ആകമാന സഭാനിലപാടുകള്‍

20091203

പൊതു ആരോഗ്യസംരക്ഷണരംഗത്തുനിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുന്നു: കേരള കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്

മദ്യനയം പുനഃപരിശോധിക്കാന്‍ വേണ്ട സമ്മര്‍ദ്ദമുണ്ടാകണമെന്നും കേരള കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസിന്റെ സപ്‌തതിയോടനുബന്ധിച്ചു് പുറപ്പെടുവിച്ച ഇടയലേഖനം

കോട്ടയം: ആരോഗ്യ സംരക്ഷണം ലഭ്യമാകാത്ത ദരിദ്രര്‍, തോട്ടം തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക്‌ വൈദ്യസഹായം ലഭിക്കാനുള്ള പരിപാടികള്‍ ആവിഷ്‌കരിക്കണമെന്നു് കോട്ടയത്തു മാങ്ങാനം ടി.എം.എ.എം. സെന്ററില്‍ ചേര്‍ന്ന കേരള കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ (കെ സി സി) യോഗം പുറപ്പെടുവിച്ച സംയുക്‌ത ഇടയലേഖനം ആഹ്വാനം ചെയ്തു. പൊതു ആരോഗ്യ സംരക്ഷണരംഗത്തുനിന്നും സര്‍ക്കാര്‍ പിന്‍വാങ്ങുകയാണെന്നു് യോഗം വിലയിരുത്തി.

സര്‍ക്കാരിന്റെ മദ്യനയം പുനഃപരിശോധിക്കാന്‍ വേണ്ട സമ്മര്‍ദ്ദമുണ്ടാകണമെന്നും ഇടയലേഖനത്തില്‍ പറയുന്നു. വര്‍ധിച്ചുവരുന്ന മദ്യ-ലഹരി ഉപയോഗത്തില്‍നിന്നു യുവജനങ്ങളെയും പൊതുസമൂഹത്തെയും പിന്തിരിപ്പിക്കാന്‍ കൗണ്‍സിലിങ് പൊതുപരിപാടിയായി വ്യാപിപ്പിക്കണമെന്ന്‌ ഇടയലേഖനത്തില്‍ ഉദ്‌ബോധിപ്പിച്ചു.

ടെലിവിഷന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയ മാധ്യമങ്ങളുടെ തെറ്റായ ഉപയോഗത്തില്‍നിന്നു യുവജനങ്ങളെ പിന്തിരിപ്പിക്കാന്‍ സഭാതലതലത്തില്‍ കര്‍മപദ്ധതി ആവിഷ്‌കരിക്കണം.

സ്വാശ്രയ വിദ്യാഭ്യാസ പ്രവര്‍ത്തനത്തോടനുബന്ധമായ ന്യൂനപക്ഷ അവകാശം സംരക്ഷിക്കുമ്പോള്‍തന്നെ സമൂഹത്തിലെ സമ്പന്ന- ദരിദ്ര വ്യത്യാസമില്ലാതെ എല്ലാ വിഭാഗങ്ങള്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കാന്‍ സാഹചര്യവും സമീപനവും ഉണ്ടാകണം.

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതു തടയുന്നതോടൊപ്പം സാമൂഹ്യ കാരണങ്ങള്‍കൂടി മനസിലാക്കി പരിഹാരം കണ്ടെത്തേണ്ടതാണു്. ഭൂരഹിതരായവര്‍ക്കു ഭൂമി നല്‍കുന്ന കാര്യം സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കണം. ആവശ്യമായ ഭൂപരിഷ്‌കരണ നടപടികള്‍ സ്വീകരിക്കണം. ദളിത് ൈക്രസ്‌തവര്‍ക്ക്‌ സഭകളില്‍ കൂടുതല്‍ പങ്കാളിത്തവും അംഗീകാരവും നല്‍കണം. സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടന്നുവരാന്‍ ആവശ്യമായ സാമ്പത്തിക സഹായവും മെച്ചപ്പെട്ട പരിശീലന സൗകര്യവും ലഭ്യമാക്കണം.

ഭദ്രാസനങ്ങളിലും ഇടവകളിലും എക്യുമെനിസം ശക്തമാക്കണം. എക്യുമെനിക്കല്‍ ചിന്ത പ്രാദേശിക തലത്തില്‍ ശക്‌തിപ്പെടാനായി ഇടവകകകളും സമീപ ഇടവകകളും കൂടിചേര്‍ന്നു പഠനത്തിനും പ്രവര്‍ത്തനത്തിനും രൂപം നല്‍കണമെന്ന്‌ ഇടയലേഖനം വിശ്വാസികളോട്‌ ആഹ്വാനം ചെയ്യുന്നു.

സഭാ കൂട്ടായ്‌മയില്‍ സ്‌ത്രീകള്‍ സജീവ സാന്നിധ്യമാണെങ്കിലും ആരാധന- ഭരണ നിര്‍വഹണ മേഖലയില്‍ പങ്കാളിത്തം വളരെ കുറവാണ്‌. എല്ലാ മേഖലകളിലും സ്‌ത്രീകള്‍ക്കു പരിഗണന ഉറപ്പാക്കണം.

കേരള കൗണ്‍സില്‍ ഓഫ്‌ ചര്‍ച്ചസ്‌ സപ്‌തതി ആഘോഷത്തിന്റെ ഭാഗമായി 2009 ഡിസംബര്‍ 2നു് മാങ്ങാനം ഓറിയന്റേഷന്‍ സെന്ററില്‍ നടന്ന കോണ്‍ഫറന്‍സില്‍ കെ.സി.സി. പ്രസിഡന്റ്‌ ബിഷപ് ഡോ.ഏബ്രഹാം മാര്‍ പൗലോസ്‌ അധ്യക്ഷത വഹിച്ചു. ഡോ. ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്‌തു. ഡോ. ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത, നിയുക്ത പൗരസ്ത്യ കാതോലിക്കോസ് പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത , ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത, ഡോ. തോമസ്‌ മാര്‍ തിമോത്തിയോസ്‌ മെത്രാപ്പോലീത്ത, ഡോ. ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത , ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത, ഡോ. സക്കറിയാസ്‌ മാര്‍ തെയോഫിലോസ്‌ മെത്രാപ്പോലീത്ത ,ബിഷപ് ഡോ. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌, ബിഷപ് ഡോ. യുയാക്കിം മാര്‍ കൂറിലോസ്‌ , ബിഷപ് ഡോ. മാത്യൂസ്‌ മാര്‍ അഫ്രേം തുടങ്ങിയവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ