ആകമാന സഭാനിലപാടുകള്‍

20081230

സമാധാന സന്ദേശവുമായി ക്രിസ്മസ് ആഘോഷിച്ചു




കോട്ടയം: തീവ്രവാദവും ആഗോള സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് മനസിന് സാന്ത്വനവും സമാധാനവും നല്‍കി പുതിയ പഞ്ചാംഗം അംഗീകരിയ്ക്കുന്ന ക്രിസ്ത്യാനികള്‍ ഡിസം. 25-നു് ക്രിസ്മസ് ആഘോഷിച്ചു.പഴയ പഞ്ചാംഗം അംഗീകരിയ്ക്കുന്ന ക്രിസ്ത്യാനികള്‍ ക്രിസ്മസ് ആഘോഷിയ്ക്കുന്നതു് 13 ദിവസം കഴിഞ്ഞു് ജനു. 7 നാണു്. ബൈസാന്ത്യന്‍ സഭകളും നെസ്തോറിയന്‍ പൗരസ്ത്യ സഭയിലെ പഴയ പഞ്ചാംഗ കക്ഷിയും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭയിലെ സുറിയാനി സഭകളൊഴിച്ചുള്ള അംഗസഭകളും പഴയ പഞ്ചാംഗരീതി പിന്തുടരുന്നു. ആര്‍മീനിയന്‍ സഭ ക്രിസ്മസ് ആഘോഷിയ്ക്കുന്നതു് ദനഹാ പെരുന്നാളിനോടനുബന്ധിച്ചു് പഴയ പഞ്ചാംഗപ്രകാരം ജനു. 6 ആയ  13 ദിവസം കഴിഞ്ഞുള്ള ജനു. 19നുമാണു്.

ക്രിസ്മസിനോട് അനുബന്ധിച്ച് പൗരസ്ത്യ കാതോലിക്കോസിന്റെ ആസ്ഥാന പള്ളിയായ കോട്ടയം മാര്‍ ഏലിയ കത്തീഡ്രലില്‍ നടന്ന ചടങ്ങുകളില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു.വിശുദ്ധ കുര്‍ബാനയ്ക്കൊപ്പം തീജ്വാലയിങ്കല്‍ ശുശ്രൂഷ നടന്നു. ആട്ടിടയന്‍മാര്‍ യേശുവിന്റെ ജനനം കാണാന്‍ പോയതിനെയാണ് തീജ്വാലയിങ്കല്‍ ശുശ്രൂഷ സൂചിപ്പിക്കുന്നത്. രാജാക്കന്‍മാര്‍ പൊന്നും മീറയും കുന്തിരിക്കവും കാഴ്ചവച്ചതിനെ അനുസ്മരിച്ച് വിശ്വാസികള്‍ കാഴ്ചയായി കുന്തിരിക്കം തീജ്വാലയില്‍ സമര്‍പ്പിച്ചു.

ഉണ്ണിയേശുവിന്റെ തിരുപിറവി ആഘോഷത്തിന് മുന്നോടിയായി കൊച്ചിയിലെ വിവിധ ക്രിസ്തീയ ദേവാലയങ്ങളില്‍ പാതിരാ കുര്‍ബാനകള്‍ നടന്നു. നൂറുകണക്കിന് വിശ്വാസികള്‍ തിരുപിറവി ശുശ്രൂഷയില്‍ പങ്കു ചേര്‍ന്നു. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ നടന്ന തിരുപിറവി ശുശ്രൂഷകള്‍ക്ക് റോമാ സഭയുടെ സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ നേതൃത്വം നല്‍കി. നൂറുകണക്കിന് വിശ്വാസികള്‍ പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ പങ്ക് ചേര്‍ന്നു. പാതിരാ കുര്‍ബാനയ്ക്ക് മുന്നോടിയായി കാരള്‍ ഗാനാവതരണവും നടന്നു. റോമാ സഭയുടെ വരാപ്പുഴ അതിരൂപതാ ആസ്ഥാനമായ എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടന്ന ശുശ്രൂഷകള്‍ക്ക് ലത്തീന്‍ ആര്‍ച്ച് ബിഷപ്പും കേരള കത്തോലിക്കാ എപ്പിസ്കോപ്പല്‍ സുന്നഹദോസ് (കെ സി ബിസി) പ്രസിഡന്റുമായ ഡോ. ഡാനിയേല്‍ അച്ചാരുപറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. എറണാകുളം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലും തിരുപിറവി ശുശ്രൂഷകള്‍ നടന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ