ആകമാന സഭാനിലപാടുകള്‍

20081230

എത്യോപ്യന്‍ പാത്രിയര്‍ക്കീസ് കേരളത്തില്‍



എത്യോപ്യന്‍ പാത്രിയര്‍ക്കീസ് ഇന്നു് ദേവലോകത്തു്

എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരി. ആബൂന പൌലോസ് ബാവയെ നിയുക്ത പൗരസ്ത്യ കാതോലിക്കോസ് മാര്‍ മിലിത്തിയോസും  മാര്‍ തെയോഫിലോസും സ്വീകരിക്കുന്നു
തിരുവനന്തപുരം: എത്യോപ്യന്‍ ഓര്‍‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ എത്യോപ്യന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ആബൂന പൌലോസ് പ്രഥമന്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ച (2008 ഡി. 29) കേരളത്തിലെത്തി. ഓര്‍‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ (മലങ്കര സഭയുടെ) അതിഥിയായ അദ്ദേഹത്തെ നിയുക്ത പൗരസ്ത്യ കാതോലിക്കോസ് കാതോലിക്കോസ് പൌലോസ് മാര്‍ മിലിത്തിയോസ്, ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് തുടങ്ങിയവര്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

ആര്‍ച്ച് ബിഷപ് ഗരിമ ഡബ്ള്യു. കിര്‍ക്കോസ്, ബിഷപ്പുമാരായ അബ്ബ തിമോത്തിയോസ് തെസ്ഫ, അബ്ബ ദിയസ്കോറോസ്, പാത്രിയര്‍ക്കീസിന്റെ പ്രൈവറ്റ് സെക്രട്ടറി മുലുഗോത്ത ബെക്കലെ ഗസിഹേഗ എന്നിവര്‍ അനുഗമിക്കുന്നുണ്ട്. പരുമലയില്‍ എംജിഒസിഎസ്എമ്മിന്റെ ശതാബ്ദി സമാപന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണ് എത്യോപ്യന്‍ പാത്രിയര്‍ക്കീസ് എത്തിയത്.

റവ. സി.എം. ഫിലിപ്പോസ് റമ്പാന്‍ കോറെപ്പിസ്കോപ്പ, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, റവ. ഡോ. ജോണ്‍ മാത്യു, ഫാ. മാത്യു കോശി, ഫാ. എം.സി. കുര്യാക്കോസ്, ഫാ. ലൈജു മാത്യു, ഫാ. ജോസി തുടങ്ങിയവരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. കോട്ടയത്തേയ്ക്കു് പോയ പാത്രിയര്‍ക്കീസ് ചൊവ്വാഴ്ച (2008 ഡി. 30) വൈകിട്ട് ഏഴിനു ഓര്‍‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കാസന അരമനയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവായെ സന്ദര്‍ശിയ്ക്കും.

എത്യോപ്യന്‍ സെമിനാരിയില്‍ അദ്ദേഹത്തിന്റെ ഗുരുനാഥനായിരുന്ന ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസിന്റെ കബറിടം ബുധനാഴ്ച (2008 ഡി. 31) 10നു പഴയ സെമിനാരിയില്‍ സന്ദര്‍ശിച്ച് ആദരാഞ്ജലി അര്‍പ്പിക്കും. തുടര്‍ന്നു വിശുദ്ധ വട്ടശേരില്‍ ഗീവര്‍ ഗീസ് മാര്‍ ദിവന്നാസിയോസ് സ്മാരക വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച കേരള തലസ്ഥാനമായ തിരുവനന്തപുരത്തു മടങ്ങിയെത്തുന്ന പാത്രിയര്‍ക്കീസ്, ഓര്‍ത്തഡോക്സ് സ്റ്റുഡന്റ്സ് സെന്ററില്‍ ശതാബ്ദി സ്മാരക ശിലാഫലകം അനാച്ഛാദനം ചെയ്യും.
(അവലംബം : മലയാള മനോരമ)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ