ആകമാന സഭാനിലപാടുകള്‍

20101217

സഭയ്‌ക്കു് കക്ഷിരാഷ്ട്രീയമില്ല; എന്നാല്‍, രാഷ്ട്രീയ നിലപാടുണ്ടു്: കേരള റോമാ സഭ

കൊച്ചി, ഡിസംബര്‍‍ 15: കത്തോലിക്കാ സഭയ്‌ക്കു് കക്ഷിരാഷ്‌ട്രീയമില്ലെന്നും എന്നാല്‍, രാഷ്‌ട്രീയ നിലപാടുകളുണ്ടെന്നും കേരള കത്തോലിക്കാ മെത്രാന്‍‍ സമിതി (കെ. സി. ബി. സി.) പ്രസിഡന്റ്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത് വ്യക്തമാക്കി‌. കേരള കത്തോലിക്കാ മെത്രാന്‍‍ സമിതി യോഗത്തിനു് ശേഷം മാധ്യമപ്രവര്‍ത്തകരോടു് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കത്തോലിക്കാ സഭയുടെ നിലപാടുകള്‍ സുതാര്യമാണു്‌. ജനാധിപത്യപ്രക്രിയയില്‍ സഭാംഗങ്ങള്‍ സജീവമായി പങ്കെടുക്കണമെന്നതാണു് സഭയുടെ നയം. അതാണു്‌ ഇടയലേഖനങ്ങളിലൂടെ വിശ്വാസികളോടു് സഭ ആഹ്വാനം ചെയ്യുന്നതു്‌. വിശ്വാസപരവും സാമൂഹികപരവുമായ കാര്യങ്ങളിലാണു് സഭ ഇടയലേഖനങ്ങള്‍ ഇറക്കുന്നതു്. ആവശ്യമുള്ള അവസരങ്ങളില്‍ വേണ്ടിവന്നാല്‍ ഇനിയും ഇടയലേഖനങ്ങള്‍ ഇറക്കുമെന്നും ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു.

സഭാംഗങ്ങളുടെ വിശ്വാസത്തെ പരിപോഷിപ്പിക്കുക, വിശ്വാസപരവും സാമൂഹ്യവുമായ കാര്യങ്ങളില്‍ സഭാംഗങ്ങളെ ബോധവത്‌ക്കരിക്കുക എന്നതാണു് സഭാപിതാക്കന്‍മാര്‍ എന്ന നിലയില്‍ തങ്ങളുടെ കടമ. അത്തരം കാര്യങ്ങള്‍ ആഹ്വാനം ചെയ്യുന്നതിനാണ്‌ ഇടയലേഖനങ്ങള്‍. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനു മുന്‍പിറക്കിയ ഇടയലേഖനത്തിന്റെ ലക്ഷ്യവും ഇതു് തന്നെയായിരുന്നുവെന്നു് ഒരു ചോദ്യത്തിനു് മറുപടിയായി ആര്‍ച്ച്‌ ബിഷപ്‌ പറഞ്ഞു.

സഭയ്‌ക്കു്‌ ഒരു രാഷ്‌‌ട്രീയ പാര്‍ട്ടിയോടും വിദ്വേഷമില്ല. എന്നാല്‍, വിശ്വാസപരമായ കാര്യങ്ങളിലുള്ള നിലപാടില്‍ മാറ്റവുമില്ല. ഏതു് കാലഘട്ടത്തിലെ സര്‍ക്കാരായാലും ജനങ്ങളുടെ പുരോഗതി എന്ന സഭയുടെ പ്രഖ്യാപിത നിലപാടുകളില്‍നിന്നു് വ്യത്യസ്‌തമായ നീക്കങ്ങളുണ്ടായാല്‍ അപ്പപ്പോള്‍ നിലപാടു് വ്യക്തമാക്കുമെന്നും ആര്‍ച്ച്‌ബിഷപ്‌ പറഞ്ഞു. ശരിയായ മതവിശ്വാസി ഒരിയ്ക്കലും വര്‍ഗീയത വളര്‍ത്തുകയില്ല. മറ്റു് ള്ള മതങ്ങളെ ബഹുമാനിക്കുന്നതോടൊപ്പം തന്റെ വിശ്വാസത്തില്‍ ഉറച്ചു് മുന്നോട്ടു്പോകുക എന്നതാവണം ലക്ഷ്യം.


മാരകകീടനാശിനികള്‍ നിരോധിക്കണം

എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള മാരകമായ എല്ലാ കീടനാശിനികളും പൂര്‍ണമായും നിരോധിക്കണമെന്നാണു് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ അഭിപ്രായം. മനുഷ്യജീവന്റെ വില പരിഗണിച്ചു് എല്ലാ കീടനാശിനികളെക്കുറിച്ചും വിശദമായ പഠനം നടത്തണം. ജൈവകൃഷി സ്വീകരിയ്ക്കണം. കേരളത്തിനു് വേണ്ട ഭക്ഷ്യവര്‍ഗങ്ങള്‍ സംസ്ഥാനത്തു തന്നെ ഉത്‌പാദിപ്പിക്കുന്ന സ്ഥിതിയുണ്ടാകാന്‍ ജനങ്ങള്‍ പരിശ്രമിക്കണം.

ഉന്നത വിദ്യാഭ്യാസരംഗത്തെ പരിഷ്‌കരണനീക്കങ്ങള്‍‍ക്കെതിരെ

ഉന്നതവിദ്യാഭ്യാസരംഗത്തെ വികലമായ പരിഷ്‌കാരങ്ങള്‍ പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം. കോളജുകളുടെ ക്ലസ്റ്ററുകള്‍ കേരളത്തില്‍ മൂന്നിടത്തു് പരീക്ഷിച്ചു് പരാജയമടഞ്ഞിട്ടും വീണ്ടും നടപ്പിലാക്കാന്‍ പരിശ്രമിക്കുന്നതു് ദുരുദ്ദേശ്യപരമാണു്‌. ക്ലസ്റ്റര്‍ കോളജുകള്‍ക്കു് മാത്രമേ പുതിയ കോഴ്‌സുകള്‍ അനുവദിക്കൂ എന്ന നിലപാടു് തിരുത്തണം.

സര്‍വകലാശാലാ നിയമങ്ങള്‍ പരിഷ്‌കരിക്കുന്നതു് സംബന്ധിച്ച ഡോ. അനന്തകൃഷ്‌ണന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും ഉന്നതവിദ്യാഭ്യാസ സമിതിയുടെ നയരേഖയായി സമര്‍പ്പിക്കപ്പെട്ട ഡോ. അനന്തമൂര്‍ത്തി റിപ്പോര്‍ട്ടും സര്‍വകലാശാല പരീക്ഷകള്‍ പരിഷ്‌കരിക്കുന്നതു് സംബന്ധിച്ച ഡോ. ജേക്കബ്‌ താരു റിപ്പോര്‍ട്ടിലെയും പല നിര്‍ദേശങ്ങളും ഉന്നത വിദ്യാഭ്യാസരംഗത്തെ ഗുണനിലവാരത്തകര്‍ച്ചയ്‌ക്കു് ആക്കം കൂട്ടും. കമ്മീഷന്‍ റിപ്പോര്‍ട്ടുകളിലെ നിര്‍ദേശങ്ങള്‍ ആഴമുള്ള പഠനങ്ങള്‍ക്കും അത്യാവശ്യമായ കൂടിയാലോചനകള്‍ക്കും ശേഷം മാത്രമേ നടപ്പിലാക്കാവൂ. ഉന്നതവിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയ്‌ക്കു് ഓട്ടോണമി കോളജുകള്‍ അത്യാവശ്യമാണെന്നാണു് കെസിബിസിയുടെ അഭിപ്രായം.

പരിസ്ഥിതി സംരക്ഷണം

പരിസ്ഥിതി സംരക്ഷണം ദൈവവിശ്വാസത്തിന്റെ തന്നെ ഭാഗമായി കണ്ടു് സഭാംഗങ്ങളെ കൂടുതല്‍ ബോധവത്‌ക്കരിക്കാന്‍ കെസിബിസി തീരുമാനിച്ചു. പരിസ്ഥിതി മലിനീകരണം, പ്രകൃതി വിഭവങ്ങളുടെ അമിതചൂഷണം, കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, ജൈവവൈവിധ്യം എന്നിവയെക്കുറിച്ച്‌ ഇടവകകളിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും ബോധവത്‌ക്കരണ പരിപാടികള്‍ സംഘടിപ്പിയ്ക്കും. മഴവെള്ളസംരക്ഷണം, മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളുടെ വ്യാപനം, ജൈവകൃഷിയുടെ വ്യാപനം എന്നിവയ്‌ക്കു സഭ മുന്‍കൈ എടുക്കും. എല്ലാ ജനവിഭാഗങ്ങളുടെയും സഹകരണം നേടിക്കൊണ്ടു് ഒരു പരിസ്ഥിതി സൗഹൃദ സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതിനു് മുന്‍ഗണനാപരമായ പ്രാമുഖ്യം നല്‌കാനും യോഗം തീരുമാനിച്ചു.

മദ്യനയം തിരുത്തണം

സര്‍ക്കാരിന്റെ മദ്യനയം തിരുത്തണം. കേരളത്തിലെ മദ്യഷാപ്പുകള്‍ അനുവദിക്കാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്കണം. ഭയാനകമായ രീതിയില്‍ മദ്യപാനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഇപ്പോള്‍ നിലനില്‌ക്കുന്ന മദ്യനയം പുനഃപരിശോധിച്ച്‌ മദ്യത്തിന്റെ ഉപയോഗവും വിതരണവും കുറയ്‌ക്കുന്ന നയം സര്‍ക്കാര്‍ നടപ്പിലാക്കണം.

പഞ്ചായത്തിരാജിലെ 232-ആം വകുപ്പും നഗരപാലികാ ബില്ല്‌ 447-ഉം പുനഃസ്ഥാപിയ്ക്കണം. പുകവലി, മയക്കുമരുന്ന്‌, മദ്യപാനം എന്നിവയുടെ മാരകമായ ദോഷവശങ്ങളെക്കുറിച്ച്‌ ബോധവത്‌കരിക്കുന്നതിന്‌ സ്‌കൂള്‍, കോളജ്‌ തലങ്ങളില്‍ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും.
പ്രജനന ബില്ല്‌ പിന്‍വലിക്കണം

കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ കൃത്രിമ പ്രജനന ബില്ല്‌ പിന്‍വലിക്കണം. മനുഷ്യബന്ധങ്ങളിലും കുടുംബപശ്ചാത്തലത്തിലും അരാജകത്വം സൃഷ്‌ടിക്കുന്ന പുതിയ പ്രജനന നിയമനിര്‍മാണം ഭാരതസംസ്‌കാരത്തിനും ധാര്‍മികതയ്‌ക്കും ഈശ്വരവിശ്വാസത്തിനും എതിരാണു്‌. വിവാഹജീവിതത്തിന്റെ ജീവദായക-സ്‌നേഹദായക അര്‍ഥങ്ങള്‍ തകര്‍ക്കുന്ന നിയമനിര്‍മാണങ്ങള്‍ക്കെതിരേ പൊതുസമൂഹം ഒന്നടങ്കം പ്രതികരിയ്ക്കണം.

ഉത്‌കണ്‌ഠ രേഖപ്പെടുത്തി

ആലപ്പുഴ വെള്ളാപ്പള്ളി സെന്റ്‌ ഫ്രാന്‍സിസ്‌ അസീസി പള്ളിയില്‍നിന്നു ദിവ്യകാരുണ്യം മോഷണം പോയതിനെക്കുറിച്ചുള്ള അന്വേഷണം വേണ്‌ടവിധം നടക്കാത്തതില്‍ കേരള കത്തോലിക്കാ മെത്രാന്‍‍ സമിതി ഉത്‌കണ്‌ഠ രേഖപ്പെടുത്തി. മാപ്രാണം ഹോളിക്രോസ്‌ തീര്‍ഥകേന്ദ്രത്തില്‍നിന്നു മോഷണം പോയ അമൂല്യമായ തിരുശേഷിപ്പുകള്‍ കണ്ടെ‌ത്താനോ മോഷ്‌ടാക്കളെ പിടികൂടാനോ ഇതുവരെ സര്‍ക്കാരിനു് കഴിയാത്തതിലും പ്രതിഷേധിച്ചു.

കാത്തലിക്‌ കൗണ്‍സില്‍

കേരളസഭയിലെ അല്‌മായരും സന്യസ്‌തരും പുരോഹിതരും മെത്രാന്മാരും ഒരുമിച്ചു ചേരുന്ന കാത്തലിക്‌ കൗണ്‍സില്‍ കേരള കത്തോലിക്കാ മെത്രാന്‍‍ സമിതിയുടെ ആഭിമുഖ്യത്തില്‍ രൂപീകരിക്കും. കൗണ്‍സിലിന്റെ പ്രഥമയോഗം അടുത്ത ജൂണില്‍ വിളിച്ചുകൂട്ടാന്‍ തീരുമാനിച്ചതായും ആര്‍ച്ച്‌ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ പറഞ്ഞു.

കേരള കത്തോലിക്കാ മെത്രാന്‍‍ സമിതി (കെസിബിസി) വൈസ്‌ പ്രസിഡന്റ്‌ വരാപ്പുഴ ആര്‍ച്ച്‌ബിഷപ്‌ ഡോ.ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍, സെക്രട്ടറി ജനറല്‍ തിരുവല്ല ആര്‍ച്ച്‌ബിഷപ്‌ തോമസ്‌ മാര്‍ കൂറിലോസ്‌, മാധ്യമ കമ്മീഷന്‍ ചെയര്‍മാന്‍ കൊച്ചി ബിഷപ്‌ ഡോ.ജോസഫ്‌ കരിയില്‍, കേരള കത്തോലിക്കാ മെത്രാന്‍‍ സമിതി ഡപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ.സ്റ്റീഫന്‍ ആലത്തറ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
കടപ്പാടു് ദീപിക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ