ആകമാന സഭാനിലപാടുകള്‍

20091224

മലങ്കര ഓര്‍ത്തഡോക്‌സ്‌ - കത്തോലിക്കാ സഭാ ഡയലോഗ്‌ വിജയകരം

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയും റോമന്‍ കത്തോലിക്കാ സഭയും തമ്മിലുള്ള സംഭാഷണം (ഡയലോഗ്‌) കോട്ടയം ഓര്‍ത്തഡോക്‌സ്‌ തിയോളജിക്കല്‍ സെമിനാരിയില്‍ 2009 ഡി 16, 17 തീയതികളില്‍ നടന്നു. ഈ ഇരുസഭകളില്‍ ഏതെങ്കിലും ഒന്നിന്‌ ആരാധനാലയങ്ങളോ സെമിത്തേരിയോ ഇല്ലാത്ത സ്ഥലങ്ങളില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശ രേഖകളോടെ, അവ ഉപയോഗിക്കുന്നതിനെ സംബന്ധിച്ചും ഇരുസഭകളുടെയും സെമിനാരികള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെ സംബന്ധിച്ചും സഭാംഗങ്ങള്‍ തമ്മിലുള്ള പരസ്‌പര വിവാഹങ്ങളെ സംബന്ധിച്ചും സുദീര്‍ഘമായ ചര്‍ച്ചകള്‍ നടന്നു.

സന്യാസിനി - സന്യാസ സമൂഹങ്ങളുടെ ഒരുമിച്ചുള്ള കോണ്‍ഫറന്‍സുകള്‍, കൂട്ടായ ഫാമിലി കൗണ്‍സിലിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവ കാര്യക്ഷമമായി നടത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നു. സ്വന്തം സഭയിലെ കാര്‍മികരെ അടിയന്തരമായി ലഭിക്കാത്ത സാഹചര്യത്തില്‍ അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക്‌ തൈലാഭിഷേക ശുശ്രൂഷയോ നിര്യാതരായവര്‍ക്ക്‌ മരണാനന്തര ക്രിയകളോ ഈ സഭകളിലെ ഏതെങ്കിലും ഒന്നിലെ വൈദികര്‍ നല്‍കുന്നതിന്റെ സാധ്യതകളെ സംബന്ധിച്ച്‌ ധാരണ രൂപവല്‍‍കരിക്കുകയും ചെയ്‌തു.

കൂട്ടായ തീരുമാനങ്ങളുടെ കരടുരേഖകള്‍ ഇരുസഭകളുടെയും എപ്പിസ്കോപ്പല്‍ സുന്നഹദോസുകളുടെ അംഗീകരണത്തിനായി തയാറാക്കി.

പ്രത്യേക പെരുന്നാള്‍ ക്രമങ്ങളുടെ മലയാള പരിഭാഷ തയാറാക്കുന്നതിന്‌ ഫാ. ജേക്കബ്‌ തെക്കേപ്പറമ്പില്‍, ഫാ. ബേബി വര്‍ഗീസ്‌, ഫാ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌ എന്നിവരടങ്ങുന്ന സബ്‌ കമ്മിറ്റിയെ ചുമതലപ്പെടുത്തി.

റോമന്‍ കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച്‌ വത്തിക്കാനില്‍നിന്നും ബിഷപ്‌ ബ്രയന്‍ ഫാരലും ഫാ. ഗബ്രിയേല്‍ ക്വിക്കേയും കേരളത്തില്‍നിന്നു മാര്‍ ജോസഫ്‌ പവ്വത്തില്‍, മാര്‍ മാത്യു മൂലക്കാട്ട്‌, തോമസ്‌ മാര്‍ കൂറിലോസ്‌, റവ.ഡോ. സേവ്യര്‍ കൂടപ്പുഴ, റവ.ഡോ. മാത്യു വെള്ളാനിക്കല്‍, റവ.ഡോ. ജേക്കബ്‌ തെക്കേപ്പറമ്പില്‍, റവ.ഡോ. ഫിലിപ്പ്‌ നെല്‍പ്പുരപ്പറമ്പില്‍, റവ.ഡോ. പൗളി എന്നിവരും ഓര്‍ത്തഡോക്‌സ്‌ സഭയെ പ്രതിനിധീകരിച്ച്‌ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌, ഡോ. തോമസ്‌ മാര്‍ അത്താനാസ്യോസ്‌, റവ.ഡോ. ജോണ്‍ മാത്യൂസ്‌, റവ.ഡോ. വി.പി വര്‍ഗീസ്‌, റവ.ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, റവ.ഡോ. ഒ. തോമസ്‌, റവ.ഡോ. സാബു കുര്യാക്കോസ്‌, ഫാ. ഏബ്രഹാം തോമസ്‌ എന്നിവരുമാണു് പങ്കെടുത്തതു്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ