ആകമാന സഭാനിലപാടുകള്‍

20120817

ആബൂന പൌലോസിന്റെ വിയോഗം ആഗോള ക്രൈസ്തവ സഭക്ക് തീരാ നഷ്ടം : പരിശുദ്ധ കാതോലിക്കാ ബാവ

ദേവലോകം,ഓഗസ്റ്റ് ൧൬: എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ആബുന പൌലോസിന്റെ വിയോഗം ആഗോള ക്രൈസ്തവ സഭയ്ക്ക് തീരാ നഷ്ടമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പൗരസ്ത്യകാതോലിക്ക പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവ പറഞ്ഞു.

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ ആബൂന പൗലോസ്‌ പാത്രിയര്‍ക്കീസ് കാലം ചെയ്ത വിവരം വളരെ ഞെട്ടലോടെയാണ് നാം കേട്ടത്. ആ പരിശുദ്ധ പിതാവും മലങ്കര ഓര്‍ത്തഡോക്സ് സഭയും വളരെ സുദൃഡമായ ഒരു ബന്ധം ഉണ്ടായിരുന്നു

കഴിഞ്ഞ കാലങ്ങളില്‍ ആ പരിശുദ്ധ പിതാവ് ഈ പരിശുദ്ധ സഭയിലേക്ക് കടന്നു വരികയും ഏതാനും ദിവസങ്ങളില്‍ നമ്മോടൊത്ത് താമസിക്കുകയും ഇവിടെയുള്ള ഏതാനും പള്ളികളും തീര്‍ഥാടന കേന്ദ്രങ്ങളും അദ്ദേഹം സന്ദര്‍ശിയ്ക്കുകയും ചെയ്തിട്ടുണ്ട്. നാമും ആ സഭയില്‍ ചെല്ലുകയും വിവിധ സമയങ്ങളില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിട്ടുണ്ട്. വിശ്വാസകാര്യത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയും എത്യോപ്യന്‍ സഭയും തമ്മില്‍ വളരെ ഐക്യം ഉണ്ടായിരുന്നു. സഭയുടെ ചരിത്രത്തില്‍ കാലം ചെയ്ത അഭി.പൌലോസ് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയും മറ്റു അനേക പിതാക്കന്മാരും അവിടെ ചെന്ന് ആ സഭയുമായി ഇഴുകിച്ചേര്‍ന്ന് പ്രവര്‍ത്തിയ്ക്കുവാന്‍ അവസരം ഉണ്ടായിട്ടുമുണ്ട്. 2012 നവംബര്‍ ഇരുപത്തഞ്ചാം തീയതി നടത്തുവാന്‍ തീരുമാനിച്ചിരുന്ന കാതോലിക്കേറ്റിന്റെ ശതാബ്ദി സമ്മേളനത്തിലേക്ക് അദ്ദേഹം വരാമെന്ന് സമ്മതിക്കുകയും അതിനു വേണ്ടിയുള്ള ക്രമീകരണങ്ങള്‍ എല്ലാം പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നതാണ്. ഇപ്പോള്‍ ഈ വാര്‍ത്ത വളരെ വേദനയോടുകൂടിയാണ് ഞാന്‍ ശ്രവിക്കുന്നത്.

എക്യുമെനിക്കല്‍ രംഗത്തും വളരെ ശ്രദ്ധേയമായ സംഭാവനകള്‍ അദ്ദേഹം നല്കിടയിട്ടുണ്ട്. വേള്‍ഡ് കൌണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ പ്രസിഡണ്ടായി അദ്ദേഹം അനേകം വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. നമ്മുടെ സഭയും എത്യോപ്യന്‍ സഭയും തമ്മിലുള്ള ബന്ധം ദേശീയ തലത്തിലും വലിയ കെട്ടുറപ്പ് ഉണ്ടാക്കുവാന്‍ സാധിച്ചിട്ടുണ്ട്. ആ വന്ദ്യ പിതാവിന്റെ ദേഹ വിയോഗത്തില്‍ മലങ്കര സഭ അഗാധമായ അനുശോചനം അറിയിക്കുകയും അദ്ധേഹത്തിന്റെ കബറടക്ക ശുശ്രൂഷയില്‍ പങ്കെടുക്കത്തക്കവണ്ണം മലങ്കര സഭയില്‍ നിന്നും മെത്രാപ്പോലീത്താമാരുടെ ഒരു സംഘത്തെ നാം അയക്കുകയും ചെയ്തിട്ടുണ്ട്. ആ പരിശുദ്ധ പിതാവിന്റെ മധ്യസ്ഥത നാം ഏവര്‍ക്കും കാവലും കോട്ടയും ആയിത്തീരട്ടെ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ