റ് ആണ് അവതരിപ്പിച്ചത്. പഴയസെമിനാരിയില്‍ ചേര്‍ന്ന മാനേജിംഗ് കമ്മറ്റി യോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെ സാന്നിദ്ധ്യത്തില്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് ആണ് ബജറ്റ് അവതരിപ്പിച്ചത്. സഭയുടെ മെത്രാപ്പോലീത്താമാരും, മാനേജിംഗ് കമ്മറ്റി അംഗങ്ങളും അടങ്ങുന്ന യോഗം ബജറ്റ് പാസ്സാക്കിയത്.
കാതോലിക്കാസന വാര്‍ത്ത

കാതോലിക്കാ ദിനം മാര്‍ച്ച് 17ന്


ദേവലോകം, മാര്‍ച്ച് 15: 2013ലെ കാതോലിക്കാ ദിനം അഥവാ സഭാ ദിനം മാര്‍ച്ച് 17ന് (പരി. വലിയനോമ്പിലെ 36-ആം ഞായറാഴ്ച്ച) പരി. സഭ ഒന്നാകെ ആചരിക്കും. ഞായറാഴ്ച്ച രാവിലെ എല്ലാ ദേവാലയങ്ങളിലും കാതോലിക്കേറ്റ് പതാക ഉയര്‍ത്തുകയും വി. കുര്‍ബ്ബാന മദ്ധ്യേ സഭയ്ക്കുവേണ്ടിയുളള പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്യും. വി. കുര്‍ബ്ബാനയ്ക്ക് ശേഷം സഭയുടെ വിശ്വാസം, പാരമ്പര്യം, സ്വാതന്ത്യം, പൂര്‍വ്വപിതാക്കന്മാരുടെ ധീരമായ നിലപാടുകള്‍ എന്നിവയെ സംബന്ധിച്ച് ഓരോ ദേവാലയങ്ങളിലും പ്രത്യേക പ്രബോധനങ്ങളും സെമിനാറുകളും നടക്കും. വി. കുര്‍ബ്ബാനയെത്തുടര്‍ന്ന് എല്ലാ ദേവാലയങ്ങളിലും സഭാ ദിന പ്രതിജ്ഞ എടുക്കും.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും, നിര്‍ദ്ധനരുടെ ഉന്നമനത്തിനും, വൈദികരുടെയും, ശ്രുശ്രൂഷക്കാരുടെയും ക്ഷേമത്തിനും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി 5 കോടി രൂപയുടെ ടാര്‍ജറ്റ് ആണ് നിശ്ചയിച്ചിരിക്കുന്നത്.

മാര്‍ച്ച് 17ന് പരി. കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ദേവലോകം അരമന ചാപ്പലില്‍ വി. കുര്‍ബ്ബാന നടക്കും. സഭാ ദിനത്തില്‍ ദേവലോകം അരമനയില്‍ പരി. ബാവാ തിരുമേനി സഭാ പതാക ഉയര്‍ത്തുകയും വിശ്വാസികള്‍ക്ക് സഭാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്യും.