ആകമാന സഭാനിലപാടുകള്‍

20101030

ദിദിമോസ്‌ ബാവാ ആടുകളെ നേര്‍വഴിക്കു നയിച്ച ഇടയശ്രേഷ്‌ഠന്‍

പരിശുദ്ധ കാതോലിക്കാ ബാവായുടെ നവതി ആഘോഷിച്ചു
മതം പ്രചരിപ്പിക്കാന്‍ ബലപ്രയോഗം പാടില്ല - ശിഹാബ് തങ്ങള്‍

പരുമല, ഒക്ടോ. 29: പ്രാര്‍ഥനയിലൂടെ ദൈവവുമായി സംസര്‍ഗത്തില്‍ ഏര്‍പ്പെടുകയും ആടുകളെ നേര്‍വഴിക്കു നയിക്കുകയും ചെയ്‌ത ഇടയശ്രേഷ്‌ഠനാണ്‌ പരിശുദ്ധ കാതോലിക്കാ ബാവായെന്നു് പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. ഓര്‍ത്തഡോക്‌സ്‌ സഭയുടെ പൗരസ്ത്യ കാതോലിക്ക പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവായുടെ തൊണ്ണൂറാം ജന്മദിന ആഘോഷവും വിവാഹ സഹായനിധി വിതരണവും പരുമല സെമിനാരിയില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മനുഷ്യസമൂഹത്തെ നേര്‍വഴിയില്‍ നയിക്കാന്‍ നിയോഗിതരായ നന്മയുടെ സമൂഹമാണ്‌ വിശാസികളുടേതെന്നു് പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. മുസ്‌ലിമും ക്രൈസ്‌തവരും തമ്മില്‍ ചരിത്രാതീത കാലം മുതല്‍ ഉറ്റ ബന്ധം പുലര്‍ത്തിയിരുന്നവരാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ഇസ്‌ലാം മതസഹിഷ്‌ണുതയ്‌ക്കു വലിയ മാതൃകയാണ്‌.ഏക ദൈവത്തില്‍ വിശ്വസിക്കാനും അല്ലാഹുവിനു കീഴ്‌പ്പെട്ടു ജീവിക്കാനും ഉദ്‌ബോധിപ്പിക്കുന്നു. സത്യവിശ്വാസം അഥവ മതം പ്രചരിപ്പിക്കാന്‍ ബലപ്രയോഗം പാടില്ല എല്ലാ മതങ്ങളും പഠിപ്പിക്കുന്നതു സ്‌നേഹമാണ്‌. സ്‌നേഹിക്കാന്‍ കഴിയാത്തവന്‍ യഥാര്‍ഥ മനുഷ്യനല്ല. സ്‌നേഹം നഷ്‌ടപ്പെടുന്ന സമൂഹത്തിലാണ്‌ കലാപങ്ങളുണ്‌ടാകുന്നതെന്നും ഹൈദരലി തങ്ങള്‍ പറഞ്ഞു.

ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ ബാവാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ അധ്യക്ഷത വഹിച്ചു. ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസിന്റെ അനുഗ്രഹ പ്രഭാഷണം ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ്‌ വായിച്ചു.

ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്താ, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌, ഡോ. അലക്‌സാണ്ടര്‍ കാരയ്‌ക്കല്‍, ജനറല്‍ കണ്‍വീനര്‍ ബിജു ഉമ്മന്‍, ജേക്കബ്‌ തോമസ്‌ അരികുപുറം, സെമിനാരി മാനേജര്‍ എ.ഡി. യൂഹാനോന്‍ റമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു.

പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവാ മറുപടി പ്രസംഗം നടത്തി. ലഭിക്കുന്ന അനുഗ്രഹങ്ങള്‍ക്കു ദൈവത്തോടു കടപ്പെട്ടിരിക്കുന്നു. വിശ്വാസത്തിലധിഷ്‌ഠിതമായ ജീവിതം ഓരോ മനുഷ്യനിലും പ്രകാശം പരത്തും. സഭയും സമൂഹവും ശക്‌തിപ്പെടാന്‍ ആധ്യാത്മികത വളരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
90 പെണ്‍ക്കുട്ടികളുടെ വിവാഹത്തിനുള്ള ധനസഹായവും ചടങ്ങില്‍ വിതരണം ചെയ്‌തു.


കാതോലിക്കാ ബാവായ്‌ക്ക്‌ ആശംസകളുമായി മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത

പരുമല, ഒക്ടോ. 29: പ്രായത്തില്‍ മൂത്തത്‌ ഞാനാണെങ്കിലും സ്‌ഥാനംകൊണ്ട്‌ വലിയത്‌ പരിശുദ്ധ ബാവാ തിരുമേനിയാണ്‌. മക്കള്‍ ഒരു സ്‌ഥാനത്തെത്തിയാല്‍ മാതാപിതാക്കള്‍ അവരെ ബഹുമാനിക്കണം. അതുകൊണ്ടാണ്‌ തൊണ്ണൂറ്റിമൂന്നുകാരനായ ഞാന്‍ 90 വയസ്സിലേക്ക്‌ പ്രവേശിച്ച ബാവായെ കാണാനെത്തിയത്‌. മെത്രാപ്പൊലീത്തമാരും വിശിഷ്‌ടാതിഥികളും തിങ്ങിനിറഞ്ഞ സദസ്സില്‍ ചിരിക്ക്‌ തിരി കൊളുത്തിക്കൊണ്ടു് ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്ത പറഞ്ഞു. പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവായ്‌ക്ക്‌ നവതി ആശംസ നേരാന്‍ പരുമല സെമിനാരിയില്‍ എത്തിയതായിരുന്നു ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്ത.

സ്‌ഥാനമുള്ളവരെ മാത്രമേ സമൂഹത്തില്‍ ആവശ്യമുള്ളു. സ്‌ഥാനമില്ലാത്തവരെത്തേടി ആരുമെത്താറില്ല. പദവിയില്ലാത്തവരുടെ കൂട്ടത്തില്‍പ്പെട്ടവനാണ്‌ ഞാന്‍. ബാവാ തിരുമേനി ഇനിയും ആരോഗ്യത്തോടുകൂടി പിറന്നാള്‍ ആഘോഷിക്കട്ടെയെന്ന്‌ പ്രാര്‍ഥിച്ചാണ്‌ മാര്‍ ക്രിസോസ്‌റ്റം പിരിഞ്ഞത്‌. പരുമലയിലെത്തിയ മാര്‍ ക്രിസോസ്‌റ്റത്തെ മെത്രാപ്പൊലീത്തമാരുടെ നേതൃത്വത്തില്‍ പള്ളിമേടയിലേക്ക്‌ സ്വീകരിച്ചു. മാര്‍ ക്രിസോസ്‌റ്റം എത്തിയതില്‍ പരിശുദ്ധ കാതോലിക്കാ ബാവാ സന്തോഷം അറിയിച്ചു.

പരിശുദ്ധ ബാവായ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ദേവലോകത്തെ കുടുംബ സംഗമം


ദേവലോകം, ഒക്ടോ. 30 : പരിശുദ്ധ കാതോലിക്കാ ബാവയുടെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നു ദേവലോകം അരമനയില്‍ കുടുംബ സംഗമം നടന്നു. ശ്രേഷ്ഠ നിയുക്ത കാതോലിക്ക അഭി. പൗലോസ്‌ മാര്‍ മിലിത്തിയോസ് അധ്യക്ഷത വഹിച്ചു. ശ്രേഷ്ഠ നിയുക്ത കാതോലിക്കാ അദ്ധ്യക്ഷത വഹിച്ചു ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൌവ്വത്തില്‍, സി. എസ്. ഐ ബിഷപ്പ് ഡോ. തോമസ് സാമുവല്‍, ഡോ. സഖറിയാസ് മാര്‍ അപ്രേം, ഫാ. ഇ. എം. ഫിലിപ്പ്,ഫാ. പി. എ. ഫിലിപ്പ്, പ്രൊഫ. പി. സി. ഏലിയാസ് എന്നിവര്‍ പ്രസംഗിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മുനിസിപ്പല്‍ കൌണ്‍സിലര്‍മാരായ സണ്ണി കല്ലൂര്‍, ജൂലിയസ് ചാക്കോ തുടങ്ങിയവര്‍ ദേവലോകത്തെത്തി ആശംസകള്‍ ആര്‍പ്പിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ