ആകമാന സഭാനിലപാടുകള്‍

20120227

കൃത്രിമ ഗര്‍ഭധാരണത്തില്‍നിന്ന്‌ അകന്നുനില്‍ക്കാന്‍ റോമാ മാര്‍പാപ്പായുടെ ആഹ്വാനം



ലണ്ടന്‍, ഫെ 26: കുട്ടികളുണ്ടാകാത്ത ദമ്പതികള്‍ കൃത്രിമ പ്രത്യുല്‍പാദന മാര്‍ഗങ്ങളില്‍നിന്ന്‌ അകന്നു നില്‍ക്കണമെന്നും ലൈംഗികത മാത്രമാണു് ഗര്‍ഭധാരണത്തിനുള്ള അംഗീകൃതമാര്‍ഗമെന്നും റോമാ സഭയുടെ ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പാ ആഹ്വാനം ചെയ്തു. ഗര്‍ഭധാരണത്തിനായുള്ള 'ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷന്‍' ചികിത്സപോലുള്ള മാര്‍ഗങ്ങള്‍ തികഞ്ഞ ധിക്കാരമാണ്‌. പുതിയൊരു മനുഷ്യജീവന്റെ നിലനില്‍പ്പിനായുള്ള മൂല്യവത്തായ ഒരേയൊരിടം വിവാഹമാണ്‌- വത്തിക്കാനില്‍ വന്ധ്യതയെക്കുറിച്ചുള്ള ത്രിദിന സമ്മേളനത്തിനൊടുവില്‍ മാര്‍പാപ്പാ പറഞ്ഞു.

ലൈംഗികത ഒഴികെയുള്ള ഏതെങ്കിലും മാര്‍ഗത്തിലൂടെ ഗര്‍ഭധാരണത്തിനു ശ്രമിക്കുന്നതില്‍നിന്ന്‌ അകന്നു്നില്‍ക്കണമെന്നു് വന്ധ്യത അനുഭവിക്കുന്ന ദമ്പതികളോട്‌ മാര്‍പാപ്പാ ആഹ്വാനം ചെയ്‌തു. ദമ്പതികളുടെ ലൈംഗികത അവരുടെ സമാഗമത്തിലൂടെയുള്ള സ്‌നേഹപ്രകടനമാണ്‌. അതു കേവലം ശാരീരികം മാത്രമല്ല, ആത്മീയവുമാണ്‌. കൃത്രിമ ഗര്‍ഭധാരണരീതികളോടുള്ള ആകര്‍ഷണത്തെ ചെറുക്കണമെന്നു് സമ്മേളനത്തില്‍ പങ്കെടുത്ത വന്ധ്യതാ ചികിത്സകരോട്‌ മാര്‍പാപ്പാ ആവശ്യപ്പെട്ടു.

എളുപ്പത്തില്‍ പണമുണ്ടാക്കുന്നതിനേക്കാള്‍ മോശമായി, സ്രഷ്‌ടാവിന്റെ സ്‌ഥാനം ഏറ്റെടുക്കുക എന്ന അഹങ്കാരമാണ്‌ ഇത്തരം ചികിത്സാരീതികളെന്നും അദ്ദേഹം പറഞ്ഞു. ബീജമോ അണ്ഡമോ ദാനം ചെയ്യുന്നതും കൃത്രിമ ഗര്‍ഭധാരണരീതികളും കത്തോലിക്കാ വിശ്വാസികള്‍ക്കിടയില്‍ സഭ വിലക്കിയിട്ടുള്ളതാണ്‌. എന്നാല്‍, വന്ധ്യത സംബന്ധിച്ച വൈദ്യശാസ്‌ത്ര ഗവേഷണങ്ങളെ സഭ പ്രോത്സാഹിപ്പിക്കുമെന്നു് മാര്‍പാപ്പാ വ്യക്‌തമാക്കി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ