ആകമാന സഭാനിലപാടുകള്‍

20121227

ഈജിപ്‌ത്‌: ഉപരിസഭയില്‍ നിന്നു ക്രിസ്‌ത്യന്‍ വനിത രാജിവച്ചു



കയ്‌റോ: പുതിയ ഇസ്‌ലാമിക ഭരണഘടന നിലവില്‍വന്ന ഈജിപ്‌തില്‍ പാര്‍ലമെന്റിന്റെ ഉപരിസഭയില്‍ നിന്നു നാമനിര്‍ദേശം ചെയ്യപ്പെട്ട ആംഗ്ലിക്കന്‍ സഭാ പ്രതിനിധിയായ ക്രിസ്‌ത്യന്‍ വനിത രാജിവച്ചതു പ്രസിഡന്റ്‌ മുഹമ്മദ്‌ മുര്‍സിക്കു തിരിച്ചടിയായി. സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌തപോലെ എല്ലാവിഭാഗങ്ങള്‍ക്കും ഉപരിസഭയായ ശൂറാ കൗണ്‍സിലില്‍ പ്രാതിനിധ്യം നല്‍കാത്തതാണു രാജിക്കു കാരണമെന്നു നദിയാ ഹെന്റി രാജിക്കത്തില്‍ അറിയിച്ചു.

2013ല്‍ തിരഞ്ഞെടുപ്പിനുശേഷം പുതിയ പാര്‍ലമെന്റ്‌ നിലവില്‍ വരുന്നതുവരെ അധികാരം കയ്യാളുന്ന ശൂറാ കൗണ്‍സിലില്‍ 270 അംഗങ്ങളാണുള്ളത്‌. ഇതില്‍ നാമനിര്‍ദേശം ചെയ്യപ്പെട്ട 90 പേരിലാണു നദിയാ ഹെന്റി ഉള്‍പ്പെട്ടിരുന്നത്‌. ഈജിപ്‌തിനെ ഇസ്‌ലാമിക രാഷ്‌ട്രമാക്കണമെന്നും ശരീഅത്ത്‌ നിയമം നടപ്പാക്കണമെന്നും നിര്‍ദേശിക്കുന്ന പുതിയ ഭരണഘടന അംഗീകരിക്കുന്ന നിയമത്തില്‍ പ്രസിഡന്റ്‌ മുര്‍സി കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു.

മുസ്‌ലിം ബ്രദര്‍ഹുഡിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം തയാറാക്കിയ ഭരണഘടന ഈജിപ്‌തിന്റെ മതേതരസ്വഭാവത്തെ പൂര്‍ണമായും ഇല്ലാതാക്കിയെന്നു പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തുന്നു.