ആകമാന സഭാനിലപാടുകള്‍

20100619

അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ ഇന്ത്യയിലേക്കു് രണ്ടു് മെത്രാന്മാരെ വാഴിച്ചു

കൊച്ചി: അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ (വെബ് സൈറ്റ് ) http://syrorthodoxchurch.com/ ഇന്ത്യയിലേക്കു് രണ്ടു് പുതിയ മെത്രാന്മാരെ ജൂണ്‍ 17നു് വാഴിച്ചു. ഡല്‍ഹി സെന്റ്‌ ജെയിംസ്‌ ലൂഥറന്‍സ്‌ പള്ളിയില്‍ നടന്ന വാഴ്‌ചയില്‍ സഭാതലവനായ മാര്‍ സേവേറിയോസ് മോശ ഗുര്‍ഗാന്‍ ബാവയും അങ്കമാലിയുടെ ജോസഫ്‌ മാര്‍ ബര്‍ത്തലോമിയോ മെത്രാപ്പോലീത്തയും പങ്കെടുത്തു.

മലങ്കരസഭയിലെ വൈദികനായിരുന്ന പത്തനംതിട്ട കൈപ്പട്ടൂര്‍ കാളിയാങ്കല്‍ നെടുവംപുറത്ത്‌ റവ. ഫാ. ഡോ. സി.ജി. മാത്യു കശീശ, അന്ത്യോഖ്യാ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാംഗമായ ഇടുക്കി രാജകുമാരി സ്വദേശി മോളത്ത്‌ യൂഹാനോന്‍ റമ്പാന്‍ എന്നിവരെയാണു് മെത്രാന്മാരാക്കിയത്‌.

റവ. ഫാ. ഡോ. സി.ജി. മാത്യു കശീശയെ മാത്യൂസ്‌ മാര്‍ ഗ്രിഗോറിയോസ്‌ എന്ന പേരില്‍ വാഴിച്ചു് കോട്ടയം, കൊല്ലം, തുമ്പമണ്‍‍, നിരണം, തിരുവനന്തപുരം ഭദ്രാസനങ്ങളുടെയും മോളത്ത്‌ യൂഹാനോന്‍ റമ്പാനെ യൂഹാനോന്‍ മാര്‍ തിമോത്തിയോസ് എന്ന പേരില്‍ വാഴിച്ചു് ഇടുക്കി, മലബാര്‍ ഭദ്രാസനങ്ങളുടെയും ചുമതല നല്‍കി. പൊതു ഭരണത്തില്‍ മാസ്‌റ്റര്‍ ബിരുദമുള്ള മാര്‍‍ ഗ്രിഗോറിയോസ്‌ ദൈവശാസ്‌ത്രത്തില്‍ അമേരിക്കയില്‍നിന്ന്‌ ഡോക്‌ടറേറ്റ്‌ നേടിയിട്ടുണ്ട്‌. കോട്ടയം അമയന്നൂര്‍ ദയറാ ആയിരിക്കും അദ്ദേഹത്തിന്റെ ആസ്‌ഥാനം.തദ്ദേവൂസ് മാസികയുടെ പത്രാധിപരാണിദ്ദേഹം.

യൂഹാനോന്‍ മാര്‍ തിമോത്തിയോസ് എന്ന പേരില്‍‍ മെത്രാനായ മോളത്ത്‌ യൂഹാനോന്‍ റമ്പാന്‍ വളരെക്കാലം മഞ്ഞനിക്കര ദയറയുടെ മാനേജരായി സേവനമനുഷ്ഠിച്ചിട്ടുണ്ടു്. ബന്യാമിന്‍ മാര്‍ ഒസ്താത്തിയോസ് ബിഷപ്പായിരുന്ന കാലത്തായിരുന്നു അതു്.

വാഴ്‌ച്ചയ്‌ക്കുശേഷം മാര്‍ സേവേറിയോസ് ബാവ ജൂണ്‍18നു് ജര്‍മനിയിലേക്കു തിരിച്ചുപോയി.

അന്ത്യോഖ്യാ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ വിഘടിതവിഭാഗമാണു് അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ (Antiochian Syriac Orthodox Church). അറബിവിഭാഗമായി മാറിയ പരിശുദ്ധ സേവേറിയോസ്‌ സാക്കാ പാത്രിയര്‍ക്കീസ്‌ ബാവയുടെ അന്ത്യോഖ്യാ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയില്‍‍നിന്നു് വിഘടിച്ചുനിന്ന തുര്‍‍ക്കി വിഭാഗത്തിനുവേണ്ടി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ എപ്പിസ്കോപ്പല്‍‍ സുന്നഹദോസ് തീരുമാനപ്രകാരം 2007-ല്‍ ആണ് മാര്‍ സേവേറിയോസ് മോശ മെത്രാപ്പോലീത്തയെ (His Eminence Mor Severius Moses Görgün) വാഴിച്ചതു്. യൂറോപ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ എന്നപേരില്‍‍‍ തുര്‍‍ക്കി വിഭാഗം അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയെ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ എപ്പിസ്കോപ്പല്‍‍ സുന്നഹദോസ് അംഗീകരിച്ചു.

എന്നാല്‍‍ അങ്കമാലി-ദക്ഷിണേന്ത്യാ ഭദ്രാസനം രൂപവല്‍‍ക്കരിച്ച് മെത്രാപ്പോലീത്തയെ വാഴിച്ചതോടെ തുര്‍‍ക്കി വിഭാഗം അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുമായി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ബന്ധം വിച്ഛേദിച്ചു.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയും ആയി ഭിന്നിച്ചുനില്‍‍ക്കുന്ന പലരും അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുമായി ബന്ധപ്പെടുന്നുണ്ടു്.

ചിത്രം: അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഇന്ത്യയിലെ മെത്രാപ്പോലീത്തമാര്‍‍ സഭാതലവന്‍‍ മാര്‍ സേവേറിയോസ് ബാവയോടൊപ്പം. ചിത്രത്തില്‍ ഇടത്തുനിന്നു് യൂഹാനോന്‍ മാര്‍ തിമോത്തിയോസ്, ജോസഫ് മാര്‍ ബര്‍‍ത്തലോമിയോസ്,മാത്യൂസ്‌ മാര്‍ ഗ്രിഗോറിയോസ് ഇരിക്കുന്നതു് മാര്‍ സേവേറിയോസ് ബാവ.


വിലാസം:-St. Jude Dayara, Amayannoor P. O.,
Kottayam, 686025, ഫോണ്‍:- 0481-2545544, 2548282, 9605323151 ഈ മെയില്‍‍:- Thadevoosnews@gmail.com വെബ്:- www. Thadevoos. org


3 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍6/21/2010 04:35:00 PM

    മാര്‍ സേവേറിയോസ് മോശയുടെ വിഘടിത അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയും മാര്‍ സേവേറിയോസ് സാഖയുടെ അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം ഒരുപോലെയാണു്. ഈ ജോസഫ് മാര്‍‍ ബര്‍‍ത്തലോമ്യോസിന്റെയും മാത്യൂസ്‌ മാര്‍ ഗ്രിഗോറിയോസിന്റെയും യൂഹാനോന്‍ മാര്‍ തിമോത്തിയോസിന്റെയും വാഴ്ചകളും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാമെത്രാന്‍മാരുടെ വാഴ്ചകളും ഒരു പോലെ അനധികൃതമാണു്.

    ഇന്ത്യയില്‍ അധികാരാതിര്‍‍ത്തി സ്ഥാപിക്കാനും നിലനിറുത്താനും ശ്രമിക്കുന്നതിനെ അംഗീകരിക്കാന്‍ മലങ്കര സഭയ്ക്കു് കഴിയില്ല. മറ്റു സിംഹാസനങ്ങള്‍‍ക്കു് ഇവിടെ അധികാരാതിര്‍‍ത്തിയില്ലെന്നും ഇവിടത്തെ കാതോലികവും ശ്ലൈഹികവും വിശുദ്ധവും ഏകവും ആയ സഭ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭമാത്രമാണെന്നും അതു് സ്വയം കരുതുന്നു. മലങ്കരയ്‍ക്കു് പുറത്തു് മറ്റു് ഓറിയന്റല്‍ ഓര്‍‍ത്തഡോക്സ് സഭകളുമായി മലങ്കര സഭ സമ്പൂര്‍‍ണ കൂട്ടായ്മ പുലര്‍‍ത്തുന്നു.

    കേരള കൗണ്‍‍സില്‍ ഓഫ് ചര്‍‍ച്ചസിലും മറ്റു് എക്യുമെനിക്കല്‍‍ പ്രസ്ഥാനങ്ങളിലുമൊക്കെ മാര്‍ സേവേറിയോസ് സാക്കയുടെ അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുമായി സഹകരിയ്ക്കുന്നതു് പോലെ മാര്‍ സേവേറിയോസ് മോശയുടെ വിഘടിത അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുമായി സഹകരിയ്ക്കുന്നതിനു് മലങ്കര സഭയ്ക്കു് തടസ്സം കാണാന്‍ വഴിയില്ല. വിഘടിത അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ ഏതായാലും മലങ്കര സഭയുടെ ഇടവകപ്പള്ളികളുടെ മേല്‍‍ അവകാശവാദം നടത്തുന്നില്ലല്ലോ. ഭീഷണിയുയര്‍‍ത്തുന്നുമില്ല. വിഘടിത അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയെ അംഗീകരിക്കുന്നില്ലെങ്കിലും എതിര്‍‍ക്കുകയോ അവഹേളിക്കുകയോ ചെയ്യേണ്ട കാര്യം മലങ്കര സഭയ്ക്കില്ല.


    സമാന്തര അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയാകാനുള്ള ശ്രമത്തിന്റെ ഭാഗമാണു് ഇപ്പോഴത്തെ വാഴിക്കലുകള്‍‍. ഇതു് മാര്‍ സേവേറിയോസ് സാഖയുടെ അന്ത്യോക്യാ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയ്ക്കു് ഭീഷണിയായി മാറുന്നുവെന്നതു് വസ്തുതയാണു്. ലാറ്റിന്‍ അമേരിക്കയിലെ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ ഒന്നടങ്കവും അമേരിക്കയിലെയും ഇങ്ഗ്ലണ്ടിലെയും ഒരുവിഭാഗവും മാര്‍ സേവേറിയോസ് മോശയുടെ കക്ഷിയിലേക്കു് മാറിയിട്ടുണ്ടു്. മാര്‍ സേവേറിയോസ് സാഖയുടെ കാലശേഷം പുതിയ അന്ത്യോക്യാ പാത്രിയര്‍‍ക്കീസാകാന്‍‍ മാര്‍ സേവേറിയോസ് മോശ മല്‍‍സരരംഗത്തുണ്ടാകുമെന്നു് തീര്‍‍ച്ച.

    എങ്ങനെയായാലും അദ്ദേഹം അന്ത്യോക്യാ പാത്രിയര്‍‍ക്കീസാകും.

    -ബോബി തോമസ്സ്

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍6/21/2010 05:35:00 PM

    സി ജി മാത്യൂസ് അച്ചന്റെ പത്രം തദ്ദേവൂസ് കണ്ടാല്‍ അദ്ദേഹം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ വൈദീകനല്ലെന്നും അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പ്രചാരകനാണെന്നും ബോധ്യമാകും. നേരത്തേതന്നെ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭവിട്ടയാളാണദ്ദേഹം.

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍8/19/2010 03:41:00 PM

    ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ