ആകമാന സഭാനിലപാടുകള്‍

20150213

ഇരു സഭകളാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുക: പാത്രിയര്‍ക്കീസ്‌ ബാവ


Friday, February 13, 2015 മംഗളം
കൊച്ചി: യാക്കോബായ, ഓര്‍ത്തഡോക്‌സ്‌ വിഭാഗങ്ങള്‍ യോജിപ്പിനു ശ്രമിക്കുന്നതിനെക്കാള്‍ ഉത്തമം ഇരു സഭകളാണെന്ന യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്നതാണെന്ന്‌ ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ തലവന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവ പറഞ്ഞു. പുത്തന്‍കുരിശില്‍ ചേര്‍ന്ന യാക്കോബായ സുറിയാനി സഭാ മാനേജിങ്‌ കമ്മിറ്റി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബാവ.
ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിന്റെ 1934 ലെ ഭരണഘടനയില്‍ അന്ത്യോഖ്യാ പാത്രിയര്‍ക്കീസാണു സഭയുടെ ആത്മീയ മേലധ്യക്ഷനെന്നു പറഞ്ഞിട്ടുണ്ട്‌. എന്നാല്‍ അന്ത്യോഖ്യാ സിംഹാസനത്തിന്റെ ആത്മീയ മേല്‍ക്കോയ്‌മ നിലനിര്‍ത്തണമോയെന്ന്‌ അവര്‍ക്കു തീരുമാനിക്കാം. കേസുകള്‍ അവസാനിപ്പിച്ചു പരസ്‌പരം സഹവര്‍ത്തിത്തത്തോടെ മുമ്പോട്ടു നീങ്ങാന്‍ ഇരു വിഭാഗവും തയാറാകണം. സുന്നഹദോസ്‌ നിയമിച്ച കമ്മിറ്റിയുടെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. മലങ്കരയിലെ സുന്നഹദോസും സമിതികളും എടുക്കുന്ന തീരുമാനങ്ങള്‍ മാത്രമേ താന്‍ അംഗീകരിക്കുകയുള്ളൂവെന്ന്‌ പരിശുദ്ധ പാത്രിയര്‍ക്കീസ്‌ ബാവ പറഞ്ഞു.
സഭാ സമാധാനം സംബന്ധിച്ചു സഭയ്‌ക്ക്‌ വ്യക്‌തമായ കാഴ്‌ചപ്പാടുണ്ട്‌. യാക്കോബായ സുറിയാനി സഭയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന യാതൊന്നും സിംഹാസനത്തില്‍നിന്ന്‌ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
യാക്കോബായ സഭയുടെ ഇന്നത്തെ വളര്‍ച്ചയ്‌ക്കു കാരണം ശ്രേഷ്‌ഠ കാതോലിക്ക ബാവയുടെ നേതൃത്വമാണ്‌. പെരുമ്പള്ളി ഗീവര്‍ഗീസ്‌ മോര്‍ ഗ്രിഗോറിയോസും ഇന്നത്തെ ശ്രേഷ്‌ഠ കാതോലിക്ക ബാവയും സഭയുടെ വളര്‍ച്ചയ്‌ക്കു നല്‍കിയ നേതൃത്വം വളരെ വലുതാണ്‌. അവര്‍ സഹിച്ച ത്യാഗങ്ങള്‍ ആദരവോടുകൂടിയാണ്‌ സഭ കാണുന്നത്‌.
ശ്രേഷ്‌ഠ കാതോലിക്കാ ബാവയുടെ ജീവിതാവസാനം വരെ അദ്ദേഹം ഈ സഭയെ നയിക്കും. ബാവയ്‌ക്കെതിരേ ഇവിടെ ചിലര്‍ നടത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കാന്‍ സാധ്യമല്ല. ശ്രേഷ്‌ഠ ബാവയോടൊപ്പം സഭ ഒറ്റക്കെട്ടായിനിന്നു സമാധാനത്തോടെ മുന്നോട്ടുപോകണമെന്നാണ്‌ ആഗ്രഹിക്കുന്നതെന്നും പരിശുദ്ധ ബാവ പറഞ്ഞു.
ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ, ജോസഫ്‌ മോര്‍ ഗ്രിഗോറിയോസ്‌, സഭാ ട്രസ്‌റ്റി തമ്പു ജോര്‍ജ്‌ തുകലന്‍, സഭാ സെക്രട്ടറി ജോര്‍ജ്‌ മാത്യു തെക്കേത്തലയ്‌ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.


യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭകള്‍ രണ്ടായി മുന്നോട്ടുപോകണം: പാത്രിയര്‍ക്കീസ്‌ ബാവ
മംഗളം Thursday, February 12, 2015

നെടുമ്പാശേരി: മലങ്കരയിലെ യാക്കോബായ-ഓര്‍ത്തഡോക്‌സ്‌ സഭകള്‍ സമാധാനത്തോടും സൗഹൃദത്തോടും മുന്നോട്ടുപോകണമെന്ന്‌ ആകമാന സുറിയാനി സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ ഇഗ്‌നാത്തിയോസ്‌ അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ്‌ ബാവ. മാര്‍ത്തോമ്മ, കത്തോലിക്ക, സി.എസ്‌.ഐ. സഭകളെപോലെ ഓര്‍ത്തോഡക്‌സ്‌ സഭയെയും സഹോദര സഭയായി കണക്കാക്കുമെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി.
വ്യവഹാരങ്ങളും തര്‍ക്കങ്ങളും അവസാനിപ്പിക്കണം. രണ്ടു സഭകളും ക്രിസ്‌തീയദര്‍ശനങ്ങള്‍ ഉയര്‍ത്തിപിടിക്കണം. മലങ്കരയില്‍ ശ്രേഷ്‌ഠ കാതോലിക്ക ബാവയുടെ അധ്യക്ഷതയിലുള്ള സുന്നഹദോസ്‌ ഇതു സംബന്ധിച്ചെടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും തന്റെ അംഗീകാരമുണ്ടായിരിക്കും.
അന്ത്യോഖ്യ സിംഹാസനം എക്കാലത്തും മലങ്കരസഭയെ കരുതുമെന്നും ബാവ പറഞ്ഞു. ചെറിയ വാപ്പാലശേരി മാര്‍ ഇഗ്‌നാത്തിയോസ്‌ പള്ളിയില്‍ നല്‍കിയ സ്വീകരണസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു ബാവ. സമ്മേളനത്തില്‍ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ അധ്യക്ഷതവഹിച്ചു.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ