ആകമാന സഭാനിലപാടുകള്‍

20120927

ഊര്‍ശലേം തീര്‍ഥാടനം പ്രോല്‍സാഹിപ്പിക്കണം:ഫാ. പിയര്‍ബാറ്റിസ്‌റ്റ പിസബല

ജറുസലമിന്റെ ചുമതലക്കാരനും (കുസ്‌തോസ്‌)
ഫ്രാന്‍സിസ്‌കന്‍ സഭ മിനിസ്‌റ്റര്‍ പ്രൊവിന്‍ഷ്യലുമായ ഫാ. പിയര്‍
ബാറ്റിസ്‌റ്റ പിസബല ബാംഗ്ലൂര്‍ ധര്‍മാരാം വിദ്യാക്ഷേത്രത്തിലെ
വിദ്യാര്‍ഥികളുമായി സംവാദം നടത്തുന്നു.


ബംഗലൂരു, സെപ്തം. ൨൫: ഊര്‍ശലേം (ജറുസലം) തീര്‍ഥാടനം പ്രോല്‍സാഹിപ്പിക്കണമെന്നു് വിശുദ്ധനാടിന്റെ ചുമതലക്കാരനും (കുസ്‌തോസ്‌) ഫ്രാന്‍സിസ്‌കന്‍ സഭ മിനിസ്‌റ്റര്‍ പ്രൊവിന്‍ഷ്യലുമായ ഫാ. പിയര്‍ബാറ്റിസ്‌റ്റ പിസബല അഭിപ്രായപ്പെട്ടു. ധര്‍മാരാം വിദ്യാക്ഷേത്രത്തിലെ വിദ്യാര്‍ഥികളുമായി `ദ്‌ ഹോളിലാന്‍ഡ്‌: ക്രിസ്‌ത്യന്‍ കണ്‍സേണ്‍ ഇന്‍ ദ്‌ മിഡില്‍ ഈസ്‌റ്റ്‌ എന്ന വിഷയത്തില്‍ സംവാദം നടത്തുകയായിരുന്നു അദ്ദേഹം.

ക്രൈസ്‌തവര്‍ക്കു് സ്വത്വത്തിന്റെ ഉറവിടമാണു ജറുസലം. വര്‍ഷംതോറുമെത്തുന്ന 30 ലക്ഷം തീര്‍ഥാടകരില്‍ ഇന്ത്യയില്‍നിന്നുള്ളവര്‍ ശരാശരി 20,000 മാത്രമാണ്‌. വിനോദസഞ്ചാരമല്ല, നല്ല രീതിയില്‍ സംഘടിപ്പിക്കുന്ന തീര്‍ഥാടനയാത്രയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തീര്‍ഥാടകര്‍ കടുത്ത സന്ദര്‍ശന നിയന്ത്രണങ്ങളും സുരക്ഷാ പരിശോധനകളും നേരിടുന്നതായി സംവാദത്തില്‍ പരാതി ഉയര്‍ന്നെങ്കിലും ഇത്‌ ഇടനിലക്കാര്‍ കാട്ടുന്ന തട്ടിപ്പായിരിക്കാം എന്നായിരുന്നു മറുപടി.

ഫാ. ഡോ. തോമസ്‌ കൊല്ലംപറമ്പില്‍ സംവാദത്തില്‍ മോഡറേറ്ററായിരുന്നു. ധര്‍മാരാം വിദ്യാക്ഷേത്രം പ്രസിഡന്റ്‌ ഫാ. ഡോ. സാജു ചക്കാലയ്‌ക്കല്‍, ഡോ. ജോയ്‌ ഫിലിപ്പ്‌ കാക്കനാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു. ഫാ. പിയര്‍ബാറ്റിസ്‌റ്റ പിസബലയെ ഡോ. തോമസ്‌ ഐക്കര പൊന്നാടയണിയിച്ചു. കുസ്‌തോസിന്റെ ജീവിതത്തെക്കുറിച്ചു ഫാ. ജയശീലന്‍ തയാറാക്കിയ വിഡിയോയും പ്രദര്‍ശിപ്പിച്ചു.

കുസ്‌തോസ്‌ പദവിയിലുള്ള ഒരാള്‍ 670 വര്‍ഷത്തിനു ശേഷമാണ്‌ ഇന്ത്യ സന്ദര്‍ശിക്കുന്നത്‌. 2004 മേയ്‌ 15നാണു ഫാ. പിയര്‍ബാറ്റിസ്‌റ്റ പിസബല കുസ്‌തോസ്‌ ആയി ചുമതലയേറ്റത്‌. ആറു വര്‍ഷത്തെ കാലാവധി അവസാനിച്ചശേഷം 2010 മേയ്‌ 15നു മൂന്നു വര്‍ഷത്തേക്കു കൂടി നിയമിതനായി. ആറു ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്‌ച ഇന്ത്യയിലെത്തിയ അദ്ദേഹം ഇന്നു ചെന്നൈയിലേക്കു പോകും.

മൈലാപ്പൂര്‍ സെന്റ്‌ തോമസ്‌ മൗണ്ട്‌ തീര്‍ഥാനകേന്ദ്രം ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചശേഷം 28നു ബാംഗ്ലൂരില്‍ മടങ്ങിയെത്തുന്ന അദ്ദേഹം കോറമംഗല സെന്റ്‌ ജോണ്‍സ്‌ നാഷനല്‍ അക്കാദമി ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ കാത്തലിക്‌ ബിഷപ്‌സ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ ഇന്ത്യയുടെ (സിബിസിഐ) ഉപസമിതി യോഗത്തില്‍ പങ്കെടുക്കും. കടപ്പാടു് മനോരമ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ