ആകമാന സഭാനിലപാടുകള്‍

20121106

ബിഷപ് തെവാദ്രോസ് പുതിയ കോപ്റ്റിക് മാര്‍പാപ്പ

പോപ്പ് തെവാദ്രോസ് രണ്ടാമന്‍
കയ്‌റോ (ഈജിപ്ത്), നവം ൪: ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയിലെ അംഗസഭയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സഹോദരീസഭയുമായ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ പുതിയ മാര്‍പാപ്പയായി ബിഷപ് തെവാദ്രോസ് (60) തിരഞ്ഞെടുക്കപ്പെട്ടു. മാര്‍ച്ച് 17നു കാലംചെയ്ത പോപ്പ് ഷെനൗഡാ മൂന്നാമന്‍റെ പിന്‍ഗാമിയായിരിക്കും ഇദ്ദേഹം. ഈ മാസം 18നു സെന്‍റ് മാര്‍ക്ക്സ് കത്തീഡ്രലില്‍ തെവാദ്രോസ് രണ്ടാമന്‍ എന്ന പേരില്‍ അലക്സന്ത്രിയായിലെ പോപ്പും വിശുദ്ധ മര്‍ക്കോസിന്റെ സിംഹാസനത്തിലെ 118ആമത്തെ പാത്രിയര്‍ക്കീസും ആയി ഇദ്ദേഹം സ്ഥാനാരോഹണം ചെയ്യും.

ബിഷപ് തെവാദ്രോസ് (തേവോദോറോസ്) 1952ല്‍ ജനിച്ചു. ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സ് ബിരുദധാരിയാണ്. ബ്രിട്ടനില്‍നിന്നും വിദ്യാഭ്യാസം നേടിയ ഇദ്ദേഹം കയ്‌റോയില്‍ ഔഷധശാലയും നടത്തുന്നുണ്ടെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. 1997ല്‍ ബിഷപ്പായി. ബെഹയ്റായുടെ സഹായ മെത്രാനായി പ്രവര്‍ത്തിക്കുന്നു. വിശാലമായ പരിചയവും നല്ല നൈപുണ്യവും ഉള്ളയാളാണ് ബിഷപ്പ് തവോദ്രോസെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിയുക്ത പോപ്പിനെ ആശംസ അറിയിച്ചു.

സഭാ പാരമ്പര്യപ്രകാരം മൂന്ന് സ്ഥാനാര്‍ഥികളില്‍നിന്നു നറുക്കെടുപ്പിലൂടെയാണ് പുതിയ സഭാ തലവനെ കണ്ടെത്തിയത്. ഒക്ടോബര്‍ 29-ന് 2400 സഭാപ്രതിനിധികള്‍ ചേര്‍ന്ന് അഞ്ചു് സ്ഥാനാര്‍ഥികളില്‍നിന്നു വോട്ടെടുപ്പിലൂടെ അവസാനത്തെ മൂന്നുപേരെ കണ്ടെത്തിയിരുന്നു. സഭാ പാരമ്പര്യപ്രകാരം മൂന്നു സ്ഥാനാര്‍ഥികളില്‍നിന്നു് നറുക്കെടുപ്പിലൂടെയാണ് പുതിയ സഭാതലവനെ കണ്ടെത്തിയത്. കയ്‌റോയിലെ സെന്‍റ് മാര്‍ക്ക്സ് കത്തീഡ്രലില്‍ നടന്ന കുര്‍ബാനയ്ക്കും പ്രാര്‍ഥനയ്ക്കും ശേഷം കണ്ണ് മൂടിക്കെട്ടിയ ഒരു അള്‍ത്താരബാലനാണു് നറുക്കെടുത്തത്.

ബിഷപ് റാഫേല്‍ (54), സന്യാസ വൈദികനായ ഫാ. റാഫേല്‍ ആഫമെനാ (70) എന്നിവരായിരുന്നു മറ്റു സ്ഥാനാര്‍ഥികള്‍. ഒക്‌ടോബര്‍ 29ന്, 2400 സഭാപ്രതിനിധികള്‍ ചേര്‍ന്ന് അഞ്ചു സ്ഥാനാര്‍ഥികളില്‍നിന്നു വോട്ടെടുപ്പിലൂടെയാണ് അവസാനത്തെ മൂന്നുപേരെ തിരഞ്ഞെടുത്തത്. രണ്ടു സന്യാസി വൈദികരാണ് വോട്ടെടുപ്പിലൂടെ ഒഴിവാക്കപ്പെട്ടത്. ഉഭയകക്ഷി ഉടമ്പടിപ്രകാരം ഇത്യോപ്യന്‍ സഭയുടെ അഞ്ചു ബിഷപ്പുമാരും ഈജിപ്തിലെത്തി വോട്ടുചെയ്തു.

ക്രൈസ്തവലോകത്ത് പോപ്പ് എന്നറിയപ്പെടുന്ന മൂന്നു് സഭാതലവന്മാരില്‍ ഒരാളാണ് കോപ്റ്റിക് സഭാതലവന്‍. എഡി 250-നോടടുത്ത് അലക്സന്ത്രിയായിലെ ബിഷപ്, പോപ്പ് എന്നറിയപ്പെട്ടുതുടങ്ങി. അലക്സന്ത്രിയായിലെ 13ആമത്തെ ബിഷപ് ആയ ഹെരാക്ലസ് (231 - 248) ആണ് ക്രൈസ്തവലോകത്ത് ആദ്യമായി പോപ്പ് എന്നു വിളിക്കപ്പെട്ട സഭാധ്യക്ഷന്‍. ഈജിപ്തിലെയും പശ്ചിമേഷ്യയിലെയും ഏറ്റവും വലിയ ക്രൈസ്തവ സഭയാണ് ഈഗുപ്തായ ഓര്‍ത്തഡോക്സ് സഭ. സുവിശേഷകനായ വിശുദ്ധ മര്‍ക്കോസ് ശ്ലീഹായാണു സ്ഥാപകന്‍ എന്നു വിശ്വസിക്കുന്നു. ഒന്നേമുക്കാല്‍ കോടിയിലധികം വിശ്വാസികളും നൂറോളം ബിഷപ്പുമാരും അന്‍പതിലധികം മെത്രാസനങ്ങളും കോപ്റ്റിക് സഭയിലുണ്ട്.

പശ്ചിമേഷ്യയിലും ഉത്തരആഫ്രിക്കയിലും അറബ് വസന്തത്തെത്തുടര്‍ന്ന് ഇസ്‌ലാമികശക്തികള്‍ മേധാവിത്വം സ്ഥാപിക്കുന്നതിനിടെയാണ് പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്തത്. പോപ് ഷെനൗദയുടെ കീഴില്‍ കോപ്റ്റിക് സമുദായം പരമ്പരാഗത ഈജിപ്ത് മേഖലയില്‍നിന്നും പുറമേക്ക് വളര്‍ന്നിരുന്നു. എന്നാല്‍ ഈജിപ്ത്യന്‍ ഭരണകൂടത്തില്‍ നിന്നും ഉണ്ടാകുന്ന വിവേചനത്തില്‍ കോപ്റ്റിക് സമുദായക്കാര്‍ ബുദ്ധിമുട്ടിയിരുന്നു. പ്രസിഡന്റ് ഹുസ്‌നി മുബാറക്കിന്റെ പതനത്തിനു ശേഷം ഈ ഭയം വളരുകയാണ് ചെയ്തത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ പള്ളി കത്തിച്ചതിനെതിരെ നടത്തിയ പ്രകടനത്തില്‍ സുരക്ഷാസൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ