ആകമാന സഭാനിലപാടുകള്‍

20121124

പരിശുദ്ധ ദലൈ ലാമയ്ക്ക് ഹൃദ്യമായ എതിരേല്പ്



തിരുവനന്തപുരം, 2012 നവം 23: ടിബറ്റിന്റെ ആത്മീയാചാര്യന്‍ പരിശുദ്ധ ദലൈ ലാമ രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തായി തിരുവനന്തപുരത്ത് എത്തി. ഞായറാഴ്ച (നവം 25) കൊച്ചിയില്‍ നടത്തുന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ശതാബ്ദി ആഘോഷത്തില്‍ അദ്ദേഹം പങ്കെടുക്കും. ശനിയാഴ്ച ശിവഗിരി സന്ദര്‍ശിക്കുന്ന അദ്ദേഹം എണ്‍പതാമത് ശിവഗിരി തീര്‍ഥാടന സന്ദേശ വിളംബര സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്യും.
ഉച്ചയ്ക്ക് ഒന്നരയോടെ മുംബൈയില്‍നിന്നു ജെറ്റ് എയര്‍വെയ്സ് വിമാനത്തിലെത്തിയ ലാമയ്ക്കു മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, അലക്സാണ്ടര്‍ വൈദ്യന്‍ കോറെപ്പിസ്കോപ്പ, ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ഋതംബരാനന്ദ, തീര്‍ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് തുടങ്ങിയവര്‍ ചേര്‍ന്ന് ലാമയെ സ്വീകരിച്ചു. വിമാനത്താവളത്തില്‍ ലാമയെ സ്വീകരിക്കാന്‍ പ്രഫ. ഇ. ജേക്കബ് ജോണ്‍, മുന്‍ എംഎല്‍എ ജോസഫ് പുതുശേരി, സഭാ മാനേജിങ് കമ്മിറ്റി അംഗം ബാബു പാറയില്‍ തുടങ്ങിയവരും എത്തിയിരുന്നു.
ദലൈ ലാമയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു കനത്ത സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ലാമയുടെ സ്വന്തം സുരക്ഷാ വിഭാഗവും എത്തിയിട്ടുണ്ട്.

മലങ്കര സഭയില്‍ കാതോലിക്കേറ്റ് പുനസ്ഥാപിച്ചതിന്‍റെ ശതാബ്ദിയോടനുബന്ധിച്ച് ഓര്‍ത്തഡോക്സ് സഭ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന സമ്മേളനം ഞായറാഴ്ച ദലൈ ലാമ ഉദ്ഘാടനം ചെയ്യും. വൈകിട്ടു് മൂന്നിനു് മറൈന്‍ഡ്രൈവിലാണു് സമ്മേളനം.
ശിവഗിരിയില്‍
ശനിയാഴ്ച രാവിലെ ഒന്‍പതു് മണിക്ക് അദ്ദേഹം ശിവഗിരിയില്‍ എത്തും . ആദ്യം മഹാ സമാധിയില്‍ ദര്‍ശനം നടത്തും . ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി പ്രകാശനന്ദയുടെ നേതൃത്വത്തില്‍ പാദ പൂജ ചെയ്തും പൂര്‍ണകുംഭം നല്‍കിയും ദലൈ ലാമയെ സ്വീകരിക്കും . തുടര്‍ന്ന് മഹാസമാധിയില്‍ പുഷ്പാര്‍ച്ചന നടത്തും.

ശ്രീ നാരായണ ഗുരു വിശ്രമിച്ചിരുന്ന വൈദികമഠവും സന്ദര്‍ശിക്കും .പിന്നാലെ ഗുരു പൂജ ഹാളില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും . സമ്മേളനത്തിന് ശേഷം ശാരദാമഠത്തിലുമെത്തും . ഉച്ചഭക്ഷണത്തിന് ശേഷം 12 മണിയോടെ ദലൈ ലാമ ശിവഗിരിയില്‍ നിന്ന് കൊച്ചിയിലേക്ക് പോകും. നൊബേല്‍ സമ്മാന ജേതാവായിരുന്ന രവീന്ദ്ര നാഥ ടാഗോര്‍ ശ്രീനാരായണ ഗുരുവിനെ സന്ദര്‍ശിച്ചതിന്‍റെ 90ആം വര്‍ഷത്തിലാണ് സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായ ദലൈ ലാമ ശിവഗിരിയും ഗുരുദേവ മഠവും സന്ദര്‍ശിക്കുന്നത് .


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ