20090107
ക്രിസ്തീയ സഭകള്‍ ആഗോളതലത്തില്‍ ഒന്നിക്കണമെന്ന് എത്യോപ്യന്‍ പാത്രിയര്‍ക്കീസ്
20090106
പലസ്തീന് ജനതയ്ക്കെതിരെ ഇസ്രയേലിന്റെ പൂര്‍ണമായ കടന്നാക്രണം അമേരിക്കന്‍ പിന്തുണയോടെ- ഡോ. നൈനാന് കോശി
ഇസ്രയേലുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിയ്ക്കുക
കോട്ടയം: കഴിഞ്ഞ നാലു ദശകത്തില്‍ പലസ്തീന് ജനതയ്ക്കെതിരെ ഇസ്രയേല്‍ നടത്തിയിട്ടുള്ള ഏറ്റവും രൂക്ഷവും ക്രൂരവുമായ കടന്നാക്രമണമാണ് ഇപ്പോള്‍ ഗാസയില്‍ നടക്കുന്നത് എന്നു് സഭകളുടെ ഉലക പരിഷത്തു് (W C C) പ്രമുഖരിലൊരാളും രാജ്യാന്തരകാര്യ നിരീക്ഷകനുമായ ഡോ. നൈനാന് കോശി അഭിപ്രായപ്പെട്ടു. എല്ലാ സാര്‍വദേശീയ നിയമങ്ങളും ലംഘിച്ചുള്ളതാണ് അമേരിക്കന്‍ പിന്തുണയോടെ യിസ്രയേല്‍ നടത്തുന്ന ആക്രമണമെന്നു് നവീകരണസഭയായ മലങ്കര മാര്‍ത്തോമാ സഭയിലെ അല്മായ അംഗം കൂടിയായ ഡോ. നൈനാന് കോശി മലയാളത്തിലെ ദേശാഭിമാനി പത്രത്തിനു നല്കിയ അഭിമുഖത്തില്‍ ചുണ്ടിക്കാട്ടി. ജനീവ ആസ്ഥാനമായ ഡബ്ലിയു സി സിയുടെ രാജ്യാന്തരകാര്യം സംബന്ധിച്ച സഭകളുടെ കമ്മീഷന്റെ (Commission of the Churches on International Affairs- CCIA- ) മുന്‍ ഡയറക്റ്റര്‍ ആണു് നൈനാന് കോശി പലസ്തീന് ജനതയ്ക്കെതിരെയുള്ള തുറന്ന യുദ്ധത്തിന് അറുതിവരുത്താന്‍ അന്താരാഷ്ട്ര സമൂഹത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ലക്ഷക്കണക്കിന് ആളുകള്‍ കൊടുംയാതന അനുഭവിക്കുന്ന ഗാസയില്‍ ജീവകാരുണ്യ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു. ഐക്യരാഷ്ട്ര സംഘടന (UNO) എന്തെങ്കിലും നടപടി എടുക്കുന്നതിനെതിരെ അമേരിക്ക എല്ലാ സമ്മര്‍ദവും ചെലുത്തുന്നു. യുഎന്‍ രക്ഷാസമിതി ലഘുവായ നടപടി സ്വീകരിക്കുന്നതിനെപ്പോലും അമേരിക്ക എതിര്‍ക്കുന്നു. ഗാസയിലെ സ്ഥിതിവിശേഷത്തില്‍ ഐക്യരാഷ്ട്ര സംഘടനയ്ക്കും ഉത്തരവാദിത്തമുണ്ട്. അമേരിക്കയില്‍ പ്രസിഡന്റ് ബുഷ് അധികാരത്തില്‍ എത്തിയതുമുതല്‍ പലസ്തീനു് എതിരായ ഇസ്രയേലിന്റെ ആക്രമണം കൂടുതല്‍ വിപുലമാക്കി. അമേരിക്കയില്‍ ബറാക് ഒബാമ പ്രസിഡന്റാകുമ്പോഴും ഇസ്രയേലിനുള്ള പിന്തുണ തുടരുമെന്നാണ് അനുമാനിക്കേണ്ടതു്. ഇസ്രയേലിന്റെ നടപടിയെ വിമര്‍ശിക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന ചില പ്രസ്താവനകള്‍ ഇന്ത്യ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പലസ്തീന് ജനതയുടെ അവകാശങ്ങളേക്കാള്‍ ഇസ്രയേലുമായുള്ള ബന്ധങ്ങള്‍ക്കാണ് ഐക്യ പുരോഗമന സഖ്യ (യുപിഎ- UPA) സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് വ്യക്തമാണ്. ഇന്ത്യയുടെ വിദേശനയത്തിലുണ്ടായ ഏറ്റവും വലിയ തെറ്റുകളിലൊന്ന് ഇസ്രയേലുമായുള്ള കൂട്ടുകെട്ടാണ്. |
ജാതി സംവരണ സംവിധാനത്തെ അട്ടിമറിക്കാന്‍ അനുവദിക്കില്ല
സാമ്പത്തിക സംവരണത്തെ അനുകൂലിച്ച മാര്‍ ക്ളിമ്മീസ് വലിയ മെത്രാപ്പോലീത്തയുടെ പ്രസംഗം ഖേദകരം: കേരളാ ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്
ഗോശ്രീ: സാമ്പത്തിക സംവരണത്തെ അനുകൂലിച്ച് എന്‍എസ്എസ് യോഗത്തില്‍ റോമന്‍ കത്തോലിക്കാ സഭയുടെ സീറോ മലങ്കര റീത്ത് തിരുവനന്തപുരം മേജര്‍ ആര്‍ച് ബിഷപ് ബസേലിയോസ് മാര്‍ ക്ളിമ്മീസ് ജനുവരി 2-നു് നടത്തിയ പ്രസംഗം നീതീകരിക്കാനാവാത്തതും ഖേദകരവുമാണെന്നു് കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന് (കെഎല്‍ സിഎ) സംസ്ഥാന സമിതി കുറ്റപ്പെടുത്തി. നരേന്ദ്രന് കമ്മിഷനും സച്ചാര്‍ കമ്മിഷനും സംവരണ സമുദായങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ സ്ഥിരീകരിക്കുന്നുണ്ടെന്ന് പ്രസിഡന്റ് അഡ്വ. റാഫേല്‍ ആന്റണി, ജനറല്‍ സെക്രട്ടറി ഷാജി ജോര്‍ജ് എന്നിവര്‍ ചൂണ്ടിക്കാട്ടി. ജാതീയ കാരണങ്ങളാല്‍ നൂറ്റാണ്ടുകളായി ദുരിതം അനുഭവിച്ചവര്‍ക്കു സാമൂഹിക നീതി ഉറപ്പാക്കാന്‍ ഭരണഘടന അനുവദിച്ച സംവരണ സംവിധാനത്തെ അട്ടിമറിക്കാന്‍ അനുവദിക്കില്ല. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സഹായ പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യേണ്ടത്. ഇത്തരം സഹായപദ്ധതികളെ സംവരണവുമായി കൂട്ടികുഴയ്ക്കരുത്. സര്‍ക്കാര്‍ നിയമനങ്ങളിലെ ഓപ്പണ്‍ ക്വാട്ട മുന്നാക്ക വിഭാഗങ്ങള്‍ക്കു മാത്രം കൈവശപ്പെടുത്താനുള്ള ശ്രമമാണ് എന്‍എസ്എസ് നടത്തുന്നതെന്ന് കെഎല്‍സിഎ ആരോപിച്ചു. ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന പിന്നാക്ക സമുദായങ്ങള്‍ക്ക് സാമൂഹിക നീതി നിഷേധിക്കാനുള്ള പ്രവര്‍ത്തനത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. സംവരണത്തിലൂടെ സാമൂഹിക നീതിയെന്ന മുദ്രാവാക്യവുമായി 26 നു സംവരണ സംരക്ഷണ ദിനമായി ആചരിക്കാനും കെഎല്‍സിഎ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അന്ന് സംവരണ സംരക്ഷണ ജാഥകളും സമ്മേളനങ്ങളും സംഘടിപ്പിക്കും. |
20090104
സിസ്റ്റര്‍ ബനിക്കാസിയ കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയുടെ അഭിമാനം
സിസ്റ്റര്‍ അഭയക്കേസ് : വഴിത്തിരിവായതു് കന്യാസ്ത്രീകളുടെ പരാതി
സിസ്റ്റര്‍ അഭയക്കേസ് സി.ബി.ഐയുടെ കൈകളിലെത്താന്‍ നിമിത്തമായതു് 1992-ല്‍ സി.എം.സി. ജനറല്‍ ചാപ്റ്റര്‍ പ്രസിഡന്റായിരുന്ന സിസ്റ്റര്‍ ബനിക്കാസിയയുടെ നേതൃത്വത്തില്‍ 69 കന്യാസ്ത്രീകള്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്കും സി.ബി.ഐ. ഡയറക്ടര്‍ക്കും അയച്ച പരാതിയാണെന്നു് കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് കെ. ഹേമ 2009 ജനുവരി 1-ആം തീയതി പ്രതികള്‍ക്കു് ജാമ്യമനുവദിച്ചുകൊണ്ടു് നടത്തിയ പരാമര്‍ശം കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയ്ക്കു് അഭിമാനമായിമാറി. സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമാണെന്ന് തെളിയുകയും സി.ബി.ഐ. അന്വേഷണം വിജയിയ്ക്കുകയും ചെയ്താല്‍ ഈകാലഘട്ടത്തിലെ കേരളത്തിലെ റോമന്‍ കത്തോലിക്കാ സഭയുടെ യഥാര്‍ത്ഥ നിലപാടു് കഴിഞ്ഞമാസം അന്തരിച്ച സി.എം.സി. മുന്‍ സുപ്പീരിയര്‍ ജനറലും ചങ്ങനാശേരി ഹോളിക്യൂന്‍സ് പ്രോവിന്‍സ് അംഗവുമായിരുന്ന സിസ്റര്‍ ബനിക്കാസിയയുടെയാണെന്നു് ഭാവിയില്‍ അംഗീകരിയ്ക്കപ്പെടും. കോട്ടയം ബിസിഎം കോളജിലെ പ്രീഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ആയിരുന്ന സിസ്റ്റര്‍ അഭയയെന്ന ക്നാനായ രൂപതയിലെ കന്യാസ്ത്രീ 1992 മാര്‍ച്ച് 27-നാണ് ദുരൂഹ സാഹചര്യത്തില്‍ കോട്ടയം പയസ് ടെന്ത് കോണ്‍വന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. അഭയ മരിച്ചു് നാളുകള്‍ക്കകം 1992 ഏപ്രിലില്‍ ചേര്‍ന്ന സി.എം.സി. ജനറല്‍ ചാപ്റ്റര്‍ യോഗത്തില്‍ പങ്കെടുത്ത അന്നത്തെ കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യയുടെ(സി.ബി.സി.ഐ.) വിമന്‍സ് ഡസ്ക് അധ്യക്ഷ സിസ്റ്റര്‍ ക്ലിയോപാട്ര രാജ്യത്തു് കന്യാസ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു. കന്യാസ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ പ്രതികരിക്കാന്‍ സന്യാസിനി സമൂഹത്തോട് സിസ്റ്റര്‍ ക്ലിയോപാട്ര ആവശ്യപ്പെടുകയും ചെയ്തു. അഭയയുടെ മരണം കൊലപാതകമാണെന്നും രാജ്യത്തെ അത്യുന്നത അന്വേഷണ ഏജന്‍സിയായ സി.ബി.ഐ.തന്നെ കേസന്വേഷിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇതേത്തുടര്‍ന്ന്, ചാപ്റ്റര്‍ പ്രസിഡന്റായിരുന്ന സിസ്റ്റര്‍ ബനിക്കാസിയയുടെ നേതൃത്വത്തില്‍ 69 കന്യാസ്ത്രീകള്‍ ഒപ്പിട്ട പരാതി തയാറാക്കി. ചാപ്റ്ററിനു കീഴിലുള്ള 67 കന്യാസ്ത്രീകളും യോഗത്തിലെ രണ്ടു ക്ഷണിതാക്കളുമാണു പരാതിയില്‍ ഒപ്പിട്ടത്. കന്യാസ്ത്രീകളുടെ ഈ പരാതിയുടെഅടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണം ശുപാര്‍ശ ചെയ്തുകൊണ്ടുള്ള കത്തു് കേന്ദ്രത്തിനയച്ചു. അതിനും മുമ്പു സി.ബി.ഐക്കു ലഭിച്ച പരാതിപ്രകാരം അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കിട്ടിയതോടെ കേസിലെ മറ്റു ഫയലുകളും സി.ബി.ഐ. ഏറ്റെടുത്ത് അന്വേഷണമാരംഭിച്ചു. അതേപ്പറ്റി ജസ്റ്റീസ് കെ. ഹേമ 2009 ജനുവരി 1-ആം തീയതിയിലെ ഉത്തരവില്‍ പരാമര്‍ശിച്ചിരിയ്ക്കുന്നതിങ്ങനെയാണു് :- “സി.എം.സി മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബനിക്കാസിയയും 69 കന്യാസ്ത്രീകളും ഒപ്പിട്ട് മുഖ്യമന്ത്രിക്കു നല്കിയ നിവേദനത്തില്‍ അഭയാ കേസില്‍ ശരിയായ രീതിയില്‍ അന്വേഷണം നടന്നിട്ടില്ലെന്നു ചൂണ്ടിക്കാട്ടുകയും മരണം കൊലപാതകമാണെന്ന് സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് 1993 മാര്‍ച്ച് 29-ന് സി.ബി.ഐ എഫ്.ഐ.ആര് രജിസ്റര്‍ ചെയ്തത്.” സി.ബി.ഐയുടെ മുന്‍ അന്വേഷണസംഘങ്ങള്‍ സിസ്റ്റര്‍ ബനിക്കാസിയയുടെ മൊഴിയെടുത്തിട്ടുണ്ട്. മരിച്ചതു് ക്നാനായ രൂപതയില്‍പെട്ട കന്യാസ്ത്രീയാണെങ്കിലും മറ്റൊരു രൂപതയില്‍പെട്ട താന്‍ പരാതി നല്കിയതു കേരളത്തിലെ റോമന്‍ കത്തോലിക്കാ സന്യാസിനി സമൂഹത്തിന്റെ പൊതുതാല്‍പര്യപ്രകാരമാണെന്നു് ബനിക്കാസിയ സി.ബി.ഐയോടു പറഞ്ഞു.
അഭയാ കേസ് ശരിയായ രീതിയില്‍ അന്വേഷിയ്ക്കണമെന്ന പരസ്യനിലപാടു് സ്വീകരിച്ച ഏക ബിഷപ്പ് കല്‍ദായ പൗരസ്ത്യ സഭയിലെ പൗലോസ് മാര്‍ പൗലോസ് മാത്രമായിരുന്നു. മറ്റാരും പരസ്യനിലപാടു് പ്രഖ്യാപിച്ചില്ലെങ്കിലും സമാനചിന്താഗതിക്കാര്‍ വേറെയുമുണ്ടായിരുന്നു. സിസ്റ്റര്‍ അഭയക്കേസ് സി.ബി.ഐയുടെ കൈകളിലെത്താന്‍ നിമിത്തമായ സിസ്റ്റര്‍ ബനിക്കാസിയ എന്ന സന്യസ്ത അസുഖം മൂലം ദീര്‍ഘകാലം അബോധാവസ്ഥയില്‍ കഴിഞ്ഞശേഷം 2008 ഡിസംബര്‍ രണ്ടാം പകുതിയിലാണു് അന്തരിച്ചതു്. കോട്ടയം വെസ്റ്റ് പൊലീസ് റജിസ്റ്റര്‍ ചെയ്ത അഭയാ കേസ് 1992 ഏപ്രില്‍ 14നു ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും അഭയയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു നിഗമനം. പിന്നീടു്, സിബിഐ സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസില്‍ സംഭവം നടന്ന് 16 വര്‍ഷത്തിനു് ശേഷം 2008 നവം.19-നു് ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂര്‍ (61), രണ്ടാം പ്രതി ഫാ. ജോസ് പൂതൃക്കയില്‍ (56), മൂന്നാം പ്രതി സിസ്റ്റര്‍ സെഫി (45) എന്നിവരെ അറസ്റ്റു ചെയ്തു. കോട്ടയം അതിരൂപതാ ചാന്‍സലറാണു് ഫാ. തോമസ് കോട്ടൂര്‍. കാസര്‍കോട് രാജപുരം പയസ് ടെന്ത് കോളജ് പ്രിന്‍സിപ്പലാണു് ഫാ. ജോസ് പൂതൃക്കയില്‍. അഭയ കൊല്ലപ്പെടുമ്പോള്‍ വൈദികര്‍ രണ്ടുപേരും കോട്ടയം ബിസിഎം കോളജിലെ അധ്യാപകരായിരുന്നു. അന്ന് ഫാ. പൂതൃക്കയില്‍ എഡിറ്ററായ സഭയുടെ മുഖപത്രം അപ്നാദേശിലാണ് സിസ്റ്റര്‍ സെഫി ജോലി ചെയ്തിരുന്നത്. കേരള ഹൈക്കോടതിയിലെ ജസ്ററീസ് കെ. ഹേമ 2009 ജനുവരി 1-ആം തീയതി പ്രതികള്‍ക്കു് ജാമ്യമനുവദിച്ചു |
20090103
ഇസ്രയേല്‍ - പലസ്തീന് ഏറ്റുമുട്ടലിനെ റോമാ മാര്‍പാപ്പാ വീണ്ടും അപലപിച്ചു

വത്തിക്കാന്‍ നഗരി, ജനു.1,2009: അക്രമവും വിദ്വേഷവും അവിശ്വാസവും ദാരിദ്യത്തിന്റെ കൂടി രൂപങ്ങളാണെന്നും ഇതിനെതിരെ പോരാടണമെന്നും റോമന്‍ കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ ബെനഡിക്ട് പതിനാറാമന്‍ പാപ്പാ പ്രസ്താവിച്ചു. ഇസ്രയേല്‍ - പലസ്തീന് പോരാട്ടത്തെ അദ്ദേഹം അപലപിച്ചു. ഇരുകൂട്ടരും അക്രമമാര്‍ഗം വെടിയുന്നതിനു് രാജ്യാന്തരസമൂഹം സഹായിയ്ക്കണം.സഭയുടെ ലോകസമാധാന ദിനാചരണത്തോടനുബന്ധിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)