ആകമാന സഭാനിലപാടുകള്‍

20090106

ജാതി സംവരണ സംവിധാനത്തെ അട്ടിമറിക്കാന്‍ അനുവദിക്കില്ല


സാമ്പത്തിക സംവരണത്തെ അനുകൂലിച്ച മാര്‍ ക്ളിമ്മീസ് വലിയ മെത്രാപ്പോലീത്തയുടെ പ്രസംഗം ഖേദകരം: കേരളാ ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍


ഖേദകരം
ശ്രേഷ്ഠ ബസേലിയോസ് മാര്‍ ക്ലീമീസ് വലിയമെത്രാപ്പോലീത്ത ഓര്‍ത്തഡോക്‌സ് സഭയുടെ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ ദിദിമോസ്‌ പ്രഥമന്‍ ബാവയുടെ സാന്നിദ്ധ്യത്തില്‍ പ്രസംഗിയ്ക്കുന്നു

ഗോശ്രീ: സാമ്പത്തിക സംവരണത്തെ അനുകൂലിച്ച് എന്‍എസ്എസ് യോഗത്തില്‍ റോമന്‍‍ കത്തോലിക്കാ സഭയുടെ സീറോ മലങ്കര റീത്ത്‍‍ തിരുവനന്തപുരം മേജര്‍ ആര്‍ച് ബിഷപ് ബസേലിയോസ് മാര്‍ ക്ളിമ്മീസ് ജനുവരി 2-നു് നടത്തിയ പ്രസംഗം നീതീകരിക്കാനാവാത്തതും ഖേദകരവുമാണെന്നു് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍‍‍ സിഎ) സംസ്ഥാന സമിതി കുറ്റപ്പെടുത്തി.

നരേന്ദ്രന്‍ കമ്മിഷനും സച്ചാര്‍ കമ്മിഷനും സംവരണ സമുദായങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ സ്ഥിരീകരിക്കുന്നുണ്ടെന്ന് പ്രസിഡന്റ് അഡ്വ. റാഫേല്‍ ആന്റണി, ജനറല്‍ സെക്രട്ടറി ഷാജി ജോര്‍ജ് എന്നിവര്‍ ചൂണ്ടിക്കാട്ടി. ജാതീയ കാരണങ്ങളാല്‍ നൂറ്റാണ്ടുകളായി ദുരിതം അനുഭവിച്ചവര്‍ക്കു സാമൂഹിക നീതി ഉറപ്പാക്കാന്‍ ഭരണഘടന അനുവദിച്ച സംവരണ സംവിധാനത്തെ അട്ടിമറിക്കാന്‍ അനുവദിക്കില്ല.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സഹായ പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യേണ്ടത്. ഇത്തരം സഹായപദ്ധതികളെ സംവരണവുമായി കൂട്ടികുഴയ്ക്കരുത്. സര്‍ക്കാര്‍ നിയമനങ്ങളിലെ ഓപ്പണ്‍ ക്വാട്ട മുന്നാക്ക വിഭാഗങ്ങള്‍ക്കു മാത്രം കൈവശപ്പെടുത്താനുള്ള ശ്രമമാണ് എന്‍എസ്എസ് നടത്തുന്നതെന്ന് കെഎല്‍സിഎ ആരോപിച്ചു. ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന പിന്നാക്ക സമുദായങ്ങള്‍ക്ക് സാമൂഹിക നീതി നിഷേധിക്കാനുള്ള പ്രവര്‍ത്തനത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

സംവരണത്തിലൂടെ സാമൂഹിക നീതിയെന്ന മുദ്രാവാക്യവുമായി 26 നു സംവരണ സംരക്ഷണ ദിനമായി ആചരിക്കാനും കെഎല്‍സിഎ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്ന് സംവരണ സംരക്ഷണ ജാഥകളും സമ്മേളനങ്ങളും സംഘടിപ്പിക്കും.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ