ആകമാന സഭാനിലപാടുകള്‍

20120927

മലയാളം വേദപുസ്‌തകത്തിന്റെ ദ്വിശതാബ്‌ദി ആഘോഷിച്ചു


തിരുവനന്തപുരം, സെ ൨൫: വിശുദ്ധ വേദപുസ്‌തകം മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്‌തതിന്റെ സ്‌മരണ പുതുക്കി പുസ്‌തകത്തിന്റെ ദ്വിശതാബ്‌ദി ആഘോഷിച്ചു. സുറിയാനി ഭാഷയില്‍ നിന്നു വേദപുസ്‌തകം ആദ്യമായി മലയാളത്തിലേയ്ക്കു് വിവര്‍ത്തനം ചെയ്‌ത കായംകുളം ഫിലിപ്പോസ്‌ റമ്പാന്റെ ഇരുനൂറാം ചരമ വാര്‍ഷികാചരണവും നടത്തി.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ അടൂര്‍-കടമ്പനാട്‌ ഭദ്രാസനത്തിന്റെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികള്‍. രാജ്യസഭ ഉപാധ്യക്ഷന്‍ ഉദ്‌ഘാടനം ചെയ്‌തു. ഇംഗ്ലിഷ്‌ വിദ്യാഭ്യാസവും തുറന്ന വേദപുസ്‌തകവുമാണു് കേരളത്തില്‍ നവീകരണത്തിനു വഴിവച്ചതെന്നു് അദ്ദേഹം പറഞ്ഞു. ഈ നവീകരണം ക്രൈസ്‌തവ സമൂഹത്തിനു മാത്രമല്ല, കേരളത്തിനൊട്ടാകെ പ്രയോജനം ചെയ്‌തുവെന്ന്‌ അദ്ദേഹം പറഞ്ഞു.

സാര്‍വലൗകിക ചിന്തയാണു ക്രൈസ്‌തവര്‍ക്കുണ്ടായിരുന്നത്‌. ഇന്ത്യയെ ഒന്നിപ്പിക്കുന്നതില്‍ അതു പ്രേരണ നല്‍കിയെന്നു പ്രഭാഷണം നടത്തിയ മന്ത്രി കെ.എം. മാണി പറഞ്ഞു. സമാധാനം പുനഃസ്‌ഥാപിക്കാന്‍, മതേതരത്വം ഉറപ്പിക്കാന്‍ എല്ലാം വിശുദ്ധ വേദപുസ്‌തകം ഇടയാക്കിയെന്നും മാണി പറഞ്ഞു. ഫിലിപ്പോസ്‌ റമ്പാന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്‌കാരം ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം വലിയ മെത്രാപ്പൊലീത്തയ്‌ക്കു മന്ത്രി മാണി സമ്മാനിച്ചു.

യേശുവിനെ കാണുന്നതു വേദപുസ്‌തകത്തില്‍ കൂടി ആയതിനാലാണ്‌ എല്ലാ സഭകളും അതിനെ സ്വീകരിച്ചതെന്നു മറുപടി പ്രസംഗത്തില്‍ ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം പറഞ്ഞു. സഭകളെ യോജിപ്പിച്ചുനിര്‍ത്തുന്നതു വേദപുസ്‌തകമാണ്‌. അല്ലറചില്ലറ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും സഭകളുടെ അടിസ്‌ഥാന വിശ്വാസം ഒന്നാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഫിലിപ്പോസ്‌ റമ്പാനെ കുറിച്ചു തയാറാക്കിയ പുസ്‌തകം സാഹിത്യ അക്കാദമി പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരന്‍ പ്രകാശനം ചെയ്‌തു.

ഓര്‍ത്തഡോക്‌സ്‌ സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌ അധ്യക്ഷനായിരുന്നു. അടൂര്‍ കടമ്പനാട്‌ ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ്‌ മാര്‍ അപ്രേം, മലങ്കര കത്തോലിക്ക മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്‌, സിഎസ്‌ഐ ദക്ഷിണ കേരള മഹായിടവക ബിഷപ്‌ റവ. എ. ധര്‍മരാജ്‌ റസാലം, തോമസ്‌ മാര്‍ തിമോത്തിയോസ്‌, മുന്‍ ചീഫ്‌ സെക്രട്ടറി ഡോ. ഡി. ബാബു പോള്‍, ജോസഫ്‌ സാമുവല്‍ കറുകയില്‍ കോര്‍ എപ്പിസ്‌കോപ്പ, അടൂര്‍ കടമ്പനാട്‌ ഭദ്രാസന സെക്രട്ടറി ഫാ. തോമസ്‌ മാത്യു, ഫാ. പി.ജി. കുര്യന്‍, ഫാ. പി.ജി. ജോസ്‌, പ്രഫ. ഡി.കെ. ജോണ്‍, ഡോ. എം. കുര്യന്‍ തോമസ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ