ആകമാന സഭാനിലപാടുകള്‍

20090107

ക്രിസ്‌തീയ സഭകള്‍ ആഗോളതലത്തില്‍ ഒന്നിക്കണമെന്ന്‌ എത്യോപ്യന്‍ പാത്രിയര്‍ക്കീസ്‌



ക്രിസ്തീയ മുല്യങ്ങളില്‍നിന്നു് വ്യതിചലിയ്ക്കാതെ പുതിയകാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടുക


വെല്ലുവിളികളെ നേരിടുക
എത്യോപ്യന്‍ പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ആബുന പൗലോസ്‌ പ്രഥമന്‍ മാര്‍ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ ശതാബ്ദിയാഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ പ്രസംഗിയ്ക്കുന്നു -ഛായ- http://www.malankaraorthodox.tv/

പരുമല (മാന്നാര്‍‍‍‍‍‍‍): ആഗോളതലത്തില്‍ ക്രിസ്‌തീയ സഭകളുടെ ഏകീകരണം ഉണ്ടാകണമെന്നു് എത്യോപ്യന്‍ ഓര്‍‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ എത്യോപ്യന്‍ പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ആബുന പൗലോസ്‌ പ്രഥമന്‍ പറഞ്ഞു. മാര്‍ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ (M G O C S M) ശതാബ്ദിയാഘോഷങ്ങളുടെ സമാപന സമ്മേളനം പരുമല പള്ളിഅങ്കണത്തില്‍ ചൊവ്വാഴ്ച (2008 ഡി. 30) ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എത്യോപ്യയിലെ ഓര്‍ത്തഡോക്‌സ്‌‍ സഭയും ഇന്ത്യയിലെ ഓര്‍ത്തഡോക്‌സ്‌‍ സഭയും തമ്മിലുള്ള സഹകരണം വളര്‍ത്തുന്നതിനു് തന്റെ സന്ദര്‍ശനം ഗുണകരമായെന്നു് എത്യോപ്യന്‍ പാത്രിയര്‍ക്കീസ്‌ ബാവ പ്രസ്താവിച്ചു. ക്രിസ്തുകേന്ദ്രീകൃതമായ ജീവിതത്തിലേയ്ക്കു് യുവജനങ്ങളെ നയിയ്ക്കുന്നതില്‍ മാര്‍ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ വിദ്യാര്‍ഥിപ്രസ്ഥാനം വലിയപങ്കുവഹിയ്ക്കുന്നുവെന്നു് പരിശുദ്ധ ബാവ അഭിപ്രായപ്പെട്ടു. ക്രിസ്തീയ മുല്യങ്ങളില്‍നിന്നു് വ്യതിചലിയ്ക്കാതെ പുതിയകാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ നൂറുവര്‍ഷത്തെ പ്രവര്‍‍ത്തനങ്ങളുടെ പിന്‍ബലം മാര്‍ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ വിദ്യാര്‍ഥിപ്രസ്ഥാനത്തെ സഹായിയ്ക്കും. ബുദ്ധിശാലികളും അദ്ധ്വാനശീലരും വിദ്യാസമ്പന്നരുമായ യുവതലമുറ ഇന്ത്യയ്ക്കുണ്ടെന്നതിനാല്‍ എല്ലാരംഗത്തും പുതിയ കുതിച്ചുചാട്ടം നടത്തുന്നതിനു് ഇന്ത്യന്‍‍ ജനതയ്ക്കു് സാധിയ്ക്കുമെന്നു് എത്യോപ്യന്‍ ഓര്‍‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.

പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമാ ദിദിമോസ്‌ പ്രഥമന്‍ ബാവ അധ്യക്ഷത വഹിച്ചു. എത്യോപ്യയിലെ ഓര്‍ത്തഡോക്‌സ്‌‍ സഭയുമായി ഇന്ത്യയിലെ ഓര്‍ത്തഡോക്‌സ്‌‍ സഭയ്ക്കുള്ള ബന്ധം ഉറച്ച ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണെന്നു് പൗരസ്ത്യ കാതോലിക്കോസ് വ്യക്തമാക്കി.

സമ്മേളനത്തില്‍ വച്ചു് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ ദിദിമോസ്‌ പ്രഥമന്‍ ബാവ എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂന പൌലോസ് പ്രഥമന്‍ ബാവയ്ക്കു് ഓര്‍‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് സെന്റ് തോമസ് 'നല്‍കി ആദരിച്ചു.

പൗരസ്ത്യ സഭയുടെ ആദരം
'ഓര്‍ഡര്‍ ഓഫ് സെന്റ് തോമസ് 'നല്‍കി പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ ദിദിമോസ്‌ പ്രഥമന്‍ ബാവ (വലതു്) എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂന പൌലോസ് പ്രഥമന്‍ ബാവയുടെ കരംഗ്രഹിയ്ക്കുന്നു

ഓര്‍‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ ഏറ്റവും വലിയ ആദരവായ സെന്റ്‌ തോമസ്‌ ബഹുമതി അത്യപൂര്‍വമായാണ്‌ സമ്മാനിക്കുന്നതു് . റഷ്യന്‍‍ ബൈസാന്ത്യ സഭയുടെ പ്രമുഖനായ കിറില്‍ മെത്രാപ്പോലീത്ത, അര്‍മേനിയന്‍ അപ്പോസ്തലിക ഓര്‍ത്തഡോക്സ് സഭയുടെ സുപ്രീം പാത്രിയര്‍ക്കീസ്‌ പരിശുദ്ധ കരേക്കിന്‍ രണ്ടാമന്‍ നെര്‍സിസിയന്‍‍ കാതോലിക്കാ ബാവ തുടങ്ങിയവര്‍ക്കാണു് മുമ്പു് 'ഓര്‍ഡര്‍ ഓഫ് സെന്റ് തോമസ്' ബഹുമതി നല്കിയിട്ടുള്ളതു്.

മുതിര്‍‍ന്ന മെത്രാപ്പോലീത്ത ഗീവറുഗീസ്‌ മാര്‍ ഒസ്‌താത്തിയോസും അല്‍മായ ട്രസ്റ്റി എം ജി ജോര്‍ജ് മുത്തൂറ്റും ചേര്‍ന്നു് എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂന പൌലോസ് പ്രഥമന്‍ ബാവയെയും കണ്ടനാടു് -പടിഞ്ഞാറു് ഭദ്രാസനാധിപന്‍ മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത, ആര്‍ച്ച് ബിഷപ് ഗരിമ ഡബ്ള്യു. കിര്‍ക്കോസിനെയും തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത, അബ്ബ തിമോത്തിയോസ് തെസ്ഫ മെത്രാനെയും മാവേലിക്കര ഭദ്രാസനാധിപന്‍ പൗലോസ്‌ മാര്‍ പക്കോമിയോസ്‌ മെത്രാപ്പോലീത്ത അബ്ബ ദിയസ്കോറോസ് മെത്രാനെയും ഹാരമണിയിച്ചു. മലങ്കര മെത്രാപ്പോലീത്തകൂടിയായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ ദിദിമോസ്‌ പ്രഥമന്‍ ബാവ മലങ്കര സഭയുടെ ഉപഹാരമായി എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂന പൌലോസ് പ്രഥമന്‍ ബാവയെ കുരിശുമാല അണിയിച്ചു. എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂന പൌലോസ് പ്രഥമന്‍ ബാവ എത്യോപ്യന്‍ ഓര്‍‍ത്തഡോക്സ് സഭയുടെ ഉപഹാരമായി മലങ്കര മെത്രാപ്പോലീത്തകൂടിയായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ ദിദിമോസ്‌ പ്രഥമന്‍ ബാവയ്ക്കു് മരക്കുരിശു് സമ്മാനിച്ചു.


മുതിര്‍‍ന്ന മെത്രാപ്പോലീത്ത ഗീവറുഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ , കണ്ടനാടു് -പടിഞ്ഞാറു് ഭദ്രാസനാധിപന്‍ മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത, തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത, മാവേലിക്കര ഭദ്രാസനാധിപന്‍ പൗലോസ്‌ മാര്‍ പക്കോമിയോസ്‌ മെത്രാപ്പോലീത്ത, നിരണം ഭദ്രാസ
നാധിപന്‍ യുഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്‍ മെത്രാപ്പോലീത്ത, പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി, മുന്‍ ഗവര്‍ണര്‍ ഡോ. പി.സി. അലക്‌സാണ്ടര്‍, ജോസഫ്‌ എം. പുതുശ്ശേരി എം.എല്‍.എ, ഗവ. സെക്രട്ടറി ജിജി തോംസണ്‍‍, പരുമല സെമിനാരി മാനേജര്‍ ഫാ. എം.ഡി. ജോണ്‍ സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ