.
അന്തര്‍ദേശീയ നിലവാരമുള്ള റോഡുകള്‍ ഉണ്ടാകണമെന്നു്
കത്തോലിക്കാ സഭ ഹൈവേ ലോബിക്കുവേണ്ടി

കൊച്ചി, ജൂണ്‍ 10 : ദേശീയപാതയുടെ വീതി 30 മീറ്ററാക്കി ചുരുക്കുന്നതു് വരുംതലമുറയോടു രാഷ്‌ട്രീയക്കാര്‍ ചെയ്യുന്ന അനീതിയായിരിക്കുമെന്നു് ആരോപിച്ചുകൊണ്ടു് കേരള കത്തോലിക്കാ മെത്രാന്‍ സമിതി(കെസിബിസി) എക്സ്പ്രസ്സ് ഹൈവേ ലോബിക്കുവേണ്ടി രംഗത്തുവന്നു. ദേശീയപാത ചുരുങ്ങിയതു 45 മീറ്ററിലെങ്കിലും വികസിപ്പിക്കണമെന്നു് ജൂണ്‍ എട്ടു മുതല്‍ പത്തു വരെ നടന്ന കേരള കത്തോലിക്കാ മെത്രാന്‍ സമിതി(കെസിബിസി) യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച ബിഷപ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പു മുന്നില്‍ക്കണ്ടാണു് ദേശീയപാതയുടെ വീതി 30 മീറ്ററാക്കാന്‍ തീരുമാനിച്ചത്. ദേശീയപാതാ വികസനത്തിനു സ്‌ഥലം വിട്ടുകൊടുക്കാന്‍ സഭാവിശ്വാസികളെ പ്രേരിപ്പിക്കുമെന്നും റോഡ് വികസനത്തിനു പള്ളികളുടെയോ, സഭാസ്‌ഥാപനങ്ങളുടെയോ സ്വത്തുക്കള്‍ ആവശ്യമാണെങ്കില്‍ വിട്ടുകൊടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നാടിന്റെ വികസനത്തിനുവേണ്‌ടി ത്യാഗം അനുഷ്‌ഠിച്ചിട്ടുള്ള ചരിത്രമാണ് കേരളത്തിലെ ക്രൈസ്‌തവര്‍ക്കുള്ളത്. ഈ പാരമ്പര്യം കത്തോലിക്കാ സഭ തുടരും.
എന്നാല്‍ സ്‌ഥലം വിട്ടുകൊടുക്കാന്‍ ജനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന രീതിയില്‍ പ്രതിഫലം നല്‍കാന്‍ സര്‍ക്കാരിനു കഴിയണം. പൊതു നന്‍മയ്‌ക്കായി സ്‌ഥലം നല്‍കുന്നവരെ മാന്യമായി പുനരധിവസിപ്പിക്കണം. രാജ്യാന്തര നിലവാരത്തിലുള്ള റോഡുകള്‍ ഉണ്ടായാല്‍ മാത്രമേ അടിസ്‌ഥാന സൗകര്യങ്ങള്‍ വികസിക്കൂ. എന്നാല്‍ പൊതു നന്‍മയ്‌ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ ജനങ്ങളെ സജ്‌ജരാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നു മെത്രാന്‍ സമിതി യോഗം ആരോപിച്ചു.
രാഷ്ട്രീയത്തില്‍ സഭ ഇടപെടും
തെരഞ്ഞെടുപ്പ് കാലഘട്ടങ്ങളില്‍ സഭാ നേതൃത്വം വിശ്വാസികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാറുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ക്ക് മാത്രമേ വോട്ടുചെയ്യാവൂ എന്ന നിര്‍ദേശമാണ് കത്തോലിക്ക സഭയ്ക്കുള്ളത്. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് ആഗസ്തില്‍ ചേരുന്ന മെത്രാന്‍ സമിതി യോഗം ചര്‍ച്ചചെയ്ത് തീരുമാനിക്കും. രാഷ്ട്രീയം സഭയുടെ ഭാഗമാണ്. രാഷ്ട്രത്തെയും വിശ്വാസികളെയും ബാധിക്കുന്ന കാര്യങ്ങളില്‍ സഭ ഇടപെടും. എന്നാല്‍ കേരള കോണ്‍ഗ്രസുകളുടെ ലയനത്തില്‍ സഭ ഇടപെട്ടിട്ടില്ലെന്നു കെസിബിസി പ്രസിഡന്റ് ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു. സഭ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ല. കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയ കക്ഷിയാണ്.

വിദ്യാഭ്യാസമേഖല
സ്വാശ്രയവിദ്യാഭ്യാസമേഖലയില്‍ നിരന്തരം ഉണ്‌ടായിക്കൊണ്‌ടിരിക്കുന്ന പ്രശ്‌നങ്ങള്‍ ശാശ്വ തമായി പരിഹരിക്കാന്‍ ഭരണാധികാരികള്‍ക്കു കടമയുണ്‌ട്. കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളോട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വിവേചനം കാട്ടുന്നതായി യോഗം വിലയിരുത്തി. കോടതിവിധിയും ചട്ടങ്ങളും ലംഘിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും യൂണിവേഴ്‌സിറ്റി പിന്മാറിയില്ലെങ്കില്‍ ശക്തമായി പ്രതികരിക്കാന്‍ കെസിബിസി തീരുമാനിച്ചതായും ബിഷപ് ഡോ.ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് വ്യക്തമാക്കി.
ശിരോവസ്‌ത്ര വിവാദം
കത്തോലിക്കാ വിദ്യാലയങ്ങള്‍ എല്ലാ മതവിശ്വാസങ്ങളോടും ആദരം പുലര്‍ത്തുന്ന ഒരു സംസ്‌കാ രം കേരളത്തില്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണെ്‌ടന്ന് ആലപ്പുഴയിലെ ശിരോവസ്‌ത്ര വിവാദം സംബന്ധിച്ച ചോദ്യത്തിനു ബിഷപ് മറുപടി നല്‌കി. വര്‍ഗീയത വളര്‍ത്താനുള്ള ശ്രമങ്ങള്‍ ആസൂത്രിതമായി നട ക്കുന്ന ഇക്കാലത്ത് അതിനെതിരേ പ്രതിരോധം തീര്‍ക്കാന്‍ വിദ്യാലയങ്ങളിലൂടെ ശ്രമിക്കണം. യൂണിഫോമിനെ നിരുത്സാ ഹപ്പെടുത്താതെയും വിവേചനമില്ലാതെയും മതാചാരങ്ങള്‍ ആദരിക്കപ്പെടണം. സ്‌കൂള്‍ വിദ്യാര്‍ഥി ക്രൈസ്‌തവനോ ഹിന്ദു വോ മുസ്‌ലിമോ ആയിരുന്നാലും ഇവരെ ഒന്നായിക്കാണുന്നതിനാണ് സ്‌കൂളുകളില്‍ യൂണിഫോം സമ്പ്രദായം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുസ്‌ലിം സമുദായത്തിലെ ഭൂരിപ ക്ഷം ഇത്തരമൊരു സംഭവത്തില്‍ വിവാദമുണ്‌ടാക്കാന്‍ മുന്നിട്ടിറങ്ങിയിട്ടില്ല. അച്ചടക്കത്തിന്റെ ഭാഗമായ യൂണിഫോമിനൊപ്പം മതാചാരങ്ങളും സമന്വയിപ്പിച്ചുള്ള രീതിയുണ്‌ടാകണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവന മതസൗഹാര്‍ദം തകര്‍ക്കും
മതസൗഹാര്‍ദത്തിന് ഭംഗം വരുത്തുന്ന രീതിയിലുള്ള പരാമര്‍ശങ്ങളില്‍ നിന്നും പ്രസ്താവനകളില്‍നിന്നും ഭരണാധികാരികള്‍ പിന്മാറണം. കേരളത്തില്‍ ക്രൈസ്തവ - മുസ്‌ലിം വര്‍ഗീയത വളരുന്നതായുള്ള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന ഇവിടത്തെ മതസൗഹാര്‍ദം തകര്‍ക്കുമെന്ന് സമിതി വിലയിരുത്തി. സ്വാര്‍ഥലാഭങ്ങള്‍ക്കുവേണ്ടിയാണ് ഇപ്രകാരം ചെയ്യുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ സഭയ്ക്കുള്ള ആകുലത അദ്ദേഹത്തെ ധരിപ്പിച്ചതായും യോഗതീരുമാനം വിശദീകരിച്ച കെസിബിസി അധ്യക്ഷന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു.
തിരുനാള്‍ നടത്തിപ്പു്
തിരുനാളുകള്‍ നടത്തുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാനും കെസിബിസി തീരുമാനിച്ചു. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലും പരിസ്ഥിതി പ്രശ്‌നങ്ങള്‍ ശബ്ദമലിനീകരണം തുടങ്ങിയവ ഇല്ലാത്ത രീതിയിലും വേണം തിരുനാള്‍ നടത്താന്‍. തിരുനാളുകളില്‍ കടന്നുകൂടിയിട്ടുള്ള തെറ്റായ കീഴ്‌വഴക്കങ്ങള്‍ ഒഴിവാക്കണമെന്നും കെസിബിസി ആഹ്വാനം ചെയ്തു.
കെസിബിസി വൊക്കെഷന്‍ ചെയര്‍മാന്‍
കെസിബിസി വൊക്കെഷന്‍ ചെയര്‍മാനായി ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടത്തിലിനെ നിയമിച്ചു.
34 മെത്രാന്‍മാര്‍ സംബന്ധിച്ചു
സഭയുടെ പൊതുവായ കാര്യങ്ങളും കേരളത്തിലെ പ്രത്യേക സാഹചര്യത്തിലുണ്ടായിട്ടുള്ള വിഷയങ്ങളും കെസിബിസി ചര്‍ച്ച ചെയ്‌തതായി പത്രസമ്മേളനത്തില്‍ പങ്കെടുത്ത കെസിബിസി ഡപ്യൂട്ടി സെക്രട്ടറിയും വക്താവുമായ റവ.ഡോ.സ്റ്റീഫന്‍ ആലത്തറ പറഞ്ഞു. വരാപ്പുഴ ആര്‍ച്ച്‌ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, പത്തനംതിട്ട ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ബത്തേരി ബിഷപ് ജോസഫ് മാര്‍ തോമസ്, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, താമരശേരി ബിഷപ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കുരിയ ബിഷപ് മാര്‍ ബോസ്‌കോ പുത്തൂര്‍, സീറോ മലങ്കര മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കുരിയ ബിഷപ് തോമസ് മാര്‍ അന്തോണിയോസ്, തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍, തിരുവനന്തപുരം മലങ്കര അതിരൂപത സഹായമെത്രാന്‍ സാമുവല്‍ മാര്‍ ഐറേനിയൂസ്, തിരുവല്ല അതിരൂപത സഹായമെത്രാന്‍ ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ് എന്നീ നവാഭിഷിക്ത മെത്രാന്മാര്‍ക്ക് സ്വീകരണം നല്‌കി. ഇവരുള്‍പ്പെടെ 34 മെത്രാന്‍മാരാണ് കെസിബിസി ആസ്ഥാന കാര്യാലയമായ പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ (പിഒസി) ജൂണ്‍ എട്ടു മുതല്‍ പത്തു വരെ നടന്ന കെസിബിസി യോഗത്തില്‍ സംബന്ധിച്ചത്.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ