ആകമാന സഭാനിലപാടുകള്‍

20090106

പലസ്തീന്‍ ജനതയ്ക്കെതിരെ ഇസ്രയേലിന്റെ പൂര്‍ണമായ കടന്നാക്രണം അമേരിക്കന്‍ പിന്തുണയോടെ- ഡോ. നൈനാന്‍ കോശി



ഇസ്രയേലുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിയ്ക്കുക




രാജ്യാന്തരകാര്യവിദഗ്ധന്‍
ഡോ. നൈനാന്‍ കോശി

കോട്ടയം: കഴിഞ്ഞ നാലു ദശകത്തില്‍ പലസ്തീന്‍ ജനതയ്ക്കെതിരെ ഇസ്രയേല്‍ നടത്തിയിട്ടുള്ള ഏറ്റവും രൂക്ഷവും ക്രൂരവുമായ കടന്നാക്രമണമാണ് ഇപ്പോള്‍ ഗാസയില്‍ നടക്കുന്നത് എന്നു് സഭകളുടെ ഉലക പരിഷത്തു് (W C C) പ്രമുഖരിലൊരാളും രാജ്യാന്തരകാര്യ നിരീക്ഷകനുമായ ഡോ. നൈനാന്‍ കോശി അഭിപ്രായപ്പെട്ടു. എല്ലാ സാര്‍വദേശീയ നിയമങ്ങളും ലംഘിച്ചുള്ളതാണ് അമേരിക്കന്‍ പിന്തുണയോടെ യിസ്രയേല്‍ നടത്തുന്ന ആക്രമണമെന്നു് നവീകരണസഭയായ മലങ്കര മാര്‍‍ത്തോമാ സഭയിലെ അല്മായ അംഗം കൂടിയായ ഡോ. നൈനാന്‍ കോശി മലയാളത്തിലെ ദേശാഭിമാനി പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍‍ ചുണ്ടിക്കാട്ടി. ജനീവ ആസ്ഥാനമായ ഡബ്ലിയു സി സിയുടെ രാജ്യാന്തരകാര്യം സംബന്ധിച്ച സഭകളുടെ കമ്മീഷന്റെ (Commission of the Churches on International Affairs- CCIA- ) മുന്‍‍‍ ഡയറക്റ്റര്‍ ആണു് നൈനാന്‍ കോശി


പലസ്തീന്‍ ജനതയ്ക്കെതിരെയുള്ള തുറന്ന യുദ്ധത്തിന് അറുതിവരുത്താന്‍ അന്താരാഷ്ട്ര സമൂഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ലക്ഷക്കണക്കിന് ആളുകള്‍ കൊടുംയാതന അനുഭവിക്കുന്ന ഗാസയില്‍ ജീവകാരുണ്യ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു. ഐക്യരാഷ്ട്ര സംഘടന (UNO) എന്തെങ്കിലും നടപടി എടുക്കുന്നതിനെതിരെ അമേരിക്ക എല്ലാ സമ്മര്‍ദവും ചെലുത്തുന്നു. യുഎന്‍ രക്ഷാസമിതി ലഘുവായ നടപടി സ്വീകരിക്കുന്നതിനെപ്പോലും അമേരിക്ക എതിര്‍ക്കുന്നു. ഗാസയിലെ സ്ഥിതിവിശേഷത്തില്‍ ഐക്യരാഷ്ട്ര സംഘടനയ്ക്കും ഉത്തരവാദിത്തമുണ്ട്.

അമേരിക്കയില്‍ പ്രസിഡന്റ് ബുഷ് അധികാരത്തില്‍ എത്തിയതുമുതല്‍ പലസ്തീനു് എതിരായ ഇസ്രയേലിന്റെ ആക്രമണം കൂടുതല്‍ വിപുലമാക്കി. അമേരിക്കയില്‍ ബറാക് ഒബാമ പ്രസിഡന്റാകുമ്പോഴും ഇസ്രയേലിനുള്ള പിന്തുണ തുടരുമെന്നാണ് അനുമാനിക്കേണ്ടതു്.

ഇസ്രയേലിന്റെ നടപടിയെ വിമര്‍ശിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന ചില പ്രസ്താവനകള്‍ ഇന്ത്യ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പലസ്തീന്‍ ജനതയുടെ അവകാശങ്ങളേക്കാള്‍ ഇസ്രയേലുമായുള്ള ബന്ധങ്ങള്‍ക്കാണ് ഐക്യ പുരോഗമന സഖ്യ (യുപിഎ- UPA) സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് വ്യക്തമാണ്. ഇന്ത്യയുടെ വിദേശനയത്തിലുണ്ടായ ഏറ്റവും വലിയ തെറ്റുകളിലൊന്ന് ഇസ്രയേലുമായുള്ള കൂട്ടുകെട്ടാണ്.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ