ആകമാന സഭാനിലപാടുകള്‍

20120927

സാമൂഹ്യതിന്മകള്‍ക്കെതിരെ ക്രൈസ്തവസഭകള്‍ ഉണരണം: പരിശുദ്ധ ബാവ


കൊച്ചി, സെപ്തം ൨൫: ആര്‍ത്തിയും ആഘോഷവും മനുഷ്യജീവിതത്തില്‍ പിടിമുറുക്കുന്ന പുതിയ സംസ്കാരത്തില്‍ സമൂഹത്തെ നേര്‍ദിശയിലേക്കു കൈപിടിച്ചുയര്‍ത്താന്‍ ക്രൈസ്തവസഭകള്‍ ഉണരേണ്ടതുണ്ടെന്നു് പരിശുദ്ധ കാതോലിക്ക ബസേലിയോസ് പൌലോസ് ദ്വിതീയന്‍ ബാവ അഭിപ്രായപ്പെട്ടു. എറണാകുളം വൈഎംസിഎ സംഘടിപ്പിച്ച എക്യുമെനിക്കല്‍ വൈദിക അല്‍മായ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മദ്യാസക്തിയും അഴിമതിയും ആര്‍ഭാടങ്ങളോടുള്ള ആര്‍ത്തിയും ആധുനിക കാലത്തെ ദുഷിപ്പിക്കുന്നുണ്ട്. ജീവിതത്തെ ആഘോഷമാക്കാന്‍ എന്തും ചെയ്യാന്‍ മടിയില്ലാത്തവരായിട്ടുണ്ട് മനുഷ്യര്‍. ഇതിനിടയില്‍ മറ്റുള്ളവരുടെ വേദനകളും ആവശ്യങ്ങളും കണ്ടില്ലെന്നു നടിക്കുന്നവരാണ് ഏറെയും. ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നിലപാടെടുക്കാന്‍ ക്രൈസ്തവസഭകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. അക്രമങ്ങളിലും അഴിമതികളിലും ക്രൈസ്തവര്‍ ഉള്‍പ്പെടുന്നത് അപമാനകരമാണ്. പരസ്പര സ്നേഹവും സൌഹൃദവും സമന്വയിപ്പിച്ച് പൊതുസമൂഹത്തിന്റെ പുരോഗതിക്കായി വിശ്വാസിസമൂഹം കൈകോര്‍ക്കണമെന്നും കാതോലിക്ക ബാവ ഓര്‍മിപ്പിച്ചു.

ലളിതമായ ജീവിതത്തിലൂടെ സമൂഹത്തിനു മാതൃകയാവേണ്ടവരാണ് ക്രൈസ്തവരെന്നു സമ്മേളനത്തില്‍ സന്ദേശം നല്‍കിയ കൊച്ചി ബിഷപ് ഡോ. ജോസഫ് കരിയില്‍ ഓര്‍മിപ്പിച്ചു. പാവപ്പെട്ടവരെയും അഗതികളെയും കൂടെനിര്‍ത്തുന്ന സ്നേഹത്തിന്റെ മനോഭാവമാണു നാം വളര്‍ത്തേണ്ടതെന്നു വിഷയാവതരണം നടത്തിയ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ ബിഷപ് മാര്‍ സെബാസ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു.

വൈഎംസിഎ പ്രസിഡന്റ് അഡ്വ. ബാബു വര്‍ഗീസ് അധ്യക്ഷത വഹിച്ചു. അഡ്വ. തോമസ് ഏബ്രഹാം, ജെ. ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളില്‍ മെത്രാപ്പോലീത്തമാരായ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സഖറിയാസ് മാര്‍ തെയോഫിലസ് എന്നിവര്‍ പ്രസംഗിച്ചു. റവ. ഡോ. പോള്‍ തേലക്കാട്ട്, റവ. ഡോ. ജോസ് പുതിയേടത്ത്, ഫാ. വര്‍ഗീസ് പുലയത്ത്, റവ. ഡോ. ജോര്‍ജ് വര്‍ഗീസ്, ഫാ. കുര്യന്‍ പീറ്റര്‍, ഫാ. കെ.ടി. ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. പാനല്‍ ചര്‍ച്ചയില്‍ ഫാ. ഏബ്രഹാം തോമസ്, ഫാ. പി.ജെ. ജേക്കബ്, ഫാ. സണ്ണി വര്‍ഗീസ്, സിസ്റര്‍ ലിസ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ