ആകമാന സഭാനിലപാടുകള്‍

20100225

റോമന്‍‍ കത്തോലിക്ക - ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ ഐക്യത്തിലെത്തണം: അന്തര്‍ദേശീയ ഡയലോഗ്‌ കമ്മിഷന്‍

.


കൊച്ചി: വിശ്വാസപരമായി അടുപ്പമുള്ള റോമന്‍ കത്തോലിക്കാ സഭയും പുരാതന (ഓറിയന്റല്‍) ഓര്‍ത്തഡോക്‌സ് സഭകളും കൂടുതല്‍ ഐക്യത്തിലും കൂട്ടായ്‌മയിലും എത്തണമെന്നു ബെയ്‌റൂട്ടില്‍ ലെബാനോനിലെ (Lebanon) അന്തേലിയാസില്‍‍ (Antelias) ജനുവരി 27 മുതല്‍‍ 31വരെ നടന്ന കത്തോലിക്ക-ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് അന്തര്‍ദേശീയ ഡയലോഗ്‌ കമ്മിഷന്റെ ഏഴാമത്‌ സമ്മേളനം ആഹ്വാനം ചെയ്‌തു.


ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ 7 ആകമാന പാത്രിയര്‍‍ക്കീസുമാരിലൊരാളായ കിലിക്യാ അര്‍മീനിയന്‍ കാതോലിക്കോസ് പരിശുദ്ധ ആരാം പ്രഥമന്റെ ആസ്‌ഥാനത്തു നടന്ന സമ്മേളനത്തില്‍ 'ആദ്യ നൂറ്റാണ്ടുകളിലെ സഭകളുടെ യോജിപ്പും പൊതു സുന്നഹദോസുകളും'ആയിരുന്നു മുഖ്യവിഷയം. സഭകളെ ചേര്‍ത്തുനിര്‍ത്തുന്ന അപ്പസ്‌തോലികവും വൈജ്‌ഞാനികവും പാരമ്പര്യവുമായ കാര്യങ്ങള്‍, സഭകളെ അകറ്റിനിര്‍ത്തുന്ന വ്യത്യസ്‌ത ഘടകങ്ങളെക്കാള്‍ അധികമാണെന്നതു സഭകളുടെ ഐക്യത്തിനു പ്രചോദനവും മാതൃകയുമാണെന്നു് കമ്മിഷന്‍ വിലയിരുത്തി.

പ്രാദേശിക, സാംസ്‌കാരിക, രാഷ്‌ട്രീയ വ്യത്യസ്‌തതകള്‍ക്കിടയിലും കുര്‍ബാന ബന്ധത്തിലും കൗദാശിക സഹകരണത്തിലുമുള്ള യോജിപ്പിനു തടസമില്ല.

സഭാ വിജ്‌ഞാനിയം സംബന്ധിച്ച്‌ പരസ്‌പരധാരണയിലെത്തിയ കമ്മിഷന്റെ സംയുക്‌തരേഖ സഭാ തലവന്മാരുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചു.


ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അംഗസഭകളായ അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ്, കോപ്‌റ്റിക്‌ ഓര്‍ത്തഡോക്‌സ്, കിലിക്യാ അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ്, അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ്, എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ്, എറിത്രിയന്‍ ഓര്‍ത്തഡോക്‌സ്, ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് എന്നീ സഭകളുടെ ഈരണ്ടുപേര്‍ ചേര്‍‍ന്ന 14 ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് പ്രതിനിധികളും 14 റോമന്‍ കത്തോലിക്കാ പ്രതിനിധികളുമാണു് കമ്മിഷനിലുള്ളത്‌.


റോമന്‍‍ കത്തോലിക്കാ സഭയെ പ്രതിനിധികരിച്ചവരിലൊരാളായ റവ. ഡോ. മാത്യു വെള്ളാനിക്കല്‍, ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ചവരായ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പൗരസ്ത്യ സഭയുടെ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌, റവ. ഡോ. ജോണ്‍ മാത്യൂസ്‌ അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ രണ്ട് പേരിലൊരാളായ വെട്ടിക്കല്‍ സെമിനാരിയിലെ ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ് എന്നിവര്‍ ഇന്ത്യയില്‍ നിന്നും പങ്കെടുത്തു.


കമ്മിഷന്റെ അടുത്ത സമ്മേളനം ജനുവരിയില്‍ വത്തിക്കാനില്‍ നടക്കും. സമ്മേളനത്തിന്റെ ആദ്യദിവസം കമ്മിഷന്‍ അംഗങ്ങള്‍ പരിശുദ്ധ ആരാം പ്രഥമന്റെ നേതൃത്വത്തില്‍ ലബനോന്‍ പ്രസിഡന്റ്‌ സുലൈമാന്‍ മിഖായേലിനെ സന്ദര്‍ശിച്ചു.


റിപ്പോര്‍‍ട്ടിന്റെ പൂര്‍‍ണരൂപം ഇതാThe Seventh Meeting of the International Joint Commission for Theological Dialogue Between the Catholic Church and the Oriental Orthodox Churches

.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ