ആകമാന സഭാനിലപാടുകള്‍

20120817

ആബൂന പൗലോസ്‌ ബാവ കാലം ചെയ്തു


ആഡിസ് അബാബ, ഓഗസ്റ്റ് ൧൬::എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസും കാതോലിക്കൊസും ആയ ആബൂന പൗലോസ്‌ ബാവ കാലം ചെയ്തു. 76 വയസ്സായിരുന്നു.

കഴിഞ്ഞ രാത്രി എത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയിലെ ബെല്ച്ചാ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കുറച്ചു നാളുകളായി അദ്ദേഹം ഇവിടെ ചികിത്സയിലായിരുന്നു.

1935 നവംബര്‍ മൂന്നിന് എത്യോപിയയിലെ ടിഗ്രെ പ്രവിശ്യയിലെ അഡ്വാ എന്ന സ്ഥലത്തായിരുന്നു ആബൂന പൌലോസിന്റെ ജനനം. ചെറുപ്പകാലത്ത് തന്നെ സ്വഭവനത്തിനു സമീപത്തുള്ള അബ്ബ ഗരിമ എന്ന സന്യാസ ആശ്രമത്തില്‍ ചേര്‍ന്നു. പിന്നീട് അബ്ബ ഗെബ്രെ മേധിന്‍ എന്ന നാമം സ്വീകരിച് വൈദികനായി. പാത്രിയര്‍ക്കീസ് ആയിരുന്ന അബുനെ തെയോഫിലോസിന്റെ ശിക്ഷണത്തില്‍ ആഡിസ് അബാബയിലെ ഹോളി ട്രിനിറ്റി തിയോളജിക്കല്‍ കോളേജില്‍ തുടര്‍ പഠനത്തിനു് ചേര്‍ന്നു. പിന്നീട് അമേരിക്കയിലെ സെന്റ്‌ വ്ലാദിമിര്‍ ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയില്‍ ഉന്നത പഠനത്തിനു് ചേര്‍ന്നു. പിന്നീട് അവിടെയുള്ള പ്രിന്‍സ്ടന്‍ തിയോളജിക്കല്‍ സെമിനാരിയില്‍ ഡോക്ടറല്‍ പഠനത്തിനു് ചേര്‍ന്നെങ്കിലും എത്യോപ്യയില്‍ ഉണ്ടായ വിപ്ലവം മൂലം പഠനം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. എത്യോപ്യയില്‍ തിരിച്ചു ചെന്ന അദ്ധേഹത്തെ മറ്റു നാല് പേരോടൊപ്പം എപ്പിസ്കോപ്പയായിവാഴിച്ചു. എന്നാല്‍ അന്നത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനുമതി ഇല്ലാതെയായിരുന്നു ഈ സ്ഥാനാരോഹണം എന്ന് ആരോപിച്ചു് അന്ന് വാഴിക്കപ്പെട്ട അഞ്ചു മെത്രാപ്പോലീത്താമാരെയും ഭരണകൂടം ജയിലില്‍ അടച്ചു. ഏതാണ്ട് ഒമ്പത് വര്‍ഷകാലം ജയിലില്‍ ആയിരുന്നു.

1984 ല്‍ പ്രിന്‍സ്ടന്‍ കോളേജില്‍ തിരിച്ചു ചെന്ന് ഡോക്ടറല്‍ പഠനം പൂര്‍ത്തിയാക്കി . 1986 ല്‍ പാത്രിയര്‍ക്കീസ് ബാവ ആബൂന തെക്ല ഹയ മോനറ്റ് അദ്ദേഹത്തിന് ആര്‍ച് ബിഷപ്‌ സ്ഥാനം കൊടുത്തു. 1992 ല്‍ ആബൂന പൗലോസ്‌ എന്ന പേരില്‍ പാത്രിയര്‍ക്കീസ് ആയി തെരഞ്ഞെടുക്കപ്പെട്ടു. ആബൂന പൌലോസിന്റെ കാലത്ത് എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയില്‍ വളരെയധികം പരിഷ്കാരം അദ്ദേഹം വരുത്തി. മറ്റു് ഓര്‍ത്തഡോക്സ് സഭകളുമായി കൂടുതല്‍ ബന്ധങ്ങള്‍ വളര്‍ത്തുവാന്‍ പരിശ്രമിച്ചു. എത്യോപ്യ എന്ന രാജ്യം വിഭാഗിച്ച് എറിത്രിയ എന്ന രാജ്യം ഉണ്ടായപ്പോള്‍ പരസ്പര സമാധാനത്തിലും സഹവര്‍ത്തിത്വത്തിലും പോകുവാന്‍ പരിശുദ്ധ ബാവ ശ്രമം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധങ്ങള്‍ അവസാനിപ്പിക്കുന്നതിന് പരിശുദ്ധ ബാവയു ടെ ഭാഗഭാഗിത്വം വളരെ വലുതാണ്‌. എത്യോപ്യന്‍ ചക്രവര്‍ത്തി ഹൈലി സലാസിയുടെ കബരടക്കത്തിനു് മുഖ്യ കാര്‍മികനായിരുന്നു. 2008 ല്‍ മലങ്കര സഭ സന്ദര്‍ശിച്ചു. എം.ജി. ഓ.സി.എസ്. എം. ശതാബ്ദിക്ക് അദ്ദേഹം മുഖ്യ അതിഥി ആയിരുന്നു. വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ (WCC) ഏഴു് പ്രസിഡന്റുമാരില്‍ ഒരാളാണ് അബൂന പൗലോസ്‌.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ