ആകമാന സഭാനിലപാടുകള്‍

20090107

പഴയ സെമിനാരിയിലെ സ്വീകരണം കഴിഞ്ഞ്‌ എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ബാവാ ഇന്ത്യയില്‍ നിന്നു് മടങ്ങി




ഇന്ത്യാ- എത്യോപ്യന്‍ സഭാബന്ധത്തിനു് ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസിന്റെയും വി സി ശമുവേലിന്റെയും സംഭാവനകള്‍ വിലപ്പെട്ടതു്



കോട്ടയം പഴയ സെമിനാരിയില്‍
എത്യോപ്യന്‍ പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ആബുന പൗലോസ്‌ പ്രഥമന്‍ ബാവ


കോട്ടയം: ഓര്‍ത്തഡോക്‌സ്‌ വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ 100-ആമത്‌ വാര്‍ഷികത്തിന്‌ മുഖ്യാതിഥിയായി കേരളത്തില്‍ എത്തിയ വേള്‍ഡ്‌ കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ പ്രസിഡന്റും എത്യോപ്യന്‍ ഓര്‍‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനുമായ എത്യോപ്യന്‍ പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ആബുന പൗലോസ്‌ പ്രഥമന്‍ ബാവയ്ക്കു് ബുധനാഴ്ച (2008 ഡി. 31) രാവിലെ പത്തിനു പഴയ സെമിനാരിയില്‍ സ്വീകരണം നല്‍കി.

ഓര്‍‍ത്തഡോക്സ് പൗരസ്ത്യ സഭയും എത്യോപ്യന്‍ ഓര്‍‍ത്തഡോക്സ് സഭയും തമ്മിലുള്ള ആത്മീയ ബന്ധത്തെ തന്റെ ഈ മലങ്കരസഭാ സന്ദര്‍ശനം കൂടുതല്‍ ബലപ്പെടുത്തുമെന്നു് പരിശുദ്ധ ആബൂനാ സ്വീകരണത്തിനു് മറുപടിപറഞ്ഞുകൊണ്ടു് അഭിപ്രായപ്പെട്ടു. ഇരുസഭകളും തമ്മില്‍ ദീര്‍ഘകാലമായി അടുത്ത ബന്ധമാണുള്ളതെന്നും ഇതിനു് ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത വന്ദ്യ വി സി ശമുവേല്‍ എന്നിവര്‍ നല്കിയിട്ടുള്ള സംഭാവനകള്‍ വിലപ്പെട്ടതാണെന്നും അദ്ദേഹം അനുസ്മരിച്ചു.

സ്വീകരണ സമ്മേളനത്തില്‍ സഭാഭാസുരന്‍ പരിശുദ്ധ വട്ടശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസിനെക്കുറിച്ചുള്ള http://www.sdofmalankara.com/ വെബ്സൈറ്റിന്റെ ഉദ്ഘാടനം പാത്രിയര്‍ക്കീസ് നിര്‍വഹിച്ചു. മുംബൈ ഭദ്രാസനാധിപന്‍ ഗീവറുഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ. കെ എം ജോര്‍ജ് കശീശ, എം സി കുര്യാക്കോസ് കശീശ, ഡോ. ജേക്കബ് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

സെമിനാരി ചാപ്പലിലും ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസിന്റെ കബറിടത്തിലും പാത്രിയര്‍ക്കീസ് ധൂപപ്രാര്‍ഥന നടത്തി.

പഴയ സെമിനാരി സന്ദര്‍ശനത്തിനുശേഷം തിരുവനന്തപുരത്തേയ്ക്കു പോയ പാത്രിയര്‍ക്കീസ് തന്റെ മൂന്ന്‌ ദിവസത്തെ കേരളസന്ദര്‍ശനം പൂര്‍ത്തിയാക്കിക്കൊണ്ടു് എത്യോപ്പിയയിലേയ്ക്കു് മടങ്ങി. മുംബൈ ഭദ്രാസനാധിപന്‍ ഗീവറുഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത, തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗേറിയോസ്‌ മെത്രാപ്പോലീത്ത, മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. സഖറിയാ മാര്‍ തൊയോഫിലസ്‌ മെത്രാപ്പോലീത്ത, വിദ്യാര്‍ഥിപ്രസ്ഥാനം ജന. സെക്രട്ടറി. ഫാ. ഡോ. വി.എം. എബ്രഹാം, കോ-ഒര്‍ഡിനേറ്റര്‍ ഫാ. തോമസ്‌ സഖറിയ, ആലുവ എം.ജി.ഒ.സി.എസ്‌.എം. സെന്റര്‍ ഡയറക്ടര്‍ ഫാ. ഫിലന്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ സഭാ പ്രതിനിധികള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ ബാവായെ യാത്രയയച്ചു.

എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭയും ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ സഭയും തമ്മിലുള്ള സാഹോദര്യം കൂടുതല്‍ ശക്തമാക്കാന്‍ നടപടികളെടുക്കുമെന്നും കേരളത്തില്‍ ലഭിച്ച സ്വീകരണത്തിന്‌ പ്രത്യേകം നന്ദിയുണ്ടെന്നും ബാവാ പറഞ്ഞു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ