ആകമാന സഭാനിലപാടുകള്‍

20110815

രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കണം: പരിശുദ്ധ കാതോലിക്കാ ബാവാ


കോട്ടയം, ഓഗസ്റ്റ് 13 :ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തില്‍ സഭാവക സ്ഥാപനങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തുകയും നമ്മുടെ രാഷ്ട്രത്തിന്റെ ഐക്യത്തില്‍ അഖണ്ഡതയ്ക്കും വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പ്രധാന അദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ ആഹ്വാനം ചെയ്തു.

പരിശുദ്ധ ബാവായും സഭാ മേലദ്ധ്യക്ഷന്മാരും ഉപവസിക്കുന്നു



കോട്ടയം,ഓഗസ്റ്റ് 13 : മദ്യ ലഭ്യത കുറയ്ക്കുക, മദ്യശാലകള്‍ നിയന്ത്രിക്കാനും നിരോധിക്കാനും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കുക എന്നീ നടപടികള്‍ വഴി കേരളത്തെ മദ്യവിപത്തില്‍ നിന്നും വിമുക്തമാക്കാന്‍ ശ്രമം ആരംഭിക്കുക എന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടു് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവായും ഇതര സഭാ മേലദ്ധ്യക്ഷന്മാരും സാംസ്കാരിക നായകന്മാരും മദ്യവിരുദ്ധ പ്രവര്‍ത്തകരും ആഗസ്റ് 24 ബുധന്‍ രാവിലെ 10 മണിക്ക് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ ഉപവസിക്കും.

20110813

സമാധാനത്തിനു ഭീഷണിയുയര്‍ത്തുന്ന നിരവധി ഘടകങ്ങള്‍ ഏഷ്യയിലുണ്ടെന്ന് സഭകളുടെ ലോകസമിതി


ബാങ്കോക്ക് സമാധാനത്തിനും സുരക്ഷിതത്വത്തിനും ഭീഷണിയുയര്‍ത്തുന്ന ഗൗരവപൂര്‍ണ്ണമായ ഘടകങ്ങള്‍ ഏഷ്യയിലുണ്ടെന്ന് സഭകളുടെ ലോകസമിതിയും ഏഷ്യയിലെ ക്രൈസ്തവ സമിതിയും സംയുക്തമായി നടത്തിയ പഠന ശിബിരം വെളിപ്പെടുത്തുന്നു. ജനാധിപത്യ ഭരണവ്യവസ്ഥിതിയുള്ള രാജ്യങ്ങളില്‍പോലും പൊതുജനങ്ങള്‍പ്രത്യേകിച്ച് ന്യൂനപക്ഷാംഗങ്ങളും മറ്റും പലതരത്തിലുള്ള അക്രമണത്തിന് ഇരകളാകുന്നുണ്ട്. രാജ്യങ്ങള്‍തമ്മിലുള്ള അതിര്‍ത്തിപ്രശ്നങ്ങള്‍ തുടരുന്നു. സാമൂഹീകമോ മതപരമോ ആയ സംഘട്ടനങ്ങളില്‍ നിന്ന് ആഭ്യന്തരകലാപങ്ങള്‍ആരംഭിക്കുന്നു. മതവിശ്വാസം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്നു തുടങ്ങിയ വിവിധ കാരണങ്ങളാണ് ഏഷ്യയില്‍സമാധാനത്തിനു വിഘാതമായി നില്‍ക്കുന്ന ഘടകങ്ങളെന്ന് സമ്മേളനം നിരീക്ഷിച്ചു.

സമാധാനസ്ഥാപനത്തിന് അവശ്യം വേണ്ട ഘടങ്ങളായ മനുഷ്യാവകാശസംരക്ഷണം, ജനാധിപത്യ ഭരണം, നിരായുധീകരണം, കുടിയേറ്റക്കാരുടെ അവകാശങ്ങള്‍, ന്യൂനപക്ഷാവകാശങ്ങള്‍, മതസ്വാതന്ത്ര്യം തുടങ്ങിയ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍സഭകളുടെ ലോകസമിതിയും ഏഷ്യയിലെ ക്രൈസ്തവ സമിതിയും നിശ്ചയിച്ചു.
ഏഷ്യയിലെ സമാധാനവും സുരക്ഷയും: സഭൈക്യ പ്രതികരണം എന്ന പ്രമേയത്തോടെ ബാങ്കോക്കില്‍നടത്തിയ പഠന ശിബിരത്തില്‍ഇരുപത് ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള മുപ്പത്തിയഞ്ചു പ്രതിനിധികള്‍പങ്കെടുത്തു.
വത്തിക്കാന്‍ റേഡിയോ

ഐക്യദാര്‍ഢ്യത്തിന്‍റ പാതയില്‍നീങ്ങണമെന്ന് റോമാ മാര്‍പാപ്പ നോര്‍വേയിലെ ജനങ്ങളോട്



കാസില്‍ഗണ്ടോള്‍ഫോ, 2011 ജൂലൈ 25 ദൂരന്തത്തിനിടയായ നോര്‍വേയിലേയ്ക്ക് 16-ആം ബനഡിക്ട് പാപ്പ സാമാധാന സന്ദേശമയച്ചു. ജൂലൈ 22-ആം തിയതി വെള്ളിയാഴ്ച നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയിലും ഒത്തോയാ കേന്ദ്രത്തിലുമുണ്ടായ ഭീകരാക്രമണത്തെ അപലപിച്ചുകൊണ്ടാണ് മാര്‍പാപ്പ, കാസില്‍ഗണ്ടോള്‍ഫോയിലെ വേനല്‍ക്കാല വസതിയില്‍നിന്നും സമാധാന സന്ദേശമയച്ചത്. വത്തിക്കാന്‍സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെവഴി നോര്‍വെയിലെ രാജാവ് ഹെന്‍റി 5-മനാണ് പാപ്പ സന്ദേശമയച്ചത്.

ആത്മീയ ചൈതന്യത്തില്‍ ഒരുമിച്ചുനിന്നുകൊണ്ട് പകയും വൈരാഗ്യവും മറന്ന് പരസ്പര ബഹുമാനത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റയും സ്വാതന്ത്ര്യത്തിന്‍റെയും പാതയില്‍നീങ്ങണമെന്ന് മാര്‍പാപ്പ സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു. നാട് വിലപിക്കുന്ന ഈ വേളയില്‍ദൈവത്തിന്‍റെ സമാശ്വാസം തുണയ്ക്കട്ടെ എന്നാശംസിച്ച മാര്‍പാപ്പ, മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും... ഭീകരതയുടെ കെടുതിയില്‍ഇനിയും വേദനിക്കുന്നവര്‍ക്കും പ്രാര്‍ത്ഥന നേരുകയുണ്ടായി.
നോര്‍വേയുടെ തലസ്ഥാനമായ ഓസ്ലോയിലെ സര്‍ക്കാര്‍കേന്ദ്രത്തില്‍വെള്ളിയാഴ്ച രാവിലെയുണ്ടായ സ്പോടനം ഏറെ നാശനഷ്ടങ്ങള്‍ക്കൊപ്പം 7 പേരുടെ ജീവന്‍അപഹരിക്കുകയുമുണ്ടായി. അന്നുതന്നെ ഒത്തോയാ ദ്വീപു കേന്ദ്രത്തില്‍ചേര്‍ന്ന ലേബര്‍പാര്‍ട്ടി യോഗത്തില്‍പങ്കെടുത്ത 87 യുവാക്കളെയാണ് പൊലീസ് വേഷം ചമഞ്ഞ അഞ്ജാതന്‍വെടിവച്ചു വീഴ്ത്തിയത്. ഇരുസംഭവങ്ങളുടെയും ഉത്തരവാദിത്വം ആന്‍ഡേഴ്സ് ബെവിക്ക് എന്ന എന്നു പറയപ്പെടുന്ന വ്യക്തി ഏറ്റെടുത്തിട്ടുണ്ട്. ഭീകരസംഭവത്തിന്‍റെ വിശദാംശങ്ങള്‍ക്കായി അന്വേഷണവും വിചാരണയും തുടരുന്നു.

വത്തിക്കാന്‍ റേഡിയോ

ഭദ്രമായ സാമൂഹ്യകൂട്ടായ്മ രൂപീകരിക്കാന്‍ അടിയന്തരപ്രാധാന്യം നല്‍കണമെന്ന് ഇംഗ്ലണ്ടിലെ സര്‍ക്കാരിനോട് – കാന്‍റര്‍ബറി മെത്രാപ്പോലീത്ത


ഭദ്രമായ സാമൂഹ്യകൂട്ടായ്മ രൂപീകരിക്കുന്നതിന് അടിയന്തരപ്രാധാന്യം നല്‍കണമെന്ന് ഇംഗ്ലണ്ടിലെ സര്‍ക്കാരിനോട് കാന്‍റര്‍ബറിയിലെ ആര്‍ച്ച് ബിഷപ്പ് റോവന്‍ വില്ലൃംസ് അഭ്യര്‍ത്ഥിച്ചു,
ലണ്ടന്‍നഗരത്തിലുണ്ടായ കലാപത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഓഗസ്റ്റ് പതിനൊന്നാം തിയതി വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക പാര്‍ലമെന്‍റ് സമ്മേളനത്തെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ബ്രിട്ടീഷ് തെരുവുകളില്‍ നടന്ന അക്രമങ്ങള്‍ അവഗണിച്ചു കളയരുതെന്നും ഇതിനു കാരണമായ വസ്തുതകളെക്കുറിച്ച് വിശദമായ പഠനം നടത്തണമെന്നും മെത്രാപ്പോലീത്താ അഭ്യര്‍ത്ഥിച്ചു. കലാപത്തില്‍ ആക്രമണങ്ങള്‍ക്കിരകളായവരോട് ഖേദം പ്രകടിപ്പിച്ച ആര്‍ച്ച് ബിഷപ്പ് റോവന്‍ കലാപം അവസാനിപ്പിക്കാന്‍ സഹായിച്ച പൊലീസുകാരെയും സന്നദ്ധപ്രവര്‍ത്തകരെയും അഭിനന്ദിച്ചു.
കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളായി ഇംഗണ്ടിലെ വിദ്യാഭ്യാസ വ്യവസ്ഥിതിയില്‍ വന്ന മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയ ആര്‍ച്ച് ബിഷപ്പ് പൗരന്മാരില്‍മൂല്യങ്ങള്‍വളര്‍ത്തിക്കൊണ്ട് അവരെ സല്‍സ്വഭാവികളായി മാറ്റുന്നതില്‍വിദ്യാഭ്യാസ മേഖല വേണ്ടത്ര ശ്രദ്ധചെലുത്തുന്നില്ലെന്നും കുറ്റപ്പെടുത്തി.

മാര്‍ക്ക് ഡഗ്ഗന്‍ എന്ന കറുത്ത വര്‍ഗ്ഗക്കാരന്‍ ടോട്ടന്‍ഹാമില്‍ പോലീസ് വെടിവെയ്പ്പില്‍കൊല്ലപ്പെട്ട സംഭവത്തോട് ബന്ധപ്പെട്ട് ലണ്ടനില്‍ആരംഭിച്ച ലഹളയും കലാപവും അഞ്ചു ദിവസത്തിനുശേഷമാണ് നിയന്ത്രണവിധേയമായത്. ബ്രിട്ടണില്‍ജനജീവിതം സാധാരണ നിലയിലേക്കു മടങ്ങിവരുകയാണെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പാര്‍ലമെന്‍റ് സമ്മേളനത്തില്‍വ്യക്തമാക്കി.

വത്തിക്കാന്‍ റേഡിയോ

വടക്കന്‍ - തെക്കന്‍ സുഡാന്‍ സംഘര്‍ഷാവസ്ഥയ്ക്കു യു.എന്‍ സുരക്ഷാ സമിതി പരിഹാര നടപടികള്‍ സ്വീകരിക്കണമെന്ന് ആഗ്ലിക്കന്‍ മെത്രാന്‍

കദുലി – സുഡാന്‍, 2011ഓഗസ്റ്റ് 9
വടക്കന്‍ സുഡാന്‍റേയും തെക്കന്‍ സുഡാന്‍റേയും വിഭജനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടും അവിടെ തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്കു പരിഹാരം കാണാന്‍ ഐക്യരാഷ്ട്രസംഘടനയുടെ സുരക്ഷാ സമിതി നടപടികള്‍ സ്വീകരിക്കണമെന്ന് തെക്കന്‍ കോര്‍ദാഫാനിലെ ആഗ്ലിക്കന്‍ മെത്രാന്‍ അന്‍ദുദു ആദം എല്‍നെയില്‍ സുരക്ഷാസമിതിയംഗങ്ങളോടഭ്യര്‍ത്ഥിച്ചു. വടക്കന്‍ സുഡാന്‍റേയും തെക്കന്‍ സുഡാന്‍റേയും അതിര്‍ത്തി പ്രദേശമായ തെക്കന്‍ കോര്‍ദോഫാനിലാണ് കൂടുതല്‍ സംഘര്‍ഷങ്ങള്‍ നടക്കുന്നത്. സുഡാന്‍ സായുധ സൈനീക ശക്തിയും (എസ്.എ.എഫ്.) സുഡാന്‍ ജനതയുടെ സ്വാതന്ത്ര്യ സൈന്യവും (എസ്.പി.എല്‍.എ.)യും തമ്മില്‍ നടക്കുന്ന പോരാട്ടം ജനജീവിതം ദുഃസഹമാക്കുകയാണെന്നു പ്രസ്താവിച്ച ബിഷപ്പ് എല്‍നെയില്‍, സുഡാന്‍ ഭരണകൂടം സന്നദ്ധ പ്രവര്‍ത്തനത്തിനെത്തുന്ന ഉപവി സംഘടനകളെ ഈ പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്നും വത്തിക്കാന്‍ റേഡിയോയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. അന്താരാഷ്ട്ര വാര്‍ത്താമാധ്യമങ്ങളുടെയും സന്നദ്ധ സംഘടനകളുടേയും അഭാവം മൂലം തെക്കന്‍ കോര്‍ദോഫാനിലെ സ്ഥിതിഗതികള്‍ വ്യക്തമായി വിലയിരുത്തുവാന്‍ ബുദ്ധിമുട്ടാണെന്ന് മനുഷ്യാവകാശ നിരീക്ഷക സംഘടയുടെ ആഗോള ഉപദേശകസമിതിയധ്യക്ഷ പെഗ്ഗി ഹിക്കന്‍സ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.

വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആഭ്യന്തരയുദ്ധത്തിനു ശേഷം 2011 ജൂലൈ ഒന്‍പതാം തിയതിയാണ് സുഡാന്‍ രണ്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടത്.

-വത്തിക്കാന്‍ റേഡിയോ