ആകമാന സഭാനിലപാടുകള്‍

20091224

യോഹന്നാന്‍ പൗലോസ് രണ്ടാമനും പീയൂസ് പന്ത്രണ്ടാമനും ധന്യപദവി

വത്തിക്കാന്‍, 2009 ഡിസംബര്‍ 21 : റോമന്‍ കത്തോലിക്ക സഭയുടെ മുന്‍ മാര്‍പാപ്പമാരായിരുന്ന യോഹന്നാന്‍ പൗലോസ് രണ്ടാമനെയും (ജോണ്‍ പോള്‍ രണ്ടാമന്‍) പീയുസ് പന്ത്രണ്ടാമനെയും ധന്യപദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടു് റോമന്‍ കത്തോലിക്ക സഭയുടെ ഇപ്പോഴത്തെ തലവനായ ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ പ്രഖ്യാപനം നടത്തി. വിശുദ്ധനായി പ്രഖ്യാപിയ്ക്കുന്നതിന്റെ ആദ്യപടിയാണു് ധന്യനാക്കുന്നതു്.

യൂറോപ്പിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കുന്നതിന് യോഹന്നാന്‍ പൗലോസ് രണ്ടാമന്‍ മാര്‍പാപ്പ നല്കിയ സേവനങ്ങളെ മാനിച്ചാണ് അദ്ദേഹത്തെ ധന്യപദവിയിലേക്ക് ഉയര്‍ത്തിയത്. 1979 മുതല്‍ മൂന്നു പതിറ്റാണ്ട് കാലം റോമന്‍ കത്തോലിക്ക സഭയെ നയിച്ച യോഹന്നാന്‍ പൗലോസ് രണ്ടാമന്‍ 2005ലാണ് ദിവംഗതനായത്.

1939 മുതല്‍ 1958 വരെ റോമാപാപ്പയായിരുന്ന പീയൂസ് പന്ത്രണ്ടാമന്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് റോമന്‍ കത്തോലിക്ക സഭയുടെ തലവനായിരുന്നു. ആ സമയത്ത് ജൂതരുടെ കൂട്ടക്കൊലയെ ഒരു പരിധിവരെ അസാദ്ധ്യമാക്കാന്‍ കഴിഞ്ഞത് പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയുടെ ഇടപെടല്‍ മൂലമായിരുന്നുവെന്നു് റോമാ സഭ അവകാശപ്പെടുമ്പോള്‍ ജൂതരുടെ കൂട്ടക്കൊലയെ നിയന്ത്രിക്കാന്‍ റോമാ മാര്‍പാപ്പ ഒന്നും ചെയ്തില്ല എന്ന് ജൂതന്മാര്‍ ആരോപിക്കുന്നു. ഈ ആരോപണം നിലനില്‍ക്കേയാണ് പീയൂസ് പന്ത്രണ്ടാമനെ ധന്യപദവിയിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്.

ധന്യ പദവിയിലേക്ക് ഉയര്‍ത്തി കഴിഞ്ഞ രണ്ടു പാപ്പമാരുടെയും പേരിലുള്ള വിശ്വാസം പ്രാമാണികമാകുന്നതു് (അദ്‌ഭുതങ്ങള്‍) ഇനി വത്തിക്കാന്‍ നിരീക്ഷിക്കും. അതിനു ശേഷം ഇവരെ വാഴ്‌ത്തപ്പെട്ടവരുടെ പദവിയിലേക്കും തുടര്‍ന്ന് വിശുദ്ധഗണത്തിലേക്കും ഉയര്‍ത്തും.


Pope John Paul II and Pius XII move closer to sainthood

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ